ശബാബ് കത്തുകള്‍ 2013_OCT_11

  • Posted by Sanveer Ittoli
  • at 9:36 AM -
  • 0 comments

ശബാബ് കത്തുകള്‍ 2013_OCT_11

കത്തുകള്‍

ഉള്‍ഭീതിയോടെ ജീവിക്കുന്ന സിറിയ


സപ്‌തംബര്‍ - 6 ലെ എം എസ്‌ ഷൈജുവിന്റെ `വിലാപങ്ങളില്‍ വിറങ്ങലിച്ച്‌ സിറിയ' എന്ന കവര്‍ സ്റ്റോറി വായിച്ചു. നൂറുകണക്കിന്‌ കൂട്ടക്കൊലകളുടെ പട്ടിക. കൂട്ടക്കുരുതി. ബലാത്സംഗം, ചിത്രവധം, പീഡനം, ഭേദ്യം, നാനാതരം ശിക്ഷാരീതികള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള്‍ പേറി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ സിറിയന്‍ ജനത. ഭീതി ചാരക്കണ്ണുകള്‍ തങ്ങളെ പിന്തുടര്‍ന്ന്‌ കഴുമരത്തിലെത്തിക്കുമോ എന്ന ഉള്‍ഭയത്തോടെയാണ്‌ ഗള്‍ഫ്‌ നാടുകളിലെ ഒരു ശരാശരി സിറിയന്‍ പൗരന്റെ ജീവിതം.
റഹീം കെ പറവന്നൂര്‍


ഇസ്‌ലാമിലെ പ്രമാണങ്ങള്‍; വസ്‌തുനിഷ്‌ഠമായ പഠനം


ഏതെങ്കിലും ദീനി വിഷയം ചര്‍ച്ചക്ക്‌ വിധേയമാകുമ്പോള്‍ പണ്ഡിതന്മാര്‍ അതിനെപ്പറ്റി വസ്‌തുനിഷ്‌ഠമായി പഠിക്കാന്‍ നിര്‍ബന്ധിതരാകും. ഉദാഹരണമായി അനാഥ പൗത്രന്റെ അവകാശപ്രശ്‌നത്തെ സംബന്ധിച്ച്‌ ഒരു തിരുത്തല്‍ വാദിയായ പണ്ഡിതന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു. അതു കാരണം പ്രസ്‌തുത വിഷയം പണ്ഡിതന്മാര്‍ നന്നായി പഠിച്ചു. അതേപോലെ സാക്ഷാല്‍ ഹദീസ്‌ നിഷേധികള്‍ക്ക്‌ എതിരില്‍ (മോഡേണിസ്റ്റ്‌), ഹദീസ്‌ നിഷേധ ആരോപണവുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ള നവയാഥാസ്ഥിതകര്‍ ഒരക്ഷരം ഉരിയാടാതെ മോഡേണിസ്റ്റുകളോട്‌ ഹദീസിന്റെ വിഷയത്തില്‍ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതുന്ന സാക്ഷാല്‍ മുജാഹിദുകളുടെ നേരെയാണ്‌ തിരിഞ്ഞിരിക്കുന്നത്‌.
പൊന്നാനിയില്‍ ജിന്നു ഗ്രൂപ്പ്‌ സംഘടിപ്പിച്ച മുഖാമുഖ പരിപാടിയില്‍ ഈയുള്ളവന്‍ പങ്കെടുക്കുകയും താഴെ വിവരിക്കുന്ന രൂപത്തില്‍ ഒരു ചോദ്യം ഉന്നയിക്കുകയും ചെയ്‌തു. ബുഖാരി ഇമാമിന്‌ ആറ്‌ ലക്ഷം ഹദീസുകള്‍ ലഭിച്ചിട്ട്‌ ഏഴായിരത്തോളം ഹദീസ്‌ സ്വീകരിച്ച്‌ മറ്റുള്ളവ തള്ളിക്കളഞ്ഞു. അത്‌ തന്നെയും ആവര്‍ത്തനം കഴിച്ചാല്‍ ഏതാണ്ട്‌ നാലായിരത്തോളമേ വരികയുള്ളൂ. അപ്പോള്‍ ഇമാം ബുഖാരി ഹദീസ്‌ നിഷേധിയാണോ? മറുപടി രസാവഹമായിരുന്നു. ``ഈ ക്യാമ്പില്‍ ഏതാണ്ട്‌ 500 ല്‍ പരമാളുകള്‍ സംബന്ധിച്ചിട്ടുണ്ടാകും. അതില്‍ താങ്കളടക്കം 5 പേരാണ്‌ ചോദ്യമുന്നയിച്ചത്‌. അതുകൊണ്ട്‌ ക്യാമ്പില്‍ അഞ്ച്‌ പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂവെന്ന്‌ ആരെങ്കിലും പറയുമോ? ബുഖാരി ഇമാമിന്റെ ശര്‍ത്തിനൊത്ത ഹദീസുകള്‍ അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തു. മറ്റുള്ളവ വേറെയും ഗ്രന്ഥങ്ങളില്‍ കാണുമല്ലോ!'' എങ്ങനെയുണ്ട്‌. ഒരിക്കല്‍ സുന്നി പണ്ഡിതന്റെ പ്രസംഗം കേള്‍ക്കാനിടയായി, അതില്‍ ``ശൈഖ്‌ മുഹയ്യിദ്ദീന്‍ ജീലാനിക്ക്‌ നാല്‌പതുവട്ടം ജനാബത്തുണ്ടായതിനെ ത്വരീഖത്തുകാരും മുജാഹിദുകളും പരിഹാസത്തിന്‌ വിധേയമാക്കുന്നു. എന്നാലൊരു ചോദ്യം ഇരുവിഭാഗവും ബുഖാരി അംഗീകരിക്കുന്നവരല്ലേ? അതില്‍ സുലൈമാന്‍ നബി(അ) യെ പറ്റി പരാമര്‍ശിക്കുന്ന ഒരു ഹദീസുണ്ട്‌ അതിപ്രകാരമാണ്‌. ഒറ്റ രാത്രിയില്‍ സുലൈമാന്‍ നബി(അ) തന്റെ 100 ഭാര്യമാരുമായി ബന്ധപ്പെടാറുണ്ട്‌. ഇതിനെപ്പറ്റി ഇരു വിഭാഗത്തിന്‌ എന്ത്‌ പറയാനുണ്ട്‌?''
ഇതിനെപ്പറ്റി ഞാനൊരു നവയാഥാസ്ഥിതികനോട്‌ ചോദിച്ചു. അതിന്‌ കിട്ടിയ മറുപടിയും രസാഹവം തന്നെ. അത്‌ സുലൈമാന്‍ നബിയുടെ മുഅ്‌ജിസത്തല്ലേ? അപ്പോള്‍ തിരിച്ചുചോദിച്ചു എങ്കില്‍ ശൈഖ്‌ ജീലാനിക്കുണ്ടായി എന്ന്‌ പറയപ്പെടുന്നത്‌ കറാമത്തും ആയിക്കൂടേ? ഉത്തരമില്ല. ശബാബില്‍ `ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ ജ. എ. അബ്‌ദുല്‍ ഹമീദ്‌ മദീനി എഴുതിവരുന്ന തുടര്‍ലേഖനങ്ങള്‍ ഒരു പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നപക്ഷം യുവപണ്ഡിതന്മാര്‍ക്കും ചിന്തിക്കുന്ന സാധാരണക്കാര്‍ക്കും ഉപകാരപ്രദമായിരിക്കും.
കെ വി ഒ അബ്‌ദുര്‍റഹ്‌മാന്‍ പറവണ്ണ


എല്ലാവര്‍ക്കും സലാം


ഇസ്‌ലാം മതത്തെയും ഇസ്‌ലാം മതത്തിന്റെ ചിഹ്നങ്ങളെയും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന `മാഷന്മാര്‍' ജോലി ചെയ്യുന്ന ഒരു സ്‌കൂളിലാണ്‌ അദ്ദേഹത്തിന്‌ അറബി അധ്യാപകനായി ജോലി കിട്ടിയത്‌. സ്‌കൂള്‍ വരാന്തയില്‍ നിന്നും മറ്റും കുട്ടികള്‍ അറബി മാഷെ കാണുമ്പോള്‍ സന്തോഷത്തോടെ സലാം പറയും. അധ്യാപകന്‍ പുഞ്ചിരിയോടെ സലാം മടക്കും. ഇങ്ങനെ സലാം ചൊല്ലുന്നതില്‍ അമുസ്‌ലിം കുട്ടികളുമുണ്ടായിരുന്നു. ചില മാഷന്മാര്‍ പ്രശ്‌നം ഹെഡ്‌മിസ്‌ട്രസിന്റെ ശ്രദ്ധയില്‍ പെടുത്തി. പ്രശ്‌നം `ഗുരുതര'മായതിനാല്‍ ഹെഡ്‌മിസ്‌ട്രസ്‌ അറബി അധ്യാപകനെ ഓഫീസിലേക്ക്‌ വിളിച്ചു വിശദീകരണം തേടി! എച്ച്‌ എം ചോദിച്ചു: ``മാഷേ നിങ്ങള്‍ കുട്ടികളെ അറബി പഠിപ്പിക്കാനാണോ വന്നത്‌, മതം പഠിപ്പിക്കാനോണോ വന്നത്‌?
ഹെഡ്‌മിസ്‌ട്രസിന്റെ വിചാരണക്കു മുമ്പില്‍ പതറാതെ അറബി അധ്യാപകന്‍ ഗുണകാംക്ഷയോടെ പറഞ്ഞ മറുപടി ഇപ്രകാരം: ``ഞാന്‍ കുട്ടികളെ അറബി തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. അറബികള്‍ പരസ്‌പരം കണ്ടാല്‍ അസ്സലാമുഅലൈക്കും എന്ന്‌ പറഞ്ഞാണ്‌ സംഭാഷണം തുടങ്ങുക. പാഠപുസ്‌തകത്തില്‍ ഇത്തരം കുറെ സംഭാഷണങ്ങള്‍ ഉദാഹരണമായി കൊടുത്തിട്ടുമുണ്ട്‌. അറബി ഭാഷയിലെ അഭിവാദന രീതി പറയാനും കേള്‍ക്കാനും മനോഹരമാണ്‌ എന്ന്‌ കുട്ടികള്‍ക്ക്‌ തോന്നിയിരിക്കണം. ഭാഷ പ്രയോഗവല്‌ക്കരിക്കപ്പെടുന്നു എന്ന ഗുണവശമല്ലേ അത്‌. മാത്രമല്ല `ദൈവം നിങ്ങള്‍ക്ക്‌ സമാധാനം തരട്ടെ' എന്ന മനോഹരമായ സമാധാന ആശംസയുമാണത്‌.
ഇത്‌ കേട്ടപ്പോള്‍ ഹെഡ്‌മിസ്‌ട്രസ്‌ ഇപ്രകാരം പ്രതിവചിച്ചു: ``ദൈവത്തിന്റെ സമാധാനം താങ്കളിലുണ്ടാവട്ടെ എന്നാണ്‌ അസ്സലാമുഅലൈക്കും എന്നതിന്റെ അര്‍ഥമെങ്കില്‍ അതിലെന്താ കുഴപ്പം? താങ്കളെ ഞാന്‍ വല്ലാതെ തെറ്റിദ്ധരിച്ചുപോയി. മാഷേ, ജീവിതത്തിലാദ്യമായി ഞാനും ഒരു സലാം പറയട്ടെ. അസ്സലാമുഅലൈക്കും!''
സലാമിന്റെ അര്‍ഥം അറിയാത്തവര്‍ അതിനെ പേടിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ അര്‍ഥമറിയുന്നവര്‍ ആ അഭിവാദന രീതി അങ്ങേയറ്റം ഇഷ്‌ടപ്പെടുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ നല്ല ഒരു കാര്യം പറഞ്ഞുതരാന്‍ ഒരാള്‍ നബി(സ)യോടാവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ``മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം നല്‌കുക, പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയുക.''(ബുഖാരി, മുസ്‌ലിം)
എന്നാല്‍ നമ്മില്‍ പലരുടെയും ഈ വിഷയത്തിലുള്ള സമീപനമെന്താണ്‌? പള്ളിയിലെ മൗലവിയോടും പ്രത്യേക ചിഹ്നങ്ങള്‍ അണിഞ്ഞുവരുന്ന പുരോഹിതന്മാരോടും പലരും സലാം പറയുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരോടോ കുടുംബാംഗങ്ങളോടോ സലാം പറയുകയില്ല! മൗലവിമാര്‍ക്കും മുസ്‌ല്യാന്മാര്‍ക്കും സമാധാനമുണ്ടാകട്ടെ, കുടുംബത്തിന്‌ സമാധാനമില്ലെങ്കിലും കുഴപ്പമില്ല എന്നാണോ ഇതില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌? മറ്റു ചിലരുണ്ട്‌, അവര്‍ ഭാര്യമാരോടും മക്കളോടും സലാം പറയുകയില്ല! വേറെ ചിലര്‍ ഇതിന്റെ വിപരീതമാണ്‌. അഥവാ മാതാപിതാക്കളോടും സഹോദരങ്ങളോടും സലാം പറയും. പക്ഷേ, ജീവിതപങ്കാളിയോടും മക്കളോടും സലാം പറയുകയില്ല!! ചിലര്‍ അന്യരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ആ വീട്ടുകാര്‍ക്ക്‌ സലാം പറയും. എന്നാല്‍ സ്വന്തം വീട്ടുകാര്‍ക്ക്‌ ഒരിക്കലും സലാം പറയുകയില്ല! മഹത്തായ സലാമിനെ ഇപ്രകാരം അവഗണിക്കുകയും വിഭാഗീയവല്‌ക്കരിക്കുകയും ചെയ്യുന്നവര്‍ ഗൗരവതരമായ ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും മനസ്സിരുത്തി വായിക്കുക:
``നിങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായി പ്രത്യഭിവാദ്യമര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‌കുക.''(ഖുര്‍ആന്‍ 4:86). ``രണ്ടു മുസ്‌ലിംകള്‍ പരസ്‌പരം കണ്ടുമുട്ടുകയും ഹസ്‌തദാനം നടത്തുകയും ചെയ്‌താല്‍ അവര്‍ പിരിഞ്ഞുപോകുന്നതിന്‌ മുമ്പ്‌ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌.'' (അബൂദാവൂദ്‌)
``ഒരു നല്ല കാര്യത്തെയും നിങ്ങള്‍ നിസ്സാരമാക്കരുത്‌. തന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നത്‌ പോലും.''(മുസ്‌ലിം)
ഇത്രമേല്‍ പ്രതിഫലാര്‍ഹവും സ്‌നേഹവര്‍ധിനിയും സംസ്‌കാരദായകവുമായ സലാമിനോട്‌ `അലര്‍ജി' കാണിക്കുന്നവര്‍, പരസ്‌പരം സലാം പറയാന്‍ പിശുക്കു കാണിക്കുന്നവര്‍ എത്രമേല്‍ സങ്കുചിതരും കുടില മനസ്‌കരുമാണെന്നോര്‍ക്കുക!
പരസ്‌പരം സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താനും വളര്‍ത്താനും നമ്മുടെ ജീവിതവ്യവഹാരങ്ങളില്‍ സലാം ചൊല്ലുന്നതിന്‌ മുഖ്യമായ സ്ഥാനം തന്നെ നാം നല്‌കണം. ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ്‌ ഭാര്യയോടും മക്കള്‍ മാതാപിതാക്കളോടും മാതാപിതാക്കള്‍ മക്കളോടും സഹോദരങ്ങള്‍ തമ്മില്‍ തമ്മിലും കുടുംബ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും അയല്‍വാസികളോടും `അസ്സലാമു അലൈക്കും' എന്ന്‌ സലാം പറയാനും `വഅലൈക്കുമുസ്സലാം' എന്ന്‌ സലാം മടക്കാനും സത്യവിശ്വാസികളായ നാം ജീവിതത്തില്‍ മുഖ്യമായ സ്ഥാനം തന്നെ നല്‌കണം. യാതൊരു വിധത്തിലുള്ള `ഈഗോ' അഹങ്കാരം, അപകര്‍ഷത, ലജ്ജ, സ്വാര്‍ഥത എന്നിവയൊന്നും സലാം ചൊല്ലുന്നതിന്‌ നമുക്ക്‌ തടസ്സമാവരുത്‌. അതിനാല്‍ പിശുക്കില്ലാതെ നാം സലാം ചൊല്ലുക. അതിലൂടെ സ്‌നേഹം നേടുക. പരലോകത്ത്‌ പ്രതിഫലവും പ്രതീക്ഷിക്കുക. അതാണ്‌ വിനയമാര്‍ഗം. അതുതന്നെയാണ്‌ വിജയമാര്‍ഗവും
ശംസുദ്ദീന്‍ പാലക്കോട്‌


പരസ്യങ്ങളിലെ പിന്നാമ്പുറങ്ങള്‍


ഒരു ചെറിയ കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച്‌ ശാഠ്യം പിടിച്ചപ്പോള്‍ അമ്മ ചോദിച്ചു: ``എന്താണ്‌ മോള്‍ ഭക്ഷണം കഴിക്കാത്തത്‌?'' അപ്പോള്‍ ആ കുട്ടി പറഞ്ഞത്‌ ഞാന്‍ ഭക്ഷണം കഴിക്കണമെങ്കില്‍ എനിക്ക്‌ പരസ്യത്തിലെ അമ്മ വാരിത്തരണമെന്ന്‌. പരസ്യം നമ്മെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള ലേഖനത്തില്‍ വായിച്ച ഉദാഹരണമാണ്‌ സൂചിപ്പിച്ചത്‌. ഏറ്റവും കൂടുതല്‍ പരസ്യത്തിന്റെ അടിമകളായി മാറുന്നത്‌ സംസ്‌കാരസമ്പന്നരെന്ന്‌ സ്വയം അവകാശപ്പെടുന്ന കേരളീയ സമൂഹമാണ്‌. നിത്യേനയെന്നോണം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും കൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്‌ അതാണ്‌.
ആത്മീയ ദാരിദ്ര്യം, ദാമ്പത്യ പ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, കൂടാതെ കഷണ്ടി തുടങ്ങിയ അനേകായിരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‌കിയ വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങളാണ്‌ വാര്‍ത്താമാധ്യമങ്ങളില്‍ ദിനേന നാം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇതില്‍ നിന്നൊക്കെ ആര്‍ക്കെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ എന്ന്‌ ചോദിച്ചാല്‍ പണവും പോയി മാനവും പോയി എന്നല്ലാതെ മറ്റൊരു മറുപടിയും ഉണ്ടായിരിക്കുകയില്ല. ഇവിടെ തടിച്ചുകൊഴുക്കുന്നത്‌ ഇത്തരം തട്ടിപ്പ്‌ കേന്ദ്രങ്ങളാണ്‌. ഇതിനെതിരെ പ്രതികരിക്കേണ്ട സര്‍ക്കാറും നിയമപാലകരും നോക്കുകുത്തികളായി മാറുന്നു. ഇവിടെയാണ്‌ എ പി കുഞ്ഞാമുവിന്റെ നിരീക്ഷണം പ്രസക്തമാകുന്നത്‌. സമകാലിക ലോകത്തിന്റെ നാടിമിടിപ്പുകളെ വിശകലനം ചെയ്യുന്ന ശബാബിലെ `കാക്കനോട്ടം' ഏറെ ശ്രദ്ധേയമാകുന്നു.
കെ ഇ ഷാഹുല്‍ ഹമീദ്‌ പെരുമണ്ണ

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: