ലക്ഷ്യം പിഴക്കുന്ന മാധ്യമ പ്രവര്‍ത്തനം
-ലേഖനം-
മുഹമ്മദ് വാദിഹ് റശീദ് നദ്‌വി
വാര്‍ത്തകള്‍ അറിയാനും വിജ്ഞാന സമ്പാദനത്തിനുമുള്ള മാര്‍ഗങ്ങള്‍ വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. വാര്‍ത്താമാധ്യമരംഗത്ത് എത്രയോ പിന്നാക്കം നിന്നിരുന്ന രാജ്യങ്ങള്‍ പോലും വളരെ മുമ്പിലെത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ ഉയര്‍ന്നുവന്ന രാജ്യങ്ങളില്‍ ചിലത് ഇന്ന് സ്വയം പര്യാപ്‌തമായി നിലകൊള്ളുന്നുണ്ട്. സാങ്കേതികവിദ്യയിലും വൈദ്യശാസ്‌ത്ര രംഗത്തുമെല്ലാം അവരുടെ ഗവേഷണം അവരെ മറ്റുള്ളവരുടെ മുമ്പിലെത്തിച്ചുകഴിഞ്ഞു. ഇതര രാജ്യ നേതാക്കള്‍ അങ്ങോട്ടാകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ അനുഭവജ്ഞാനം കൂടി ഉപയോഗപ്പെടുത്താന്‍ വന്‍കിടക്കാര്‍ മത്സരിക്കുന്നു.
വാര്‍ത്താമാധ്യമരംഗത്തെ പുരോഗതി കൊണ്ടുമാത്രം പല വന്‍ നഗരങ്ങളും ജീവിതത്തിന്റെ എല്ലാ രംഗത്തും ഇന്ന് പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്നതായി കാണാം. ശില്‌പകല, നിര്‍മാണം, വിദ്യാഭ്യാസം, ചികിത്സ, വ്യവസായം തുടങ്ങിയ രംഗങ്ങളിലൊന്നും തന്നെ ഇന്ന് കിഴക്കിന്റെയും പടിഞ്ഞാറിന്റെയുമിടയില്‍ യാതൊരു വ്യത്യാസവുമില്ല. ഏതു കുഗ്രാമത്തിലും ഇന്ന് വിദ്യാലയങ്ങളുണ്ട്. കോളെജുകളും സര്‍വകലാശാലകളുമുണ്ട്. മനുഷ്യരെല്ലാം പരസ്‌പരം സഹകരിച്ച് ഐക്യത്തോടെ ജീവിച്ച് സമാധാനവും ശാന്തിയും നിര്‍ഭയത്വവും പങ്കിട്ട് സൗഖ്യത്തോടെ കഴിഞ്ഞുകൂടണമെന്നായിരുന്നു ഇതിന്റെ തേട്ടം. പക്ഷേ, നിലവിലുള്ള അവസ്ഥ നോക്കിക്കാണുന്ന ഒരു വ്യക്തിയില്‍ ആധുനിക നാഗരികത നിരാശ ജനിപ്പിക്കുന്നു. വാര്‍ത്താവിനിമയ പുരോഗതി അതിന്റെ ഉത്തുംഗതയിലെത്തിയിട്ടും സമകാലിക ലോകം ഛിദ്രതയിലേക്കും നാശത്തിലേക്കും അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നു.
ആധുനിക ലോകത്തിന്റെ ഗതി മനസ്സിലാക്കാന്‍ ലോകത്തിന്റെ എല്ലാ പ്രദേശങ്ങളും കൈയിലൊതുക്കിയിരിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മാധ്യമങ്ങള്‍ നോക്കിയാല്‍ മതി. പത്രങ്ങളും ടെലിവിഷനും സോഷ്യല്‍ മാധ്യമങ്ങളും ഒട്ടേറെ വളര്‍ന്നിരിക്കുന്നു. ഇവിടെ റിപ്പോര്‍ട്ടര്‍മാരോ സ്വന്തം ലേഖകരോ ആവശ്യമില്ല. ആര്‍ക്കും തന്റെ അഭിപ്രായങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഫെയ്‌സ്‌ബുക്ക്, യൂട്യൂബ് പോലുള്ള മീഡിയകളുണ്ട്. ഏതു വ്യക്തിയുടെയും വീക്ഷണങ്ങളും ചിന്തകളും ഫോട്ടോകളും ദൃശ്യങ്ങളുമെല്ലാം അത് മറ്റുള്ളവര്‍ക്കു കൈമാറുന്നു. സംഭവങ്ങളും വീക്ഷണങ്ങളും ചിത്രങ്ങളും ചിന്തകളും സംശോധനകളില്ലാതെ സര്‍വതന്ത്ര സ്വതന്ത്രമായി കൈമാറുന്ന ഈ അവസ്ഥ മനഷ്യരാശിയെ മാനസിക സംഘര്‍ഷത്തിലേക്കും ചിന്താസംഘട്ടനത്തിലേക്കും നയിക്കുകയാണ്. കാരണം അത് രാഷ്‌ട്രീയവും സാമുദായികവും ദേശീയവും മതപരവുമായ വികാരങ്ങളെ പലപ്പോഴും അകാരണമായി വ്രണപ്പെടുത്തുന്നുണ്ട്. ആരോടും ബാധ്യതയില്ലെന്ന രീതിയില്‍ വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും കടന്നാക്രമിക്കുകയും വികലമാക്കുകയും അതില്‍ വിഷം കലര്‍ത്തുകയും ചെയ്യുന്നു. എല്ലാവരുടെയും സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകളുണ്ട്; മീഡിയകള്‍ അതിനപ്പുറത്തല്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലും അതു കൈമാറുന്നതിലും സ്വകാര്യതകളില്‍ ഇടപെടുന്നതിലും ക്യാമറകളുടെ ഒളികണ്ണുകളിലും നിയന്ത്രണങ്ങള്‍ പാലിച്ചേ തീരൂ. അതില്ലാത്തപക്ഷം മനുഷ്യന്‍ തലമുറകളായി പടുത്തുയര്‍ത്തിയ ഉന്നതമായ നാഗരികതയും സംസ്‌കാരവും തകര്‍ക്കപ്പെടും. അങ്ങനെ ജീവിതം തമോയുഗത്തിലേക്കു മടങ്ങുന്നത് വേദനാജനകമാണ്.
ഇന്ന് പലപ്പോഴും വ്യക്തികളെയും ചിന്താധാരകളെയും അന്ധമായി എതിര്‍ക്കാനും ക്രൂരമായി കയ്യേറാനും സംഭവങ്ങളെ അവയുടെ യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി റിപ്പോര്‍ട്ടു ചെയ്യാനും ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കാനും മീഡിയകള്‍ തയ്യാറാകുന്നു. വിവര സാങ്കേതിക രംഗത്തെ പല മീഡിയയുടെയും സ്ഥിതി ഇതാണ്. കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കെതിരിലും മുസ്‌ലിംകള്‍ക്കെതിരിലും കാലങ്ങളായി പാശ്ചാത്യ മീഡിയകള്‍ കടന്നാക്രമണം തുടങ്ങിയിട്ട്. ദിനേന അസത്യപ്രചാരണം നടത്തുന്നു. പൗരസ്‌ത്യ രാജ്യങ്ങളിലേക്കും ഇന്നിത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സോഷ്യല്‍ മീഡിയ വഴിയുള്ള ഈ ക്രൂരവിനോദം സമാധാനകാംക്ഷികളെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. മീഡിയകളും വിവരസാങ്കേതികവിദ്യയും വ്യാപകമാകുന്നതിനു മുമ്പുണ്ടായിരുന്ന സ്വസ്ഥത പോലും ഇന്ന് നഷ്‌ടപ്പെട്ടിട്ടുണ്ട്. സമാധാനവും ശാന്തിയും സൗഹൃദവും സമത്വവും നിലനില്‌ക്കുന്ന മണ്ണെന്ന് ഖ്യാതി നേടിയ രാജ്യമാണിത്. എന്നാല്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മഹാനായ പ്രവാചകനുമെതിരില്‍ പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ തുടങ്ങിയ അതിനീചവും നിന്ദ്യവുമായ ആക്രമണം ഇവിടെയുള്ള മാധ്യമങ്ങളും പിന്തുടരാന്‍ തുടങ്ങി. അതോടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി. ഒരു വിഭാഗം തീവ്രവാദികളുമുണ്ടായി.
വാര്‍ത്തകള്‍ ഉദ്ധരിക്കുന്ന സ്വാതന്ത്ര്യം നാം ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അടുത്ത കാലത്ത് സ്ഥാനത്യാഗം ചെയ്‌ത മാര്‍പ്പാപ്പ ബെനഡിക്‌ട് പോള്‍ ഇസ്‌ലാംമതം സ്വീകരിച്ചു എന്ന് യൂട്യൂബില്‍ പ്രചരിച്ചു. അനുയായികളോടൊപ്പം ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം സജ്ജാദ് എന്ന നാമവും സ്വീകരിച്ചു എന്നായിരുന്നു വാര്‍ത്ത. `തിരുനബി(സ) എന്തു നന്മ കൊണ്ടുവന്നിട്ടുണ്ടോ അതെല്ലാം വാളുകൊണ്ടാണ് നടപ്പാക്കിയതെന്ന' തന്റെ പഴയ പ്രസ്‌താവനകളെ കുറിച്ചു ചോദിച്ചപ്പോള്‍ അതെല്ലാം താന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതിനു മുമ്പ് പറഞ്ഞതാണെന്നുമായിരുന്നു യൂട്യൂബില്‍ വന്നത്. ഈ വാര്‍ത്ത ജനമധ്യത്തില്‍ ദിവസങ്ങളോളം സംസാര വിഷയമാവുകയുമുണ്ടായി. ഒടുവിലാണ് ലോകമതറിയുന്നത്; അത് സ്ഥിരീകരിക്കാത്ത വ്യാജ വാര്‍ത്തയായരുന്നുവെന്ന്!
ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും അപഹസിക്കാനും വികലമായി ചിത്രീകരിക്കാനും നിര്‍മിക്കപ്പെട്ട `ഫിത്‌ന'യെന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്ക് സഹായിയായിരുന്ന ഹോളണ്ട് സ്വദേശി അര്‍നോഡ് വാന്‍ ഹ്യൂമിന്റെ ഇസ്‌ലാം സ്വീകരണം മറ്റൊരുദാഹരണമാണ്. മുസ്‌ലിമായ ശേഷം ഉംറ നിര്‍വഹിക്കാന്‍ അദ്ദേഹം സുഊദിയിലെത്തി. മദീനയില്‍ വന്നു പ്രവാചക പ്രഭുവിന്റെ ഖബറിന്നടുത്തുനിന്ന് പശ്ചാത്താപത്തോടെ തേങ്ങിക്കരഞ്ഞു. പിന്നീട് ഈ നടന്ന സംഭവത്തെ ചുറ്റിപ്പറ്റി ഊഹാപോഹം പ്രചരിച്ചു. ആ വാര്‍ത്ത തെറ്റാണെന്നുള്ള പ്രചാരണമുണ്ടായി. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.
വിവരസാങ്കേതിക വിദ്യയുടെയും മാധ്യമങ്ങളുടേതും പോലെ തന്നെയാണ് രാഷ്‌ട്രീയ-ചിന്താ പ്രസ്ഥാനങ്ങളുടെ പേരില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പരസ്‌പര വിരുദ്ധങ്ങളായ വ്യക്തിവീക്ഷണങ്ങളും അഭിപ്രായഭിന്നതകളും പ്രചരിപ്പിക്കുന്നത്. ഗ്രന്ഥകാരന്‍ യാഥാര്‍ഥ്യങ്ങളെ തന്റെ വീക്ഷണങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് വക്രീകരിക്കുന്നു. ഇത്തരത്തിലുള്ള കൃതികള്‍ ഇന്ന് ധാരാളമുണ്ട്. ജര്‍മന്‍ ഓറിയന്റലിസ്റ്റ് വനിതയായ ഹോന്‍കയുടെ `ഇസ്‌ലാമിന്റെ സൂര്യന്‍ പടിഞ്ഞാറുദിക്കുന്നു', സാമുവല്‍ ഹണ്ടിങ്‌ടണിന്റെ `സംസ്‌കാരങ്ങളുടെ സംഘട്ടനം....' തുടങ്ങിയ കൃതികള്‍ അതില്‍ ചിലതാണ്. ഈ പുസ്‌തകങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിരവധി നിരൂപണങ്ങളും വിമര്‍ശനങ്ങളും പ്രത്യക്ഷപ്പെട്ടു. ഒരുപാടു ചര്‍ച്ചകള്‍ നടന്നു.
യൂറോപ്പില്‍ പല പ്രസിദ്ധീകരണാലയങ്ങളും ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അനേകം ഗ്രന്ഥങ്ങള്‍ അടിച്ചിറക്കുന്നു. അതിലെല്ലാം രചയിതാക്കള്‍ തങ്ങളുടെ പഠനങ്ങള്‍ക്കും ഗ്രാഹ്യബോധങ്ങളുടെ അളവുകോലിനുമനുസരിച്ച് ഇസ്‌ലാമിനെ വിലയിരുത്തുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ലോകമാര്‍ക്കറ്റുകളില്‍ ഇത്തരം കൃതികള്‍ ധാരാളം വിറ്റഴിക്കപ്പെടുന്നു. ഇസ്‌ലാമിനെക്കുറിച്ചു മാത്രം പഠനങ്ങള്‍ നടത്തി പുസ്‌തകങ്ങള്‍ പുറത്തിറക്കാന്‍ സ്ഥാപിക്കപ്പെട്ട അക്കാദമികളും യൂറോപ്പിലുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെ പഠിതാക്കള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇസ്‌ലാമിന്റെ യഥാര്‍ഥ വീക്ഷണകോണില്‍ നിന്ന് ലഭിക്കേണ്ട പഠനങ്ങള്‍ ഇന്ന് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. അതിനുമാത്രം അക്കാദമികളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാതെ നിര്‍വാഹമില്ല; അഭ്യസ്‌തവിദ്യരായ ഇത്തരം ആളുകള്‍ക്ക് ദിശാബോധം നല്‌കുന്ന, നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കുന്ന, ഗൗരവതരവും വിജ്ഞാനപ്രദവുമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‌കുന്നതുമായ കേന്ദ്രങ്ങള്‍.
ശാസ്‌ത്രവും അതിന്റെ സംഭാവനയായ വിവരസാങ്കേതിക വിദ്യകളുമെല്ലാം നമ്മുടെ വിജ്ഞാന സ്രോതസ്സുകളായിരുന്നു. ഏതെങ്കിലും ഒരു കാര്യത്തില്‍ നമുക്ക് അറിവു വേണ്ടി വന്നാല്‍, അല്ലെങ്കില്‍ സംശയം ജനിച്ചാല്‍ അതുമല്ലെങ്കില്‍ ഒരു സംഭവത്തെക്കുറിച്ച് നിജസ്ഥിതിയും സൂക്ഷ്‌മവിവരവും ആവശ്യമായി വന്നാല്‍ നാം ഓടി അഭയം തേടിയിരുന്നത് ഉപരിസൂചിത സ്രോതസ്സുകളിലായിരുന്നു. ഗ്രന്ഥങ്ങള്‍, പത്രങ്ങള്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ നമുക്ക് വിഷയത്തെക്കുറിച്ച് ശരിയായ അവബോധവും ദിശയും നല്‌കിയിരുന്നു. എന്നാല്‍ ഇന്നു നാം മീഡിയകളിലൂടെ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ആരെ വിശ്വസിക്കും? മനുഷ്യരാശിയുടെ നിലനില്‌പിനെയാണ് ഈ ചോദ്യം നേരിടുന്നത്.
പാശ്ചാത്യ നാഗരികതയുടെ പ്രണേതാക്കള്‍ പറയുന്നു: ഇത് ഒരുമയോടും ഐക്യത്തോടുമുള്ള ജീവിതത്തിന്റെ കാലമാണ്; കാരണം മീഡിയാ ബന്ധത്തിലൂടെ ലോകം ഇന്നൊരു വില്ലേജായി മാറിയിരിക്കുന്നു; അതുകൊണ്ട് അടുത്തു ബന്ധപ്പെടാനും കഴിയും; പരസ്‌പരം സഹായിക്കാനും സഹകരിക്കാനും. എന്നാല്‍ കാര്യം നേരെ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംഭവങ്ങളെയും വിഷയങ്ങളെയും വിലയിരുത്തുന്ന അളവുകോലുകള്‍ ആകെ തകിടം മറിഞ്ഞിരിക്കുന്നു. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത രീതിയില്‍ മാധ്യമങ്ങള്‍ രംഗം കീഴടക്കിയിരിക്കുകയാണ്.
0 comments: