ശബാബ് കത്തുകൾ 2013-NOV _8

  • Posted by Sanveer Ittoli
  • at 7:12 PM -
  • 0 comments

ശബാബ് കത്തുകൾ \shababweekly.2013-NOV_8



നമ്മുടെ സമയം നന്മയിലാവട്ടെ

വിനോദവും തമാശയും കളികളും ആര്‍ഭാടങ്ങളും ആഭാസങ്ങളും നിറഞ്ഞ ഒരുലോകത്തിലൂടെയാണ്‌ ഓരോ മലയാളിയുടെ മനസ്സും സഞ്ചരിക്കുന്നത്‌. എല്ലാ വിനോദങ്ങളും കളികളും മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാം നിരോധിക്കാത്ത എല്ലാ കാര്യങ്ങളും നമുക്ക്‌ അനുവദനീയമാണ്‌. തീര്‍ച്ചയായും വ്യത്യസ്‌തമായ കളികളിലൂടെ ശാരീരികവും മാനസികവുമായ ഉല്ലാസം ലഭിക്കും. നബി(സ) ഭാര്യ ആഇശ(റ)യുമൊത്ത്‌ ഓട്ടമത്സരം നടത്തിയത്‌ ഇസ്‌ലാമിക ചരിത്രത്തിലുണ്ടല്ലോ.അല്ലാഹു നമുക്ക്‌ അനുഗ്രഹമായി തന്നെ ഈ ജീവിതവും സമയവും വളരെ വിലപ്പെട്ടതാണ്‌. അത്‌ നന്മയില്‍ ചെലവഴിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ഹദീസിനുവേണ്ടി മുഹദ്ദിസുകള്‍ മാസങ്ങളോളം സഞ്ചരിച്ചിരുന്നു. അമാനി മൗലവി വര്‍ഷങ്ങള്‍ കൊണ്ടാണ്‌ തഫ്‌സീര്‍ പൂര്‍ത്തിയാക്കിയത്‌. ഇതെല്ലാം നന്മയുടെ മാര്‍ഗത്തില്‍ സമയം കണ്ടെത്താന്‍ നമുക്ക്‌ പ്രചോദനമാകണം.
ആദില്‍ കക്കോവ്‌
പി എം എസ്‌ എ പി ടി എച്ച്‌ എസ്‌ എസ്‌


മദ്യോപഭോഗം: മഹല്ലുകള്‍ ജാഗ്രത പാലിക്കണം


കേരളം കുടിച്ചുമുടിയുകയാണ്‌. കുടിയന്മാരുടെ എണ്ണം വര്‍ഷംതോറും കോമയും കുത്തുമില്ലാതെ വളരുകയാണ്‌. മദ്യവും മയക്കുമരുന്നും സര്‍വജനങ്ങളുടെയും സൈര്യജീവിതം താറുമാറാക്കിയിരിക്കുന്നു. മദ്യപിക്കുന്ന `കുട്ടിക്കുടി'യന്മാരുടെ വര്‍ധന എല്ലാവരെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്‌.
മദ്യപാനം വരുത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ഗുരുതരമത്രെ. കുടുംബത്തകര്‍ച്ചയും അടിപിടി മുതല്‍ കൊലപാതകംവരെയുള്ള സര്‍വനാശങ്ങളുടെയും നാരായവേര്‌ കുടിതന്നെ. കേരളീയ യുവത്വം വിശിഷ്യാ മുസ്‌ലിം യുവാക്കള്‍ കുടിച്ചുകൂട്ടുന്നതിനെതിരെ മഹല്ലുകളും മിമ്പറുകളും ജാഗ്രത കാട്ടേണ്ടതുണ്ട്‌. മദ്യവും ചൂതാട്ടവും ശിലാപൂജയും അസ്‌ത്രമേറുമെല്ലാം പിശാചിന്റെ മലിനവൃത്തികളാണെന്നും വഷളവും നീചവുമായ ഏര്‍പ്പാടാണെന്നും അല്ലാഹുവിനെക്കുറിച്ച ഓര്‍മയും ബോധവും നശിപ്പിക്കുന്നതാണെന്നും നമസ്‌കാരത്തെക്കുറിച്ച്‌ ശ്രദ്ധയില്ലാതാക്കുന്നതാണെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയത്‌ എത്ര പരമാര്‍ഥമാണ്‌.
കുടിയന്മാരുടെ പറുദീസയായിരുന്നു മദീനാ പട്ടണം, ജാഹിലിയ്യാ കാലത്ത്‌. മദ്യം ജീവനായിരുന്നു അവര്‍ക്ക്‌. ഉറങ്ങുന്നതും ഉണരുന്നതും മദ്യത്തില്‍തന്നെ. സിരകളില്‍ രക്തമെന്നപോലെ അത്‌ മദീനാ പട്ടണത്തിലൊഴുകി. മദ്യവ്യാപാരം പുഷ്‌കലമായിരുന്നു. മദ്യത്തെ വര്‍ണിച്ചു പാടാത്ത കവികളുണ്ടായിരുന്നില്ല. മദ്യത്തെ നൂറിലേറെ പേരുകളില്‍ വിളിച്ചിരുന്നു എന്നത്‌ അവരുടെ മദ്യാസക്തിയുടെ തെളിവാണ്‌. ഹിജ്‌റക്ക്‌ മുമ്പുള്ള മദീനായുടെ അവസ്ഥയാണിത്‌.
അറബികളില്‍ അടിയുറച്ചുപോയ മദ്യാസക്തിയെ മാറ്റിയെടുക്കാന്‍ സൂറത്തുല്‍ മാഇദയിലെ `നിങ്ങള്‍ വിരമിക്കുന്നില്ലേ?' എന്ന ഒറ്റവരി ഖുര്‍ആന്‍ വാചകം നിമിത്തമായി. അതോടെ മദ്യചഷകങ്ങള്‍ ഉടഞ്ഞു. മദീനായിലെ തെരുവീഥികള്‍ മദ്യത്തിന്റെ വന്‍കടലായി മാറി. ഇങ്ങിനെയൊരു സംഭവം ലോകം വേറെ കണ്ടിട്ടുണ്ടോ? ഇന്നത്തെ മുസ്‌ലിം യുവാക്കള്‍ പഠിക്കേണ്ട പാഠമാണിത്‌. കള്ള്‌ കുടിക്കുന്നവരെയും കുടിപ്പിക്കുന്നവരെയും വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും വാറ്റുന്നവരെയും വാറ്റിക്കുന്നവരെയും റസൂല്‍ ശപിച്ചതായി ഇബ്‌നുഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌.
വിശ്വാസപരമായ ജീവിതത്തെ ലഹരി പദാര്‍ഥ ഉപഭോഗം നശിപ്പിക്കുന്നതാണ്‌ ഏറ്റവും ഗുരുതരം. മതബോധം നശിപ്പിക്കുന്നു. സദാചാരബോധം അറ്റുപോകുന്നു. അതെ, മദ്യം തിന്മകളുടെ മാതാവാണെന്ന തിരുവചനം മുസ്‌ലിം യുവാക്കളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌.
അബ്‌ദുല്‍ജബ്ബാര്‍ കൂരാരി


തറാവീഹും ആണ്‍കുട്ടികള്‍ സ്വര്‍ണം അണിയുന്നതും


2013 ഒക്‌ടോബര്‍ 11 ലെ ശബാബ്‌ വാരികയില്‍ വന്ന രണ്ട്‌ ചോദ്യോത്തരങ്ങളാണ്‌ ഈ കുറിപ്പിന്‌ പ്രേരകമായത്‌. ശാബാബില്‍ വായനക്കാര്‍ സംശയനിവാരണത്തിനായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌ ആ വിഷയത്തില്‍ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള പ്രാമാണികമായ മറുപടി പ്രതീക്ഷിച്ചുകൊണ്ടാണ്‌. എന്നാല്‍ മേല്‍ പറഞ്ഞ ലക്കം ശബാബില്‍ രണ്ട്‌ ചോദ്യങ്ങള്‍ക്ക്‌ മുസ്‌ലിം കൊടുത്ത മറുപടി വായനക്കാര്‍ക്ക്‌ കൂടുതല്‍ സംശയമുണ്ടാക്കുന്നതും പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധവുമാണ്‌ എന്ന്‌ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്‌.
റമദാനിലെ തറാവീഹ്‌ നമസ്‌ക്കാരത്തെ സംബന്ധിച്ച ചോദ്യത്തിന്‌ മുസ്‌ലിം നല്‌കിയ മറുപടിയില്‍ ഇങ്ങനെ പറയുന്നു: ``നബി(സ) ഏതാനും ദിവസം മാത്രമാണ്‌ റമദാനില്‍ ജമാഅത്തായി സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌. എത്ര റക്‌അത്തായിരുന്നുവെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല' (ശബാബ്‌ 2013 ഒക്‌ടോബര്‍ 11).
തറാവീഹ്‌ നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ വിഷയത്തില്‍ ഏറ്റവും പ്രബലമായ ഹദീസ്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചതാണ്‌. സലഫി ആശയമുള്ള എല്ലാവര്‍ക്കും സുപരിചിതമായ ആ ഹദീസ്‌ ഇങ്ങനെയാണ്‌. ആഇശ(റ) പറയുന്നു: ``നബി(സ) റമദാന്‍ മാസത്തിലോ അല്ലാത്തപ്പോഴോ പതിനൊന്ന്‌ റക്‌അത്തില്‍ കൂടുതല്‍ നമസ്‌കരിച്ചിട്ടില്ല...'' ഈ ഹദീസില്‍ നിന്ന്‌ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. ഒന്ന്‌, സാധാരണ രാത്രികളില്‍ നബി(സ) നിര്‍വഹിച്ച രാത്രി നമസ്‌കാരം തന്നെയാണ്‌ അദ്ദേഹം റമദാനിലും നിര്‍വഹിച്ചത്‌. രണ്ട്‌, നബി(സ) നിര്‍വഹിച്ച രാത്രി നമസ്‌കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണം 11 ആണ്‌. പതിനൊന്നില്‍ കൂടുതല്‍ അദ്ദേഹം അധികരിപ്പിച്ചിട്ടില്ല. ഇത്രയും വ്യക്തമായി ആഇശ(റ) പറഞ്ഞുതന്നിട്ടും റമദാനില്‍ നബി(സ) നിര്‍വഹിച്ച രാത്രി നമസ്‌കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണം സ്ഥിരപ്പെട്ട്‌ വന്നിട്ടില്ല എന്ന പരാമര്‍ശം സൂക്ഷ്‌മതക്കുറവായിപ്പോയി. മാത്രമല്ല, പ്രസ്‌തുത ചോദ്യത്തില്‍ റക്‌അത്തിന്റെ എണ്ണം പരാമര്‍ശവുമില്ല.
ഇതേ ലക്കത്തില്‍ തന്നെ ആണ്‍കുട്ടികളുടെ സ്വര്‍ണാഭരണം അണിയലിനെ സംബന്ധിച്ച്‌ ചോദ്യത്തിന്റെ ഉത്തരവും വായനക്കാര്‍ക്ക്‌ ഏറെ സംശയങ്ങള്‍ ഉണ്ടാക്കുന്നതാണ്‌. മുസ്‌ലിമിന്റെ ഉത്തരം ഇങ്ങനെ: `ചെറിയ ശിശുക്കളെ സ്വര്‍ണാഭരണം അണിയിക്കുന്നത്‌ ഹറാമാണെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കാണുന്നില്ല' (ശബാബ്‌ ഒക്‌ടോബര്‍ 11-2013) ഹറാമുകളില്‍ നിന്ന്‌ കുട്ടികളെ അകറ്റി നിറുത്തുന്നതും നമസ്‌കാരം അവരെ ശീലിപ്പിക്കുന്നതും ഒരുപോലെയാണെന്ന രൂപത്തിലാണ്‌ `മുസ്‌ലിം' വിശദീകരിക്കുന്നത്‌. ഇസ്‌ലാമിലെ ഒരു അനുഷ്‌ഠാന കര്‍മം കുട്ടിയുടെ വളര്‍ച്ചക്ക്‌ അനുസൃതമായി അവനെ പരിശീലിപ്പിക്കുന്നത്‌ പോലെയല്ല, അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ നിന്ന്‌ ഒരു കുഞ്ഞിനെ അകറ്റി നിറുത്തല്‍.
അബൂമൂസല്‍ അശ്‌അരി(റ)ല്‍ നിന്ന്‌ നിവേദനം നബി(സ) പറഞ്ഞു: പട്ടും സ്വര്‍ണവും ധരിക്കല്‍ എന്റെ സമുദായത്തിലെ ആണുങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അവരിലെ പെണ്ണുങ്ങള്‍ക്ക്‌ അനുവദനീയവുമാണ്‌. (റിയാളുസ്വാലിഹീന്‍ ഹദീസ്‌ നമ്പര്‍:808).
ഈ ഹദീസില്‍ `ആണുങ്ങള്‍' എന്നതിന്‌ `ദുകൂര്‍' എന്ന പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഈ പദം ആണ്‍ വര്‍ഗത്തെ മൊത്തത്തില്‍ ഉദ്ദേശിച്ചുകൊണ്ടാണ്‌ ഉപയോഗിക്കാറുള്ളത്‌. ആണുങ്ങള്‍ക്ക്‌ നിഷിദ്ധം എന്ന്‌ നബി(സ) പറഞ്ഞാല്‍ അത്‌ ഏത്‌ ശിശുവിനും ബാധകമാണ്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ ഇസ്‌ലാമിലെ വിധി വിലക്കുകള്‍ ബാധകമല്ല എന്നാണ്‌ വാദമെങ്കില്‍ ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യപാനവും പന്നി മാംസ ഭോജനവും കുട്ടികള്‍ക്ക്‌ കുഴപ്പമില്ല. എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനൊക്കുമോ? വിധി വിലക്കുകള്‍ കുട്ടികള്‍ക്ക്‌ ബാധകമല്ല എന്ന്‌ പറഞ്ഞാല്‍ എന്തെങ്കിലും തെറ്റുകള്‍ അവരുടെ ഭാഗത്തു നിന്നു വന്നാല്‍ അവര്‍ ശിക്ഷിക്കപ്പെടുകയില്ല എന്നാണ്‌. ഇവിടെ ആണ്‍കുട്ടികള്‍ക്ക്‌ സ്വര്‍ണാഭരണം അണിയിക്കുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌ നിങ്ങള്‍ നിങ്ങളുടെ ആണ്‍കുഞ്ഞിന്‌ സ്വര്‍ണാഭരണം അണിയിച്ചാല്‍ ഒരുപക്ഷെ- പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ആ കുഞ്ഞ്‌ ശിക്ഷിക്കപ്പെടുകയില്ല. കുഞ്ഞിനെക്കൊണ്ട്‌ ചെയ്യിപ്പിച്ചു എന്നതിനാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടാവുന്നതാണ്‌.
കെ ഇ അബൂബക്കര്‍ പെരുമണ്ണ


കാലം ജമാഅത്തിനെ തിരുത്തുന്നു


വ്യക്തികളുടെ സംസ്‌കരണവും സമൂഹത്തിന്റെ പുരോഗതിയും രാഷ്‌ട്രത്തിന്റെ സംവിധാനവും ദീനിനനുസൃതമായിരിക്കണമെന്നായിരുന്നു. ഇവര്‍ ആദ്യം അതിനുവേണ്ടി ദീനിന്റെ ചില സാങ്കേതിക പദങ്ങള്‍ക്ക്‌ (ദീന്‍, ഇലാഹ്‌, ഇബാദത്ത്‌, താഗൂത്ത്‌) അര്‍ഥ വ്യത്യാസം വരെ വരുത്തി. നിലവിലുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടികളിലും അംഗത്വമെടുക്കരുത്‌. എന്നും വോട്ട്‌ രേഖപ്പെടുത്താന്‍ പാടില്ലെന്നും പറഞ്ഞു. തന്നെയുമല്ല വോട്ട്‌ ചെയ്യുക എന്നത്‌, ഏത്‌ പാര്‍ട്ടിക്കാണോ എങ്കില്‍ അതിന്റെ അര്‍ഥം ഭൗതിക രാഷ്‌ട്രീയക്കാരുടെ തത്വസംഹിത അനുസരിച്ച്‌ നാട്ടിലെ ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിന്‌ എനിക്ക്‌ സമ്മതമാണ്‌ എന്ന പ്രതിജ്ഞ (ബൈഅത്ത്‌) യാണത്‌. അതിനുള്ള മറുപടി, നിങ്ങള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരേണ്ടതില്ല.
മറിച്ച്‌ മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടു രേഖപ്പെടുത്തിയാല്‍ മതി. അതിന്നവര്‍ പറഞ്ഞ ന്യായം കാണുക: ``കാരക്കക്കുരുവില്‍ നിന്ന്‌ ഓറഞ്ച്‌ പ്രതീക്ഷിക്കുകയോ, ഇന്ന്‌ മൂല്യധാഷ്‌ഠിത രാഷ്‌ട്രീയമെന്ന്‌ പേര്‍ പറഞ്ഞ്‌ വോട്ട്‌ ചെയ്യാമെന്നായി. ഇപ്പോള്‍ നമുക്കവരോട്‌ ചോദിക്കാനുള്ളത്‌ എന്നു മുതലാണ്‌ കാരക്കയില്‍ നിന്ന്‌ ഓറഞ്ച്‌ ഇല്‌പാദിപ്പിക്കാന്‍ തുടങ്ങിയത്‌. ഇസ്‌ലാമിനെ അവര്‍ തന്നെ പരിചയപ്പെടുത്തിയത്‌ കാണുക. ``ആത്മീയം, ധാര്‍മികം, സാമൂഹ്യം, സാമ്പത്തികം, രാഷ്‌ട്രീയം, എന്നീ വ്യവസ്ഥകളുടെ സംയോജനമാണ്‌ ഇസ്‌ലാമിക ജീവിത വ്യവസ്ഥ'' എന്നിരിക്കെ പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടി വേണ്ടതില്ല.'' ഇന്നോ ഇന്ത്യയില്‍ `വെല്‍ഫെയര്‍ പാര്‍ട്ടി, എന്നൊരു രാഷ്‌ട്രീയ പാര്‍ട്ടിയും ഈജിപ്‌തില്‍ ബ്രദര്‍ ഹുഡിന്റെ കീഴില്‍ `ഫ്രീഡം ആന്റ്‌ ജസ്റ്റിസ്‌ പാര്‍ട്ടി എന്ന മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും രൂപീകരിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ, സത്യസാക്ഷ്യം എന്ന പുസ്‌തകം നോക്കുക. മറ്റൊരു വൈരുധ്യം കാണാം. ``ഞങ്ങളുടെ മാര്‍ഗത്തില്‍ പതാക പറപ്പിക്കലോ, മുദ്രാവാക്യം മുഴക്കലോ, പ്രകടനമോ ഇല്ല ഇസ്‌ലാമിക പ്രസ്ഥാനം എന്ന പുസ്‌തകത്തില്‍ പറയുന്നു: ഇന്നോ സംഘടനയുടെ പോഷക സംഘടനകളായ എസ്‌ ഐ ഒ, സോഡിരാറ്റി ഇവര്‍ക്കൊക്കെ പതാകകള്‍ ഉണ്ട്‌. അതും കൈയിലേന്തി മുദ്രാവാക്യം മുഴക്കിക്കൊണ്ടുള്ള ഉഗ്രന്‍ പ്രകടനങ്ങളും നടത്തുന്നു.
കെ വി ഒ അബ്‌ദുറര്‍റഹ്‌മാന്‍ പറവണ്ണ

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: