പത്രപരസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മലയാളിയുടെ മനോവൈകൃതങ്ങള്‍

  • Posted by Sanveer Ittoli
  • at 9:19 AM -
  • 0 comments

പത്രപരസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മലയാളിയുടെ മനോവൈകൃതങ്ങള്‍



- കാക്കനോട്ടം -

എ പി കുഞ്ഞാമു


മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തിന്റെ സപ്‌തംബര്‍ 5 ന്റെ ക്ലാസ്സിഫൈഡ്‌ പരസ്യകോളമാണ്‌ ഇതെഴുമ്പോള്‍ എന്റെ മുമ്പില്‍. ഒരു കോളം നിറയെ, ഒന്നൊഴിച്ചാല്‍ ഏറെക്കുറെ ഒരേ സ്വഭാവമുള്ള പരസ്യങ്ങളാണ്‌. മിക്കവാറും പരസ്യങ്ങള്‍ ലൈംഗികശക്തി കൈവരിക്കാനും വേഴ്‌ചാവേളയില്‍ കൂടുതല്‍ സമയം ലഭിക്കാനുമുള്ള മരുന്നുകളുടേതാണ്‌. `ബലക്കുറവിനും താല്‌പര്യക്കുറവിനും ശേഷിക്കുറവിനും വലിപ്പക്കുറവിനും സ്‌ത്രീപുരുഷന്മാര്‍ പുറത്തുപറയാന്‍ മടിക്കുന്ന എല്ലാ രോഗങ്ങള്‍'ക്കും മരുന്നുണ്ട്‌.
ഈ മരുന്നുകള്‍ രഹസ്യമായി വീട്ടിലെത്തിച്ചുതരും. വേറെ ചില മരുന്നുകള്‍ സ്‌തനസൗന്ദര്യം വര്‍ധിപ്പിക്കാനുള്ളവയാണ്‌. ഉറപ്പും ദൃഢതയും ആകാരഭംഗിയും നല്‌കുവാനും സ്‌തനവലിപ്പം വര്‍ധിപ്പിക്കുവാനും ആകര്‍ഷിപ്പിക്കാനും ഈ മരുന്നുകള്‍ കൊണ്ടുസാധിക്കും' എന്നാണ്‌ വില്‌നപക്കാരുടെ അവകാശവാദം. പുരുഷലിംഗത്തിന്റെ ബലവും വലിപ്പവും വര്‍ധിപ്പിക്കാനാണ്‌ കുറേയെറെ മരുന്നുകള്‍. ചുരുക്കത്തില്‍ ക്ലാസിഫൈഡ്‌ പരസ്യങ്ങളില്‍ വലിയൊരു പങ്ക്‌ ലൈംഗിക സംതൃപ്‌തി നേടുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നു. മറ്റു മുഖ്യധാരാ പത്രങ്ങളും ലൈംഗിക സംതൃപ്‌തി കൈവരിക്കുന്നതില്‍ മലയാളികളെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ട്‌.
വേറെയൊരു കൂട്ടം പരസ്യങ്ങളുമുണ്ട്‌. മദ്യപാനം നിര്‍ത്തുന്നതിന്നു സഹായിക്കുന്ന ഔഷധങ്ങളുടെ പരസ്യങ്ങളാണവ. മദ്യപാനി അറിയാതെ മദ്യപാനം നിര്‍ത്താനുതകുന്ന ഔഷധങ്ങളുണ്ട്‌. ആയിരങ്ങള്‍ക്ക്‌ പുതുജീവനേകിയ ഈ മരുന്നുകള്‍ക്ക്‌ ദോഷഫലങ്ങളില്ല, പുകവലിയും ഹാന്‍സ്‌, പാന്‍മസാല തുടങ്ങിയവയുടെ ഉപയോഗവും പൂര്‍ണമായി നിര്‍ത്താന്‍ ഈ മരുന്ന്‌ മതി. ലൈംഗികശേഷിക്കു വേണ്ടിയുള്ള പരസ്യങ്ങള്‍ക്ക്‌ തൊട്ടുപിന്നാലെ മദ്യപാന വിമുക്തിക്കുവേണ്ടിയുള്ള മരുന്നുകളുടെ പരസ്യങ്ങളും നമ്മുടെ പത്രപ്പരസ്യങ്ങളില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്‌. സാമൂഹ്യ സംഘടനകളും ലഹരി വിരുദ്ധ പ്രവര്‍ത്തകരും ആശുപത്രികളും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെയാണ്‌ ഔഷധസേവയിലൂടെയുള്ള ഈ ലഹരി വിമുക്തി!
ഇക്കണ്ട പരസ്യങ്ങളിലെ ഔഷധങ്ങള്‍ ഫലപ്രദമാണോ പരസ്യങ്ങള്‍ ആളുകളെ വഞ്ചിക്കുകയാണോ എന്നതിനെപ്പറ്റിയൊന്നുമല്ല ഈ കുറിപ്പില്‍ ഞാന്‍ പറയാനുദ്ദേശിക്കുന്നത്‌, ഈ പരസ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌ ഏത്‌ സാമൂഹ്യാവസ്ഥയിലേക്കാണ്‌ എന്നാണ്‌ എന്റെ ആലോചന. മലയാളികളുടെ ആകുലതകള്‍ ഏതെല്ലാം വിഷയങ്ങളിലാണ്‌ കേന്ദ്രീകരിച്ചു നില്‌ക്കുന്നത്‌ എന്നതിലേക്കുള്ള വ്യക്തമായ സൂചനകളാണ്‌ ഈ പരസ്യങ്ങളിലുള്ളത്‌. നമ്മുടെ ശീലങ്ങളിലേക്കും ബോധങ്ങളിലേക്കും അവ കണ്ണാടി തുറന്നുവെക്കുന്നു.
കേരളത്തില്‍ ലൈംഗിക പീഡനക്കേസുകള്‍ വളരേയേറെ വര്‍ധിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. മതനേതാക്കളും സാമൂഹ്യ ശാസ്‌ത്രജ്ഞരുമെല്ലാം അതില്‍ ആശങ്കപ്പെടുന്നുമുണ്ട്‌. ലൈംഗികത പഴയകാലത്തേക്കാളും സമൂഹ മനസ്സിനെ സ്വാധീനിക്കുന്നു എന്നാവാം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌; പക്ഷേ, ഈയിടെയായി കേള്‍ക്കുന്ന കൂടുതലും മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ആറു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌തു, അധ്യാപകന്‍ ശിഷ്യനെ രതിവൈകൃതത്തിന്നിരയാക്കി എന്നൊക്കെയാണ്‌ വാര്‍ത്തകള്‍. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും സഹോദരന്‍ സഹോദരിയെ ഗര്‍ഭിണിയാക്കുന്നതുമെല്ലാം അഗമ്യഗമനങ്ങള്‍ പെരുകുന്നു എന്നതിന്റെ സൂചനകളാണ്‌. ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങളല്ല, വഴിവിട്ട രതികാമനകളാണ്‌ കേരളീയ സമൂഹത്തില്‍ നിലവിലുള്ളത്‌ എന്ന്‌ നിഗമിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ പ്രേരകമായിത്തീരുന്നു. നേരത്തെ സൂചിപ്പിച്ച പരസ്യങ്ങളെ രതിവൈകൃത വാര്‍ത്തകളുമായി ചേര്‍ത്തു വായിക്കേണ്ടതാണ്‌.
മലയാളികള്‍ കടുത്ത ലൈംഗിക അസംതൃപ്‌തി പുലര്‍ത്തുന്ന സമൂഹമായി മാറിയിരിക്കുന്നു എന്ന നിഗമനത്തിലാണ്‌ അപ്പോള്‍ നാം എത്തിച്ചേരുക. സാമാന്യേന സംതൃപ്‌തമായ ലൈംഗിക ജീവിതമല്ല മലയാളികള്‍ നയിക്കുന്നത്‌. വലിയൊരു വിഭാഗം ആളുകള്‍ നമ്മള്‍ നയിക്കുന്ന ലൈംഗിക ജീവിതത്തില്‍ അസംതൃപ്‌തരാണ്‌. സ്‌ത്രീയെ ലൈംഗികമായി തൃപ്‌തിപ്പെടുത്തുക എന്നതാണ്‌ പുരുഷന്റെ ജീവിതനിയോഗം എന്ന നിലയിലാണ്‌ നമുക്കിടയില്‍, പൊതുബോധം രൂപപ്പെട്ടിട്ടുള്ളത്‌. സ്വന്തം ഭാര്യയെ തൃപ്‌തിപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന കുറ്റബോധവുമായാണ്‌ ഒട്ടുമുക്കാല്‍ `പുരുഷകേസരി'മാരും ജീവിക്കുന്നത്‌. ശാരീരിക കാരണങ്ങള്‍ അവരെ പ്രയാസപ്പെടുത്തുന്നു. മനശ്ശാസ്‌ത്രപരമായി അതവരെ തളര്‍ത്തുന്നു. ശീഘ്രസ്‌ഖലനം പോലെയുള്ള പ്രശ്‌നങ്ങള്‍ അവരെ വ്യാകുലരാക്കുന്നു. ചുരുക്കത്തില്‍ ലൈംഗിക ജീവിതത്തിലെ അസംതൃപ്‌തി വലിയൊരു രോഗമായി മാറിയിരിക്കുകയാണ്‌ സമൂഹത്തില്‍. ഈ സാമൂഹ്യ രോഗത്തിനുള്ള ചികിത്സയുമായാണ്‌ `സിദ്ധൗഷധങ്ങള്‍' വില്‌പന നടത്തുന്ന കമ്പനിക്കാര്‍ എത്തിയിട്ടുള്ളത്‌. പത്രപ്പരസ്യങ്ങളിലൂടെ നാം സ്‌പര്‍ശിച്ചറിയുന്നത്‌ മലയാളി സമൂഹത്തിന്റെ ലൈംഗികമായ അസംതൃപ്‌തിയാണ്‌.


പ്രധാനവിഷയം ലൈംഗിക അസംതൃപ്‌തി


നമുക്കിടയില്‍ ധാരാളം ആരോഗ്യമാസികകളുണ്ട്‌. എല്ലാ വന്‍കിട പത്രസ്ഥാപനങ്ങളും ആരോഗ്യമാസികകള്‍ പുറത്തിറക്കുന്നുണ്ട്‌. ആരോഗ്യമാസികകള്‍ എന്നാണ്‌ പേരെങ്കിലും അവയിലും പ്രധാനപ്രതിപാദ്യവിഷയം ലൈംഗിക അസംതൃപ്‌തി തന്നെ. വനിതാ മാസികകളും ഇത്തരം വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കുന്നു. മനശ്ശാസ്‌ത്രജ്ഞനോട്‌ ചോദിക്കുന്ന പംക്തികളില്‍ ഒട്ടുമുക്കാല്‍ പ്രസിദ്ധീകരണങ്ങളും ലൈംഗിക പ്രശ്‌നങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. പത്രപ്പരസ്യങ്ങളും പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം ഒരൂ സൂചകമായി എടുക്കുകയാണെങ്കില്‍ ലൈംഗികമായ അസംതൃപ്‌തി കൊടികുത്തിവാഴുന്ന സമൂഹമാണ്‌ നമ്മുടേത്‌ എന്ന്‌ കാണാന്‍ കഴിയും. സ്‌ത്രീകളും ഒട്ടുമുക്കാലും അസംതൃപ്‌തമായ ലൈംഗിക ജീവിതം നയിക്കുന്നവരാണ്‌. ഒന്നുകില്‍ വഴിവിട്ട ബന്ധങ്ങളില്‍ വീണുപോകുന്നവര്‍, അതല്ലെങ്കില്‍ ലൈംഗിക മരവിപ്പ്‌ ബാധിച്ചവര്‍. സാഫല്യമടയാത്ത മോഹങ്ങളുടെ തടവുകാരായ ഈ സ്‌ത്രീകളാണ്‌ കിടപ്പറയില്‍ പരാജയപ്പെടുമോ എന്ന ഭീതിയുമായി കഴിഞ്ഞുകൂടുന്ന പുരുഷന്മാര്‍ക്ക്‌ പരസ്‌പര പൂരകമായി കുടുംബജീവിതത്തില്‍ നിലനില്‌ക്കുന്നത്‌. ഈ സ്‌ത്രീയെ കീഴ്‌പ്പെടുത്താനും സംതൃപ്‌തയാക്കാനുമാണ്‌ ഓരോ പുരുഷന്റെയും ശ്രമം. ഇങ്ങനെയൊരു വൈകാരിക കാലാവസ്ഥയില്‍, മേല്‍ സൂചിപ്പിച്ച പരസ്യങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നതില്‍ അനൗചിത്യമുണ്ടോ? ലൈംഗിക ശക്തി വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ വിറ്റുപോവുക തന്നെ ചെയ്യും, അവയ്‌ക്ക്‌ ഫലമുണ്ടായാലും ഇല്ലെങ്കിലും.
ലൈംഗികാതിക്രമങ്ങള്‍ മലയാളി സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ ഒരു കാരണം, ലൈംഗികമായ അസംതൃപ്‌തി തന്നെ. അസംതൃപ്‌തനായ പുരുഷന്‍ വീണ്ടും വീണ്ടും സുഖം തേടിക്കൊണ്ടിരിക്കുകയാണ്‌. ലൈംഗികാനുഭവങ്ങളൊന്നും അയാളെ തൃപ്‌തനാക്കുന്നില്ല. നേരായ വഴിക്കുള്ള ലൈംഗിക ബന്ധങ്ങള്‍ പോരാഞ്ഞ്‌ അവിഹത മാര്‍ഗങ്ങള്‍ തേടിപ്പോകുന്നു അയാള്‍. വഴിവക്കില്‍ വെച്ച്‌ സ്‌ത്രീകളെ കയറിപ്പിടിക്കാനും, പിഞ്ചു കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ വിധേയമാക്കാനുമൊക്കെ പലരും മുതിരുന്നതിന്ന്‌ പിറകില്‍ പ്രവര്‍ത്തിക്കുന്ന മനശ്ശാസ്‌ത്രം ലൈംഗികാസംതൃപ്‌തിയുടേതാണെന്ന്‌ തീര്‍ച്ച. ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങളല്ല നമ്മുടെ പൊതുജീവിതത്തെ മുമ്പോട്ട്‌ നയിക്കുന്നതെന്നും ഒരുതരം അരാജകത്വം സമൂഹത്തെ അടക്കിവാഴുന്നുവെന്നും നാം അനുമാനിക്കേണ്ടിവരും.
നമ്മുടെ നിത്യജീവിത വ്യാപാരങ്ങളിലെല്ലാം, സൂക്ഷ്‌മമായി പരിശോധിക്കുകയാണെങ്കില്‍ ഈ ലൈംഗിക അസംതൃപ്‌തിയുടെ മുദ്രകളുണ്ട്‌. പാര്‍ട്ടി ഗ്രൂപ്പ്‌ യോഗങ്ങളില്‍ മുണ്ടുരിയുന്നതിലും, സമരം നടത്തുന്ന പ്രക്ഷോഭകാരിയുടെ ജനനേന്ദ്രിയത്തില്‍ പോലീസുകാരന്‍ കലിതീര്‍ക്കുന്നതിലുമെല്ലാം, അടക്കിപ്പിടിച്ച കാമാസക്തിയുടെ ചൂടായിരിക്കില്ലേ ഉണ്ടാവുക? സിനിമകളിലെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളിലും സാഹിത്യകൃതികളിലെ അസഭ്യ വിവരണങ്ങളിലും ലൈംഗികാസംതൃപ്‌തി പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ടാവണം. രാഷ്‌ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുന്നത്‌ ഏറെക്കുറെ ലൈംഗിക സുഖാന്വേഷണ ദാഹത്തോടെയാണ്‌. ഈയിടെ കേരളത്തിലെ രാഷ്‌ട്രീയ ഭരണമണ്ഡലങ്ങളെ ക്ഷുഭിതമാക്കിയ സോളാര്‍ വിവാദത്തിന്ന്‌ കൂടുതല്‍ എരിവ്‌ കൈവന്നത്‌ അതിലെ സ്‌ത്രീസാന്നിധ്യം കൊണ്ടാണ്‌. സരിതയുടെയും ശാലുമേനോന്റെയും ആകാരവടിവുകളിലും ഊര്‍ന്നുവീഴുന്ന സാരിത്തലപ്പിലും ഉടക്കിനിന്നു മലയാളി ജാഗ്രതാബോധത്തിന്റെ കണ്ണ്‌. സരിതക്കും ശാലുവിനും പകരം മൂത്തുനരച്ച ഏതോ സ്‌ത്രീയോ ഏതെങ്കിലും പുരുഷനോ ആയിരുന്നു തട്ടിപ്പില്‍ ഉള്‍പ്പെട്ടതെങ്കില്‍ അത്‌ നമുക്ക്‌ ഹരം പകരുകയില്ലായിരുന്നു. മാത്രവുമല്ല, ഈ തട്ടിപ്പുമായി ബന്ധപ്പെട്ടു പ്രതിപക്ഷം എഴുതിവെച്ച ബോര്‍ഡുകളില്‍, ഉടനീളം ലൈംഗിക സൂചനകളായിരുന്നു. സ്‌ത്രീശരീരത്തിന്റെ ലൈംഗിക സാധ്യതകളെ അശ്ലീലച്ചുവ കലര്‍ത്തി ആലേഖനം ചെയ്‌ത്‌ നമ്മുടെ പ്രബുദ്ധത ശരിക്കും അതങ്ങ്‌ ആഘോഷിച്ചു; മലയാളിയുടെ ലൈംഗികമായ അസംതൃപ്‌തി ഒരു പരിധിവരെ ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ കൊണ്ട്‌ പരിഹൃതമായിട്ടുണ്ടാവാം.
അശ്ലീല പ്രസിദ്ധീകരണങ്ങള്‍ക്കും അശ്ലീല സീഡികള്‍ക്കും നാട്ടില്‍ വിപണിയുണ്ടാവുന്നതിനു പിന്നിലുള്ള കാരണവും ലൈംഗിക അസംതൃപ്‌തി തന്നെയാണ്‌ ഒരളവോളം. ചെറുപ്പക്കാരല്ല ഇവയുടെ ആസ്വാദകര്‍, തൈക്കിളവന്മാരാണ്‌ എന്നാണറിയുന്നത്‌. ഉത്തരവാദപ്പെട്ട പത്രസ്ഥാപനങ്ങള്‍ പോലും അശ്ലീല പ്രസിദ്ധീകരങ്ങള്‍ നടത്തുന്ന അനുഭവമുണ്ട്‌ മലയാളത്തില്‍. രതിവര്‍ണനകള്‍ പച്ചയായിത്തന്നെ വായനക്കാര്‍ക്ക്‌ നല്‌കുന്ന അശ്ലീല മാസികയായ `ഫയറി'ന്റെ ഉടമകള്‍ തന്നെയാണ്‌ `കലാകൗമുദി'യും പുറത്തിറക്കുന്നത്‌ എന്ന്‌ പറയുമ്പോഴറിയാം, നമ്മുടെ കപട സദാചാരത്തിന്റെ യഥാര്‍ഥ നിറം. അശ്ലീലം നമ്മുടെ പൊതു ജീവിതത്തെ പിടികൂടിയതിന്ന്‌ അടിപൊളിയായി നടക്കുന്ന ചെറുപ്പക്കാരെയോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യചിത്രങ്ങളെയോ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. നേര്‍വഴിക്ക്‌ നയിക്കുന്നു എന്നഭിമാനിക്കുന്ന, മുതിര്‍ന്ന തലമുറയുണ്ടല്ലോ, ലോകത്തിന്ന്‌ മാര്‍ഗദര്‍ശനം ചെയ്യുന്നുവെന്നഭിമാനിക്കുന്ന സ്വയം പ്രഖ്യാപിത സംതൃപ്‌തി-ഇവര്‍ക്കും പ്രതിക്കൂട്ടില്‍ നില്‌ക്കേണ്ടതുണ്ട്‌.


വേറെയും സാമൂഹ്യ രോഗങ്ങള്‍


മദ്യപാനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പത്രങ്ങളില്‍ ധാരാളം വരുന്നു; ബീവറേജ്‌ കോര്‍പ്പറേഷന്‍ ഡിപ്പോകള്‍ക്ക്‌ മുമ്പില്‍ കാണുന്ന നീണ്ട വരികളെക്കുറിച്ചാലോചിക്കുമ്പോള്‍ ഇത്തരം പരസ്യങ്ങളുടെ ന്യായം വ്യക്തമാകും. മലയാളി മദ്യപാനാസക്തിയുടെയും പിടിയിലാണ്‌. മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹമുള്ളവരാണ്‌ പലരും. തീര്‍ച്ചയായും അവരുടെ കുടുംബാംഗങ്ങള്‍ പ്രസ്‌തുത ആഗ്രഹം പുലര്‍ത്തുന്നവരാണ്‌. മദ്യപാനി അറിയാതെ മദ്യപാനം നിര്‍ത്താന്‍ വഴിയുണ്ടെന്ന പരസ്യം അത്തരക്കാരെയാണ്‌ ഉന്നം വെക്കുന്നത്‌. ഏതായാലും ഒന്നു തീര്‍ച്ച; കേരളത്തിന്റെ മറ്റൊരു സാമൂഹ്യ രോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്‌ മദ്യപാനാസക്തിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍.
അത്ഭുത സിദ്ധികളുള്ള മോതിരം പോലെയുള്ള പരസ്യങ്ങളും ധാരാളമായി പത്രത്തില്‍ വരുന്നു; അവ വായിച്ചുനോക്കുമ്പോള്‍ മാത്രമേ, എന്തൊക്കെ ഓഫറുകളാണ്‌ നമ്മുടെ മുമ്പാകെയുള്ളത്‌ എന്ന്‌ വ്യക്തമാവുകയുള്ളൂ. സ്‌ത്രീകളെ വശീകരിക്കാന്‍ പോലും മന്ത്രവും തന്ത്രവും ഏലസ്സും തകിടുമുണ്ട്‌. ശത്രു സംഹാരമാണ്‌ മറ്റൊരാകര്‍ഷണം. വശ്യം, നിഗ്രഹം തുടങ്ങിയവക്ക്‌ ഉപയോഗിക്കുന്ന ഒരു വഴി അറബി ജ്യോതിഷമാണ്‌ എന്നുകൂടി വരുമ്പോള്‍, കേരളീയ സമൂഹത്തിന്റെ രോഗപീഡകളുടെ ശരിയായ ചിത്രം ലഭിക്കും.
ഒരു മുസ്‌ലിം പത്രത്തില്‍ ഈയിടെ ഒരു പരസ്യം കാണാനിടയായി. രോഗികള്‍ക്ക്‌ ഒരു അത്ഭുത വാര്‍ത്ത. ബഹുമാനപ്പെട്ട അജ്‌മീര്‍ ഷരീഫില്‍ നിന്ന്‌ ഇജാസിയത്ത്‌ കൊണ്ട്‌ പച്ചമരുന്നിനാല്‍ അള്‍സര്‍, പ്രമേഹം, ക്ഷയം, മൂലക്കുരു, ഗ്യാസ്‌ട്രബിള്‍, വയറുവേദന, ക്യാന്‍സര്‍ തുടങ്ങിയ അനേകം മാറാരോഗങ്ങള്‍ക്ക്‌ ആശ്വാസമേകുന്നു. സന്താനങ്ങള്‍ ഇല്ലാത്ത ദമ്പതിമാര്‍ക്ക്‌ ഈ മരുന്ന്‌ കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവും.' ഇത്തരം അതിരുവിട്ട അവകാശവാദങ്ങള്‍, പരസ്യങ്ങളില്‍ വരുന്നു എന്ന വസ്‌തുത നമുക്ക്‌ ബോധ്യപ്പെടുത്തിത്തരുന്നത്‌ സമൂഹത്തിന്റെ യഥാര്‍ഥ അവസ്ഥയാണ്‌. എല്ലാ ജനങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. അവര്‍ അര്‍ഹിക്കുന്ന പത്രപ്പരസ്യങ്ങളും എന്ന്‌ നാം കൂട്ടിച്ചേര്‍ക്കുക. അല്ലേ? 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: