ശബാബ് കത്തുകള്‍ 2013_sept_27
റോഡപകടങ്ങളിലെ നിസ്സംഗത
റോഡപടകടങ്ങളെക്കുറിച്ച് വന്ന എഡിറ്റോറിയല്‍ ശ്രദ്ധേയമായി. ദുരന്തങ്ങളുണ്ടാകുമ്പോഴാണ് ഭരണാധികാരികള്‍ കണ്ണുതുറക്കുന്നത് എന്നപോലെ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധയും തിരിയുന്നത് പ്രസ്‌തുത അവസരങ്ങളില്‍ മാത്രമാണ്. പൊതുജനങ്ങളെ റോഡപകടത്തെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടവര്‍ മാധ്യമങ്ങളാണല്ലോ? പൊതുജനങ്ങളെ വിഡ്‌ഢികളാക്കുന്ന വിധം ബസ് ഉടമകള്‍ നടത്തുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ ഇടപെടല്‍ നടത്തേണ്ടതുണ്ട്. വേഗത കുറയ്‌ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ അംഗീകരിക്കാനാവില്ല എന്നാണല്ലോ ബസ് മുതലാളിമാരുടെ നിലപാട്. എന്നാല്‍ ഇതേയവസരത്തില്‍ ബസ് ഒഴികെയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കേണ്ട ബാധ്യത ആര്‍ക്കാണ്? പൊതുജനങ്ങളെ ഇത്തരം കാര്യങ്ങളില്‍ ബോധവല്‌ക്കരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് മീഡിയകള്‍ തന്നെയാണ്. അതിനാല്‍ അപകടം നടക്കുമ്പോള്‍ മാത്രം ഭരണകൂടം ശ്രദ്ധിക്കുന്നുവെന്ന പഴിക്ക് മാധ്യമങ്ങള്‍ കൂടി അര്‍ഹമാണെന്ന് നാം ഓര്‍ക്കണം. ഭരണകൂടവും മാധ്യമങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സാധ്യമാകാത്ത വിപ്ലവമുണ്ടോ ഇവിടെ?
റഫീഖ് റഹ്‌മാന്‍ ചെനക്കല്‍
പരസ്യങ്ങളിലൂടെ മലയാളി അപമാനിക്കപ്പെടുന്നു
ലക്കം 08 ല്‍ കുഞ്ഞാമു എഴുതിയ `പത്രപരസ്യങ്ങളിലെ മനോവൈകൃതങ്ങള്‍' നമ്മെ ചന്തിപ്പിക്കേണ്ടിയിരിക്കുന്നു. മലയാളക്കരയില്‍ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളുടെയം ശ്രദ്ധ പതിയേണ്ട വിഷയമാണിത്. സമൂഹം അര്‍ഹിക്കുന്ന പരസ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‌കുന്നുവെന്നാണോ നാം വിശ്വസിക്കേണ്ടത്? അങ്ങനെയെങ്കില്‍ ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ സ്‌ത്രീകള്‍ അസംതൃപ്‌തരായാണ് കഴിഞ്ഞുകൂടുന്നതെന്നും, ഉയര്‍ന്ന ലൈംഗിക ദാഹമുള്ളവരാണ് സ്‌ത്രീകള്‍ എന്ന സന്ദേശവും നല്‌കുന്നതാണ് ഇത്തരം പരസ്യങ്ങള്‍. വലിയ പുരോഗമനവും ആധുനികതയും ഉദ്‌ഘോഷിക്കുന്ന പത്രങ്ങള്‍ പോലും സ്‌ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം പരസ്യങ്ങളിലൂടെ വിളംബരം ചെയ്യുന്ന സന്ദേശങ്ങള്‍. സ്‌ത്രീകള്‍ ഉപഭോഗ വസ്‌തു മാത്രമാണെന്ന ദുരുദ്ദേശ്യപരമായ നിലപാടും ഇത്തരം പരസ്യങ്ങള്‍ക്ക് പിന്നിലുണ്ട്.
ലേഖനത്തില്‍ പരാമര്‍ശിച്ച പരസ്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ന് മാധ്യമത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക പരസ്യങ്ങളും മലയാളിയുടെ മനോവൈകല്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് സംശയിക്കാം. ആണുങ്ങളുടെ പാദരക്ഷയുടെ പരസ്യത്തിനു പോലും പെണ്ണുങ്ങള്‍ വേണം എന്നു നിശ്ചയിക്കുന്നതിന്റെ അജണ്ട എന്ത്? ഏതെങ്കിലും നടിമാരോ, പെണ്ണുങ്ങളോ പറഞ്ഞാല്‍ അവരെ അനുസരിക്കുന്ന വിഭാഗമാണ് പുരുഷന്മാര്‍ എന്ന സൂചനയല്ലേ അത് നല്‌കുന്നത്? ഇത് പുരുഷന്മാരെ കൂടി അപമാനിക്കുന്ന പരസ്യങ്ങളാണ്. ചില ജ്വല്ലറി പരസ്യങ്ങള്‍ കണ്ടാല്‍ തോന്നുക, വിവാഹത്തിന് അനിവാര്യമായ ഒന്നാണ് സ്വര്‍ണം എന്നാണ്. ജ്വല്ലറികളിലെ പരസ്യവാചകങ്ങളെല്ലാം വിവാഹവുമായി ബന്ധപ്പെട്ടതാണ്. വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി സ്വര്‍ണത്തെ മാറ്റിയതില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
മലയാളിയുടെ മനസ്സിന് ഇണങ്ങുന്ന വിധത്തിലാണ് പരസ്യങ്ങള്‍ നല്‌കുന്നതെന്ന മാധ്യമങ്ങളുടെയും പരസ്യ കമ്പനികളുടെയും ന്യായീകരണങ്ങള്‍ പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. സത്യത്തില്‍ മലയാളികള്‍ക്ക് മനോവൈകൃതങ്ങള്‍ ഉണ്ടാക്കുകയാണ് ഇത്തരം പരസ്യങ്ങള്‍, അല്ലാതെ സ്വസ്ഥതയും സ്വാസ്ഥ്യവും നല്‌കുന്നതല്ല ഇവ.
മുഹ്‌സിന്‍ കോഴിക്കോട്
- വായനാനുഭവം -
വിദ്യാര്‍ഥികള്‍ക്ക് അവലംബം പ്രവാസികള്‍ക്ക് ആശ്വാസംഞാന് വിദ്യാര്‍ഥി, ക്ലാസ് ഒമ്പത്
ഞാന്‍ വായനയുടെ ലോകത്തേക്ക് കടന്നുവന്നത് ശബാബിലൂടെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ശബാബ് വേറിട്ടൊരനുഭവമാണ്. ഒരു വിദ്യാര്‍ഥിയായ എനിക്ക് ഉപന്യാസ രചന, പ്രസംഗം എന്നീ മേഖലകളില്‍ അഭിരുചിയുണ്ട്. ശബാബിലെ ഇസ്‌ലാമികവും ആനുകാലികവുമായ കുറിപ്പുകള്‍ എന്നെ ഈ രംഗങ്ങളില്‍ ജില്ലാ-സംസ്ഥാന തല മത്സരങ്ങളില്‍ വരെ പങ്കെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ശബാബിലും എന്റേതായ ചെറു കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 9-ാം ക്ലാസ്സ് വിദ്യാര്‍ഥി എന്ന നിലക്ക് എനിക്ക് സഹപാഠികളില്‍ നിന്നും നേരിടേണ്ടി വരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഏക ആശ്രയം ശബാബാണ്.
ആദില്‍ കക്കോവ് (പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്)
വീണ്ടെടുത്ത കാഴ്‌ച
ഓര്‍മകളെ അലോസരപ്പെടുത്തുന്ന ഭൂതകാല ജാഹിലിയ്യത്തില്ലാത്തവര്‍ക്ക് തൗഹീദിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയില്ലയെന്നതിന് എന്റെ അനുഭവം സാക്ഷിയാണ്. സുന്നി മദ്‌റസയിലെ പാരമ്പര്യ പഠനവും അത് കഴിഞ്ഞുള്ള ഭൗതിക വിദ്യാഭ്യാസവും എന്നെ കൊണ്ടെത്തിച്ചത് തികച്ചും മത രഹിതമായ ജീവിതത്തിലേക്കായിരുന്നു. ദാഹിക്കുമ്പോള്‍ കുടിക്കാന്‍ വൈരുധ്യധിഷ്‌ഠിത ഭൗതിക വാദവും മാര്‍ക്‌സും ഏംഗല്‍സും ഡാര്‍വിയന്‍ ചിന്തകളുമായിരുന്നു. ഒരിക്കല്‍ ഞാനെഴുതിയ `നരകത്തിലെ സ്‌ത്രീ' എന്ന കഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ മഹല്ല് ഒന്നാകെ ഇളകി. `കളിച്ച് കളിച്ച് ഈ ഹറാമ്പറന്നോന്‍ ദീന്‍കൊണ്ടും കളി തൊടങ്ങിയോ?' എന്ന് പലരും പരിഭവിച്ചു. എന്നിട്ടും എനിക്ക് ദീന്‍ എന്താണെന്ന് മനസ്സിലായില്ല.
ഒടുക്കം എണ്‍പതുകളുടെ തുടക്കത്തില്‍ ദോഹയിലെത്തി. നോമ്പുകാലമായപ്പോള്‍ ഞാന്‍ ശരിക്കും ഒറ്റപ്പെട്ടു. മുറിയില്‍ ഭൂരിപക്ഷം പേരും നോമ്പെടുത്തപ്പോള്‍ ഞാന്‍ അടുത്ത മുറിയില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളുമായി ചങ്ങാത്തത്തിലായി. അന്നൊരിക്കല്‍ തറാവീഹ് നമസ്‌കാരത്തിനുശേഷം മേപ്പയ്യൂര്‍ എന്‍ പി അബ്‌ദുര്‍റഹ്‌മാന്‍ റമ്മി കളിക്കുകയായിരുന്ന എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞു. ഞങ്ങള്‍ ഒരേ സ്‌പോണ്‍സര്‍ വിസക്കാരായിരുന്നു. ``വിരോധമില്ലെങ്കില്‍ കുറച്ചു പോസ്റ്റര്‍ എഴുതിത്തരാമോ?'' വിഷയവും പറഞ്ഞുതന്നു. ശബാബ് നോക്കി ഹദീസുകളും ഖുര്‍ആന്‍ ആയത്തുകളും കണ്ടുപിടിച്ച് അതെഴുതണം. മനമില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടിവന്നു. അങ്ങനെ ജീവിതത്തിലാദ്യമായി ഞാന്‍ ശബാബ് കാണുകയാണ്. അത് കണ്ടപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത് കോമ്രേഡ് ആണ്. രണ്ടും ടാബ്ലോയ്‌ഡ് രീതിയിലായിരുന്നു.
പഴയ ഓരോ ലക്കങ്ങളും ഞാന്‍ മറിക്കാന്‍ തുടങ്ങി. ശാഹുല്‍ വാടാനപ്പള്ളി എന്നാളുടെ ലേഖനമാണ് ആദ്യം വായിച്ചതെന്നാണോര്‍മ. തുടര്‍ന്ന് പരലോകത്തെക്കുറിച്ചും (സൂറതുന്നബഅ്) വായിച്ചപ്പോള്‍, ആ സാഹിത്യഭംഗിയും അര്‍ഥവും ഗ്രഹിക്കാന്‍ കഴിഞ്ഞപ്പോള്‍ വായന മനസ്സിനെ വല്ലാതെ ഉലയ്‌ക്കാന്‍ തുടങ്ങിയിരുന്നു. അന്നുവരെ മനസ്സിലാക്കിയ പല കാര്യങ്ങളും അതിവങ്കത്തമാണെന്ന് മനസ്സിലായപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നു. പുതിയ ലോകം, പുതിയ പ്രതീക്ഷകള്‍... ശബാബ് എന്നെ തിരിച്ചറിയിക്കുകയായിരുന്നു.
എല്ലാ വികലധാരണകളും തിരുത്താം, പുതിയ മനുഷ്യനാകാം. അലകും പിടിയുമില്ലാതെ എവിടെയോ കീറിപ്പറിഞ്ഞു പോകുമായിരുന്ന എന്റെ ജീവിതത്തെ വെളിച്ചത്തിന്റെ നേര്‍ക്കാഴ്‌ചയായി തിരിച്ചുതന്ന ശബാബ് എനിക്ക് തിരിച്ചുകിട്ടിയ കാഴ്‌ച തന്നെയാണ്. അതിന് എന്നെ പ്രേരിപ്പിച്ച എന്‍ പി, കുറ്റിയാടി മൊയ്‌തു, ബാലുശ്ശേരി അബൂബക്കര്‍ക്ക, മംഗലാപുരം മൊയ്‌തീന്‍, അക്‌ബര്‍ കാസിം, ജമാല്‍ മൂസ്സ അങ്ങനെ എത്ര സുഹൃത്തുക്കളോടാണ് നന്ദി പറയേണ്ടത്. ഒപ്പം ഖത്തര്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്ററിനോടും. ശബാബ് ഇന്നും എനിക്ക് ഗുരുവും വഴികാട്ടിയും തന്നെയാണ്.
അബ്‌ദുര്‍റസ്സാഖ് പള്ളിക്കര
എന്റെ റഫറന്‍സ്
ശബാബിനെ ഞാനാദ്യമായി കാണുന്നത് വാപ്പയുടെ കയ്യിലാണ് .അന്ന് വാപ്പയായിരുന്നു നാട്ടിലെ ഏജന്‍റ്. ഏജന്‍സിയാവട്ടെ കുട്ടിയായിരുന്ന എന്റെ പേരിലും. അത് കൊണ്ട് തന്നെ ആഴ്‌ച തോറും എന്റെ പേരുവെച്ചു വരുന്ന ശബാബിനെ കൗതുകത്തോടെയായിരുന്നു സമീപിച്ചിരുന്നത്.
സജീവമായ ശബാബ് വായന തുടങ്ങിയത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .അന്നത്തെ ടാബ്ലോയിഡ് രൂപം പത്രങ്ങളെ അനുസ്‌മരിപ്പിച്ചിരുന്നു. മാഗസിന്‍ രൂപത്തിലായതോടെ ശബാബ് യുവത്വത്തിലേക്ക് തിരിച്ചു വന്നു. സ്ഥിരം പംക്തികള്‍ കൂടാതെ സമകാലിക സംഭവങ്ങളെ കുറിച്ച് കവര്‍ സ്‌റ്റോറികളും വിശകലനങ്ങളും റഫര്‍ ചെയ്യാവുന്ന റഫറന്‍സ് പുസ്‌തകം പോലെ തന്നെ അതിനെ മാറ്റി. കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കുന്നത് `മുഖാമുഖ'മാണ്.
ഇന്ന് കേരളത്തില്‍ ഏതാണ്ട് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും വാരികകളുണ്ട്, പക്ഷെ അതില്‍ നിന്നെല്ലാം ശബാബിനെ വ്യതിരിക്തമാക്കുന്നത് അതു മുറുകെ പിടിക്കുന്ന ആദര്‍ശം തന്നെയാണ്. അതാണ് ശബാബിന്റെ വിജയരഹസ്യവുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഫാസില്‍ നടുവണ്ണൂര്‍
ശബാബ് എന്റെ കുടുംബത്തിലെ അംഗം
ശബാബുമായിട്ടുള്ള എന്റെബന്ധം 20 വര്‍ഷം പിന്നിടുന്നു. നാട്ടിലായിരുന്ന കാലത്ത് ശബാബ് മുഴുവനായി വായിക്കാന്‍ പറ്റാറില്ലായിരുന്നു. എന്നാല് പ്രവാസിയായതിനു ശേഷം പൂര്‍ണമായി വായിക്കാന്‍ സാധിക്കുന്നുണ്ട്. എന്നെ ഏറ്റവും അധികം വിഷമിപ്പിച്ച രണ്ടു ലക്കങ്ങള്‍ മര്‍ഹും കെ.കെ യെയും, കാരക്കുന്നിനെയും കുറിച്ചുള്ള പ്രത്യേക പതിപ്പുകളാണ്. ആ രണ്ടു ലക്കവും ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ത്തു. ആ ഓര്‍മ ഇപ്പോഴും കണ്ണുകളെ നനയിക്കുന്നു. ശബാബില്‍ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നതു എഡിറ്റോറിയലും മുഖാമുഖവും ഖുര്‍ആന്‍ പഠനവുമാണ്. നമ്മുടെ മുന്‍ഗാമികള്‍ സ്വന്തം ശമ്പളം എടുത്തു പേപ്പര്‍ വാങ്ങി ശബാബ് ഇറക്കിയിരുന്ന അവസ്ഥ ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ശബാബ് ആഴ്‌ചയിലൊരിക്കല്‍ വീട്ടില്‍ എത്തിയാല്‍ വേറെ ഒന്നും വേണ്ട, അതില്‍ എല്ലാം ഉണ്ടാകും. ശബാബിനെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പലപ്പോഴും തോന്നാറുള്ളത്.
ശൗക്കത്തലി താനാളൂര്‍ അല്‍ഐന്‍
തിരുത്ത്
ഡോ. ഇ കെ അഹ്‌മദ്‌കുട്ടി എഴുതിയ `ഇസ്‌ലാം സമ്പന്നമാക്കിയ വിശ്രുത നഗരങ്ങള്‍' ലേഖനത്തില്‍ (ലക്കം 7) പേജ് 10-ല്‍ `ലോകത്തിലെ ഏറ്റവും പുരാതന' എന്നു തുടങ്ങുന്ന ഖണ്ഡികയിലെ `ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്‌മാഈലിന്റെ(അ) ഖബര്‍' എന്നതിനു പകരം ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്‌ഹാഖ് നബിയുടെയും ഖബര്‍ എന്നാക്കി വായിക്കണം. പേജ് 9-ല്‍ പുരാതന നഗരങ്ങളിലൊന്നായ `സിറിയ' എന്നത് `ദമസ്‌കസ്' എന്നും പേജ് 11-ലെ മുസ്‌ലിം ഭരണം നിലനിന്നിരുന്ന `യൂറോപ്യന്‍ നഗരം' എന്നത് `യൂറോപ്യന്‍ രാജ്യം' എന്നും തിരുത്തി വായിക്കേണ്ടതാണ്.
പത്രാധിപര്‍
0 comments: