ശബാബ് കത്തുകള്‍ 2013_oct_18

  • Posted by Sanveer Ittoli
  • at 12:15 AM -
  • 0 comments

ശബാബ് കത്തുകള്‍ 2013_oct_18

മഹല്ല്‌ ഭ്രഷ്‌ടും സഭയുടെ `തിരുവിരോധവും'


ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സഭയെ വിമര്‍ശിച്ച്‌ ലേഖനമെഴുതിയതിന്റെ പേരില്‍ എം ജി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗത്തിന്റെ ശവസംസ്‌കാരം പള്ളിയില്‍ നടത്താന്‍ പറ്റില്ലെന്ന്‌ പറയുകയും സ്വന്തം ഭൂമിയില്‍ അടക്കം ചെയ്യുകയും ചെയ്‌തുവെന്ന വാര്‍ത്ത വന്നത്‌ ഇക്കഴിഞ്ഞ ആഴ്‌ചയാണ്‌. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ക്ക്‌ പലതിനും അത്‌ പെട്ടിക്കോളം വാര്‍ത്ത പോലുമായില്ല എന്നത്‌ അത്ഭുതകരമാണ്‌. ഈ സ്ഥാനത്ത്‌ വല്ല മുസ്‌ലിം മഹല്ലുകളുമാണ്‌ പ്രതിക്കൂട്ടിലെങ്കില്‍ ഒന്നാംപേജ്‌ വാര്‍ത്തക്കും അന്നത്തെ ചാനല്‍ ചര്‍ച്ചക്കും അത്‌ വലിയ വിഭവമാകുമായിരുന്നു. `മഹല്ല്‌ ഭ്രഷ്‌ട്‌' എന്ന പദം പോലും വ്യാപകമായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. `സഭാ ബഹിഷ്‌ക്കരണം' എന്ന നടപടി ഉള്ളതായി നമുക്കോ മാധ്യമങ്ങള്‍ക്കോ അറിയുക പോലുമില്ലെന്നത്‌, വാര്‍പ്പുമാതൃകകള്‍ സൃഷ്‌ടിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌. ഇറ്റാലിയന്‍ നാവികര്‍ സസുഖം സ്വന്തം നാട്ടില്‍ കഴിയുന്നതും മഅ്‌ദനിക്ക്‌ ജാമ്യം നിഷേധിക്കപ്പെട്ടതും ഇതിന്റെ മറ്റൊരു വശമാണ്‌. `വിവാദം' എന്ന പദമുപയോഗിക്കുന്നതില്‍ പോലും കൃത്യമായ ഹിഡന്‍ അജണ്ടകളുണ്ട്‌. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലര്‍ വിവാദം എന്ന ആദ്യ ദിവസം തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌ത പത്രങ്ങള്‍ക്ക്‌ സഭാ ബഹിഷ്‌ക്കരണം `വിവാദ'മോ `വിവാദമായേക്കാവുന്ന' ഒന്നോ അല്ല
ആബിദ്‌ ഹുസൈന്‍, തൃശൂര്‍


ഭീകരവാദാരോപണം സ്‌പോണ്‍സര്‍ ചെയ്യുന്നതാര്‌?

കോഴിക്കോട്ടെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ പ്രത്യേകമായി ഫോക്കസ്‌ ചെയ്‌തുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ നടപടിയും പൊതു മേഖലാ ബാങ്കുകളില്‍ അക്കൗണ്ട്‌ തുറക്കുന്നതിന്‌ മുസ്‌ലിം പേരുള്ളവര്‍ക്ക്‌ അധിക പരിശോധന നടപ്പിലാക്കാനുള്ള ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും തേജസ്‌ പത്രത്തിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‌കിയ പ്രസ്‌ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ നടപടിയും ഉദ്യോഗസ്ഥ, അധികാര വൃന്ദത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ ന്യായമായും സംശയിക്കാം. മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ മൂന്ന്‌ വകുപ്പുകളും പുതിയ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്‌. ഇതോടൊപ്പം കേന്ദ്ര ആഭ്യന്തര വകുപ്പ്‌ മന്ത്രിയുടെ പ്രസ്‌താവന കൂടി കൂട്ടിവായിക്കുമ്പോഴാണ്‌ അത്ഭുതം തോന്നുന്നത്‌. എഴുതി തയ്യാറാക്കിയ തിരക്കഥയുടെ അരങ്ങേറ്റമാണിതെന്ന്‌ സംശയിക്കാവുന്ന സാഹചര്യമാണുള്ളത്‌. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വരവ്‌ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെയാണ്‌ നോക്കിക്കാണുന്നത്‌.
കൂട്ടത്തില്‍ മുസഫര്‍ നഗര്‍ കലാപം കൂടിയായപ്പോള്‍ മുസ്‌ലിംകളാദി ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥ വര്‍ധിക്കുകയാണുണ്ടായത്‌. ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ അരക്ഷിതാവസ്‌ഥയും ഭയപ്പാടും വര്‍ധിപ്പിക്കുക എന്നത്‌ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള രാഷ്‌ട്രീയ നിലപാടായി വ്യാഖ്യാനിക്കാം. അരക്ഷിതാവസ്ഥയിലുള്ള ഒരു സമുദായത്തെ പ്രലോഭനങ്ങള്‍ കൊണ്ടും വാഗ്‌ദാനങ്ങള്‍ കൊണ്ടും എളുപ്പത്തില്‍ വെട്ടിലാഴ്‌ത്താനാവും. പ്രലോഭനങ്ങള്‍ കൊണ്ട്‌ മുസ്‌ലിം സമുദായത്തെ വോട്ട്‌ ബാങ്കാക്കി നിര്‍ത്താനാണല്ലോ കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികള്‍ എന്നും ശ്രമിച്ചിട്ടുള്ളത്‌. ഒരാഴ്‌ചക്കുള്ളില്‍ വ്യത്യസ്‌ത വകുപ്പുകളില്‍ നിന്ന്‌ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സര്‍ക്കുലറും നടപടികളും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ പരിപാടിയായി മാറുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ഭരണം കയ്യാളുന്ന കക്ഷികളില്‍ മുഖ്യസ്ഥാനത്തുള്ള മുസ്‌ലിംലീഗ്‌ ഇനിയും ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുന്നത്‌ കുറ്റകരമായിത്തീരും.
അഫ്‌സല്‍ മുഹമ്മദ്‌ കോഴിക്കോട്‌


- വീണ്ടും വായിക്കാന്‍ -മുസ്‌ലിം സമുദായത്തിലെ സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങള്‍

ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍ നിന്ന്‌ മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്‌ലിംകളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്‌ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന്‌ നേതൃത്വം കൊടുത്ത പ്രധാന വ്യക്തിയാണ്‌ സയ്യിദ്‌ സനാഉല്ല മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്‌, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന്‌ വശമായിരുന്നു. ബ്രിട്ടീഷ്‌ സര്‍ക്കാരിനു കീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത്‌ രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ്‌ അദ്ദേഹം പൊരുതിയത്‌. മുസ്‌ലിംകളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്‌കൃതരാവാന്‍ ഉദ്‌ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്‌തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനു മുന്നില്‍ കീഴടങ്ങിയില്ല.
ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി എടുത്തുപറയേണ്ട പേരാണ്‌. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്‌ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍ നിന്ന്‌ വിമുക്തമാക്കി ആധുനികതയിലേക്ക്‌ നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ പ്രത്യേക താല്‍പ്പര്യമെടുത്തു. ശൈഖ്‌ മുഹമ്മദ്‌ ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്‌. ഇസ്‌ലാമിക നവോത്ഥാനത്തിന്‌ പ്രധാന പങ്കുവഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്‌ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്‌ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ്‌ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്‌.
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ്‌ മുസലിയാര്‍ക്ക്‌ പ്രധാന പങ്കുണ്ട്‌. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്‌ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ്‌ പ്രധാനമായും പരിശ്രമിച്ചത്‌. ഒരു വിജ്ഞാനവും ഹറാമല്ലെന്ന്‌ പ്രഖ്യാപിച്ച അറയ്‌ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ്‌ സാഹിബും ഈ ഗണത്തില്‍ പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌ത സി എന്‍ അഹമ്മദ്‌ മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്‌. ഖുര്‍ആന്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ്‌ എന്ന വാദമാണ്‌ അക്കാലത്ത്‌ ഉയര്‍ന്നത്‌. അതിനെ നേരിട്ടാണ്‌ അദ്ദേഹം മുന്നോട്ടുപോയത്‌. അഹമ്മദ്‌ മൗലവിക്ക്‌ ഖുര്‍ആന്‍ പരിഭാഷയ്‌ക്ക്‌ പ്രചോദനം നല്‍കിയത്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത്‌ സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്‌.
ലോകത്ത്‌ മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ്‌ ശീഅ, സുന്നി എന്നീ നിലകളിലാണ്‌. കേരളത്തില്‍ ശീഅകളുടെ സ്വാധീനം ഇല്ലെന്നു തന്നെ പറയാം. സുന്നി വിഭാഗമാണ്‌ പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നത്‌ ഇസ്‌ലാമിന്‌ തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട്‌ പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്‌. മതനവീകരണത്തിന്‌ എന്ന നിലയില്‍ രൂപംകൊണ്ടതാണ്‌ മുജാഹിദ്‌ പ്രസ്ഥാനം. സ്‌ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്‌ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നു. മതത്തിനകത്ത്‌ പുരോഗമന കാഴ്‌ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്‌ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌.
മതത്തെയും ഭരണകൂടത്തെയും രണ്ടായി കാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന്‌ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌ ജമഅത്തെ ഇസ്‌ലാമി. ഇസ്‌ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്‌ലാം മതവിശ്വാസത്തെ മുന്നോട്ട്‌ കൊണ്ടുപോകാനാകൂ എന്ന നിലപാട്‌ അവര്‍ സ്വീകരിക്കുന്നു. ആര്‍ എസ്‌ എസ്സിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്‌ക്കുന്ന ജമഅത്തെ ഇസ്‌ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്‌. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട്‌ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ്‌ അവര്‍ ഇന്ന്‌ ശ്രമിക്കുന്നത്‌. 
എന്‍ ഡി എഫ്‌ ഇപ്പോള്‍ എസ്‌ ഡി പി ഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്‌. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ്‌ ഇവരുടെ രീതി. മുസ്‌ലിം സമുദായാംഗങ്ങള്‍ മറ്റ്‌ വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേക രീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്‌ത്രധാരണം നടത്തുകയും വേണമെന്ന്‌ അവര്‍ ശഠിക്കുന്നു. മുസ്‌ലിം സമുദായത്തില്‍ ഫാസിസ്റ്റ്‌ രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. മുസ്‌ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന്‌ മാറ്റിനിര്‍ത്തുന്ന രീതിയാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്‌.
പിണറായി വിജയന്‍ (ദേശാഭിമാനി, 05-10-2013)


മലബാര്‍ ചരിത്രം അറബികളുടേതും

ലക്കം 9 ല്‍ പ്രസിദ്ധീകരിച്ച പരപ്പില്‍ മമ്മത്‌ കോയയുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ചരിത്രപരമായി മുസ്‌ലിം ഭരണാധികാരികളെയും മുസ്‌ലിംകളെയും മോശക്കാരായി ചിത്രീകരിക്കുന്ന ഈ കാലഘട്ടത്തില്‍ മമ്മത്‌ കോയയെപ്പോലുള്ള ചരിത്രകാരന്മാര്‍ സത്യം തുറന്നുപറയുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതുപോലെ ഇനിയും ഒളിപ്പിക്കപ്പെടുന്ന സത്യങ്ങള്‍ തുറന്നെഴുതാന്‍ ശബാബിനു സാധിക്കട്ടെ.
ഫൈസല്‍ വലൂര്‍ തിരൂര്‍
Share/Save/Bookmark

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: