സ്വൂഫിസം അനാചാരങ്ങളില്‍ പൊതിഞ്ഞ ആത്മീയത

  • Posted by Sanveer Ittoli
  • at 9:03 AM -
  • 0 comments

സ്വൂഫിസം അനാചാരങ്ങളില്‍ പൊതിഞ്ഞ ആത്മീയത


വിമര്‍ശനം -

അബ്‌ദുല്‍അലി മദനി


ലോകത്തുടനീളം ഇസ്‌ലാം പ്രചരിച്ചത്‌ സൂഫികള്‍ മുഖേനയാണെന്നാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ സാക്ഷാത്‌കാരം സൂഫീ പണ്ഡിതന്മാരുടെ സാന്നിധ്യംകൊണ്ടായിരുന്നുവെന്നും ആത്മീയവും ആന്തരികവുമായ വളര്‍ച്ചയ്‌ക്ക്‌ ആവേശവും ഊര്‍ജവും പകര്‍ന്നത്‌ സൂഫീവര്യന്മാരാണെന്നുമെല്ലാം ഇവര്‍ സ്ഥാപിക്കുന്നു. സൂഫികള്‍ ആധ്യാത്മീയതയുടെ പാരമ്യം പ്രാപിച്ചിട്ടുള്ളവരാണെന്നും ഇസ്‌ലാമിന്റെ ആഴവും വൈപുല്യവും അവര്‍ മാത്രമാണ്‌ കണ്ടെത്തിയിട്ടുള്ളതെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍, ഉത്തമനൂറ്റാണ്ടുകളെന്ന്‌ പ്രവാചകന്‍(സ) വിശേഷിപ്പിച്ച കാലത്തെ മഹാന്മാരൊന്നും അറിഞ്ഞിട്ടില്ലാത്ത ഈ നൂതന ആശയം ആരാണ്‌ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചതെന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌.
``ഏകദേശം രണ്ടായിരത്തിലധികം അര്‍ഥവും നിര്‍വചനവും സൂഫിസത്തിന്‌ നല്‍കപ്പെട്ടതായി കാണാം. അവയില്‍ ഒന്നും തന്നെ സൂഫിസത്തിന്റെ പ്രചാരത്തിലുള്ള ആശയം ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ്‌ പരമാര്‍ഥം'' -മസ്‌ജിദുന്നബവിയിലെ വാഇദും മദീനാ യൂനിവേഴ്‌സിറ്റിയിലെ മുദര്‍രിസുമായിരുന്ന അബൂബക്കര്‍ ജാബിറുല്‍ ജസാഇരിയുടെ അഭിപ്രായമാണിത്‌.
സ്വയം വഴിതെറ്റിയതും വഴിപിഴപ്പിക്കുന്നതുമായ നൂതന പ്രവണതയാണ്‌ സൂഫിസം. നബി(സ)യുടെ ആഗമത്തിനു മുമ്പോ ദിവ്യസന്ദേശങ്ങള്‍ അവതരിച്ചിരുന്ന കാലത്തോ അതിനു ശേഷമോ ഉത്തമനൂറ്റാണ്ടുകളിലോ സൂഫിചിന്തകളും ആദര്‍ശങ്ങളും അറിയപ്പെട്ടിരുന്നില്ല. പ്രവാചകന്‍(സ) തന്റെ നാവിലൂടെ തസവ്വുഫ്‌ എന്ന ഒരാശയം പറയുകയോ പഠിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഖുര്‍ആനിലും ഹദീസിലും അത്‌ കാണുകയുമില്ല.
നബി(സ)യുടെ സന്തതസഹചാരികള്‍ക്ക്‌ ഇത്തരമൊരു ചിന്ത ഉണ്ടായിരുന്നില്ല. നിങ്ങളില്‍ ഉത്തമര്‍ എന്റെ സമരാവീനരും അതിനുശേഷം തൊട്ടടുത്ത കാലക്കാരും അതിനുശേഷം അടുത്ത നൂറ്റാണ്ടുകാരുമാണെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച മൂന്ന്‌ നൂറ്റാണ്ടുകളിലും സൂഫിസത്തിന്‌ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. അവരാരും ഇസ്‌ലാമിനെക്കുറിച്ച്‌ മനസ്സിലാക്കാത്ത സന്യാസികളുമായിരുന്നില്ല.
അറബിഭാഷാ പണ്ഡിതന്മാര്‍ പോലും തസവ്വുഫ്‌ എന്ന പദം അറബി ഭാഷയില്‍ പെട്ടതായി ഗണിക്കുന്നില്ല. ഏത്‌ അടിസ്ഥാന ക്രിയധാതുവില്‍ നിന്നാണതിന്റെ ഉത്ഭവമെന്ന്‌ തന്നെ നിര്‍ണയിച്ചിട്ടുമില്ല. നഹ്‌വ്‌ (വ്യാകരണം), ഫിഖ്‌ഹ്‌ (കര്‍മശാസ്‌ത്രം), മന്‍ത്വിഖ്‌ (തര്‍ക്കശാസ്‌ത്രം) തുടങ്ങിയ പദങ്ങള്‍ പില്‍ക്കാലത്ത്‌ ഉടലെടുത്തതാണെങ്കിലും അവയൊന്നും ഭാഷാപണ്ഡിതന്മാര്‍ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ തസവ്വുഫ്‌ എന്ന പദം അവര്‍ക്ക്‌ അപരിചിതമാകുന്നു.
ശാമിലുണ്ടായിരുന്ന അബ്‌ദുല്‍ഖാദിര്‍ ഈസ എന്ന ശാദുലീ ത്വരീഖത്തിന്റെ നേതാവാണ്‌ തസ്വവ്വുഫിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും സൂഫിസത്തിന്റെ വികൃതമുഖം മൂടിവെച്ചുകൊണ്ട്‌ നല്ലതെന്ന വ്യാജേന അനിസ്‌ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്‌. നഹ്‌വ്‌, ഫിഖ്‌ഹ്‌ എന്നീ പദങ്ങളും അവയുള്‍ക്കൊള്ളുന്ന വിജ്ഞാനശാഖകളും ഇസ്‌ലാമിനെ സംരക്ഷിക്കാനും ഖുര്‍ആനിന്റെ വെളിച്ചവും സന്മാര്‍ഗവും കൂടുതല്‍ ആഴത്തില്‍ പഠിക്കാനും ഉപകരിക്കുന്നതാണെങ്കില്‍ തസ്വവ്വുഫ്‌ എന്ന പദവും അതുള്‍ക്കൊള്ളുന്ന ആശയവും ഇസ്‌ലാമിക തത്വസംഹിതയെ പൊളിച്ചെഴുത്തു നടത്താനാണ്‌ നിലകൊണ്ടിട്ടുള്ളത്‌.
മനുഷ്യര്‍ക്ക്‌ ആത്മീയവും സാംസ്‌കാരികവുമായ വിശുദ്ധിയുണ്ടാക്കുന്നതും ശാശ്വതമായ ജീവിതവിജയം നേടിയെടുക്കാനുപകരിക്കുന്നതുമാണ്‌ തസവ്വുഫ്‌ എന്ന ആശയമെങ്കില്‍ നമുക്കതിനെ എതിര്‍ക്കേണ്ടിയിരുന്നില്ല. എന്നാല്‍, ഐഹികവും പാരത്രികവുമായ നേട്ടങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളെ പുഴക്കിക്കൊണ്ട്‌ നേടിയെടുക്കാനാണ്‌ സുഫിസത്തിന്റെ ആളുകള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്‌. ഇസ്‌ലാമിന്‌ തീരെ പരിചയമില്ലാത്ത ചിന്തകളും ആശയങ്ങളുമാണ്‌ സൂഫി ശൈഖുമാരും അവരുടെ ശിഷ്യഗണങ്ങളും നല്‍കിക്കാണുന്നത്‌.
നാലാം നൂറ്റാണ്ടില്‍ ഈ ചിന്തകള്‍ ഉടലെടുത്തപ്പോള്‍ തന്നെ നിരീശ്വരവാദികളും ഇസ്‌ലാമിന്റെ ശത്രുക്കളും മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാന്‍ തസ്വവ്വുഫിനെ ഉപയോഗപ്പെടുത്തിയിരുന്നു. യഹൂദികളും മജൂസികളും കുരിശുയുദ്ധവാഹകരും മുസ്‌ലിം ഐക്യം തകര്‍ക്കാനും ഇസ്‌ലാമിക വിശ്വാസ സംഹിതകളെ വികലമാക്കാനും സൂഫി ചിന്തകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. അതിന്റെ തുടക്കം ദൈവസ്‌മരണകൊണ്ടും പ്രവാചകചര്യ പിന്‍തുടരുന്നതായി നടിച്ചുകൊണ്ടും ഭക്തിയും വിശുദ്ധിയും ഭാവിച്ചുകൊണ്ടുമാണെങ്കില്‍ അതിന്റെ ഒടുക്കം ദൈവനിഷേധം കൊണ്ടും അനാചാരങ്ങളുടെ വ്യാപനംകൊണ്ടുമാണെന്ന്‌ നിഷ്‌പക്ഷമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും കാണാം.
കൊളോണിയലിസത്തിന്റെ വക്താക്കള്‍ ഇസ്‌ലാമിക സൗധം തകര്‍ക്കാനും അതുവഴി മുസ്‌ലിംകളെ അപമാനിതരാക്കാനും ഈ വഴി ശരിക്കും പ്രയോജനപ്പെടുത്തി. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം വിരോധികള്‍ സൂഫി ശൈഖുമാരെ അതിസമര്‍ഥമായി വശീകരിച്ചുകൊണ്ട്‌ ഇസ്‌ലാമിനെതിരെ ആയുധമാക്കിയ ദുരന്തകാഴ്‌ചയാണ്‌ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്‌. ഇതില്‍ വഞ്ചിതരായവര്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങളില്‍ നിന്ന്‌ പിന്തിരിയുകയും അതിനെ വികലമാക്കുകയുമാണ്‌ ചെയ്‌തത്‌.
അല്ലാഹുവിന്റെയും തിരുദൂതരുടെയും സന്മാര്‍ഗദര്‍ശനങ്ങളിലും ഉത്തമചര്യകളിലും ആത്മവിശുദ്ധി കൈവരിക്കാനുതകുന്ന അധ്യാപനങ്ങള്‍ വേണ്ടത്രയുണ്ടായിട്ടു പോലും സൂഫിസത്തിന്റെ പ്രചാരകര്‍ അത്‌ കൈവെടിയുന്നത്‌ എന്തുമാത്രം അപഹാസ്യമാണ്‌?


തസ്വവ്വുഫിന്റെ അടിസ്ഥാനം


സൂഫിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഏതെല്ലാമാണെന്ന്‌ വസ്‌തുനിഷ്‌ഠമായ പഠനം നടത്താതെയാണ്‌ പലരും അതില്‍ അകപ്പെട്ടത്‌. അതിനാല്‍ സത്യവും അസത്യവും തിരിച്ചറിയാതെ അവര്‍ അനാചാരങ്ങളുടെ വക്താക്കളായി. മുസ്‌ലിം സമുദായത്തിന്‌ അതു മുഖേന വന്നുചേര്‍ന്ന അപകടങ്ങള്‍ തിരിച്ചറിയാനായി സൂഫിസത്തിന്റെ ചില സുപ്രധാന തത്വങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. ത്വരീഖത്ത്‌: ഈ ആശയം തസ്വവ്വുഫിന്റെ ഉല്‍പന്നങ്ങളിലൊന്നാണ്‌. സൂഫി ചിന്തകളില്‍ ആകൃഷ്‌ടനായ ഒരനുഭാവി അവന്റെ ഗുരുവുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും അയാളുടെ ജീവിതകാലത്തും മരണശേഷവും ഗുരുവിന്റെ പിന്തടുര്‍ച്ച നിലനിര്‍ത്തുകയുമാണ്‌ ത്വരീഖത്ത്‌ കൊണ്ടുദ്ദേശ്യം. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശിഷ്യനായ മുരീദ്‌ ഗുരുനാഥനായ ശൈഖില്‍ നിന്ന്‌ പഠിച്ചെടുത്ത ചില ദിക്‌റുകള്‍ രാവും പകലും സൗകര്യപൂര്‍വം ഉരുവിടുന്നു. ഈ ബന്ധം ഒരു കരാറിലൂടെ തുടങ്ങുകയും ഒന്നാംകക്ഷിയായ ശൈഖ്‌ രണ്ടാംകക്ഷിയായ മുരീദിനെ എല്ലാ പ്രയാസങ്ങളില്‍ നിന്നും രക്ഷിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും മുരീദ്‌ എപ്പോള്‍ സഹായിക്കാന്‍ വിളിച്ചാലും ശൈഖ്‌ അയാളെ രക്ഷിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുകയും ചെയ്യുന്നു. അന്ത്യദിനത്തിലെ വിഷമകരമായ ഘട്ടത്തില്‍ പോലും ശൈഖ്‌ തന്റെ മുരീദിന്‌ ശുപാര്‍ശകനായുണ്ടാകുമെന്നും അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ശൈഖ്‌ അല്ലാഹുവോട്‌ ശുപാര്‍ശ പറയുമെന്നും മുരീദ്‌ വിശ്വസിക്കുന്നു.
മുസ്‌ലിം സമുദായത്തില്‍ ചൂഷിതരായ ഒരുകൂട്ടം ആളുകളുണ്ടാവുകയും അവരെ വഴികേടിലാക്കുന്ന ചില ചൂഷകര്‍ അനധികൃതമായി വഞ്ചന നടത്തുകയും അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നുവെന്നതാണിതിന്റെ ഫലം. അല്ലാഹുവിലുള്ള വിശ്വാസവും ഇസ്‌ലാമിക സാഹോദര്യവും മുഖേന ലഭ്യമാകേണ്ട അനുഗ്രഹങ്ങള്‍ വിലക്കപ്പെടുന്നതിന്‌ പുറമെ മുസ്‌ലിംകള്‍ അന്യോന്യം ശത്രുക്കളായി മാറുന്ന ദുര്‍ഗതിയുമാണ്‌ ഇതുവഴി സംഭവിക്കുന്നത്‌.
മുരീദുകളെ രക്ഷിക്കാമെന്ന ശൈഖുമാരുടെ നുണപ്രചാരണം നിമിത്തം മരണാസന്നനായ മുരീദിന്റെ അടുക്കല്‍ ശൈഖ്‌ വരുമെന്നും രണ്ട്‌ ശഹാദത്തുകള്‍ ചൊല്ലിക്കൊടുക്കുമെന്നും ഖബ്‌റിലെ ചോദ്യവേളയില്‍ ശൈഖ്‌ സഹായിക്കാന്‍ വരുമെന്നും ശൈഖിന്റെ കൂടെ സ്വിറാതില്‍ അതിവേഗം നടക്കാന്‍ കഴിയുമെന്നും ശൈഖിന്റെ ശുപാര്‍ശ കിട്ടി സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്നും മുരീദ്‌ വിശ്വസിക്കുന്നു.
മുരീദ്‌ ശൈഖല്ലാത്ത മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുകയും സദ്‌വൃത്തരായ വ്യക്തികളുമായുള്ള സര്‍വ ബന്ധങ്ങളും മുറിച്ചുകളയുകയും ചെയ്യുന്നു. ചില ത്വരീഖത്തുകളുടെ ഒന്നാമത്തെ നിബന്ധനതന്നെ മറ്റ്‌ ഔലിയാക്കളെ സന്ദര്‍ശിക്കുക പോലുമുണ്ടാകില്ലെന്ന്‌ വാക്കുകൊടുക്കുന്നതാണ്‌. ഇതൊന്നും തന്നെ ഇസ്‌ലാമിക വിശ്വാസ അനുഷ്‌ഠാനങ്ങളില്‍ ഉള്ളതല്ലെന്ന്‌ സ്‌പഷ്‌ടമാണല്ലോ.


അനുവാദം ലഭിച്ച ശൈഖ്‌


തസ്വവ്വുഫിന്റെ അടിസ്ഥാനശിലകളില്‍ കാണപ്പെടുന്ന പ്രബലമായ ഒരിനം അതിലെ ഗുരുനാഥന്‍ തന്റെ ശിഷ്യനായ മുരീദിന്‌ ചൊല്ലിപ്പറയാനുള്ള ചില ദിക്‌റുകള്‍ നിശ്ചയിച്ചുകൊടുക്കാനുള്ള അധികാരം സിദ്ധിച്ചവനാവുകയെന്നതാണ്‌. ശൈഖിന്റെ അഭാവത്തില്‍ പകരം നില്‍ക്കുന്നതും ഇയാളായിരിക്കും.
സാധാരണക്കാരെ വേട്ടയാടി കീഴ്‌പ്പെടുത്താനും തങ്ങളുടെ ചൊല്‍പ്പടിക്ക്‌ കീഴില്‍ അവരെ കൊണ്ടുവരാനും ത്വരീഖത്തിന്റെ ശൈഖുമാര്‍ സ്വീകരിക്കാറുള്ള മര്‍ഗങ്ങളില്‍ ഒന്നാണിത്‌. ഈ വഴിയിലൂടെ സാധാരണക്കാരെ സാമ്പത്തികമായും ശാരീരികമായും പരമാവധി ചൂഷണം ചെയ്‌തുകൊണ്ട്‌ ത്വരീഖത്തുകാര്‍ തങ്ങളുടെ ശൈഖിന്റെ പാദസേവകരാക്കി മാറ്റുന്നു. ഒന്നുകൂടി വിശദമാക്കിയാല്‍ ഇതുമൂലം ബാഹ്യമായ നന്മ കാട്ടിക്കൊടുത്തുകൊണ്ട്‌ ആന്തരികമായി സാധാരണക്കാരെ ഇസ്‌ലാമില്‍ നിന്നകറ്റുകയാണ്‌ അവരുടെ ലക്ഷ്യം.
യഥാര്‍ഥത്തില്‍ അല്ലാഹുവെക്കുറിച്ചും അല്ലാഹുവിലേക്ക്‌ അടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ശരിയാംവിധം മനസ്സിലാക്കിയ പണ്ഡിതനും ഭക്തനുമായ ഒരാള്‍ അയാളിലുള്ള ആത്മീയ ഗുങ്ങളിലേക്കും ഇസ്‌ലാമിക ശിക്ഷണങ്ങളിലേക്കും മനുഷ്യരെ ആകര്‍ഷിക്കുകയായിരുന്നുവെങ്കില്‍ അത്‌ സ്‌തുത്യര്‍ഹമായ കാര്യമാകുമായിരുന്നു. എന്നാലിവിടെ നേരെ മറിച്ചാണ്‌ സംഭവിക്കുന്നത്‌. അതായത്‌, മതത്തെപ്പറ്റി ഒന്നുംതന്നെ പഠിച്ചിട്ടില്ലാത്ത, എഴുത്തും വായനയും പോലും ശീലിച്ചിട്ടില്ലാത്ത ഒരു പാമരന്‍ ശൈഖായി വേഷമിടുകയും ചില പ്രത്യേക ദിക്‌റുകള്‍ ജനങ്ങള്‍ക്ക്‌ ഉപദേശിച്ചുകൊടുക്കുകയും വഴിതെറ്റിക്കുകയുമാണ്‌ ചെയ്യുന്നത്‌.
ഇങ്ങനെയുള്ള ശൈഖുമാരധികവും ത്വരീഖത്തിന്റെ പരമ്പരകളില്‍ അയാളുടെ മുമ്പ്‌ വന്ന മറ്റൊരു ശൈഖിന്‌ ദീര്‍ഘകാലം പാദസേവന നടത്തിയെന്നതല്ലാത്ത മറ്റൊരു അര്‍ഹതയുമില്ലാത്തവരാകുന്നു. ഈ വിധം നീണ്ട കാലഘട്ടം ശൈഖിന്‌ ഖിദ്‌മത്ത്‌ (സേവനം) എടുത്തതിനുള്ള പാരിതോഷികമെന്നോണം ലഭിക്കുന്ന അനുവാദം മുഖേനയാണയാള്‍ അനുമതി സിദ്ധിച്ച ശൈഖായി മാറുന്നത്‌. ഇത്‌ ത്വരീഖത്തിലെ ഒരു പതിവാണ്‌. ത്വരീഖത്തിനെ സംബന്ധിച്ച്‌ പ്രചരിപ്പിക്കപ്പെടുന്ന പരമ്പരകള്‍ പ്രവാചകന്‍ തിരുമേനിയില്‍ ചെന്ന്‌ അവസാനിക്കുന്നുവെന്ന്‌ പ്രചരിക്കുകവഴി സാധാരണക്കാര്‍ക്കിടയില്‍ ത്വരീഖത്തുകള്‍ വ്യാപകമായിത്തീരുന്നു. ഓരോരുത്തരും ഇത്തരം പരമ്പരകള്‍ വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.
ഇതിനുള്ള ഏറ്റവും വലിയൊരു ഉദാഹരണമാണ്‌ ത്വരീഖത്തുല്‍ മുഹമ്മദിയ്യ (തീജാനിയ്യ) എന്നറിയപ്പെടുന്ന ത്വരീഖത്തിന്റെ ശൈഖ്‌ അഹ്‌മദുബ്‌നു മുഹമ്മദ്‌ തീജാനിയുടെ അവകാശവാദം. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ജവാഹിറുല്‍ ആനിയയില്‍ പറയുന്നു: ``മുഹമ്മദീ ത്വരീഖത്ത്‌ (തീജാനിയ്യ) നിരവധി ശൈഖുമാരിലൂടെയാണ്‌ നമുക്ക്‌ ലഭിച്ചിട്ടുള്ളത്‌. എന്നാല്‍ യഥാര്‍ഥമായ ഉദ്ദേശ്യം പൂര്‍ണമായും നേടാന്‍ കഴിയുക ലോകാനുഗ്രഹിയായ മുഹമ്മദ്‌ നബി(സ)യുടെ പരിശുദ്ധ കരങ്ങളില്‍ നാം എത്തിപ്പെടുമ്പോഴാണ്‌.''
അതായത്‌ ഈ ത്വരീഖത്ത്‌ പ്രവാചക കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന്‌. തന്നെയുമല്ല, ശൈഖ്‌ അഹ്‌മദ്‌ തീജാനിയുടെ അനുയായികളില്‍ പ്രവാചകന്റെ ഇഷ്‌ടപ്പെട്ട കൂട്ടുകാരായിരിക്കുമെന്ന നബി(സ) ശൈഖിന്‌ വിവരംകൊടുത്തിട്ടുണ്ടത്രെ! ഇതിലേറെ വിചിത്രമാണ്‌ ഈ ത്വരീഖത്തിലെ ശൈഖായ അബ്‌ദുല്‍ ഖാദില്‍ ഈസക്ക്‌ തൊട്ടു മുമ്പുണ്ടായിരുന്ന ശൈഖ്‌ മുഹമ്മദുല്‍ ഹാശിമി അത്തല്‍മസാനിയില്‍ നിന്ന്‌ അനുമതി ലഭിച്ചത്‌. അയാള്‍ പ്രവാചകനില്‍ എത്തിച്ചേരുന്ന ഒരു പരമ്പര പറയുന്നു.
എന്നാല്‍ പ്രസ്‌തുത പരമ്പരയില്‍ ഒട്ടനേകം കൊള്ളരുതാത്തവരെയും അധര്‍മകാരികളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്‌ ശാദുലീ ത്വരീഖത്ത്‌ നിലകൊള്ളുന്നത്‌. മാത്രമല്ല, അവരുടെ ശൃംഖലയില്‍ വേറെ നാലു ത്വരീഖത്തുകളുടെ പരമ്പരകളും സമ്മിശ്രവുമാകുന്നു. മനുഷ്യരുടെ മോക്ഷത്തിനും സ്വര്‍ഗപ്രവേശത്തിനും പ്രവാചകന്റെ കൈകള്‍ എത്തിപ്പിടിക്കുന്ന വിധത്തിലുള്ള ഒരു മാര്‍ഗവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മറിച്ച്‌, ഖുര്‍ആനും തിരുസുന്നത്തും അംഗീകരിച്ചു ജീവിക്കുകയെന്നതാണ്‌. നബി(സ)യിലേക്ക്‌ ചെന്നുചേരുന്നതാണെന്നും പറഞ്ഞ്‌ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകുടുംബ പരമ്പരകളാണ്‌ ത്വരീഖത്തുകാര്‍ മെനഞ്ഞുണ്ടാക്കുന്നത്‌. (തുടരും)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: