ഒരു വിധിയും അനുബന്ധ പുകിലുകളും

  • Posted by Sanveer Ittoli
  • at 9:15 AM -
  • 0 comments

ഒരു വിധിയും അനുബന്ധ പുകിലുകളും



ഉദ്യോഗസ്ഥവൃന്ദമാണ്‌ ഭരണം നടത്തുന്ന എക്‌സിക്യുട്ടീവുകള്‍. ഈ രണ്ടു തൂണുകളും പണക്കൊതിയുടെയും സ്വാര്‍ഥതയുടെയും തുരുമ്പുകള്‍ കയറി ദ്രവിച്ചുതുടങ്ങുമ്പോള്‍ മൂന്നാമത്തെ തൂണ്‍ ജുഡീഷ്യറിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ സാമൂഹിക സ്ഥിരതയും ഭരണ അട്ടിമറികള്‍ പോലും നടക്കാവുന്ന സാഹചര്യം സൃഷ്‌ടിക്കപ്പെട്ടേക്കാം. ജനങ്ങളുടെ പണമായ 950 കോടി രൂപ (ഇന്ന്‌ അതിന്റെ മൂല്യം എത്രയോ ഇരട്ടിയാണ്‌) യുടെ വെട്ടിപ്പ്‌ നടത്തി എന്ന്‌ ആരോപിക്കപ്പെട്ട കേസ്‌ തെളിയിക്കപ്പെട്ടതോടെയാണ്‌ ലാലുപ്രസാദ്‌ യാദവ്‌ അഗ്രഹാരങ്ങളില്‍ നിന്ന്‌ അഴികള്‍ക്കുള്ളിലേക്ക്‌ മാറ്റപ്പെട്ടത്‌. ബീഹാറിലെ ഉള്‍നാടന്‍ ജില്ലയായ ചായബാസയില്‍ കാലിത്തീറ്റ വിതരണം ചെയ്യാന്‍, നടപ്പിലില്ലാത്ത കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന്‌ കോടികള്‍ നല്‌കിയെന്ന കേസിലാണ്‌ (1996) ഒന്നര പതിറ്റാണ്ടിനു ശേഷം വിധി വന്നിരിക്കുന്നത്‌. നിയമനിര്‍മാണാധികാരമുള്ള ജനപ്രതിനിധികളും മന്ത്രിമാരുമാണ്‌ ഈ വന്‍ കൊള്ള നടത്തുന്നത്‌. എക്‌സിക്യൂട്ടീവിന്റെ ഒത്താശയില്ലാതെ ഇത്‌ നടത്താനാവില്ല.
ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസോ ആദ്യത്തെ ശിക്ഷാവിധിയോ അല്ല ഇത്‌. ആ നിലയില്‍ ഇതിന്‌ പ്രത്യേകിച്ച്‌ വാര്‍ത്താമൂല്യവുമില്ല. ബോഫോഴ്‌സ്‌, ശവപ്പെട്ടി, ഫ്‌ളാറ്റ്‌, കല്‍ക്കരി മുതലായ കേന്ദ്ര അഴിമതികളും നൂറു കണക്കിന്‌ സംസ്ഥാന അഴിമതികളും തുടര്‍ക്കഥകളാണ്‌. തെളിയിക്കപ്പെടുന്നവയും അല്ലാത്തവയും ഉണ്ട്‌. ശിക്ഷിക്കപ്പെടുന്നതും അല്ലാത്തവയുമുണ്ട്‌. വല്ലവര്‍ക്കും ശിക്ഷ കിട്ടിയാല്‍ തന്നെ കാലാവധിക്കു മുന്‍പേ വീട്ടിലെത്തുകയും ചെയ്യും. 1947 മുതല്‍ ഇന്നേവരെ ഇന്ത്യന്‍ പാര്‍ലമെന്റ്‌ രാജ്യത്തിനു വേണ്ടി പാസാക്കിയ ആകെ ബജറ്റ്‌ തുകയെക്കാള്‍ അഴിമതി നടന്നിട്ടുണ്ടാവുമെന്നാണ്‌ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക്‌ വ്യക്തമാകുന്നത്‌. അപ്പോള്‍ ലാലുവിന്റെ ജയില്‍വാസം പുതുമയുള്ള കാര്യമല്ല. പക്ഷേ, അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷ നല്‌കപ്പെടുന്നതുപോലും മികവായി കാണുകയും കുറ്റവാളിയെ ജയിലിലേക്ക്‌ സാഘോഷം ആനയിക്കുന്നതും ജാമ്യം കിട്ടിയ ക്രിമിനല്‍ കുറ്റവാളിക്ക്‌ വന്‍ സ്വീകരണം ഏര്‍പ്പെടുത്തുന്നതും ജനാധിപത്യത്തിന്‌ കളങ്കമാണ്‌. രാഷ്‌ട്രീയ കുറ്റം ചാര്‍ത്തപ്പെട്ടവരോ സമരങ്ങള്‍ നയിച്ചതിനാല്‍ അറസ്റ്റിലായവരോ ആയവര്‍ക്കു വേണ്ടി ജയ്‌ വിളിക്കുന്നത്‌ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്‌. അപ്പോള്‍ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം അനിവാര്യമാണ്‌.
എത്രയോ അഴിമതിക്കേസുകളിലെ കുറ്റവാളികളും ക്രിമിനല്‍ കുറ്റവാളികളും ജനങ്ങളെ ഭരിക്കാന്‍ വീണ്ടും തെരഞ്ഞെടുപ്പുരംഗത്ത്‌ എത്തുന്നു. പൊതുജനം അവരില്‍ പലരെയും വീണ്ടും അധികാരത്തിലെത്തിക്കുന്നു. എന്തിനധികം! ജയിലില്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു. മസ്‌തിഷ്‌കം മരവിച്ച ജനം വോട്ടുചെയ്യുന്നു. ക്രിമിനലുകള്‍ ജയിച്ചുകയറുന്നു. ജയിലില്‍ നിന്ന്‌ പാര്‍ലമെന്റിലേക്ക്‌ എത്തിച്ചേരുന്നു. വീണ്ടും ക്രിമിനലുകള്‍ ജനങ്ങളുടെ തലയ്‌ക്കുമീതെ കയറിയിരിക്കുന്നു! ഈ ക്രമിനല്‍ ചാക്രികതക്ക്‌ കടിഞ്ഞാണിടാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതും അനുബന്ധ പ്രശ്‌നങ്ങളുമാണ്‌ `ലാലുവിന്റെ വിധി'യുടെ ആന്റി ക്ലൈമാക്‌സ്‌. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ ശിക്ഷാവിധി വരുന്ന ദിവസം മുതല്‍ അയോഗ്യരാക്കപ്പെടുമെന്ന്‌ ഈയിടെ സുപ്രീംകോടതി വിധിക്കുകയുണ്ടായി. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ഏറെ ആഗ്രഹിച്ച ഒരു വിധിയാണിത്‌. നൂറൂകോടി ജനങ്ങള്‍ക്കിടയില്‍ അഴിമതിയും ക്രിമിനല്‍ കുറ്റങ്ങളും ചെയ്യാത്തവരായി എത്രയോ ആളുകള്‍ ഭരണനേതൃത്വത്തിലേക്ക്‌ വരാവുന്നവര്‍ ഉണ്ട്‌. പിന്നെ എന്തിന്‌ ഈ ക്രിമിനല്‍ ഭാരം ജനം പേറണം. ക്രിമിനല്‍ കുറ്റവും അഴിമതിയും ആരുടെ പേരിലും ആരോപിക്കപ്പെടാന്‍ സാധ്യത എമ്പാടുമുണ്ട്‌. എന്നാല്‍ കുറ്റം തെളിഞ്ഞ്‌ ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ജനപ്രതിനിധി എന്ന സ്ഥാനം പോവുകയുള്ളൂ. അതില്‍ ആര്‍ക്കാണ്‌ പ്രശ്‌നമുള്ളത്‌?
എന്നാല്‍ ഈ വിധി രാഷ്‌ട്രീയ ഉപശാഖകളില്‍ വലിയ അങ്കലാപ്പുണ്ടാക്കി. ഇത്‌ നടപ്പിലായാല്‍ നിലവിലുള്ള കേന്ദ്രസംസ്ഥാന ഭരണാധികാരികളില്‍ എത്ര പേര്‍, ഒരഞ്ചു വര്‍ഷത്തിനു ശേഷം, സ്ഥാനത്തുണ്ടാവും! ഇവര്‍ക്കെല്ലാം മന്ത്രിയായിത്തന്നെ മരിക്കേണ്ടേ?! പക്ഷേ, സുപ്രീം കോടതിവിധിയാണ്‌. മറത്തുപറഞ്ഞുകൂടാ. എതിര്‍ത്താല്‍ ജനം തെറ്റിദ്ധരിക്കുകയും ചെയ്യും. സുപ്രീം കോടതിയില്‍ അപ്പീല്‍ പോലുമില്ല. പാര്‍ലമെന്റിനെ ഉപയോഗിച്ച്‌ നിയമനിര്‍മാണം നടത്തുക മാത്രമേ പോംവഴിയുള്ളൂ.
സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വിധിയെ മറികടന്ന്‌ ക്രിമിനലിസത്തെ സംരക്ഷിക്കണമെങ്കില്‍ ഓര്‍ഡിനന്‍സോ നിയമനിര്‍മാണമോ വേണ്ടിവരും. ചര്‍ച്ചയില്‍ എല്ലാ കക്ഷികളും ഏതാണ്ട്‌ ഒരേ സമീപനമായിരുന്നു. ഭരണപക്ഷത്തെ എതിര്‍ക്കുക എന്നതുമാത്രം അജണ്ടയായി എടുത്ത പ്രതിപക്ഷവും അനുകൂലം. പാര്‍ലമെന്റംഗങ്ങളുടെ ശമ്പള വര്‍ധനവിന്റെ ബില്ല്‌ അവതരിപ്പിച്ചതുപോലെ എല്ലാവര്‍ക്കും സമ്മതം. മന്ത്രിസഭ ചേര്‍ന്നു. സുപ്രീംകോടതി വിധിയെ മറികടക്കുന്നതിനു വേണ്ട നിയമഭേദഗതി ഓര്‍ഡിനന്‍സായി ഒരുങ്ങി. പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ബില്ലും തയ്യാറായി. പ്രധാനമന്ത്രി വിദേശത്തു പോവുകയും ചെയ്‌തു.
പിന്നെ എല്ലാം നാടകീയം. എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിനെതിരെ ആഞ്ഞടിച്ചു. സര്‍ക്കാര്‍ പേടിച്ചു. തിരക്കിട്ട കൂടിയാലോചന. ഓര്‍ഡിനന്‍സ്‌ പിന്‍വലിച്ചു. ഓര്‍ഡിനന്‍സ്‌ ഉണ്ടാക്കാന്‍ അനുകൂലിച്ചിവരൊക്കെ പിന്‍വലിക്കാനും അനുവദിച്ചു; ജാള്യം മറച്ചുകൊണ്ട്‌ ഓര്‍ഡിനന്‍സ്‌ പിന്‍വലിച്ചതോടെ സുപ്രിം കോടതി വിധി നിലവില്‍ വന്നു. വിധിയുടെ ഫലം ഉടനെ വന്നു. റഷീദ്‌ മസൂദ്‌ എന്ന കോണ്‍ഗ്രസ്‌ രാജ്യസഭാംഗത്തിന്‌ അംഗത്വം പോയി. പിന്നാലെ ലാലുപ്രസാദ്‌ യാദവ്‌ ലോക്‌സഭാംഗമല്ലാതായി. തുടര്‍ന്ന്‌ വന്ന വിധിയോടെ ഇനി ആറുവര്‍ഷത്തേക്ക്‌ മത്സരിക്കാനും പാടില്ലെന്നു വന്നു.
ഇവിടെ ആശ്വാസംകൊള്ളുന്നത്‌ സാധാരണക്കാരാണ്‌. ഭരണം എന്നത്‌ ചക്കരക്കുടമല്ല. കൈയിട്ടവര്‍ക്കൊക്കെ നക്കാനുള്ളതല്ല. ഇവിടെയുള്ള വിഭവങ്ങള്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക്‌ ആവുന്നത്ര നല്ല രീതിയില്‍ വിനിയോഗിക്കാന്‍ അവസരമൊരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്‌ ഭരണം. ഇത്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബാലപാഠമായിരിക്കണം. ഏതെങ്കിലും ക്രിമിനല്‍ ലോക്കപ്പിലെത്തിയാല്‍ രായ്‌ക്കുരാമാനം അവനെ ഇറക്കിക്കൊണ്ടുവരുന്ന ജനപ്രതിനിധികള്‍, അധികാരികളെ ഭീഷണിപ്പെടുത്ത മസില്‍പവറും ഭരണശക്തിയും കാട്ടി ഇറക്കിക്കൊണ്ടുവരുന്ന `പാര്‍ട്ടിക്കാര്‍' തുടങ്ങിയവര്‍ക്കെല്ലാം വിധി പാഠമാകണം. മാനുഷികമായ അബദ്ധങ്ങളും തെറ്റുകളും ഭരണപോരായ്‌മകളും എല്ലാം സ്വാഭാവികം. അതാര്‍ക്കും മനസ്സിലാകും. എന്നാല്‍ അധികാരത്തിന്റെ ഹുങ്ക്‌ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണുന്നതാണ്‌ അപകടം.
ലാലുവിന്റെ കേസില്‍ ലാലു, മുന്‍മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്ര, ജെ ഡി യു സിറ്റിംഗ്‌ എം പി ജഗദീഷ്‌ പ്രസാദ്‌, മുന്‍ എം എല്‍ എ റാണ തുടങ്ങിയവര്‍ക്ക്‌ കോടതി ശിക്ഷ വിധിച്ചു. എന്നാല്‍ മേല്‍ പറയപ്പെട്ട കോടികള്‍ ഇവര്‍ പങ്കിട്ടെടുത്തതാണോ? അതിന്റെ പങ്കു പറ്റിയവര്‍ ആരെല്ലാം? ആലോചിക്കേണ്ടതാണ്‌. ശതകോടികള്‍ ആസ്‌തിയുള്ള കോര്‍പ്പറേറ്റുകളാണ്‌ ഇന്ന്‌ കമ്യൂണിസ്റ്റുകള്‍ പോലും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ വഴിവിട്ട്‌ പണം നേടുന്നു. അവിഹിതമായി ചെലവഴിക്കുന്നു. അനര്‍ഹമായി വോട്ടുനേടുന്നു. വീണ്ടും അധികാരത്തില്‍ വരുന്നു. ഈ ദൂഷിത വൃത്തത്തിന്‌ ഒരു നിയന്ത്രണമെങ്കിലും ആയിത്തീരാന്‍ സുപ്രീംകോടതി പ്രേരകമായെങ്കില്‍ എന്നാശിക്കുകയാണ്‌. ജനാധിപത്യ പാര്‍ട്ടികള്‍ അതിനെ പിന്‍തുണയ്‌ക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: