ലോക ഇസ്‌ലാമിക സമൂഹം ഒ ഐ സിയുടെ കാല്‍വെപ്പുകള്‍

  • Posted by Sanveer Ittoli
  • at 9:29 AM -
  • 0 comments

ലോക ഇസ്‌ലാമിക സമൂഹം ഒ ഐ സിയുടെ കാല്‍വെപ്പുകള്‍


- റിപ്പോര്‍ട്ട്‌ -

മുജീബുര്‍റഹ്‌മാന്‍ എടവണ്ണ


ലോകഭൂപടത്തില്‍ മറ്റൊരു അഫ്‌ഗാനിസ്‌താന്‍ കൂടി രൂപമെടുക്കുന്ന വിധം മാറിക്കൊണ്ടിരിക്കുന്ന സിറിയ... സയണിസ്റ്റ്‌ ഭീഷണിയില്‍ എല്ലാം നഷ്‌ടപ്പെട്ട ഫലസ്‌ത്വീന്‍ ജനത... ക്രൂരതയുടെ പര്യായമായി മാറിയ ബുദ്ധഭീകരരുടെ ആക്രമണത്തില്‍ അഭയം തേടാനിടമില്ലാതെ മ്യാന്‍മാര്‍ മുസ്‌ലിംകള്‍....
ലോക മുസ്‌ലിംകള്‍ ഇത്തരം പ്രതിസന്ധികളില്‍ പൊരിയുമ്പോള്‍ ഉത്തരാവാദിത്തങ്ങള്‍ അക്‌മലുദ്ദീന്‍ ഇഹ്‌സാന്റെ ഉറക്കം കെടുത്തുകയാണ്‌. മുസ്‌ലിം പ്രശ്‌നങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ലോകശ്രദ്ധയില്‍ കൊണ്ടുവരാനായി ഉണര്‍ന്നിരിക്കുന്ന ഇദ്ദേഹം ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സ്‌ (ഒ ഐ സി) ജനറല്‍ സെക്രട്ടറിയാണ്‌. സംഘടനയെ ശക്തിപ്പെടുത്തുന്ന യജ്ഞവും സമൂഹത്തിന്റെ സമുദ്ധാരണവും ഒന്നിച്ചുകൊണ്ടുപോകുകയാണ്‌ ഈജിപ്‌തില്‍ ജനിച്ച ഈ ടര്‍ക്കിഷ്‌ പൗരന്‍. 2005-ല്‍ ഈ സ്ഥാനം ഏറ്റെടുത്ത ശേഷം മുസ്‌ലിം അജണ്ടകളുമായി ഓട്ടത്തിലാണ്‌ അക്‌മലുദ്ദീന്‍.

94 വയസ്സുള്ള മുസ്‌ലിംവയോധികയെ വധിച്ചും ഒട്ടേറെ വീടുകള്‍ ചുട്ടെരിച്ചുമാണ്‌ ഒരിടവേളയ്‌ക്കുശേഷം മ്യാന്‍മറില്‍ വീണ്ടും മുസ്‌ലിംവേട്ട തുടങ്ങിയത്‌. ഇതു എഴുതിക്കൊണ്ടിരിക്കുമ്പോഴും കടലിലും കാട്ടിലും പോയി അക്രമികളില്‍ നിന്നു അഭയംതേടിയിരിക്കുകയാണ്‌ മ്യാന്‍മാര്‍ മുസ്‌ലിംകള്‍. ബുദ്ധഭൂരിപക്ഷ സംസ്ഥാനമായ രാഖീനിലാണു വംശീയ ഉന്‍മൂലനം ഉച്ചിയിലെത്തിയത്‌. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ബുദ്ധ താണ്ഡവത്തിനു അറുതി ആയിട്ടില്ല. തക്കം കിട്ടിയാല്‍ മുസ്‌ലിംകളെ ജന്മഭൂമിയില്‍ നിന്നു തുരത്തുകയാണ്‌ തീവ്രവാദികള്‍. മ്യാന്‍മാര്‍ പ്രസിഡന്റ്‌ തേയിന്‍ സീന്‍ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്‌ വളരെ വൈകിയാണ്‌. ഭരണകൂടം മനപ്പൂര്‍വമുള്ള മൗനം ദീക്ഷിച്ചു കലാപകാരികളെ പിന്തുണയ്‌ക്കുന്നുവെന്നതിനു പ്രസിഡന്റിന്റെ സന്ദര്‍ശന കാലതാമസം തന്നെ മതിയായ തെളിവാണ്‌.
മ്യാന്‍മാര്‍ മുസ്‌ലിംകളുടെ ഉന്‍മൂലന ഭീഷണി, യുദ്ധമുഖത്തുള്ള സിറിയന്‍ ജനത, അപരിഹാര്യമായി തുടരുന്ന ഫലസ്‌ത്വീന്‍ പ്രശ്‌നങ്ങള്‍ എന്നിവ അക്‌മലുദ്ദീന്റെ യാത്രകളുടെ ദൂരവും ഭാരവും കൂട്ടുന്നു. മ്യാന്‍മാര്‍ വംശീയ ഉന്മൂലന സംഭവത്തിനു ശേഷം സമാധാന പ്രേമികള്‍ക്കു മുഖം കൊടുക്കാതിരുന്ന മ്യാന്‍മാര്‍ ഭരണാധികാരികളെ ഒരു മേശക്കിരുത്താന്‍ ഒ ഐ സി സെക്രട്ടറിക്ക്‌ ആയി. വിദേശകാര്യ മന്ത്രി യോ ലൂയനെ ന്യൂയോര്‍ക്കില്‍ വച്ചാണ്‌ സംഭാഷണത്തിനു കിട്ടിയത്‌. പ്രതീക്ഷ പുലര്‍ത്തുന്ന ധാരണകള്‍ക്കു വഴിതുറന്നതാണ്‌ ഈ കൂടിക്കാഴ്‌ചയെന്നു അദ്ദേഹം അവകാശപ്പെടുന്നു. മ്യാന്‍മര്‍, സിറിയ, ഫലസ്‌ത്വീന്‍ തുടങ്ങി ലോകമുസ്‌ലിംകളുടെ തലക്കുമുകളില്‍ തൂങ്ങുന്ന വിഷയങ്ങളില്‍ അദ്ദേഹം മനസ്സു തുറക്കുന്നു. അല്‍ശര്‍ഖുല്‍ ഔസത്ത്‌ ലേഖകന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്‌തം ചുവടെ.


പീഡിതരായ മ്യാന്‍മാര്‍ മുസ്‌ലിംകള്‍


ഏറെക്കാലമായി മ്യാന്‍മര്‍ മുസ്‌ലിംകള്‍ മതപരമായ വിവേചനത്തിന്റെ ഇരകളാണ്‌. അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. സുരക്ഷിതമായൊരു ദേശം, മാന്യമായൊരു ജീവിത സാഹചര്യം എന്നിവയാണ്‌ മുസ്‌ലിമായതിന്റെ പേരില്‍ തദ്ദേശീയര്‍ക്കു തടയപ്പെട്ടത്‌. ഈ പദിവിയിലെത്തിയ ശേഷം മ്യാന്‍മാര്‍ പോലുള്ള, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇതര രാജ്യങ്ങളില്‍ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും ദൂരീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതില്‍ മ്യാന്‍മാറില്‍ റോഹിംഗ്യന്‍ മുസ്‌ലിം അവസ്ഥ അതി ദയനീയമാണ്‌. ഇതു കണ്ടറിഞ്ഞാണ്‌ ആ രാജ്യത്തെ ദുരിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ ഒരു സംഘത്തെ മ്യാന്‍മാറിലേക്കു അയച്ചു. അവര്‍ സന്ദര്‍ശന കാര്യങ്ങള്‍ ക്രമീകരിച്ചെങ്കിലും വീണ്ടും ബുദ്ധരുടെ ആക്രമമുണ്ടായി. ഒ ഐ സിയുടെ ശ്രമഫലമായി മ്യാന്‍മര്‍ സന്ദര്‍ശിക്കാനുള്ള അവിടുത്തെ സര്‍ക്കാറിന്റെ ക്ഷണം കിട്ടിയിട്ടുണ്ട്‌. മുസ്‌ലിംകള്‍ സംഘടിതാക്രമണങ്ങള്‍ക്കു വിധേയമായ രാഖിന്‍ സംസ്ഥാനത്തു സഹായമെത്തിക്കാന്‍ മനുഷ്യാവകാശ സമിതികളുമായി ധാരണയായിട്ടുണ്ട്‌. ഈ സംസ്ഥാനത്തെ അശരണരായ അമുസ്‌ലിംകള്‍ക്കും മുസ്‌ലിംകളോടൊപ്പം സഹായമെത്തിക്കാനാണ്‌ പദ്ധതി.
രാഖിന്‍ സംസ്ഥാനത്തും അതിനു പുറത്തും മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചാണ്‌ ബുദ്ധ ഭീകരര്‍ ആക്രമിച്ചത്‌. ഒ ഐ സിക്കെതിരെയും മ്യാന്‍മറില്‍ നീക്കങ്ങളുണ്ടായെങ്കിലും കയ്യും കെട്ടിയിരിക്കാന്‍ തീരുമാനിച്ചില്ല. സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ചു ലോകദര്‍പ്പണത്തിലേക്ക്‌ മ്യാന്‍മര്‍ ഉന്മൂലനാക്രമണം പ്രതിഫലിപ്പിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ചു യൂറോപ്യന്‍ യൂണിയന്‍, മനുഷ്യാവകാശ സംഘടന, യു എന്‍ സമിതി എന്നിവര്‍ക്ക്‌ പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്തുകളയച്ചു.
അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിനു മുമ്പ്‌ അദ്ദേഹത്തിനും കത്തയച്ചു. മുസ്‌ലിംകള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടവരായതിനാല്‍ അടിയന്തര സഹായം വേണമെന്നായിരുന്നു കത്തുകളുടെ കാതല്‍. കാര്യങ്ങള്‍ ലോകത്തിനു മുന്നിലെത്തി. മ്യാന്‍മര്‍ മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്‌ച നടത്തി ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും പരസ്‌പര ധാരണയിലെത്തിക്കാനും സാധിച്ചു.
ഇപ്പോള്‍ വീണ്ടും മ്യന്‍മര്‍ സന്ദര്‍ശന സാധ്യത തെളിഞ്ഞിട്ടുണ്ട്‌്‌. സംഘടനയില്‍ അംഗമായിട്ടുള്ള അഞ്ച്‌ വിദേശകാര്യ മന്ത്രിമാരടക്കം മ്യാന്‍മര്‍ സംഘത്തിലുണ്ട്‌. മുസ്‌ലിംകള്‍ കൂടുതലുള്ള മ്യാന്‍മറിലെ ഏറ്റവും ദരിദ്ര സംസ്ഥാനമാണ്‌ രാഖിന്‍. അവിടെ താമസിക്കുന്ന ബുദ്ധരില്‍ നല്ലൊരു ശതമാനവും ദരിദ്രരാണ്‌. അതുകൊണ്ടുതന്നെ ഈ സംസ്ഥാനത്തിനു നല്‌കുന്ന സഹായം മതഭേദമില്ലാതെയാണ്‌ വിതരണം ചെയ്യുക. ഒരു ദുരിതദേശത്തു നല്‌കുന്ന പോലെ മതവും ജാതിയും നോക്കാതെയാണ്‌ രാഖിനിലെ അവശര്‍ക്കു അവശ്യസഹായമെത്തിക്കുക. സര്‍ക്കാറുമായുണ്ടാക്കിയ ധാരണയുടെ ഗുണഫലം ഈ സന്ദര്‍ശന-സഹായ വേളയിലുണ്ടാകുമെന്നാണു കരുതുന്നത്‌.


റൂഹാനിയും ഒ ഐ സിയും


പുതിയ ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനിയുമായി സൗഹൃദസംഭാഷണത്തിന്‌ അവസരം ലഭിച്ചിട്ടുണ്ട്‌. സുന്നി-ശീഅ പ്രശ്‌നങ്ങളിലൊരു സാംസ്‌കാരിക പാലം പണിയാനാകുമെന്നാണ്‌ പുതിയ പ്രസിഡന്റിന്റെ സമീപനങ്ങളില്‍ നിന്നു വായിച്ചെടുക്കാനാകുന്നത്‌. സംഘടനയുടെ നിയമങ്ങള്‍ പാലിച്ചു പ്രസ്ഥാനവുമായി സഹകരിക്കാന്‍ സാധിക്കുന്ന നിലയില്‍ ഇറാന്റെ ഭാഗത്തുനിന്നു ചില അനുകൂല നീക്കങ്ങളും പ്രതീക്ഷിക്കുന്നുണ്ട്‌.


സിറിയന്‍ പ്രശ്‌നം


മേഖലക്കു പുറത്തുള്ള ഒരു ശക്തിക്കു സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ല. രാജ്യം അകപ്പെട്ട യുദ്ധക്കെടുതിയുടെ ആഴം കുറയ്‌ക്കാനാണ്‌ അടിയന്തിര നീക്കം വേണ്ടത്‌. അറബ്‌ സമൂഹത്തിനും ഇസ്‌ലാമിക ചട്ടക്കൂടുകള്‍ക്കുള്ളിലും നിന്ന്‌ സിറിയന്‍ പ്രശ്‌നം പരിഹരിക്കണം. അതിനുള്ള ഭഗീരഥയത്‌നമാണ്‌ വേണ്ടത്‌. ഇക്കാര്യത്തിനു ശ്രമിക്കുകയും അതിനു സാധിക്കുകയും ചെയ്‌തില്ലെങ്കില്‍ മാത്രം പുറംലോകത്തെ ഇടപെടലുകള്‍ക്കു മുതിര്‍ന്നാല്‍ മതി.
സിറിയന്‍ പ്രശ്‌നം ആ രാജ്യത്തിന്റെ ദുരന്തമായി മാത്രം കാണാതെ, ഇസ്‌ലാമിക ഗേഹത്തിനേറ്റ ഗുരുതര മുറിവായി കാണണം. ഇസ്‌ലാമിക പരിസരങ്ങളില്‍ പരിഹാരം അപ്രാപ്യമായാല്‍ സംഘടന മറുവഴികള്‍ തേടും. ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിലെ പരിഹാര പ്രക്രിയപോലെ ആയിരിക്കുമത്‌. ഇസ്‌ലാമിക സമിതികളില്‍ നിന്നും ഇക്കാര്യം പരിഹരിച്ചാല്‍ അതെല്ലവാര്‍ക്കും ഒരു സുരക്ഷാ കവചമായിരിക്കും. അതിനു സാധിക്കാതെ പുറംലോക ഇടപെടലാണു പരിഹാരമെങ്കില്‍ അതു ആര്‍ക്കും സന്തോഷിക്കുന്ന വാര്‍ത്തകള്‍ പ്രദാനം ചെയ്യുന്ന വിധത്തിലായിരിക്കില്ല.
ഇതിനായി സിറിയന്‍ ഭരണാധികാരികളുമായോ വിമത പോരാളികളുമായോ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. പുറംലോകത്തു നടക്കുന്ന പരിഹാര ശ്രമങ്ങള്‍ ഇസ്‌ലാമിക ലോകത്തേക്കു തിരിച്ചുവിടുകയാണ്‌ വേണ്ടത്‌. രക്തം ചിന്തലും പോരാട്ടവും പ്രതികാരവും നടന്നിട്ടുണ്ടെങ്കിലും ഒരു കുടുംബപ്രശ്‌നം പോലെ അവര്‍ കൂടിയിരുന്നു പരിഹരിക്കണം. സൗഹൃദത്തിന്റെ തേരില്‍ സിറിയ സമാധാനത്തിലേക്കു നീങ്ങണം.


ഫലസ്‌തീന്‍ സന്ദര്‍ശനം


കഴിഞ്ഞ വാരങ്ങളില്‍ മസ്‌ജിദുല്‍ അഖ്‌സ്വക്കും ഫലസ്‌തീനികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ അധികമായിട്ടുണ്ട്‌. ഇതിനു മുന്‍പ്‌ ഫലസ്‌തീനും റാമല്ലയും സന്ദര്‍ശിക്കുകയും പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസിനെ കാണുകയും ചെയ്‌തിരുന്നു. ഫലസ്‌തീന്‍ പ്രശ്‌ന പരിഹാരത്തിനുള്ള അനുകൂല അവസരത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടുണ്ട്‌.
മുസ്‌ലിംകള്‍ ഈ വിശുദ്ധ നഗരവും മുസ്‌ജിദുല്‍ അഖ്‌സയും സന്ദര്‍ശിക്കണമെന്നാണ്‌ എന്റെ അഭിപ്രായം. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും ജനം ചരിത്രനഗരത്തിലേക്കു പ്രവഹിച്ചു ഫലസ്‌തീനികളോട്‌ സഹാനുഭാവം പ്രകടിപ്പിക്കണം. ഫലസ്‌തീന്‍ മണ്ണില്‍ ലോകമുസ്‌ലിംകള്‍ക്കു അവകാശവും അര്‍ഹതയുമുണ്ടെന്ന വികാരം വരുത്തണം. ഖുദ്‌സ്‌ സമൂഹത്തിനു സാമ്പത്തിക സഹായം നല്‌കി സഹാനുഭൂതി പ്രകടിപ്പിക്കണം. രാഷ്‌ട്രീയമായും സാമ്പത്തികമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ജനതയ്‌ക്കു അതൊരു സാന്ത്വനമായിരിക്കും.
ഫലസ്‌തീന്‍ ജനതയുടെ പുരോഗതിക്കായി ഒ ഐ സി മൂന്നു പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. ഈ സംരംഭങ്ങള്‍ക്കു കൂടുതല്‍ സഹായം ലോകരാഷ്‌ട്രങ്ങളില്‍ നിന്നും അറബ്‌ രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ്‌ സംഘടന.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: