ശബാബ് മുഖാമുഖം 2013_OCT_4

  • Posted by Sanveer Ittoli
  • at 5:30 AM -
  • 0 comments

ശബാബ് മുഖാമുഖം 2013_OCT_4



മക്കത്ത്‌ ഹറമില്‍ സംസം കിണറിനരികെ നാല്‍പതോളം ജിന്ന്‌ ചികിത്സാ കൗണ്ടറുകള്‍ ഉണ്ടെന്ന്‌ ഒരു മതപണ്ഡിതനില്‍ നിന്നും കേള്‍ക്കാനിടയായി. സത്യാവസ്ഥ എന്താണ്‌?
ആര്‍ പള്ളിക്കര

മുസ്‌ലിം:

സംസം കിണര്‍ ഇപ്പോള്‍ മത്വാഫിന്റെ (ത്വവാഫ്‌ ചെയ്യുന്ന സ്ഥലത്തിന്റെ) ചുവട്ടിലാണ്‌. മിക്ക സമയങ്ങളിലും ആ ഭാഗത്ത്‌ ജനങ്ങള്‍ ത്വവാഫ്‌ ചെയ്‌തുകൊണ്ടിരിക്കുകയാകും. അതിനിടയില്‍ അവിടെ ആര്‍ക്കും ഒരുതരം ചികിത്സാ കൗണ്ടറും നടത്താന്‍ പറ്റുകയില്ല. നമ്മുടെ നാട്ടില്‍ നിന്ന്‌ ആയിരക്കണക്കിനാളുകള്‍ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ പോയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഏത്‌ പണ്ഡിതനാണ്‌ ഇങ്ങനെ കള്ളം തട്ടിവിടുന്നത്‌?

20 റക്‌അത്ത്‌ ആഇശയും അംഗീകരിച്ചുവെന്നോ?

``മദീനത്തെ മസ്‌ജിദുന്നബവിയില്‍ നിരാക്ഷേപം 20 റക്‌അത്ത്‌ നിസ്‌കാരം നടക്കുമ്പോള്‍ ആഇശ(റ) ജീവിച്ചിരിപ്പുണ്ടെന്നും ഇരുപതിനെ അവര്‍ ചോദ്യം ചെയ്‌തിട്ടില്ലെന്നും ആഇശ(റ) പറഞ്ഞതും ശ്രദ്ധേയാണ്‌.... റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിലേറെ നിസ്‌കരിക്കാറില്ലെന്ന്‌ ആഇശ(റ) പറഞ്ഞത്‌ തറാവീഹിനെക്കുറിച്ചല്ല, വിത്‌ര്‍ നിസ്‌കാരത്തെക്കുറിച്ചാണ്‌.'' (രിസാല, 2013 ജൂലൈ 26, പേജ്‌ 8)
ഉമറിന്റെ(റ) കാലത്ത്‌ 20 റക്‌അത്താണ്‌ റമദാനില്‍ രാത്രി നമസ്‌കരിച്ചതെന്നും അത്‌ സ്വഹാബികളൊന്നടങ്കം അംഗീകരിച്ചെന്നും സമര്‍ഥിക്കുന്ന മേലുദ്ധരണിയെക്കുറിച്ച്‌ മുസ്‌ലിം എന്ത്‌ പറയുന്നു?
മുഹമ്മദ്‌ അസ്‌ലം തിരൂര്‍

മുസ്‌ലിം:

രിസാല ലേഖകന്‍ എഴുതിയത്‌ കണ്ടാല്‍ തോന്നും ഖലീഫ ഉമര്‍(റ) ജമാഅത്തായി നടപ്പാക്കിയ തറാവീഹ്‌ നമസ്‌കാരം 20 റക്‌അത്ത്‌ ആയിരുന്നു എന്ന കാര്യത്തില്‍ പൂര്‍വിക പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന്‌. ഇത്‌ വാസ്‌തവമല്ല. ആ നമസ്‌കാരത്തില്‍ ഇമാമായി നിശ്ചയിച്ച ഉബയ്യുബ്‌നു കഅ്‌ബിനോട്‌ ജനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിക്കൊണ്ട്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കാന്‍ ഖലീഫ ഉമര്‍(റ) കല്‌പിച്ചുവെന്ന്‌ ഇമാം മാലിക്‌(റ) അദ്ദേഹത്തിന്റെ മുവത്വ എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ വിഷയകമായുള്ള വ്യത്യസ്‌ത റിപ്പോര്‍ട്ടുകളില്‍ ഏറ്റവും പ്രബലമായത്‌ അതാണ്‌. സമസ്‌തക്കാര്‍ അംഗീകരിക്കുന്ന പണ്ഡിതന്‍ ഹാഫിദ്വ്‌ ഇബ്‌നുഹജര്‍ അസ്‌ഖലാനി അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ ഫത്‌ഹുല്‍ ബാരിയില്‍ (ഭാഗം 6, പേജ്‌ 10) ഇത്‌ സംബന്ധിച്ച്‌ എഴുതിയത്‌ നോക്കുക:
``ഈ റിപ്പോര്‍ട്ടില്‍, ഉബയ്യുബ്‌നു കഅ്‌ബ്‌ (തറാവീഹിന്‌ ഖലീഫ ഉമര്‍(റ) ഏര്‍പ്പെടുത്തിയിരുന്ന ഇമാം) എത്ര റക്‌അത്താണ്‌ നമസ്‌കരിച്ചതെന്ന്‌ വന്നിട്ടില്ല. ആ വിഷയത്തില്‍ ഭിന്നത ഉണ്ടായിട്ടുണ്ട്‌. സാഇബ്‌ ബിന്‍ യസീദില്‍ നിന്ന്‌ മുഹമ്മദ്‌ ബിന്‍ യൂസുഫ്‌ മുഖേന മുവത്വയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌ അത്‌ പതിനൊന്ന്‌ റക്‌അത്തായിരുന്നുവെന്നാണ്‌. മറ്റൊരു പരമ്പരയിലൂടെ സഊദുബ്‌നു മന്‍സൂറും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതില്‍, അവര്‍ (ഇമാമുകള്‍) നൂറുകണക്കില്‍ ആയത്തുകള്‍ ഓതിയിരുന്നു എന്നും, ദീര്‍ഘമായി നില്‍ക്കേണ്ടതിനാല്‍ ജനങ്ങള്‍ വടിയില്‍ ഊന്നിയാണ്‌ നിന്നിരുന്നതെന്നും കൂടി വ്യക്തമാക്കിയിട്ടുണ്ട്‌. മുഹമ്മദുബ്‌നു യൂസുഫില്‍ നിന്ന്‌ തന്നെ മുഹമ്മദുബ്‌നു ഇസ്‌ഹാഖ്‌ വഴിക്ക്‌ മുഹമ്മദുബ്‌നു നസ്വ്‌ര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ പതിമൂന്ന്‌ എന്നാണ്‌. മുഹമ്മദുബ്‌നു യൂസുഫില്‍ നിന്നുതന്നെ മറ്റൊരു വഴിക്ക്‌ അബ്‌ദുറസ്സാഖ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ഇരുപത്തൊന്ന്‌ റക്‌അത്ത്‌ എന്നാണ്‌.'' ഇതിനു ശേഷം പല എണ്ണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്‌ ശേഷം ഇബ്‌നുഹജര്‍ എഴുതുന്നു: ``ജനങ്ങള്‍ മദീനത്ത്‌ മുപ്പത്തൊമ്പതും മക്കത്ത്‌ ഇരുപത്തി മൂന്നും നമസ്‌കരിക്കുന്നതാണ്‌ ഞാന്‍ കണ്ടതെന്ന്‌ ഇമാം ശാഫിഈ പറഞ്ഞതായി സഅ്‌ഫറാനിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു.'' ഈ റിപ്പോര്‍ട്ട്‌ ശരിയാണെങ്കില്‍ 39 റക്‌അത്ത്‌ തറാവീഹിനായിരിക്കും ആഇശാബീവി(റ) സക്ഷിയായിട്ടുള്ളത്‌.

അധമരില്‍  അധമരാക്കി എന്നത്‌ ശരിയോ?


സൂറതുത്തീനില്‍ `ഏറ്റവും നല്ല ഘടനയോടെ മനുഷ്യനെ നാം സൃഷ്‌ടിച്ചു' എന്നു പറഞ്ഞശേഷം, `പിന്നെ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ക്കുകയും ചെയ്യും' എന്നും അര്‍ഥം കൊടുത്തുകാണുന്നു. ഇതില്‍ നിന്നും ഒരു വിഭാഗം മനുഷ്യരെ ചീത്തയാളുകളായി സൃഷ്‌ടിച്ചു എന്നുവരില്ലേ? ഇതിനേക്കാള്‍ `സുമ്മ റദദ്‌നാഹു അസ്‌ഫല സാഫിലീന്‍' എന്നതിന്‌ യോജിക്കുന്ന അര്‍ഥം പിന്നെ നാമവനെ ദുര്‍ബലരില്‍ ഏറ്റവും ദുര്‍ബലനാക്കി മാറ്റി എന്നല്ലേ? അഥവാ മരിപ്പിച്ചു എന്നല്ലേ?
പി അബ്‌ദുര്‍റശീദ്‌ തലശ്ശേരി

മുസ്‌ലിം:

അല്ലാഹു പലരെയും പിഴപ്പിച്ചതിനെ സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ജനങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക്‌ തിരിയുന്നതുകൊണ്ടാണ്‌ അല്ലാഹു അവരെ അങ്ങോട്ട്‌ തിരിച്ചുവിടുന്നതെന്ന്‌ 4:115, 92:8-10 എന്നീ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം. `അസ്‌ഫല സാഫിലീന്‍' എന്ന വാക്കിന്‌ ദുര്‍ബലരില്‍ ദുര്‍ബലന്‍ എന്നര്‍ഥമില്ല.

മഅ്‌മൂം `സമിഅല്ലാഹു...' പറയേണമോ?

ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ ഇമാം സമിഅല്ലാഹു ലിമന്‍ ഹമിദഹു എന്ന്‌ പറയുമ്പോള്‍ മഅ്‌മൂം അത്‌ പറയേണ്ടതുണ്ടോ? ഹദീസിന്റെ അടിസ്ഥാനത്തില്‍ മഅ്‌മൂം സമിഅല്ലാഹു... എന്ന്‌ പറയേണ്ടതില്ല എന്നല്ലേ മനസ്സിലാകുന്നത്‌?
അബ്‌ദുല്‍മുത്വലിബ്‌ മലപ്പുറം

മുസ്‌ലിം:

റസൂല്‍(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ പ്രമുഖ ഹദീസ്‌ ഗ്രന്ഥകാരന്മാര്‍ ഉദ്ധരിച്ച പ്രാമാണികമായ ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു: ``ഒരാളെ ഇമാമായി നിശ്ചയിക്കുന്നത്‌ അയാളെ പിന്തുടരാന്‍ വേണ്ടിയാണ്‌. അതിനാല്‍ ഇമാം തക്‌ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്‌ബീര്‍ ചൊല്ലുക. അതുവരെ നിങ്ങള്‍ തക്‌ബീര്‍ ചൊല്ലരുത്‌. അദ്ദേഹം റുകൂഅ്‌ ചെയ്‌താല്‍ നിങ്ങളും റുകൂഅ്‌ ചെയ്യുക. അതുവരെ നിങ്ങള്‍ റുകൂഅ്‌ ചെയ്യരുത്‌. അദ്ദേഹം സമിഅല്ലാഹു ലിമന്‍ ഹമിദഹു എന്നു പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുമ്മ റബ്ബനാ ലകല്‍ഹംദ്‌ എന്ന്‌ പറയുക... '' ഇതില്‍നിന്ന്‌ ഗ്രഹിക്കാവുന്നത്‌ സമിഅല്ലാഹു ലിമന്‍ ഹമിദഹു എന്ന വാക്ക്‌ ഇമാമിനോടൊപ്പം മഅ്‌മൂമുകള്‍ ചൊല്ലേണ്ടതില്ലെന്നാകുന്നു. മഅ്‌മൂമുകള്‍ ആ വാക്ക്‌ ചൊല്ലണമെന്ന്‌ വ്യക്തമാക്കുന്ന പ്രാമാണികമായ ഹദീസുകളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇമാം പ്രസ്‌തുത വാക്യങ്ങള്‍ രണ്ടും ചൊല്ലണമെന്ന്‌ സൂചിപ്പിക്കുന്ന ഒരു ഹദീസ്‌ കാണാം.
അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: ``നബി(സ) നമസ്‌കരിക്കാന്‍ നില്‌ക്കുമ്പോഴും പിന്നീട്‌ റുകൂഅ്‌ ചെയ്യുമ്പോഴും തക്‌ബീര്‍ ചൊല്ലുമായിരുന്നു. തുടര്‍ന്ന്‌ റുകൂഇല്‍നിന്ന്‌ മുതുക്‌ നിവര്‍ത്തുമ്പോള്‍ സമിഅല്ലാഹു ലിമന്‍ ഹമിദഹ്‌ എന്നും നിവര്‍ന്ന്‌ നിന്നുകൊണ്ട്‌ റബ്ബനാ വലകല്‍ഹംദ്‌ എന്നും പറയുമായിരുന്നു...'' (ബുഖാരി, മുസ്‌ലിം)
ആദ്യം ഉദ്ധരിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇമാം സമിഅല്ലാഹു... മാത്രവും മഅ്‌മൂമുകള്‍ അല്ലാഹുമ്മ റബ്ബനാ ലകല്‍ഹംദ്‌ മാത്രവും ചൊല്ലിയാല്‍ മതിയെന്നാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. രണ്ടാമത്‌ ഉദ്ധരിച്ച ഹദീസ്‌ അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന്‌ തോന്നുന്നു. ഇമാമും തനിച്ചു നമസ്‌കരിക്കുന്നവരും ഇത്‌ രണ്ടും ചൊല്ലുന്നത്‌ പുണ്യകരമാണെന്നും മഅ്‌മൂമുകള്‍ രണ്ടാമത്തേത്‌ മാത്രം ചൊല്ലിയാല്‍ മതി എന്നുമാണ്‌ വലിയൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. അത്‌ രണ്ടും ചൊല്ലുന്നത്‌ മഅ്‌മൂമുകള്‍ക്കും പുണ്യകരമാണെന്ന്‌ ശാഫിഈ, അത്വാഅ്‌, ഇബ്‌നുസീരീന്‍ എന്നിവരും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന്‌ ഹാഫിദ്‌ ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ ബാരി (3:252)യില്‍ രേഖപ്പെടുത്തിക്കാണുന്നു. മഅ്‌മൂം എല്ലാ കാര്യത്തിലും ഇമാമിനെ പിന്തുടരണമെന്ന്‌ ഹദീസില്‍ വ്യക്തമാക്കിയിട്ടുള്ളതും മഅ്‌മൂം സമിഅല്ലാഹു... ചൊല്ലേണ്ടതില്ലെന്ന്‌ ഖണ്‌ഡിതമായി പറയാത്തതുമായിരിക്കാം അവരുടെ അഭിപ്രായത്തിന്‌ നിദാനം.
അല്ലാഹുമ്മ റബ്ബനാ ലകല്‍ഹംദ്‌ എന്നതിനു പകരം പ്രാമാണികമായ ചില ഹദീസുകളില്‍ റബ്ബനാ വലകല്‍ ഹംദ്‌ എന്നാണുള്ളത്‌. മറ്റുചില റിപ്പോര്‍ട്ടുകളില്‍ അല്ലാഹുമ്മ റബ്ബനാ ലകല്‍ഹംദു മില്‍അസ്സമാവാത്തി വല്‍ അര്‍ദ്വി... എന്നിങ്ങനെ അല്‌പം ദീര്‍ഘമായ കീര്‍ത്തനമാണുള്ളത്‌. നബി(സ) വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ റുകൂഇലെയും ഇഅ്‌തിദാലിലെയും സുജൂദിലെയും പ്രാര്‍ഥനാ കീര്‍ത്തനങ്ങള്‍ അല്‌പസ്വല്‌പം വ്യത്യാസപ്പെടുത്തിയിരുന്നുവെന്നാണ്‌ ഹദീസുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഗ്രഹിക്കാവുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: