ശബാബ് മുഖാമുഖം NOV 22_2013

  • Posted by Sanveer Ittoli
  • at 7:49 AM -
  • 0 comments

ശബാബ് മുഖാമുഖം NOV 22_2013



വീണുകിട്ടുന്ന ഫലങ്ങളുടെ വിധി

ഞങ്ങളുടെ വീടിന്നടുത്ത്‌ വവ്വാലും മറ്റും അടക്ക, കശുവണ്ടി പോലുള്ള ഫലങ്ങള്‍ കൊണ്ടിടുന്നു. ഇത്‌ നാളുകള്‍ കഴിയുമ്പോള്‍ കുറേയേറെ ഉണ്ടാകും. എന്നാല്‍ ഇതാരുടെയെന്ന്‌ കണ്ടുപിടിക്കുക പ്രയാസവുമാണ്‌. ഇക്കാര്യത്തില്‍ ഞങ്ങള്‍ എന്താണ്‌ ചെയ്യേണ്ടത്‌?
ആമിന, നാജിഹ, ഹനാന്‍ കീഴുപറമ്പ


മുസ്‌ലിം:


ഈ ഫലങ്ങള്‍ ആരുടേതാണെന്ന്‌ അറിയില്ലെങ്കിലും താങ്കളുടേതല്ലെന്ന്‌ ഉറപ്പാണല്ലോ. അതിനാല്‍ അവയ്‌ക്ക്‌ വീണുകിട്ടിയ വസ്‌തുക്കളുടെ വിധിയാണ്‌. വിധിയുടെ ഉടമസ്ഥര്‍ അന്വേഷിച്ചു വരുന്നില്ലെങ്കില്‍ അവ വിറ്റു കിട്ടുന്ന തുക താങ്കള്‍ക്ക്‌ എടുക്കാവുന്നതാണ്‌. പാവപ്പെട്ടവര്‍ക്കോ പൊതു ഫണ്ടുകള്‍ക്കോ നല്‌കുന്നതായിരിക്കും കൂടുതല്‍ നല്ലത്‌.


ആര്‍ത്തവം വൈകിപ്പിക്കാമോ?

ആരോഗ്യത്തിന്‌ ഹാനികരമാണന്ന്‌ അറിഞ്ഞുകൊണ്ട്‌ റമദ്വാനിലോ ഹജ്ജിലോ ഒക്കെ മരുന്ന്‌ കഴിച്ച്‌ ആര്‍ത്തവം വൈകിപ്പിക്കാമോ?
എം സൈനബ്‌ ഫാറൂഖ്‌ കോളെജ്‌


മുസ്‌ലിം:


സ്‌ത്രീകളുടെ ജീവിതത്തില്‍ ആര്‍ത്തവ വ്യവസ്ഥ നിശ്ചയിച്ച അല്ലാഹു തന്നെയാണ്‌ നോമ്പും ഹജ്ജും അവര്‍ക്ക്‌ നിര്‍ബന്ധബാധ്യതയായി വിധിച്ചത്‌. ശുദ്ധിയുള്ള കാലത്ത്‌ മാത്രമേ ഈ അനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കേണ്ടതുള്ളൂ എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. കൃത്രിമമായി ആര്‍ത്തവം വൈകിപ്പിക്കുന്നത്‌ സ്‌ത്രീകളുടെ പ്രകൃതിക്ക്‌ ഇണങ്ങുന്നതല്ലെന്ന്‌ ഉറപ്പാണ്‌. എന്നാല്‍ അത്‌ ആരോഗ്യത്തിന്‌ എത്രത്തോളം ഹാനികരമാകുമെന്ന്‌ `മുസ്‌ലിമി'ന്‌ സൂക്ഷ്‌മമായി അറിയില്ല. റമദ്വാനില്‍ കൃത്രിമമായി ആര്‍ത്തവം വൈകിപ്പി ക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഹാജിമാരുടെ മക്കയിലെ താമസം ഒരു ആര്‍ത്തവകാരിക്കുവേണ്ടി മാറ്റാന്‍ പറ്റാത്തവിധം കണിശമായി നിര്‍ണയിക്കപ്പെടുന്നതിനാല്‍ സമയപരിധിക്കുള്ളില്‍ ഹജ്ജിന്റെ സുപ്രധാന കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന വിധത്തില്‍ ആര്‍ത്തവം മരുന്നുപയോഗിച്ച്‌ ക്രമീകരിക്കാവുന്നതാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.


സ്വന്തം ഹജ്ജും മറ്റൊരാളുടെ ഹജ്ജും

ഹജ്ജ്‌ നിര്‍വഹിക്കാത്ത മകന്‍ പിതാവിനു വേണ്ടി ഹജ്ജ്‌ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആദ്യം സ്വന്തം പേരില്‍ ഹജ്ജ്‌ ചെയ്യണമെന്നുണ്ടോ? ആദ്യം പിതാവിനോ മാതാവിനോ വേണ്ടി മകനോ മകളോ ഹജ്ജ്‌ ചെയ്യുന്നത്‌ തെറ്റാണോ?
എന്‍ സുബൈര്‍ മണ്ണാര്‍ക്കാട്‌


മുസ്‌ലിം:


ശുബ്‌റുമ എന്നൊരാള്‍ക്കു പകരം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ഒരാള്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന വിവരമറിഞ്ഞപ്പോള്‍, `ആദ്യം നിന്റെ ബാധ്യതയായ ഹജ്ജ്‌ നിര്‍വഹിച്ച ശേഷം ശുബ്‌റുമയ്‌ക്ക്‌ പകരമുള്ളത്‌ ചെയ്‌തുകൊള്ളുക' എന്ന്‌ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ പ്രമാണികമായ റിപ്പോര്‍ട്ട്‌ ഉള്ളതിനാല്‍, സ്വന്തം നിലയില്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞവര്‍ മാത്രമേ മറ്റുള്ളവര്‍ക്ക്‌ പകരം ഹജ്ജ്‌ ചെയ്യാവൂ എന്നാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌.
ശുബ്‌റുമ എന്നൊരാള്‍ക്കു പകരം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ഒരാള്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന വിവരമറിഞ്ഞപ്പോള്‍, `ആദ്യം നിന്റെ ബാധ്യതയായ ഹജ്ജ്‌ നിര്‍വഹിച്ച ശേഷം ശുബ്‌റുമയ്‌ക്ക്‌ പകരമുള്ളത്‌ ചെയ്‌തുകൊള്ളുക' എന്ന്‌ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ പ്രമാണികമായ റിപ്പോര്‍ട്ട്‌ ഉള്ളതിനാല്‍, സ്വന്തം നിലയില്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞവര്‍ മാത്രമേ മറ്റുള്ളവര്‍ക്ക്‌ പകരം ഹജ്ജ്‌ ചെയ്യാവൂ എന്നാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌.

പിതാക്കളുടെ ദാനം പെണ്‍മക്കള്‍ അംഗീകരിക്കേണ്ടതുണ്ടോ?

ചില പിതാക്കള്‍ അനന്തരാവകാശ സ്വത്തായി ലഭിക്കും മുമ്പ്‌ കുട്ടികള്‍ക്ക്‌ തന്റെ ഭൂമിയില്‍ നിന്നും വീടുവെക്കാനായി ദാനം ചെയ്യുന്നു. ഇങ്ങനെ ചെയ്യണമെങ്കില്‍ പിതാവിന്‌ പെണ്‍മക്കളുടെ സമ്മതം ആവശ്യമുണ്ടോ?
മുസ്‌തഫ ആക്കോട്‌


മുസ്‌ലിം:

മക്കളില്‍ ചിലര്‍ക്കു മാത്രമായി എന്തെങ്കിലും ദാനം നല്‌കുന്നത്‌ നബി(സ) വിലക്കുകയും, ഒന്നുകില്‍ എല്ലാവര്‍ക്കും ദാനം നല്‌കുകയോ, അല്ലെങ്കില്‍ ചിലര്‍ക്കു മാത്രമായി നല്‌കിയത്‌ തിരിച്ചുവാങ്ങുകയോ ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്‌തതായി പ്രാമാണികമായ ഹദീസില്‍ കാണാം. ദാനം നല്‌കുന്നത്‌ ആണ്‍കുട്ടികള്‍ക്ക്‌ മാത്രമാണെങ്കിലും പെണ്‍കുട്ടികള്‍ക്ക്‌ മാത്രമാണെങ്കിലും അനീതി തന്നെയാണ്‌. ചില പിതാക്കള്‍ ഉള്ള ആസ്‌തി മുഴുവന്‍ പെണ്‍മക്കളുടെ വിവാഹച്ചെലവിനായി വിനിയോഗിക്കുകയും ആണ്‍കുട്ടികള്‍ക്ക്‌ ഗണ്യമായ ഒന്നും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്‌.

ബലിമാംസം അമുസ്‌ലിമിന്‌ കൊടുക്കാന്‍ പാടില്ലെന്നോ?

ബലിമൃഗങ്ങളുടെ മാംസം മുസ്‌ലിംകള്‍ക്ക്‌ മാത്രമേ കൊടുക്കാവൂ എന്നാണ്‌ പൊതുവെ മുസ്‌ലിം സമുദായം മനസ്സിലാക്കിയിരിക്കുന്നതും പണ്ഡിതന്മാര്‍ പ്രചരിപ്പിക്കുന്നതും. ബലിമൃഗങ്ങളുടെ മാംസം അമുസ്‌ലിംകള്‍ക്ക്‌ കൊടുക്കാന്‍ പാടില്ല എന്നതിന്‌ ഹദീസിന്റെ പിന്‍ബലമുണ്ടോ? ഉണ്ടെങ്കില്‍ അത്‌ `അവയില്‍നിന്ന്‌ നിങ്ങളെടുത്ത്‌ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്‌തിയടയുന്നവരും ആവശ്യപ്പെട്ടു വരുന്ന വര്‍ക്കും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയുംചെയ്യുക'(22:36) എന്ന വചനത്തിന്‌ എതിരാവുകയില്ലേ?
കെ ജമാലുദ്ദീന്‍ വാലില്ലാപ്പുഴ

മുസ്‌ലിം:

ബലിമാംസം മുസ്‌ലിംകള്‍ക്കു മാത്രമേ നല്‌കാവൂ എന്ന്‌ ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ വ്യക്തമാക്കിയിട്ടില്ല. വിലക്കപ്പെടാത്തതൊക്കെ അനുവദനീയം എന്ന ഇസ്‌ലാമിക തത്വപ്രകാരം അത്‌ അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്നതിന്‌ വിരോധമില്ല. എന്നാലും ബലി ഇസ്‌ലാമികമായ ഒരു അനുഷ്‌ഠാനമായതിനാല്‍ അതിന്റെ മാംസത്തില്‍ ആവശ്യക്കാരായ മുസ്‌ലിംകള്‍ക്കാണ്‌ മുന്‍ഗണന നല്‌കേണ്ടത്‌.



ബലിമാംസം ഭാഗിക്കണമോ?

ബലി മാംസം മൂന്നിലൊന്നായി ഭാഗിക്കണമെന്നത്‌ നബി(സ)യുടെ കല്‌പനയാണോ?
എം അയ്യൂബ്‌ താമരശ്ശേരി

മുസ്‌ലിം:

അല്ല. ബലി മാംസത്തില്‍ നിന്ന്‌ `നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക' (22:28) എന്നാണ്‌ ഖുര്‍ആനിലെ കല്‌പന. നിങ്ങള്‍ക്ക്‌ ഏത്ര ഭാഗം തിന്നാമെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക്‌ അത്യാവശ്യമുള്ളത്‌ എടുത്ത്‌ കഴിക്കാവുന്നതാണെന്നത്രെ ഗ്രഹിക്കാവുന്നത്‌.


ദാനം കിട്ടിയതിന്‌ സകാത്തുണ്ടോ?

പണ്ടവും പണവും നല്‌കാനാവാത്തതിനാല്‍ വിവാഹപ്രായം കവിഞ്ഞുനില്‌ക്കുന്ന മകളുള്ള, ഏറെ പ്രാരാബ്‌ധമുള്ള ഒരു കുടുംബനാഥനാണ്‌ ഞാന്‍. ഒരു സന്നദ്ധ സംഘടനയില്‍ നിന്ന്‌, എനിക്ക്‌ ദാനമായി 50,000 രൂപ ലഭിച്ചു. ഞാന്‍ ഈ തുകയ്‌ക്ക്‌ സകാത്ത്‌ നല്‌കേണ്ടതുണ്ടോ?
അബൂശജീര്‍ എടവണ്ണ

മുസ്‌ലിം:

ഈ തുക ലഭിക്കുന്നതോടെ താങ്കള്‍ സാമ്പത്തികമായി സ്വയം പര്യാപ്‌തനായിട്ടുണ്ടെങ്കില്‍, അഥവാ അടിസ്ഥാനച്ചെലവുകള്‍ക്ക്‌ മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ സകാത്ത്‌ നല്‌കണം. സ്‌ത്രീധനം നല്‌കാനും ആഭരണങ്ങള്‍ വാങ്ങാനും വേണ്ട സാമ്പത്തിക ശേഷിയില്ലാതിരിക്കുക എന്നത്‌ ഇസ്‌ലാമിക ദൃഷ്‌ട്യാ ദാരിദ്ര്യത്തിന്റെ മാനദണ്ഡമല്ല. കടബാധ്യതയുണ്ടെങ്കില്‍ അത്‌ വീട്ടിയതിനു ശേഷം സ്വയം പര്യാപ്‌തത ഉണ്ടെങ്കിലേ സകാത്ത്‌ നല്‍കേണ്ടതുള്ളൂ. l

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: