ചരിത്രബോധം വഴിമാറാതിരിക്കട്ടെ

  • Posted by Sanveer Ittoli
  • at 5:27 AM -
  • 0 comments

ചരിത്രബോധം വഴിമാറാതിരിക്കട്ടെ


`
ചരിത്രം വഴിമാറുന്നു, ചിലര്‍ വരുമ്പോള്‍' -ഏതോ ഒരു വ്യവസായസ്ഥാപനത്തിന്റെ പരസ്യവാചകമാണിത്‌. ചില ആളുകള്‍ കടന്നുവരുമ്പോള്‍ രംഗം ശാന്തമാവുന്നു. ചിലര്‍ കടന്നുവരുമ്പോള്‍ രംഗം കലുഷമാകുന്നു. മറ്റു ചിലരുടെ സാന്നിധ്യം മൂലം ശബ്‌ദമുയരാത്ത തേങ്ങലുകളായി സമൂഹം നടുങ്ങുന്നു.
ഈ വ്യത്യസ്‌ത അവസ്ഥാവിശേഷങ്ങള്‍ ചരിത്രത്തിലുടനീളം കാണാവുന്നതാണ്‌. നരേന്ദ്രമോഡി എന്ന ഒരു മനുഷ്യന്‍ ഇന്ദ്രപ്രസ്ഥം ലക്ഷ്യംവെച്ച്‌ നടക്കുന്നു എന്ന്‌ കേള്‍ക്കുന്ന ഭാരതീയര്‍ക്ക്‌ ഭീതിതമായ ഒരു വികാരമാണുണ്ടാവുന്നത്‌. ഇതെന്തുകൊണ്ടാണെന്ന്‌ പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല. ആ മനുഷ്യന്റെ മനസ്ഥിതിയും ദുഷ്‌ചെയ്‌തികളും അത്രമാത്രം അനുഭവിച്ചവരാണ്‌ നാം.
ഇന്ത്യ സ്വീകരിച്ച ജനാധിപത്യക്രമത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. രാഷ്‌ട്രീയമായി സംഘടിച്ച പാര്‍ട്ടികളാണ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. പാര്‍ട്ടികള്‍ ഒറ്റയ്‌ക്കോ വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ മുന്നണിയായോ മത്സരിക്കാറുണ്ട്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങള്‍ ലഭിക്കുന്ന പാര്‍ട്ടിയുടെ തലവനെ മന്ത്രിസഭ രൂപീകരിക്കാന്‍ രാഷ്‌ട്രപതി ക്ഷണിക്കുന്നു. ആ നേതാവാണ്‌ സ്വാഭാവികമായും പ്രധാനമന്ത്രിയായി അധികാരമേല്‌ക്കുന്നത്‌. ഔപചാരികമായി ഭരണനേതൃത്വപദവി രാഷ്‌ട്രപതിക്കാണെങ്കിലും ഫലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണ്‌ രാജ്യം ഭരിക്കുന്നത്‌. മന്ത്രിസഭയുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ കഴിവും വ്യക്തിത്വവും ഭരണത്തില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ്‌ ആരാണ്‌ നേതാവ്‌, ആരാണ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന്‌ രാഷ്‌ട്രീയരംഗത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌.
ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിക്കും മുന്നണിക്കും അവരുടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനും പ്രഖ്യാപിക്കാനും സ്വാതന്ത്ര്യമുണ്ട്‌. അതില്‍ ഇതര വിഭാഗങ്ങള്‍ക്ക്‌ ഒരു പങ്കുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയും ഭരണകക്ഷിയുമായ കോണ്‍ഗ്രസ്‌ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏകപാര്‍ട്ടി എന്ന്‌ പറയാവുന്ന തരത്തില്‍ പ്രൗഢവും വിപുലവുമായിരുന്നു. പാര്‍ട്ടിയെ കാലാകാലങ്ങളില്‍ നയിച്ചവരുടെ നയനിലപാടുകളിലെ വൈവിധ്യങ്ങളും പാളിച്ചകളും, പിന്നെ മനുഷ്യന്റെ സ്വാഭാവിക സ്വാര്‍ഥതകളും എല്ലാം ഒത്തുചേരുമ്പോള്‍ ഭിന്നിപ്പുകളും പിളര്‍പ്പുകളും ഉടലെടുക്കുന്നു. ഇന്ന്‌ ഇന്ത്യയിലുള്ള കാക്കത്തൊള്ളായിരം പാര്‍ട്ടികളും പ്രാദേശികപ്പതിപ്പുകളുമെല്ലാം ഒരു സ്രോതസ്സില്‍ നിന്ന്‌ പിരിഞ്ഞുണ്ടായതാണ്‌ എന്ന്‌ ചുരുക്കം. വ്യക്തികളിലൂന്നി അവരുടെ ആദര്‍ശത്തില്‍ രൂപീകരിക്കപ്പെട്ടതാണ്‌, ജനാധിപത്യമെന്ന പേരുണ്ടെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളധികവും. എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന മതേതര ജനാധിപത്യ സംവിധാനമാണ്‌ വൈവിധ്യം മുഖമുദ്രയായ ഇന്ത്യയെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ഏക കൂട്ടായ്‌മ. പക്ഷേ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ നയിക്കുന്ന നേതൃത്വത്തിന്‌ പലപ്പോഴും ഈ ദേശീയബോധം നഷ്‌ടപ്പെട്ടുപോകാറുണ്ട്‌ എന്നതാണ്‌ ഭരണമാറ്റത്തിനും ചിലപ്പോഴൊക്കെ അസ്ഥിരതക്കും കാരണമാകാറുള്ളത്‌.
മതനിരപേക്ഷതയാണ്‌ ഇന്ത്യാരാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന നയം. ഏത്‌ മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പൗരന്‌ സ്വാതന്ത്ര്യമുണ്ട്‌. രാജ്യത്തിന്‌ ഒരു മതവുമില്ല. ഒരു മതവും ആരെയും അടിച്ചേല്‍പിക്കില്ല. ഒരു മതത്തിനും പ്രത്യേക പരിഗണനയുമില്ല. ഇതാണ്‌ മതനിരപേക്ഷതയുടെ കാതല്‍. എന്നാല്‍ ഓരോ മതവിശ്വാസികള്‍ക്കും തങ്ങളുടെ മതവിശ്വാസമനുസരിച്ച്‌ വ്യക്തിജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‌കുന്നു. രാഷ്‌ട്രപിതാവും സ്വാതന്ത്ര്യസമര നേതൃത്വവും വൈദേശികാധിപത്യത്തിനെതിരെ ഒന്നിച്ചണിനിരന്നത്‌ നാനാത്വത്തിലെ ഈ ഏകത്വവുമായിട്ടായിരുന്നു. ഈ ഏകത്വത്തെ ഭിന്നിപ്പിക്കാനാണ്‌ ബ്രിട്ടീഷുകാര്‍ പരമാവധി ശ്രമിച്ചത്‌. അതില്‍ വിജയം വരിച്ചുകൊണ്ടാണ്‌ അവര്‍ ഇന്ത്യ വിട്ടത്‌. ഇന്ത്യാരാജ്യത്തിന്റെ ഉടമാവകാശം ഇന്ത്യക്കാര്‍ക്കു തന്നെ കിട്ടി. സ്വന്തം ഭരണാധികാരികള്‍ ഇന്ത്യയെ നയിക്കാന്‍ തുടങ്ങി ആറുമാസം തികയുന്നതിനു മുമ്പായി രാഷ്‌ട്രപിതാവിന്റെ നെഞ്ചിലേക്ക്‌ നിറയൊഴിച്ചത്‌ ഒരു മതഭീകരവാദിയായിരുന്നു. വിദേശിയല്ല; സ്വദേശി തന്നെ. നാനാത്വവും വൈജാത്യവും നിലനില്‍ക്കെ ഇന്ത്യയെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഠിനാധ്വാനം ചെയ്‌ത `പിതാവിനെ കൊന്ന' ദുഷ്‌ട സന്തതികള്‍ക്ക്‌ പിന്‍ഗാമികള്‍ ഏറെയുണ്ട്‌ എന്നതാണ്‌ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്‌. രാഷ്‌ട്രത്തെ സേവിക്കാന്‍ സ്വയം സന്നദ്ധരാണെന്ന്‌ പ്രഖ്യാപിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിന്‌ വേണ്ടി മാത്രം ശ്രമിക്കുകയും ചെയ്യുന്ന ഒരു സംഘത്തിന്റെ പ്രതിനിധി മാത്രമായിരുന്നു ആ പിതൃഘാതകന്‍.
ഭൗതികമായും രാഷ്‌ട്രീയമായും ലോകത്തിന്റെ നെറുകയിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ ശാപം വര്‍ഗീയതയാണ്‌. ഇന്ത്യ ഹിന്ദുരാഷ്‌ട്രമാണെന്നും മുസ്‌ലിം ക്രിസ്‌ത്യന്‍ ബുദ്ധ സമൂഹങ്ങള്‍ പോലെയുള്ളവര്‍ക്ക്‌ ഇവിടെ അസ്‌തിത്വമുണ്ടായിക്കൂടെന്നും ആദര്‍ശമായി സ്വീകരിച്ച ആര്‍ എസ്‌ എസ്‌, ഭജ്‌റംഗ്‌ദള്‍, വി എച്ച്‌ പി തുടങ്ങിയ ആത്യന്തിക വര്‍ഗീയ വിഭാഗങ്ങള്‍ വിഷലിപ്‌തമായ ആദര്‍ശങ്ങളുമായി ഇന്ത്യയെ ദിനേനയെന്നോണം കീറിമുറിക്കുകയാണ്‌. മതവര്‍ഗീയ പാര്‍ട്ടികള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ ഇടപെടാനുള്ള ഒരു മുഖം മാത്രമാണ്‌ ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഔപചാരിക രാഷ്‌ട്രീയപാര്‍ട്ടി.
അംഗീകൃത രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഭരണത്തില്‍ പങ്കാളിത്തം വഹിക്കാം. ഭൂരിപക്ഷം ലഭിച്ചാല്‍ ഒറ്റയ്‌ക്കു ഭരിക്കാം. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ അവര്‍ ഭരിക്കുന്നു. ഒരു വേള ഇന്ത്യ ഭരിക്കാനും അവര്‍ക്ക്‌ അവസരം ലഭിച്ചു. അതും ചരിത്രത്തില്‍ ഓര്‍ക്കേണ്ട ഒരധ്യായമാണ്‌. രാമക്ഷേത്രമെന്ന പ്രശ്‌നമുണ്ടാക്കി, ഉത്തര്‍പ്രദേശിനെ കുട്ടിച്ചോറാക്കി, ബാബരി മസ്‌ജിദ്‌ പൊളിച്ച്‌, ഹൈന്ദവത എന്ന വികാരം ഊതിക്കത്തിച്ച്‌ ബി ജെ പിയെ ഒരു ശക്തിയാക്കി ഉയര്‍ത്തിയ അദ്വാനി നിലനില്‍ക്കെ താരതമ്യേന മിതവാദിയായ വാജ്‌പേയി ആണ്‌ ആ ഗവണ്‍മെന്റിനെ നയിച്ചത്‌. കാരണം പാര്‍ട്ടിയുടെ ഭീകരമുഖം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു കൂടല്ലോ.
2014-ലെ പൊതുതെരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തി രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ കച്ചമുറുക്കുമ്പോള്‍ ബി ജെ പി രംഗത്തെത്തിയത്‌ പുതിയ മുഖവുമായിട്ടാണ്‌. വമ്പിച്ച അന്തസ്സംഘര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ എസി എസിന്‌ മേല്‍ക്കൈ ലഭിച്ചതിനാല്‍ നരേന്ദ്ര മോഡിയാണത്രെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. എന്തുകൊണ്ട്‌ മോഡി എന്ന മനുഷ്യനെ ഇന്ത്യക്കാര്‍ ഭയക്കുന്നു? ആ പാര്‍ട്ടിയുടെ നയങ്ങളിലെ പോരായ്‌മയല്ല കാരണം. മറിച്ച്‌, ഒരു സംസ്ഥാന ഭരണം കയ്യിലേന്തി ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാന്‍ ചുക്കാന്‍ പിടിച്ച ഒരു വര്‍ഗീയവാദി ഇന്ത്യയെ നയിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ എന്നതാണതിന്റെ മര്‍മം. 2002-ലെ ഗുജറാത്ത്‌ കലാപം. ആയിരക്കണക്കിന്‌ മുസ്‌ലിംകള്‍ ക്രൂരമായ കൊലക്കു വിധേയമായി. ആരോപണമല്ല, തെളിയിക്കപ്പെട്ട യാഥാര്‍ഥ്യം. അന്വേഷണക്കമ്മീഷനുകള്‍ കണ്ടെത്തിയ സത്യം. കോടതികള്‍ സ്ഥിരീകരിച്ച വസ്‌തുതകള്‍. അന്നത്തെ മോഡി മന്ത്രിസഭയിലെ മായാ കൊഡ്‌നാനി എന്ന മന്ത്രി ഗുജറാത്ത്‌ കലാപത്തിന്റെ കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടു. അന്നത്തെ ഡി ജി പി, ആര്‍ ബി ശ്രീകുമാര്‍ ഒട്ടേറെ ഭീകരസത്യങ്ങള്‍ വെളിപ്പെടുത്തി. മോഡി നേരിട്ട്‌ ലഹളയ്‌ക്ക്‌ ചുക്കാന്‍പിടിച്ചു എന്ന്‌ അന്നത്തെ ഇന്റലിജന്റ്‌സ്‌ ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ട്‌ കോടതിയില്‍ മൊഴി നല്‍കി. ഇത്രയൊക്കെയായിട്ടും മാനുഷികമായ വികാരമോ പശ്ചാത്താപ മനസ്ഥിതിയോ പോകട്ടെ, ഒരു രാഷ്‌ട്രീയക്കാരന്റെ പുറംമോടി ദു:ഖമെങ്കിലും തീണ്ടാത്ത ക്രൂരതയുടെ പ്രതീകമാണ്‌ മോഡി എന്ന്‌ അയാള്‍ തെളിയിക്കുന്നു. കാറിനടിയില്‍ പട്ടി കുടുങ്ങിയാലുള്ള വികാരമാണ്‌ തനിക്ക്‌ ഗുജറാത്ത്‌ വംശഹത്യയോടുള്ളത്‌ എന്ന്‌ പരസ്യമായി മോഡി പ്രഖ്യാപിച്ചത്‌ ഈയിടെയാണ്‌. മനുഷ്യജീവന്‍ കൊണ്ട്‌ അമ്മാനമാടിയത്‌ എത്ര ലാഘവത്തോടെ!
സബര്‍മതി ആശ്രമത്തില്‍ നിന്നുയര്‍ന്ന ആത്മാര്‍ഥമായ രാമശബ്‌ദത്തെ വെടിവെച്ചിട്ട മനുഷ്യപ്പിശാചിന്റെ പിന്‍മുറക്കാരന്‍ അതേ ഗുജറാത്തില്‍ നിന്നുതന്നെ ഉദയം ചെയ്‌തത്‌ യാദൃച്ഛികമായിരിക്കാം. മഹാത്മാഗാന്ധിയുടെ പിന്‍മുറ ഔപചാരികമായി അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ മതേതര ഇന്ത്യയെ ഒന്നിച്ചുനിര്‍ത്തേണ്ടത്‌. സ്വാര്‍ഥതയും ചേരിപ്പോരും നിര്‍ത്തി കേരളത്തെ ഇന്ത്യയുടെ ഭാഗമായി കാണാന്‍ കേരളത്തിലെ കോണ്‍ഗ്രസും മുന്നണിയും തയ്യാറാകണം. ദേശീയ നേതാവ്‌ സോണിയാഗാന്ധി ഇവിടെ എത്തിച്ചേരുന്ന സന്ദര്‍ഭം ഉപയോഗപ്പെടുമെന്ന്‌ പ്രതീക്ഷിക്കാം. അതേസമയം കൊല്ലത്തെ വള്ളിക്കാവില്‍ രൂപപ്പെട്ടുവരുന്ന `ആള്‍ദൈവം' അമൃതാനന്ദ മയിയുടെ പിറന്നാളാഘോഷത്തിന്‌ കക്ഷിരാഷ്‌ട്രീയ ഭേദമന്യെ എല്ലാവരും അഹമഹമികയാ മുന്നോട്ടുവരുന്ന കാഴ്‌ചയ്‌ക്കിടയില്‍ ഗുജറാത്തില്‍ നിന്ന്‌ നരേന്ദ്രമോഡി ഇവിടെ പറന്നെത്തിയത്‌ യാദൃച്ഛികമാവാന്‍ വഴിയില്ല. ആശ്രമങ്ങളെയും മതപ്രവര്‍ത്തനങ്ങളെയും ഹൈജാക്ക്‌ ചെയ്യുന്ന തീവ്രവാദ അജണ്ട തള്ളിക്കളയാവതല്ല. ബാബ്‌രി പള്ളി പൊളിച്ച്‌ മുന്നേറിയ നിഷേധാത്മകത ഒരു വശത്തും കിട്ടാവുന്നേടത്തോളം വശത്താക്കി തടിച്ചുകൊഴുക്കുന്ന അവസ്ഥ മറുവശത്തും കൊണ്ടുനടക്കുന്നത്‌ മതേതര ബുദ്ധികേന്ദ്രങ്ങള്‍ കാണാതെ പോകരുത്‌.
കേരളത്തെ പിടിച്ചുകുലുക്കിയ പല സാംസ്‌കാരിക സന്നിഗ്‌ധതയും കടന്നുപോയിട്ട്‌ വാ തുറക്കാത്ത ചിലര്‍ ഉമ്മറക്കോലായിലിരുന്ന്‌ മോഡിസ്‌തുതി പാടുന്നത്‌ വിചിത്രമായി തോന്നുന്നു. സാംസ്‌കാരിക നായകരില്‍ എണ്ണപ്പെടാറുള്ള മുന്‍ജഡ്‌ജി വി ആര്‍ കൃഷ്‌ണയ്യര്‍ `നരേന്ദ്രമോഡിയെ വിശ്വസിക്കണം' എന്ന്‌ മലയാളികളെ ഉപദേശിക്കുന്നതായി വാര്‍ത്ത (28-09-13) കണ്ടു. ഗുജറാത്തിലെ മോഡിവാഴ്‌ചയെപ്പറ്റി ഈ അയ്യര്‍ അന്നോ പിന്നെയോ അഭിപ്രായം പറഞ്ഞോ എന്നറിയില്ല. മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യംവിടുമെന്ന്‌ പറഞ്ഞ യു ആര്‍ അനന്തമൂര്‍ത്തിയും ഇവിടെയുണ്ട്‌ എന്നത്‌ ആശ്വാസം പകരുന്നു. ജനാധിപത്യ- മതേതരത്വ ഭാരതം ജാഗ്രത പാലിക്കേണ്ട അവസരമാണിത്‌. നമ്മുടെ ചരിത്രബോധം വഴിമാറാതിരിക്കട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: