കഅ്‌ബാലയത്തില്‍ ഒരുമയുടെ പാല്‍ക്കടല്‍

  • Posted by Sanveer Ittoli
  • at 5:21 AM -
  • 0 comments

കഅ്‌ബാലയത്തില്‍ ഒരുമയുടെ പാല്‍ക്കടല്‍


അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി


ലോകത്തില്‍ നിലവിലുള്ള അനേകം മതങ്ങള്‍ തമ്മില്‍ നിരവധി വൈരുധ്യങ്ങളും വൈജാത്യങ്ങളും കാണാമെങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങളിലെങ്കിലും സാജാത്യങ്ങളും കാണാവുന്നതാണ്‌. എല്ലാ മതങ്ങളും ഒരേ സ്രോതസ്സില്‍ നിന്നുവന്നതും പിന്നീട്‌ വികലമാക്കപ്പെട്ടതും ആണെന്നതിന്‌ ഇത്‌ ഒരു സൂചനയും കൂടിയാണ്‌. എല്ലാ മതങ്ങളിലും പുണ്യകര്‍മമായി കാണുന്ന ഒരു അനുഷ്‌ഠാനമാണ്‌ തീര്‍ഥാടനം. പുണ്യം തേടിയുള്ള യാത്ര എന്നര്‍ഥം. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ തീര്‍ഥാടനം നടത്തി നിര്‍വാണം പൂകാന്‍ കാത്തിരിക്കുന്ന മതവിശ്വാസികള്‍പോലും ഉണ്ട്‌. ഇസ്‌ലാമിലും തീര്‍ഥാടനം ഒരു പ്രധാന അനുഷ്‌ഠാനകര്‍മമാണ്‌. എന്നാല്‍ ഇതരമതങ്ങളിലെ തീര്‍ഥാടന സങ്കല്‌പങ്ങളില്‍നിന്ന്‌ തികച്ചും ഭിന്നവും ഏകദൈവ വിശ്വാസത്തില്‍ അധിഷ്‌ഠിതവുമായ ഹജ്ജും ഉംറയുമാണ്‌ ഇസ്‌ലാം അനുഷ്‌ഠാനമായി നിശ്ചയിച്ച തീര്‍ഥാടനം.
ഇസ്‌ലാമില്‍ ഐതിഹ്യങ്ങള്‍ക്ക്‌ സ്ഥാനമില്ല. എന്നാല്‍ ചരിത്ര വസ്‌തുതകള്‍ക്ക്‌ പ്രാധാന്യം കല്‌പിക്കുന്നുതാനും. അറേബ്യന്‍ ജനതയുടെ പ്രപിതാവും പ്രവാചകപിതാവെന്ന്‌ പേരുവിളിക്കപ്പെട്ട മഹാനുമായ ഇബ്‌റാഹീം നബിയുടെ പ്രബോധന ജീവിതത്തിന്റെ ത്യാഗോജ്വലമായ ഓരോ ഏടും ഓര്‍ത്തെടുത്ത്‌ കൊണ്ടുമാത്രമേ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാനാകൂ. പല സമുദായങ്ങളും തങ്ങളുടെ ഏതെങ്കിലും ആചാര്യന്റെയോ പൂര്‍വീകരുടെയോ `ജന്മസ്ഥല്‍' അല്ലെങ്കില്‍ `സമാധിസ്ഥല്‍' എന്നിവയാണ്‌ തീര്‍ഥാടനത്തിന്റെ കേന്ദ്രമായി കാണാറുള്ളത്‌. എന്നാല്‍ ഇസ്‌ലാമില്‍ ജന്മദിനങ്ങള്‍ക്കോ ജന്മസ്ഥലങ്ങള്‍ക്കോ ചരമദിനങ്ങള്‍ക്കോ സമാധിസ്ഥലങ്ങള്‍ക്കോ യാതൊരു പ്രാധാന്യവും കല്‌പിക്കപ്പെട്ടിട്ടില്ല. ഇസ്‌ലാമിലെ ഏകതീര്‍ഥാടനമായ ഹജ്ജ്‌/ഉംറയുടെ കേന്ദ്രം മക്കയാണ്‌. ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്‌മാഈല്‍ നബിയുടെയും ഏകദൈവസിദ്ധാന്തത്തിന്റെ കര്‍മമണ്ഡലമാണ്‌ മക്ക.
ഭൂമിയിലാദ്യമായി അല്ലാഹുവിനെ ആരാധിക്കാന്‍ നിര്‍മിക്കപ്പെട്ട കഅ്‌ബയാണ്‌ ഹജ്ജ്‌ കര്‍മത്തിന്റെ സിരാകേന്ദ്രം. സഹസ്രാബ്‌ദങ്ങള്‍ക്കുമുന്‍പ്‌ ഫലസ്‌തീനില്‍ നിന്ന്‌ ദൈവകല്‌പനയാല്‍ മക്കയിലെത്തിയ ഇബ്‌റാഹീം നബിയാണ്‌ കഅ്‌ബ പണിതത്‌. ചതുരസ്‌തൂപം എന്നര്‍ഥമുള്ള കഅ്‌ബ ഒരു പ്രതിഷ്‌ഠയോ പ്രതിഷ്‌ഠാ കേന്ദ്രമോ അല്ല. ആരാധനകള്‍ നിര്‍വഹിക്കുന്ന ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും അഭിമുഖീകരണം ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ വിശ്വമാനവിക ഐക്യം ഊട്ടിയുറപ്പിക്കുക എന്നതായിരിക്കാം ഈ അഭിമുഖീകരണകേന്ദ്രം(ഖിബ്‌ല) നിശ്ചയിച്ചതിലെ പ്രസക്തി. ആ ചരിത്ര ഭവനത്തിന്റെ നിര്‍മിതിക്കുശേഷം അവിടേക്ക്‌ തീര്‍ഥാടനത്തിന്‌(ഹജ്ജിന്‌) വരൂ എന്ന്‌ ജനങ്ങളോടാഹ്വാനം ചെയ്‌തതും ഇബ്‌റാഹീം നബി(അ) തന്നെയാണ്‌. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം ഇങ്ങനെ പ്രതിപാദിക്കുന്നു. ``നാം അദ്ദേഹത്തോട്‌ പറഞ്ഞു): ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തുകയറിയും അവര്‍ നിന്റെയടുത്ത്‌ വന്നുകൊള്ളും'' (22:27). ആ വിളംബരത്തിന്റെ പ്രതീകാത്മക മറുപടിയുമായിട്ടാണ്‌ ഓരോ ഹാജിയും ലബ്ബൈകല്ലാഹുമ്മ ലബ്ബൈക എന്ന്‌ പറഞ്ഞുകൊണ്ട്‌ ഹജ്ജില്‍ പ്രവേശിക്കുന്നത്‌. അല്ലാഹുവേ, നിന്റെ വിളിക്ക്‌ ഞാനിതാ ഉത്തരം നല്‌കുന്നു എന്നാണ്‌ അതിന്റെ അര്‍ഥം.
ഇതര ആരാധനാകര്‍മങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ഹജ്ജ്‌. നിശ്ചിത ദിവസങ്ങളില്‍ മക്കയിലെത്തി മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന കര്‍മമാകയാല്‍ അത്‌ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയില്ല. ആയതിനാല്‍ ഹജ്ജ്‌ ആയുഷ്‌ക്കാലത്തിലൊരിക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. അതും സാമ്പത്തികവും ശാരീരികവും മാനസികവും സാങ്കേതികവുമായ സൗകര്യങ്ങള്‍ ഒത്തുവരുന്നവര്‍ക്കുമാത്രം. അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മയും ചിന്തയും ഉദ്ദീപിപ്പിക്കുക എന്നതാണ്‌ ഹജ്ജ്‌ കര്‍മത്തിന്റെ മര്‍മം. വ്യക്തിപരമായ വിശ്വാസ വിമലീകരണവും ആത്മനിര്‍വൃതിയും ആര്‍ജിക്കുന്നതോടൊപ്പം സാമൂഹികമായ ഒട്ടേറെ ധര്‍മങ്ങളും ഹജ്ജില്‍ ഉള്‍ച്ചേര്‍ന്നതായി കാണാം. ലബ്ബൈകല്ലാഹുമ്മ.... എന്ന ശുദ്ധ ഏകദൈവ വിശ്വാസത്തിന്റെ വിളംബരത്തോടൊപ്പം ദശലക്ഷക്കണക്കിന്‌ പുരുഷന്മാര്‍ ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ നീങ്ങുന്ന ലോകത്തെ അനിതരമായ ഒരു കാഴ്‌ചതന്നെയാണ്‌ ഹജ്ജ്‌. ഒരേസമയത്ത്‌ ഉന്നതനായ മനുഷ്യന്‍ തന്റെ എളിമയും കൂടി വിളിച്ചോതുന്ന ഈ നിലപാടില്‍ മനുഷ്യ മക്കളുടെ വിവേചന രഹിതമായ വിശ്വസാഹോദര്യം പ്രകടമാകുന്നുണ്ട്‌. സമത്വമെന്ന സങ്കല്‌പം മുദ്രാവാക്യങ്ങളിലല്ല കര്‍മപഥത്തില്‍ തന്നെ കാണിക്കുകയാണിവിടെ. അതുപോലെ തികഞ്ഞ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഒരു മേളനം ഈ അനുഷ്‌ഠാനകര്‍മത്തിന്റെ ഉപോത്‌പന്നമായി വരുന്നു. പരസ്‌പരം അറിയാനും ആലോചിക്കുവാനും അവസരം ലഭിക്കുന്നു. ചരിത്രബോധമാണ്‌ ഹജ്ജിന്റെ മറ്റൊരു നേട്ടം. സാമൂഹികവും ഭൗതികവുമായ പ്രയോജനങ്ങള്‍ ഒത്തുചേര്‍ന്നതെങ്കിലും ഹജ്ജ്‌ കര്‍മത്തിന്റെ ആത്യന്തികനേട്ടം പാപമുക്തിയും തദ്വാരാ സ്വര്‍ഗപ്രവേശവും മാത്രമാണ്‌. ഹജ്ജ്‌ കര്‍മം കൃത്യമായി പാലിക്കാന്‍ കഴിഞ്ഞ വ്യക്തി നവജാതശിശുവിനെപ്പോലെ പാപമുക്തനാണെന്ന പ്രവാചകന്റെ അറിയിപ്പ്‌ എന്തുമാത്രം ശുഭപ്രതീക്ഷയാണ്‌ വിശ്വാസിയില്‍ ചെലുത്തുന്നത്‌!
ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ അഞ്ച്‌ കര്‍മങ്ങളില്‍ ഒന്നായ ഹജ്ജ്‌ കര്‍മം മുഹമ്മദ്‌ ന ബി(സ)യുടെ ചര്യ മാത്രമല്ല. മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ജൂതന്മാരും ഒരുപോലെ ആദരിക്കുന്ന ഇബ്‌റാഹീം (അബ്രഹാം എന്ന്‌ ബൈബിള്‍ ഭാഷ്യം) നബി
(അ) ആണ്‌ തൗഹീദിന്റെ കേന്ദ്രമായ കഅ്‌ബ ആസ്ഥാനമാക്കി ഹജ്ജ്‌ ആരംഭിച്ചത്‌. സഹസ്രാബ്‌ദങ്ങളായി അത്‌ തലമുറകളിലൂടെ മുഹമ്മദ്‌ നബി(സ)യുടെ കാലം വരെ നിലനിന്നുപോന്നു. അഷ്‌ടദിക്കുകളില്‍ നിന്നും കഅ്‌ബാലയത്തിലെത്തിച്ചേരുന്ന തീര്‍ഥാടകരുടെ ആധിക്യവും അവര്‍ക്ക്‌ കഅ്‌ബയോടുള്ള ആദരവും കണ്ട്‌ അസൂയപൂണ്ടിട്ടാണ്‌ സ്വന്‍ആഇലെ രാജാവ്‌ അബ്‌റഹ കഅ്‌ബ പൊളിക്കാന്‍ മക്കയിലേക്ക്‌ ആനപ്പട നയിച്ചത്‌ (എ ഡി 570). അത്‌ അദ്ദേഹത്തിന്റെ നാശത്തിന്‌ കാരണമായത്‌ ചരിത്രസംഭവമാണ്‌. ഗജവര്‍ഷം എന്നത്‌ അറബികളുടെ കാലഗണനയുടെ നാഴികക്കല്ലായിരുന്നു. കഅ്‌ബയുടെ ആദരണീയത നിലനിര്‍ത്തുകയും കഅ്‌ബയുടെ പരിപാലകര്‍ എന്ന്‌ അഭിമാനം കൊള്ളുകയും ചെയ്‌തിരുന്നവര്‍ പക്ഷേ, ഇബ്‌റാഹീം നബിയുടെ ചര്യയില്‍ നിന്ന്‌ എത്രയോ ദൂരം അകന്നു പോയിരുന്നു. കാലപ്പകര്‍ച്ചയില്‍ വികലമായിത്തീര്‍ന്ന ഹജ്ജ്‌ കര്‍മം കുറ്റമറ്റ രീതിയില്‍ ലോകത്തിന്‌ കാണിച്ചുകൊടുത്ത്‌ പൂര്‍വസ്ഥിതി പുനസ്ഥാപിച്ചത്‌ മുഹമ്മദ്‌ നബിയാണ്‌. അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാനകര്‍മങ്ങളിലൊന്നായി കണക്കാക്കുകയും ചെയ്‌തു.
ഹജ്ജിന്റെ പ്രവേശന വിളംബരം `ലബ്ബൈകല്ലാഹുമ്മ ലബ്ബൈക, ലബ്ബൈക ലാ ശരീക ലക.....' എന്ന ഏകദൈവവിശ്വാസത്തിന്റെ വിളംബരത്തില്‍ തന്നെ മായം കലര്‍ന്നു. `അല്ലാഹുവേ നിനക്കു പങ്കുകാരില്ല' എന്ന്‌ പറയേണ്ടതിനുപകരം `ചില പങ്കുകാര്‍ നിനക്കുണ്ട്‌' എന്നായിരുന്നു ഖുറൈശികളുടെ തല്‍ബിയത്ത്‌. നബി(സ) അത്‌ തിരുത്തി, ശരിയായ ഏകദൈവ വിശ്വാസവിളംബരമാക്കി. `പാപപങ്കിലമായതൊന്നും ദൈവസന്നിധിയിലെത്തിച്ചുകൂടാ' എന്ന സദുദ്ദേശ്യം മൂലം അറബികള്‍ നഗ്നരായി കഅ്‌ബ ത്വവാഫ്‌ ചെയ്‌തിരുന്നു. പാപക്കറയുള്ള സമ്പാദ്യങ്ങള്‍ മുഖേന വാങ്ങിയ വസ്‌ത്രങ്ങള്‍ വര്‍ജിച്ചുകൊണ്ടാണ്‌ അവര്‍ ത്വവാഫ്‌ ചെയ്‌തത്‌. തുണിയുരിഞ്ഞുകൊണ്ടല്ല, ആത്മാര്‍ഥമായ മനസ്‌താപം കൊണ്ടാണ്‌ പാപങ്ങള്‍ കഴുകിക്കളയേണ്ടതെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചു. ആത്മാര്‍ഥ ഹജ്ജ്‌ കര്‍മത്തിന്റെ പ്രതിഫലം നവജാതശിശുവിനെ പോലുള്ള പാപമുക്തിയും സ്വര്‍ഗപ്രവേശവുമാണെന്നാണ്‌ പ്രവാചകാധ്യാപനം. ഹജ്ജ്‌ കര്‍മവേളയില്‍ ഖുറൈശികള്‍ ആഢ്യത്വം പ്രകടിപ്പിച്ചുകൊണ്ട്‌ ഒരുതരം വി ഐ പി പരിഗണനയില്‍ പ്രത്യേക പാതകളും മറ്റും സങ്കല്‌പിച്ചിരുന്നു. ഉച്ചനീചത്വത്തിന്റെ അടിവേരറുത്തുകൊണ്ട്‌ ഖുര്‍ആനിന്റെ പ്രഖ്യാപനം വന്നു. അറഫ സംഗമം കഴിഞ്ഞ ദുല്‍ഹിജ്ജ പത്തിന്‌ നിങ്ങള്‍ ഒഴുകിവരൂ, ജനങ്ങള്‍ ഒഴുകിവരുന്ന മാര്‍ഗത്തിലൂടെ' (2:199) എന്ന നിര്‍ദേശം എന്തുമാത്രം ഹൃദയഹാരിയും സമത്വസുന്ദരവുമാണ്‌! ആര്‍ക്കും പ്രത്യേകിച്ചും ഒരു പദവിയും ആരാധനാകാര്യത്തിലില്ല. കഅ്‌ബയിലും സ്വഫയിലും മര്‍വയിലുമൊക്കെ വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിച്ച്‌ ഇബ്‌റാഹീമീ(അ)ന്റെ ചര്യയെ കളങ്കപ്പെടുത്തിയ പിന്‍ഗാമികളുടെ ദുഷ്‌ട ചെയ്‌തികള്‍ പ്രവാചകന്‍ തിരുത്തി. ആ പ്രദേശം വിഗ്രഹമുക്തമാക്കി. സ്വഫായും മര്‍വായും അല്ലാഹുവിന്റെ ചിഹ്നങ്ങളാണ്‌; നിങ്ങള്‍ ത്വവാഫ്‌ ചെയ്‌തോളൂ' (2:158) എന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിച്ചു. ഇങ്ങനെ കുറ്റമറ്റ ഹജ്ജ്‌ കര്‍മം പില്‌ക്കാലക്കാര്‍ക്കും മുഹമ്മദ്‌ നബി(സ) അനുഷ്‌ഠാനമായി നിശ്ചയിച്ചു. അത്‌ ഇന്നും അഭംഗുരം തുടരുന്നു. ഏകദേശം നാല്‌പതുലക്ഷം ഹാജിമാരാണ്‌ ഇപ്പോള്‍ മക്കയില്‍ ഹജ്ജിനെത്തുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ജനസംഗമം.
ഹജ്ജ്‌ കര്‍മത്തിന്റെ സംഭവബഹുലമായ ഈ ആദര്‍ശചരിത്രം ഇന്ന്‌ ഈ കര്‍മത്തിനുപോകുന്ന ഹാജിമാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ? നമസ്‌കാരവും നോമ്പും പഠിച്ചകാലം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്നു. സകാത്ത്‌ പൊതുവെ ശ്രദ്ധിക്കാറില്ല. ഹജ്ജാകട്ടെ പോകാന്‍ അനുമതി കിട്ടിയാല്‍, പഠിച്ചു മറന്ന കാര്യങ്ങള്‍ ക്ലാസുകളില്‍ പങ്കെടുത്തും ഗൈഡുകള്‍ നോക്കിയും തല്‌ക്കാലം ഓര്‍മിച്ചെടുക്കുന്നു. ഇതാണ്‌ സമൂഹത്തിന്റെ പൊതു അവസ്ഥ. ഇസ്‌ലാം നിശ്ചയിച്ച ആരാധനാ കര്‍മങ്ങള്‍ കേവല ചടങ്ങുകളല്ല. ചിന്തോദ്ദീപകവും അര്‍ഥപൂര്‍ണവുമായ അനുഷ്‌ഠാനങ്ങളാണ്‌. ആയതിനാല്‍ ഹജ്ജ്‌ കര്‍മത്തിനു പോകാന്‍ ഒരുങ്ങി നില്‌ക്കുന്നവരും പോകണമെന്നാഗ്രഹിക്കുന്നവരുമെല്ലാം ഹജ്ജിന്റെ ചൈതന്യം ഉള്‍ക്കൊള്ളുകയും ചിന്താബന്ധുരമായ അതിന്റെ ചരിത്രപ്രാധാന്യം അയവിറക്കുകയും തൗഹീദിന്റെ വിളംബരമായി ഈ കര്‍മത്തെ പരിഗണിക്കുകയും വേണം. യാതൊരുവിധ യാത്രാസൗകര്യങ്ങളും വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഇല്ലാത്ത കാലത്ത്‌, മരിച്ചുപിരിയാന്‍ ഒരുങ്ങി ഹജ്ജിനു പുറപ്പെട്ടിരുന്ന ഒരു ഭൂതകാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. കാലം മാറി, സമ്പത്ത്‌ കുമിഞ്ഞുകൂടി, എല്ലാവിധ സൗകര്യങ്ങളും യഥേഷ്‌ടം. ഈ സാഹചര്യങ്ങളില്‍ ഇബാദത്തുകളുടെ ചൈതന്യം ചോരുകയും പ്രകടനപരത കൂടുകയും ചെയ്യുന്നുവോ എന്ന്‌ വിശ്വാസികള്‍ ആത്മപരിശോധന നടത്തേണ്ടതാണ്‌. വ്രതാനുഷ്‌ഠാനം സ്വകാര്യമായ ആരാധനയാണെങ്കിലും സാമൂഹിക ആഘോഷമായി ഗണിക്കപ്പെടുന്ന അവസ്ഥ നാം ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നു. ഹജ്ജ്‌ കര്‍മത്തില്‍ ആത്മാര്‍ഥത കാണിക്കുന്നതോടൊപ്പം അതിന്റെ ഒരുക്കവും പോക്കുവരവും മറ്റു അനുബന്ധ കാര്യങ്ങളും ആര്‍ഭാടത്തിന്റെയും ആഘോഷത്തിന്റെയും പൊങ്ങച്ചത്തിന്റെയും വഴികളിലേക്ക്‌ വഴുതിപ്പോകുന്നുണ്ടോ എന്ന്‌ സമുദായം ആലോചിക്കേണ്ടതാണ്‌. വിവാഹ ദിവസം വധൂവരന്മാരുടെ വാഹനം അലങ്കരിച്ചതുപോലെ ഹാജിമാര്‍ കയറിയ തീവണ്ടിബോഗി പുഷ്‌പാലംകൃതമാക്കിയ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ കണ്ടത്‌ സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.
ഇതിന്റെ ഭീകരമായ മറ്റൊരു വശംകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഹജ്ജ്‌ എന്ന ആരാധനാകര്‍മം വാണിജ്യവത്‌കരിക്കപ്പെടുന്ന സ്ഥിതി വിശേഷം നാം കാണുന്നു. സര്‍ക്കാര്‍ തലത്തില്‍ ഹജ്ജിന്‌ അവസരം കിട്ടാത്തവര്‍ക്ക്‌ സര്‍ക്കാര്‍ അനുമതിയോടുകൂടി സ്വകാര്യഗ്രൂപ്പുകള്‍ സൗകര്യമൊരുക്കുന്നത്‌ ശ്ലാഘനീയമാണ്‌. എന്നാല്‍ അത്‌ വന്‍ലാഭമുള്ള ബിസിനസ്‌ ആക്കി മാറ്റി ഈ രംഗത്ത്‌ മത്സരം നടക്കുന്നത്‌ അഭിലഷണീയമല്ല. പാവപ്പെട്ട മനുഷ്യരുടെ ആത്മാര്‍ഥമായ വിശ്വാസം ചൂഷണം ചെയ്യുന്ന നിരവധി തട്ടിപ്പുകളും ഈ രംഗത്ത്‌ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്രയിലും ഹജ്ജിനിടയില്‍ പോലും ചൂഷണങ്ങള്‍ നടക്കുന്നു. ബലിയറുക്കാനുള്ള പണം സ്വീകരിച്ച്‌ തട്ടിപ്പ്‌ നടത്തുന്നവര്‍, ഹജ്ജ്‌ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക്‌ മക്കയില്‍ ജീവിക്കുന്ന കാലത്ത്‌ ഭക്ഷണമായി ബലിയറുക്കാനുള്ള മൃഗങ്ങളെ നേരത്തെ അറുത്ത്‌ വിശ്വാസവഞ്ചന നടത്തുന്ന ഗ്രൂപ്പുകാര്‍ തുടങ്ങിയ വിവിധതരം തട്ടിപ്പുകള്‍ ഹജ്ജ്‌ എന്ന ആരാധനയുടെ പേരില്‍ നടത്തുന്നത്‌ മുസ്‌ലിം സമൂഹത്തിലെ ചിലയാളുകള്‍ തന്നെയാണ്‌ എന്നത്‌ ഏറെ ഖേദകരമാണ്‌.
പ്രവാചക പിതാവ്‌ ഇബ്‌റാഹീം നബി(അ) ആരംഭംകുറിച്ച, അന്തിമ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) പൂര്‍ണത നല്‍കിയ മഹത്തായ ആരാധനാ കര്‍മമായ വിശുദ്ധ ഹജ്ജ്‌ നിര്‍വഹിക്കുന്ന വ്യക്തിക്ക്‌ ലഭിക്കുന്നത്‌ ആത്മനിര്‍വൃതിയും സ്വര്‍ഗപ്രവേശവുമാണ്‌. വിശുദ്ധ ഹറമും ബന്ധപ്പെട്ട സ്ഥലങ്ങളും അവയുടെ ചരിത്ര പശ്ചാത്തലവും ഓര്‍മിച്ചുകൊണ്ടും ഹാജിമാരുടെ യാത്രകള്‍ ശ്രദ്ധിച്ചുകൊണ്ടും ലോകം പൊതുവില്‍ ഹജ്ജിനെപ്പറ്റി ഓര്‍ത്തുകൊണ്ടിരിക്കുന്ന ദിനങ്ങളാണ്‌ നമ്മിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. ആ പ്രവാചകന്മാരുടെ മാതൃകകള്‍ പിന്‍പറ്റി ജീവിക്കാന്‍ നമുക്ക്‌ അല്ലാഹു അവസരം നല്‍കുമാറാകട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: