ശബാബ് മുഖാമുഖം nov_1_2013
ബേങ്കില്‍ നിന്നുള്ള ആദായം നിയ്യത്തും സഹായവും ശരിയാകുമോ?
എനിക്ക് ഒരു വര്‍ഷത്തിനു ശേഷം ആവശ്യമുള്ള ഒരു തുക ഞാന്‍ ബാങ്കില്‍ ഫിക്‌സഡ് ഡെപോസിറ്റ് ആയി നിക്ഷേപിച്ചു. ഇതില്‍ നിന്ന് കിട്ടുന്ന പൂര്‍ണമായ ആദായം (പലിശ) ആര്‍ക്കെങ്കിലും വീട് ഉണ്ടാക്കുന്നതിനോ അല്ലെങ്കില്‍ വീട് ഉണ്ടാക്കാന്‍ കടം വാങ്ങി തുക തിരിച്ചുകൊടുക്കാന്‍ പ്രയാസപ്പെടുന്നവന്നോ നല്‍കണമെന്നായിരുന്നു താല്‍പര്യം. അതിന്റെ പ്രതിഫലം എനിക്കു വേണ്ട എന്ന നിയ്യത്തും ഉറപ്പിച്ചതാണ്. ഏതാണ്ട് തുക തിരിച്ചെടുക്കേണ്ട സമയമായപ്പോള്‍ വീട് പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടുകയും അയാളെ സഹായിക്കുകയും ചെയ്‌തു. ഈ തുക കൊണ്ടൊന്നും അയാളുടെ വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനായിട്ടില്ല. ഈയവസ്ഥയില്‍ എന്റെ നിയ്യത്തും സഹായവും ശരിയാണോ?
പി കെ ഹസന്‍കോയ അരക്കിണര്‍
മുസ്‌ലിം:
ഇത് വീക്ഷണ വ്യത്യാസത്തിന് സാധ്യതയുള്ള ഒരു വിഷയമാണ്. സൂക്ഷ്‌മത പുലര്‍ത്തുന്ന പല പണ്ഡിതന്മാരും, യാതൊരു സാഹചര്യത്തിലും പലിശത്തുക കൈപ്പറ്റാന്‍ പാടില്ലെന്ന അഭിപ്രായക്കാരാണ്. അവരുടെ വീക്ഷണത്തില്‍, ബാങ്ക് എക്കൗണ്ട് എടുക്കേണ്ടത് അനിവാര്യമായാല്‍ അത് പലിശയല്ലാത്ത അക്കൗണ്ടായിരിക്കണം. ഒട്ടും പലിശയില്ലാത്ത അക്കൗണ്ട് ഇല്ലെങ്കില്‍ തനിക്ക് പലിശ വേണ്ടെന്ന് ബാങ്കുകാര്‍ക്ക് എഴുതിക്കൊടുക്കണം. ഇങ്ങനെ വേണ്ടെന്നു വെക്കുന്ന പലിശ ബേങ്കുകാര്‍ ഇസ്‌ലാം വിരുദ്ധമോ മുസ്‌ലിം വിരുദ്ധമോ ആയ ഏതെങ്കിലും സംഘടനയ്‌ക്ക് നല്‌കാന്‍ സാധ്യതയുള്ളതിനാല്‍, ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ആ തുക ബാങ്കില്‍ നിന്ന് വാങ്ങിയിട്ട് പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് ആ ആവശ്യത്തിന് നല്‌കാമെന്നാണ്. ഈ അഭിപ്രായം ഒട്ടൊക്കെ പ്രസക്തമാണെന്ന് `മുസ്‌ലിം' കരുതുന്നു. എന്നാല്‍ മറ്റൊരാളുടെ വീട് നിര്‍മാണത്തിന് പലിശത്തുക നല്‌കി സഹായിക്കാമെന്ന് ഏതെങ്കിലും പ്രമുഖ പണ്ഡിതന്‍ അഭിപ്രായപ്പെട്ടതായി `മുസ്‌ലിം' കണ്ടിട്ടില്ല. സത്യവിശ്വാസികളുടെ ഉപജീവനത്തിന് പലിശത്തുക നല്‌കാവുന്നതല്ല എന്ന കാര്യം അവിതര്‍ക്കിതമാണ്. പലിശ ഭുജിക്കുന്നവരെയും ഭുജിക്കാന്‍ കൊടുക്കുന്നവരെയും റസൂല്‍(സ) ശപിച്ചിട്ടുണ്ട്. വീടും കക്കൂസും നിര്‍മിക്കാന്‍ പലിശത്തുക നല്‌കുന്നത് ഈ വകുപ്പില്‍ പെടുമോ ഇല്ലേ എന്ന കാര്യത്തില്‍ വീക്ഷണ വ്യത്യാസത്തിന് സാധ്യതയുണ്ട്. എന്തായാലും പലിശത്തുക ആര്‍ക്കെങ്കിലും നല്‌കുന്നത് പ്രതിഫലാര്‍ഹമായ ദാനമാകുമെന്ന് കരുതാവുന്നതല്ല.ദൈവവിശ്വാസവും ബുദ്ധിയും
പരിണാമ സിദ്ധാന്തത്തിന്റെ സ്വീകാര്യതയും ദൈവത്തിലുള്ള വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍ കൗതുകകരമായിരുന്നു. സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്റ്റായ ഫില്‍ സുക്കെര്‍മാനുമാണ് പഠനം നടത്തിയത്. സാമൂഹിക അരക്ഷിതാവസ്ഥയാണ് ഡാര്‍വീനിയന്‍ സിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയ്‌ക്കുകയും ദൈവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന നിഗമനത്തിലാണ് അവരെത്തിയത്.
അതിജീവനത്തിനായുള്ള `ഡാര്‍വീനിയന്‍ സമ്മര്‍ദം' കൂടുതലുള്ള സമൂഹങ്ങളില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറയുമെന്ന് അവര്‍ കണ്ടു. ഭക്ഷണവും ആരോഗ്യ സംവിധാനങ്ങളും പാര്‍പ്പിട സൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവിശ്വാസം കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കി.
ഇതിനോട് ഏതാണ്ട് ചേര്‍ന്നുപോകുന്ന ഒന്നാണ് അമേരിക്കയില്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ മിറോണ്‍ സക്കര്‍മാനും കൂട്ടരും നടത്തിയ പുതിയൊരു പഠനത്തിന്റെ ഫലവും. വിശ്വാസികള്‍ക്ക് രുചിച്ചേക്കില്ലാത്ത ഒരു കണ്ടെത്തലുണ്ട് പുതിയ പഠനത്തില്‍. വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് മതവിശ്വാസികള്‍ക്ക് ബൗദ്ധിക നിലവാരം കുറവായിരിക്കും എന്നാണത്! 63 ശാസ്‌ത്രപഠനങ്ങളെ അവലോകനം ചെയ്‌താണ് സക്കര്‍മാനും കൂട്ടരും വിവാദമായേക്കാവുന്ന ഈ നിഗമനത്തിലെത്തിയത്. അത്രയും പഠനങ്ങളില്‍ 53 എണ്ണത്തിലും `ബുദ്ധിശക്തിയും മതവിശ്വാസവും തമ്മിലുള്ള ഒരു വിപരീത ബന്ധം' ഗവേഷകര്‍ കണ്ടതായി `പേഴ്‌സണാലിറ്റി ആന്‍റ് സോഷ്യല്‍ സൈക്കോളജി റിവ്യൂ' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
ബുദ്ധികൂടിയവര്‍ക്ക് മുടിഞ്ഞ അറിയാവതുകൊണ്ടാണ് വിശ്വാസം കുറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ബൗദ്ധിക നിലവാരം കൂടിയവരാകും മികച്ച ജീവിതവിജയം നേടുക, ഉയര്‍ന്ന പദവികളിലെത്തുക. അങ്ങനെയുള്ളവര്‍ക്ക് മതങ്ങള്‍ നല്‌കുന്ന മാനസികമായ ഫലങ്ങളുടെ ആവശ്യം പലപ്പോഴുമുണ്ടാകാറില്ല. ആത്മവിശ്വാസം പോലുള്ള അത്തരം ഫലങ്ങള്‍ സ്വയമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നുവെച്ചാല്‍, ബുദ്ധിനിലവാരം കൂടിയവര്‍ക്ക് ജീവിതവിജയം മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ നേടാന്‍ കഴിയും. അവിടെ വിശ്വാസത്തിന്റെ ഊന്നുവടി അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നു. ഉയര്‍ന്ന ശമ്പളവും സ്ഥാനമാനങ്ങളുമുള്ളതിനാല്‍, ആത്മവിശ്വാസത്തിന് മതങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല.
സക്കര്‍മാനും കൂട്ടരും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1916-ലെ ഒരു പഠനത്തിലെ കണ്ടെത്തല്‍ ഉദ്ധരിക്കുന്നുണ്ട്. `ക്രമബദ്ധമല്ലാതെ ഉള്‍പ്പെടുത്തിയ യു എസ് ശാശ്‌ത്രജ്ഞരില്‍ 58 ശതമാനം പേരും ദൈവത്തില്‍ അവിശ്വസിക്കുന്നവരോ, ദൈവത്തിന്റെ അസ്‌തിത്വത്തെ സംശയിക്കുന്നവരോ ആയിരുന്നു. എന്നാല്‍, ഏറ്റവും പ്രമുഖരായ ശാസ്‌ത്രജ്ഞരുടെ കാര്യത്തില്‍ ഇത് 70 ശതമാനമായിരുന്നു.'
മതവിശ്വാസം വഴി ലഭിക്കുമെന്ന് കരുതുന്ന ചില സംഗതികളുണ്ടല്ലോ. അത്തരം സംഗതികള്‍ സ്വയമാര്‍ജിക്കാന്‍ സാധിക്കുന്നവര്‍ ഈശ്വര വിശ്വാസമില്ലാത്തവരാകാന്‍ സാധ്യതയേറും. അത്തരം കാര്യങ്ങള്‍ സ്വയമാര്‍ജിക്കാന്‍ കഴിയാത്തവര്‍ (പാവങ്ങളും നിസ്സഹരായരും) ഈശ്വര വിശ്വാസത്തെ അഭയം പ്രാപിക്കും - പഠനം പറയുന്നു. ഒരു വിവരണം പ്രതീക്ഷിക്കുന്നു.
ശരീഫ് അരീക്കോട് റിയാദ്
മുസ്‌ലിം:
ഖുര്‍ആനില്‍ നിന്ന് മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ആദ്യമായി അവതരിപ്പിച്ചു കൊടുത്ത അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്, താന്‍ സ്വയം പര്യാപ്‌തനാണെന്ന് കരുതുന്ന ഏതൊരു മനുഷ്യനും ധിക്കാരിയായിത്തീരുമെന്ന് (96:6,7). ഏറെ അറിവും സമ്പത്തും ഉണ്ടെന്ന ധാരണയാണ് സ്വയം പര്യാപ്‌തതാ ബോധത്തിന് നിദാനം. ദൈവത്തെയും വേദത്തെയും പ്രവാചകനെയും തള്ളിപ്പറയുക എന്നതാണ് ധിക്കാരത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം. വിശുദ്ധ ഖുര്‍ആനിലെ 96-ാം അധ്യായത്തിലെ ആദ്യ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ലോകരക്ഷിതാവ് ഭ്രൂണത്തില്‍ നിന്ന് മനുഷ്യനെ സൃഷ്‌ടിച്ചു വളര്‍ത്തി അവനെ ജ്ഞാനിയും സാക്ഷരനും ആക്കിത്തീര്‍ത്തതിനെക്കുറിച്ചാണ്.
ചിമ്പന്‍സിയും ഗോറില്ലയും ഉള്‍പ്പെടെ ആയിരക്കണക്കില്‍ സന്തതികള്‍ ഭ്രൂണ വളര്‍ച്ചയിലൂടെ ജന്മം കൊള്ളുന്നവയാണ്. എന്നാല്‍ അവയില്‍ ഒന്നുപോലും ഇത:പര്യന്തം പുതിയ അറിവുകള്‍ നേടിയെടുക്കുകയോ സാക്ഷരത കൈവരിക്കുകയോ ചെയ്‌തിട്ടില്ല. എന്തുകൊണ്ട് മനുഷ്യന്‍ മാത്രം പണ്ഡിതനും എഴുത്തുകാരനുമായി എന്ന ചോദ്യത്തിന് ശാസ്‌ത്രജ്ഞരോ ഗവേഷകരോ ഇതുവരെ തൃപ്‌തികരമായ ഉത്തരം കണ്ടെത്തിയിട്ടില്ല. യഥേഷ്‌ടം വിപരീതദിശയിലേക്ക് ചലിപ്പിക്കാവുന്ന കൈകകള്‍ ഉണ്ടായതുകൊണ്ടാണ് മനുഷ്യന്റെ ജ്ഞാനമണ്ഡലം ഏറെ വികസിച്ചിത് എന്നൊരു മുടന്തന്‍ ഉത്തരം മാത്രമാണ് നിയോ-ഡാര്‍വിനിസ്റ്റുകളുടെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്. കൈ ജ്ഞാനേന്ദ്രിയമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എഴുതുന്നത് കൈ കൊണ്ടാണെങ്കിലും മസ്‌തിഷ്‌കത്തിലെ മോട്ടോര്‍ കോര്‍ടക്‌സില്‍ അതിനു ഉപയുക്തമായ ന്യൂറോണ്‍ ഘടനയുണ്ടായത് കൊണ്ട് മാത്രമാണ് മനുഷ്യന്‍ സാക്ഷരനായത്. ആയിരം തവണ കൈകള്‍ വീശിയാലും ആ ന്യൂറോണുകളുടെ (മസ്‌തിഷ്‌ക കോശങ്ങള്‍) എണ്ണം കൂടുകയോ കറയുകയോ ചെയ്യില്ല.
മനുഷ്യന്റെ വാഗ്‌മിത്വത്തിന് നിദാനമായ ചുണ്ടും നാവുമടങ്ങുന്ന വദനഭാഗത്തെയും സാക്ഷരതയ്‌ക്ക് നിദാനമായ വിരല്‍ത്തുമ്പുകളെയും നിയന്ത്രിക്കുന്നതിനാണ് മോട്ടോര്‍ കോര്‍ട്ടക്‌സില്‍ ആനുപാതികമായി കൂടുതല്‍ കോശങ്ങള്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന്റെ മുലപ്പാലും ജന്തുക്കളുടെ പാലും തമ്മിലുള്ള ഘടനാപരമായ വ്യത്യാസം ഉള്‍പ്പെടെ പല ഘടകങ്ങളാണ് മനുഷ്യ മസ്‌തിഷ്‌കത്തിന്റെ ഘടനാവിശേഷങ്ങള്‍ക്ക് നിദാനം. ഇത്തരം മൗലിക വിഷയങ്ങളെക്കുറിച്ച് യാതൊന്നും പറയാതെ നിരീശ്വരവാദികള്‍ക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന് സമര്‍ഥിക്കാന്‍ വേണ്ടി ഗവേഷണം നടത്തുന്നവര്‍ വെറുതെ പൊന്ത കുലുക്കുകയാണ് ചെയ്യുന്നത്.
0 comments: