മതചിഹ്നങ്ങളും പുണ്യഗേഹങ്ങളും
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്‌ഠയില്‍ നിന്നുണ്ടാകുന്നതത്രെ (22:32). വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ ഹജ്ജിലെ ഒരു വചനമാണിത്. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്നതിനിടയിലാണ് മതചിഹ്നങ്ങളെ ആദരിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
അടയാളം, പ്രതീകം, ചിഹ്നം എന്നെല്ലാം അര്‍ഥം വരുന്ന അറബി പദമാണ് ശിആര്‍. രാജ്യത്തിന്റെ ചിഹ്നം (പതാക മുതലായവ), പാര്‍ട്ടിയുടെ ചിഹ്നം എന്നെല്ലാം പറയുന്നതു പോലുള്ളതോ ദൈവത്തെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നതോ അല്ല വിശുദ്ധ ഖുര്‍ആന്‍ ആദരിക്കാന്‍ പറഞ്ഞ മതചിഹ്‌നങ്ങള്‍. അല്ലാഹു ആദരണീയത കല്‌പിക്കുകയും ആദരിക്കാന്‍ കല്‌പിക്കുകയും ചെയ്‌ത ചില സ്ഥലങ്ങള്‍, ചില വസ്‌തുക്കള്‍, ചില സമയങ്ങള്‍, ദിവസങ്ങള്‍, മാസങ്ങള്‍ തുടങ്ങിയവയെപ്പറ്റിയാണ് മതചിഹ്നങ്ങള്‍ എന്ന് വിശേഷിപ്പിച്ചത്. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മതചിഹ്നങ്ങളെ അനാദരിക്കരുത്'' (5:2) എന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഏതാണ് ഇപ്പറഞ്ഞ മതചിഹ്നങ്ങള്‍? ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട സ്വഫയും മര്‍വയും അല്ലാഹുവിന്റെ മതചിഹ്നങ്ങളായി (2:158) ഖുര്‍ആനില്‍ വിവരിക്കുന്നു. ബലിമൃഗങ്ങള്‍ മതചിഹ്നമാക്കിയിരിക്കുന്നു എന്നും (22:36) പറഞ്ഞിട്ടുണ്ട്. മക്ക എന്ന രാജ്യം ആദരണീയമാക്കിയിരിക്കുന്നു (27:91) എന്നും മസ്‌ജിദുല്‍ ഹറാമും മസ്‌ജിദുല്‍ അഖ്‌സ്വയും പവിത്രമാക്കിയിരിക്കുന്നു (17:1) എന്നും ഖുര്‍ആനിലുണ്ട്. മദീനയെ ആദരണീയമാക്കിയിരിക്കുന്നു എന്നും മസ്‌ജിദുന്നബവിയില്‍ നബിയുടെ മുറിയുടെയും മിന്‍ബറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പാണെന്നും പ്രവാചകന്‍ പഠിപ്പിച്ചു. ഇതര സ്ഥലങ്ങളെക്കാള്‍ ശ്രേഷ്‌ഠമാണ് പള്ളികള്‍ എന്ന് പറയേണ്ടതില്ലല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹു ആദരിച്ച സ്ഥലങ്ങളെ ആദരിക്കല്‍ ധര്‍മനിഷ്‌ഠയുടെ (തഖ്‌വ) ലക്ഷണമാണ്. ഇതുപോലെ പവിത്രമായ സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പവിത്രത കല്‌പിക്കേണ്ടത് വിശ്വാസിയുടെ ബാധ്യത തന്നെ.
ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. ഒരു വസ്‌തുവിന് പ്രത്യേക ആദരണീയതയോ പുണ്യമോ ഉണ്ടെന്ന് പറയേണ്ടത് അല്ലാഹുവും റസൂലുമാണ്. എന്താണ് പുണ്യം, എങ്ങനെ ആദരിക്കണം എന്നിത്യാദി കാര്യങ്ങളും ദൈവികമായിത്തന്നെ നിര്‍ദേശിക്കപ്പെടണം. സ്വഫയും മര്‍വയും ഹജ്ജിലെ ഒരു പ്രധാനകര്‍മമായ സഅ്‌യിന്റെ കേന്ദ്രങ്ങളായി നിശ്ചയിക്കപ്പെട്ടവയാണ്. അവയെ അതിനപ്പുറം എന്തെങ്കിലും ആയി കാണുകയോ ദിവ്യത്വം കല്‌പിക്കുകയോ അവിടുത്തെ മണ്ണ് വാരി കൊണ്ടുവരികയോ ചെയ്യാന്‍ പാടില്ല. അതുപോലെ മറ്റേതെങ്കിലും മലകള്‍ക്കോ കുന്നുകള്‍ക്കോ പുണ്യം കല്‌പിക്കാനും പാടില്ല. ഉദാഹരണത്തിന് വേറെ ചില മലകള്‍ ശ്രദ്ധിക്കുക. മക്കയിലെ ജബല്‍ഖുബൈസ്, ജബലുന്നൂര്‍, ജബല്‍സൗര്‍, മദീനയിലെ ജബല്‍ ഉഹ്‌ദ് എന്നിവയെല്ലാം പ്രവാചക ജീവിതവുമായി ഇഴുകിച്ചേര്‍ന്നവയും ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നവയുമാണ്. എന്നാല്‍ അവയ്‌ക്ക് ചരിത്ര പ്രാധാന്യത്തിലപ്പുറം ഒരു പുണ്യവും കല്‌പിച്ചുകൂടാ. വിശുദ്ധ ഖുര്‍ആനില്‍ പലതവണ പേരെടുത്തു പറഞ്ഞ ത്വൂര്‍ മലയിലേക്ക് പുണ്യംതേടിപ്പോയ ആളുകളെ ഉമര്‍(റ) കര്‍ക്കശമായി ശാസിച്ചത് ചരിത്രവസ്‌തുതയാണ്. സഅ്‌യിന്റെ സമാരംഭമായ സ്വഫായില്‍ സഅ്‌യിന്റെ ഭാഗമായി പ്രാര്‍ഥനയുണ്ട്. എന്നാല്‍ അവിടെ നമസ്‌കാരമോ മറ്റോ നിര്‍വഹിച്ചുകൂടാ. ജബലുന്നൂറിലെ ഹിറാഗുഹയ്‌ക്കടുത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് പുണ്യമായി കാണുന്നത് അന്ധവിശ്വാസമാണ്. നബി(സ) കാണിച്ചുതന്നതിനപ്പുറം പുണ്യം നാം നിശ്ചയിച്ചുകൂടാ. അതുപോലെ തന്നെ അല്ലാഹു നല്‌കിയ ആദരവ് ലാഘവത്തോടെ കാണുന്നത് വിശ്വാസത്തിന്റെ അപൂര്‍ണതയാണ്.
ഈ വസ്‌തുതകള്‍ മനസ്സിലാക്കാത്ത മുസ്‌ലിം സമൂഹം എന്തെങ്കിലും പ്രത്യേകത പറഞ്ഞുകേട്ടാല്‍ മതി, അവിടെ പുണ്യം കല്‌പിച്ച് കാത്തിരിക്കുന്നത് കാണാം. ഈ രംഗത്ത് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ചില മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഹജ്ജിനും ഉംറയ്‌ക്കും പോകുന്ന അജ്ഞരായ ആളുകളില്‍ ഇത് എമ്പാടും കാണാം. ത്വവാഫിനു ശേഷം മഖാമു ഇബ്‌റാഹീമിന്റെ പിന്നില്‍ വച്ച് നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചു. ആളുകളാകട്ടെ മഖാമു ഇബ്‌റാഹീം അടയാളപ്പെടുത്തിയ ചില്ലുകൂട്ടിനെ ചുംബിക്കുന്നു, തൊട്ടുമുത്തുന്നു. കഅ്‌ബ ലോകത്തിലെ ഏറ്റവും ആദരണീയമായ സ്ഥലമാണ്. എന്നാല്‍, കഅ്‌ബക്കുമീതെ (വല്ലപ്പോഴും) പെയ്യുന്ന മഴവെള്ളം ഒഴുകിവരുന്ന പാത്തിക്കു താഴെ ആ അഴുക്കുജലത്തിനു വേണ്ടി തിക്കിത്തിരക്കുന്നു. ഏതാണ് പുണ്യം, ഏതാണ് പുണ്യമല്ലാത്തത് എന്ന് വകതിരിവില്ലാതെ പോകുന്നു. അതിനെക്കാള്‍ അപകടകരമായ നിലയിലേക്ക് മുസ്‌ലിംകള്‍ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതായി കാണുന്നു. മക്കയെക്കാള്‍ മദീനയ്‌ക്കു പ്രാധാന്യം കല്‌പിക്കുന്നത് വിശ്വാസവൈകല്യമാണ്. ചിലര്‍ മസ്‌ജിദുല്‍ ഹറാമിനെക്കാള്‍ മസ്‌ജിദുന്നബവിക്ക് പവിത്രത കല്‌പിക്കുന്നു. ഒരു മാസത്തെ വിസയില്‍ ഉംറയാത്ര നടത്തി ഉംറയടക്കം ഒരാഴ്‌ച മസ്‌ജിദുല്‍ ഹറമിലും മൂന്നാഴ്‌ച മസ്‌ജിദുന്നബവിയിലും കഴിച്ചുകൂട്ടിയ ഒരു കുടുംബത്തെ മസ്‌ജിദുന്നബവിയില്‍ വച്ച് പരിചയപ്പെടാനിടയായി. ഇതൊരു യാദൃച്ഛിക സംഭവമല്ല. പൗരോഹിത്യത്താല്‍ വഴിപിഴപ്പിക്കപ്പെടുന്ന വിവരം കുറഞ്ഞ സാധാരണക്കാരന്റെ പ്രതീകമാണ് ആ കുടുംബം.
നബി(സ) വ്യക്തമായിപ്പറഞ്ഞു: `എന്റെ ഈ പള്ളിയിലെ (മസ്‌ജിദുന്നബവി) നമസ്‌കാരം മസ്‌ജിദുല്‍ ഹറാമൊഴികെയുള്ള ഇതര പള്ളികളില്‍ നമസ്‌കരിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ് ശ്രേഷ്‌ഠമാണ്. മസ്‌ജിദുല്‍ഹറാമിന് ഒരു ലക്ഷം ഇരട്ടി പ്രതിഫലമുണ്ട്.' പ്രാധാന്യത്തിന്റെയും ശ്രേഷ്‌ഠതയുടെയും മുന്‍ഗണനാക്രമമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഇത് മാറ്റിമറിക്കാനോ തിരുത്താനോ മറ്റാര്‍ക്കും അവകാശമില്ല. `എന്റെ വീടിന്റെയും എന്റെ മിന്‍ബറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ പെട്ട ഒരു തോപ്പാണ്' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അത് മസ്‌ജിദുന്നബവിക്കകത്തെ ഒരു ചെറിയ സ്ഥലമാണ്. നബി(സ) പതിവായി നമസ്‌കാരത്തിനായി നടന്നുവന്നിരുന്ന സ്ഥലമാണത്. റൗദതുന്‍ മിന്‍ റിയാദില്‍ ജന്നഃ എന്നാണ് പ്രവാചകന്‍ പ്രയോഗിച്ച പദങ്ങള്‍. മസ്‌ജിദുന്നബവിയില്‍ ഏകദേശം ആ സ്ഥലം അടയാളപ്പെടുത്തി വച്ചിട്ടുണ്ടുതാനും. എന്നാല്‍ മുസ്‌ലിംലോകം `റൗദ' എന്നത് പ്രവാചകന്റെ ഖബ്‌റാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. തന്റെ ഖബ്‌ര്‍ എവിടെയാണെന്ന് നബി(സ) മുന്‍കൂട്ടി പ്രവചിച്ചിട്ടില്ലല്ലോ.
നബി(സ) മരണപ്പെട്ടപ്പോള്‍ ജനാസ എവിടെ മറവുചെയ്യണമെന്ന ആലോചനയുണ്ടായി. നബിയുടെ സന്തതസഹചാരിയും പ്രഥമ വിശ്വാസിയും അവിടുത്തെ നേര്‍ പിന്‍ഗാമിയുമായ അബൂബക്‌ര്‍(റ)പറഞ്ഞു: ``പ്രവാചകന്‍ മരണപ്പെട്ടിടത്തു തന്നെ മറവു ചെയ്യപ്പെടണമെന്ന് റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.'' അങ്ങനെയാണ് ആഇശ(റ)യോടൊത്ത് നബി(സ) താമസിച്ചിരുന്ന വീട് നബി(സ)യുടെ മഖ്‌ബറയായി രൂപാന്തരപ്പെട്ടത്. പള്ളിക്കകത്ത് മറവ് ചെയ്‌തതോ മഖ്‌ബറ പള്ളിയാക്കിയതോ അല്ല. അബൂബക്‌ര്‍(റ), ഉമര്‍(റ) എന്നിവരുടെ ഖബ്‌റുകളും അതിനോട് ചേര്‍ന്നു തന്നെയാണ്. അതിലേക്ക് ആര്‍ക്കും പ്രവേശനമില്ല. ആ മുറിക്ക് മുന്നിലൂടെ കടന്നുപോകാം. ഖബ്‌റടക്കപ്പെട്ടവര്‍ക്ക് വേണ്ടി സലാം പറയാന്‍ നബി(സ) പഠിപ്പിച്ചതനുസരിച്ച് നബിയുടെ ഖബ്‌റിനും ദൂരെ നിന്ന് സലാം പറഞ്ഞ് നബിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വിശ്വാസികള്‍ക്ക് സൗകര്യമുണ്ട്. പച്ചയായ ഈ യാഥാര്‍ഥ്യത്തെ കീഴ്‌മേല്‍ മറിച്ച്, പ്രവാചകന്റെ ഖബ്‌റുള്ള മുറിക്ക് `ഹുജ്‌റ ശരീഫ` (വിശുദ്ധ മുറി) എന്ന് ചിലര്‍ നാമകരണം ചെയ്യുകയും അത് ലോകത്തിലെ ഏറ്റവും ശ്രേഷ്‌ഠമായ സ്ഥലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്തുമാത്രം ഖേദകരമാണ്! വിശുദ്ധ കഅ്‌ബയെക്കാള്‍ നബിയുടെ ഖബ്‌ര്‍ ശ്രേഷ്‌ഠമാണെന്ന് പോലും പറയുന്നത് `പണ്ഡിതരെന്ന്' ജനങ്ങള്‍ ധരിച്ചുവച്ചവരാണ്! അതാണ് ഏറെ അപകടം. കാരണം സാധാരണക്കാരന്റെ അജ്ഞത ദൂരീകരിക്കാം. പണ്ഡിതന്റെ പൗരോഹിത്യത്തിന് പരിഹാരമില്ല. ഹുജ്‌റ ശരീഫയിലടിഞ്ഞുകൂടിയ പൊടി വടിച്ചെടുത്ത് കൊണ്ടുവന്ന് വെള്ളത്തില്‍ കലക്കി വില്‌ക്കുമെന്ന് ഈയിടെ ഒരു വിദ്വാന്‍ പ്രചരിപ്പിച്ചത് പ്രബുദ്ധ കേരളത്തിലാണ്!
തീര്‍ഥാടനം അഥവാ പുണ്യത്തിനുവേണ്ടിയുള്ള യാത്ര എല്ലാ മതങ്ങളിലുമുണ്ട്. ഹജ്ജും ഉംറയും മാത്രമാണ് ഇസ്‌ലാം നിശ്ചയിച്ച തീര്‍ഥാടനം. അത് രണ്ടും കഅ്‌ബ കേന്ദ്രമാക്കിയാണുതാനും. പ്രവാചകന്റെ വ്യക്തമായ അനുശാസനം ശ്രദ്ധിക്കുക: ``മൂന്ന് പള്ളികളിലേക്കല്ലാതെ പുണ്യം തേടിയുള്ള യാത്ര അനുവദനീയമല്ല. മസ്‌ജിദുല്‍ഹറാം, മസ്‌ജിദുന്നബവി, മസ്‌ജിദുല്‍ അഖ്‌സ്വാ എന്നിവയാണത്''. ഇവയില്‍ മസ്‌ജിദുന്നബവിയിലോ മസ്‌ജിദുല്‍ അഖ്‌സ്വയിലോ പ്രത്യേകിച്ച് ഒരു കര്‍മവും ചെയ്യാനില്ല. അവിടെ പോകാന്‍ പ്രത്യേക കാലമോ നേരമോ നിശ്ചയിക്കപ്പെട്ടിട്ടുമില്ല. അവിടങ്ങളില്‍ നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതിന് ഏറെ പുണ്യമുണ്ടെന്നു മാത്രം. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഈ യാഥാര്‍ഥ്യവും മുസ്‌ലിംകള്‍ വികലമായി മനസ്സിലാക്കി.
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നിരവധി തീര്‍ഥാടന കേന്ദ്രങ്ങള്‍ അറിയപ്പെടുന്നു. മിക്കതും ശവകുടീരങ്ങള്‍. മുസ്‌ലിംകള്‍ പുണ്യംതേടി അവിടങ്ങളിലൊക്കെ എത്തിച്ചേരുന്നു. അജ്‌മീര്‍, നാഗൂര്‍, നിസാമുദ്ദീന്‍, ബീമാപള്ളി തുടങ്ങിയ ശവകുടീരങ്ങള്‍ മുസ്‌ലിം തീര്‍ഥാടന കേന്ദ്രങ്ങളായി ചിത്രീകരിക്കപ്പെടുന്നു. പരസ്യങ്ങള്‍ വരുന്നു. അല്ല, മുസ്‌ലിം പണ്ഡിതന്മാര്‍ അത്തരം കേന്ദ്രങ്ങളിലേക്ക് തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കുന്നു. ശിര്‍ക്കിലേക്ക് നയിക്കുന്ന അനാചാരങ്ങളും മുഹമ്മദ് നബി(സ)യെ പരസ്യമായി ധിക്കരിക്കലുമാണ് ആ യാത്രകള്‍. ഹാജിമാര്‍ സംസം കൊണ്ടുവരുന്നതു പോലെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് അന്ധവിശ്വാസികള്‍ തീര്‍ഥജലവും കന്നാസുകളിലാക്കി കൊണ്ടുപോകുന്നു. കഅ്‌ബയെ ത്വവാഫ് ചെയ്യുന്നതുപോലെ ഖബ്‌റുകളെ ത്വവാഫ് ചെയ്യുന്നവര്‍പോലും നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ എന്നാണറിയപ്പെടുന്നത്. വിശ്വാസം കുഴമറിയുന്ന രംഗങ്ങളാണിവയെല്ലാം. ആരെങ്കിലും ഈ സത്യം വിളിച്ചുപറഞ്ഞാല്‍ അവര്‍ മഹാന്മാരോട് സ്‌നേഹമില്ലാത്തവര്‍ എന്ന് മുദ്രയും ചാര്‍ത്തപ്പെടുന്നു.
അല്ലാഹു ആദരിച്ച സ്ഥലങ്ങളെയും സമയങ്ങളെയും വ്യക്തികളെയും ആദരിക്കല്‍ ഭക്തിയില്‍ പെട്ടതാണ്. അവയുടെ പവിത്രത നിരാകരിക്കുന്നത് വിശ്വാസത്തിന്റെ അപൂര്‍ണതയാണ്. അല്ലഹുവോ റസൂലോ ആദരണീയമെന്ന് പറയാത്ത സ്ഥലങ്ങള്‍ക്ക് ആദരവ് കല്‌പിക്കുന്നത് വിശ്വാസ വൈകല്യമാണ്. അല്ലാഹുവോ റസൂലോ നിശ്ചയിക്കാത്ത പുണ്യങ്ങള്‍ പുതുതായി ഉണ്ടാക്കല്‍ മതനിയമങ്ങളില്‍ (ശരീഅത്ത്) കൈകടത്തലാണ്.
0 comments: