ഇജ്‌മാഇന്റെ പ്രാമാണികത
- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-19 -
എ അബ്‌ദുല്‍ഹമീദ് മദീനി
സത്യവിശ്വാസികളായ പണ്ഡിതന്മാരുടെ മാര്‍ഗമാണ് ഇജ്‌മാഅ്. അത് സ്വീകരിക്കാതിരിക്കല്‍ സത്യവിശ്വാസികള്‍ അല്ലാത്തവരുടെ മാര്‍ഗമാണെന്നും അത്തരക്കാര്‍ നരകത്തില്‍ ശിക്ഷിക്കപ്പെടുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‌കുന്നു. ``ആരെങ്കിലും സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം റസൂലിനോട് ചേരി പിരിയുന്നതായാല്‍, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും ചെയ്‌താല്‍, അവന്‍ തിരിഞ്ഞ പ്രകാരം (അവന്റെ പാട്ടിന്) അവനെ നാം തിരിച്ചുകളയും. അവനെ നരകത്തില്‍ കടത്തി നാം എരിക്കുകയും ചെയ്യും. അത് എത്ര മോശമായ പര്യവസാനം'' (വി.ഖു 4:115)
``മനുഷ്യവര്‍ഗത്തിനു വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (3:110
പണ്ഡിതന്മാര്‍ പറഞ്ഞു: മുസ്‌ലിം സമൂഹത്തെ ഉത്തമ സമൂഹം എന്ന് വിശേഷിപ്പിച്ചത് ആ സമൂഹത്തെ പിന്‍തുടരാം എന്നതിന് തെളിവാണ്. പിന്തുടരാന്‍ പറ്റുന്ന ഒരു സമൂഹം ഏകോപിച്ചെടുക്കുന്ന തീരുമാനം തെറ്റില്‍ നിന്ന് സംരക്ഷണം ലഭിക്കുന്ന തീരുമാനമാണ്. അതിനാല്‍ അത് പ്രമാണവുമാണ്. (ശൈഖ് അബ്‌ദുല്ലാഹിബ്‌നു ശൈഖ് അല്‍മഹഫൂള്‌ബ്‌നു ബയ്യ, അമാലി അദ്ദലാലാത്ത് വമജാലില്‍ ഇഖ്‌തിലാഫാത്ത് 384 )
``നാം നിങ്ങളെ ഒരുത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി.'' (2:143). ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നത് മുസ്‌ലിം സമൂഹത്തിലെ ചിലര്‍ക്ക് തെറ്റുപറ്റാമെങ്കിലും സമൂഹം ഒന്നടങ്കം തെറ്റില്‍ പെടുകയില്ല എന്നാണ്. കാരണം അല്ലാഹു ഈ സമൂഹത്തെ മധ്യമസമൂഹമാക്കുകയും ജനങ്ങള്‍ക്ക് സാക്ഷികളാക്കുകയും ചെയ്‌തു. സാക്ഷി നീതിമാനായിരിക്കണം. അതിനാല്‍ ഈ നീതിമാന്‍മാരായ സാക്ഷികള്‍ തെറ്റില്‍ ഒന്നിക്കുകയില്ല. (അമാലി അദ്ദലാലാത്ത് 384)
മേല്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ മുസ്‌ലിം സമൂഹത്തിലെ മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ ഏകോപിച്ചെടുക്കുന്ന തീരുമാനം തെറ്റായിരിക്കുകയില്ലെന്നും അത് ഒരു പ്രമാണമായി അംഗീകരിക്കണമെന്നും നമുക്ക് മനസ്സിലാക്കിത്തരുന്നു. ഇജ്‌മാഅ് പ്രമാണമാണെന്നറിയിക്കുന്ന ഹദീസുകള്‍ ഉദ്ധരിക്കാം.
അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: എന്റെ സമുദായം ഒരിക്കലും തെറ്റില്‍ ഒരുമിച്ചു കൂടുകയില്ല. നിങ്ങള്‍ മുസ്‌ലിം സമൂഹവുമായി ഒന്നിച്ചു നില്‌ക്കുക. അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമായിരിക്കും.'' (ത്വബ്‌റാനി)
ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട്: നബി(സ) പറഞ്ഞു: ``ആരെങ്കിലും തന്റെ ഭരണാധികാരിയില്‍ അനിഷ്‌ടമായത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും ഒരു ചാണ്‍ ആരെങ്കിലും അകന്നു നിന്നാല്‍, അവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുക.'' (ബുഖാരി 7054)
ശാമില്‍ വെച്ചു ഉമറുബ്‌നുല്‍ ഖത്വാബ് റിപ്പോര്‍ട്ട് ചെയ്‌ത ഹദീസ്: അദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇടയില്‍ നില്‌ക്കുന്നതു പോലെ റസൂല്‍(സ) ഞങ്ങള്‍ക്കിടയില്‍ നിന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: നിങ്ങള്‍ എന്റെ സ്വഹാബിമാരെ ബഹുമാനിക്കണം, പിന്നെ അതിന്നടുത്ത തലമുറയെ, പിന്നെ അതിനടുത്ത തലമുറയെ, പിന്നെ കളവും ചതിയും ജനങ്ങളില്‍ പ്രത്യക്ഷപ്പെടും. ഒരാള്‍ സാക്ഷി നില്‌ക്കാന്‍ ആവശ്യപ്പെടാതെ വന്നു സാക്ഷിനില്‌ക്കും. സത്യം ചെയ്യാന്‍ ആവശ്യപ്പെടാതെ സത്യം ചെയ്യും. സ്വര്‍ഗത്തിലെ പൂമുഖത്ത് കഴിയുന്നത് നിങ്ങള്‍ക്ക് സന്തോഷമാണെങ്കില്‍ മുസ്‌ലിം സമൂഹത്തെ മുറുകെ പിടിച്ചു അവര്‍ ജീവിക്കട്ടെ. കാരണം പിശാച് ഒറ്റപ്പെട്ട വ്യക്തിയോടുകൂടെ ആയിരിക്കും. രണ്ടാളുണ്ടാകുമ്പോള്‍ പിശാച് കുറച്ചകന്നിരിക്കും. ഒരു സ്‌ത്രീയും പുരുഷനും ഒറ്റക്കായിക്കഴിഞ്ഞാല്‍ അവിടെ മൂന്നാമനായി പിശാചുണ്ടാവും. ഒരാളുടെ നന്മ അയാളെ സന്തോഷിപ്പിക്കുകയും തിന്മ അയാളെ ദു:ഖിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ വിശ്വാസിയാണെന്നറിയുക.'' (മുസ്‌നദുശ്ശാഫിഇ)
ഇജ്‌മാഅ് പ്രമാണമായി അംഗീകരിക്കുന്നവര്‍ അത് ഖണ്ഡിതമായ പ്രമാണമാണോ അതോ ദൃഢപരമല്ലാത്ത അറിവാണോ എന്ന കാര്യത്തില്‍ ഭിന്നിച്ചിട്ടുണ്ട്. അവരില്‍ ഒരു വിഭാഗം പറയുന്നു: ഇജ്‌മാഅ് ഖണ്ഡിതമായ പ്രമാണമാണ്. ഈ അഭിപ്രായം സൈറഫിയും ഇബ്‌നുബുര്‍ഹാനും അംഗീകരിച്ചിട്ടുണ്ട്. ഹനഫി പണ്ഡിതന്മാരില്‍ നിന്ന് ദബ്ബൂസിയും ശംസുല്‍ അഇമ്മയും ഈ അഭിപ്രായം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അസ്‌ഫഹാനി ഈ അഭിപ്രായമാണ് ഏറ്റവും പ്രസിദ്ധമായത് എന്നും തീര്‍ച്ചയായും ഇജ്‌മാഇന്ന് മറ്റ് പ്രമാണങ്ങളേക്കാള്‍ മുന്‍ഗണന നല്‌കേണ്ടതാണെന്നും ഇജ്‌മാഇനെതിരെ ഒരു പ്രമാണവും ഉണ്ടാവുകയില്ലെന്നും ഇതാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായമെന്നും പറഞ്ഞിട്ടുണ്ട്. തുടര്‍ന്നദ്ദേഹം പറഞ്ഞു: ഇജ്‌മാഇനെ നിഷേധിക്കുന്നവന്‍ കാഫിറാണ്. അല്ലെങ്കില്‍ വഴിപിഴച്ചവനും ബിദ്‌അത്തുകാരനുമാണ്. റാസിയും ആമുദിയും ഉള്‍പ്പെടെ ഒരു വിഭാഗം പണ്ഡിതന്മാര്‍ പറഞ്ഞു: ഇജ്‌മാഅ് ദൃഢമല്ലാത്ത അറിവ് മാത്രമേ നല്‌കൂ. (ഇര്‍ശാദുല്‍ ഫുഹൂല്‍ 70)
ഇജ്‌മാഇന്റെ ഇനങ്ങള്‍വ്യക്തമായ ഇജ്‌മാഅ് (അല്‍ഇജ്‌മഉസ്സ്വരിഫ്):
ഒരു കാലഘട്ടത്തിലെ മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ എല്ലാവരും അവരുടെ അഭിപ്രായ ഐക്യം വാചികമായോ പ്രാവര്‍ത്തികമായോ വ്യക്തമാക്കുക. ഇത്തരം ഇജ്‌മാഅ് ഖണ്ഡിതമായ പ്രമാണമായി എല്ലാവരും അംഗീകരിക്കുന്നു. ഇങ്ങനെയുള്ള ഇജ്‌മാഇനെ പറ്റിയാണ് നാം ഇതുവരെ വിവരിച്ചത്. ഈ ഇനത്തില്‍ പെട്ട ഇജ്‌മാഅ് ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്.
മൗനം പാലിച്ചുകൊണ്ടുള്ള ഇജ്‌മാഅ്:
ലോകത്ത് അറിയപ്പെട്ട മുജ്‌തഹിദുകളായ പണ്ഡിതന്മാരില്‍ കഴിയുന്നത്ര പേര്‍ പങ്കെടുത്തു ഒരു വിഷയം ചര്‍ച്ചചെയ്‌തു അവരുടെ ഏകോപിച്ച അഭിപ്രായം പ്രകടിപ്പിക്കുകയും തുടര്‍ന്ന് വാര്‍ത്താമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യുക. മറ്റു മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ ഇതെല്ലാം മനസ്സിലാക്കി മൗനം പാലിക്കുകയും ചെയ്‌താല്‍ അതിന് ഇജ്‌മാഉസ്സുകൂത്തി എന്ന് പറയുന്നു. ഹനഫികള്‍ മാത്രമേ ഇജ്‌മാഉസ്സുകൂത്തി പ്രമാണമായംഗീകരിക്കുന്നുള്ളൂ.
മുജ്‌തഹിദുകളായ ഏതാനും പണ്ഡിതന്മാര്‍ ഒരു മതവിധി പുറപ്പെടുവിക്കുകയും അവരുടെ സമകാലീനരായ മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ അതറിയുകയും, ആ വിഷയത്തെപ്പറ്റി പഠിക്കാനും ചിന്തിക്കാനും വേണ്ടത്ര സമയം ലഭിക്കുകയും, ഭയമോ ഭീഷണിയോ കൂടാതെ അഭിപ്രായം പറയാന്‍ അവസരം ലഭിച്ചിട്ട് ആരും വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്‌താല്‍ അതിന്നര്‍ഥം അവര്‍ ആ അഭിപ്രായത്തെ അംഗീകരിക്കുന്നു എന്നാണ്. ഈ അടിസ്ഥാനത്തിലാണ് ഇജ്‌മാഉസ്സുകൂത്തി പ്രമാണമാണെന്ന് ഹനഫികള്‍ പറയുന്നത്. ഇതു മാത്രമാണ് ഈ വിഷയത്തിലുള്ള പ്രായോഗിക മാര്‍ഗം.
എന്നാല്‍ ഇമാം ശാഫി ഇതംഗീകരിക്കുന്നില്ല. ഓരോ പണ്ഡിതനും തന്റെ അഭിപ്രായം തുറന്നുപറയണമെന്നാണദ്ദേഹം പറയുന്നത്. മൗനം യോജിപ്പ് കൊണ്ടും വിയോജിപ്പുകൊണ്ടുമുണ്ടാവാം. അതിനാല്‍ മതപരമായ വിഷയങ്ങളില്‍ മൗനം സമ്മതമായി പരിഗണിക്കാനാവില്ലെന്നാണ് ഇമാം ശാഫിഈയുടെ വീക്ഷണം.
റാബിത്വതുല്‍ ആലമില്‍ ഇസ്വ്‌ലാമി, റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇഫ്‌താ, മറ്റു വിവിധ രാജ്യങ്ങളിലെ ഫിഖ്‌ഹ് അക്കാഡമികള്‍, ഇവിടെയെല്ലാം പല ആധുനിക പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും നടത്തിയ ശേഷം തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഉദാഹരണം: അവയവദാനം, ജുമുഅ ഖുതുബ പ്രാദേശിക ഭാഷകളില്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌ത് തീരുമാനമങ്ങള്‍ എടുത്തിട്ടുണ്ട്. മുജ്‌തഹിദുകളല്ലാത്ത പണ്ഡിതന്മാരുടെ അതൃപ്‌തി ഒട്ടും പരിഗണിക്കേണ്ടതില്ല. കാരണം മുജ്‌തഹിദുകള്‍ക്ക് മാത്രമേ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയുള്ളൂ. ഇത്തരം തീരുമാനങ്ങള്‍ ഇജ്‌മാഉസ്സുകൂത്തിയില്‍ ഉള്‍പ്പെടുന്നു.
ഇന്ന് ഇജ്‌മാഅ് ഉണ്ടെന്ന് പറയുന്ന പല വിഷയങ്ങളിലും മൗനമായ ഇജ്‌മാഅ് പോലും ഉണ്ടായിട്ടില്ല. ഒരു നാട്ടിലെയോ അല്ലെങ്കില്‍ ഒരു വിഭാഗം പണ്ഡിതന്മാരുടെയോ അഭിപ്രായമായിരിക്കും പലതും. ഇമാം മാലിക്ക്(റ) മദീനയിലെ പണ്ഡിതന്മാരുടെ ഏകാഭിപ്രായത്തെ മാത്രമാണ് ഇജ്‌മാഅ് ആയി പരിഗണിക്കുന്നത്. ഇമാം അഹമദ്‌ബ്‌നു ഹന്‍ബല്‍ സഹാബത്തിന്ന് ശേഷമുണ്ടായ ഇജ്‌മാഇനെ പറ്റി ഇജ്‌മാഅ് എന്നു പറയാതെ, ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉള്ളതായി എനിക്കറിയില്ല എന്നാണ് പറയാറ്.
മൂന്നാം ഖലീഫ ഉസ്‌മാനുബ്‌നു അഫ്‌ഫാന്റെ(റ) കാലത്ത് ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കുന്നതില്‍ ഇജ്‌മാഅ് ഉണ്ടായിട്ടുണ്ട് എന്ന് ചില പണ്ഡിതന്മാല്‍ പറയാറുണ്ട്. ഇത് ഇജ്‌മാഇനെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വേണ്ടി പറയുന്നതാണ്. ഇമാം ശാഫിഈ ഇതിനെപ്പറ്റി അല്‍ഉമ്മ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇമാം സുഹ്‌രി സാഇബുബ്‌നു യസീദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ)യുടെയും അബൂബക്കര്‍, ഉമര്‍(റ) എന്നിവരുടെയും കാലത്ത് ഇമാം മിന്‍ബറില്‍ ഇരുന്നാല്‍ ജുമുഅയുടെ ബാങ്ക് വിളിക്കും. അങ്ങനെ ഉസ്‌മാനുബ്‌നു അഫ്‌ഫാന്റെ കാലത്ത് ജനങ്ങള്‍ വര്‍ധിച്ചപ്പോള്‍ രണ്ടു ബാങ്ക് വിളിക്കാന്‍ ഉസ്‌മാന്‍ കല്‌പിച്ചു. (സമയാകുന്നതിന് മുമ്പ് ജനങ്ങള്‍ പള്ളിയിലേക്ക് പുറപ്പെടാന്‍ വേണ്ടി അങ്ങാടിയില്‍ വെച്ചു ബാങ്ക് വിളിക്കാനാണദ്ദേഹം കല്‌പിച്ചത്). അങ്ങനെ രണ്ടു ബാങ്ക് വിളിക്കുന്ന സമ്പ്രദായം നിലവില്‍ വന്നു. ഇമാം ശാഫിഈ പറഞ്ഞു: രണ്ടു ബാങ്ക് വിളിക്കാന്‍ ഉസ്‌മാന്‍(റ) ഉണ്ടാക്കിയതിനെ അത്വാഅ്(റ) ശക്തിയായി നിഷേധിക്കുകയും അത് മുആവിയ ഏര്‍പ്പെടുത്തിയതാണെന്ന് പറയുകയും ചെയ്‌തിട്ടുണ്ട്. ഇമാം ശാഫിഈ വീണ്ടും പറഞ്ഞു: രണ്ട് ബാങ്ക് ആരുണ്ടാക്കിയാലും ശരി, നബി(സ)യുടെ കാലത്തുള്ള ഒരു ബാങ്ക് സമ്പ്രദായമാണ് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത്. (1:173)
രണ്ടു ബാങ്ക് വിളിക്കുന്ന സമ്പ്രദായം മുആവിയ ഉണ്ടാക്കിയതാണെന്നും അതല്ല ഉസ്‌മാന്‍ ഉണ്ടാക്കിയതാണെന്നും ശക്തമായ രണ്ടഭിപ്രായങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കുമ്പോള്‍, ഈ വിഷയത്തിന്റെ അടിസ്ഥാനപരമായി തന്നെ അഭിപ്രായ വ്യത്യാസമുള്ളതായി അറിയപ്പെടുന്ന സ്ഥിതിക്ക് എങ്ങനെയാണീ വിഷയത്തില്‍ ഇജ്‌മാഅ് ഉണ്ടെന്ന് പറയുക. അങ്ങനെ ഇജ്‌മാഅ് ഉണ്ടായിട്ടുണ്ടെങ്കില്‍, പിന്നെ ഇമാം ശാഫിഇ, റസൂലിന്റെ കാലത്തുള്ള ഒരു ബാങ്ക് വിളിക്കുന്ന സമ്പ്രദായമാണ് എനിക്കിഷ്‌ടം എന്ന് എങ്ങനെയാണ് പറയുക? അപ്പോള്‍ അങ്ങനെ ഒരു ഇജ്‌മാഅ് ഇല്ല എന്ന് തീര്‍ച്ച. ഇതുപോലെ തന്നെയാണ് ഉമറിന്റെ(റ) കാലത്ത് തറാവീഹ് 23 റക്‌അത്താണെന്ന് ഇജ്‌മാഅ് ഉണ്ടായതായി പറയുന്നതും. ഈ വിഷയത്തിലും ധാരാളം അഭിപ്രായങ്ങള്‍ നിലവിലുണ്ട്. പിന്നെ എങ്ങനെയാണ് ഈ വിഷയത്തില്‍ ഇജ്‌മാഅ് ഉണ്ടെന്ന് പറയുക. ചുരുക്കം രണ്ടഭിപ്രായങ്ങള്‍ ഉള്ള ഒരു വിഷയത്തിലും ഇജ്‌മാഅ് ഉണ്ട് എന്ന് വിവരമുള്ളവരാരും പറയാറില്ല. ഇജ്‌മാഇനെ പറ്റി അടിസ്ഥാന വിവരങ്ങള്‍ ഇല്ലാത്തവര്‍ മാത്രമേ അങ്ങനെയൊക്കെ പറയാന്‍ ധൈര്യം കാണിക്കൂ.
ഇജ്‌മാഅ് നിഷേധികള്‍
ഇന്ന് ചിലര്‍ ഇജ്‌മാഇനെ നിഷേധിക്കുന്നു. ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ഒന്നായാണ് ഇജ്‌മാഇനെ അവര്‍ കാണുന്നത്. ഇത് തെറ്റാണ്, അബദ്ധമാണ്. സ്വഹാബത്തിന്റെ കാലത്തുണ്ടായ ഇജ്‌മാഇന് നാം ഉദാഹരണങ്ങള്‍ പറഞ്ഞു. ഒരാളും സ്വഹാബത്തിന്റെ ഇജ്‌മാഇനെ എതിര്‍ത്തിട്ടില്ല. ഇജ്‌മാഇനെ പണ്ടുതന്നെ എതിര്‍ത്തുവന്നത് ശീഅകളും മുഅ്‌തസിലത്തില്‍ നിന്നുള്ള ചിലരുമാണ്. അവര്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് ഇന്ന് ചിലര്‍ ചെയ്‌തുവരുന്നത്.
ഇമാം ശൗക്കാനി പറയുന്നു: (ഇബ്‌റാഹീംബ്‌നു യസാറു) നുള്ള്വാം ഉള്‍പ്പെടെ ചിലരും ശീഅകളില്‍ ചിലരും ഇജ്‌മാഅ് ഉണ്ടാവാന്‍ സാധ്യതയില്ലായെന്ന് പറഞ്ഞു. ഇതിന് കാരണമായവര്‍ പറഞ്ഞത്, ആര്‍ജിതമല്ലാത്ത വിധത്തില്‍ അറിയപ്പെട്ട വിഷയങ്ങളില്ലാതെ ഇജ്‌മാഅ് ഉണ്ടാവല്‍ അസംഭവ്യമാണ്. (ഇര്‍ശാദുല്‍ഫുഹൂല്‍ 64)
കൂടാതെ ഇജ്‌മാഅ് നിഷേധത്തിലേക്ക് അഹ്‌മദുബ്‌നു ഹന്‍ബലിന്റെ ഒരു വാക്കിനെ വലിച്ചിഴച്ചുകൊണ്ടുവന്ന് അദ്ദേഹം ഇജ്‌മാഅ് നിഷേധിയാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി കാണാം. എന്നാല്‍ അദ്ദേഹം ഒരിക്കലും ഇജ്‌മാഅ് നിഷേധിയല്ല. സ്വഹാബത്തിന്റെ ഇജ്‌മാഇനെ അംഗീകരിക്കുന്ന മഹാനാണ് അദ്ദേഹം.
ഇമാം അഹമദുബ്‌നു ഹന്‍ബല്‍ പറഞ്ഞു: ഇതേ അഭിപ്രായം തന്നെയാണ് ദാവൂദുദ്ദ്വാഹിരിയും പറഞ്ഞിട്ടുള്ളത്. നാം പരിഗണിക്കുന്ന ഇജ്‌മാഅ് ഒന്നാം നൂറ്റാണ്ടിലെ അതായത് സ്വഹാബത്തിന്റെ ഇജ്‌മാആണ്. അവര്‍ അബൂബക്കറിന്റെയും ഉമറിന്റെയും ഉസ്‌മാന്റെയും (റ) കാലത്ത് മദീനയിലെ കൈകാര്യകര്‍ത്താക്കളും പ്രമുഖരും പണ്ഡിതന്മാരുമായിരുന്നു. ഉമര്‍(റ) പുതിയ പ്രശ്‌നം ഉണ്ടായാല്‍ അത് സ്വഹാബിമാരുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു.
ഉദാഹരണം: ഉമറിന്റെ(റ) കാലത്ത് കള്ളുകുടി വ്യാപകമായപ്പോള്‍ അദ്ദേഹം വിഷയം സ്വഹാബിമാരുമായി കൂടിയാലോചിച്ചു. അപ്പോള്‍ അലി(റ) പറഞ്ഞു: കള്ള് കുടിച്ചതിന് എണ്‍പത് അടി ശിക്ഷയായി നല്‌കണമെന്നാണ് എന്റെ അഭിപ്രായം. കാരണം ലഹരി ബാധിച്ചാല്‍ ബോധമില്ലാതെ സംസാരിക്കും. ബോധമില്ലാതെ സംസാരിച്ചാല്‍ അപവാദം പറയും. അപവാദത്തിന്ന് എണ്‍പത് അടിയാണ് നല്‌കേണ്ടത് (അമാലി അദ്ദലാഇല്‍ വമജാലുല്‍ ഇഖ്‌തിലാഫ്, അബ്‌ദുല്ലാഹി മഹ്‌ഫൂദ്‌ബ്‌നു ബയ്യ:)
മേല്‍ പറഞ്ഞതാണ് അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായം. ഇതില്‍ ഇജ്‌മാഇനെ നിഷേധിക്കുകയല്ല സ്ഥിരീകരിക്കുകയാണദ്ദേഹം ചെയ്‌തത്. അദ്ദേഹത്തിന്റെ
എന്ന വാക്കിനെ ഉദ്ധരിച്ചാണ് അദ്ദേഹത്തെ ഇജ്‌മാഅ് നിഷേധി ആക്കാന്‍ ശ്രമിക്കുന്നത്. എന്താണാ വാക്കിന്റെ ഉദ്ദേശ്യമെന്ന് പരിശോധിക്കാം. ശറഹ് മുസല്ലമുസ്സുബൂത്തില്‍ വിശദീകരണം നല്‌കുന്നത് കാണുക:
ഇതിന്നുള്ള മറുപടി; തീര്‍ച്ചയായും ഈ വാദം ജന്മസിദ്ധമായ അറിവില്‍ സംശയം ഉണ്ടാക്കലാണ്. ദൃഢമല്ലാത്ത അറിവിനെക്കാള്‍ ഉറപ്പിന് മുന്‍ഗണന നല്‌കണമെന്ന് എല്ലാ കാലഘട്ടത്തിലും ഇജ്‌മാഅ് ഉണ്ടായതായി നാം ഉറപ്പിച്ചു പറയുന്നു. അങ്ങനെ ഈ വിഷയം ഇസ്‌ലാം ദീനിലെ ജന്മസിദ്ധമായ ഒരു അറിവായിത്തീര്‍ന്നു. ഖണ്ഡിതമായ ഒരു തത്വത്തിന്നെതിരെ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണ്. അതിനാല്‍ ആ വാദം മറുപടി അര്‍ഹിക്കുന്നില്ല. (ഫവാതിഹു റഹ്‌മൂത്ത് 2:212)
ഇത്രയും വ്യക്തമായ നിലക്ക് മുസല്ലമുസ്സുബൂത്തില്‍ അഹ്‌മദുബ്‌നു ഹന്‍ബലിന്റെ വാക്കിനെ വിശദീകരിക്കുകയും ഇജ്‌മാഇനെ സ്ഥിരപ്പെടുത്തുകയും ചെയ്‌ത ശേഷം അഹ്‌മദുബ്‌നു ഹന്‍ബല്‍ ഇജ്‌മാഇനെ നിഷേധിക്കുന്നു എന്ന് വിവരമില്ലാത്തവര്‍ മാത്രമേ പറയുകയുള്ളൂ.
ഫവാതിഹു റഹ്‌മൂത്തില്‍ പറയുന്നു: ഇമാം അഹ്‌മദിന്റെ വാക്കുകള്‍ ഒറ്റപ്പെട്ട വ്യക്തികള്‍ അവരുടെ അഭിപ്രായമനുസരിച്ചു ഉദ്ധരിക്കുന്ന ഇജ്‌മാഇനെ പറ്റിയാണെന്ന് വ്യക്തമാണ്. എന്നാല്‍ ഇജ്‌മാഅ് വലിയൊരു കാര്യമാണ്. അത് ധാരാളമാളുകളുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഒരാള്‍ മാത്രം അതു കണ്ടെത്തി എന്ന് പറയുന്നത് (സത്യവുമായി) വളരെ വിദൂരമായ കാര്യമാണ്. അല്ലെങ്കില്‍ ഇക്കാലഘട്ടത്തില്‍ ഉണ്ടാകുന്നതിനെ പറ്റിയാണദ്ദേഹം പറഞ്ഞതെന്ന് മനസ്സിലാക്കണം. കാരണം ഇന്ന് ധാരാളം പണ്ഡിതന്മാര്‍ അറിയപ്പെടാത്ത പല നാടുകളിലും കഴിഞ്ഞുകൂടുന്നുണ്ട്. അവരില്‍ നിന്ന് ഇജ്‌മാഅ് ഉദ്ധരിക്കുന്നതില്‍ സംശയമുണ്ടാവാം (എന്നല്ലാതെ ഇജ്‌മാഅ് ഇല്ല എന്നര്‍ഥമില്ല). കാരണം ധാരാളം വിഷങ്ങളില്‍ ഇജ്‌മാഅ് പ്രമാണമായി അഹ്‌മദുബ്‌നു ഹന്‍ബല്‍ ഉദ്ധരിച്ചിട്ടുണ്ട്. (ശരിയായി ഇജ്‌മാഅ്) ലഭിച്ചിട്ടില്ലായിരുന്നുവെങ്കില്‍, ഇജ്‌മാഅ് പ്രമാണമായി അദ്ദേഹം ഉദ്ധരിക്കുമായിരുന്നില്ല. (ഫവാതിഹു റഹമൂത്ത്, ശറഹു മുസല്ലമുസ്സുബൂത് 2:212)
മുസല്ലമുസ്സുബൂത്തില്‍ പറയുന്നു: ഇസ്‌ഫറായീനി പറഞ്ഞു: ഇരുപത്തിനാലായിരത്തിലധികം മസ്‌അലകളില്‍ ഇജ്‌മാഅ് ഉണ്ടായതായി നമുക്കറിയാം. (ഫവാതിഹു റഹ്‌മത്ത് 2:212)
തീര്‍ച്ചയായും ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ പ്രത്യേകിച്ചു സ്വഹാബത്തിന്റെ കാലഘട്ടമായ ഒന്നാം നൂറ്റാണ്ടില്‍ മുജ്‌തഹിദുകളായ പണ്ഡിതന്മാരുടെ പേരും നാടും വ്യക്തിത്വവുമെല്ലാം അറിയപ്പെട്ടതായിരുന്നു. പ്രത്യേകിച്ചും നബി(സ) വഫാത്തായ ശേഷമുള്ള കുറഞ്ഞ കാലയളവില്‍. അതിനാല്‍ വിജ്ഞാനദാഹികളായ പണ്ഡിതന്മാര്‍ക്ക് അവരുടെ വാക്കുകളും അഭിപ്രായങ്ങളും സ്ഥിതികളും കൃത്യമായി അറിയാന്‍ സൗകര്യമുണ്ടായിരുന്നു. പിന്നെ ആവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ അവരാരും അവരുടെ അഭിപ്രായങ്ങളില്‍ നിന്ന് മടങ്ങിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. (ഫവാതിഹു റഹ്‌മൂത്ത് ശറഹുമുസല്ലമുസ്സുബൂത് 2:212)
ഇബ്‌നുഹസം ഈ വിഷയം തന്റെ അഹ്‌കാമില്‍ വിവരിച്ചത് കാണുക: അബൂമുഹമ്മദ് (ഇബ്‌നുഹസം) പറഞ്ഞു: ഒരു സംഘം പണ്ഡിതന്മാര്‍ പറഞ്ഞു: ഇജ്‌മാഅ് എന്നാല്‍ അത് സഹാബത്തിന്റെ ഇജ്‌മാഅ് മാത്രമാണ്. അപ്പോള്‍ സഹാബത്തിന്ന് ശേഷമുള്ളവരുടെ ഇജ്‌മാഅ് (യഥാര്‍ഥ ഇജ്‌മാഅ്) അല്ല. മറ്റൊരു സംഘം പണ്ഡിതന്മാരുടെ അഭിപ്രായം ഓരോ കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ ഇജ്‌മാഅ് ശരിയായ ഇജ്‌മാഅ് ആണ്. പിന്നെ ഇവരില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി. ഒരു കൂട്ടര്‍ പറയുന്നു: ഓരോ കാലഘട്ടത്തില്‍ ഉണ്ടാകുന്ന ഇജ്‌മാഅ് ശരിയായ ഇജ്‌മാഅ് തന്നെയാണ്. അങ്ങനെ ഇജ്‌മാഅ് ഉണ്ടായാല്‍ അവര്‍ക്കോ അവരുടെ ശേഷമള്ളവര്‍ക്കോ അതിന്നെതിരില്‍ അഭിപ്രായം പറയാന്‍ പാടില്ല. (അല്‍ഇഹ്‌കാം ഉസുലില്‍ അഹ്‌കാം 1:551 ഇബ്‌നുഹസമുല്‍ ഉന്‍ദുലിസീ)
ഇമാം ശൗകാനി പറയുന്നു: മുജ്‌തഹിദുകള്‍ എന്നതിന്റെ ഉദ്ദേശ്യം, അന്ത്യനാള്‍ വരെയുള്ള എല്ലാ മുജ്‌തഹിദുകളുമാണെന്ന വാദം തെറ്റായ ധാരണയാണ്. ഈ വാദമനുസരിച്ചു ഒരു ഇജ്‌മാഉം ഉണ്ടാകുന്നതല്ല. അങ്ങനെ വന്നാല്‍ അന്ത്യനാള്‍ വരെ ഇജ്‌മാഅ് ഉണ്ടാവാന്‍ സാധ്യതയില്ല. അന്ത്യനാളിനു ശേഷം ഇജ്‌മാഇന്റെ ആവശ്യവുമില്ലല്ലോ. (ഇര്‍ശാദുല്‍ ഫുഹൂല്‍ 63)
ഇബ്‌നു ഹസം വീണ്ടും പറഞ്ഞു: തീര്‍ച്ചയായും സ്വഹാബിമാരുടെ എണ്ണം നിജപ്പെടുത്താന്‍ സാധിക്കുന്നതായിരുന്നു. അവരെ ഒരുമിച്ചുകൂട്ടലും അവരുടെ വാക്കുകള്‍ ക്ലിപ്‌തമായി ഉദ്ധരിക്കാനും സൗകര്യമുണ്ടായിരുന്നു. (അല്‍ഇഹ്‌കാം ഫീ ഉസൂലില്‍ അഹ്‌കാം, ഇബ്‌നുഹസം 1:555)
ഹന്‍ബലി മദ്‌ഹബിലെ നിദാനശാസ്‌ത്ര ഗ്രന്ഥമായ റൗസത്തുന്നാദ്വിര്‍ ഫീജന്നത്തില്‍ മുനാദ്വിര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: താബിഉകള്‍ ഏകോപിച്ച അഭിപ്രായം പറഞ്ഞാല്‍ അത് ഇജ്‌മാഅ് ആണ്. അതിനെ എതിര്‍ക്കുന്നവര്‍ മൂഅ്‌മിനുകളല്ലാത്തവരുടെ മാര്‍ഗം സ്വീകരിച്ചവരുമാണ്. നാം മുമ്പ് പറഞ്ഞതുപോലെ അവര്‍ അധികം ഉള്ളതോടു കൂടെ സത്യം അവരറിയാതെ പോകുന്നത് സാധാരണ നിലയില്‍ അസംഭവ്യമാണ്. അതിനാല്‍ അത് ആ കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ ഇജ്‌മാഅ് ആണ്. അപ്പോള്‍ സഹാബത്തിന്റെ ഇജ്‌മാഅ് പോലെ അത് പ്രമാണവുമാണ്. (റൗസത്തുന്നാദ്വിര്‍ 73 ഇബ്‌നുഖുദാമല്‍ മഖ്‌ദിസി)
ഈ ഗ്രന്ഥമാണ് ഹന്‍ബലീ മദ്‌ഹബിലെ ആധികാരിക നിദാന ശാസ്‌ത്രഗ്രന്ഥം. ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ അഹ്‌മദ്‌ബ്‌നു ഹന്‍ബല്‍ ഇജ്‌മാഇനെ നിഷേധിച്ചു എന്നു പറയുന്നത്. ഇജ്‌മാഅ് സ്ഥിരപ്പെടാന്‍ ലോകത്തുള്ള എല്ലാ മുജ്‌തഹിദുകളും പ്രസ്‌തുത ഇജ്‌മാഇല്‍ പങ്കെടുക്കണമെന്നില്ല. ഒന്നോ രണ്ടോ പേര്‍ വിട്ടുപോയതുകൊണ്ട് ഇജ്‌മാഇന് ഒരു തകരാറും സംഭവിക്കുന്നില്ല.
ശൗകാനി ഇര്‍ശാദുല്‍ ഫുഹൂലില്‍ പറയുന്നു: ഇജ്‌മാഅ് ഉദ്ധരിക്കുന്ന വ്യക്തിക്ക് ലോകത്ത് ഇജ്‌മാഇല്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള എല്ലാവരും ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നറിയണമെന്ന് വാദിക്കുന്നവന്‍ തന്റെ വാദത്തില്‍ അതിരു കടന്നിരിക്കുകയാണ്. തെളിവില്ലാതെ മൊത്തമായ ഒരു പറച്ചിലുമാണത്. (ഇര്‍ശാദുല്‍ ഫുഹൂല്‍ 64)
അബൂ മുഹമ്മദ് (ഇബ്‌നുഹസം) പറഞ്ഞു: മുഹമ്മദുബ്‌നു ജരീറുത്വബ്‌രിയുടെ അഭിപ്രായം ഒരാള്‍ ഇജ്‌മാഇനോട് വിയോജിച്ചാല്‍ അത് പരിഗണിക്കേണ്ടതില്ല എന്നാണ്. (അല്‍ഇഹ്‌കാം ഫി ഉസൂലില്‍ അഹ്‌കാം 1:591).
ഭൂരിപക്ഷ പണ്ഡിതന്മാര്‍ ഏകോപിച്ചു ഒരഭിപ്രായം പറഞ്ഞാല്‍ അതിന് ഇജ്‌മാഇന്റെ പരിഗണന ഉണ്ടാകുമോ? ചില പണ്ഡിതന്മാരുടെ അഭിപ്രായം (ഭൂരിപക്ഷത്തിന്റെ അഭിപ്രായം) ഇജ്‌മാഅ് ആയി പരിഗണിക്കാം. പക്ഷേ, അത് ദൃഢമല്ലാത്ത ഇജ്‌മാഅ് ആണ്. എന്നാല്‍ പ്രബലമായ അഭിപ്രായം, ഭൂരിപക്ഷത്തിന്റെ അഭിപ്രായം പ്രമാണമായി പരിഗണിക്കാം. എന്നാല്‍ ഇജ്‌മാഅ് ആയി പരിഗണിക്കാന്‍ പറ്റുകയില്ല എന്നാണ്. (അല്‍അമാലി അദ്ദലാലാത്ത് 411)
ചില പണ്ഡിതന്മാരുടെ അഭിപ്രായം ഭൂരിപക്ഷത്തിന്റെ യോജിപ്പ് അത് ഇജ്‌മാഅ് അല്ലെങ്കിലും അത് ഒരു പ്രമാണമായി പരിഗണിക്കുകയും നിര്‍ബന്ധമായും അത് പിന്‍പറ്റുകയും ചെയ്യണമെന്നാണ്. കാരണം ഭൂരിപക്ഷത്തിന്റെ യോജിപ്പ് സത്യം അവരോട് കൂടെയാണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു (അന്‍വജീസ് ഫിഉസൂലില്‍ ഫിഖ്‌ഹ് ഡോ. അബ്‌ദുല്‍ കരിം സൈദാന്‍ 180)
0 comments: