ശബാബ് മുഖാമുഖം 2013_oct_18

  • Posted by Sanveer Ittoli
  • at 12:10 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_oct_18


ബലിമൃഗത്തോടുള്ള ക്രൂരത ശിക്ഷാ കാരണമാകില്ലേ?

ഒരുമിച്ച്‌ ഉദ്വ്‌ഹിയ്യത്ത്‌ സംഘടിപ്പിക്കുന്ന മിക്കയിടങ്ങളിലും ഇസ്‌ലാം കല്‌പിച്ച വിധിവിലക്കുകള്‍ ലംഘിക്കുന്നതായി കാണുന്നു. മറ സ്വീകരിക്കാതിരിക്കുക, കാലിയുടെ മുന്നില്‍ വെച്ച്‌ കത്തി അണയ്‌ക്കുക, വാല്‌ പിടിച്ചുവലിച്ച്‌ കാലിനെ ക്വിബ്‌ലയ്‌ക്കു നേരെയാക്കി മാറ്റുക, ക്രൂരമായി കുത്തിത്തള്ളിയിടുക എന്നിവയാണ്‌ പലയിടങ്ങളിലും കണ്ടുവരുന്ന ലംഘനങ്ങള്‍. കൊള്ളാവുന്ന തൊഴിലാളികളെ കിട്ടാനില്ലെന്നും സൗകര്യപ്രദമായ സ്ഥലം കിട്ടില്ലെന്നുമൊക്കെ പറഞ്ഞ്‌ രക്ഷപ്പെടുന്ന സംഘാടകര്‍ക്ക്‌ ഇത്തരം ക്രൂരതയുടെ പേരില്‍ അല്ലാഹുവിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരില്ലേ?
ടി കെ റഫീഖ്‌ നല്ലളം

മുസ്‌ലിം:

ജന്തുക്കളെ അറുത്ത്‌ തിന്നാനും വേട്ടയാടാനും ഖുര്‍ആനില്‍ അല്ലാഹു അനുവദിച്ചിട്ടുണ്ട്‌. കാലികളെ അല്ലാഹുവിനു വേണ്ടി ബലിയര്‍പ്പിക്കാന്‍ കല്‌പിച്ചിട്ടുമുണ്ട്‌. വേട്ടയാടപ്പെടുന്ന ഉരുവിനും അറുക്കുന്ന മൃഗത്തിനും അല്‌പ സ്വല്‌പം വേദന അനുഭവിക്കേണ്ടിവരുമെന്ന്‌ ഉറപ്പാണ്‌. അത്‌ പരമാവധി കുറയ്‌ക്കാനാണ്‌ നബി(സ) കല്‌പിച്ചിട്ടുള്ളത്‌. അറുക്കാന്‍ മൃഗത്തെ കൈകാലുകള്‍ ബന്ധിച്ച്‌ നിലത്ത്‌ കിടത്തുക അനിവാര്യമായിരിക്കും. അതിന്‌ ആവശ്യമായതിലേറെ മൃഗത്തെ പീഡിപ്പിക്കുകയോ കഷ്‌ടപ്പെടുത്തുകയോ ആണെങ്കില്‍ അത്‌ കുറ്റകരമാണ്‌. ഈ വിയത്തില്‍ `ഇഹ്‌സാന്‍' അഥവാ സദ്‌വിചാരം വേണമെന്നാണ്‌ നബി(സ) പഠിപ്പിച്ചത്‌. കത്തി മൂര്‍ച്ചകൂട്ടുക, വേഗത്തില്‍ അറുത്ത്‌ മൃഗത്തിന്‌ ആശ്വാസം നല്‌കുക, ഒരു മൃഗത്തെ മറ്റൊരു മൃഗം കാണുംവിധം അറുക്കാതിരിക്കുക, മൃഗത്തെ നിലത്തുകൂടെ വലിച്ചിഴക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ `ഇഹ്‌സാനി'ന്റെ ഭാഗമാണ്‌. ഇതില്‍ പരമാവധി സൂക്ഷ്‌മത പുലര്‍ത്താന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്‌. എന്നാല്‍ മൃഗത്തോട്‌, അനിവാര്യമായതില്‍ അധികമായും ബോധപൂര്‍വമായും ക്രൂരത കാണിക്കുന്നത്‌ മാത്രമേ ഹറാമാവുകയുള്ളൂ. മറ പാലിക്കുക പോലുള്ള ചില മര്യാദകള്‍ ചില സാഹചര്യങ്ങളില്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. പൂര്‍വിക പണ്ഡിതന്മാരില്‍ പലരും അറവിന്റെ ഇത്തരം മര്യാദകള്‍ സുന്നത്താണെന്ന അഭിപ്രായക്കാരാണ്‌.

പിതാക്കളുടെ ദാനം പെണ്‍മക്കള്‍ അംഗീകരിക്കേണ്ടതുണ്ടോ?

ചില പിതാക്കള്‍ അനന്തരാവകാശ സ്വത്തായി ലഭിക്കും മുമ്പ്‌ കുട്ടികള്‍ക്ക്‌ തന്റെ ഭൂമിയില്‍ നിന്നും വീടുവെക്കാനായി ദാനം ചെയ്യുന്നു. ഇങ്ങനെ ചെയ്യണമെങ്കില്‍ പിതാവിന്‌ പെണ്‍മക്കളുടെ സമ്മതം ആവശ്യമുണ്ടോ?
മുസ്‌തഫാ ആക്കോട്‌

മുസ്‌ലിം:

മക്കളില്‍ ചിലര്‍ക്കു മാത്രമായി എന്തെങ്കിലും ദാനം നല്‌കുന്നത്‌ നബി(സ) വിലക്കുകയും, ഒന്നുകില്‍ എല്ലാവര്‍ക്കും ദാനം നല്‌കുകയോ, അല്ലെങ്കില്‍ ചിലര്‍ക്കു മാത്രമായി നല്‌കിയത്‌ തിരിച്ചുവാങ്ങുകയോ ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്‌തതായി പ്രാമാണികമായ ഹദീസില്‍ കാണാം. ദാനം നല്‌കുന്നത്‌ ആണ്‍കുട്ടികള്‍ക്ക്‌ മാത്രമാണെങ്കിലും പെണ്‍കുട്ടികള്‍ക്ക്‌ മാത്രമാണെങ്കിലും അനീതി തന്നെയാണ്‌. ചില പിതാക്കള്‍ ഉള്ള ആസ്‌തി മുഴുവന്‍ പെണ്‍മക്കളുടെ വിവാഹച്ചെലവിനായി വിനിയോഗിക്കുകയും ആണ്‍കുട്ടികള്‍ക്ക്‌ ഗണ്യമായ ഒന്നും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്‌.

തിരുദൂതരുടെ രക്തവും മൂത്രവും മഹനീയമോ?

ഖുത്‌ബുസ്സമാന്‍ ശൈഖ്‌ യൂസുഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തി എന്നയാളെ പിന്‍പറ്റുന്നവരുടെ പ്രകാശം മാസികയില്‍ വന്ന ചില കാര്യങ്ങളാണ്‌ എന്നെ സംശയിപ്പിക്കുന്നത്‌. 1) റസൂലിനോട്‌(സ) ഇദ്ദേഹം ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ സുഊദി ഭരണകൂടം റൗദ്വാ ശരീഫ്‌ തുറന്നിടേണ്ടി വന്നത്‌. 2) റസൂല്‍(സ) കൊമ്പു വെച്ചപ്പോള്‍ കളയാനായി കിട്ടിയ രക്തം അത്‌ കിട്ടിയയാള്‍ കുടിച്ചു; അതിനാല്‍ ഇതില്‍ പോരിശയുണ്ട്‌. ഇങ്ങനെ ശ്രേഷ്‌ഠതയുള്ളതും ഔഷധവുമായതുകൊണ്ട്‌ റസൂലിന്റെ(സ) മൂത്രവും ആളുകള്‍ കുടിച്ചിട്ടുണ്ട്‌. 3) ഇദ്ദേഹത്തിന്റെ മുരീദുകള്‍ സ്വര്‍ഗത്തിലെത്തും. ഇസ്‌ലാം ഇത്തരം ത്വരീഖത്തുകളെയും സ്വൂഫിസത്തെയും അംഗീകരിക്കുന്നുണ്ടോ?
എന്‍ കെ മുഹമ്മദ്‌ വെള്ളിമാടുകുന്ന്‌

മുസ്‌ലിം:

അല്ലാഹുവോ റസൂലോ(സ) ഇസ്‌ലാം മതത്തില്‍ ഖുത്‌ബുസ്സമാന്‍ എന്നൊരു തസ്‌തിക നിശ്ചയിച്ചിട്ടില്ല. ഇല്ലാത്ത ഒരു തസ്‌തിക കെട്ടിമച്ച്‌ അത്‌ തനിക്കുള്ളതാണെന്ന്‌ വാദിക്കുന്ന ഒരാളെക്കുറിച്ച്‌ വായനക്കാര്‍ക്ക്‌ വിലയിരുത്താന്‍ പ്രയാസമുണ്ടാവില്ലെന്ന്‌ കരുതുന്നു.
റൗദ്വാശരീഫ്‌ എന്ന വാക്ക്‌ ഇവിടത്തെ യാഥാസ്ഥിതികര്‍ പ്രയോഗിക്കാറുള്ളത്‌ നബി(സ)യുടെ ഖബ്‌ര്‍ സ്ഥിതിചെയ്യുന്ന മുറിയെക്കുറിക്കാനാണ്‌. എന്നാല്‍ സുഊദി ഭരണകൂടം ആ മുറി ഒരിക്കലും തുറന്നുവെച്ചിട്ടില്ല. ഇപ്പോഴും അത്‌ അടഞ്ഞുകിടക്കുക തന്നെയാണ്‌. മറ്റു മുസ്‌ലിംകള്‍ റൗദ്വ എന്ന പദം പ്രയോഗിക്കുന്നത്‌ നബി(സ)യുടെ പള്ളിയിലെ ഒരു പ്രത്യേക സ്ഥലത്തെ കുറിക്കാനാണ്‌.
``എന്റെ വീടിനും എന്റെ മിന്‍ബറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒന്നാകുന്നു (റൗദ്വത്തുന്‍ മിന്‍ റിയാദ്വില്‍ ജന്ന:) എന്ന്‌ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ഹദീസാണ്‌ റൗദ്വ എന്ന പേരിന്‌ നിദാനം. ഈ റൗദ്വ ഒരു ഭരണാധികാരിയും ഒരിക്കലും അടച്ചിട്ടില്ല. അതിനാല്‍ ഈ ശൈഖിന്റെ വക ഒരു തുറന്നിടല്‍ മദീനത്ത്‌ സംഭവിച്ചിട്ടില്ല. റസൂലി(സ)നോട്‌ കാര്യങ്ങള്‍ ആവശ്യപ്പെട്ട്‌ ചെയ്യിച്ച ശൈഖാണെന്ന്‌ സമര്‍ഥിക്കാന്‍ വേണ്ടിയായിരിക്കും റൗദ്വയുടെ പേരില്‍ കളവ്‌ കെട്ടിച്ചമയ്‌ക്കുന്നത്‌.
എന്റെ രക്തവും മൂത്രവും നിങ്ങള്‍ കുടിച്ചുകൊള്ളൂ എന്ന്‌ നബി(സ) ആരോടെങ്കിലും പറഞ്ഞതായി പ്രാമാണികമായ ഹദീസിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. അവിടുത്തെ രക്തമോ മൂത്രമോ ഇപ്പോള്‍ എവിടെയും ലഭ്യമല്ലാത്തതിനാല്‍ അത്‌ സംബന്ധിച്ച ഗവേഷണത്തിന്‌ പ്രസക്തിയുമില്ല. ഇപ്പോള്‍ ചില ശൈഖുമാര്‍ ഇതൊക്കെ പറഞ്ഞുനടക്കുന്നത്‌ അവരുടെ മൂത്രം കുടിക്കാന്‍ പോലും സന്നദ്ധരാകും വിധം കുഞ്ഞാടുകളെ ഭക്തിലഹരിയിലേക്ക്‌ നയിക്കാന്‍ വേണ്ടിയായിരിക്കാം.
മുരീദ്‌ എന്നൊരു പദവിയെക്കുറിച്ച്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. അത്‌ ത്വരീഖത്തുകാര്‍ സൃഷ്‌ടിച്ച പദവിയാണ്‌. അതിനാല്‍ ഏതെങ്കിലും ശൈഖിന്റെ മുരീദുമാര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന്‌ പറയുന്നതിന്‌ ഇസ്‌ലാമികമായ ആധികാരികതയൊന്നും ഇല്ല. മുഹമ്മദ്‌ നബി(സ)യുടെ ജീവിതമാതൃക പിന്തുടര്‍ന്നാല്‍ സ്വര്‍ഗം ലഭിക്കുമെന്നതിനാണ്‌ തെളിവുള്ളത്‌.

റുകൂഅ്‌ കിട്ടിയാല്‍ റക്‌അത്താകുമോ?

ചിലര്‍ ഇഅ്‌തിദാലിന്റെ കൂടെ റുകൂഇല്‍ അല്‌പസമയം കിട്ടിയാല്‍ അത്‌ ഒരു റക്‌അത്ത്‌ ആയി ഗണിക്കുന്നു. ഇത്‌ ശരിയാണോ?
കെ പി അബൂബക്കര്‍ മുത്തന്നൂര്‍

മുസ്‌ലിം:

ഇത്‌ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാകുന്നു. റുകൂഇന്‌ മുമ്പുള്ള നിര്‍ത്തം ഓരോ റക്‌അത്തിന്റെയും പ്രധാന ഭാഗമാകുന്നു. ഫാതിഹ ഓതാത്തവന്‌ നമസ്‌കാരം തന്നെയില്ല എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസില്‍ വന്നിട്ടുമുണ്ട്‌. അതുകൊണ്ടാണ്‌ റുകൂഇല്‍ ഇമാമിനെ തുടര്‍ന്ന ആള്‍ക്ക്‌ ആ റക്‌അത്ത്‌ ലഭിക്കുകയില്ലെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്‌.
എന്നാല്‍ ശാഫിഈ മദ്‌ഹബുകാര്‍ റുകൂഇല്‍ തുടര്‍ന്നവന്‌ റക്‌അത്ത്‌ ലഭിക്കുമെന്ന അഭിപ്രായക്കാരാണ്‌. `വല്ലവനും ഒരു റക്‌അത്ത്‌ ലഭിച്ചാല്‍ അവന്‌ ആ നമസ്‌കാരം ലഭിച്ചു' എന്നര്‍ഥമുള്ള ഒരു ഹദീസാണ്‌ അവര്‍ ചൂണ്ടിക്കാണിക്കുന്ന തെളിവ്‌. എന്നാല്‍ ഇമാമിനോടൊപ്പം റുകൂഇല്‍ ചേര്‍ന്ന ആള്‍ക്ക്‌ റക്‌അത്ത്‌ ലഭിക്കുമെന്നതിന്‌ ഇത്‌ വ്യക്തമായ തെളിവല്ല. ഒരു നമസ്‌കാരത്തില്‍ നിന്ന്‌ ഒരു റക്‌അത്ത്‌ ഇമാമിനോടൊപ്പം നമസ്‌കരിക്കാന്‍ സാധിച്ച വ്യക്തിക്ക്‌ ആ നമസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചതിനുള്ള പ്രതിഫലം ലഭിക്കുമെന്നേ ആ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയൂ. സമയം തെറ്റുന്നതിന്‌ മുമ്പ്‌ ഒരു റക്‌അത്ത്‌ നമസ്‌കരിക്കാന്‍ കഴിഞ്ഞ വ്യക്തിയുടെ നമസ്‌കാരം സ്വീകാര്യമാകുമെന്നും ആ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം.

വിമര്‍ശകരോടും എതിരാളികളോടും സ്വീകരിക്കേണ്ട നിലപാട്‌

ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ വിമര്‍ശിക്കുന്ന മുസ്‌ലിം നാമധാരികളോടും മുസ്‌ലിംകള്‍ക്ക്‌ ദോഷകരമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം നാമധാരികളോടും നമ്മുടെ നിലപാട്‌ എന്തായിരിക്കണം? `പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്‌' എന്ന ഖുര്‍ആന്റെ നിര്‍ദേശമനുസരിച്ച്‌ അവരുമായി സഹകരിക്കുകയും ജനാസ സംസ്‌കരണം പോലുള്ള സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ടോ?
അബൂശഹീര്‍ എടവണ്ണ

മുസ്‌ലിം:

ഈ വിഷയകമായ ഖുര്‍ആനിക അധ്യാപനം ഇപ്രകാരമായിരുന്നു: ``സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‌കപ്പെട്ടവരില്‍ നിന്ന്‌ നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കിത്തീര്‍ത്തവരെയും സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.'' (വി.ഖു 5:57)
ഒരാള്‍ ജനിച്ച സമുദായം ഏതായാലും അയാള്‍ ഇസ്‌ലാമിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുവെങ്കില്‍ അയാള്‍ക്ക്‌ ഈ സൂക്തത്തിലെ വിധി ബാധകമാകുന്നു. അയാളെ മുസ്‌ലിംകള്‍ ഉറ്റ മിത്രമായി സ്വീകരിക്കാന്‍ പാടില്ല.
മയ്യിത്ത്‌ നമസ്‌കാരത്തിന്റെ പ്രധാനഭാഗം മരിച്ച ആള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ പാപമോചനവും കാരുണ്യവും ലഭിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ഥനയാണ്‌. ഇസ്‌ലാമിനെ പുച്ഛിക്കുന്നവര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ഥിക്കുന്നതിന്‌ യാതൊരു പ്രസക്തിയുമില്ല. ഏകദൈവ വിശ്വാസമില്ലാത്തവര്‍ക്കു വേണ്ടി പാപമോചനം തേടുന്നത്‌ അല്ലാഹു വിലക്കിയിട്ടുണ്ട്‌. ``ബഹുദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞ ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടാന്‍- അവര്‍ അടുത്ത ബന്ധുക്കളായാല്‍ പോലും - പ്രവാചകനും സത്യവിശ്വസികള്‍ക്കും പാടുള്ളതല്ല.'' (വി.ഖു 9:113)

സഹോദര പുത്രന്മാര്‍ക്ക്‌ അവകാശമുണ്ടോ?

മക്കളില്ലാത്ത ഒരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട്‌. മൂത്ത രണ്ട്‌ സഹോദരന്മാര്‍ നേരത്തെ മരണപ്പെട്ടു. രണ്ട്‌ സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ട്‌. എന്നാല്‍ നേരത്തെ മരണപ്പെട്ടുപോയ സഹോദരന്മാരുടെ മക്കള്‍ക്ക്‌ ഇയാളുടെ സ്വത്തില്‍ അവകാശം ഉണ്ടാവുമോ? ഉണ്ടെങ്കില്‍ എത്ര വീതം?
കെ നസീഫ്‌ കോഴിക്കോട്‌

മുസ്‌ലിം:

മരിച്ച വ്യക്തിക്ക്‌ മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ നാലിലൊരു ഭാഗം ഭാര്യയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉമ്മയും ബാപ്പയും ഒത്ത സഹോദരിമാര്‍ക്ക്‌ (അവരുടെ അഭാവത്തില്‍ ബാപ്പ മാത്രം ഒത്ത സഹോദരിമാര്‍ക്കും) മുന്നില്‍ രണ്ടു ഭാഗമാണ്‌ വിഹിതം. ഉമ്മ മാത്രം ഒത്ത സഹോദരിമാരുടെ (സഹോദരന്മാരുടെയും) വിഹിതം മൂന്നിലൊന്നാണ്‌.
ഈ പ്രശ്‌നത്തില്‍ പരേതന്റെ മൊത്തം സ്വത്ത്‌ പന്ത്രണ്ട്‌ ഭാഗമായിട്ടാണ്‌ ഭാഗിക്കേണ്ടത്‌. അതില്‍ നിന്ന്‌ മൂന്നു ഭാഗം ഭാര്യയ്‌ക്ക്‌. ഉമ്മയും ബാപ്പയും ഒത്ത സഹോദരിമാരാണെങ്കില്‍ അവരുടെ അവകാശം എട്ടു ഭാഗമാണ്‌. ഇവരുടെ എല്ലാവരുടെയും കൂടെ വിഹിതം പതിനൊന്ന്‌ ഭാഗം. ബാക്കിയുള്ള പന്ത്രണ്ടില്‍ ഒരു വിഹിതം സഹോദരന്മാരുടെ പുത്രന്മാര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. അവര്‍ക്കെല്ലാവര്‍ക്കും കൂടി അത്‌ തുല്യമായി ഭാഗിച്ചെടുക്കാം. ഉമ്മ മാത്രം ഒത്ത സഹോദരിമാരാണെങ്കില്‍ പന്ത്രണ്ടില്‍ നാലു ഭാഗമാണ്‌ അവരുടെ വിഹിതം. അപ്പോള്‍ 12 ല്‍ 5 ഭാഗം സഹോദരപുത്രന്മാര്‍ക്ക്‌ ലഭിക്കും.

ജുമുഅക്ക്‌ സലാം പറയല്‍ ബാങ്കിനു ശേഷമാകാമോ?

വെള്ളിയാഴ്‌ച ദിവസം ഖത്തീബ്‌ മിന്‍ബറില്‍ കയറി സലാം ചൊല്ലിക്കഴിഞ്ഞാല്‍ മുഅദ്ദിന്‍ ബാങ്കുവിളിക്കുകയാണല്ലോ പതിവ്‌. ഒരാള്‍ മിന്‍ബറില്‍ കയറി സലാം പറയാതെ ഇരിക്കുകയും മുഅദ്ദിന്‍ ബാങ്കുവിളിക്കുകയും ചെയ്‌താല്‍ ആ ഖുത്‌ബക്ക്‌ സാധുത കുറയുമോ?
അന്‍സാര്‍ ഒതായി

മുസ്‌ലിം:

നബി(സ) മിന്‍ബറില്‍ കയറിയാല്‍ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്‌ സലാം പറയാറുണ്ടായിരുന്നുവെന്ന്‌ പല പരമ്പരകളിലൂടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ മിക്ക നിവേദക പരമ്പരകളിലും വിശ്വാസ്യരല്ലാത്ത ഓരോ റിപ്പോര്‍ട്ടര്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. എന്നാലും പൂര്‍വകാലം മുതല്‍ ഭൂരിപക്ഷം പണ്ഡിതന്മാര്‍ ഈ ഹദീസ്‌ പ്രകാരമാണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളത്‌.
``വെള്ളിയാഴ്‌ച ആദ്യത്തെ വിളി (ബാങ്ക്‌) ഇമാം മിന്‍ബറില്‍ ഇരുന്ന സമയത്തായിരുന്നു. റസൂലി (സ)ന്റെയും അബൂബകറി(റ)ന്റെയും ഉമറി(റ)ന്റെയും കാലത്ത്‌ ഇങ്ങനെയായിരുന്നു ബാങ്ക്‌. ഖലീഫ ഉസ്‌മാന്റെ(റ) കാലത്ത്‌ ജനസംഖ്യ വര്‍ധിച്ചപ്പോള്‍ സൗറാഅ്‌ എന്ന സ്ഥലത്ത്‌ മൂന്നാമത്തെ ഒരു വിളി അദ്ദേഹം വര്‍ധിപ്പിച്ചു. `നബി(സ)ക്ക്‌ ഒന്നിലേറെ ബാങ്ക്‌ വിളിക്കാര്‍ ഉണ്ടായിരുന്നില്ല' എന്ന്‌ സാഇബുബ്‌നു യസീദ്‌ പറഞ്ഞതായി ബുഖാരി, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ പ്രബലമാണ്‌.
ഇമാം മിന്‍ബറില്‍ ഇരുന്ന ശേഷമായിരുന്നു ബാങ്ക്‌ വിളിയെന്ന്‌ ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നു. ബാങ്ക്‌ വിളി കഴിഞ്ഞശേഷം ഇമാം സലാം പറഞ്ഞാല്‍ മതിയെന്ന്‌ അഭിപ്രായപ്പെട്ട ചുരുക്കം ചില പണ്ഡിതന്മാരുമുണ്ട്‌. അങ്ങനെ പറ്റില്ലെന്ന്‌ പറഞ്ഞ ഇമാമുമാരായ അബൂഹനീഫയും മാലിക്കും സലാം ബാങ്കിന്ന്‌ ശേഷമാകുന്നത്‌ അനഭിലഷണീയമാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌.
ഹറാമാണെന്ന്‌ പറഞ്ഞിട്ടില്ല. ഇമാം സലാം പറഞ്ഞിട്ടില്ലെങ്കിലും ഖുത്വ്‌ബ സാധുവാകുമെന്ന്‌ തന്നെയാണ്‌ കരുതാവുന്നത്‌. ഖുത്വ്‌ബ തുടങ്ങുമ്പോള്‍ സലാം ചൊല്ലല്‍ നിര്‍ബന്ധമാണെന്ന്‌ സൂചിപ്പിക്കുന്ന വാക്കുകളൊന്നും ഹദീസില്‍ ഇല്ല.
Share/Save/Bookmark

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: