ശബാബ് കത്തുകള്‍ 2013_OCT_4
കത്തുകള്‍
സമുദായത്തിന് അജണ്ടകള്‍ നല്‌കണം
വര്‍ഗീയതയിലൂടെ രാജ്യത്ത് വിഭാഗീയത വളര്‍ത്തി അധികാരം പിടിച്ചെടുക്കാന്‍ ഫാസിസ്റ്റ് - തീവ്രവാദ ശക്തികള്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്ന വര്‍ത്തമാനകാല രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ ജനാധിപത്യത്തിന്റെ നെടും തൂണുകളാകേണ്ട മാധ്യമങ്ങള്‍ക്ക് പോലും നട്ടെല്ല് നിവര്‍ത്താന്‍ കഴിയാതെ പോകുന്നത് ഖേദകരമാണ്. ഇവിടെ മതേതരത്വത്തിന്റെ കാവലാളായി മാറുന്ന പ്രസിദ്ധീകരണങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള സൗഹാര്‍ദം നിലനിര്‍ത്താന്‍ ശബാബ് കാണിക്കുന്ന താല്‌പര്യം സ്വാഗതാര്‍ഹമാണ്.
എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ സമുദായം അനുദിനം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും ധാര്‍മിക രംഗത്ത് സംഭവിക്കുന്ന മൂല്യച്യുതിയുടെ കാരണങ്ങളെ ശബാബ് സഗൗരവം പഠനവിധേയമാക്കണം. ആധുനികസമൂഹം നേരിടുന്ന പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന തരത്തില്‍ മതഭൗതിക വിദ്യാഭ്യാസ രംഗത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പരീക്ഷണ രീതിയെക്കുറിച്ച് സാമൂഹ്യ-അക്കാദമിക മേഖലയില്‍ ചര്‍ച്ചക്ക് വിധേയമാക്കാനുള്ള ശ്രമങ്ങളുണ്ടാവണം. ആരോഗ്യമേഖലയില്‍ ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്‌തുകൊണ്ട് ലാഭം കൊയ്യുന്ന വന്‍കിട മുതലാളിമാരില്‍ നിന്നും സമുദായത്തെ രക്ഷപ്പെടുത്തേണ്ടതുണ്ട്. അശാസ്‌ത്രീയമായ ഭക്ഷണരീതികളും ജീവിതശൈലികളും രോഗാതുരമാക്കുന്നതിലൂടെ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കപ്പെടുന്നത് കണ്ടുനിന്നുകൂടാ. കൂടാതെ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ അടിസ്ഥാനമാക്കി സമൂഹത്തില്‍ നിന്നും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് ശബാബ് നേതൃത്വം കൊടുക്കണം.
അബൂ മിന്നത്ത് പെരിങ്ങത്തൂര്‍
- ചലനം -
ഇസ്‌ലാം, മുസ്‌ലിം പദങ്ങള്‍ ഒഴിവാക്കി
കെനിയ, പാകിസ്‌താന്‍ എന്നീ രാഷ്‌ട്രങ്ങളില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ പത്രങ്ങള്‍ ഇസ്‌ലാം, മുസ്‌ലിം എന്നീ പദങ്ങള്‍ ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു. മിക്ക റിപ്പോര്‍ട്ടുകളിലും തീവ്രവാദം ആക്രമണം എന്നതിലുപരി ഇസ്‌ലാമുമായി ബന്ധം വരാവുന്ന വാക്കുകളെ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ഡെയ്‌ലി, വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍, യു എസ് എ ടുഡേ, വാഷിംഗ്‌ടണ്‍ പോസ്റ്റ് തുടങ്ങിയ മുഖ്യധാര പത്രങ്ങളുടെ `ഇസ്‌ലാം മുസ്‌ലിം' സെന്‍സര്‍ഷിപ്പ് മാതൃകാപരമാണെന്ന് അന്താരാഷ്‌ട്ര സമൂഹം വിലയിരുത്തുന്നു.
ഫേസ്‌ബുക്കില്‍ ഇനി ഹിജ്‌റ കലണ്ടറും
ഫേസ്‌ബുക്കില്‍ പരിപാടികളുടെയും ആഘോഷങ്ങളുടെയും `ഇവന്റ്' ഉണ്ടാക്കുമ്പോഴും ജനനത്തിയതി രേഖപ്പെടുത്തുമ്പോഴും ഹിജ്‌റ കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതിയും നല്‌കാന്‍ സംവിധാനമൊരുക്കി. ഗ്രിഗോറിയന്‍ കലണ്ടറിന്റെ കൂടെ തന്നെ ഹിജ്‌റ ഓപ്‌ഷനും ലഭ്യമാണ്. നിലവില്‍ സുഊദി അറേബ്യയില്‍ മാത്രമേ ഈ പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുള്ളൂ. മുസ്‌ലിംകള്‍ കൂടുതലായി ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളിലേക്കും സംവിധാനം ഉടന്‍ വ്യാപിപ്പിക്കുമെന്ന് ഫേസ്‌ബുക്കിന്റെ മിഡില്‍ ഈസ്റ്റ് തലവന്‍ ജോനാഥന്‍ ലബിന്‍ അറിയിച്ചു.
ആസ്‌ത്രേലിയന്‍ പൊലീസിനെതിരെ പരാതി
ആസ്‌ത്രേലിയയിലെ മുസ്‌ലിം സമൂഹത്തിന് നേരെ ചാരപ്രവൃത്തിയും നിരന്തര നിരീക്ഷണവും അധികരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് വിക്‌ടോറിയ തീരുമാനിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ ചാരപ്രവൃത്തിക്കുവേണ്ടി അംഗങ്ങളെ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ട്. തീവ്രവാദ വിരുദ്ധ വേട്ടയുടെ മറവില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാനാവില്ലെന്ന് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദ് തബ്ബ പറഞ്ഞു. ആസ്‌ത്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്റ്‌സ് ഓര്‍ഗനൈസേഷന്‍ (ASIO) ആസ്‌ത്രേലിയന്‍ ഫെഡറല്‍ പൊലീസ് (AFP) തുടങ്ങിയ ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെയാണ് പരാതി.
ബ്രദര്‍ഹുഡിനെ വീണ്ടും നിരോധിക്കുന്നു
ഈജിപ്‌തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം, നിലവില്‍ വന്ന പട്ടാള ഭരണം മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ബ്രദര്‍ഹുഡിന്റെ പത്രങ്ങളും മറ്റു സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനിക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ പത്രം പുറത്തിറക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്‌തു. അന്‍വര്‍ സാദത്ത്, ഹുസ്‌നി മുബാറക്ക് തുടങ്ങിയവരുടെ ഭരണകാലത്തും ബ്രദര്‍ഹുഡിനെ നിരോധിച്ചിരുന്നു. നിലവില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും ജയിലിലാണ്.
ഇന്റര്‍നാഷണല്‍ മുസ്‌ലിം മീഡിയ അവാര്‍ഡ്
ആഗോളതലത്തില്‍ ശ്രദ്ധേയമായ ഇസ്‌ലാമിക ഗാനം, മുസ്‌ലിം ടി വി ഷോ, മികച്ച മുസ്‌ലിം അവതാരകര്‍ എന്നിവര്‍ക്ക് മുസ്‌ലിം മീഡിയ അവാര്‍ഡ് നല്‌കുന്നതിനു വേണ്ടി മ്യൂസിക് ഓഫ് മുസ്‌ലിം ഒറിജിന്‍ ആന്റ് മീഡിയ അവാര്‍ഡ് 2013 (MOMO 13) എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും. 19 ഇനങ്ങളിലാണ് അവാര്‍ഡ് നല്‌കുന്നത്. യു കെയിലെ ജി എന്‍ എ അക്കാദമിയാണ് അവാര്‍ഡ് നല്‍കുന്നത്. ഡിസംബര്‍ അവസാനത്തില്‍ മാഞ്ചസ്‌റ്റര്‍ സ്‌ക്വയറില്‍ വെച്ചായിരിക്കും അവാര്‍ഡ് ദാനം.
വേള്‍ഡ് ഇസ്‌ലാമിക് എക്കണോമിക് ഫോം
വേള്‍ഡ് ഇസ്‌ലാമിക് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇതാദ്യമായി മുസ്‌ലിം ലോകത്തിന് പുറത്തുവെച്ച് നടക്കുന്നു. ഈ വരുന്ന ഒക്‌ടോബര്‍ അവസാനത്തില്‍ ബ്രിട്ടനില്‍ വെച്ചാണ് കോണ്‍ഫറന്‍സ്. മുസ്‌ലിം ലോകത്തെ സാമ്പത്തിക വിദഗ്‌ധര്‍, വ്യവസായികള്‍, പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന അന്താരാഷ്‌ട്ര വേദിയാണിത്. 2005 ല്‍ രൂപീകൃതമായ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് ജക്കാര്‍ത്ത, ഇസ്‌ലാമാബാദ്, കുവൈത്ത് തുടങ്ങിയ രാഷ്‌ട്രങ്ങള്‍ മുമ്പ് വേദിയായിട്ടുണ്ട്.
ഉഗാണ്ട മുസ്‌്‌ലിംകള്‍ ഇത്തവണ ഹജ്ജിനെത്തും
ഉഗാണ്ടയില്‍ നിന്ന് 1200 മുസ്‌്‌ലിംകള്‍ ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തും. കഴിഞ്ഞ വര്‍ഷം എബോള വൈറസിന്റെ സാന്നിധ്യം തീര്‍ഥാടകരില്‍ കണ്ടതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. മറ്റു തീര്‍ഥാടകരെ അസുഖം ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നിരോധനം. ഇത്തവണ ഫലപ്രദമായി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കി വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 1976-ല്‍ ആഫ്രിക്കയിലെ എബോള നദീതീരത്തുള്ള കുരങ്ങില്‍ നിന്നാണ് ഈ വൈറസ് ആദ്യമായി മനുഷ്യരിലേെക്കത്തുന്നത്.
|
0 comments: