പുസ്‌തകങ്ങള്‍ ഭീകരതയുടെ ഉരുപ്പടികള്‍ (ഫീഡ് ബാക്ക് എമ്മാര്‍)

  • Posted by Sanveer Ittoli
  • at 12:13 AM -
  • 0 comments

പുസ്‌തകങ്ങള്‍ ഭീകരതയുടെ ഉരുപ്പടികള്‍




കേരളത്തിലേക്ക്‌ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ചില കേന്ദ്രങ്ങളില്‍ അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നുമൊക്കെ പലപ്പോഴും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഉണ്ടാകാറുണ്ട്‌. നക്‌സല്‍ ഭീഷണിയെക്കുറിച്ചും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നിലവിലുണ്ട്‌. എന്നാല്‍, മാവോ സേതുങ്ങിന്റെ വിപ്ലവ കൃതികള്‍ ഇപ്പോഴും കേരളത്തില്‍ ലഭ്യമാണ്‌. ഗറില്ല യുദ്ധമുറകളെക്കുറിച്ചുള്ള മാവോയുടെ ഗ്രന്ഥം, `ഓണ്‍ ഗറില്ല വാര്‍ഫയര്‍' ലോകപ്രശസ്‌തമാണ്‌. നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ച്‌ കെ പാനൂര്‍ എഴുതിയ `ഹാ, നക്‌സല്‍ ബാരി' മലയാളത്തില്‍ ഇന്നുമുണ്ട്‌. ക്യൂബന്‍ വിപ്ലവനായകനായ ചെഗുവേരയുടെ ജീവചരിത്രവും ഒളിയുദ്ധമടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികളും മലയാളത്തില്‍ ഏറെ വില്‌ക്കപ്പെടുന്നു.
പുന്നപ്ര, വയലാര്‍, കയ്യൂര്‍, കാടകം, കൊട്ടിയൂര്‍, കവ്വായി തുടങ്ങി കേരളത്തില്‍ നടന്ന രക്തരൂഷിത സമരങ്ങളെക്കുറിച്ചുള്ള കൃതികളും അതിനു നേതൃത്വം നല്‌കിയ സഖാക്കളുടെ `ഒളിവിലെ ഓര്‍മകളും' പുതിയ പതിപ്പുകളായി വന്നുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ തീവ്രവാദത്തിന്റെ വേദപുസ്‌തകമായ എം എസ്‌ ഗോള്‍വാള്‍ക്കറുടെ `ബഞ്ച്‌ ഓഫ്‌ തോട്ട്‌സും' (വിചാരധാര) സാക്ഷാല്‍ ഹിറ്റ്‌ലറുടെ ആത്മകഥയായ `മെയിന്‍ കാംഫും' നാട്ടില്‍ സുലഭമാണ്‌. മാവോ-നക്‌സല്‍ തീവ്രവാദത്തിന്റെ പേരിലോ ഹിന്ദുത്വ വര്‍ഗീയതയുടെ പേരിലോ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പ്രസാധനാലയങ്ങളില്‍ കയറിച്ചെന്ന്‌ ഇത്തരം കൃതികള്‍ പിടിച്ചെടുത്തതായി കേള്‍ക്കാറില്ല. ഇത്തരം പുസ്‌തകങ്ങള്‍ വായിച്ച്‌ ആരും തീവ്രവാദ വഴിയിലേക്ക്‌ പോകുന്നില്ല എന്ന്‌ ബോധ്യമുള്ളതുകൊണ്ടാവാമത്‌. എന്നാല്‍ `മുസ്‌ലിം തീവ്രവാദ'ത്തിന്റെ സ്ഥിതി അതല്ല. അത്‌ തോക്കിന്‍ കുഴലില്‍ കൂടി മാത്രമല്ല പുറത്തു വരുന്നത്‌. തൊപ്പി, താടി, പര്‍ദ തുടങ്ങിയവയിലും അറബി അക്ഷരങ്ങളിലും ഉദ്‌ബോധന കൃതികളിലുമൊക്കെ `ഭീകരതയുടെ' അണുക്കള്‍ കയറിക്കൂടാനുള്ള സാധ്യതയുണ്ടെന്നാണ്‌ നമ്മുടെ ഇന്റലിജന്‍സിന്റെ നിഗമനം! അതുകൊണ്ടാണ്‌ കൂടെക്കൂടെ അവര്‍ മുസ്‌ലിം പ്രസിദ്ധീകരണാലയങ്ങള്‍ റെയ്‌ഡു ചെയ്‌ത്‌ തീവ്രവാദ ഉരുപ്പടികള്‍ കണ്ടെടുക്കുന്നത്‌!!
ഇപ്പോള്‍ കോഴിക്കോട്ടെ ചില പ്രസാധനലായങ്ങളില്‍ റെയ്‌ഡ്‌ ചെയ്‌ത്‌, 77 വര്‍ഷം മുമ്പ്‌ പ്രസിദ്ധീകരിച്ച ഒരു കൃതിയുടെ മലയാള പരിഭാഷ കണ്ടെടുക്കുകയും അത്‌ പ്രസിദ്ധീകരിച്ച നന്മ ബുക്‌സിന്റെ ഡയറക്‌ടറെ മതസ്‌പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച്‌ അറസ്റ്റു ചെയ്യുകയും ചെയ്‌തിരിക്കുന്നു. പത്തു വര്‍ഷമായി വിപണിയിലുള്ള `ദഅ്‌വത്തും ജിഹാദും' എന്ന പേരിലുള്ള ഈ `സ്‌ഫോടക വസ്‌തു' ഇതുവരെ ശ്രദ്ധയില്‍ പെടാതെ പോയതാവാം. രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തിയാണ്‌ അറസ്റ്റ്‌. പിടികൂടിയ മറ്റൊരു ഉരുപ്പടി, `അസവര്‍ണര്‍ക്ക്‌ നല്ലത്‌ ഇസ്‌ലാം' എന്ന കൃതിയാണ്‌. ഇതാകട്ടെ 1936 ലാണ്‌ പ്രസിദ്ധീകരിച്ചത്‌. കേരള തിയ്യ യൂത്ത്‌ ലീഗ്‌ പ്രസിദ്ധീകരിച്ച ഈ ചെറുഗ്രന്ഥം കേരള കൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ സുകുമാരന്‍, പി കെ കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, എ കെ ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്‌. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ടു നടന്ന സമരമുന്നേറ്റങ്ങളുടെ ചരിത്രത്തിലേക്ക്‌ വെളിച്ചം നല്‌കുന്ന സുപ്രധാനമായ ഒരു രേഖകൂടിയാണിത്‌. കൈവെട്ടു കേസിലെ ഒരു കുറ്റാരോപിതന്റെ വീട്ടില്‍ ഈ പുസ്‌തകത്തിന്റെ കോപ്പി കണ്ടതാണത്രെ, ഈ കൃതി പിടിച്ചെടുക്കാന്‍ കാരണമായത്‌.
കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മത തീവ്രവാദം വെച്ചുപുലര്‍ത്തുന്നവര്‍ തീരേ ഇല്ലെന്നൊന്നും പറയുന്നില്ല. ഒറ്റപ്പെട്ട ചില വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്‌. അവര്‍ പക്ഷേ, മുസ്‌ലിം മുഖ്യധാരക്കു പുറത്താണ്‌. പ്രധാന മുസ്‌ലിം സംഘടനകളെല്ലാം അത്തരം തീവ്രവാദത്തെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്‌. രാജ്യത്തിന്റെ താല്‌പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ശക്തമായി നേരിടുന്ന വിഷയത്തില്‍ സര്‍ക്കാറിനും അന്വേഷണ വിഭാഗങ്ങള്‍ക്കുമൊപ്പം നില്‌ക്കാന്‍ മുസ്‌ലിം സമൂഹം പ്രതിജ്ഞാ ബന്ധവുമാണ്‌. എന്നാല്‍, പുസ്‌തകം പിടിച്ചെടുക്കല്‍ പോലുള്ള ഇടപാട്‌ അന്വേഷണ നടപടിയെ പരിഹാസ്യമാക്കുകയും ജനവികാരം പ്രതികൂലമാക്കുകയും മാത്രമേ ചെയ്യൂ. തീവ്രവാദ ശക്തികള്‍ വേറെയുമുണ്ടെന്നിരിക്കേ, അത്തരം കേസുകളുമായി ബന്ധപ്പെട്ട്‌ പുസ്‌തകവേട്ട നടത്താത്ത ഉദ്യോഗസ്ഥര്‍ മുസ്‌ലിം പ്രസാധനാലയങ്ങളെ ലക്ഷ്യമിടുന്നത്‌ സദുദ്ദേശ്യപരമാണെന്ന്‌ കരുതാനാവില്ല.
`ഭീകരത'യുടെ നിര്‍വചനം തൊട്ട്‌ തുടങ്ങുന്നതാണ്‌ മുസ്‌ലിം ചിഹ്നങ്ങളോടുള്ള അസ്‌പൃശ്യത. `എല്ലാ മുസ്‌ലിംകളും ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്‌ലിംകളാണെന്ന' മുന്‍വിധി തലയില്‍ കയറ്റി വെച്ച ഭീകരവാദ അന്വേഷണ സംവിധാനങ്ങളില്‍ നിന്ന്‌ ഇത്തരം അനുഭവങ്ങള്‍ തുടര്‍ക്കഥയായിരിക്കും. ഇപ്പോള്‍ പൊതു മേഖലാ ബാങ്കുകള്‍ക്ക്‌ നല്‌കപ്പെട്ട നിര്‍ദേശം പുസ്‌തകവേട്ടയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്‌. അന്താരാഷ്‌ട്ര-ആഭ്യന്തര തീവ്രവാദി പട്ടികയിലുള്ളവരുടെ സമാനമായ പേരുള്ളവര്‍ക്ക്‌ പൊതുമേഖല ബാങ്കുകളില്‍ അക്കൗണ്ട്‌ നിഷേധിക്കാനാണ്‌ നിര്‍ദേശം. ഈ പട്ടികയിലുള്ള പേരുകളില്‍ 99 ശതമാനവും മുസ്‌ലിം പേരുകളാണ്‌. ഉദാഹരണത്തിന്‌ അഹ്‌മദ്‌ എന്നോ മുഹമ്മദ്‌ എന്നോ പേരുള്ള ഒരാള്‍ കനറാ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ ചെന്നാല്‍, കമ്പ്യൂട്ടര്‍ ആ പേരുകളില്‍ തുടങ്ങുന്ന തീവ്രവാദികളുടെ ലിസ്റ്റ്‌ പ്രദര്‍ശിപ്പിക്കും. പിന്നെ, താന്‍ തീവ്രവാദി അല്ലെന്ന്‌ തെളിയിക്കേണ്ട ചുമതല അക്കൗണ്ട്‌ തുടങ്ങാന്‍ ചെന്ന പാവം അഹമ്മദിന്റേതാണ്‌. എങ്ങനെയാണ്‌ ഈ `തെളിയിക്കല്‍' എന്നറിഞ്ഞുകൂടാ. ഏതാണ്‌ തീവ്രവാദ രഹിത സര്‍ട്ടിഫിക്കറ്റ്‌ നല്‌കേണ്ട അതോറിറ്റി? തൊപ്പി, താടി തുടങ്ങിയ ചിഹ്നങ്ങള്‍ `തീവ്രവാദ ലക്ഷണ'മാണെന്നിരിക്കേ ആ ചിഹ്നങ്ങള്‍ സ്വീകരിക്കുന്നവരെ തീവ്രവാദികളായി കരുതാമോ? ദഅ്‌വത്ത്‌, ജിഹാദ്‌, തബ്‌ലീഗ്‌ തുടങ്ങിയ പേരില്‍ വല്ല പുസ്‌തകവും വീട്ടില്‍ സൂക്ഷിച്ചാല്‍ അത്‌ തീവ്രവാദത്തിന്റെ സൂചനയായി ഗണിക്കുമോ?!
മുസ്‌ലിം സമുദായത്തിനെ മൊത്തത്തില്‍ തീവ്രവാദികളാക്കുന്ന മട്ടിലുള്ള നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ, ശക്തമായി താക്കീതു നല്‌കിയത്‌ അടുത്ത ദിവസമാണ്‌. അടിസ്ഥാനമില്ലാതെ ഭീകരവാദ കേസുകള്‍ ചാര്‍ജു ചെയ്യുകയും ഭീകരത ആരോപിച്ച്‌ ജയിലിലടയ്‌ക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നുവരെ അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്‌താവനകള്‍ക്കു മുമ്പും ക്ഷാമമുണ്ടായിട്ടില്ല. `ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ' എന്ന മനോഭാവം അന്വേഷണ സംവിധാനങ്ങള്‍ കൈവിടാത്ത കാലത്തോളം ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടാകുമെന്ന്‌ തോന്നുന്നില്ല.
Share/Save/Bookmark

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: