ശബാബ് കത്തുകൾ nov_1_2013

  • Posted by Sanveer Ittoli
  • at 1:04 AM -
  • 0 comments

ശബാബ് കത്തുകൾ nov_1_2013


കത്തുകള്‍

ഹജ്ജ്‌ പെരുന്നാളിന്റെ സ്‌മരണകള്‍

അറഫയില്‍ മുഴങ്ങുന്ന വിമോചന വിളംബരം എന്ന തലക്കെട്ടില്‍ സി മുഹമ്മദ്‌ സലീം എഴുതിയ കവര്‍‌സ്റ്റോറി (ലക്കം 11) വായിച്ചു. ജനശൂന്യവും ജലശൂന്യവുമായ ഇരുണ്ട ഭൂപ്രദേശത്ത്‌ പത്‌നിയെയും മകനെയും തനിച്ചാക്കി ഇബ്‌റാഹീം(അ) വിട പറയുമ്പോള്‍ ഈ തീരുമാനം ദൈവീകമാണെങ്കില്‍ സഹിക്കാന്‍ തയ്യാറാണെന്ന്‌ പറയാന്‍ ഹാജറക്ക്‌ കരുത്തു പകര്‍ന്നത്‌ ദൈവബോധവും ത്യാഗസന്നദ്ധതയും മാത്രമായിരുന്നു. ഈ നിലപാടാണ്‌ ത്യാഗികളുടെ ഒന്നാമത്തെ മാതാവെന്ന പദവി ഹാജറക്ക്‌ നേടിക്കൊടുത്തത്‌. ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്‌മാഈലിന്റെയും രക്ഷിതാവായ ദൈവത്തിലേക്കുള്ള തീര്‍ഥാടന സ്‌മരണകളാണ്‌ ഹജ്ജും ഹജ്ജ്‌ പെരുന്നാളും.
റഹീം കെ പറവന്നൂര്‍

ആരാണ്‌ മുസ്‌ലിം സ്‌ത്രീകളെ ശാക്തീകരിച്ചത്‌?

വിവാഹപ്രായ വിവാദത്തെക്കുറിച്ച്‌ എ അസ്‌ഗറലി എഴുതിയ ലേഖനം (ലക്കം 10) ശ്രദ്ധേയമായി. കാലിക പ്രസക്ത വിഷയമായതിനാല്‍ ആളുകള്‍ക്ക്‌ ഈ വിഷയത്തില്‍ വന്നിട്ടുള്ള എല്ലാവിധ സംശയങ്ങള്‍ക്കും മറുപടി ആയി ഈ ലേഖനം മാറി. ഇന്നത്തെ പല മാധ്യമങ്ങളും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്‌ അങ്ങേയറ്റം പക്ഷപാതപരമായാണ്‌. വാസ്‌തവത്തില്‍ ആര്‍ക്കാണ്‌ മുസ്‌ലിം പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചയച്ച്‌ അവരുടെ എല്ലാവിധ പഠന-തൊഴില്‍ സാധ്യതകളും മുടക്കാന്‍ ഇത്ര താത്‌പര്യം? 
ഒരിക്കലും ഒരു മുസ്‌ലിം സംഘടനകളും ഇതിന്‌ തുനിയുകയില്ല. മുസ്‌ലിം സ്‌ത്രീകളെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നു അകറ്റി അവരെ അധപ്പതിപ്പിക്കാനുള്ള ചില യാഥാസ്ഥിതികരുടെ കുതന്ത്രമായിട്ടാണ്‌ നാം ഇതിനെ കാണേണ്ടത്‌. മുസ്‌ലിം സ്‌ത്രീകളെ സമൂഹത്തിന്റെ മുന്നിലെത്തിക്കുന്നതിനുവേണ്ടി അങ്ങേയറ്റം പ്രയത്‌നിച്ച ഒരു ചരിത്രമുണ്ടായിരുന്നു നമുക്ക്‌. അതിന്റെയെല്ലാം ഫലമായി തന്നെ മുസ്‌ലിം സ്‌ത്രീകള്‍ ശാക്തീകരിച്ച്‌ സമൂഹത്തിന്റെ അനുവദനീയ മേഖലകളില്‍ ഇതര മതസ്ഥരേക്കാള്‍ എത്രയോ മുന്‍പന്തിയിലെത്തിയിട്ടുമുണ്ട്‌. മറ്റു സംസ്ഥാനങ്ങളേക്കാള്‍ നാം ഒരുപടി മുന്‍പില്‍ തന്നെയാണ്‌ എന്ന കാര്യവും വിസ്‌മരിക്കരുത്‌. കേരള മുസ്‌ലിം സ്‌ത്രീസമൂഹത്തെ ഇത്രയും മുന്‍പന്തിയിലെത്തിക്കാന്‍ പുരോഗമന-നവോത്ഥാന സംഘടനകളുടെ ശക്തമായ ഇടപെടല്‍ കാരണമായിട്ടുണ്ട്‌. മുസ്‌ലിം സമുദായം ഇത്രയും ത്യാഗം ചെയ്‌തവരാണെങ്കില്‍ ഇന്ന്‌ സ്‌ത്രീകളുടെ എല്ലാ സാധ്യകളും മുടക്കാന്‍ അവര്‍ തയ്യാറാകുമോ? ഒരിക്കലുമില്ല. 
ഇസ്‌ലാം നിശ്ചയിച്ച ഒരു പ്രായപരിധി അതായത്‌ കുടംബജീവിതം നയിക്കാനുള്ള ശാരീരികവും മാനസികവുമായ പക്വത എത്തുന്ന പ്രായം, അതില്‍ നിന്ന്‌ അത്‌ കുറയ്‌ക്കാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു എന്ന്‌ മനസ്സുറപ്പുള്ള ഒരു മുസ്‌ലിം സംഘടനയും അനുവദിക്കുകയില്ല എന്നതാണ്‌ സത്യം. എല്ലാ മതത്തിലെന്നുപോലെ കുടുംബ ജീവിതം നയിക്കാനുള്ള ശാരീരികവും മാനസികവുമായ ഒരു പ്രായം എത്തുമ്പോള്‍ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുക എന്ന രീതിയാണ്‌ ഇസ്‌ലാമിലും ഉള്ളത്‌. വിവാഹത്തെ ഇസ്‌ലാം അത്രയ്‌ക്കും പരിപാവനമായിട്ടാണ്‌ കണക്കാക്കുന്നത്‌. 
ആദില്‍ മുഹമ്മദ്‌ കാരാട്‌പറമ്പ

ഹജ്ജിന്റെ മറുവശം

ഇസ്‌ലാമിക അനുഷ്‌ഠാന കര്‍മങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണല്ലോ ഹജ്ജ്‌. ശാരീരികമായ ശേഷിയും സാമ്പത്തിക ഭദ്രതയും സമയവും എല്ലാം ഒത്തിണങ്ങിയവര്‍ക്കാണ്‌ ഹജ്ജ്‌ നിര്‍ബന്ധം. മറ്റു ആരാധനാകര്‍മങ്ങള്‍ക്ക്‌ ഇവയെല്ലാം ഒന്നിച്ച്‌ ആവശ്യമില്ല. ഹജ്ജിന്റെ ഓരോ കര്‍മങ്ങളിലും മറ്റൊരു വശം കാണാം. മനുഷ്യന്റെ ജീവിതത്തില്‍ എല്ലാവരും നേരിടേണ്ടുന്ന മരണമെന്ന അലംഘനീയമായ വിധിയെയും അതിനു ശേഷമുള്ള കര്‍മങ്ങളെയും ഹജ്ജ്‌ ഓര്‍മിപ്പിക്കുന്നതായി വായിച്ചെടുക്കാനാവും.
ഹജ്ജിന്റെ കര്‍മങ്ങള്‍ തുടങ്ങുന്നത്‌ കുളിച്ച്‌ വൃത്തിയായിക്കൊണ്ടാണ്‌. മരണപ്പെട്ട മനുഷ്യന്റെ ശരീരം കുളിപ്പിക്കുന്നു. രണ്ട്‌ വെളുത്ത വസ്‌ത്രമാണ്‌ ഹാജി ധരിക്കുന്നത്‌. മയ്യിത്തിനെ പൊതിയുന്നത്‌ മൂന്ന്‌ വെളുത്ത വസ്‌ത്രങ്ങള്‍ കൊണ്ടാണ്‌. ഹജ്ജിനു വേണ്ടി സ്വദേശം വിട്ട്‌ മറ്റൊരു ദേശത്തേക്ക്‌ പോകുന്നു. മരണത്തോടെ ഈ ലോകം വിട്ട്‌ മറ്റൊരു ലോകത്തേക്കു പോകുന്നു. സ്വഫാ മര്‍വക്കിടയില്‍ നെട്ടോട്ടം ഓടുന്നു ഹാജി. പരലോകത്ത്‌ മനുഷ്യന്‍ നഫ്‌സി നഫ്‌സി എന്നു പറഞ്ഞ്‌ ഓടിക്കൊണ്ടിരിക്കുന്നു. ഹാജി മുസ്‌ദലിഫയില്‍ രാപ്പാര്‍ക്കുന്നു. ഖബറില്‍ ബര്‍സഖെന്ന ജീവിതത്തിലാഴുന്നു മരണപ്പെട്ടയാള്‍. ഹാജിമാരെല്ലാം അറഫയില്‍ ഒരുമിച്ചു കൂടുന്നു. മഹ്‌ശറയില്‍ മുഴുവന്‍ ജനങ്ങളും ഒരുമിച്ചുകൂടുന്നു. മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജ്‌ നിര്‍വഹിച്ചാല്‍ സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. ദുനിയാവില്‍ ചെയ്‌ത മനുഷ്യന്റെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചാല്‍ സ്വര്‍ഗമാണതിനു പ്രതിഫലം നല്‌കപ്പെടുക. ഇങ്ങനെ ആലോചിക്കുമ്പോള്‍ ഹജ്ജ്‌ ചെയ്യുന്നവന്റെ കര്‍മങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ ശ്രമിക്കും. ഹജ്ജിന്‌ ഇങ്ങനെയൊരു മറുവശം കൂടിയുണ്ടെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.
അന്‍സാര്‍ ഒതായി

നായര്‍-ഈഴവ ഐക്യത്തില്‍  വിള്ളല്‍ വീഴുന്നുണ്ടത്രെ!

സാമൂഹിക ജീവിതത്തിന്റെ ഏത്‌ മണ്ഡലത്തിലാണ്‌ വെള്ളാപ്പള്ളി-സുകുമാരന്‍ നായര്‍ സഖ്യം നായരീഴവ ഐക്യം സാധ്യമാക്കിയത്‌? നായര്‍-ഈഴവ സമൂഹം മിശ്രവിവാഹം നടത്തി ഐക്യം പ്രഖ്യാപിക്കാന്‍ ഇവര്‍ക്ക്‌ ധൈര്യമുണ്ടോ? എസ്‌ എന്‍ ഡി പി ശാഖകളില്‍ നിന്നുള്ള സമ്മതപത്രം കൊണ്ടുചെന്നാല്‍ എന്‍ എസ്‌ എസുകാര്‍ തങ്ങളുടെ മക്കളെ ഈഴവര്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കുമോ? ഈഴവര്‍ക്ക്‌ ജാതി പദവിയില്‍ വല്ല സ്ഥാനക്കയറ്റവും കിട്ടുമോ? നമ്പൂതിരി മുതല്‍ ആദിവാസി വരെയുള്ള വിശാല സഖ്യമാണത്രെ ഇവരുടെ ലക്ഷ്യം! എങ്കില്‍ ഒരു ആദിവാസിയെ ശബരിമലയില്‍ തന്ത്രിയാക്കാനോ, നമ്പൂതിരിമാരുടെ മക്കളെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാനോ ഇവര്‍ തയ്യാറുണ്ടോ? പിന്നെ എവിടെയാണ്‌ ഐക്യം സാധ്യമായത്‌?
വിശാല ഹിന്ദു ഐക്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്ന വെള്ളാപ്പള്ളി ഏത്‌ ഹിന്ദുമത ഗ്രന്ഥത്തിലാണ്‌ ഈഴവര്‍ ഹിന്ദുക്കളാണെന്ന്‌ പറയുന്നതെന്ന്‌ വ്യക്തമാക്കണം. ഈഴവര്‍ ഹിന്ദുക്കളാണെങ്കില്‍ എന്തുകൊണ്ടവരെ നൂറ്റാണ്ടുകളോളം ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല? വെള്ളാപ്പള്ളി തന്നെ പത്രാധിപരായ എസ്‌ എന്‍ ഡി പിയുടെ `യോഗനാദം' മാസികയില്‍ ഈഴവര്‍ ഹിന്ദുക്കളല്ല, ശിവഗിരി ഹിന്ദുമഠമല്ല, ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയുമല്ല എന്നെഴുതിയതിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ നിലപാടെന്താണ്‌? `മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടങ്ങി, ഈഴവരുള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കെതിരെ എന്‍ എസ്‌ എസ്‌ നടത്തിയ നീക്കങ്ങള്‍ക്കൊന്നും മാപ്പു പറയിപ്പിക്കാന്‍ വെള്ളാപ്പള്ളിക്കായിട്ടില്ല. സമ്പത്തും അധികാരവും മുഴുവന്‍ മുസ്‌ലിംകളും ക്രിസ്‌ത്യാനികളും കൈയടക്കിയെന്ന്‌ വിലപിക്കുന്ന വെള്ളാപ്പള്ളിക്ക്‌ ശബരിമലയിലെ തന്ത്രിസ്ഥാനം നമ്പൂതിരിമാര്‍ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്നതിനെക്കുറിച്ച്‌ എന്തു പറയാനുണ്ട്‌?. അടിമത്തം മുസ്‌ലിമിനും ക്രിസ്‌ത്യാനിക്കും കീഴിലാവുന്നതാണ്‌ പ്രശ്‌നം. നമ്പൂതിരിക്ക്‌ കീഴില്‍ അടിമത്തം ശ്രേഷ്‌ഠമത്രെ! ഹിന്ദു മഹാമണ്ഡലമുണ്ടാക്കി മന്നത്ത്‌ പത്മനാഭന്‍, ആര്‍ ശങ്കറെ കൊണ്ടുനടന്നു വഞ്ചിച്ചതു പോലുള്ള അനുഭവമാണ്‌ വെള്ളാപ്പള്ളിക്കും വരാന്‍ പോവുന്നത്‌. മലയാളി മെമ്മോറിയലില്‍ തുടങ്ങിയ ഈഴവനെ വിഡ്‌ഢിയാക്കല്‍ വെള്ളാപ്പള്ളി യുഗത്തിലും എന്‍ എസ്‌ എസ്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ടി അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍

അമുസ്‌ലിംകളെ അഭിസംബോധന ചെയ്യുമ്പോള്‍

ശബാബ്‌ വാരികയില്‍ `എല്ലാവര്‍ക്കും സലാം' എന്ന ശീര്‍ഷകത്തില്‍ ശംസുദ്ദീന്‍ പാലക്കോട്‌ എഴുതിയ കത്ത്‌ ശ്രദ്ധേയമായി. എന്നിരുന്നാലും അനുബന്ധമായി ചിലതു കുറിക്കട്ടെ:
നബി(സ) പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം ചൊല്ലുക എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വേര്‍തിരിച്ചിട്ടില്ല. തന്നെയുമല്ല, ഇബ്‌റാഹീം നബി(അ) തന്റെ പിതാവിന്‌ സലാം ചൊല്ലിയത്‌ ഖുര്‍ആന്‍ വിവരിക്കുന്നുമുണ്ട്‌. അതിന്റെ വാചകം `സലാമുന്‍ അലൈക്കും...' എന്നാണ്‌. എന്നിട്ട്‌ പോലും നമ്മുടെ മുസ്‌ലിം പ്രാസംഗികന്മാര്‍, മുസ്‌ലിംകളും അമുസ്‌ലിംകളും പങ്കെടുക്കുന്ന സദസ്സില്‍ അഭിവാദ്യം അര്‍പ്പിക്കുന്നത്‌ മുസ്‌ലിം സഹോദരങ്ങളെ അസ്സലാമു അലൈക്കും, അമുസ്‌ലിം സഹോദരങ്ങള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ അഭിവാദ്യങ്ങള്‍ എന്ന്‌ പറഞ്ഞുകൊണ്ടാണ്‌. മറിച്ച്‌ ഇവിടെ സന്നിഹിതരായ എല്ലാവര്‍ക്കും ദൈവത്തിന്റെ ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന്‌ പറഞ്ഞുകൂടേ.
ഇബ്‌റാഹീം നബി(അ) പിതാവിന്‌ സലാം പറഞ്ഞിട്ടുള്ളത്‌ ഖുര്‍ആനിലുണ്ടല്ലോ. എന്നിട്ടെന്തേ നിങ്ങള്‍ മുജാഹിദുകള്‍ക്ക്‌ സലാം ചൊല്ലല്‍ പാടില്ലെന്ന്‌ പറയുന്നത്‌ എന്ന്‌ സുന്നികളോട്‌ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ``മുജ, ജമകള്‍ മുസ്‌ലിംകളല്ല എന്ന വാദം ഞങ്ങള്‍ക്കില്ല. മറിച്ച്‌ ഇതൊരു അടവ്‌ നയം ആണ്‌. ഇതൊരു പക്ഷെ തിരുത്തിയെന്നും വന്നേക്കും. വീടുകളില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന്‌ പ്രാവശ്യം അനുവാദം ചോദിക്കണമെന്നും വീട്ടുകാര്‍ക്ക്‌ സലാം ചൊല്ലണമെന്നും മതത്തില്‍ വ്യവസ്ഥയുണ്ട്‌. ഇവിടെയും വേര്‍തിരിവില്ല.
കെ വി ഒ അബ്‌ദുര്‍റഹ്‌മാന്‍ പറവണ്ണ

മദീനത്തുര്‍റസൂല്‍ ഹൃദ്യമായി

മദീന നഗരിയെ സംബന്ധിച്ച്‌ ടി ടി എ റസാഖ്‌ എഴുതിയ മദീനത്തുര്‍റസൂല്‍ ഹൃദ്യമായ വായനാനുഭവമായി. മദീന സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലിരുത്തേണ്ട ചരിത്ര വസ്‌തുതകളും ഇന്ന്‌ അവ കാണപ്പെടുന്ന രൂപവും രേഖാചിത്രം സഹിതം അവതരിപ്പിച്ചത്‌ ലേഖനത്തെ കൂടുതല്‍ മികവുറ്റതാക്കി. മദീനയിലെ പ്രവാചകന്റെ ഖബര്‍ സംബന്ധിച്ച്‌ തെറ്റിദ്ധാരണകള്‍ നീക്കാനും മദീനയുടെ നാഗരിക സൗന്ദര്യം ആസ്വദിക്കാനും അതുവഴി സാധിച്ചു. മക്കയും ഇതുപോലെ പഠനവിധേയമാക്കേണ്ട മറ്റൊരു ഇസ്‌ലാമിക നഗരമാണ്‌.
ഫിറോസ്‌ ബാബു കൊണ്ടോട്ടി

മദീനയെക്കുറിച്ച്‌ ടി ടി എ റസാഖ്‌ എഴുതിയ ലേഖനം ശ്രദ്ധേയമായി. ഉഹ്‌ദ്‌ മലയും ചരിത്രമുറങ്ങുന്ന മക്കയും മദീനയും കേട്ട്‌ മാത്രം അറിഞ്ഞ ആളുകള്‍ക്ക്‌ സൈന്യം നിന്ന സ്ഥലവും ശത്രുക്കളുടെ പടയണിയും അമ്പെയ്‌ത്തുകാര്‍ നിന്ന സ്ഥലവും വരച്ച്‌ ചിത്രമടക്കം കണ്ടപ്പോള്‍ വല്ലാത്ത ആനന്ദമാണ്‌ മനസ്സിലുണ്ടായത്‌.
എം എ ഫൈസല്‍ ഒളവണ്ണ

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: