വിവാഹപ്രായ വിവാദം വസ്‌തുതയറിയാതെ വിമര്‍ശിക്കുന്നവര്‍
- സമകാലികം -
എ അസ്‌ഗറലി
മുസ്‌ലിം സ്‌ത്രീകളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ച കാടു കയറുകയാണ്. മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും ബാലരതിയില്‍ തല്‍പരരും ശൈശവ വിവാഹത്തിന്റെ വക്താക്കളുമായി ചിത്രീകരിക്കുന്ന മട്ടിലാണ് ചില മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്യുന്നത്.
വാസ്‌തവത്തില്‍, മുസ്‌ലിം പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചയച്ച്, അവരുടെ പഠനവും തൊഴില്‍ സാധ്യതകളും മുടക്കണം എന്ന നിലപാട് മുസ്‌ലിം സംഘടനകള്‍ പുലര്‍ത്തുന്നുണ്ടോ? അത്തരം ഒരു ലക്ഷ്യത്തില്‍ കേരളത്തിലെ മുസ്‌ലിം നേതൃത്വം ഏകോപിക്കുമെന്ന് തോന്നുന്നുണ്ടോ? കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെക്കുറിച്ച് സാമാന്യ ധാരണയുള്ള ആരും ഉണ്ടെന്ന് പറയുമെന്ന് തോന്നുന്നില്ല.
ഇന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ മത, വിദ്യാഭ്യാസ, തൊഴില്‍, രാഷ്‌ട്രീയ, സേവന രംഗങ്ങളില്‍ കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്നു. കേരളത്തിനു സമാനമായി മുസ്‌ലിം സ്‌ത്രീകളുടെ ശാക്തീകരണം മറ്റൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ലെന്നു തന്നെ പറയാം. അതിനു പിന്നില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പുരോഗമന, നവോത്ഥാന സംഘടനകളുടെ ശക്തമായ സ്വാധീനവും പ്രവര്‍ത്തനവുമുണ്ട്. സമുദായത്തിനു പുറത്തുള്ളവരല്ല, അകത്തുള്ളവര്‍ തന്നെയാണ് സ്‌ത്രീകളുടെ ഉന്നതിക്കുവേണ്ടി ക്രിയാത്മക സംഭാവനകളര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്‌ത്രീകളെ സമൂഹത്തില്‍ തഴയുകയോ അവരുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുകയോ അവരുടെ അവകാശത്തിനും അഭിരുചിക്കും സ്വാതന്ത്ര്യത്തിനും ഏകപക്ഷീയമായി കൂച്ചു വിലങ്ങിടുകയോ ചെയ്യുന്ന ഒരു സമീപനം പക്വതയുള്ള ഒരു മുസ്‌ലിം സംഘടനയും സ്വീകരിക്കുകയില്ല. അവരുടെ വിവാഹപ്രായവും സമൂഹത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങളും നിയമങ്ങളും മറികടന്ന് 18-നു താഴെയാക്കണം എന്ന നിര്‍ബന്ധം മുസ്‌ലിം സംഘടനകള്‍ക്ക് ഉണ്ടാകാനിടയില്ല.
മുസ്‌ലിം സ്‌ത്രീകള്‍, 12 വയസ്സു മുതല്‍ വിവാഹം ചെയ്യപ്പെടുന്ന സ്ഥിതി കേരളത്തിലുണ്ടായിരുന്നു. മറ്റു സമുദായങ്ങളിലും ആ സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകും മുമ്പ് നടക്കുന്ന വിവാഹങ്ങള്‍ സമുദായത്തില്‍ തുലോം കുറവാണ്. അതാരും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം നിജപ്പെടുത്തിയിട്ടില്ല. കുടുംബ ജീവിതം നയിക്കാനുള്ള ശാരീരികവും മാനസികവുമായ പാകതയും പ്രാപ്‌തിയും വിവേകവുമാണ്, ഇസ്‌ലാമിക തത്വപ്രകാരം ഇക്കാര്യത്തില്‍ സ്വീകാര്യമായ മാനദണ്ഡം. ആ നിലയില്‍ സമൂഹത്തില്‍ പൊതുവായി 18 എന്ന പ്രായപരിധി നിശ്ചയിക്കപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് ബുദ്ധിമുട്ടില്ല.
വിവാഹത്തെ പരിപാവനവും ആധികാരികവുമായ ഒരു വ്യവസ്ഥയായാണ് ഇസ്‌ലാം കാണുന്നത്. സ്‌ത്രീപുരുഷന്മാര്‍ തമ്മില്‍ ദാമ്പത്യബന്ധം സ്ഥാപിക്കാന്‍ വിവാഹമല്ലാത്ത യാതൊരു മാര്‍ഗവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സ്‌ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹ ബാഹ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു പോയിട്ട്, രഹസ്യമായി കൂടിച്ചേരുന്നതുപോലും ഇസ്‌ലാമിക സമൂഹം കുറ്റവും പാപവുമായി കാണുന്നു. എന്നാല്‍, ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ സ്‌ത്രീ-പുരുഷ ബന്ധങ്ങള്‍ ഏറെ ഉദാരമായി വീക്ഷിക്കപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള നിയന്ത്രണമില്ലാത്ത ലൈംഗികതയും സ്‌ത്രീ-പുരുഷ ബന്ധവും, ആധുനിക സമൂഹത്തില്‍ പരിഷ്‌കൃതമായി വിലയിരുത്തപ്പെടുന്നു. സെക്യുലറിസ്റ്റുകളും ലിബറലുകളും അതിനെ മഹത്വപ്പെടുത്തുന്നു. ഉഭയസമ്മതത്തോടെ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഒന്നിച്ചു ജീവിക്കുന്നതോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതോ ആധുനിക സമൂഹം കുറ്റമായി കാണുന്നില്ല.
വിവാഹത്തിന് സ്‌ത്രീ-പുരുഷന്മാര്‍ക്ക് കൃത്യമായ ഒരു പ്രായപരിധി നിശ്ചയിക്കുകയും അത് പൊതുവായി പിന്തുടരുകയും ചെയ്യപ്പെടുമ്പോള്‍ തന്നെ, ആ പ്രായപരിധി എത്തുന്നതിനു മുമ്പ് യുവാക്കളും യുവതികളും തമ്മിലുള്ള ബന്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികളെ പോലും പ്രണയിക്കുകയും തട്ടിക്കൊണ്ടുപോവുകയും അവരുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ഇക്കാലത്ത് സര്‍വ സാധാരണമായിരിക്കുന്നു. ഗേള്‍ ഫ്രണ്ട്-ബോയ് ഫ്രണ്ട് സംസ്‌കാരം അനുവദിക്കപ്പെട്ട സമൂഹങ്ങളില്‍ വഴിവിട്ട കൗമാര ബന്ധങ്ങള്‍ക്കെതിരെ കണ്ണു ചിമ്മുകയാണ് പതിവ്. എന്നാല്‍, ഇസ്‌ലാമിക സംസ്‌കാരമനുസരിച്ച് യാതൊരു കാരണവശാലും വിവാഹേതര സ്‌ത്രീ-പുരുഷ ബന്ധം അംഗീകരിക്കാനാകില്ല.
പ്രണയത്തിലോ മറ്റോ അകപ്പെട്ട് കൗമാരപ്രായത്തില്‍ വിവാഹപൂര്‍വ ബന്ധത്തിലേക്ക് ഒരു പെണ്‍കുട്ടി വലിച്ചിഴക്കപ്പെട്ടാല്‍ ഉടനെ അവരെ നിയമാനുസൃതം വിവാഹിതരാക്കി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കുക മാത്രമേ മുസ്‌ലിംകളെ സംബന്ധിച്ച് പോംവഴിയുള്ളൂ. ഇത്തരത്തിലുള്ള ഒരു നിര്‍ബന്ധിത സാഹചര്യം നേരിടാനുള്ള നിയമപരമായ മാര്‍ഗം സംബന്ധിച്ചു ആലോചിക്കുക മാത്രമായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട, വിവാഹപ്രായം സംബന്ധിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ നടന്നത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി വ്യവസ്ഥ ചെയ്യപ്പെട്ടാല്‍, ഭൂരിപക്ഷം വിവാഹങ്ങളും ആ പ്രായത്തിലേ നടക്കുകയുള്ളൂ. വിവാഹത്തിന്റെ പ്രായപരിധി പാലിക്കാന്‍ മുസ്‌ലിം സംഘടനകള്‍ സമുദായത്തില്‍ ബോധവത്‌കരണം നടത്തുകയും വേണം. എന്നാല്‍, മേല്‍പറഞ്ഞ നിര്‍ബന്ധിതാവസ്ഥ ഉണ്ടായിത്തീര്‍ന്നാല്‍ അത് പരിഹരിക്കാന്‍ നിയമപരമായ പോംവഴി വേണം. അത്തരമൊരു പോംവഴി ഇല്ലെങ്കില്‍, ഒന്നുകില്‍ ആ യുവതി യുവാക്കള്‍ മുസ്‌ലിം സമൂഹത്തിന് വെളിയില്‍ പോകുന്ന അവസ്ഥയാകും വന്നുചേരുക. അതല്ലെങ്കില്‍ രാജ്യത്തെ നിലവിലെ നിയമം ലംഘിച്ച് മതപരമായി നിക്കാഹ് ചടങ്ങ് നടത്തിക്കൊടുക്കേണ്ടിവരും. അങ്ങനെ നിയമലംഘനം നടത്തുന്നവര്‍ ശിക്ഷാര്‍ഹരായിത്തീരുകയും ചെയ്യും. ഇത് രണ്ടും ആശാസ്യമായ പരിഹാരമല്ല. അപ്പോള്‍ പിന്നെ അപൂര്‍വമായ ഇത്തരം ഘട്ടങ്ങളില്‍ പ്രയോഗിക്കാന്‍ നിയമത്തില്‍ ഇളവ് ലഭിക്കുകയേ നിവൃത്തിയുള്ളൂ.
വിവാഹപ്രായം പൊതുവില്‍ 18-ല്‍ നിജപ്പെടുത്തിക്കൊണ്ടുതന്നെ, അനിവാര്യ ഘട്ടങ്ങളില്‍ വയസ്സിളവ് നല്‍കുന്ന നിയമഭേദഗതിക്കു വേണ്ടിയാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടത്. നമ്മുടെ സാമൂഹിക ജീവിതത്തിലെ പല ഘട്ടങ്ങളില്‍ നിശ്ചയിച്ച പ്രായപരിധികളുണ്ട്. സ്‌കൂള്‍ പ്രവേശനം, വോട്ടവകാശം, സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കാനും വിരമിക്കാനും തുടങ്ങിയവ ഉദാഹരണം. ഈ പ്രായപരിധികള്‍ പലപ്പോഴും ഭേദഗതി ചെയ്യാറുമുണ്ട്. സര്‍വീസില്‍ നിന്ന് വിരമിക്കാനുള്ള പ്രായപരിധി 55-ല്‍ നിന്ന് 56 ആക്കിയത് ഈയിടെയാണല്ലോ. മാത്രമല്ല, തൊഴില്‍ പ്രവേശനത്തിനും മറ്റും അവശ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് വയസ്സിളവ് നല്‍കാനും വ്യവസ്ഥയുണ്ട്. അതുപോലെ അനിവാര്യമായ സാഹചര്യം നിയമാനുസൃതം ബോധ്യപ്പെടുത്തപ്പെടുന്ന ഘട്ടത്തില്‍ വിവാഹ പ്രായത്തിലും വയസ്സിളവ് അനുവദിക്കണമെന്നാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടത്. അതും ജനാധിപത്യപരമായ മാര്‍ഗത്തില്‍, കോടതി മുഖേന ശ്രമം നടത്തുമെന്നാണ് പ്രസ്‌താവിച്ചിട്ടുള്ളതും. എന്നിരിക്കേ, അതിനുനേരെ പരിഹാസമിളക്കിവിടുകയും സമുദായ നേതാക്കളെ അവഹേളിക്കുകയും ചെയ്യുന്നത് നീതിയാണോ?
ഇതുപോലുള്ള സാഹചര്യം മറ്റ് സമുദായങ്ങള്‍ക്കുമുണ്ടായിക്കൂടേ, അവര്‍ നിയമഭേദഗതി ആവശ്യപ്പെടുന്നില്ലല്ലോ എന്ന മറുചോദ്യമുന്നയിക്കാം. അതിന് സഹോദരസമുദായങ്ങളാണ് ഉത്തരം കണ്ടെത്തേണ്ടത്. ഒരുപക്ഷേ, ഇസ്‌ലാമികസമൂഹം വിവാഹത്തിലും ലൈംഗിക സദാചാരത്തിലും പുലര്‍ത്തുന്ന കണിശതയും ജാഗ്രതയും അറിയാത്തതുകൊണ്ടാണ് ഈ ചോദ്യമുയരുന്നത്.
മുസ്‌ലിം സ്‌ത്രീകളുടെ വിവാഹപ്രായം പതിനഞ്ചോ, പതിനാറോ ആക്കി മാറ്റി നിശ്ചയിക്കുകയല്ല, മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിലെ മുന്‍ഗണനാ വിഷയം. അങ്ങനെ ഒരു തെറ്റിദ്ധാരണ പരത്താന്‍ വ്യാപകമായ ശ്രമമുണ്ടായത് ഖേദകരമാണ്. നിസ്സാര പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് മുസ്‌ലിം സമുദായത്തെ അപരിഷ്‌കൃതരും ഹാസ്യ കഥാപാത്രങ്ങളുമാക്കാനുള്ള ദൗര്‍ഭാഗ്യകരമായ നീക്കത്തിന്റെ ഭാഗമാണിതെന്നും സംശയിച്ചുപോകുന്നു. ജനാധിപത്യ വ്യവസ്ഥ, അതിലെ ഏത് നിയമത്തെയും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള അവകാശം ഒരു ഇന്ത്യന്‍ പൗരന് നല്‍കുന്നുണ്ടെങ്കില്‍ ഇവിടുത്തെ മുസ്‌ലിംകള്‍ക്കും ആ അവകാശമുണ്ട്. അതുപയോഗിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു എന്നല്ലാതെ അതിനപ്പുറം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.
0 comments: