കോഴിക്കോട്ടെ യോഗവും വേറെ ചില വിചാരങ്ങളും (ഫീഡ് ബാക്ക്‌ എമ്മാര്‍)

  • Posted by Sanveer Ittoli
  • at 5:37 AM -
  • 0 comments

കോഴിക്കോട്ടെ യോഗവും വേറെ ചില വിചാരങ്ങളും



മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച്‌ കോഴിക്കോട്ട്‌ ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിവാദമുയര്‍ത്തിയ സാഹചര്യത്തില്‍ പ്രശസ്‌തനായ ഒരു മുസ്‌ലിം എഴുത്തുകാരന്‍ ഫോണില്‍ ബന്ധപ്പെട്ടു: `ജിമാഇന്റെ (സംയോഗം) വിഷയത്തില്‍ മാത്രമേ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഇജ്‌മാ(ഏകാഭിപ്രായം) ഉള്ളൂ എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു! പരിഹാസം കലര്‍ന്ന അദ്ദേഹത്തിന്റെ ഈ നിരീക്ഷണം തല്‍ക്കാലം ചിരിച്ചുതള്ളിയെങ്കിലും ആ ചോദ്യത്തിനകത്തെ കൂര്‍ത്ത നര്‍മ്മം ഒരുപാടു ചിന്തകള്‍ ഉണര്‍ത്തുന്നുണ്ട്‌.
ഇ കെ വിഭാഗം സമസ്‌തയുടെ സമുന്നതനായ നേതാവായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വിളിച്ചു ചേര്‍ത്ത യോഗമായിരുന്നു അത്‌. ഈ യോഗത്തിലെ തീരുമാനം എന്തായിരുന്നു, അതിന്റെ ശരി തെറ്റുകള്‍ എന്താണ്‌ എന്ന കാര്യങ്ങള്‍ കുറെയേറെ ചര്‍ച്ചചെയ്യപ്പെട്ടു കഴിഞ്ഞു. പോസിറ്റീവ്‌ ആയ ഒരു കാര്യം ഇതില്‍ വായിച്ചെടുക്കാനാണ്‌ ഈ കുറിപ്പില്‍ ശ്രമിക്കുന്നത്‌. ഒരു പക്ഷെ, ഈ വിവാദത്തില്‍ ഗുണപരമായി ഓര്‍മ്മിച്ചുവെക്കേണ്ട ഒരേ ഒരു കാര്യം. പരസ്‌പരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ ഒരു പൊതുവിഷയത്തില്‍ ഒരു മത സംഘടന നേരിട്ട്‌ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാ പ്രധാന സംഘടനാ പ്രതിനിധികളും പങ്കെടുത്തു എന്നതാണത്‌.
മുജാഹിദ്‌ ജമാഅത്തെ ഇസ്‌ലാമി സംഘടനകളെ നവീനവാദികള്‍ എന്നാണു സമസ്‌ത വിശേഷിപ്പിക്കാറുള്ളത്‌. പുരോഗമന വാദികളായ സംഘടനകളുമായി വേദി പങ്കിടുന്നതും ഐക്യപ്പെടുന്നതും സമസ്‌ത പ്രോത്സാഹിപ്പിക്കാറില്ല. സമസ്‌തയോ അതിന്റെ പോഷക സംഘടനകളോ സമുദായത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും പുരോഗമനക്കാരെ വിളിക്കാറില്ല. അവര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുമില്ല. വല്ലപ്പോഴും മുസ്‌ലിം നേതാക്കള്‍ ഒരുമിച്ചു വിളി ച്ചു ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ അത്‌ ലീഗ്‌ വിളിച്ചു ചേര്‍ക്കുന്ന യോഗമായിരിക്കും. അല്ലെങ്കില്‍ പണക്കാരോ പ്രമാണിമാരോ മുന്‍കൈ എടുത്തു വിളിച്ചിട്ടുള്ളതായിരിക്കും. മാസപ്പിറവി വിഷയത്തില്‍ ഏകോപനം ഉണ്ടാക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട മുസ്‌ലിം സൗഹൃദവേദി ചരമമടഞ്ഞതില്‍ പിന്നെ മുസ്‌ലിം പൊതുവേദികള്‍ നടക്കാറില്ല. റമദാനില്‍ ഇഫ്‌താര്‍ സൗഹൃദങ്ങള്‍ നടന്നെങ്കിലായി എന്നല്ലാതെ. അതും സമസ്‌ത നേരിട്ട്‌, മുജാഹിദ്‌ ജമാഅത്ത്‌ നേതാക്കളെ വിളിച്ചു ഇഫ്‌താര്‍ സല്‌കാരം നടത്തിയതായി കേട്ടിട്ടില്ല .മറ്റുള്ളവര്‍ നടത്തുന്ന ഇഫ്‌താറുകളില്‍ സമസ്‌തയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന പതിവുമില്ല.
ഒരു വര്‍ഷം മുമ്പ്‌, 2012 ഒക്‌ടോബറില്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉള്‍ക്കൊള്ളുന്ന സമസ്‌തയുടെ മുശാവറ യോഗം ചേര്‍ന്ന്‌ പ്രമുഖ പ്രഭാഷകനായ റഹ്‌മത്തുള്ള ഖാസിമിക്ക്‌ ഒരു ഷോക്കോസ്‌ നോടീസ്‌ നല്‍കിയത്‌ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു. മുസ്‌ലിം സമുദായത്തിലെ ഇതര സംഘടനകളുമായി സഹകരിച്ച്‌ നീങ്ങണമെന്ന അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ പരാമര്‍ശം സുന്നത്ത്‌ ജമാഅത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ സമസ്‌ത മുശാവറ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ കത്ത്‌. പിന്നീട്‌ ഖാസിമി ഖേദപ്രകടനം നടത്തിയ ശേഷമാണ്‌ നടപടി പിന്‍വലിച്ചത്‌.
1989ല്‍ ശരീഅത്ത്‌ വിവാദകാലത്ത്‌ മുസ്‌ലിം സംഘടനകള്‍ ഏകോപിച്ചു പ്രവര്‍ത്തിച്ചതിന്റെ മാതൃക ഉണ്ട്‌. എന്നാല്‍ അതിനു സമസ്‌ത വലിയ വില നല്‍കേണ്ടിയും വന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സമസ്‌തയില്‍നിന്ന്‌ പുറത്തു പോകാനുണ്ടായ ഒരു പ്രധാന കാരണമായി പറയുന്നത്‌ ശരീഅത്ത്‌ വിവാദ കാലത്ത്‌ ജമാഅത്ത്‌ മുജാഹിദ്‌ നേതാക്കളുമായി വേദി പങ്കിട്ടു എന്നതാണ്‌. ഇപ്പോള്‍ അതിനേക്കാള്‍ ചെറിയ ഒരു വിഷയത്തില്‍ സമസ്‌ത മുശാവറയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌ എന്താണ്‌? പഴയ കാലത്തെ തൊട്ടു കൂടായ്‌മ ഇനിയും കൊണ്ട്‌ നടക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ സമസ്‌ത തിരിച്ചറിഞ്ഞിരിക്കുന്നു എന്നോ? അങ്ങനെ എങ്കില്‍ തീര്‍ച്ചയായും അത്‌ പ്രോത്സാഹനാര്‍ഹമായ ഒരു മാറ്റം തന്നെ. കേരളത്തിലെ മുസ്‌ലിം സമൂഹം പൊതുവായ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന ഒരു ഘട്ടത്തില്‍, ഓരോ മത സംഘടനയും അവരവരുടെ അസ്‌തിത്വം നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ പൊതുപ്രശ്‌നത്തില്‍ ഒന്നിക്കുന്ന ഒരു വേദി എന്ന ആശയം കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തേക്കാള്‍ ഗൗരവമുള്ള ഒട്ടു വളരെ പ്രശ്‌നങ്ങള്‍ സമുദായം അഭിമുഖീകരിക്കുന്നു എന്ന്‌ എല്ലാവര്‍ക്കുമറിയാം. ഉദാഹരണത്തിന്‌ സ്‌ത്രീധനം. സ്‌ത്രീധനത്തിന്‌ എതിരെ രാജ്യത്ത്‌ ശക്തമായ നിയമമുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാകുന്നില്ല. ആ നിയമം മതവിരുദ്ധമാണെന്ന്‌ ആര്‍ക്കും വാദമില്ല. സ്‌ത്രീധനം ഇസ്‌ലാം മതതത്വങ്ങള്‍ക്ക്‌ എതിരാണെന്ന്‌ ഏതാണ്ട്‌ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. എന്നിട്ടും സ്‌ത്രീധനം ഒരു ഒഴിയാബാധയായി തുടരുന്നത്‌ മഹല്ല്‌ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട്‌ എടുക്കുന്നില്ല എന്നതുകൊണ്ടാണ്‌. സ്‌ത്രീധനമുള്ള വിവാഹവുമായി സഹകരിക്കില്ലെന്ന്‌ മതനേതാക്കളും പണ്ഡിതന്മാരും ഐക്യത്തോടെ പ്രഖ്യാപിച്ചാല്‍ ഈ അനാചാരത്തെ ഒരുപരിധി വരെ ഇല്ലായ്‌മ ചെയ്യാം. എങ്കില്‍ സ്‌ത്രീധനത്തിന്‌ എതിരെ ശക്തമായ ഒരു നീക്കത്തിന്‌ മുസ്‌ലിം സംഘടനകള്‍ക്ക്‌ യോജിച്ചു നീങ്ങിക്കൂടെ? സമുദായത്തിന്‌ അകത്തുള്ളവരുടെ മാത്രമല്ല പുറത്തുള്ളവരുടെയും പിന്തുണ ലഭിക്കുന്ന ഒരു കാര്യമായിരിക്കുമത്‌ എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. പതിനായിരക്കണക്കിനു പാവങ്ങളുടെ കണ്ണീരിനു പരിഹാരമാകുന്ന ഒരു പുണ്യകര്‍മം കൂടി ആയിരിക്കുമത്‌. അറബി കല്യാണത്തിന്റെ വിഷയത്തിലും വിവാഹ പ്രായത്തിന്റെ കാര്യത്തിലും സമുദായ നേതൃത്വത്തിനെതിരെ തിരിഞ്ഞ എല്ലാവര്‍ക്കും ഇത്തരം ഒരു നടപടിയെ അംഗീകരിക്കേണ്ടി വരികയും ചെയ്യും.
വിവാഹ പ്രായവുമായി ബന്ധപ്പെട്ട സാഹചര്യം നേരിടാന്‍ തയ്യാറായ സമസ്‌ത ഗൗരവമുള്ള ഇതര പൊതു പ്രശ്‌നങ്ങളിലും ഏകോപിച്ചു പ്രവര്‍ത്തിക്കാന്‍ മുന്‍കൈ എടുക്കണം. സമസ്‌തയോ മറ്റേതെങ്കിലും സംഘടനയോ മുന്‍കൈ എടുത്തു മുസ്‌ലിംസമുദായത്തിന്‌ ഒരു പൊതുവേദി രൂപീകരിക്കാന്‍ മുന്നോട്ടു വന്നാല്‍ അതുമായി എല്ലാവരും സഹകരിക്കണം.ഒരു കൂട്ടായ്‌മയ്‌ക്ക്‌ വേണ്ടി ഇപ്പോള്‍ മുന്നോട്ടു വെച്ച കാല്‍, സ്‌ത്രീധനം പോലുള്ള ഒരു പൊതു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ പിന്നോട്ടെടുത്താല്‍ അത്‌ നല്‍കുന്ന സന്ദേശം, ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച സുഹൃത്തിന്റെ ആക്ഷേപം ശരിവെക്കുക ആയിരിക്കും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: