മദ്യപാനം മശീഹാ മതാഭിമാനം
മദ്യം, മദമുള്ള, മദം എന്നതു ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതിലേക്കു ദൈവത്താല്‍ മനുഷ്യവംശത്തിന്നു പ്രത്യേകം ദത്തമായിരിക്കുന്ന ശക്തിയെ, അതായതു ഹൃദയാന്തര പ്രകാശത്തെ നശിപ്പിക്കുന്ന ഉഷ്‌ണമാകുന്നു.
ഈ ഉഷ്‌ണം, ദേഹ ദേഹികള്‍ക്ക് ശേഷം ദോഷകരമാകയാല്‍ ആത്മീകവും ദൈവീകവുമായ കൃത്യാകൃത്യങ്ങളെ ഉപദേശിക്കുന്ന പ്രമാണങ്ങള്‍ അത്രയും ഏകാഭിപ്രായമായി ആ ഉഷ്‌ണത്തെ ഉണ്ടാക്കുന്ന മദ്യം ത്യാജോക്തമാണെന്നു സിദ്ധാന്തിക്കുന്നു.
എന്നാല്‍ മാംസഭോജികള്‍ ആക്രമഭോജികള്‍ അതി ദഹനത്തെ കാംക്ഷിച്ചു ആഹാരസഹിതം സ്വല്‌പമെങ്കിലും സേവിക്കുന്നതു ആവശ്യമെന്നഭിപ്രായപ്പെട്ടും സേവശരിപ്പെട്ടും നടക്കുന്ന മധ്യേ ഉത്ഭൂതമായ ക്രിസ്‌തു ദൈവവും, ദൈവവചനമെന്നു വിശ്വസിക്കപ്പെടുന്ന സുവിശേഷം താനും, ദഹനത്തിന്നായി കൊണ്ടു കുറച്ചു സേവിക്കാന്‍ കല്‌പിച്ചു. `പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ പകര്‍ന്നാല്‍ തോല്‍ക്കുടങ്ങളെ പൊളിക്കും വീഞ്ഞു ഒഴുകിപ്പോകും പുതിയതില്‍ തന്നെ വെക്കണം.' (മാര്‍ക്കോ 2-22)
അത്രയുമല്ലാ മദ്യത്തെ ക്രിസ്‌തുമത അസ്‌തിവാരമാക്കിയും ഉറപ്പിച്ചു. വായനക്കാരുടെ മന:തൃപ്‌തിക്കായിക്കൊണ്ടു ക്രിസ്‌തുമതത്തെയും മദ്യമാഹാത്മ്യത്തെയും ഓരോന്നായി വിവരിക്കുന്നു.
1. മേരീ പുത്രി മാഹാത്മ്യം ജനത്തില്‍ പ്രസ്‌താവപ്പെടാനും സ്ഥാപിക്കപ്പെടാനും ഉണ്ടായ പ്രഥമ കാരണം മദ്യമാകുന്നു. എങ്ങനെ എന്നാല്‍, ഗലീലിയായിലെ കാനായില്‍ വെച്ചുണ്ടായ കല്ല്യാണ വിരുന്നില്‍ വീഞ്ഞു (മദ്യം) അവസാനിക്കയാല്‍ ക്രിസ്‌തു വെള്ളത്തെ വീഞ്ഞാക്കി (യോ 2-9 വരേ) ഇതു ആദ്യമായി കാണിക്കപ്പെട്ട അത്ഭുത ശക്തിയാകുന്നു.
2. ക്രിസ്‌തു ശിഷ്യരോടു പറഞ്ഞതാവിതു, `ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ അതിന്റെ കൊമ്പുകളും ആകുന്നു. (യോ 15-5) ഈ വചനം കൊണ്ടു ക്രിസ്‌തു മദ്യത്തെ അമൃതോപമാക്കി കാണിക്കുന്നു. എങ്ങനെ എന്നാല്‍ വീഞ്ഞു (മദ്യം) ഉണ്ടാകുന്ന വള്ളി താനും, തന്നില്‍ ശിഷ്യപ്പെട്ടിരിക്കുന്നവര്‍ അതിന്റെ കൊമ്പുകളും ആകുന്നു. എന്നു പറഞ്ഞതിന്റെ താല്‌പര്യം നിത്യജീവന്‍ തന്നില്‍ ഉണ്ടെന്നും തനിക്കു ശേഷം തന്റെ ശിഷ്യരില്‍ ഉണ്ടാകുമെന്നുമാകുന്നു. അതുപ്രകാരം പാപമോചന അധികാരം ശിഷ്യര്‍ക്കു കൊടുത്തിട്ടും ഉണ്ട്. (യോഹ 20-23) ഇതിനാല്‍ നിത്യജീവന്‍ വീഞ്ഞാണെന്നു ക്ലിപ്‌തമാകുന്നു.
3. `പിന്നെ പാനപാത്രം എടുത്തു വാഴ്‌ത്തി അവര്‍ക്കു (ശിഷ്യര്‍ക്കു) കൊടുത്തു പറഞ്ഞു. എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയപ്പെടുന്ന പുതുനിയമത്തിലെ എന്റെ രക്തമാകുന്നു. (മത്ത 26-27) അവസാന സമയം രക്ഷാര്‍ഥ നിയമമാക്കി കല്‌പിക്കപ്പെട്ട ഈ നിയമത്തെ പിഴപ്പിക്കാതെ ക്രിസ്‌തീയര്‍ മദ്യത്തെ രക്ഷാര്‍ഥ പദാര്‍ഥമാക്കി `സ്‌ക്രീമെന്റില്‍ (തിരു അത്താഴത്തില്‍) കുടിച്ചുവരുന്നുമുണ്ട്. ഇതിനാല്‍ ക്രിസ്‌തു മതാനുസരണമുള്ള രക്ഷക്കു ആധാരം മദ്യപാനമാണെന്നു തെളിയുന്നു.
4. എന്റെ പിതാവിന്റെ രാജ്യത്ത് നിങ്ങളോടുകൂടി പുതുതായി കുടിക്കുന്ന നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്ന് ഇനി കുടിക്കുകയില്ല. (മത്താ, 26-29). ഈ വചനം കൊണ്ട് ദൈവരാജ്യത്തില്‍ താനും മദ്യം ഉണ്ടെന്നും ക്രൈസ്‌തവര്‍ തന്റെ കര്‍ത്താവോടു കൂടി ദൈവ രാജ്യത്തില്‍ കുടിക്കാനുള്ളതു മദ്യമാണെന്നും തെളിയുന്നു. കൂടാതെ ക്രൈസ്‌തവര്‍ സാധാരണയായി കുടിക്കാറുണ്ടായിരുന്നെന്നും തെളിയുന്നു.
പ്രിയ വായനക്കാരെ! ക്രിസ്‌തുമത വര്‍ധനക്കു കാരണമായതു മദ്യപാനാഭിവൃദ്ധിയാണെന്നു ഏവനും ധരിക്കും, മദ്യം ഇല്ലെങ്കില്‍ ക്രിസ്‌തുമതം നാസ്‌തി എന്നഭിപ്രായപ്പെടും.
ക്രിസ്‌തുമത സ്വഭാവം മേല്‍ പ്രകാരമായിരിക്കെ മദ്യപാനം ഹേതുവായി സമുദായം ആസകലാല്‍ ദോഷപ്പെടുന്നതില്‍ പരിതപിച്ച്, സഹോദര സ്‌നേഹത്തെ ആസ്‌പദമാക്കി മദ്യപാനത്തില്‍ നിന്ന് സഹോദരരെ രക്ഷിപ്പാന്‍ ഉറപ്പ് ഉത്സാഹാര്‍ഥം ഒരു സൊസൈറ്റി ഏര്‍പ്പെട്ടു നിശ്ശേഷ യത്‌നം ചെയ്യുന്നതായും കേള്‍ക്കുന്നുണ്ടെന്നു മാത്രമല്ല, മദ്യപാനദോഷത്തെ വിവരിച്ചു പ്രസംഗിക്കുകയും മദ്യപാനം ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്ന ക്രിസ്‌തീയ പ്രസംഗികളെ കാണ്മാനുണ്ട്.
ഹാ, ഇതു എത്ര അത്ഭുതം! ഇസ്‌ലാം മത വിധി ക്രിസ്‌തുജന ഹൃദയങ്ങളെ ആകര്‍ഷിക്കുന്നു. ഇതിനാല്‍ ഇസ്‌ലാംമതത്തിലുള്ള അത്ഭുതശക്തി ജനഹൃദയങ്ങളെ ആകര്‍ഷിക്കലാണെന്ന് പ്രത്യക്ഷപ്പെടുന്നു.
സൊസൈറ്റിയുടെ ശ്രമം വാസ്‌തവത്തില്‍ ക്രിസ്‌തുമത മൂലഛേദനമാകുന്നു. എങ്ങനെ എന്നാല്‍ ഒന്നാമതു, കുടിക്കണമെന്നു കല്‌പിച്ചതിനെതിരായി അരുതെന്നു ധരിപ്പിക്കുന്നു. രണ്ടാമതു, പാപ വിമോചനമുണ്ടെന്നു കല്‌പിച്ചതിന്നു വിപരീതം മഹാ പാപമെന്നുപദേശിക്കുന്നു, മൂന്നാമതു മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ മുന്തിരിവള്ളിയായ ക്രിസ്‌തുവിനെ നിഷേധിച്ചവനാകുന്നു. നാലാമതു, നിത്യജീവനെ നിരസിച്ചവന്‍ ആകുന്നു. അഞ്ചാമതു, ദൈവരാജ്യത്തില്‍ കര്‍ത്തവാടൊന്നിച്ചു കുടിക്കാനുള്ള മദ്യത്തെ മനപ്പൂര്‍വം നിന്ദിച്ചുപേക്ഷിച്ചതാകുന്നു. ഇങ്ങനെ സര്‍വ ഭാഗങ്ങളെയും ഒന്നായി ത്യജിക്കുവാന്‍ ക്രിസ്‌തുമത വിശ്വാസികള്‍ക്കാകുമോ!
വേദഭാഷയും രാജ്യഭാഷയും
ഖുര്‍ആന്‍- ഇത് അറബി ഭാഷയില്‍ ഉള്ള വേദാധാരം ആകുന്നു. നാനാ തരക്കാരായ പല ദേശക്കാര്‍ അത്രയും (വിശ്വാസികള്‍ ഒക്കെയും) വേദാധാരം മുഴുവനും ഗ്രഹിക്കുന്നവര്‍ ആകുന്നത് അസാധ്യമാകയാല്‍ ആധാരഗ്രാഹ്യം നിഷ്‌കര്‍ഷ നിയമം (ഫറള്) ആക്കാതെ ഗ്രഹിച്ചിരിക്കുന്നത് ഉത്തരം എന്ന് കല്‌പിച്ചു.
മേല്‍ പ്രകാരം ഗ്രഹിക്കുന്ന മാര്‍ഗം ദ്വി വിധമാകുന്നു. ഒന്നാമതു, അറബിഭാഷ അഭ്യസിച്ച് ഗ്രഹിക്കല്‍. രണ്ടാമതു അറബിഭാഷാ പരിജ്ഞാനികള്‍ ഭാഷപ്പെടുത്തിയ ഭാഷാന്തരം വായിച്ചു ഗ്രഹിക്കല്‍. മലയാള ജനം ഗ്രഹിക്കുന്നതിലേക്ക് ആവശ്യമായ മലയാള ഭാഷാന്തരം മലയാളത്തില്‍ കാണാതിരിക്കുവാന്‍ വലുതായ തെറ്റും മഹാ സങ്കടവും ആകുന്നു.
അര്‍ഥം ഒഴികെ വായന ശുദ്ധമാക്കുന്ന പഠനം- ഈ പഠനവും ബഹുജനത്തിലും പുതു ജനത്തിലും അസാധ്യമാകയാല്‍ നിഷ്‌കര്‍ഷ നിയമത്തില്‍ ചേര്‍ക്കാതെ (ശിക്ഷ കല്‌പിക്കാതെ) ആവാം എന്ന സ്ഥാനത്തു നിര്‍ത്തി ദൈവ വചനമെന്നുള്ള ഭക്തിയോടുകൂടി പഠനം ചെയ്യുന്നതില്‍ പുണ്യാപ്‌തമുണ്ടെന്നു കല്‌പിച്ചു. എന്നാല്‍ നമസ്‌കാരത്തില്‍ `ശാഫി' മതപ്രകാരം ഫര്‍ളായിരിക്കുന്ന `ഫാതിഹ' എന്ന ചെറുസൂറാ വീഴ്‌ചയും ഇടര്‍ച്ചയും കൂടാതെ വായിക്കുമാറാകുന്നത് ഫര്‍ളാകുന്നു. അതോടൊന്നിച്ച് ഏതാനും സൂറത്തുകളും പാഠമിടുന്നതു സുന്നത്തും ആകുന്നു. ഇത്രമാത്രം അല്ലാതെ ഖുര്‍ആന്‍ മുഴുവനും ഓതിക്കേണ്ട ചുമതല മാതാപിതാക്കന്മാരില്‍ ഇല്ല. എന്നാല്‍ തരം പോലെ അര്‍ഥത്തോടുകൂടി പഠിക്കുന്നതും പഠിപ്പിക്കുന്നതും ഉത്തമം. വായന മാത്രം ശരിപ്പെടുത്തുന്നതു ഇഷ്‌ടവും ആകുന്നു.
മൗലവി ആവല്‍ - `ഫര്‍ളുല്‍ കിഫായ' ആക്കി നിയമിച്ചു. ഇതിന്റെ താല്‌പര്യം ദേശത്തോ രാജ്യത്തോ പണ്ഡിതര്‍ ഉണ്ടായിരിക്കണമെന്നാകുന്നു. അതു രണ്ടോ മൂന്നോ ഉണ്ടായിരിക്കേണം. ദേശത്ത് വൈദ്യന്‍ എന്ന പോലെ ദേശത്ത് ഒരു വൈദ്യനും ഇല്ലാതാകുമ്പോള്‍ തദ്ദേശീയര്‍ അത്രയും നിവൃത്തിയില്‍ തെറ്റുകാര്‍ ആകുന്നതുപോലെ ദേശത്തു ഒരു പണ്ഡിതനും ഇല്ലാതാകുമ്പോള്‍ മതാവശ്യ നിവൃത്തിയില്‍ തദ്ദേശീയര്‍ അത്രയും കുറ്റപ്പെടുന്നു. ആകയാല്‍ ഒന്നോ രണ്ടോ പണ്ഡിതന്മാരെ ബാധിക്കുന്നു. എന്നല്ലാതെ ദേശവാസികള്‍ ഒക്കെയും മൗലവി ആവണമെന്ന് മതം നിര്‍ബന്ധിക്കുന്നില്ല. അതു സാധിക്കുന്നതുമല്ല.
ഭൂത നിര്‍മാണമായ ഭൂതാശ്രയത്തില്‍ ജീവിക്കേണ്ട മനുഷ്യാവസ്ഥക്ക് ഏതിരായ വിധിയോ നിയമമോ ഇസ്‌ലാം മതത്തില്‍ കാണുന്നതല്ല. `ഒരു അപ്പന്ന് രണ്ടോ മൂന്നോ പുത്രന്മാര്‍ ഉണ്ട്. അവര്‍ ഒക്കെയും വേദാഭ്യാസ തല്‌പരന്മാര്‍ ആകുന്നുവെങ്കില്‍ അപ്പന്‍ യോജിക്കാതെ ഒരുവനെ മാത്രം ദൈവീകത്തില്‍ അനുവദിക്കേണമെന്നും ശേഷം പേരെ ലൗകീകാവശ്യമായ വ്യാപാരം തൊഴില്‍ മുതലായതില്‍ ശ്രമിപ്പിക്കേണമെന്നും, അവരെക്കൊണ്ടും ഗൃഹജോലി പൂര്‍ത്തിയാകാത്ത പക്ഷം പുത്രരില്‍ ആരെയും ദൈവീകത്തില്‍ വിടാതെ നിര്‍ത്തിവെക്കണമെന്നും വിധിക്കുന്നു. (ഇഹിയാ) ഈ വിധി `ഫറളുല്‍ കിഫായാ' എന്ന നിയമാനുസൃതമാകുന്നു. ഇതിനാല്‍ പ്രാപഞ്ചിക അഭ്യാസം മുഖ്യമെന്ന് തെളിയുന്നു. പ്രാപഞ്ചികാഭ്യാസത്തില്‍ പ്രധാനം ദേശഭാഷ തന്നെ.
ഇനി രാജാക്കന്മാര്‍ പ്രജകളെ അഭ്യസിപ്പിക്കാന്‍ അവകാശപ്പെട്ടിരിക്കുന്നതു എന്തെന്നു അറിയണം. രാജ്യനിയമങ്ങളെ വായിച്ചുണരുന്നതിലേക്ക് ആവശ്യമായ അക്ഷരഭ്യാസ ഏര്‍പ്പാട് ഗവണ്‍മെന്റ് ചുമതലയാകുന്നു.
ഇസ്‌ലാം മതോദയത്തിന്നു ശേഷം മതവീരരായ നബി ശിഷ്യരും ഖലീഫമാരും അറബിഭാഷ പ്രചാര പ്രോത്സാഹികളാവാനും ഭാഷാ പരിഷ്‌കാര പരിശ്രമികളാവാനും കാരണമായത് ഇതുതന്നെ. അറബിഭാഷ രാജഭാഷയും രാജ്യഭാഷയും വേദഭാഷയും ആയിരുന്നു.
മതവിധികള്‍ ഇപ്രകാരമായിരിക്കെ മേല്‍ കാണിച്ച തോന്നിവാസ നടപടികൊണ്ടു ജനം നഷ്‌ടപ്പെടുന്നതും സഹിയാതെ പുനാ: പറഞ്ഞുവരുന്നതില്‍ മൂഢരും മുഠാളരും വൈരാഗ്യം പൂണ്ട് നിരസിക്കുന്നു. എങ്കിലും ക്രമേണ നമ്മുടെ വചനങ്ങള്‍ രത്‌നങ്ങളായിത്തീരുമെന്നും കൂട്ടത്തോടുള്ള കോട്ടത്തില്‍ നിന്നു ജനം രക്ഷപ്പെടുമെന്നും വിശ്വസിക്കുന്നു.
ദര്‍സ് പഠനം
ദര്‍സു, ദര്‍സു, എന്നാര്‍ത്തും കീര്‍ത്തിയില്‍ ആശിച്ചുല്‍സാഹിച്ചും നടന്നാല്‍ പോരാ ആവശ്യം അനാവശ്യം എന്നിവ വേര്‍തിരിച്ചും പരിഷ്‌കാര മാര്‍ഗം അന്വേഷിച്ചറിഞ്ഞും പ്രവൃത്തിക്കേണം.
ബുദ്ധിയും പ്രമാണവും
മുമ്പാണ്ടിയതു ബുദ്ധിയോ പ്രമാണമോ.
ബുദ്ധിയില്ലെങ്കില്‍ പ്രമാണമില്ല. പ്രമാണമില്ലെങ്കില്‍ രക്ഷയില്ല. ബുദ്ധിയും പ്രമാണവും മനുഷ്യനെ പിഴപ്പിക്കുന്നില്ല. അഹങ്കാരം കൊണ്ടു പിഴയ്‌ക്കുന്നു.
അഹങ്കാരമില്ലെങ്കില്‍ രാഗമില്ല രാഗമില്ലെങ്കില്‍ നരക സ്വര്‍ഗമില്ല, എന്നാല്‍ ബുദ്ധികൊണ്ട് പ്രമാണം ഗ്രഹിക്കുന്നു. രാഗാദിജ്‌ഞാനം അഹങ്കാരത്തെ നശിപ്പിക്കും. അഹങ്കാര നാശം മനുഷ്യപദവിയിലെത്തിക്കുന്നു.
വായനക്കാരെ! `മുഹമ്മദീയര്‍ക്കുള്ള' ട്രാക്‌ട് എന്നും `യേശു മശിഹാ' എന്നും തലക്കെട്ടിട്ടതായ കോട്ടയം ട്രാക്‌ട് ഇസ്‌ലാം ജനത്തിനു ക്രിസ്‌തുജനം കൊടുക്കുന്നതു അത്യത്ഭുതം തന്നെ. നാണമില്ലെങ്കില്‍ കോണം വേണ്ടാ എന്ന് നാം പറഞ്ഞതു ഓര്‍ക്കുന്നു. മുഹമ്മദീയര്‍ക്ക് എന്നുള്ള പ്രത്യേകതയോട് കൂടി ഇത്തരം ട്രാക്‌ടുകള്‍ പ്രസിദ്ധപ്പെടുത്താന്‍ സൊസൈറ്റിക്കാര്‍ക്കവകാശമില്ല. ഒരിക്കലുമില്ല. മനുഷ്യബുദ്ധികൊണ്ട് പ്രവൃത്തിക്കുന്നവന്‍ ഒരു പ്രകാരത്തിലും യോജിക്കുന്നതല്ല.
മാന്യജനമെ! നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നതു ഖുര്‍ആന്‍ പ്രാകരമോ, ഏവന്‍ ഗേലിയോന്‍ പ്രകാരമോ? ഖുര്‍ആന്‍ പ്രകാരമെങ്കില്‍ ഖുര്‍ആന്‍ കല്‌പിക്കും പ്രകാരമുള്ള മേരിയെയും മശിഹായെയും വ്യവസ്ഥപ്പെടുത്തി' മശിഹാ ശുദ്ധമനുഷ്യനായ നബിയാകുന്നു എന്നും, ദൈവം ത്രിയേകനെന്നുള്ള വിശ്വാസം അബദ്ധവും അക്രമവും ആകുന്നു എന്നും വിശ്വസിക്കേണം.
വിജ്ഞാന സമ്പാദനം
`ഇല്‍മു' എന്ന അറിവു സമ്പാദിക്കുന്നതിലേക്കു വിശുദ്ധ ഖുര്‍ആന്‍ ബലമായി നിര്‍ബന്ധിക്കുന്നു. നബിനായകന്‍ ഫര്‍ദ്വാക്കി (നിര്‍ബന്ധമാക്കി) കല്‌പിക്കുന്നുമുണ്ട്. നബിയുള്ള പ്രത്യേകം അരുളുന്നു: `ഇല്‍മു സമ്പാദിപ്പിക്കാന്‍ ഇറങ്ങിയവന്‍ മടങ്ങി വരുന്നതു വരെ ദൈവപാതയില്‍ ആകുന്നു. വീണ്ടും അരുളുന്നു. ജ്ഞാനിക്കു ഭക്തിയാല്‍ ഉണ്ടാകുന്ന ശ്രേഷ്‌ഠത ചന്ദ്രന് നക്ഷത്രങ്ങളില്‍ ഉണ്ടാകുന്നതുപോലെ ആകുന്നു.''
മേല്‍ പ്രകാരം ഖുര്‍ആനും നബി നായകരും നിര്‍ബന്ധിക്കുന്ന ഇല്‍മു എന്ന ജ്ഞാനം എത്ര വിധമെന്ന് അറിയേണമെങ്കില്‍ `ഇഹ്‌യാ' എന്ന വിശ്രുത കിത്താബില്‍ വിവരിച്ചിരിക്കുന്നു. ആ കിത്താബിന്റെ കര്‍ത്താവ് ജനത്താല്‍ ഉപദ്രവിക്കപ്പെട്ടതിനാല്‍ ശങ്കയോ സംശയമോ ഉണ്ടെങ്കില്‍ വേണ്ടാ- നബിനായകന്‍ അരുളിയതിനെ പ്രമാണിക്കേണം. `ഇല്‍മു' രണ്ടാകുന്നു. ഇല്‍മുല്‍ അബ്‌ദാന്‍ (ദൈഹിക ജ്ഞാനം) ഇല്‍മുല്‍ അദിയാന്‍ (ദൈവിക ജ്ഞാനം) എന്നരുളുന്നു. ഇതിനെ വിവരിക്കാം. ദേഹജ്ഞാനത്തില്‍ ദേഹസംബന്ധമായ ആസകലവും അടങ്ങുന്നു. ദേഹം ലൗകികമാകയാല്‍ ലൗകിക അറിവു മുഴുവനും വേണ്ടിവരുന്നു. ദേഹരക്ഷ ലൗകിക ജ്ഞാനത്തില്‍ ഇരിക്കുന്നു. മേല്‍ വിവരിച്ച പ്രകാരം ദേഹം ആദ്യവസ്‌തു ആയതുകൊണ്ട് നബിയുള്ളാതാനും ദേഹജ്ഞാനത്തെ ആദ്യസ്ഥമാക്കി അരുളി.
ഇംഗ്ലീഷ് വിദ്യാഭ്യാസം
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അഭ്യസിക്കുന്നതിലും ഗവണ്‍മെന്റുദ്യോഗം വരിക്കുന്നതിലും മതവിരോധമുണ്ടെന്നുള്ള ധാരണയും മേല്‍ പറഞ്ഞ മോക്ഷധാരണക്കൊത്തതാണെന്നു വേദാധാരത്തെളിവുകളെക്കൊണ്ടും മതകര്‍ത്താവിന്റെ നടപടി കൊണ്ടും യുക്താനുസരണന്യായങ്ങളെക്കൊണ്ടും തെളിയിക്കുന്ന പ്രസംഗം നടത്തിയും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും വരുന്നതില്‍ എതിരില്ലാതിരിക്കുന്നതില്‍ ആലോചിക്കേണ്ടതാകുന്നു.
പരത്തിലേക്കാവശ്യമായതുകളെ സമ്പാദിക്കാനുള്ള സ്ഥാനമായ ഇഹത്തെ പ്രത്യേകം കരുതേണം. ഇഹപര കര്‍ത്താവ് പരിശുദ്ധേകനായ ദൈവംതന്നേ എങ്കിലും പ്രപഞ്ചാവസ്ഥക്ക് രക്ഷശിക്ഷക്കധികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന രാജാക്കളെ ധിക്കരിക്കാതെ അനുസരിക്കണം. ഖുര്‍ആന്‍ പ്രമാണപ്രകാരം മൂന്നാം സ്ഥാനത്ത് കാണുന്ന `ആജ്ഞാശ്രേഷ്‌്‌ഠന്‍' (ഉലുല്‍ അംറ്) ഭരണാധികാരിയാണെന്ന് ഒരു പക്ഷമുണ്ട്.
പടിഞ്ഞാറെ പരിഷ്‌കാര പരിവര്‍ത്തകരാണെന്നുള്ള നടിനം അലങ്കാരമാക്കിക്കൊണ്ടു നടക്കുന്ന ചില പൂജ്യന്മാര്‍ സ്‌ത്രീവിദ്യാഭ്യാസ വിഷയത്തില്‍ പരിശ്രമികളായി പല ലേഖനങ്ങളും പല തവണയായി പ്രസിദ്ധപ്പെടുത്തിയതില്‍ മിക്കപേരും ഇസ്‌ലാംമതത്തില്‍ കയ്യേറി മതപ്രവാചകനെയും ജനത്തെയും ആക്ഷേപക്കുറിയാക്കി വരുന്നതില്‍ അവരവരുടെ ബുദ്ധിക്കടങ്ങാത്ത സംഗതികളെ ഇരവല്‍ വാങ്ങി പ്രയോഗിക്കുന്നുണ്ട്. അതുകളില്‍ നാം ഗൗനിപ്പാനില്ലെങ്കിലും സ്വജനഭ്രമത്തെ ഓര്‍ത്ത് ന്യായാന്വേഷണ ഗുണവും കാര്യവിവേചന ശക്തിയുമുള്ള മഹാന്‍മാര്‍ അറിഞ്ഞാലോചിപ്പാനായി നിഷ്‌പ്രയാസം ധരിക്കത്തക്ക ചില സംഗതികളെഴുതുന്നു.
പടിഞ്ഞാറെ പരിഷ്‌ക്കാര പ്രിയരായിരിക്കുന്ന യോഗ്യന്മാര്‍ ഇസ്‌ലാം മതത്തെ കുറ്റപ്പെടുത്തുന്നതു ധാരണക്കുറില്‍ നിന്നുണ്ടാകുന്ന ഗുരു നിന്ദയാകുന്നു. എങ്ങനെയെന്നാല്‍ പടിഞ്ഞാറെ പരിഷ്‌ക്കാര ഉത്ഭവം ഇസ്‌ലാം മതോദയത്തിന്നു ശേഷവും പടിഞ്ഞാറെ പരിഷ്‌കാര ഗുരുക്കന്മാര്‍ കിഴക്കരായ ഇസ്‌ലാം അറബികളുമാകുന്നു.
സ്‌ത്രീധനം അല്ലെങ്കില്‍ മഹര്‍
സ്‌ത്രീധനം അല്ലെങ്കില്‍ മഹര്‍ എന്നതിന്റെ താല്‌പര്യം-നഗ്‌നതക്കുള്ള വില അല്ലെങ്കില്‍ രഹസ്യ സ്ഥാനത്തിനുള്ള വില മാത്രമെന്നല്ല-അങ്ങനെ ആകുന്ന പക്ഷം മറ്റുഭാഗങ്ങളെ സ്‌പര്‍ശിക്കേണ്ട അധികാരം ഭര്‍ത്താവിന്നു ഇല്ലാതെയും വരുന്നു. കൂടാതെ ഭര്‍ത്താവു ദേഹരക്ഷിതാവാണെന്നു ക്രിസ്‌തു ചരിത്രവും ഭര്‍ത്താവമെന്നു ഹിന്ദുമതവും അധികാരിയാണെന്നു ഇസ്‌ലാം മതവും കല്‌പിക്കാന്‍ ന്യായമില്ല. രണ്ടാമതു എല്ലാ മതങ്ങളും കീഴടക്കത്തെ പ്രത്യേകം കല്‌പിക്കുന്നു.
പ്രിയ ശ്രോതാക്കളെ! സ്‌ത്രീധനം അല്ലെങ്കില്‍ മഹ്‌ര്‍ എന്നതിനുള്ള ശരിയായ അര്‍ഥം പ്രത്യക്ഷത്തിലിരിക്കുന്നു. സ്‌ത്രീ എന്ന നാമത്തില്‍ ദേഹം മുഴുവനും അടങ്ങുന്നു. കാമം എന്നതും മുഴു ദേഹത്തെയും സംബന്ധിക്കുന്നു. കാമിനീ, കാമിപ്പിക്കുന്നവള്‍ എന്നു ഹിന്ദുമതവും കണ്ടു മനസ്സുകൊണ്ട് മോഹിക്കുന്നത് വ്യഭാചാരമെന്നു ക്രിസ്‌തുമതവും ഇസ്‌ലാം മതവും പറയുന്നു. ആകയാല്‍ അന്യ പുരുഷന്‍ കാണരുത് എന്ന് ഇസ്‌ലാം മതം പ്രത്യേകം കല്‌പിക്കുന്നു. ആ സ്ഥാനമോ സാധാരണയില്‍ അദൃശ്യകമായിരിക്കുന്നു. എന്നാല്‍ പുരുഷഹൃദയത്തിന്നു ആനന്ദം നല്‌കുന്നതും ആകര്‍ഷിക്കുന്നതും മേല്‍ഭാഗങ്ങളാണെന്നും അതില്‍ മുഖ്യം മുഖം തന്നെ എന്നും സര്‍വബോധ്യം തന്നെ. കണ്ടിട്ടു കാളുന്ന കാമാഗ്നിയെ ശമിപ്പിക്കുന്നതില്‍ മൂന്നാമത്തേതായ അവസാനത്തെ സ്ഥാനത്തെ മാത്രം സ്ഥാപിക്കുന്നതു അബദ്ധം തന്നെ. സ്‌ത്രീരൂപം ആസകലാല്‍ പുരുഷരെ കാമിപ്പിക്കുന്നതാകയാല്‍ സ്‌ത്രീധനം (മഹര്‍) എന്നു പറഞ്ഞതില്‍ ദേഹം മുഴുവന്‍ അടങ്ങുന്നു എന്നു വിചാരിക്കേണം. പ്രത്യേകിച്ച് ഭര്‍ത്താവിനുവേണ്ടി എപ്പോഴും അലംകൃതമായിരിക്കണം. നിന്റെ അഴക് മുഴുവനും ഭര്‍ത്താവിനുള്ളതാകുന്നു എന്നുള്ള കല്‌പന കൊണ്ടും ദേഹമാസകലമെന്നര്‍ഥമുണ്ടാകുന്നു.
സൂറ: നിസാഅ് 34-ാം ആയത്തില്‍ തമ്പുരാന്‍ അരുളുന്നു. ``പുരുഷന്‍ ആജ്ഞാപനാകുന്നു സ്‌ത്രീകളിന്മേല്‍, എന്തുകൊണ്ടെന്നാല്‍ ദൈവം ഒന്നിനെ ഒന്നിന്മേല്‍ ശ്രേഷ്‌ഠമാക്കി. കൂടാതെ ചെലവഴിച്ചു അവര്‍ (പുരുഷന്മാര്‍) അവരുടെ മുതലിനെ - എന്നാല്‍ സല്‍ഭാഗ്യവാന്മാര്‍ ആജ്ഞാനുസാരികളാകുന്നു. സൂക്ഷിക്കുന്നവരാകുന്നു. പിന്നില്‍ (ഭര്‍ത്താവില്ലാതിരിക്കുമ്പോള്‍ അവന്റെ ആജ്ഞയെയും മുതലിനെയും കാക്കുന്നു.) ദൈവ സൂക്ഷ്‌മതകൊണ്ടു (ദൈവം അവര്‍ക്കുള്ള അവകാശങ്ങളെ സൂക്ഷിച്ചതുകൊണ്ടു) ആരുടെ സ്വഭാവം കൊണ്ടു ഭയം ഉണ്ടാകുന്നുവോ അവരെ ധരിപ്പിക്കയും ശയനത്തില്‍ അകറ്റുകയും പിന്നെ അടിക്കുകയും ചെയ്യുവീന്‍. നിങ്ങളുടെ കല്‌പനക്ക് വഴിപ്പെട്ടെങ്കില്‍ അന്വേഷിക്കരുത്. അവരില്‍ ആക്ഷേപമാര്‍ഗത്തെ. സംശയമെന്യേ ദൈവമാകുന്നു എല്ലാറ്റിലും വലിയവന്‍.'' ഈ കല്‌പനകൊണ്ട് സ്‌ത്രീകളുടെ ദേഹത്തിന്മേലെല്ലാം ഭര്‍ത്താക്കള്‍ക്ക് അധികാരമുണ്ടെന്നു സ്‌പഷ്‌ടം തെളിയുന്നു.
0 comments: