ഉദ്‌ഹിയ്യത്ത്
- കുറിപ്പുകള്‍ -
അബ്‌ദുല്‍ജലീല്‍ മാമാങ്കര
മനുഷ്യരെപ്പോലെ ഒരു വിഭാഗമായാണ് പക്ഷിമൃഗാദികളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ``ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള ചില സമൂഹങ്ങളാകുന്നു. നാം അവരുടെ വിധി പ്രമാണത്തില്‍ യാതൊരു വീഴ്‌ചയും വരുത്തിയിട്ടില്ല. പിന്നീട് അവയെല്ലാം തങ്ങളുടെ നാഥന്റെയടുത്ത് സമ്മേളിപ്പിക്കപ്പെടുന്നതാകുന്നു.'' (വി.ഖു 6:38)
ഓരോ ജന്തുവിഭാഗവും അതിന്റേതായ പ്രാര്‍ഥനാ കീര്‍ത്തനങ്ങളുണ്ടെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. എല്ലാ ജീവികളോടും മാന്യമായി വര്‍ത്തിക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. നായക്ക് വെള്ളം കൊടുത്തവന്‍ സ്വര്‍ഗത്തിലാണെന്നും ഒരു പൂച്ചയുടെ ഭക്ഷണം നിഷേധിച്ചവന്‍ നരകത്തിലാണെന്നും തിരുദൂതര്‍ പ്രസ്‌താവിക്കുകയുണ്ടായി.
ദൈവപ്രീതിക്ക് വേണ്ടി പച്ചക്കരളുള്ള എല്ലാറ്റിനെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച മതം ദൈവകല്‍പനയായി മൂന്ന് സന്ദര്‍ഭങ്ങളില്‍ മൃഗബലിയെ പുണ്യകര്‍മമായി നിശ്ചയിച്ചു. ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് അഖീഖഃ എന്ന പേരിലും, ഹജ്ജ് കര്‍മത്തിന്റെ ഭാഗമായും ഈദുല്‍അദ്‌ഹാ ദിവസം ഉദ്‌ഹിയ്യത്ത് എന്ന പേരിലും മുസ്‌ലിം സമൂഹം ഈ പുണ്യകര്‍മങ്ങള്‍ നിര്‍വഹിച്ചുപോരുന്നു.
ഇബ്‌റാഹീം നബി(അ)ക്ക് മകന്‍ ആവശ്യമില്ലാത്ത ഒന്നോ ആവശ്യമായ ഒന്നോ മാത്രമായിരുന്നില്ല. അദ്ദേഹത്തിന് ഇസ്‌മാഈല്‍ ജീവിതപ്രയാണത്തില്‍ ഒരു അത്യാവശ്യ ഘടകമായിരുന്നു. ഈ കാര്യത്തെയാണ് ഖുര്‍ആന്‍ `ബശ്ശര്‍നാഹു' `ബലഗ മഅഹു സഅ്‌യ' എന്ന പ്രയോഗത്തിലൂടെ പ്രതിപാദിക്കുന്നത്. എന്നാല്‍ അതിലേറെ പ്രാധാന്യം ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ കല്‍പനക്ക് നല്‍കിയപ്പോള്‍ അതൊരു ത്യാഗമായി മാറുകയും അതിനെ വ്യക്തമായ പരീക്ഷണം എന്ന് അല്ലാഹു വിശേഷിപ്പിക്കുകയും ചെയ്‌തു. നമുക്ക് ആവശ്യമുള്ളതും അത്യാവശ്യമുള്ളതുമായ പണം ഉദ്‌ഹിയ്യത്ത് കര്‍മത്തില്‍ പങ്കുചേര്‍ന്ന് നാം ചെലവഴിക്കുമ്പോഴാണ് ഒരു ത്യാഗചരിത്രത്തിന്റെ സ്‌മരണ അതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അതിനു വേണ്ട തയ്യാറെടുപ്പും സ്‌മരണയുമൊക്കെയാണ് തഖ്‌വ എന്നും ബലിമൃഗം എന്നത് പ്രതീകാത്മകമാണ് എന്നും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചത് അതുകൊണ്ടാണ്. (വി.ഖു 22:38)
സ്വഹാബിമാര്‍ ഉദ്‌ഹിയ്യത്ത് ഫര്‍ദാണോ സുന്നത്താണോ എന്ന ചോദ്യത്തെപ്പോലും ഇഷ്‌ടപ്പെടാത്തവരായിരുന്നു. ഇബ്‌നുസീരിനില്‍ നിന്ന്: അദ്ദേഹം ഇബ്‌നുഉമറിനോട് ചോദിച്ചു: ഉദ്‌ഹിയ്യത്ത് കര്‍മം നിര്‍ബന്ധമാണോ? അദ്ദേഹം പറഞ്ഞു: പ്രവാചകരും മുസ്‌ലിംകളും നിര്‍വഹിച്ച് വന്ന ആ ചര്യ ഇന്നും തുടര്‍ന്നുപോരുന്നു (ഇബ്‌നുമാജ). പട്ടിണിച്ചൂട് കൊണ്ട് പുറത്തിറങ്ങി നടന്നിരുന്ന പ്രവാചകരും സ്വഹാബത്തും ആ കര്‍മം നിര്‍വഹിച്ചിരുന്നു എന്നാണ് ഇവിടെ ഇബ്‌നുഉമറിന്റെ മറുപടി. അല്ലാഹു അക്‌ബര്‍ എന്ന് ചൊല്ലി ദൈവപ്രകീര്‍ത്തനം നടത്തി സ്വയം ചെറുതായി ഈദ്‌ഗാഹിലേക്ക് പോകുന്നവനോട് പ്രവാചകന്‍ അരുളി: ``ആരെങ്കിലും സാധിച്ചിട്ടും ഉദ്‌ഹിയ്യത്ത് കര്‍മത്തില്‍ പങ്കുചേരുന്നില്ലെങ്കില്‍ അവന്‍ നമസ്‌കാരസ്ഥലത്തേക്ക് വരേണ്ടതില്ല.'' (ഇബ്‌നുമാജ).
സ്വന്തമായി ഒരു ബലിമൃഗത്തെ അറുക്കാന്‍ കഴിയുന്നവന്‍ അതാണ് ചെയ്യേണ്ടത്. എന്നാല്‍ സാമ്പത്തിക ശേഷി കുറഞ്ഞവരോട് പ്രവാചകന്റെ കല്‌പന ഇപ്രകാരമായിരുന്നു: ``ഞങ്ങളോട് പ്രവാചകന്‍ മാടിലും ഒട്ടകത്തിലും ഏഴ് ആളുകള്‍ വരെ പങ്കുചേരാന്‍ കല്‍പിച്ചു'' (മുസ്‌ലിം). നിങ്ങള്‍ ഉദ്‌ഹിയ്യത്ത് കര്‍മത്തില്‍ പങ്ക് ചേരൂ.'' (ഇബ്‌നുമാജ)
ബലികര്‍മത്തിന്റെ രീതി
ഉദ്‌ഹിയ്യത്ത് കര്‍മം സാധിക്കുമെങ്കില്‍ പെരുന്നാള്‍ ദിവസം തന്നെ നിര്‍വഹിക്കണം. അസൗകര്യമുണ്ടെങ്കില്‍ ദുല്‍ഹിജ്ജ 11, 12, 13 എന്നീ ദിനങ്ങളിലുമാകാം. ഇബ്‌റാഹീം നബി(അ) മകന്‍ ഇസ്‌മാഈലിനെ ബലി നല്‍കാന്‍ കൊണ്ടുപോയത് ദുല്‍ഹിജ്ജ 10-നായിരുന്നു. ഉദ്‌ഹിയ്യത്ത് കര്‍മം പെരുന്നാള്‍ ദിനത്തില്‍ എന്ന ഒരധ്യായം തന്നെ ബുഖാരിയില്‍ കാണാം. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് ഉദ്‌ഹിയ്യത്ത് കര്‍മം നിര്‍വഹിക്കേണ്ടത്. സംഘടിത രൂപത്തില്‍ മുസ്വല്ലക്ക് സമീപത്തായി ഇത് നിര്‍വഹിക്കലാണ് ഉത്തമം. നബി(സ) പറഞ്ഞു: ആരെങ്കിലും നമസ്‌കാരത്തിന് മുമ്പ് ബലികര്‍മം നിര്‍വഹിച്ചാല്‍ അത് അവനു തന്നെയുള്ളതാണ് (ബുഖാരി). ഇബ്‌നു ഉമറില്‍നിന്ന്: ``പ്രവാചകന്‍ മുസ്വല്ലയില്‍ വെച്ചായിരുന്നു ബലികര്‍മം നിര്‍വഹിച്ചിരുന്നത്.'' (ബുഖാരി). ബലിക്ക് മുന്‍പായി തക്‌ബീര്‍ ചൊല്ലാനും ബിസ്‌മില്ലാഹി അല്ലാഹു അക്‌ബര്‍ എന്ന് ചൊല്ലാനും പ്രവാചകന്‍(സ) പറഞ്ഞു: അനസില്‍ നിന്ന്: ``പ്രവാചകന്‍ ബലിക്ക് മുമ്പായി തക്‌ബീറും ബിസ്‌മിയും ചൊല്ലി.'' (ബുഖാരി)
ബലികര്‍മം സ്വയം നിര്‍വഹിക്കാനാണ് കഴിവതും ശ്രമിക്കേണ്ടത്. ഷെയര്‍ ചേര്‍ന്നവരാണെങ്കില്‍ അവിടെ ഹാജരാകാന്‍ ശ്രദ്ധിക്കണം. അനസില്‍ നിന്ന്: ``പ്രവാചകന്‍ തടിച്ച രണ്ടാടുകളെ ഈദുല്‍അദ്‌ഹാ ദിവസം സ്വയമറുത്തു.'' (മുസ്‌ലിം). സ്വഹീഹ് മുസ്‌ലിമില്‍ `ഉദ്‌ഹിയ്യത്ത് കര്‍മം സ്വയം നിര്‍വഹിക്കുന്നത്' എന്ന ഒരധ്യായവും കാണാം.
ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യുന്നതില്‍ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. ``നിങ്ങള്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും ഞെരുക്കമുള്ളവര്‍ക്ക് അതൂട്ടുകയും ചെയ്യുക'' (വി.ഖു 22:28). ബലിമാംസത്തില്‍ മൂന്നില്‍ ഒരു ഭാഗം ഉടമസ്ഥര്‍ എടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എടുക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്നു മാത്രം. ഇമാം മാലികിന്റെ അഭിപ്രായത്തില്‍ അങ്ങനെ ഒരു പ്രത്യേക ഓഹരിയില്ല. ബലിമൃഗത്തിന്റെ തൊലി മുഴുവനായി ദരിദ്രരുടെ ആവശ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അറിവില്ലായ്‌മ മൂലം ചില സ്ഥലങ്ങളില്‍ തൊലി അറവുകാരന് കൂലിയായി നിശ്ചയിക്കാറുണ്ട്. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.
0 comments: