ഒന്നു തൊട്ടാല്‍ മതി! (തര്‍ബിയ)

  • Posted by Sanveer Ittoli
  • at 5:36 AM -
  • 0 comments

ഒന്നു തൊട്ടാല്‍ മതി! (തര്‍ബിയ)




പ്രമുഖ മനശ്ശാസ്‌ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു;
മെഡിക്കല്‍ കോളെജില്‍ വെച്ച്‌, മാസം തികയുന്നതിനു മുമ്പ്‌ ഒരു കുഞ്ഞ്‌ പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന്‌ മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയേയും കുഞ്ഞിനേയും ഒരു നഴ്‌സിംഗ്‌ ഹോമിലേക്ക്‌ മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന്‌ രക്ഷിക്കാനായി, ഒരു നഴ്‌സ്‌ കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക്‌ കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ്‌ മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കയ്യില്‍ കൊടുത്ത്‌ സദാ സമയവും സ്‌നേഹപൂര്‍വ്വം തലോടാനും ലാളിക്കാനും നിര്‍ദ്ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു.
രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്‌ പ്രായമായി. നല്ല ആരോഗ്യവതിയായി അവള്‍ കഴിയുന്നു. മരുന്നിനോടും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്‌പര്‍ശനത്തിനും പരിലാളനയ്‌ക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന്‌ പുസ്‌തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്‌ഗുണങ്ങള്‍ കുറയുമെന്ന്‌ പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്‌പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന്‌ മക്കളിലേക്ക്‌ പകരുകയുള്ളൂവെന്നര്‍ത്ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്‌പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്‌. തൊടുക എന്നത്‌ ഇത്ര വലിയ കാര്യമാണോ? ഒരു സ്‌പര്‍ശത്തില്‍ എന്തൊക്കെയാണ്‌ അടക്കിവെച്ചിരിക്കുന്നത്‌?
രോഗം കൊണ്ട്‌ വലയുന്ന രോഗിയെ വൈദ്യന്‍ പരിശോധിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ. രോഗിയുടെ സന്ധികളില്‍ സ്‌പര്‍ശിച്ച്‌ രോഗവിവരം അറിയാന്‍ വൈദ്യന്‌ മിടുക്കുണ്ട്‌. ഒരു ചെറുസ്‌പര്‍ശത്തില്‍ ഉള്ളടക്കിവെച്ചിരിക്കുന്ന അത്ഭുതമുണ്ട്‌ വൈദ്യന്റെ ഈ പ്രവര്‍ത്തനത്തില്‍. കരയുന്ന കുഞ്ഞിനെ ആരൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും സ്വന്തം അമ്മയുടെ ഒരു കരസ്‌പര്‍ശത്തില്‍ എത്ര വേഗമാണ്‌ കുഞ്ഞ്‌ കരച്ചിലടക്കി ഉറക്കത്തിലേക്ക്‌ ഒഴുകുന്നത്‌! സങ്കടം കൊണ്ട്‌ വലയുന്നവരെ മെല്ലെയൊന്ന്‌ തൊട്ട്‌ ആശ്വസിപ്പിച്ച്‌ നോക്കൂ, നമ്മുടെ ആ സ്‌പര്‍ശത്തില്‍ അവര്‍ ഒരു നിമിഷമെങ്കിലും സ്വസ്ഥമാകും. തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്ക്‌ ജീവിതകാലമെങ്ങും ഓര്‍മിക്കപ്പെടും. വേദനയുടെ ഭാരം കൊണ്ട്‌ തലകുനിയുമ്പോള്‍ `വിഷമിക്കല്ലേ' എന്ന്‌ പ്രിയപ്പെട്ടൊരാള്‍ തലോടിക്കൊണ്ട്‌ പറയുമ്പോള്‍ നമ്മുടെ മനസ്സിലും സമാധാനത്തിന്റെ മഴപെയ്യും. മനസ്സിന്റെ തന്ത്രികളില്‍ അത്രയേറെ സ്വാധീനമാകാന്‍ ഒന്നു തൊട്ടാല്‍ മതി.
സലാം പറഞ്ഞ്‌ കൈ വലിക്കുന്ന നേതാവിനെ നമ്മളാരും ഓര്‍ത്തുവെക്കാറില്ല. എന്നാല്‍ സലാം ചൊല്ലി കൈ നീട്ടിയാല്‍ നമ്മുടെ കൈ മാത്രമല്ല, നമ്മളെ മുഴുവനായും വാരിപ്പുണരുന്ന അപൂര്‍വ്വം നേതാക്കളെ നമ്മള്‍ ഒരു കാലത്തും മറക്കാറില്ല. അഥവാ നമ്മെയൊന്ന്‌ തൊടാനും വാരിപ്പുണരാനും മടിയില്ലാത്തവരെ നമ്മള്‍ മനസ്സിന്റെ സ്‌നേഹക്കൊട്ടാരത്തില്‍ സൂക്ഷിക്കുന്നു, അല്ലാത്തവരോട്‌ അടുപ്പത്തിനു പകരം അകല്‍ച്ചയാകും പെരുകുക.
രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ ആശ്വസിപ്പിക്കണമെന്ന്‌ തിരുനബി നിര്‍ദേശിക്കുന്നുണ്ട്‌. കൈത്തടത്തില്‍ തടവിക്കൊടുത്തും തലയിലും മുഖത്തും മെല്ലെ കൈതൊട്ടുമായിരുന്നു തിരുനബിയുടെ ആശ്വാസവാക്കുകളെല്ലാം. പ്രിയമകള്‍ ഫാതിമ മുതിര്‍ന്ന സ്‌ത്രീയായിട്ടു പോലും പിതൃവാത്സല്യത്തിന്റെ ചുംബനം നല്‍കാന്‍ പ്രിയനബി ശ്രദ്ധിച്ചു. വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോഴും തിരിച്ചെത്തുമ്പോഴും ഭാര്യമാര്‍ക്ക്‌ ചുംബനം സമ്മാനിച്ച ആ പ്രിയതമനെയൊന്ന്‌ ഓര്‍ത്തുനോക്കൂ. സ്‌പര്‍ശത്തിന്റെ മാന്ത്രികതയില്‍ പിണക്കങ്ങള്‍ മറക്കും. അടുപ്പങ്ങള്‍ കൂടുതല്‍ അഴകുള്ളതാകും. സലാം പറഞ്ഞ്‌ തിരിഞ്ഞുനടക്കാനല്ല, കൈകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഒന്നാകാനാണ്‌ സ്‌നേഹനബി പഠിപ്പിച്ചത്‌. നമുക്ക്‌ ശത്രുക്കളായി ആരുമില്ലെന്ന സന്ദേശമാണ്‌ സലാം പറഞ്ഞ്‌ കൈകള്‍ കൂട്ടിയുരസുമ്പോള്‍ ലഭിക്കുന്നത്‌. സ്‌പര്‍ശത്തിന്റെ വെള്ളിനൂലില്‍ ഇണങ്ങിച്ചേരാത്ത ഒരു ശത്രുതയുമില്ല.
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയാം നമുക്ക്‌. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌. കുടുംബത്തിനുള്ളിലുള്ളവര്‍ പോലും പലപ്പോഴും അന്യരെപ്പോലെയാണിന്ന്‌ പെരുമാറുന്നത്‌. പല കുടുംബങ്ങളുടെയും ചിത്രമങ്ങനെയാണ്‌. തൊട്ടുരുമ്മി നടക്കുമ്പോള്‍ പോലും തമ്മിലൊന്ന്‌ മിണ്ടാതെ, ഒരു പുഞ്ചിരി കൈമാറാതെ, ഇഷ്‌ടത്തോടെയൊന്ന്‌ സലാം ചൊല്ലാതെ ജീവിക്കുന്നവര്‍!
സ്‌പര്‍ശത്തിന്റെ മാന്ത്രികശക്തി തിരിച്ചറിയുമ്പോള്‍ ബന്ധങ്ങള്‍ക്കെല്ലാം പുതിയൊരു ചന്തം കൈവരും. എങ്കില്‍ ഒന്നോര്‍ത്തുനോക്കൂ, നമ്മുടെ ഉമ്മയെ, ഉപ്പയെ, കുഞ്ഞിനെ, ജ്യേഷ്‌ഠനെ, അനിയത്തിയെ, സഹപ്രവര്‍ത്തകനെ, നേതാവിനെ ഒന്നു തൊട്ടിട്ട്‌ എത്രകാലമായി..?

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: