ബലിപെരുന്നാള്‍ ആദര്‍ശവും ആഘോഷവും

  • Posted by Sanveer Ittoli
  • at 12:07 AM -
  • 0 comments

ബലിപെരുന്നാള്‍ ആദര്‍ശവും ആഘോഷവും



ബലിപെരുന്നാള്‍ അഥവാ ഈദുല്‍ അദ്‌ഹാ സമാഗതമായി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന മുപ്പതുലക്ഷത്തിലധികം മുസ്‌ലിംകള്‍ വിശുദ്ധ കഅ്‌ബയുടെ പരിസരങ്ങളില്‍ പരിശുദ്ധ ഹജ്ജ്‌ കര്‍മത്തില്‍ മുഴുകിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളും ദുല്‍ഹിജ്ജ പത്തിന്‌ പെരുന്നാള്‍ ആഘോഷിക്കുകയാണ്‌.
സമൂഹത്തിന്റെ ഒത്തുചേരലും ആഘോഷവും മനുഷ്യസഹജമായ താത്‌പര്യമാണ്‌. നൈസര്‍ഗിക താല്‌പര്യങ്ങളെ പ്രകൃതിമതം നിരാകരിക്കില്ല. എന്നാല്‍ ആഘോഷത്തിന്റെ പേരില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന അരുതായ്‌മകള്‍ ഇസ്‌ലാം അനുവദിക്കുന്നുമില്ല. പ്രവാചകനിയോഗത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അദ്ദേഹവും എണ്ണത്തില്‍ വളരെ കുറഞ്ഞ വിശ്വാസികളും ജീവിച്ചത്‌ അസ്‌തിത്വത്തിനു വേണ്ടിയുള്ള പേരാട്ടത്തില്‍ അസ്വസ്ഥമായ സാമൂഹികാവസ്ഥയിലായിരുന്നു. സ്വന്തം നാട്ടില്‍ നിന്ന്‌ പോകേണ്ടിവന്നെങ്കിലും മദീനയില്‍ (ഹിജ്‌റയ്‌ക്കുശേഷം) ഏതാണ്ട്‌ സ്വസ്ഥമായ ആദര്‍ശജീവിതം സാധ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായി. അപ്പോഴാണ്‌ സ്വഹാബിമാര്‍ ചുറ്റുപാടമുള്ള സമൂഹങ്ങളിലെ ആചാരങ്ങളും ആഘോഷങ്ങളും കാര്യമായി ശ്രദ്ധിക്കുന്നത്‌. സഹജമായ താല്‌പര്യത്താല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്വഹാബിമാരോട്‌ പ്രവാചകന്‍ കല്‌പിച്ചരുളിയതാണ്‌ രണ്ട്‌ പെരുന്നാള്‍ സുദിനങ്ങള്‍. നാട്ടിലുള്ള ആഘോഷങ്ങളുടെ അടിത്തറ വിഗ്രഹാരാധനയും അതിന്റെ പ്രധാന ഘടകങ്ങളിലൊന്ന്‌ മദ്യാഘോഷവുമായിരുന്നു. ഇസ്‌ലാം ആദര്‍ശം കൈവിടാത്ത ആഘോഷം മനുഷ്യര്‍ക്ക്‌ അനുവദിച്ചു. പ്രവാചകന്‍ അതിന്റെ കുറ്റമറ്റ രീതിയും കാണിച്ചുതന്നു.
ലോകത്ത്‌ എല്ലാ ജനവിഭാഗങ്ങളിലും അവരവരുടെതായ പലതരം ആഘോഷങ്ങളും നിലനില്‌ക്കുന്നുണ്ട്‌. മതപരം, ദേശീയം, സാമൂഹികം എന്നിങ്ങനെ വിവിധ തരത്തിലുള്ള ആഘോഷങ്ങള്‍ നാട്ടിലുണ്ട്‌. ആഘോഷങ്ങള്‍ക്ക്‌ വിവിധ മാനങ്ങള്‍ കാണാന്‍ കഴിയും. മതസമൂഹങ്ങളുടെ ആഘോഷങ്ങള്‍ക്ക്‌ മതപരമായ ഒരടിത്തറയുണ്ടാകും. അവ ആചാരബന്ധിതമായിരിക്കും. ചരിത്രയാഥാര്‍ഥ്യങ്ങളോ ഐതിഹ്യങ്ങളോ ആചാര്യന്മാരുടെ ജനിമൃതികളോ ആഘോഷങ്ങളുടെ പശ്ചാത്തലമായി വരാറുണ്ട്‌. മതാഘോഷത്തിനും സാമൂഹികമായ പ്രാധാന്യമുണ്ട്‌. സാമൂഹികബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവയ്‌ക്ക്‌ പങ്കുണ്ട്‌. സമൂഹത്തിന്റെ കൂടെയല്ലാതെ ഒറ്റയ്‌ക്ക്‌ ഒരാള്‍ക്കോ ഒരു വീട്ടിലോ ആഘോഷത്തിന്‌ പ്രസക്തിയില്ല. അതുപോലെത്തന്നെ മനുഷ്യമനസ്സിന്റെ ആനന്ദലബ്‌ധിക്കുപാധിയായ വിനോദങ്ങളും കളികളും ആഘോഷങ്ങളുടെ അനുബന്ധമാണ്‌. വിനോദങ്ങള്‍ അതിരുവിടുകയും ലഹരിയിലും മറ്റു ആരുതായ്‌മകളിലും ചെന്നെത്തി നില്‌ക്കാറുമുണ്ട്‌. ചില ആഘോഷങ്ങള്‍ക്ക്‌ സാമ്പത്തിക താല്‌പര്യങ്ങളും പ്രചോദനമാകാറുണ്ട്‌. കച്ചവടക്കൊഴുപ്പിന്റെയും കമ്പോളതാല്‌പര്യങ്ങളടെയും ആഘോഷം അഥവാ ആഘോഷങ്ങള്‍ കമ്പോളവത്‌കരിക്കുന്ന രീതിശാസ്‌ത്രം, ആധുനിക കാലത്ത്‌ സുപരിചിതമാണല്ലോ.
മേല്‍പറഞ്ഞ ആഘോഷങ്ങളുടെ വിവിധ മാനങ്ങളില്‍ നല്ലതിനെയെല്ലാം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തിലൂന്നിയ സമൂഹബന്ധിതമായ ഒരു രീതിയാണ്‌ പ്രവാചകന്‍ ചര്യയാക്കിയ പെരുന്നാളാഘോഷങ്ങള്‍. ആഘോഷത്തിന്റെ ആരംഭം ദൈവസ്‌മരണയിലൂടെയാണ്‌. അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ഹംദ്‌. സമൂഹത്തിലെ ആബാലവൃദ്ധം ഒത്തുകൂടുന്ന പെരുന്നാള്‍ നമസ്‌കാരത്തിന്റെ ഭക്തിയിലൂടെ തുടങ്ങുന്നു. സന്തോഷത്താല്‍ മതിമറന്ന്‌ സ്രഷ്‌ടാവിനെ വിസ്‌മരിക്കുന്നില്ല എന്ന വിളംബരം കൂടിയാണത്‌. അതിന്റെ പശ്ചാത്തലം ജന്മദിനമോ ചരമദിനമോ അല്ല. ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല. ത്യാഗനിര്‍ഭരമായ ഒരു ചരിത്രയാഥാര്‍ഥ്യത്തിന്റെ ജീവസ്സുറ്റ ഓര്‍മയാണ്‌. ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നീ മഹത്തുക്കളുടെ ആദര്‍ശജീവിതത്തിന്റെ സ്വാംശീകരണ സന്നദ്ധത കൂടിയാണ്‌ ബലിപെരുന്നാള്‍. ആഘോഷത്തിമര്‍പ്പില്‍ ബന്ധങ്ങള്‍ മറന്നുകൂടാ എന്നുമാത്രമല്ല, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കല്‍ പെരുന്നാളിന്റെ മുഖ്യഘടകമാണ്‌. കുടുംബബന്ധം, അയല്‍പക്കബന്ധം, സുഹൃദ്‌ബന്ധം, പരസമൂഹബന്ധം അശരണരും ആലംബഹീനരും ശയ്യാവലംബികളുമായ പാര്‍ശ്വവത്‌കൃതവിഭാഗങ്ങളുമായുള്ള ബന്ധം... ഇവ ശക്തമാക്കാന്‍ ശ്രമിക്കാത്ത പെരുന്നാള്‍ അപൂര്‍ണമാണ്‌. പെരുന്നാളുകള്‍ക്കനുബന്ധമായി നിര്‍ബന്ധ ദാനങ്ങള്‍-സകാതുല്‍ഫിത്വ്‌റും ബലിദാനവും- ഇസ്‌ലാം നിശ്ചയിച്ചതിലെ യുക്തിയും ഇതുതന്നെ. അതിരുകവിയാത്ത വിനോദങ്ങള്‍ ഇസ്‌ലാം അനുവദിക്കുന്നു. ഈദ്‌മീറ്റ്‌, ഈദ്‌ഫെസ്റ്റ്‌, ഈദ്‌ സോഷ്യല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്‌ ആഘോഷത്തിന്റെ സാമൂഹികമാനവും വിനോദതാല്‌പര്യവും സാര്‍ഥകമാക്കുവാന്‍ വേണ്ടിത്തന്നെയാണ്‌. നിത്യനിവൃത്തിക്ക്‌ വകയില്ലാത്തവന്‍പോലും പെരുന്നാളിന്‌ പട്ടിണി കിടന്നുകൂടാ. പുണ്യം തേടി വ്രതമനുഷ്‌ഠിച്ചുകൂടാ. എത്ര ഉദാത്തമായ കാഴ്‌ചപ്പാട്‌! സ്രഷ്‌ടാവിനോടും സൃഷ്‌ടികളോടുമുള്ള കടപ്പാട്‌ കണ്ടറിയുന്ന ആഘോഷരീതി.
ഈദുല്‍ഫിത്വ്‌ര്‍, ഈദുല്‍അദ്‌ഹാ എന്നീ രണ്ട്‌ ആഘോഷസുദിനങ്ങള്‍ മാത്രമേ മുസ്‌ലിംകള്‍ക്ക്‌ അല്ലാഹുവും റസൂലും അനുവദിച്ചിട്ടുള്ളൂ. അവ ആഘോഷിക്കാതെ അവഗണിക്കുന്നതും ഇവയല്ലാത്ത ഒരാഘോഷം ഇസ്‌ലാമിന്റെ പേരില്‍ കൊണ്ടാടുന്നതും തെറ്റാണ്‌. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകളില്‍ പെട്ട ചിലയാളുകള്‍ ഇതരമതസ്ഥരെ അനുകരിച്ച്‌ പ്രവാചകന്റെ ജയന്തി ആഘോഷിക്കുന്നത്‌ വ്യാപകമായി വരികയാണ്‌. അത്‌ ഇസ്‌ലാമിന്റെ മാതൃകയോ പ്രവാചകചര്യയോ അല്ല. കൂടാതെ, മഹാന്‍മാരെന്ന്‌ പറയപ്പെടുന്നവരുടെ ശവകുടീരങ്ങള്‍ (മഖ്‌ബറകള്‍) കേന്ദ്രീകരിച്ച്‌ പ്രാദേശിക ഉത്സവങ്ങള്‍ (ചന്ദനക്കുടം, നേര്‍ച്ച, ഉറൂസ്‌) മതത്തിന്റെ പേരില്‍ നടത്തപ്പെടുന്നു. അവയുടെ പശ്ചാത്തലവും രീതിയും ശൈലിയും എല്ലാം ഇതര മതസ്ഥരില്‍ നിന്ന്‌ അനുകരിച്ചവയാണ്‌. അവയില്‍ പലതും കമ്പോളനിയന്ത്രിതവുമാണ്‌. ആ ആഘോഷങ്ങള്‍ക്കൊന്നും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല; നടത്തുന്നവര്‍ മുസ്‌ലിംകളാണെങ്കില്‍പോലും. രാഷ്‌ട്രത്തിന്റെ ദേശീയദിനാഘോഷങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്നതിനോ അവയുടെ സംഘാടനത്തില്‍ പങ്കാളികളാവുന്നതിനോ മുസ്‌ലിംകള്‍ക്ക്‌ വിരോധമില്ല. എന്നാല്‍ അത്തരം ആഘോഷപരിപാടികളുടെ പേരില്‍ ആദര്‍ശവിരുദ്ധമായ കാര്യങ്ങളില്‍ സഹകരിച്ചുകൂടാ. ആരാധനാ കാര്യങ്ങള്‍ക്ക്‌ ഭംഗംവരുന്ന തരത്തിലേക്ക്‌ നീങ്ങിക്കൂടാ. മദ്യസദസ്സ്‌, അതിരുകവിഞ്ഞ സ്‌ത്രീപുരുഷ ഇടപെടല്‍, ധൂര്‍ത്ത്‌, അഴിമതി തുടങ്ങിയവ ആഘോഷത്തിന്റെ മറവിലായാലും വിശ്വാസിക്ക്‌ തീര്‍ത്തും നിഷിദ്ധമാണ്‌.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്‌. ബഹുമത ബഹുസ്വര സമൂഹങ്ങളുടെ സാകല്യമാണ്‌ ഇന്ത്യയിലെ ജനകോടികള്‍. ഇന്ത്യക്കാരെന്ന ഏകത്വമുള്ളപ്പോള്‍ തന്നെ ജാതി-മത-ഭാഷാ-പ്രാദേശിക നാനാത്വങ്ങളും നിലനില്‌ക്കുന്നുണ്ട്‌. ഓരോ വിഭാഗത്തിനും അവരവരുടെ സ്വത്വം കാത്തുസൂക്ഷിക്കുവാന്‍ സ്വാതന്ത്ര്യവുമുണ്ട്‌. ദേശവിരുദ്ധമാകരുതെന്നുമാത്രം. ഓരോ ജാതിമതവിഭാഗങ്ങള്‍ക്കും അവരവരുടെ ആചാരങ്ങളെന്നപോലെ ആഘോഷങ്ങളും ഉണ്ട്‌. ആഘോഷങ്ങളില്‍ ഇതരസമൂഹങ്ങളുമായുള്ള പാരസ്‌പര്യത്തിന്റെ വിഷയത്തില്‍ പലര്‍ക്കും സൂക്ഷ്‌മതക്കുറവോ ധാരണപ്പിശകോ സംഭവിക്കാറുണ്ട്‌. അടുക്കാനും അടുത്തറിയാനും ഉള്ള അവസരങ്ങളാണ്‌ യഥാര്‍ഥത്തില്‍ ആഘോഷങ്ങള്‍. നിര്‍ഭാഗ്യവശാല്‍ ഉത്തരേന്ത്യയില്‍ നിന്ന്‌ പലപ്പോഴും കേള്‍ക്കുന്ന അശുഭവാര്‍ത്തകള്‍ക്കും സാമുദായികസ്‌പര്‍ധയുടെ ആവിര്‍ഭാവങ്ങള്‍ക്കും ആഘോഷവേളകള്‍ നിമിത്തമാകാറുണ്ട്‌. ഒരുവിഭാഗത്തിന്റെ ആഘോഷം ഇതരവിഭാഗങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നതോ അവരെ പ്രകോപ്പിക്കുന്നതോ ആയിക്കൂടാ. മതമോ വിശ്വാസമോ അല്ല അത്‌ കയ്യാളുന്നവരുടെ കൈക്കുറ്റപ്പാടുകളാണ്‌ തീരാകളങ്കങ്ങളിലേക്ക്‌ വഴിതെളിക്കാറുള്ളത്‌.
ഇവിടെയാണ്‌ മുസ്‌ലിംകളുടെ ധര്‍മബോധവും ഉത്തരവാദിത്തവും രാജ്യസ്‌നേഹവും പ്രകടമാവേണ്ടത്‌. നമ്മുടെ പെരുന്നാളുകള്‍ ഇതരവിഭാഗങ്ങള്‍ക്കെതിരല്ല. ആരെയും പ്രകോപിപ്പിക്കുന്നതുമല്ല. വഴിമുടക്കുന്ന ഘോഷയാത്രപോലും നമുക്കില്ല. അതുപോലെ ഇതരസമൂഹങ്ങളുടെ ആരാധനകളോ ആചാരങ്ങളോ നമുക്ക്‌ അലോസരങ്ങള്‍ സൃഷ്‌ടിക്കുന്നതല്ല. ആണെങ്കില്‍പോലും പ്രകോപിതരാകേണ്ടതില്ല. വിശ്വാസത്തിനും വിവേകത്തിനുമപ്പുറം വികാരങ്ങള്‍ക്ക്‌ മുന്‍തൂക്കം വരുന്നതും വിവരമില്ലാത്ത നേതൃത്വവും പക്വതയില്ലാത്ത സമൂഹവും ഒത്തുചേരുന്നതും മറ്റുമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണം. ഒരു മതവും ഒരു സംസ്‌കാരവും സ്‌പര്‍ധയ്‌ക്കു കാരണമല്ല എന്ന തിരിച്ചറവ്‌ നാം നേടണം.
മതപരമായ ആഘോഷങ്ങളില്‍ സഹകരണത്തിന്റെ മേഖലകള്‍ ഉണ്ടോ എന്ന അന്വേഷണം നല്ലതാണ്‌. ഇതര മതക്കാരുടെ മതചടങ്ങുകളില്‍ മുസ്‌ലിംകള്‍ പങ്കെടുത്തുകൂടാ. അത്‌ ആഘോഷത്തിന്റെ ഭാഗമാണെങ്കിലും. എന്നാല്‍ ആഘോഷങ്ങളിലെ സാമൂഹിക ബന്ധമെന്ന ഘടകത്തില്‍ സൗഹൃദവും സഹകരണവും ആകാവുന്നതാണ്‌. മുസ്‌ലിംകളുടെ ആഘോഷങ്ങളിലെ ആരാധനാഘടകങ്ങളില്‍ ഇതരര്‍ക്ക്‌ പ്രവേശനമില്ല. അതേസമയം സാമൂഹിക ബന്ധങ്ങളുടെ മേഖലകളില്‍ ഇതര സമൂഹങ്ങളെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലതാനും. അയല്‍പക്കബന്ധങ്ങള്‍, സുഹൃദ്‌ബന്ധങ്ങള്‍ മുതലായവ നിലനിര്‍ത്താവുന്ന സന്ദര്‍ഭങ്ങള്‍ കൂടിയാണ്‌ ആഘോഷവേളകള്‍. പെരുന്നാളിനോടനുബന്ധിച്ച സൗഹൃദസംഗമങ്ങളും കലാകായിക സംരംഭങ്ങളും മറ്റും ഇതിന്റെ ഭാഗമാണല്ലോ. ആദര്‍ശങ്ങള്‍ തമ്മില്‍ അടുത്തറിയാന്‍ സഹായകമായ സൗഹൃദങ്ങളില്ലാതെ, വായുനിബദ്ധമായ അറകളില്‍ ഓരോ മതവിഭാഗവും കഴിഞ്ഞുകൂടുക എന്ന രീതി ഇസ്‌ലാമികമാണെന്ന്‌ പറഞ്ഞുകൂടാ. എന്നാല്‍ മതചിഹ്നങ്ങളും മതാനുഷ്‌ഠാനങ്ങളും യാതൊരുനിയന്ത്രണവുമില്ലാതെ പരസ്‌പരം എടുത്തണിയുന്നത്‌ മതസൗഹാര്‍ദമല്ല; സാംസ്‌കാരിക കുഴമറിച്ചിലാണ്‌. അത്‌ ഇസ്‌ലാം മതവിശ്വാസികള്‍ക്ക്‌ ഒട്ടും ഭൂഷണമല്ല.
ഹൃദയംഗമമായ ബലിപെരുന്നാള്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ഹംദ്‌. 

Share/Save/Bookmark

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: