മക്തി തങ്ങള്‍ സമുദായ സമുദ്ധാരണത്തിന് മുന്നില്‍ നടന്ന പരിഷ്‌കര്‍ത്താവ്
സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയകാല പരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ ഒരു പരിഷ്‌കര്‍ത്താവ് മാത്രമായിരുന്നില്ല. കേരളത്തിലെ ഒന്നാമത്തെ മുസ്‌ലിം പരിഷ്‌കര്‍ത്താവ് തന്നെയായിരുന്നു അദ്ദേഹം. മതപണ്ഡിതന്‍, ചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, വാഗ്‌മി, വിപ്ലവകാരി, സംഘാടകന്‍, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മതാഭിമാനി, മതസംവാദ വിദഗ്‌ധന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രാഗത്ഭ്യം പ്രകടിപ്പിച്ച ആ ബഹുമുഖ പ്രതിഭാശാലി സമൂഹത്തിനും സമുദായത്തിനും നാട്ടിനും അര്‍പ്പിച്ച സേവനങ്ങള്‍ അനര്‍ഘങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരള മുസ്‌ലിംകള്‍ എല്ലാ രംഗങ്ങളിലും അധപ്പതിച്ചു കിടന്നിരുന്ന ഒരു ദശാസന്ധിയില്‍ ത്യാഗപൂര്‍ണമായ തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം സ്വസമുദായത്തിന്റെ മത-സാമൂഹ്യ നവോത്ഥാനത്തിനും പുനരുദ്ധാരണത്തിനും ശക്തമായ അടിത്തറ പാകി. ഈ അടിത്തറയില്‍ ഉയര്‍ത്തപ്പെട്ടതായിരുന്നു പില്‍ക്കാലത്ത് കേരള മുസ്‌ലിം സമൂഹത്തില്‍ നിലവില്‍വന്ന എല്ലാ പരിഷ്‌കരണ പ്രസ്ഥാനങ്ങളും സംരംഭങ്ങളും.
മക്തിതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബഹുമുഖമായിരുന്നു. ആദ്യമായി, അദ്ദേഹം പൊതുരംഗത്തിറങ്ങിയത് അക്കാലത്ത് കേരളത്തിലെ ക്രിസ്‌തീയ മിഷനറിമാര്‍ ഇസ്‌ലാമിനെതിരെ വ്യാപകമായ തോതില്‍ നടത്തിക്കൊണ്ടിരുന്ന ദുഷ്‌പ്രചരണങ്ങള്‍ക്കും
ദുരാരോപണങ്ങള്‍ക്കുമെതിരെ പോരാടാനായിരുന്നു. 1882-ല്‍ തന്റെ സര്‍ക്കാറുദ്യോഗം രാജിവെച്ചുകൊണ്ട് കേരളത്തിലുടനീളം സഞ്ചരിച്ച് ക്രിസ്‌തീയ പാതിരിമാരുടെ ദുരുപദിഷ്‌ടമായ ഇസ്‌ലാം വിരുദ്ധ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ശക്തിയുക്തം മറുപടി പറയുകയും യുക്തിഭദ്രമായി അവയെ ഖണ്ഡിച്ച് പരാജയപ്പെടുത്തുകയും ചെയ്‌തു. അതിനുവേണ്ടി അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്‌തു. ഇസ്‌ലാമിന്റെ ബാഹ്യശത്രുക്കള്‍ക്കെതിരെ ശക്തമായ സമരം നടത്തിക്കൊണ്ടിരിക്കെ തന്നെ, അത്ര തന്നെയോ അതിലധികമോ തീവ്രതയോടും വീറോടുംകൂടി അദ്ദേഹം സ്വന്തം സമുദായത്തിനുള്ളിലെ അന്ധവിശ്വാസങ്ങള്‍ക്കും വിശ്വാസജീര്‍ണതകള്‍ക്കും അജ്ഞതക്കുമെതിരെ പോരാടുകയും ചെയ്‌തു.
തൗഹീദടക്കമുള്ള ഇസ്‌ലാമിന്റെ ലളിത ശുദ്ധമായ മൗലികസിദ്ധാന്തങ്ങളില്‍നിന്നും വിശ്വാസാചാരങ്ങളില്‍ നിന്നും വളരെയേറെ വ്യതിചലിച്ചുപോയിരുന്ന അക്കാലത്തെ മുസ്‌ലിം സമുദായാംഗങ്ങളെ ദൈവികമതത്തിന്റെ സത്യമാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ പുണ്യാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെയും (ഇസ്‌തിഗാസ), അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ അവരെ ഇടയാളരാക്കുന്നതിനെയും(തവസ്സുല്‍) അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. അക്കാരണങ്ങളാല്‍, യാഥാസ്ഥിതിക പണ്ഡിതന്മാരുടെ കഠിനമായ എതിര്‍പ്പിനും ആക്ഷേപങ്ങള്‍ക്കും അദ്ദേഹം ശരവ്യനായി.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ മുഹര്‍റം ആഘോഷം, കൊടികുത്ത്- ചന്ദനക്കുടം നേര്‍ച്ചകള്‍, മരിച്ചുപോയ പുണ്യാത്മാക്കളുടെ പ്രീതിക്ക് വേണ്ടി ആട്, കോഴി മുതലായവയെ നേര്‍ച്ചയാക്കല്‍, റാത്തീബ്, മൗലൂദ് തുടങ്ങിയ അനാചാരങ്ങളെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഇത്തരം വിശ്വാസവൈകൃതങ്ങളെയും ദുരാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മുസ്‌ല്യാന്മാരെ അദ്ദേഹം നിശിതമായി എതിര്‍ത്തു. ഇതിന്റെയൊക്കെ പേരില്‍ യാഥാസ്ഥിതിക പണ്ഡിതന്മാരും അവരുടെ സില്‍ബന്തികളും അദ്ദേഹത്തിന് നേരെ അഴിച്ചുവിട്ട എതിര്‍പ്പുകളും മര്‍ദനങ്ങളും കുറച്ചൊന്നുമായിരുന്നില്ല. അവര്‍ അദ്ദേഹത്തിനെതിരെ കുഫ്‌ര്‍ ഫത്‌വകളിറക്കുകയും ബഹുജനങ്ങളെ ഇളക്കിവിടുകയും ചെയ്‌തു. പണം കൊടുത്താലും അദ്ദേഹത്തിന് ഹോട്ടലുകളില്‍ നിന്ന് ചോറ് കൊടുക്കരുതെന്ന് അവര്‍ ഫത്‌വ പുറപ്പെടുവിച്ചു. ഇത്തരം പ്രതിസന്ധികളില്‍ പലപ്പോഴും അദ്ദേഹത്തെ സഹായിച്ചിരുന്നത് നല്ലവരായഹിന്ദുസഹോദരന്മാരായിരുന്നു. സത്യമതത്തിന്റെ പ്രബോധന മാര്‍ഗത്തില്‍ സ്വന്തം സമുദായത്തിനുള്ളില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്ലേശങ്ങളും പ്രയാസങ്ങളും തന്റെ മക്തിമനക്ലേശം എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. അതില്‍ നിന്നുള്ള ഒരു ഭാഗം കാണുക:
``തിരുവനന്തപുരത്തുള്ള ക്രിസ്‌തുജനം കൂടിയാലോചിച്ച് ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജ് നിര്‍മിച്ച് അകപ്പെടുത്തിയതില്‍ ഇടംവലം കാണാതെ വ്യാകുലചിത്തനായി പരിഭ്രമിച്ച് ഇസ്‌ലാം ജനം അടുത്തുവരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞു മാറിമറിഞ്ഞതിനാല്‍ പട്ടന്മാരുടെ ഭക്ഷണശാലകളിലുണ്ടാക്കുന്ന ചോറും ചാറും വാങ്ങി ആത്മാവിനെ രക്ഷിച്ചു. ആറ് മാസം വ്യവഹരിച്ചു. ഇന്‍സ്‌പെക്‌ടര്‍മാര്‍ തെളിഞ്ഞു സാക്ഷിപറഞ്ഞെങ്കിലും സത്യസ്വരൂപന്റെ കടാക്ഷം കൊണ്ടുണ്ടായ ഹിന്ദുജനസഹായംകൊണ്ട് അവര്‍ ഇളിഞ്ഞു. നാം രക്ഷപ്പെടുകയും ചെയ്‌തു.''
സമാധാനലംഘനം ഉണ്ടാവാതെയും ഉണ്ടാക്കാതെയും ഇരിക്കുമെന്നതിലേക്ക് മുന്നൂറും അഞ്ഞൂറും ഉറുപ്പികക്ക് ജാമ്യം ഹാജരാക്കണമെന്ന് കൊല്ലം ഡിവിഷന്‍ കച്ചേരിയില്‍ നിന്നും കണ്ണൂര്‍ കണ്‍ടോണ്‍മെന്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും നോട്ടീസുകള്‍ ഉണ്ടായി. ആ നോട്ടീസിന് എതിരായി വാദിക്കുകയോ ജാമ്യമാവാമെന്ന് സമ്മതിക്കുകയോ ചെയ്യുന്ന ഒരു ഇസ്‌ലാമിനെയും കാണാതെ ഏകനായി സങ്കടപ്പെട്ടു. ആ സന്ദര്‍ഭത്തില്‍ സഹായിച്ചു രക്ഷിച്ചതും ഹിന്ദുജനം തന്നെ''.
കണ്ണൂര്‍ കണ്‍ടോണ്‍മെന്റില്‍ വെച്ചുണ്ടായ പ്രസംഗമധ്യേ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും ഉപദ്രവിച്ച് സമാധാനലംഘനം ഉണ്ടാക്കി. പ്രസംഗം വിരോധിപ്പിക്കണമെന്നുണ്ടായിരുന്ന മനോരാജ്യം സാധിക്കാതിരുന്നതിലേക്കുണ്ടായ ഒത്താശകളും ഹിന്ദുജനത്തില്‍ നിന്നുതന്നെ''
``മേല്‍പറഞ്ഞ ആത്മീയ ദുഖങ്ങളും ദേഹോപദ്രവങ്ങളും ഏകനായി സഹിച്ച് മുപ്പത് കൊല്ലംവരെ നടന്നും നടത്തിയും വന്നതില്‍ ആത്മീയജയംകൊണ്ട് സന്തുഷ്‌ടനായതല്ലാതെ ദൈഹികസുഖം സ്വപ്‌നത്തില്‍പോലും അനുഭവിച്ചിട്ടില്ല. പരോപകാരി മാസിക മൂലം സ്വന്തം ഭവനം കടപ്പെട്ടതില്‍ പിന്നെ ഇന്നുവരെ ചൂപ്പ തന്റെ കുഞ്ഞുങ്ങളെ കൊണ്ടലയുന്നതുപോലെ സംസാരം കൊണ്ടലഞ്ഞു. ദിനം നവീന ആഹാരം നവീനത എന്ന കണക്കെ അന്നന്നത്തെ ചിലവ് അന്വേഷിച്ചുവരുന്നു. ക്രിസ്‌തു പറഞ്ഞതുപോലെ തല വെയ്‌ക്കാന്‍ സ്ഥലമില്ലാതെ കഴിക്കുന്നു. വാടകക്ക് വീടോ സ്ഥലമോ കൊടുക്കാന്‍പോലും ഇസ്‌ലാംജനം ഭയക്കുന്നു.''
മുസ്‌ലിംകള്‍ക്കിടയിലെ വിശ്വാസവ്യതിയാനങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹം കായംകുളത്ത് ഒരു കടയിലിരിക്കുമ്പോള്‍ വലിയ ഒരു കൂറ്റനാട് പീടികയില്‍ കടന്ന് അരി തിന്നാന്‍ തുടങ്ങി. അവിടെ ഉണ്ടായിരുന്ന ഒരു കൂട്ടിയോട് ആടിനെ ആട്ടിയോടിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു: `അതിനെ ആട്ടാന്‍ പാടില്ല. അത് മുഹ്‌യിദ്ദീന്‍ ആടാണ്'. എന്താണ് ഈ മുഹ്‌യിദ്ദീന്‍ ആടെന്ന് അദ്ദേഹം അന്വേഷിച്ചപ്പോള്‍, കുട്ടി ഇങ്ങനെ വിശദീകരിച്ചു: `മുഹ്‌യിദ്ദീന്‍ ശൈഖിന്ന് നേര്‍ച്ചയാക്കിയ ആടാണ്. അതിന് ഇഷ്‌ടംപോലെ എവിടെയും പോകാം. എന്തും തിന്നാം. അതിനെ ആട്ടാന്‍ പാടില്ല'. തുടര്‍ന്ന് ഇത്തരം അന്ധവിശ്വാസങ്ങളെ ഖണ്ഡിച്ചുകൊണ്ടും അതിനെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ ശരിയായ നിലപാട് വിശദീകരിച്ചുകൊണ്ടും തുടര്‍ച്ചയായി നാല് ദിവസം ആ പ്രദേശത്ത് പ്രസംഗം നടത്തി. `ആട് മുഹ്‌യിദ്ദീന്‍ ആവുകയില്ല. മുഹ്‌യിദ്ദീന്‍ ആട് ആവുകയുമില്ല' എന്നതായിരുന്നു പ്രസംഗത്തിന്റെ വിഷയം.
ഈ സംഭവം ഉദ്ധരിച്ച മര്‍ഹൂം ഇ കെ മൗലവി തന്നെ, മറ്റൊരു രസകരമായ സംഭവവും ഉദ്ധരിക്കുന്നുണ്ട്. ഒരു റാത്തീബുമായി ബന്ധപ്പെട്ടതായിരുന്നു അത്. കായംകുളം പരിസരത്ത് മക്തിതങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ നടന്ന ആ സംഭവം. ഇ കെ മൗലവിയുടെ വാക്കുകളില്‍ തന്നെ നമുക്ക് വായിക്കാം.
`ഒരിക്കല്‍ ഉദ്ദാറത്ത് തങ്ങള്‍ ഉണ്ടായിരുന്നു അവിടെ. റിഫാഈ ത്വരീഖത്തുകാരനായ ഒരു ശൈഖായിരുന്നു ഉദ്ദാറത്ത് തങ്ങള്‍. അദ്ദേഹത്തിന്റെ മുരീദന്മാര്‍ റാത്തീബോതി കുത്തുകയും മുറിക്കുകയും ചെയ്യല്‍ പതിവുണ്ട്. അപ്പോഴൊക്കെ മുറികൂടാറുമുണ്ട്. പക്ഷെ ഒരു ദിവസം റാത്തീബില്‍ കുത്തുകയും മുറിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടുപോയി. പൊന്നാനിയിലെ മഖ്‌ദൂമും അന്ന് സ്ഥലത്തുണ്ട്. കാര്യം കുഴപ്പത്തിലായി. ഒരു കൊലപാതകമാണ് നടന്നിട്ടുള്ളത്. പതിവില്ലാത്തവിധം റാത്തീബില്‍ ഇത് സംഭവിച്ചത് ആ `പട്ടാണി തങ്ങളുടെ' (അതായത് മക്‌തി തങ്ങളുടെ) പൊരുത്തക്കേടുകൊണ്ടാവണമെന്ന് ഉദ്ദാറത്ത് തങ്ങളും മഖ്‌ദൂമും സംശയിച്ചു. അവര്‍ ഉടനെ മക്‌തി തങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: `തങ്ങളേ, ഇപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങയെ മനസ്സിലായി'. തല്‍ക്ഷണം മക്തിതങ്ങള്‍ തിരിച്ചടിച്ചു: `ഇല്ല ഇപ്പോഴും മനസ്സിലായിട്ടില്ല. മേലില്‍ മനസ്സിലാവുകയുമില്ല. അതിരിക്കട്ടെ, വന്ന കാര്യം പറയൂ'.
`ഇവിടെ റാത്തീബ് കഴിക്കുമ്പോള്‍ അബദ്ധത്തില്‍ ഒരു മരണമുണ്ടായിട്ടുണ്ട്. എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കറിയാം? പോലീസും മജിസ്‌ട്രേറ്റും ഇപ്പോള്‍ സ്ഥലത്തെത്തും. അങ്ങ് ഞങ്ങളെ ഇതില്‍നിന്ന് രക്ഷിക്കണം' -അവര്‍ അപേക്ഷിച്ചു.
തത്സമയം മക്തിതങ്ങള്‍ അവരോട് ചോദിച്ചു: നിങ്ങളുടെ ഉപ്പാപ്പ റസൂല്‍ തിരുമേനി ഇതൊക്കെയാണോ പഠിപ്പിച്ചത്? അവിടുന്ന് ഈ രീതിക്കാണോ ഇസ്‌ലാം മതം പ്രചരിപ്പിച്ചത്?' `വന്നതെല്ലാം വന്നു. തങ്ങള്‍ ഞങ്ങളെ രക്ഷിക്കണം' ഇത് മാത്രമായിരുന്നു അവരുടെ മറുപടി. `ഞാനല്ല രക്ഷിക്കേണ്ടത്. അല്ലാഹുവാണ്. മക്തി തങ്ങള്‍ പറഞ്ഞു.
തുടര്‍ന്നു നടന്ന കാര്യങ്ങള്‍ ഇ കെ മൗലവി വിവരിച്ചതിന്റെ ചുരുക്കം ഇങ്ങനെയാണ്: മക്തി തങ്ങള്‍ ഉദ്ദാറത്ത് തങ്ങളെയും മഖ്‌ദൂമിനെയും ധൈര്യമായിരിക്കാന്‍ ഉപദേശിച്ചുകൊണ്ട് സമാധാനിപ്പിച്ചു പറഞ്ഞയച്ചു. പിറ്റേന്ന് രാവിലെ കേസന്വേഷണത്തിന് മജിസ്‌ട്രേറ്റും പോലീസുമെത്തി. മക്തിതങ്ങള്‍ അവരെ ചെന്നുകണ്ടു ഇങ്ങനെ പറഞ്ഞു: ഇവര്‍ക്ക് റാത്തീബ് എന്ന ഒരു കര്‍മമുണ്ട്. അപ്പോള്‍ കുത്തുകയും മുറിക്കുകയും ചെയ്യും. ഒരപകടവും സംഭവിക്കാറില്ല. പതിവനുസരിച്ച് റാത്തീബ് നടക്കുമ്പോള്‍ പുറമെ നിന്ന് ഏതോ തെമ്മാടികള്‍ കയറിവന്ന് കൊല നടത്തുകയാണുണ്ടായത്. അവരെ കണ്ടുപിടിച്ച് അങ്ങ് തക്ക ശിക്ഷ നല്‍കണം''.
എന്നാല്‍ മജിസ്‌ട്രേറ്റിന് ഈ വിശദീകരണം വിശ്വാസമായില്ല. എന്നാല്‍ നമുക്കൊന്നു പരിശോധിക്കാം എന്നായി മക്തി തങ്ങള്‍. അദ്ദേഹം റാത്തീബ് തുടങ്ങാന്‍ ഉദ്ദാറത്ത് തങ്ങള്‍ക്കും കൂട്ടുകാര്‍ക്കും നിര്‍ദേശം നല്‍കി. റാത്തീബ് തുടങ്ങി. കുറച്ചുകഴിഞ്ഞ് വെട്ടും കുത്തും ആരംഭിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് ഭയചകിതനായി. `ഇതൊന്ന് ഉടനെ നിര്‍ത്തണം' എന്ന് നിര്‍ദേശിച്ചു. നിറുത്തണമെങ്കില്‍ ഇവരുടെ വെട്ടും കുത്തുംകൊണ്ടല്ല മരണമുണ്ടായതെന്ന് സമ്മതിക്കണമെന്നായി തങ്ങള്‍'. ഞാന്‍ സമ്മതിച്ചു. ഇതൊന്ന് വേഗം നിര്‍ത്താന്‍ കല്‌പിക്കണമെന്ന് മജിസ്‌ട്രേറ്റ് തങ്ങളോട് പറഞ്ഞു. അങ്ങനെ റാത്തീബ് അവസാനിച്ചു. ഉദ്ദാറത് തങ്ങളും കൂട്ടുകാരും വലിയ ഒരു വിപത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്‌തു.
സംഘടിത രൂപത്തിലുള്ള ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സ്ഥാപനത്തിലൂടെ കേരളത്തില്‍ ആരംഭം കുറിച്ച പ്രദേശമായ കൊടുങ്ങല്ലൂരില്‍ അതിന് കളമൊരുക്കിയതില്‍ മക്തി തങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് ഇ കെ മൗലവി വിവരിക്കുന്നുണ്ട്. 1919-ല്‍ മൗലവി കൊടുങ്ങല്ലൂരില്‍ താമസം തുടങ്ങിയ ഉടനെ ഇവിടെ ചില `വഹ്‌ഹാബി'കളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും ചിലര്‍ അദ്ദേഹത്തെ ഉപദേശിച്ചു. ആ `വഹ്‌ഹാബി'കളെ കാണാന്‍ അദ്ദേഹത്തിന് താല്‌പര്യം ജനിക്കുകയും അക്കൂട്ടത്തില്‍ നാലഞ്ചുപേരെ പരിചയപ്പെടുകയും സംസാരിക്കുകയും അവരുടെ വാദഗതികള്‍ മനസ്സിലാക്കുകയും ചെയ്‌തു. മണ്‍മറഞ്ഞുപോയ ഔലിയാക്കന്മാരെയും ശൈഖന്മാരെയും വിളിച്ചു സഹായം തേടലും അവരുടെ ഖബ്‌റുകളെ പൂജിക്കലും മറ്റും ശിര്‍ക്കിന്റെ ഉഗ്രരൂപങ്ങളാണെന്നായിരുന്നു അവരുടെ വാദത്തിന്റെ ചുരുക്കം. മൗലവി അവരോട് ചോദിച്ചു: ``നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനെതിരായ ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?'' അതിന് കൂട്ടത്തിലൊരാള്‍ നല്‍കിയ മറുപടി ഇതായിരുന്നു: ``സനാഉല്ലാ മക്തി തങ്ങളാണ് ഞങ്ങളില്‍ ഈ ആശയം പ്രചരിപ്പിച്ചത്.''
മൗലവി അയാളോട് കൂടുതല്‍ വിവരങ്ങളാരാഞ്ഞപ്പോള്‍ കിട്ടിയ മറുപടിയുടെ ചുരുക്കം ഇങ്ങനെയാണ്: ``മക്തിതങ്ങള്‍ ക്രിസ്‌ത്യാനികളുടെ കേന്ദ്രമായ പള്ളിപ്പുറത്തും കോട്ടപ്പുറത്തും പറവൂരും ഖണ്ഡന പ്രസംഗം നടത്താറുണ്ട്. പരിപാടി കഴിഞ്ഞാല്‍ അദ്ദേഹം രാത്രി എന്റെ വീട്ടില്‍ വന്നു താമസിക്കും. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒരേയൊരു വിഷയമേ ഞങ്ങളോട് പറയാനുണ്ടാകൂ. `ക്രിസ്‌ത്യാനികള്‍ ഒരു പ്രത്യേക മതക്കാരാണ്. അവര്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മുടെ മുസ്‌ലിം സഹോദരന്മാരുടെ കാര്യത്തിലാണ് എനിക്ക് വ്യസനം. ഔലിയാക്കന്മാരെയും സ്വാലിഹുകളെയും അല്ലാഹുവിന്റെ സ്ഥാനത്തേക്കുയര്‍ത്തുകയും അവരുടെ മഖ്‌ബറകളില്‍ വിളക്ക് കത്തിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് പോലെ അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന എത്രയോ മുസ്‌ലിം സഹോദരന്മാരുണ്ട്. വാസ്‌തവത്തില്‍ ഇതൊക്കെ ശിര്‍ക്കിന്റെ തടിച്ച രൂപങ്ങളാണ്.''
ഇതെല്ലാം വിവരിച്ച ശേഷം ഇ കെ മൗലവി എഴുതുന്നു: ``ഈ രീതിയില്‍ രഹസ്യമായും പരസ്യമായും മക്തിതങ്ങള്‍ നടത്തിയ ഉപദേശങ്ങളാണ് കൊടുങ്ങല്ലൂരില്‍ കുറെ പേരെയെങ്കിലും യഥാര്‍ഥ മുവഹ്‌ഹിദുകളാക്കി മാറ്റിയത്. ചുരുക്കത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചങ്കൂറ്റത്തോടെ പരസ്യമായി എതിര്‍ത്ത ആദ്യത്തെ പരിഷ്‌കര്‍ത്താവ് അദ്ദേഹമാണ്.''
വിശ്വാസ ജീര്‍ണതകള്‍ മാത്രമല്ല, മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹ്യതിന്മകള്‍ക്കെതിരെയും മക്തിതങ്ങള്‍ ശക്തമായി പോരാടി. ഉദാഹരണമായി, അക്കാലത്ത് വടക്കെ മലബാറിലെ കണ്ണൂര്‍, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. അതിന്റെ പേരില്‍ അദ്ദേഹം കഠിനമായ ആക്ഷേപങ്ങള്‍ക്കും കയ്യേറ്റത്തിനുപോലും വിധേയനായി. മരുമക്കത്തായം ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരാണെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ധാരാളം പ്രസംഗിക്കുകയും അക്കാലത്തെ മറ്റൊരു മുസ്‌ലിം പരിഷ്‌കര്‍ത്താവായിരുന്ന തിരൂരിലെ സെയ്‌താലിക്കുട്ടി മാസ്റ്ററുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന സ്വലാഹുല്‍ ഇഖ്‌വാന്‍ മാസികയില്‍ ലേഖനങ്ങളെഴുതുകയും ചെയ്‌തു.
മുസ്‌ലിം സമുദായത്തില്‍ നിരവധി സൂഫി ത്വരീഖത്തുകള്‍ സജീവമായിരുന്ന കാലഘട്ടത്തിലായിരുന്നു മക്തിതങ്ങള്‍ ജീവിച്ചിരുന്നത്. ആ ത്വരീഖത്തുകളുടെ ശൈഖന്മാര്‍ മുസ്‌ലിം ബഹുജനങ്ങളുടെ അജ്ഞതയും ശുദ്ധഗതിയും ചൂഷണംചെയ്‌തു കൊണ്ട്, തങ്ങളുടെ സ്വാര്‍ഥ താല്‌പര്യങ്ങള്‍ക്കു വേണ്ടി അവര്‍ക്കിടയില്‍ അന്ധവിശ്വാസങ്ങളും ഇസ്‌ലാമിന് വിരുദ്ധമായ സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മക്തി തങ്ങള്‍ തന്റെ കൃതികളിലൂടെയും പ്രസംഗങ്ങളിലൂടെയും അതിനെയെല്ലാം വിമര്‍ശിച്ചു. നാദാപുരത്തെ അഹ്‌മദ് ശീറാസി എന്ന പണ്ഡിതന്‍ അക്കാലത്ത് ലാ മൗജൂദ് ഇല്ലല്ലാഹ് എന്ന ദിക്‌റിനെ ന്യായീകരിച്ചുകൊണ്ട് ഫത്‌വ എഴുതിയിരുന്നു. അല്ലാഹുവല്ലാതെ ഒരു അസ്‌തിത്വവുമില്ല എന്നതായിരുന്നു അതിന്റെ അര്‍ഥം.
അദൈ്വത സിദ്ധാന്തത്തിന് തുല്യമായ ആ വചനത്തെ ചൊല്ലി അതിനെ പിന്തുണച്ചവരും എതിര്‍ത്തവരും തമ്മില്‍ നടന്നുകൊണ്ടിരുന്ന ഒരു വിവാദത്തിന്റെ പശ്ചാത്തലത്തില്‍, പ്രസ്‌തുത സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട് അതിന്റെ ഇസ്‌ലാം വിരുദ്ധത വിശദീകരിച്ചുകൊണ്ടും മക്‌തി തങ്ങള്‍ ലാ മൗജൂദിന്‍ ലാ പോയിന്റ് എന്ന പേരില്‍ ഒരു പുസ്‌തകം രചിച്ചു. ഈ കൃതിയില്‍ അദ്ദേഹം സൂഫി ശൈഖന്മാരെ കണക്കിന് കളിയാക്കുകയും അവര്‍ മുസ്‌ലിം സമുദായത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന അന്ധവിശ്വാസങ്ങളെയും ഇസ്‌ലാംവിരുദ്ധ സിദ്ധാന്തങ്ങളെയും ഓരോ ശൈഖും തങ്ങളുടെ ത്വരീഖത്തില്‍ കൂടുതല്‍ കൂടുതല്‍ മുരീദന്മാരെ (ശിഷ്യന്മാരെ) ചേര്‍ക്കാന്‍ വേണ്ടി നടത്തുന്ന മത്സരത്തെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ പ്രചരിപ്പിച്ചിരുന്ന, `ആത്മീയ ഗുരുവായ ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്വാനായിരിക്കും, അവന്‍ അവരുടെ ആത്മാവിനെ നിത്യനാശത്തിലകപ്പെടുത്തും' എന്ന സിദ്ധാന്തം ഇസ്‌ലാമിന് തികച്ചും അന്യമാണെന്നും അദ്ദേഹം സമര്‍ഥിച്ചു. (തുടരും)
0 comments: