ശബാബ് മുഖാമുഖം 2013_oct_11

  • Posted by Sanveer Ittoli
  • at 9:27 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_oct_11



കമ്മീഷന്‍ ഹറാമാകുമോ?

ഞാന്‍ ഒരു കടയിലെ സെയില്‍സ്‌മാനാണ്‌. പല കമ്പനിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വില്‌ക്കുന്നു. നിത്യജീവിതത്തിന്ന്‌ ആവശ്യമുള്ള സാധനങ്ങളല്ല. ചില കമ്പനിക്കാര്‍ ഞങ്ങള്‍ ബില്ലിലെ പണം അടയ്‌ക്കുമ്പോള്‍ സെയില്‍സ്‌മാന്‍ എന്ന നിലയില്‍ 200, 300 രൂപ ചായ പൈസ എന്ന നിലയില്‍ തരും. വേണ്ട എന്ന്‌ പറഞ്ഞാലും തരും. എന്നാല്‍ ഈ തുക ബില്ലില്‍ കുറക്കാന്‍ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാറില്ല. ബില്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്‌. എല്ലാ ഷോപ്പിലെ സെയില്‍സ്‌മാന്മാര്‍ക്കും കൊടുക്കുന്നതാണ്‌. നിങ്ങള്‍ വാങ്ങുന്നില്ലെങ്കില്‍ കമ്പനിക്കാണ്‌ ലാഭം, നിങ്ങളുടെ ഷോപ്പിനു ലാഭവും നഷ്‌ടവും ഇല്ല എന്നാണ്‌ അവര്‍ പറയുന്നത്‌. തെറ്റായ മാര്‍ഗത്തില്‍ സമ്പാദിക്കുന്ന പണം ആകുമോ ഇത്‌?
പി ടി റസല്‍ പള്ളിക്കണ്ടി


മുസ്‌ലിം:

താങ്കള്‍ കളവു പറയുകയോ കൃത്രിമം കാണിക്കുകയോ ചെയ്‌തിട്ടല്ല കമ്പനിക്കാര്‍ താങ്കള്‍ക്ക്‌ ചെറിയ തുക തരുന്നതെങ്കില്‍ അത്‌ ഹറാമായ സമ്പാദ്യമാവുകയില്ല. ഹോട്ടലുകളില്‍ താമസിക്കുന്നവരും റേസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കുന്നവരും ജോലിക്കാര്‍ക്ക്‌ സന്തോഷപൂര്‍വം നല്‌കുന്ന ടിപ്പ്‌ പോലെ കണക്കാക്കാവുന്നതാണ്‌ കമ്പനികള്‍ താങ്കള്‍ക്ക്‌ നല്‌കുന്ന തുകയെന്ന്‌ തോന്നുന്നു. അതിനാല്‍ അത്‌ സ്വീകരിക്കുന്നത്‌ തെറ്റാകാനിടയില്ല.


തറാവീഹ്‌ റമദാനിലെ പ്രത്യേക നമസ്‌കാരമോ?

``തറാവീഹ്‌ നമസ്‌കാരം മതത്തില്‍ പുതിയ ആചാരമല്ല. റസൂലുല്ലാഹി(സ)യുടെ വാക്കാലും പ്രവൃത്തിയാലും സ്ഥിരപ്പെട്ട സുന്നത്താണത്‌. റമദാന്‍ നോമ്പ്‌ അല്ലാഹു നിങ്ങള്‍ക്ക്‌ ഫര്‍ദ്വാക്കുകയും റമദാനിലെ നമസ്‌കാരം ഞാന്‍ നിങ്ങള്‍ക്ക്‌ സുന്നത്താക്കുകയും ചെയ്‌തിരിക്കുന്നുവെന്ന്‌ റസൂല്‍(സ) പറഞ്ഞിട്ടുണ്ട്‌.'' (ഇബ്‌നു തൈമിയയുടെ ഇഖ്‌തിദ്വാഉസ്സിറാത്വില്‍ മുസ്‌തഖീം, പേജ്‌ 275). ഒരു സുന്നീ പ്രസിദ്ധീകരണം ഉദ്ധരിച്ച ഇതിന്റെ നിജസ്ഥിതിയെന്താണ്‌?
പി പി അബ്‌ദുസ്സലാം നരിക്കുനി


മുസ്‌ലിം:

തറാവീഹ്‌ നമസ്‌കാരം മതത്തില്‍ പുതിയ ആചാരമാണെന്ന്‌ അഥവാ `ബിദ്‌അത്ത്‌' ആണെന്ന്‌ മുജാഹിദുകളാരും ഒരിക്കലും പറഞ്ഞിട്ടില്ല. രാത്രിയിലെ സുന്നത്ത്‌ നമസ്‌കാരം റമദാനില്‍ മാത്രമാണ്‌ നബി(സ) ജമാഅത്തായി നിര്‍വഹിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ അതിന്‌ ഖിയാമു റമദാന്‍ എന്ന പേരു വന്നത്‌. തറാവീഹ്‌ എന്ന പദപ്രയോഗം പില്‌ക്കാലത്ത്‌ വന്നതാണ്‌. നബി(സ) ഏതാനും ദിവസം മാത്രമാണ്‌ റമദാനില്‍ ജമാഅത്തായി സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌. അത്‌ എത്ര റക്‌അത്തായിരുന്നുവെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നബി(സ) ഈ നമസ്‌കാരം നിര്‍ത്തിവെക്കുകയാണ്‌ ചെയ്‌തത്‌. അത്‌ നിര്‍ബന്ധ ബാധ്യതയായി വിധിക്കപ്പെടുമോ എന്ന ആശങ്ക കൊണ്ടാണ്‌ നിര്‍ത്തിയത്‌.
പിന്നീട്‌ നബി(സ)യുടെ കാലത്തോ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ കാലത്തോ ഈ നമസ്‌കാരം പൊതു ജമാഅത്തായി നിര്‍വഹിക്കപ്പെട്ടിട്ടില്ല. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബ്‌(റ) ആണ്‌ പള്ളിയില്‍ ഈ നമസ്‌കാരം ജമാഅത്തായി സംഘടിപ്പിച്ചത്‌. അദ്ദേഹമാണ്‌ ഈ ജമാഅത്തിനെ `നല്ല ബിദ്‌അത്ത്‌' എന്ന്‌ വിശേഷിപ്പിച്ചത്‌. മതത്തില്‍ പുതുതായി ഉണ്ടാക്കിയ ആചാരം എന്ന നിലയിലല്ല, നിര്‍ത്തിവെച്ച ശേഷം പുതുതായി തുടങ്ങിയത്‌ എന്ന നിലയിലാണ്‌ അദ്ദേഹം ബിദ്‌അത്ത്‌ എന്ന പദം പ്രയോഗിച്ചത്‌. അദ്ദേഹത്തിന്റെ ഈ പദപ്രയോഗം പില്‍ക്കാലത്ത്‌ പലരും പല വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്‌തിട്ടുണ്ട്‌. അതായിരിക്കാം ഇബ്‌നുതൈമിയയുടെ പരാമര്‍ശത്തിന്‌ നിദാനം. ഖലീഫ ഉമര്‍(റ) ഏര്‍പ്പെടുത്തിയ ജമാഅത്തായ സുന്നത്ത്‌ നമസ്‌കാരം അഥവാ തറാവീഹ്‌ പതിനൊന്ന്‌ റക്‌അത്തായിരുന്നുവെന്ന്‌ ഇമാം മാലിക്‌ അദ്ദേഹത്തിന്റെ മുവത്വാ എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


ബുറാഖിന്റെ പടം പൂമുഖത്ത്‌ തൂക്കിയിടാമോ?

എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പൂമുഖത്ത്‌ ഒരു ചിത്രം ഫ്രെയിം ചെയ്‌ത്‌ തൂക്കിയത്‌ കണ്ടു. ചോദിച്ചപ്പോള്‍ സ്‌ത്രീയുടെ തലയും കുതിരയുടെ ശരീരവുമുള്ള ആ മൃഗം ബുറാഖാണെന്ന്‌ അദ്ദേഹം പറഞ്ഞു. മിഅ്‌റാജ്‌ യാത്രയില്‍ നബി(സ)യുടെ വാഹനം ബുറാഖായിരുന്നുവെന്നത്‌ ശരിയാണോ? അതിന്റെ രൂപം ഇപ്പറഞ്ഞതായിരുന്നോ? ആണെങ്കില്‍ തന്നെ അതിങ്ങനെ ചുമരില്‍ തൂക്കിയിടാവുന്ന ചിത്രമാണോ?
വി പി സഹീര്‍ താനൂര്‍


മുസ്‌ലിം:

ബുറാഖിനെക്കുറിച്ച്‌ പ്രാമാണികമായ ഹദീസിലുള്ളത്‌ അത്‌ വെളുത്ത്‌ നീണ്ടതും കഴുതയെക്കാള്‍ കൂടുതല്‍ വലുപ്പമുള്ളതും കോവര്‍ കഴുതയെക്കാള്‍ വലുപ്പം കുറഞ്ഞതുമായ ഒരു മൃഗമാണെന്നാണ്‌. സ്‌ത്രീയുടെ തലയുള്ളതാണെന്ന്‌ ഹദീസിലില്ല. ബുറാഖിന്റെ പടം ഫ്രെയിം ചെയ്‌തു തൂക്കിയാല്‍ എന്തെങ്കിലും ഗുണം ലഭിക്കുമെന്നതിന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും യാതൊരു തെളിവുമില്ല. ഒരു മൃഗത്തിന്റെ ചിത്രം ചുമരില്‍ തൂക്കുന്നത്‌ ഹദീസിന്റെ അടിസ്ഥാനത്തില്‍ കുറ്റകരമാകാനാണ്‌ സാധ്യതയുള്ളത്‌.


രാത്രി നമസ്‌കാരത്തിന്‌ പ്രാരംഭ പ്രാര്‍ഥനയുണ്ടോ?

രാത്രി നമസ്‌കാരത്തിന്‌ പ്രാരംഭ പ്രാര്‍ഥന സുന്നത്തുണ്ടെന്നും അത്‌ വജ്ജഹ്‌തുവാണ്‌ ചൊല്ലേണ്ടതെന്നും ഈയിടെ വായിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഏറെ വര്‍ഷങ്ങളായി തറാവീഹിനു പങ്കെടുക്കുന്ന എനിക്ക്‌ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. ഈ വിഷയത്തില്‍ നബി(സ) ചെയ്‌തത്‌ എന്തെന്നറിയാന്‍ താല്‌പര്യമുണ്ട്‌.
മുഹമ്മദ്‌ കോഴിക്കോട്‌


മുസ്‌ലിം:

തറാവീഹില്‍ അഥവാ രാത്രി നമസ്‌കാരത്തില്‍ നബി(സ) വജ്ജഹ്‌തു. ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ പ്രാമാണികമായ ഹദീസില്‍ കണ്ടിട്ടില്ല. എന്നാല്‍ റസൂല്‍(സ) നമസ്‌കരിക്കാന്‍ നിന്നാല്‍ വജ്ജഹ്‌തു.... ചൊല്ലാറുണ്ടായിരുന്നു എന്ന ഹദീസ്‌ സ്വഹീഹ്‌ മുസ്‌ലിം എന്ന പ്രശസ്‌ത ഹദീസ്‌ ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ `നബി(സ)യുടെ രാത്രി നമസ്‌കാരവും പ്രാര്‍ഥനയും' എന്ന അധ്യായത്തിലാണ്‌. `വജ്ജഹ്‌തു വജ്‌ഹിയ' എന്നത്‌ മുതല്‍ വ അതൂബു ഇലയ്‌ക എന്നതു വരെയുള്ള അല്‌പം ദീര്‍ഘമായ പ്രാര്‍ഥനയാണ്‌ ഈ ഹദീസിലുള്ളത്‌.


ആണ്‍കുട്ടികളുടെ സ്വര്‍ണാഭരണത്തിന്റെ വിധി?

ചെറിയ ആണ്‍കുട്ടികളുടെ മുടി മുണ്ഡനത്തോട്‌ അനുബന്ധിച്ച്‌ സ്വര്‍ണാഭരണം കെട്ടുന്നതിന്റെ വിധി എന്താണ്‌?
മുസ്‌തഫ ആക്കോട്‌


മുസ്‌ലിം:

മതപരമായ വിധിവിലക്കുകള്‍ എല്ലാവര്‍ക്കും ബാധകമാകുന്നത്‌ പ്രായപൂര്‍ത്തിയോടെയാണ്‌. എന്നാല്‍ ഹറാമായ കാര്യങ്ങള്‍ പ്രായപൂര്‍ത്തിക്ക്‌ മുമ്പ്‌ ഒരു കുട്ടി ചെയ്‌തു ശീലിച്ചാല്‍, അല്ലെങ്കില്‍ നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കാതെ ജീവിച്ചു പോന്നാല്‍ പ്രായപൂര്‍ത്തിയോടെ ഇസ്‌ലാമിക ചിട്ടകള്‍ അവന്‍ കൃത്യമായി പാലിക്കാന്‍ സാധ്യത കുറവാണ്‌. അതുകൊണ്ടാണ്‌ ഏഴ്‌ വയസ്സാകുമ്പോള്‍ തന്നെ കുട്ടികളോട്‌ നമസ്‌കരിക്കാന്‍ കല്‌പിക്കണമെന്ന്‌ രക്ഷിതാക്കളെ നബി(സ) ഉണര്‍ത്തിയത്‌. തിരിച്ചറിവിന്റെ പ്രായം മുതല്‍ തന്നെ മുസ്‌ലിം കുട്ടികളെ ഇസ്‌ലാമിക വിധിവിലക്കുകള്‍ പാലിക്കാന്‍ ശീലിപ്പിക്കണമെന്നത്രെ ഇതിന്റെ താല്‌പര്യം. അതിനാല്‍ ഏഴ്‌ വയസ്സ്‌ മുതല്‍ ആണ്‍കുട്ടികളെ സ്വര്‍ണാഭരണം അണിയുന്നതില്‍ നിന്ന്‌ വിലക്കണം. ചെറിയ ശിശുക്കളെ സ്വര്‍ണാഭരണം അണിയിക്കുന്നത്‌ ഹറാമാണെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കാണുന്നില്ല.


നമസ്‌കാര ശേഷമുള്ള തക്‌ബീര്‍

ഫര്‍ദ്വ്‌ നമസ്‌കാരം കഴിഞ്ഞ്‌ സലാം പറഞ്ഞശേഷം ചില സഹോദരങ്ങള്‍ തക്‌ബീര്‍ മുഴുക്കുന്നതായി കേള്‍ക്കുന്നു. ഇത്‌ നബി(സ)യുടെ ചര്യയില്‍ പെട്ടതാണോ? അങ്ങനെയാണെങ്കില്‍ ഈ സുന്നത്ത്‌ ഇടക്കാലത്ത്‌ നഷ്‌ടപ്പെട്ടുപോയതാണോ?
പി ശംസുദ്ദീന്‍ കൊടുവള്ളി


മുസ്‌ലിം:

സ്വഹീഹുല്‍ ബുഖാരിയിലെ 842-ാമത്തെ ഹദീസില്‍ ഇബ്‌നു അബ്ബാസ്‌(റ) ഇപ്രകാരം പറഞ്ഞതായി കാണാം: ``നബി(സ)യുടെ നമസ്‌കാരം കഴിഞ്ഞതായി ഞാന്‍ മനസ്സിലാക്കിയിരുന്നത്‌ തക്‌ബീര്‍ കൊണ്ടായിരുന്നു.'' ഈ ഹദീസ്‌ ഇമാം മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ബുഖാരിയുടെ മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്‌, ജനങ്ങള്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ നിന്ന്‌ പിരിയുമ്പോള്‍ ഉച്ചത്തില്‍ ദിക്‌ര്‍ ചൊല്ലുന്ന സമ്പ്രദായം നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നു എന്നാണ്‌. ആദ്യം പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തിലാണ്‌ സലാം പറഞ്ഞതിന്റെ ശേഷം വൈകാതെ തന്നെ അല്ലാഹു അക്‌ബര്‍ എന്ന്‌ ചൊല്ലുന്നത്‌ സുന്നത്താണെന്ന്‌ ചില പണ്ഡിതന്മാര്‍ കരുതുന്നത്‌. നമസ്‌കാര ശേഷം തസ്‌ബീഹ്‌, ഹംദ്‌, തക്‌ബീര്‍ എന്നിവ ഉച്ചത്തില്‍ 33 പ്രാവശ്യം സ്വഹാബികള്‍ ചൊല്ലിയിരുന്നതിനെ സംബന്ധിച്ചായിരിക്കാം ഇബ്‌നു അബ്ബാസി(റ)ന്റെ പരാമര്‍ശമെന്നാണ്‌ മറ്റു ചില പണ്ഡിതന്മാര്‍ കരുതുന്നത്‌.


അനന്തരാവകാശ വിഹിതങ്ങള്‍?

എന്റെ പിതാവിന്‌ 4 ആണ്‍മക്കളും 2 പെണ്‍മക്കളും ഉണ്ട്‌. പിതാവിന്റെ സ്വത്ത്‌ ഓഹരി വെക്കുമ്പോള്‍ ആണോഹരി, പെണ്ണോഹരി, മാതാവിന്റെ ഓഹരി എത്രയായിരിക്കും?
സഫീര്‍ കൊണ്ടോട്ടി


മുസ്‌ലിം:

ആകെ സ്വത്ത്‌ 80 ഭാഗമായി ഭാഗിക്കുക. അതില്‍ നിന്ന്‌ 10 ഭാഗം (1/8) മാതാവിന്‌. ബാക്കിയുള്ള 70 ഭാഗത്തില്‍ നിന്ന്‌ 14 ഭാഗം വീതം 4 ആണ്‍മക്കള്‍ക്ക്‌ (ആകെ 56 ഭാഗം). 7 ഭാഗം വീതം 2 പെണ്‍കുട്ടികള്‍ക്ക്‌ (ആകെ 14 ഭാഗം)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: