കാതുകളില്‍ ഉണരുന്നത്‌ ബിലാലിന്റെ തക്‌ബീര്‍

  • Posted by Sanveer Ittoli
  • at 12:05 AM -
  • 0 comments

കാതുകളില്‍ ഉണരുന്നത്‌ ബിലാലിന്റെ തക്‌ബീര്‍


- പെരുന്നാള്‍ -

വി എസ്‌ എം കബീര്‍


മറക്കാനൊക്കുമോ നമുക്ക്‌ ബിലാലിനെക്കുറിച്ചുള്ള ഓര്‍മകള്‍? ഈ എത്യോപ്യന്‍ കാപ്പിരി, നമ്മുടെ വര്‍ത്തമാനകാല സൗന്ദര്യ സങ്കല്‌പങ്ങളുടെ പുറമ്പോക്കിലുള്ളയാളാവും. എന്നാല്‍, ഉരുകിപ്പതച്ച മക്കാ മണലാരണ്യത്തിന്റെ അസഹ്യമായ ചൂടില്‍കിടന്ന്‌ തിളച്ചുമറിഞ്ഞ്‌ വിമലമാക്കിയ വിശ്വാസം കൊണ്ട്‌ കറുപ്പിന്‌ ഏഴഴക്‌ തീര്‍ത്തു പുണ്യബിലാല്‍.
`ബിലാല്‍, താങ്കള്‍ സ്വര്‍ഗത്തില്‍ എന്റെ മുമ്പിലായി നടന്നുപോകുന്നത്‌ ഞാന്‍ കണ്ടു' എന്നു തിരുനബി ഒരിക്കല്‍ പറഞ്ഞു. ബിലാലിനെ പൊന്നുംവില നല്‌കി മോചിപ്പിച്ചത്‌ അബൂബക്കര്‍(റ) ആയിരുന്നു. ``ഇതാ, എന്റെ നേതാവ്‌ വന്നിരിക്കുന്നു.' എന്ന്‌ ഉമര്‍(റ) പറഞ്ഞത്‌ ഇതേ ബിലാലിനെക്കുറിച്ചുതന്നെ.
ഇസ്‌ലാമില്‍ ബാങ്ക്‌ നിയമമായപ്പോള്‍ തിരുനബി തന്റെ മുഅദ്ദിനായി നിശ്ചയിച്ചതും മറ്റൊരാളെയല്ല. അങ്ങനെ, മര്‍ദകരുടെ പീഡനപര്‍വം സര്‍വസീമകളും വിടുമ്പോള്‍ വേദനയില്‍ പുളഞ്ഞ്‌ `അഹദ്‌, അഹദ്‌' എന്ന്‌ ദീനരോദനമുതിര്‍ത്ത ബിലാലിന്റെ `അല്ലാഹു അക്‌ബര്‍' എന്ന സ്വരമാധുരി തിരുനബിയുടെ കര്‍ണങ്ങള്‍ക്ക്‌ ആനന്ദവും നയനങ്ങള്‍ക്ക്‌ നനവുമായി.
മക്ക വിജയദിനത്തില്‍ വിഗ്രഹങ്ങളെ തകര്‍ത്തെറിഞ്ഞ്‌ പവിത്രത പുനസ്ഥാപിച്ച്‌ വിശുദ്ധ കഅ്‌ബയുടെ വാതില്‍ക്കല്‍ നിന്ന്‌ തിരുനബി ആദ്യം മാടിവിളിച്ചതും ഈ ബിലാലിനെ: ``കയറൂ ബിലാലേ, ആ സുന്ദരനാദം മക്കയൊന്നു കേള്‍ക്കട്ടെ.'' ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ഇടത്ത്‌ നിറം കറുത്ത ബിലാലിനെ കണ്ടത്‌ നവാഗത മുസ്‌ലിംകളില്‍ പലര്‍ക്കും സഹിച്ചില്ല. മഹത്വത്തിന്റെ യഥാര്‍ഥ മാനദണ്ഡം അവരെ പഠിപ്പിക്കുക കൂടിയായിരുന്നു പ്രിയനബി. പക്ഷെ, ആ ബാങ്കൊലിയില്‍ എല്ലാം അലിഞ്ഞു. മുഖം ചുളിച്ചവര്‍ പോലും ആ സുന്ദര ശബ്‌ദം അവസാനിപ്പിക്കാതിരിക്കട്ടെ എന്ന്‌ മനസ്സാ ആശിച്ചു. ബാങ്ക്‌ കഴിഞ്ഞിറങ്ങിയ ബിലാലിനെ അവിടുന്ന്‌ ആലിംഗനം ചെയ്‌തു. ബിലാലിന്റെ ആനന്ദക്കണ്ണീരില്‍ കഅ്‌ബയുടെ നിലം നനഞ്ഞു.
തിരുനബി യാത്രയായി. ദൂതരില്ലാത്ത മദീന മനസ്സിന്‌ വിങ്ങലായപ്പോള്‍ ഖലീഫയുടെ അനുവാദത്തോടെ ബിലാല്‍ മദീന വിട്ടു. ശാമിലേക്കാണ്‌ അദ്ദേഹം പോയത്‌. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ബിലാല്‍ ഖലീഫ ഉമറിനെ കാണാന്‍ മദീനയിലെത്തി.
നമസ്‌കാര സമയമായി. മസ്‌ജിദുന്നബവിയിലെത്തിയ ബിലാലിനോട്‌ ബാങ്ക്‌ വിളിക്കാന്‍ പലരും ആവശ്യപ്പെട്ടു. തിരുനബിയില്ലാത്ത പള്ളിയില്‍ ബാങ്ക്‌ വിളിക്കാന്‍ തനിക്കാവില്ലെന്ന്‌ ബിലാല്‍ ആവതു പറഞ്ഞു. ഒടുവില്‍ ഖലീഫ ഉമറും നിര്‍ബന്ധിച്ചു: ``കാതിനും മനസ്സിനും കുളിര്‍മ പകരുന്ന നാദവിസ്‌മയത്തിലൂടെ ഞങ്ങളെ പ്രിയദൂതരുടെ കാലത്തേക്കൊന്നു കൊണ്ടുപോകൂ ബിലാല്‍.''
ബിലാലിന്‌ അത്‌ തിരസ്‌കരിക്കാനായില്ല. പ്രിയനബിയുടെ സ്‌മരണകള്‍ സ്‌ഫുരിച്ചു നില്‌ക്കുന്ന മസ്‌ജിദുന്നബിയുടെ മച്ചില്‍ കയറി ബിലാല്‍ കൈവിരലുകള്‍ ചെവിയോടടുപ്പിച്ചു. പിന്നെ സ്വരമാധുരി ഉയര്‍ന്നു. അല്ലാഹു അക്‌ബര്‍. അല്ലാഹു അക്‌ബര്‍... കച്ചവടത്തിലലിഞ്ഞ മദീന നഗരം നിമിഷാര്‍ധം കൊണ്ട്‌ നിശ്ചലമായി. കേട്ടത്‌ സത്യമോയെന്നറിയാന്‍ ഒരു നിമിഷം കൂടി അവര്‍ കാതുകള്‍ വട്ടം പിടിച്ചു. അവരുടെ കൃഷ്‌ണമണികള്‍ പോലും അപ്പോള്‍ അനങ്ങിയില്ല. നാദവിസ്‌മയം തുടര്‍ന്നു:
അല്ലാഹു അക്‌ബര്‍... അല്ലാഹു അക്‌ബര്‍...
അവര്‍ ഉറപ്പിച്ചു. ബിലാല്‍ തന്നെ. ``ബിലാല്‍ വീണ്ടും ബാങ്ക്‌ വിളിച്ചിരിക്കുന്നു. ഞങ്ങളുടെ പുണ്യറസൂല്‍ തിരിച്ചുവന്നിരിക്കുന്നു.' അകമേ അല തല്ലിയ ആഹ്ലാദം അവര്‍ പറഞ്ഞറിയിച്ചു.
കച്ചവടം ഇട്ടെറിഞ്ഞ്‌ അവര്‍ പള്ളിയിലേക്കോടി; പ്രിയ ബിലാലിനെ കാണാന്‍. നിമിഷ നേരം കൊണ്ട്‌ മദീന വിജനമായി. മസ്‌ജിദുന്നബവി വിശ്വാസികളാല്‍ വീര്‍പ്പുമുട്ടുകയും ചെയ്‌തു.
അതെ, ബിലാലിന്റെ ബാങ്കൊലി കേവലം നമസ്‌കാരത്തിലേക്കുള്ള വിളിയാളത്തിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു. മസ്‌ജിദുന്നബവിയില്‍ നിന്ന്‌ ദിവസം അഞ്ചുനേരം ബാങ്കൊലിയുയരുമ്പോഴും ഭൗതിക വ്യവഹാരത്തിരക്കിലമര്‍ന്ന മദീന നഗരം സ്‌തബ്‌ധിച്ചിട്ടില്ല. എന്നാല്‍ ബിലാലിന്റെ ബാങ്കിലെ ആദ്യ വാചകം തന്നെ മദീനയെ നിശ്ചലമാക്കി. തങ്ങളിപ്പോഴും തിരുനബിയുടെ കാലത്താണെന്ന്‌ സംശയിക്കാന്‍ മാത്രം ആ വിളിക്ക്‌ കരുത്തുണ്ടായിരുന്നു.
*********************************
ഹിജ്‌റ വര്‍ഷത്തിലെ 12-ാം അമ്പിളിക്കീറ്‌ ചക്രവാളത്തില്‍ പിറവിയെടുക്കുമ്പോള്‍ നാം ഉയര്‍ത്തുന്ന പ്രഖ്യാപനമുണ്ട്‌. ``അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ ഹംദ്‌.'' പെരുന്നാളിനും തശ്‌രീഖ്‌ ദിനങ്ങളിലും ഈ വാക്യങ്ങള്‍ നാം നിരന്തരം ഉരുവിടുന്നു. ബിലാലിന്റെ ബാങ്കൊലിപോലെ ഈ തക്‌ബീറും ഒരു കാലഘട്ടത്തിന്റെ പ്രതീകമല്ലേ? ചോരയും നീരും വാര്‍ന്നൊഴുകിയും ഉള്‍ക്കാമ്പും ചൈതന്യവും നഷ്‌ടപ്പെട്ടും അക്ഷരങ്ങള്‍ മാത്രമായിത്തീരുമ്പോള്‍ തക്‌ബീറുകള്‍ ദൈവത്തെ മഹത്വപ്പെടുത്തകയല്ല ചെയ്യുക. കണ്‌ഠനാളം മുറിഞ്ഞ്‌ ബലിക്കല്ലില്‍ക്കിടന്നു പിടയുന്ന ഉരുവിന്റെ ചീറ്റുന്ന ചുടുചോരയും തുടിക്കുന്ന പച്ചമാംസവുമല്ലല്ലോ അല്ലാഹുവിലേക്കെത്തുക. മറിച്ച്‌, കഴുത്തില്‍ കത്തിവെക്കുന്നവന്റെ ഹൃദയതന്തുവിലെ തേട്ടമാണ്‌. തക്‌ബീറിന്റെ ആധിക്യത്താല്‍ വരണ്ടുണങ്ങിയ തൊണ്ടകള്‍ പടച്ചവന്റെ കണക്കു പുസ്‌തകത്തിലുണ്ടാവില്ല. ഇബ്‌റാഹീം, ഇസ്‌മാഈല്‍ പ്രവാചകന്മാരുടെ ത്യാഗം ഹൃദയത്തിലാവാഹിച്ച്‌ മനസ്സറിഞ്ഞ്‌ ഉരുവിടുന്ന എണ്ണം പറഞ്ഞ തക്‌ബീറുകളാണ്‌ ആ ഏടുകളില്‍ ഇടം പിടിക്കുക.
തിരിഞ്ഞുനോക്കൂ നിങ്ങള്‍, ഇബ്‌റാഹീം(അ) എന്ന ദൈവത്തിന്റെ കൂട്ടുകാരന്റെ ജീവിത വഴിയിലേക്ക്‌ ഹാജറെന്ന അടിമ സ്‌ത്രീയെ, ഭൂമിയില്‍ പിറകൊള്ളാനാരിക്കുന്ന ജനകോടികള്‍ക്ക്‌ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാക്കിയത്‌ അവരുന്നയിച്ച രണ്ടേ രണ്ട്‌ ചോദ്യങ്ങള്‍കൊണ്ടായിരുന്നല്ലോ. ജന-ജല-ഫലരഹിതമായ മക്ക താഴ്‌വരയില്‍ പറക്കമുറ്റാത്ത പൈതലിനെയും തന്നെയും തനിച്ചാക്കി ഇബ്‌റാഹീം(അ) തിരിഞ്ഞുനടക്കുമ്പോഴായിരുന്നു വ്യാകുലചിത്തയായ ഹാജറിന്റെ ഒന്നാം ചോദ്യം: ``ഞങ്ങളെ തനിച്ചാക്കി അങ്ങ്‌ യാത്ര തുടരുകയാണോ?'' ഉത്തരം ഹ്രസ്വമായിരുന്നു: ``അതെ.'' ആധിയൊഴിഞ്ഞ മനസ്സോടെ രണ്ടാം ചോദ്യം: ``ഇതിന്‌ ദൈവിക കല്‌പനയുണ്ടോ?'' ഇത്തരം ആവര്‍ത്തനമായിരുന്നു: ``അതെ.'' ഇബ്‌റാഹീമിന്റെ രണ്ട്‌ ചെറിയ ഉത്തരങ്ങള്‍ ഹാജറിന്റെ മനസ്സിലുണ്ടാക്കിയത്‌ ആര്‍ക്കും അതിയജിക്കാനാവാത്ത വിശ്വാസ ദാര്‍ഢ്യം. അത്‌ തെളിഞ്ഞത്‌ അവരുടെ ഈ പ്രതികരണത്തിലൂടെയും: `എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല.''
ഫിര്‍ഔന്‍ സേനയുടെയും ചെങ്കടലിന്റെയും ഇടയിലകപ്പെട്ട മൂസാ(അ) പറഞ്ഞതും, മാലാഖയെ കണ്ട്‌ പനിച്ചു വിറച്ചെത്തി മൂടിപ്പുതച്ചു കിടന്ന മുഹമ്മദി(റ)നോട്‌ പ്രിയതമ ഉണര്‍ത്തിയതും ഹാജറിന്റെ ആത്മത്യാഗത്തിന്റെ വകഭേദങ്ങളായിരുന്നുവല്ലോ.
പെരുന്നാളിന്റെ തക്‌ബീര്‍ മന്ത്രങ്ങളുയരുമ്പോള്‍ ഈ ഹാജര്‍ തിരിച്ചുവന്നതായി നമുക്ക്‌ തോന്നാറുണ്ടോ? ജീവിത സന്ധ്യയിലും തുടരുന്ന ഹൃദയത്തിന്റെ ഉള്‍വിളിയും കണ്ണീരും ദൈവം സ്വീകരിച്ചു. ഉയര്‍ത്തി നിവര്‍ത്തിയ ഇബ്‌റാഹീമീ(അ)ന്റെ കരളിലേക്ക്‌ ഇസ്‌മാഈലിനെ നല്‌കുമ്പോള്‍ പരീക്ഷണത്തിനുള്ള രംഗവേദി ഒരുക്കുകയായിരുന്നു അല്ലാഹു. ജീവജലത്തിനായി കാലിട്ടടിച്ച അരുമപ്പൈതലിന്‌ സംസമെന്ന നിലയ്‌ക്കാത്ത നിര്‍ഝരിയൊഴുക്കി നല്‌കിയത്‌ ഈ പരീക്ഷണത്തിന്‌ അവനെ ബാക്കിവെക്കാനായിരുന്നു.
ഇറാഖില്‍ നിന്നും തിരിച്ചെത്തി, പൊന്നുമകനെ നെഞ്ചിലമര്‍ത്തി ആശ്വാസത്തോടെ ഉറങ്ങുമ്പോഴാണല്ലോ ഇബ്‌റാഹീം ആ സ്വപ്‌നം കാണുന്നത്‌. കണ്ടു കൊതിതീരാത്ത പ്രിയ പുത്രന്റെ മുഖത്തുനോക്കി വത്സല പിതാവ്‌ പറഞ്ഞു: ``അല്ലാഹു ആവശ്യപ്പെടുന്നു, നിന്നെ ബലി നല്‌കണമെന്ന്‌.'' കണ്ണീര്‍ മറയ്‌ക്കാന്‍ മിഴികളടച്ച പിതാവിന്റെ മുഖത്തേക്ക്‌ നോക്കി ആ ബാലന്‍ പറഞ്ഞു: ``ദൈവ കല്‌പന അങ്ങ്‌ നടപ്പാക്കുക. ഞാന്‍ ക്ഷമയോടെ കിടന്നുതരാം.'' ഇബ്‌റാഹീമിന്റെയും ഹാജറിന്റെയും രക്തത്തില്‍ പിറന്ന ഇസ്‌മാഈലെന്ന ബാലന്റെ നെഞ്ചുറപ്പിന്‌്‌ ചരിത്രത്തില്‍ സമാനത കാണാനാവുമോ?
ഒരു കൈയില്‍ കത്തിയും കയറും പിടിച്ചുനില്‌ക്കുന്ന പിതാ വിന്റെ മറുകൈയില്‍ ബാല്യചാപല്യത്തോടെയല്ല ഇസ്‌മാഈല്‍ പിടിച്ചത്‌. പിതാവിന്റെ കരങ്ങളാല്‍ താന്‍ ബലിനല്‍കപ്പെടാന്‍ പോവുകയാണെന്ന ബോധ്യത്തോടെ തന്നെയായിരുന്നു.
താന്‍ ചെയ്യേണ്ട കൃത്യമോര്‍ത്ത്‌ ഇബ്‌റാഹീം നബി(അ)യുടെ അകം വേപഥുകൊള്ളുമ്പോഴും ഇസ്‌മാഈല്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ബലി നടത്തുമ്പോള്‍ എന്റെ വസ്‌ത്രം അഴിച്ചുവെക്കണം. അല്ലെങ്കില്‍ ചോരയണിഞ്ഞ വസ്‌ത്രം കണ്ട്‌ ഉമ്മാക്ക്‌ വേദനയുണ്ടാവും. എന്റെ കൈകാലുകള്‍ ബന്ധിക്കണം. കാരണം, കണ്‌ഠനാളം മുറിയുമ്പോള്‍ വേദനയേറ്റ്‌ ഞാന്‍ പിടഞ്ഞെന്നുവരും. മലര്‍ന്നുകിടക്കുന്ന എന്റെ മുഖത്തുനോക്കി കഴുത്തില്‍ കത്തിവെക്കാന്‍ താങ്കള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍ എന്നെ കമിഴ്‌ത്തിക്കിടത്തണം...'' എല്ലാം കേള്‍ക്കുകയായിരുന്നു ഇബ്‌റാഹീം (അ). നിരവധി പരീക്ഷണങ്ങളിലൂടെ താന്‍ നേടിയെടുത്ത ഉള്‍ക്കരുത്തിനെ വെല്ലുന്ന വിശ്വാസദാര്‍ഢ്യം ബാല്യം വിടാത്ത ഇസ്‌മാഈല്‍ എങ്ങനെ കൈവരിച്ചുവെന്ന്‌ വിസ്‌മയം കൊണ്ടിരിക്കും ഒരുപക്ഷേ, ആ ആദര്‍ശപിതാവ്‌.
പുല്ലും വെള്ളവും നല്‍കി നാം വളര്‍ത്തിയ ഉരുവിനെ കൈകാലുകള്‍ കെട്ടി മറിച്ചിട്ട്‌ കുനിഞ്ഞുനിന്ന്‌ മൂര്‍ച്ചയേറിയ കത്തിയുടെ വായ്‌ത്തലകൊണ്ട്‌ അതിന്റെ കണ്‌ഠത്തെ ഭേദിക്കുമ്പോള്‍ നാമുയര്‍ത്തുന്ന തക്‌ബീര്‍ അലകളില്‍ ഇസ്‌മാഈലിന്റെ തിരിച്ചുവരവ്‌ നമുക്ക്‌ അനുഭവപ്പെടാറുണ്ടോ? ത്യാഗത്തിന്റെ ബലി പീഠത്തില്‍ മകനെക്കിടത്തി ഇബ്‌റാഹീം ഉരുവിട്ട തക്‌ബീറാണ്‌ നാം കേള്‍ക്കുന്നതെന്ന്‌ തിരിച്ചറിയാറുണ്ടോ?
ത്യാഗത്തിന്റെ ഓര്‍മ പുതുക്കലാണല്ലോ ബലിപെരുന്നാള്‍. ത്യാഗഭരിതമായ ഇബ്‌റാഹീം (അ) കുടുംബത്തിന്റെ ഓര്‍മകള്‍ അയവിറക്കി നമുക്കെങ്ങനെ ആമോദപ്പെരുന്നാളാഘോഷിക്കാനാവുമെന്ന്‌ സന്ദേഹിക്കുന്നുണ്ടോ നാം?
*********************************
അഗ്നിയിലെറിയപ്പെട്ടു ഇബ്‌റാഹീം. ഇതിലും വലിയ പരീക്ഷണമുണ്ടോ? എന്നാല്‍ ചാരക്കൂനയില്‍ നിന്ന്‌ വീരജേതാവിനെപ്പോലെയല്ലേ ദൈവമിത്രം എഴുന്നേറ്റുവന്നത്‌. വരണ്ട്‌ താഴ്‌വാരത്തില്‍ ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കിപ്പോകുമ്പോള്‍ ഇബ്‌റാഹീം അനുഭവിച്ച മനോവേദന ആരറിഞ്ഞു. എന്നാല്‍ തിരിച്ചുവരുമ്പോള്‍ ചാലിട്ടൊഴുകുന്ന സംസം കണ്‍കുളിര്‍മയായില്ലേ ആ കുടുംബനാഥന്‌. ബലിനല്‍കാനായി മകനെയും കൊണ്ട്‌ മലകയറുമ്പോഴത്തെ ആ വൃദ്ധപിതാവിന്റെ മനോനില വായിച്ചെടുക്കാന്‍ ആര്‍ക്ക്‌ കഴിയും? വിജയസ്‌മിതം തൂകി മകനെ മാറോടണച്ച്‌ മലയിറങ്ങുന്ന പിതാവിനെയല്ലേ ചരിത്രം പിന്നീട്‌ കാണിച്ചുതന്നത്‌.
സമ്പൂര്‍ണ സമര്‍പ്പണമാണ്‌ ത്യാഗത്തിന്റെ വഴി. സര്‍വം ത്യജിക്കാന്‍ സര്‍വാത്മനാ സന്നദ്ധനായതുകൊണ്ടാണ്‌ ഇബ്‌റാഹീമിനു ജീവിതവിജയം നേടാനായത്‌. ചിലത്‌ ത്യജിക്കുമ്പോഴാണ്‌ പലതും നേടാനാവുക. ബലിപെരുന്നാളിനെ ആഹ്ലാദ വേളയാക്കുന്നതും ഇതത്രെ.
പെരുന്നാളുകള്‍ അല്ലാഹു വിശ്വാസികള്‍ക്ക്‌ നല്‍കിയ സമ്മാനങ്ങളാണ്‌. നോക്കൂ നിങ്ങള്‍, പെരുന്നാള്‍ ദിനത്തിലെ സ്വുബ്‌ഹി ബാങ്കൊലി പോലും നമ്മുടെ മനസ്സില്‍ കുളിരു കോരിയിടാറില്ലേ. വല്ലാത്തൊരാമോദത്തോടെയല്ലേ അന്ന്‌ നാം സ്വുബ്‌ഹ്‌ നമസ്‌കരിക്കുന്നത്‌. നമസ്‌കാരാനന്തരം നാം ഉരുവിടുന്ന തക്‌ബീറുകള്‍ ഹൃദയത്തില്‍ നിന്നാവും വരുന്നത്‌.
കുളിച്ച്‌ ശുദ്ധിവരുത്തി പുതുവസ്‌ത്രമണിഞ്ഞ്‌ സുഗന്ധം പൂശി കുടുംബസമേതം ഈദ്‌ഗാഹിലേക്ക്‌ പുറപ്പെടുമ്പോള്‍ പ്രസന്നഭാവം വിടരുക കുരുന്നുകളുടെ മുഖങ്ങളില്‍ മാത്രമല്ല. തോളോട്‌ തോള്‍ ചേര്‍ത്തി ഒത്തുചേരല്‍, ഒരേ മന്ത്രം ഒരുമിച്ചുരുവിടല്‍, അണിയണിയായി നിന്ന്‌ നമസ്‌കരിക്കല്‍-സാഹോദര്യം പൂത്തലയുന്ന അസുലഭവേള, തീര്‍ന്നില്ല, നമസ്‌കാരം കഴിഞ്ഞാല്‍ ഹൃദയമറിഞ്ഞുള്ള പുഞ്ചിരി, പ്രാര്‍ഥനയോടെ ഹസ്‌തദാനം, ഹൃദയം ഹൃദയത്തോട്‌ ചേര്‍ത്തുവെച്ചുള്ള ആലിംഗനം, സൗഹൃദത്തിന്റെ സൗന്ദര്യം പൂര്‍ണത പ്രാപിക്കുന്ന മറ്റൊരുവേള എവിടെ കാണാനാവും. എത്രപേരെ കണ്ട്‌ സൗഹൃദം പുതുക്കിയാലും ഈദ്‌ഗാഹ്‌ വിട്ടിറങ്ങുമ്പോള്‍ നമ്മുടെ മനം മറ്റൊരാളെ പരതുകയാവും, അദ്ദേഹത്തിനും ദൈവാനുഗ്രഹം നേരാന്‍.
ആത്മീയമായ ആഹ്ലാദം വിരുന്നെത്തുന്ന വേളകൂടിയാണ്‌ പെരുന്നാള്‍. നറുമണം വിതറുന്ന പുതുവസ്‌ത്രമണിഞ്ഞും വിഭവധന്യമായ ഭക്ഷണം രുചിച്ചും അതിരുവിടാത്ത ആഘോഷങ്ങളില്‍ വിശ്വാസികള്‍ അലിയുന്നു. അതേസമയം, നിയന്ത്രണമില്ലാതെ പടര്‍ന്നുകയറുന്നവയുടെ അടിവേരറുക്കുകയും ചെയ്യുന്നു ഇസ്‌ലാം. നമസ്‌കാരം പള്ളിയില്‍ നിന്ന്‌ പൊതുസ്ഥലത്തേക്ക്‌ മാറ്റല്‍, ഈദ്‌ഗാഹിലേക്ക്‌ പോകുമ്പോള്‍ വഴിമാറി സഞ്ചരിക്കല്‍, കുടുംബം-രോഗി-അയല്‍പക്ക സന്ദര്‍ശനം തുടങ്ങിയവ സുന്നത്താക്കുക വഴി പെരുന്നാള്‍ ദിനം കൊണ്ട്‌ ഇസ്‌ലാം ലക്ഷ്യംവെക്കുന്നതെന്താണ്‌? കൂടുതല്‍ പേരെ കാണുമ്പോള്‍, അവരുമായി സൗഹൃദം പുതുക്കുമ്പോള്‍, അവര്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍, അവരുടെ പ്രാര്‍ഥന കേള്‍ക്കുമ്പോള്‍, രോഗിയെ ആശ്വസിപ്പിക്കുമ്പോള്‍ എന്തൊരാനന്ദമായിരിക്കും നമ്മുടെ മനസ്സില്‍ നിറയുക. പിണങ്ങിയവരുമായി ഇണങ്ങുമ്പോള്‍, ശത്രുത അകറ്റി കുടുംബങ്ങളെ ഒന്നിപ്പിക്കുമ്പോള്‍, അവരില്‍ സ്‌നേഹമസൃണഭാവങ്ങള്‍ വിരിയുമ്പോള്‍ എന്തൊരു ആശ്വാസമാവും നമുക്കനുഭവപ്പെടുക. പെരുന്നാള്‍, ശരീരത്തെ ആമോദിപ്പിക്കുന്ന ഭൗതികമായ ആഘോഷം മാത്രമല്ല, മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന ആത്മീയ വേള കൂടിയാണ്‌. അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ഹംദ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: