ഖുര്‍ആന്‍ വഹ്‌യും ഹദീസിന്റെ വഹ്‌യുകളും

  • Posted by Sanveer Ittoli
  • at 1:51 AM -
  • 0 comments

ഖുര്‍ആന്‍ വഹ്‌യും ഹദീസിന്റെ വഹ്‌യുകളും


നെല്ലുംപതിരും

എ അബ്‌ദുസ്സലാം സുല്ലമി


അജ്ഞതയിലും അന്ധവിശ്വാസത്തിലും കഴിച്ചുകൂട്ടിയിരുന്ന കേരള മുസ്‌ലിം ജനതയെ യഥാര്‍ഥ വിശ്വാസത്തിലേക്കും മത-ഭൗതിക വിജ്ഞാനത്തിന്റെ വഴിയിലേക്കും നയിച്ചത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. വിശുദ്ധ ഖുര്‍ആന്‍ പുണ്യത്തിനു വേണ്ടി മാത്രം ഓതുന്ന, ഹദീസ്‌ എന്തെന്ന്‌ കേള്‍ക്കുകപോലും ചെയ്യാത്ത, നാട്ടുനടപ്പു മാത്രം ദീനായി കൊണ്ടുനടന്നിരുന്ന ഒരു ജനതയെ വിശുദ്ധ ഖുര്‍ആന്‍ പ്രമാണമാണ്‌, അത്‌ പഠിക്കണമെന്നും നബിചര്യയാണ്‌ ജീവിത മാതൃക എന്നും പഠിപ്പിച്ചെടുക്കാന്‍ അര നൂറ്റാണ്ടിലേറെ കാലമെടുത്തു. മുസ്‌ലിംകള്‍ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ഒന്നാമതായും പ്രവാചകചര്യ രണ്ടാമതായും
പ്രമാണങ്ങളാണ്‌ എന്ന്‌ സാമാന്യ ജനം ഉള്‍ക്കൊണ്ടപ്പോഴേക്ക്‌ പൗരോഹിത്യം അവിടെയും വെള്ളം ചേര്‍ക്കാന്‍ തുടങ്ങി. പ്രമാണ യോഗ്യമായതും അല്ലാത്തതുമെന്ന വിവേചനമില്ലാതെ ഹദീസ്‌ എന്ന്‌ കേള്‍ക്കുന്നതെന്തും വാരിപ്പുണരാന്‍ അവര്‍ പ്രേരിപ്പിച്ചു. അപ്പോള്‍ ഹദീസുകള്‍ സ്വഹീഹ്‌ ഏത്‌ സ്വഹീഹ്‌ അല്ലാത്തത്‌ ഏത്‌ എന്ന്‌ ജനങ്ങളെ പഠിപ്പിക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം നിര്‍ബന്ധിതമായി. ജനങ്ങള്‍ പൊതുവിലും മുജാഹിദുകള്‍ പ്രത്യേകിച്ചും ഇക്കാര്യം മനസ്സിലാക്കി.
എന്നാല്‍ ഈ അടുത്ത കാലത്ത്‌ മുജാഹിദുകള്‍ക്കിടയില്‍ ആദര്‍ശ ഭിന്നിപ്പും വ്യതിയാനവും ഉണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഖുര്‍ആനും ഹദീസും ഒരുപോലെയാണെന്ന്‌ പ്രചാരണം തുടങ്ങി. ഹദീസ്‌ രണ്ടാം പ്രമാണമാണെന്ന്‌ പറയാന്‍ പാടില്ല. രണ്ടും ഒന്നാം പ്രമാണമാണെന്നാണ്‌ അവരുടെ വാദം. ഹദീസ്‌ സ്വീകരണം എന്ന പേരില്‍ വിശുദ്ധ ഖുര്‍ആനിനെ തരം താഴ്‌ത്തുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. ``ഹദീസുകള്‍ ഖുര്‍ആന്‍ പോലെ തന്നെയുള്ള അല്ലാഹുവിന്റെ വഹ്‌യാണ്‌'' (കെ കെ സകരിയ്യാ സ്വലാഹി, ജിന്ന്‌, സിഹ്‌ര്‍: ഒരു പ്രാമാണിക പഠനം, പേജ്‌ 41)
ഹദീസിന്‌ പ്രാധാന്യം നല്‍കാന്‍ ജിന്നുവാദികള്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിക്കുകയാണ്‌. നബി(സ)യില്‍ നിന്ന്‌ ഒരു ഹദീസ്‌ സ്വഹാബിമാര്‍ നേരിട്ട്‌ കേള്‍ക്കുമ്പോള്‍ അത്‌ നബി(സ) പറഞ്ഞതു തന്നെയാണെങ്കില്‍ അവര്‍ക്ക്‌ ദൃഢമായ അറിവ്‌ ലഭിക്കും. നബി(സ) പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതില്‍ അവര്‍ക്ക്‌ യാതൊരു സംശയവും ഉണ്ടാവുകയില്ല. എന്നാല്‍ ചില കാര്യങ്ങള്‍ അല്ലാഹുവിന്റെ വഹ്‌യ്‌ തന്നെയാണോ, അതല്ല നബി(സ)യുടെ സ്വന്തം അഭിപ്രായമാണോ എന്ന വിഷയത്തില്‍ അവര്‍ക്കുപോലും സംശയം ഉണ്ടാവാറുണ്ട്‌. നബി(സ)യോട്‌ അത്‌ അല്ലാഹുവിന്റെ വഹ്‌യാണോ, താങ്കളുടെ വ്യക്തിപരമായ അഭിപ്രായമാണോ എന്ന്‌ അവര്‍ ചോദിച്ച സംഭവങ്ങളുമുണ്ട്‌. ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഈ സംശയം അവര്‍ക്കുണ്ടാവാറില്ല. ഖുര്‍ആന്‍ എല്ലാം തന്നെ അല്ലാഹുവിന്റെ വചനവും വഹ്‌യുമാണെന്ന്‌ അവര്‍ക്ക്‌ ഉറപ്പായിരുന്നു. ഹദീസുകളില്‍ അല്ലാഹുവിന്റെ വഹ്‌യും നബി(സ)യുടെ സ്വന്തം അഭിപ്രായവും - വഹ്‌യിന്റെ പിന്‍ബലമില്ലാത്തത്‌ - ഉണ്ടാകുമെന്ന്‌ നബി(സ) തന്നെ പറയുകയുണ്ടായി (മുസ്‌ലിം). വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരമുണ്ടാകുമെന്ന്‌ ജിന്നുവാദികള്‍ മാത്രമേ ജല്‌പിക്കുകയുള്ളൂ. ഖുര്‍ആനില്‍ നബി(സ)യുടെ വാക്കുപോലും ഉണ്ടാവുകയില്ല. എല്ലാം അല്ലാഹുവിന്റെ വചനങ്ങള്‍ മാത്രമാണ്‌. ഇതാണ്‌ മുസ്‌ലിംകളുടെ വിശ്വാസം.
ഹദീസ്‌ സ്വീകരിക്കാന്‍ നിവേദക പരമ്പര (സനദ്‌) വേണം. പരമ്പര ഉണ്ടായാല്‍ തന്നെ ആ പരമ്പര സ്വീകരിക്കാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ ധാരാളം വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ പരിപൂര്‍ണമായി വിശ്വസ്‌തരെന്ന്‌ സ്ഥിരപ്പെടുകയും വേണം. എന്നാല്‍ ഖുര്‍ആന്‍ സ്വീകരിക്കാന്‍ പരമ്പരയുടെ തന്നെ ആവശ്യമില്ല. ഹദീസ്‌ സ്ഥിരപ്പെടാന്‍ അതില്‍ പറയുന്ന സംഗതികള്‍ക്കും (മത്‌ന്‌) ധാരാളം വ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്‌. അവയും പൂര്‍ത്തിയാവണം. ഖുര്‍ആനില്‍ പറയുന്ന ആശയത്തിന്‌ (മത്‌ന്‌) ഇതു സ്വീകരിക്കാന്‍ ഇത്തരം വ്യവസ്ഥകള്‍ ഒന്നുമില്ല.
പ്രാമാണികതയില്‍ മുന്‍പന്തിയിലുള്ള ബുഖാരിയിലും മുസ്‌ലിമിലും പോലും അല്ലാഹുവിന്റെ വഹ്‌യ്‌ അല്ലാത്തതും നബി(സ) പറഞ്ഞിട്ടില്ലാത്തതും ഉണ്ടെന്ന്‌ ആധുനിക ഹദീസ്‌ പണ്ഡിതനായ നാസിറുദ്ദീന്‍ അല്‍ബാനിയും പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിന്റെ വഹ്‌യ്‌ അല്ലാത്തത്‌ ഉണ്ടെന്ന്‌ മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ഖുര്‍ആനിന്റെ ആയത്തുകള്‍ക്ക്‌ അമാനുഷികതയുണ്ട്‌. ഹദീസുകള്‍ നബി(സ) പറഞ്ഞതാണെന്ന്‌ എല്ലാ വ്യവസ്ഥകളും യോജിച്ച്‌ കൊണ്ട്‌ സ്ഥിരപ്പെട്ടാലും ആ വഹ്‌യിന്‌ ഖുര്‍ആനിന്റെ വഹ്‌യിന്റെ അമാനുഷികതയില്ല. ഭാര്യമാരെ നിസ്സാര കാര്യത്തിന്‌ വിവാഹമോചനം ചെയ്യാന്‍ വേണ്ടി പരമ്പര സ്ഥിരപ്പെട്ടതാണെന്ന്‌ സമ്മതിച്ച ശേഷം ബുദ്ധിക്ക്‌ എതിരാണെന്ന്‌ പറഞ്ഞുകൊണ്ട്‌ സകരിയ്യ സ്വലാഹി തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്‌. (2005 ഫെബ്രുവരിയിലെ അല്‍മനാര്‍ മാസിക നോക്കുക.) ഖുര്‍ആനിന്റെ വല്ല സൂക്തവും ഇതുപോലെ ഇദ്ദേഹം തള്ളിക്കളയുന്നുണ്ടോ? ഹദീസുകളോട്‌ ഇവര്‍ക്കുള്ള സ്‌നേഹം ജിന്നുബാധയും സിഹ്‌റുബാധയും സ്ഥാപിക്കുമ്പോള്‍ മാത്രമാണ്‌. 
ഇമാം തിര്‍മിദിയും നസാഈയും ഇബ്‌നുമാജയും അഹ്‌മദും ത്വബ്‌റാനിയും ബൈഹഖിയും ബസ്സാറും ഇബ്‌നു അബീശൈബയും അബൂദാവൂദും അബ്‌ദുര്‍റസാഖും സ്വഹീഹാണെന്ന്‌ പറഞ്ഞ ധാരാളം ഹദീസുകളെ -അല്ലാഹുവിന്റെ വഹ്‌യാണെന്ന്‌ അവര്‍ സമ്മതിക്കുന്ന ഹദീസുകളെ- ഇദ്ദേഹം അല്ലാഹുവിന്റെ വഹ്‌യല്ല എന്ന്‌ പറഞ്ഞു തള്ളിക്കളയുന്നു. ഹദീസുകള്‍ ഖുര്‍ആന്‍ പോലെ തന്നെയാണെന്ന തന്റെ വാദത്തെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുകൊണ്ട്‌ ഇദ്ദേഹം പരിഗണിക്കുന്നില്ല? ശിര്‍ക്കും കുഫ്‌റും സ്ഥാപിക്കുമ്പോള്‍ മാത്രമാണോ ഈ തത്വം സ്ഥിരപ്പെടുക? അല്‍മനാര്‍ മാസികയുടെ അനേകം ലക്കങ്ങളില്‍ (2005) സ്വഹീഹായ ധാരാളം ഹദീസുകളെ ഇദ്ദേഹം ദുര്‍ബലമാക്കുന്നുണ്ട്‌. അപ്പോള്‍ ഹദീസുകള്‍ ഖുര്‍ആന്‍ പോലെ തന്നെയുള്ള അല്ലാഹുവിന്റെ വഹ്‌യാണെന്ന പ്രത്യേകത ഇദ്ദേഹം സ്വഹീഹായി കാണുന്ന ഹദീസുകള്‍ക്ക്‌ മാത്രമുള്ള സ്വഭാവമാണോ? ഇമാം ബുഖാരിയും മുസ്‌ലിമും നിവേദക പരമ്പര സ്ഥിരമായി ലഭിക്കാത്തതിനാല്‍ ലക്ഷക്കണക്കിന്‌ ഹദീസുകള്‍ തള്ളിക്കളയുന്നു. ഇതു വഹ്‌യിനെ തള്ളിക്കളയലാണോ?
സ്വഹീഹായ ഹദീസുകള്‍ക്ക്‌ മാത്രമാണ്‌ ഞാന്‍ ഈ പ്രത്യേകത നല്‌കുന്നത്‌ എന്ന്‌ സകരിയ്യ സ്വലാഹി വാദിച്ചേക്കാം. എന്നാല്‍ ആര്‌ സ്വഹീഹാക്കിയ ഹദീസുകള്‍ക്കാണ്‌ ഈ പ്രത്യേകതയുള്ളത്‌ എന്നുകൂടി വ്യക്തമാക്കണം. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, ബൈഹഖി, അഹ്‌മദ്‌, ശാഫിഈ, മാലിക്‌, ത്വബ്‌റാനി പോലെയുള്ളവരും മുജാഹിദ്‌ പ്രസ്ഥാനത്തിലെ ആദ്യകാല പണ്ഡിത്മാരും സ്വഹീഹാണെന്ന്‌ അംഗീകരിച്ച ഹദീസുകള്‍ക്ക്‌ ഈ പ്രത്യേകതകള്‍ ഉണ്ടോ?
ഹദീസുകളില്‍ ദൃഢമായ അറിവ്‌ പ്രദാനം ചെയ്യുന്നവയും അല്ലാത്തവയും ഉണ്ടെന്ന്‌ മുസ്‌ലിം പണ്ഡിതന്മാര്‍ ഏകോപിച്ച്‌ പറയുന്നു. ഖുര്‍ആനിലെ വഹ്‌യിലും ഇപ്രകാരമുണ്ടോ? ഖുര്‍ആനിലെ വഹ്‌യ്‌ എല്ലാം നമുക്ക്‌ മുതവാതിറായി ലഭിച്ചതാണ്‌. ഹദീസുകളിലെ വഹ്‌യില്‍ മുതവാതിറായവയും അല്ലാത്തവയും ഉണ്ട്‌. ഖുര്‍ആനിലെ വഹ്‌യിനെ ആരെങ്കിലും കളവാക്കിയാല്‍ അവന്‍ കാഫിറാണ്‌. ഖബറുല്‍ വാഹിദായ ഹദീസിനെ സ്വീകരിക്കാതിരുന്നാല്‍ അവന്‍ കാഫിറായി എന്ന്‌ ഇവര്‍ പറയുമോ? അങ്ങനെയെങ്കില്‍ ഇദ്ദേഹവും അതില്‍പെടും. കാരണം നാം മുകളില്‍ വിവരിച്ച ഹാഫിളുകളുകളായ ഹദീസ്‌ പണ്ഡിതന്മാര്‍ സ്വഹീഹാക്കിയ ധാരാളം ഹദീസുകളെ ഇദ്ദേഹം തള്ളിക്കളയുന്നു.
ഹദീസുകള്‍ സ്വഹീഹാക്കാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ സ്വീകരിച്ച വ്യവസ്ഥകള്‍ തന്നെ വ്യത്യാസപ്പെട്ടതാണ്‌. ഒരു ഹദീസ്‌ പണ്ഡിതന്‍ സ്വഹീഹാണെന്നംഗീകരിച്ച ഹദീസ്‌ മറ്റൊരു ഹദീസ്‌ പണ്ഡിതന്റെ മാനദണ്ഡമനുസരിച്ച്‌ ദുര്‍ബലമാക്കുന്നു. മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ പോലെയുള്ളവര്‍ സ്വഹീഹായി കാണുന്ന ധാരാളം ഹദീസുകളെ ഇമാം ബുഖാരി ദുര്‍ബലമാക്കുന്നതു കാണാം. ഹദീസുകള്‍ ഖുര്‍ആന്‍ പോലെ തന്നെയുള്ള അല്ലാഹുവിന്റെ വഹ്‌യാണെങ്കില്‍ എന്തുകൊണ്ട്‌ ഇപ്രകാരം സംഭവിച്ചു? ജിന്നുവാദികളിലെ പണ്ഡിതന്മാര്‍ എല്ലാം തന്നെ ഹദീസിനെ ദുര്‍ബലമാക്കുന്നതിലും സ്വഹീഹാക്കുന്നതിലും ഐക്യമുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ ഐക്യരൂപത്തില്‍ സ്വഹീഹാക്കിയ ഹദീസുകള്‍ എല്ലാം തന്നെ സമാഹരിച്ച്‌ ഒരു ഹദീസ്‌ ഗ്രന്ഥം രചിക്കട്ടെ. l

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: