ഹദീസിനെ ഒന്നാം പ്രമാണമാക്കുന്നവര്‍

  • Posted by Sanveer Ittoli
  • at 8:03 AM -
  • 0 comments


ശബാബ് വീക്ക്‌ ലി കത്തുകൾ NOV_22_2013



ഹദീസിനെ ഒന്നാം പ്രമാണമാക്കുന്നവര്‍

ഇസ്‌ലാമിലെ വിശ്വാസ ആചാര കര്‍മങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌ ഒന്നാമതായി ഖുര്‍ആനിന്റെയും രണ്ടാമതായി തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്‌. അതിനര്‍ഥം ഹദീസ്‌ വിശുദ്ധ ഖുര്‍ആനിനെപ്പോലെ നൂറ്‌ ശതമാനം അന്യൂനമാണ്‌ എന്നല്ല. മറിച്ച്‌ ഹദീസുകളില്‍ പ്രബലമായതും ദുര്‍ബലമാതും ഉണ്ടാകും. വിശുദ്ധ ഖുര്‍ആനിന്റെ വിഷയത്തില്‍ ഇങ്ങനെയൊരു പ്രശ്‌നം ഉദിക്കുന്നില്ല.
മുസ്‌ലിം ലോകത്ത്‌ ഏറ്റവും കൂടുതല്‍ അംഗീകാരമുള്ള ബുഖാരി, മുസ്‌ലിം തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസാണെങ്കില്‍ പോലും വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക്‌ വിരുദ്ധമായി വന്നാല്‍ അത്തരം ഹദീസുകള്‍ പണ്ഡിതന്‍മാരോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ മാറ്റിവെക്കുക എന്ന സമീപനമാണ്‌ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നിട്ടുള്ളത്‌. എന്നാല്‍ അതിനു വിരുദ്ധമായി ഇടക്കാലത്ത്‌ ചില നവയാഥാസ്ഥിതിക പുരോഹിതന്മാര്‍ വിശുദ്ധ ഖുര്‍ആന്‍ പോലെത്തന്നെ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാത്തതാണ്‌ ഹദീസുമെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ജൂതപ്പെണ്ണ്‌ നബി(സ)യെ സിഹ്‌റ്‌ ചെയ്‌തു ഫലിപ്പിച്ചുവെന്ന ഒരു ദുര്‍ബലമായ ഹദീസ്‌ ബുഖാരിയില്‍ വന്നു എന്നതിന്റെ പേരില്‍ ഇത്‌ വിശ്വസിക്കല്‍ ഈമാനിന്റെ ഭാഗമായി എണ്ണുകയാണ്‌ ഈ കൂട്ടര്‍!' ഇവര്‍ എങ്ങോട്ടാണ്‌ മുസ്‌ലിം സമൂഹത്തെ കൊണ്ടുപോകുന്നത്‌? എ അബ്‌ദുല്‍ ഹമീദ്‌ മദീനിയുടെ ശബാബിലെ തുടര്‍ലേഖനം വിജ്ഞാനകുതുകികള്‍ക്ക്‌ ഏറെ ഉപകാരപ്രദമാണ്‌.
കെ എ ഷാഹുല്‍ ഹമീദ്‌ പെരുമണ്ണ



സമുദായത്തിന്റ ആഭരണഭ്രമം ഇനിയും മൗനം പാലിച്ചുകൂടാ


ശബാബ്‌ 13ാം ലക്കത്തില്‍ എ പി കുഞ്ഞാമു എഴുതിയ ആഭരണ ഭ്രമത്തെ പറ്റിയും അത്‌ മൂലം സമുദായം ആണ്ട്‌ പോയിക്കൊണ്ടിരിക്കുന്ന സാംസ്‌കാരികച്യുതിയെ പറ്റിയുമുള്ള ലേഖനം എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌. സമുദായത്തിന്ന്‌ വന്ന്‌ പെട്ടിട്ടുള്ള ഈ മൂല്യച്യുതിക്ക്‌ എല്ലാ വിഭാഗം പണ്ഡിതന്മാരും നേതാക്കളും ഉത്തരവാദികളാണ്‌. നമ്മുടെ നേതാക്കള്‍ സ്‌ത്രീ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും ഊന്നല്‍ നല്‍കിയപ്പോള്‍ അവരുടെ ആഭരണ ഭ്രമവും ആഡംബര വസ്‌ത്രതാല്‍പര്യവും നിരുല്‍സാഹപ്പെടുത്തുവാന്‍ വേണ്ടത്‌ ചെയ്‌തിരുന്നോ എന്ന്‌ സംശയിപ്പിക്കുന്ന തരത്തിലാണ്‌ ആഭരണ ഭ്രമത്തിന്റെയും ആഡംബര വിവാഹത്തിന്റെയും വളഞ്ഞവഴിയിലൂടെയുള്ള സ്‌ത്രീധന സമ്പ്രദായത്തിന്റെയും വളര്‍ച്ച. സ്‌ത്രീധനം നേരിട്ട്‌ ചോദിക്കുകയും പറയുകയും ചെയ്യുന്നത്‌ ഏറെക്കുറെ നിലച്ചിട്ടുണ്ടെങ്കിലും ആഭരണ ഭ്രമത്തില്‍ അത്‌ ഒളിഞ്ഞിരിക്കുന്നു.
പരസ്യപ്പെടുത്തി സ്‌ത്രീധന രഹിത സമൂഹവിവാഹം നടത്തുന്നത്‌ കൊണ്ടോ, മതപ്രസംഗങ്ങളില്‍ ഒരു വിഷയമായി ഉല്‍ബോധനം നടത്തുന്നത്‌ കൊണ്ടോ മാത്രം ഈ തിന്മകള്‍ ഇല്ലാതാവുന്നില്ല. ഒരു ആഭരണവും സ്വീകരിക്കാതെ, പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നവര്‍ എത്ര പേരുണ്ടാവും. ഉദാഹരണമായി നമ്മുടെ യത്തീംഖാനകളില്‍ പഠിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിക്കുവാന്‍ എത്ര പേര്‍ തയ്യാറാകും. അപൂര്‍വ്വമായി വല്ലതും നടക്കുന്നുണ്ടെങ്കില്‍ അത്‌ സൗന്ദര്യം നോക്കിയായിരിക്കും. നവോത്ഥാന പ്രവര്‍ത്തകര്‍ പോലും വിവാഹം അന്വേഷിക്കുമ്പോള്‍ തല്‍ക്കാലം പണമായും ആഭരണമായും കിട്ടിയില്ലെങ്കിലും ഭാവിയില്‍ വധൂ പിതാവില്‍നിന്നും വല്ലതും ലഭിക്കാനുള്ള ആസ്‌തിയുണ്ടോ എന്ന്‌ കൂടി നോക്കിയാണ്‌ വിവാഹം ഉറപ്പിക്കുന്നത്‌. ഇത്‌ എല്ലാവര്‍ക്കും അറിയുന്ന, എന്നാല്‍ ആരും ഗൗനിക്കാത്ത ഒരു വസ്‌തുതയാണ്‌.
സ്‌ത്രീകളുടെ ഭാഗത്ത്‌ നിന്ന്‌ തന്നെ ഇതിനെതിരെ ചെറുത്ത്‌ നില്‌പുണ്ടായാല്‍ കുറെയൊക്കെ മാറ്റങ്ങള്‍ ഉണ്ടാവും. വിവാഹത്തിന്ന്‌ നീക്കിവെച്ച പണത്തില്‍ നിന്ന്‌ നല്ലൊരു ഭാഗം പാവപ്പെട്ട ദമ്പതികള്‍ക്ക്‌ വീട്‌ വെച്ച്‌ കൊടുക്കാന്‍ ഉപയോഗപ്പെടുത്തിയ ജനപ്രതിനിധി ഷാഫി പറമ്പിലിന്റെ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണ്‌, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌.
എ കെ സി മുഹമ്മദ്‌ മാസ്റ്റര്‍ വേങ്ങര



സാമൂഹിക രോഗങ്ങളുടെ  ചികിത്സകരാണ്‌ ഖത്വീബുമാര്‍


ജനമനസ്സുകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒരു പ്രബോധന മാര്‍ഗമാണ്‌ വെള്ളിയാഴ്‌ച ഖുത്വുബകള്‍. സംഘടനാ പ്രവര്‍ത്തകരല്ലാത്ത, അത്തരം സംവിധാനങ്ങളോട്‌ ആഭിമുഖ്യമില്ലാത്ത സാധാരണക്കാരും അല്ലാത്തവരുമായ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ മതത്തെ പഠിക്കുവാന്‍ ആശ്രയിക്കുന്ന ഒരു സംവിധാനം കൂടിയാണ്‌ ഖുത്വുബകള്‍. വെള്ളിയാഴ്‌ച പ്രസംഗം പോലെ മുസ്‌ലിംകള്‍ക്കുള്ള ഒരു സംവിധാനം ഞങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഈ സമൂഹത്തെ ഞങ്ങള്‍ മാറ്റിമറിക്കുമായിരുന്നുവെന്ന്‌ കേരളത്തിലെ ജനസ്വാധീനമുള്ള ഒരു പ്രമുഖ രാഷ്‌ട്രീയ സംഘടനയുടെ സാരഥി ഒരിക്കല്‍ പറയുകയുണ്ടായി.
നിര്‍ഭാഗ്യകരമെന്നു പറയാം, മിമ്പറുകള്‍ക്ക്‌ ജനമനസ്സുകളിലുള്ള ശക്തമായ സ്വാധീനം തിരിച്ചറിയാത്തവരാണ്‌ ചില ഖത്വീബുമാര്‍. ആഴത്തിലുള്ള അറിവു നേടിയിട്ട്‌ ഒരാള്‍ക്ക്‌ ഖത്വീബാകാന്‍ സാധിക്കുകയില്ലായിരിക്കാം. എന്നാല്‍ പറയുന്ന വിഷയങ്ങള്‍ ആധികാരികമാക്കാന്‍ ശ്രദ്ധിക്കായ്‌ക മൂലവും ഭാഷാശുദ്ധിയില്ലായ്‌മ കൊണ്ടുമൊക്കെ പല ഖുത്വുബകളും വിരസമാണ്‌. വിഷയങ്ങള്‍ ശ്രോതാക്കളെ സ്വാധീനിക്കണമെങ്കില്‍, അതുമായി ഖത്വീബിന്‌ വൈകാരികമായ ബന്ധം ആവശ്യമാണ്‌. സാമൂഹ്യാവസ്ഥകളെ അപഗ്രഥിക്കുകയും അത്‌ മനസ്സിനെ അസ്വസ്ഥപ്പെടുത്തുകയും മതാധ്യാപനങ്ങളുടെ മൂശയില്‍ അതിനു പരിഹാരം അന്വേഷിക്കുകയും വൈജ്ഞാനിക മേഖലയില്‍ കഠിനാധ്വാനം നടത്തി അത്‌ സമര്‍പ്പിക്കുകയും ചെയ്യുന്ന ഒരാളുടെ പ്രഭാഷണമാണ്‌ ജനമനസ്സുകളില്‍ സ്വാധീനശക്തിയുള്ളതാകുന്നത്‌. വെന്ത ചിന്തയുടെ വീര്യവിസ്‌മയ പ്രവാഹമാണ്‌ പ്രഭാഷണം എന്ന്‌ ഒരു പ്രസിദ്ധ നിരൂപകന്‍ പറയുകയുണ്ടായിട്ടുണ്ട്‌. അനുഭവയുക്തമായ പ്രഭാഷണം അനുവാചകരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്നു. അല്ലാത്തത്‌ ജനങ്ങള്‍ തള്ളിക്കളയുന്നു. ജനത്തെ സ്വാധീനിക്കണമെങ്കില്‍ പ്രഭാഷണം ഖത്വീബിന്റെ സ്വന്തം വികാരമായി മാറേണ്ടതുണ്ട്‌.
നാനാതരത്തിലുള്ള ശ്രോതാക്കളെ എല്ലാ അര്‍ഥത്തിലും പരിഗണിക്കുക എന്നത്‌ സുപ്രധാനമാണ്‌. പഴയ കാലത്തെ അപേക്ഷിച്ച്‌ ഏതെങ്കിലും ഭൗതിക വിജ്ഞാനീയങ്ങളില്‍ ഔപചാരികമായിത്തന്നെ അറിവു നേടിയവരാണ്‌ ജനങ്ങളില്‍ അധികവും. അതനുസരിച്ച്‌ അവരുടെ കാഴ്‌ചപ്പാടുകളും വളര്‍ന്നിരിക്കുന്നു. പഴഞ്ചന്‍ ശൈലികളിലൂടെയുള്ള ആവിഷ്‌ക്കാര രീതികളുപേക്ഷിച്ച്‌ വികസന ക്ഷമമായ ഇസ്‌ലാമിക വിജ്ഞാനങ്ങളും ചരിത്രബോധങ്ങളും നവീനമായ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കാന്‍ പ്രഭാഷകര്‍ക്ക്‌ കഴിയേണ്ടതുണ്ട്‌.
ക്രോഡീകരിക്കപ്പെട്ട പ്രവാചക പ്രഭാഷണങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ഒരു സംസാരവും അര മണിക്കൂറിലധികം നീണ്ടുപോയിട്ടില്ല എന്നു കാണാന്‍ സാധിക്കും. വ്യക്തവും അവധാനതയുള്ളതുമായിരുന്നു പ്രവാചക ശൈലി. ആ വാക്കുകള്‍ പെറുക്കിയെടുക്കാമായിരുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തമായി അവതരിപ്പിക്കുന്നതാണ്‌ മനസ്സില്‍ തങ്ങിനില്‌ക്കുക. കടുക്‌ മണിപോലുള്ള കാര്യങ്ങള്‍ പറയാന്‍ ഒരു കടല്‍പോലെ പ്രഭാഷണത്തെ നീട്ടിക്കൊണ്ടുപോകുന്ന ചിലരെ കാണാം. ശ്രോതാക്കളില്‍ കൃത്യസമയത്ത്‌ സ്‌കൂളിലെത്തേണ്ട വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റുദ്യോഗസ്ഥര്‍, കച്ചപവടക്കാര്‍, തൊഴിലാളികള്‍ എന്നിവരെല്ലാമുണ്ടെന്ന്‌ ഇവര്‍ പരിഗണിക്കാറില്ല.
`ഇതൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍' എന്നായിരിക്കും ഇത്തരം പ്രസംഗങ്ങളെ സംബന്ധിച്ച്‌ കേള്‍വിക്കാരുടെ മനോഗതം. യഥാര്‍ഥത്തില്‍ ഖത്വീബുമാര്‍ സാമൂഹിക രോഗങ്ങളുടെ ചികിത്സകരാണ്‌. ഒരു ഡോക്‌ടര്‍ രോഗിയില്‍ ചെയ്യുന്ന സേവനത്തേക്കാള്‍ എത്രയോ ഉയര്‍ന്നുനില്‌ക്കുന്ന ഒന്നത്രെ ഇത്‌. പരന്ന വായനയിലൂടെ അറിവിനെ നവീകരിക്കലും ഒരു സോഷ്യോളജിസ്റ്റിന്റെ ജിജ്ഞാസയോടെയും ജാഗ്രതയോടെയും സാമൂഹ്യമനശ്ശാസ്‌ത്രത്തെ പഠിക്കലും, ഭാഷയും ശൈലിയും ശുദ്ധവും ആകര്‍ഷകവുമാക്കലും ഓരോ ഖത്വീബിന്റെയും അടിയന്തിര ബാധ്യയകാകുന്നു.
പി ജലീല്‍ അത്തോളി



ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍


ശക്തവും ചിന്തനീയവുമാണ്‌ ശബാബ്‌ ലക്കം 14 എഡിറ്റോറിയല്‍. മതനിരപേക്ഷതയുടെ പേരില്‍ ഒരു മതത്തിന്റെ പ്രത്യേക ആചാരങ്ങളും അന്ധവിശ്വാസങ്ങളും പൊതുസമൂഹത്തിന്‌ മുമ്പില്‍ അടിച്ചേല്‌പിക്കപ്പെടുന്ന ഭരണഘടന വിരുദ്ധതയെ വിശകലനം ചെയ്‌തുകൊണ്ട്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും തുറന്നെതിര്‍ത്തിട്ടുണ്ട്‌ (സവര്‍ണ ഹിന്ദുമതം -ഭാരതീയ സംസ്‌കാരം -ദേശീയത -ഭാരതീയ/കേരളസ്വത്വം (പി കുഞ്ഞിരാമന്‍ നായരും സവര്‍ണ ഹിന്ദു മതവും-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌)
ഇതിനെതിരെ പ്രതികരിക്കുന്നവര്‍ സാംസ്‌കാരിക വിരുദ്ധരും അവിശ്വാസികളും തീവ്രവാദികളുമാക്കി മുദ്രകുത്തപ്പെടുകയാണ്‌ പതിവ്‌. ആള്‍ ദൈവങ്ങളെയും ആള്‍ക്കുരങ്ങുകളെയും ഒരുപോലെ ചന്ദനം ചാര്‍ത്തി കൊണ്ടാടുന്നത്‌ ഇപ്പോള്‍ സാധാരണക്കാര്‍ മാത്രമല്ല, വന്‍കിട കോര്‍പറേറ്റ്‌ ഭീമന്മാര്‍ വരെയാണ്‌.
ഈയടുത്ത കാലത്ത്‌ ഊറ്റംകൊണ്ട `മംഗള്‍യാന്‍' ചൊവ്വ പേടകം വിക്ഷേപിക്കുന്നതിന്‌ മുമ്പ്‌ തിരുവനന്തപുരത്ത്‌ ഒരു സംഘടനയുടെ ആളുകള്‍ കടല വഴിപാട്‌ കഴിച്ചതും പേടകത്തിന്റെ ചെറുരൂപം തിരുപ്പതി ക്ഷേത്രത്തില്‍ പൂജക്ക്‌ വെച്ചതും ശാസ്‌ത്രം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ അന്ധവിശ്വാസത്തെ മാറ്റാന്‍ കഴിയില്ല എന്നല്ലേ സൂചിപ്പിക്കുന്നത്‌. ഇതില്‍പ്പരം ഒരു പുതുമയും സന്യാസി സ്വപ്‌നം കണ്ട സ്വര്‍ണഖനനം പൊതുബോധത്തില്‍ ഉണ്ടാക്കിയിട്ടില്ല.
ചര്‍മരോഗം വന്നാല്‍ മനുഷ്യര്‍ ഇപ്പോഴും ഓടുന്നത്‌ ബ്രാഹ്‌മണര്‍ കഴിച്ച എച്ചിലില്‍ കിടന്ന്‌ ഉരുളാനാണ്‌. കര്‍ണാടകയിലെ ഉഡുപ്പി ക്ഷേത്രത്തില്‍ ഇപ്പോഴും നിലനില്‌ക്കുന്ന ഈ കൊടിയ അന്ധവിശ്വാസത്തെ നേരിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ക്രിമിനല്‍ നിയമം പാസ്സാക്കിയത്‌ ഇക്കഴിഞ്ഞ ആഴ്‌ചയാണ്‌. ചന്ദ്രഗുപ്‌ത ക്ഷേത്രത്തില്‍ മോക്ഷം കിട്ടാന്‍ സ്‌ത്രീകള്‍ ഇപ്പോഴും കുളിച്ച്‌ പൂര്‍ണനഗ്‌നരായിട്ടാണത്രേ തൊഴുന്നത്‌. ഇതിനെതിരെ ചെറുവിരലനക്കിയ എം എ ബേബിയെ അവര്‍ നേരിട്ടത്‌ കല്ലും ചെരിപ്പും കൊണ്ടാണ്‌.!
ഇത്തരം കാടന്‍ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും വേരുറച്ചുപോയ ഇരുണ്ട ഇന്ത്യയെ മോചിപ്പിക്കാന്‍ മതപഠന പൗരോഹിത്യത്തെ വെല്ലുവിളിച്ച്‌ തോട്ടിയുടെ ഭക്ഷണം കഴിക്കുകയും മുസ്‌ലിമായ ചെരുപ്പുകുത്തിയുടെ കൂടെ കിടന്നുറങ്ങുകയും ചെയ്‌ത ഒരു വിവേകാനന്ദനും, ആദ്യരാത്രി സ്വന്തം ഭാര്യയെ പുണ്യം തേടി ഗോസ്വാമി ഗുരുക്കളുടെ മണിയറയിലേക്ക്‌ തള്ളുന്ന കാടത്തത്തിനെതിരെ ഏകദൈവത്തിലധിഷ്‌ഠിതമായ മൂല്യങ്ങളിലൂന്നി ബ്രഹ്‌മ സൂത്രങ്ങള്‍ക്ക്‌ വ്യാഖ്യാനമെഴുതി പോരാടിയ ഒരു രാജറാം മോഹന്‍റോയ്‌യും ഇനി എന്നാണ്‌ ഇന്ത്യയില്‍ ജനിക്കുക?
റസാഖ്‌ പള്ളിക്കര പയ്യോളി

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: