ജിന്നുകളോടുള്ള സഹായതേട്ടം; ഭൗതികവും അഭൗതികവും

  • Posted by Sanveer Ittoli
  • at 9:21 AM -
  • 0 comments

ജിന്നുകളോടുള്ള സഹായതേട്ടം; ഭൗതികവും അഭൗതികവും



- നെല്ലുംപതിരും -

എ അബ്‌ദുസ്സലാം സുല്ലമി


``ഇവിടുത്തെ ഇപ്പോഴത്തെ വിഷയം അതല്ലല്ലോ. ലോകത്താരും ശിര്‍ക്കെന്നു പറയാത്ത ഒന്നിനെ ശിര്‍ക്കാക്കാനും ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിര്‍ക്കാക്കാനും ചിലര്‍ ശ്രമിച്ചതാണ്‌ പ്രശ്‌നം. ഈ ഉദ്ധരിക്കപ്പെട്ട ഫത്‌വയിലും ജിന്നിനോടുള്ള എല്ലാതരം- ഭൗതിക അഭൗതിക വ്യത്യാസമില്ലാത്ത- ചോദ്യവും ശിര്‍ക്കാണെന്നില്ല (അബ്‌ദുല്‍മാലിക്‌ സലഫി മൊറയൂര്‍, അല്‍ഇസ്വ്‌ലാഹ്‌ മാസിക -2013 ആഗസ്‌ത്‌, പേജ്‌ 44)
``ജിന്നുകളെ കുറിച്ചുള്ള അറിവ്‌ ഗൈ്വബിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്‌.'' (കെ കെ സകരിയ്യ സ്വലാഹി -ജിന്ന്‌, സിഹ്‌ര്‍, കണ്ണേറ്‌, റുഖ്‌യ ശറഇയ്യ: ഒരു പ്രാമാണിക പഠനം, പേജ്‌ 42).
ജിന്നുകളിലുള്ള വിശ്വാസം ഗൈ്വബിലുള്ള (അഭൗതികത്തിലുള്ള) വിശ്വാസമാണെന്ന്‌ ജിന്നുവാദികളുടെ നേതാവ്‌ തന്നെ ഇവിടെ എഴുതുന്നു.
അപ്പോള്‍ ജിന്ന്‌ ഗൈ്വബിയായ അല്ലാഹുവിന്റെ സൃഷ്‌ടിയാണെന്ന്‌ ഇവര്‍ സമ്മതിക്കേണ്ടി വരും. ജിന്ന്‌ ഭൗതിക സൃഷ്‌ടിയാണെങ്കില്‍ ജിന്നുകളെ കുറിച്ചുള്ള അറിവ്‌ എങ്ങനെയാണ്‌ ഗൈ്വബിലുള്ള വിശ്വാസത്തിന്റെ ഭാഗമാവുക? ജിന്നുകള്‍ ഭൗതിക സൃഷ്‌ടിയാണെങ്കില്‍ ജിന്നുകളെക്കുറിച്ചുള്ള അറിവും ഭൗതികമായിരിക്കും. ജിന്നുവാദികളുടെ ജല്‌പനപ്രകാരം ജിന്നുകള്‍ ഭൗതികവും അഭൗതികവുമായ സൃഷ്‌ടിയാണെങ്കില്‍ ജിന്നുകളെക്കുറിച്ചുള്ള അറിവും ഭൗതികവും അഭൗതികവുമായിരിക്കും. അപ്പോള്‍ ഈ അറിവ്‌ ഗൈ്വബിലുള്ള വിശ്വാസത്തിന്റെ ഭാഗമാവുകയില്ല.
ഈ ലോകത്തു ജീവിക്കുക, ജീവിക്കാതിരിക്കുക എന്നതല്ല ഭൗതികവും അഭൗതികവും തീരുമാനിക്കാനുള്ള അടിസ്ഥാനം എന്ന്‌ സകരിയ്യ സ്വലാഹി തന്നെ തുടര്‍ന്ന്‌ എഴുതുന്നതു കാണുക: ``അഥവാ ഖുര്‍ആനിലും ഹദീസിലും വന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ജിന്നുകള്‍ എന്ന ഒരു വിഭാഗം നമ്മോടൊപ്പം ഈ ലോകത്ത്‌ വസിക്കുന്നുണ്ടെന്നും അവരില്‍ പെട്ട നിഷേധികളാണ്‌ പിശാചുക്കള്‍ എന്നും മറ്റും നാം മനസ്സിലാക്കുന്നത്‌. അതല്ലാതെ നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ അത്യാധുനിക പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയോ കണ്ടെത്തിയതല്ല.'' (ജിന്ന്‌, സിഹ്‌റ്‌ ഒരു പ്രാമാണിക പഠനം, പേജ്‌ 42)
ജിന്നുവാദികളുടെ ശരീരത്തില്‍ പോലും അഭൗതിക സൃഷ്‌ടികളുണ്ട്‌. നന്മയും തിന്മയും രേഖപ്പെടുത്തുന്ന രണ്ടു മലക്കുകള്‍ അഭൗതിക സൃഷ്‌ടികളാണ്‌. രണ്ട്‌ ചുമലുകളില്‍ ഇരിക്കുന്നവരാണെങ്കിലും. സകരിയ്യ സ്വലാഹി തന്നെ ജിന്നുകള്‍ ഈ ലോകത്തു ജീവിക്കുന്നവരാണെങ്കിലും, അല്ലാഹുവിന്റെ ഗൈ്വബിയായ (അദൃശ്യമായ, അഭൗതികമായ) സൃഷ്‌ടിയാണെന്നും ഇവരെ മനസ്സിലാക്കാനുള്ള മാര്‍ഗം ഖുര്‍ആനും ഹദീസും മാത്രമാണെന്നും എഴുതുന്നു. അഥവാ വഹ്‌യ്‌ മാത്രമാണ്‌. ഇങ്ങനെയെങ്കില്‍ ഇവരോട്‌ ചിലത്‌ ചോദിക്കാനുണ്ട്‌.
1. ഗൈ്വബിയായ സൃഷ്‌ടികളോടുള്ള ചോദ്യം ഗൈ്വബിയായ നിലക്കുള്ള ചോദ്യമാണോ? അതല്ല ഭൗതികമായ നിലക്കുള്ളതോ?
2. ഗൈ്വബിയായ സൃഷ്‌ടികളോടുള്ള ചോദ്യത്തില്‍ ഭൗതികമായ ചോദ്യവും അഭൗതികമായ ചോദ്യവും വേര്‍തിരിക്കാനുള്ള മാനദണ്ഡം എന്താണ്‌?
3. കഴിവില്‍ പെട്ടതും കഴിവില്‍ പെടാത്തതുമാണെങ്കില്‍ ജിന്നുകളുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ഏതെല്ലാമാണ്‌?
4. ശബ്‌ദത്തിന്റെ പരിധിയില്‍ വരുന്നത്‌, പരിധിയില്‍ വരാത്തത്‌ എന്നതാണ്‌ മാനദണ്ഡമെന്ന്‌ ജബ്ബാര്‍ മൗലവി ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതിയതിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
5. ജിന്നുകളോടുള്ള ചോദ്യങ്ങളില്‍ ഭൗതികവും അഭൗതികവും ഉണ്ടാകുമെന്ന്‌ ഉദാഹരണ സഹിതം വിവരിക്കാമോ? `ജിന്നുകളേ, നിങ്ങള്‍ ഇന്നവന്‌ വസ്‌വാസ്‌ ഉണ്ടാക്കി അവനെ ദുര്‍മാര്‍ഗത്തില്‍ ചാടിക്കേണമേ?', `ജിന്നുകളേ, എനിക്ക്‌ വലിയ സൗധങ്ങള്‍, ജലസംഭരണികള്‍, പാചകം ചെയ്യാനുള്ള പാത്രങ്ങള്‍, പ്രതിമകള്‍ മുതലായവ ഉണ്ടാക്കിത്തരേണമേ' എന്നിങ്ങനെ ഒരാള്‍ സഹായം ചോദിച്ചാല്‍ ഇത്‌ ഭൗതികമാണോ അഭൗതികമാണോ? ശിര്‍ക്കാണോ ഹറാമാണോ?
6. ജിന്നുകളോട്‌ ഭൗതികകാര്യങ്ങള്‍ ചോദിക്കല്‍ ശിര്‍ക്കല്ല. അഭൗതിക കാര്യങ്ങള്‍ ചോദിക്കലാണ്‌ ശിര്‍ക്കെന്ന്‌ ഏത്‌ പൂര്‍വിക പണ്ഡിതനാണ്‌ തരംതിരിച്ച്‌ പറഞ്ഞത്‌?
7. `നിങ്ങള്‍ അവരോട്‌ വിളിച്ച്‌ സഹായം ചോദിച്ചാല്‍ അവര്‍ നിങ്ങളെ സഹായിക്കുകയില്ല. പരലോകത്തു നിങ്ങള്‍ ചെയ്‌ത ശിര്‍ക്കിനെ അവര്‍ എതിര്‍ക്കുന്നതുമാണെ'ന്ന്‌ ഖുര്‍ആനില്‍ പറഞ്ഞ ആയത്തിന്റെ പരിധിയില്‍ ജിന്നുകളെയും ഖുര്‍ആന്‍ വാഖ്യാതാക്കള്‍ ഉള്‍പ്പെടുത്തുന്നു. ഏതെങ്കിലും ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഏതെങ്കിലും പണ്ഡിതനോ വ്യാഖ്യാതാവോ ജിന്നുകളോട്‌ അഭൗതിക കാര്യങ്ങള്‍ മാത്രം ചോദിക്കലാണ്‌ ശിര്‍ക്കെന്നും ഭൗതികമായ കാര്യങ്ങള്‍ ചോദിക്കല്‍ ശിര്‍ക്കല്ലെന്നും ഇത്‌ ഈ ആയത്തിന്റെ പരിധിയില്‍ വരില്ലെന്നും എഴുതിയിട്ടുണ്ടോ?
8. ഒരു കപ്പല്‍ മനുഷ്യനിയന്ത്രണം വിട്ട്‌ അപകടത്തില്‍ പെടുമ്പോള്‍ ജിന്നുകളെ വിളിച്ച്‌ സഹായംചോദിച്ചാല്‍ അത്‌ ഭൗതികമായ നിലക്ക്‌ ജിന്നുകളോട്‌ സഹായം ചോദിക്കലാണോ? തൗഹീദാണോ? തൗഹീദിന്‌ എതിരാണോ?
9. മഴ ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ മനുഷ്യര്‍ ജിന്നുകളെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായതേട്ടം ഭൗതികമാണോ?
10. ഒരു സ്‌ത്രീ സുഖപ്രസവത്തിനു വേണ്ടി ജിന്നുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ അത്‌ ഭൗതികമാണോ?
11. മക്കാ മുശ്‌രിക്കുകള്‍ പോലും മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ ജിന്നുകളെ വിളിച്ച്‌ സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം ചോദിച്ചത്‌ തൗഹീദാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ജിന്നുകളെ വിളിച്ച്‌ അവര്‍ സഹായം തേടിയിരുന്നുവെങ്കില്‍ ഈ സഹായം ചോദിക്കല്‍ തൗഹീദിന്‌ എതിരാകുമോ?
12. മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ ജിന്നുകളെ വിളിച്ച്‌ ഭൗതിക നിലക്ക്‌ സഹായം ചോദിക്കുന്നതിന്റെ രീതി ഉദാഹരണത്തിലൂടെ വിവരിക്കാമോ?
13. രാത്രിയുടെ ഇരുട്ടില്‍ അകപ്പെട്ട മനുഷ്യന്‍ വെളിച്ചം ലഭിക്കാന്‍ ജിന്നുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ ഭൗതികമാണോ? എന്തുകൊണ്ട്‌ ഭൗതികമായി? ഈ സന്ദര്‍ഭത്തില്‍ അഭൗതികമായ നിലക്ക്‌ ജിന്നുകളെ വിളിച്ച്‌ സഹായം ചോദിക്കല്‍ എപ്പോഴാണ്‌ ആയിത്തീരുക? ഇലാഹ്‌ ആക്കിയാലാണോ?
14. വഴിയറിയാതെ ബുദ്ധിമുട്ടുന്ന ഒരാള്‍ വഴിയറിയാന്‍ ജിന്നുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ അത്‌ ഭൗതികമായ നിലക്ക്‌ സഹായം ചോദിക്കലാണോ? ജീവിച്ചിരിക്കുന്ന- തന്റെ ശബ്‌ദം കേള്‍ക്കുന്ന -ഒരു മനുഷ്യനോടു സഹായം ചോദിക്കുന്നതു പോലെ തന്നെയാണോ ഈ സഹായം ചോദിക്കലും? എന്താണ്‌ വ്യത്യാസം?
15. ജീവിച്ചിരിക്കുന്ന മനുഷ്യനോട്‌ സഹായം ചോദിച്ചാല്‍ അതു ശിര്‍ക്കാകാനുള്ള വ്യവസ്ഥകള്‍ തന്നെയാണോ ജിന്നുകളോട്‌ സഹായം ചോദിച്ചാല്‍ അതു ശിര്‍ക്കാകാനുള്ള വ്യവസ്ഥയും? വല്ല വ്യത്യാസവും ഉണ്ടോ?
16. മക്കയില്‍ മര്‍ദനത്തിന്‌ വിധേയനായ മുസ്‌ലിംകള്‍ മദീനയില്‍ ജീവിച്ചിരിക്കുന്ന നബി(സ)യെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഇതില്‍ ശിര്‍ക്കല്ലാത്ത സഹായം ചോദിക്കല്‍ വല്ലതുമുണ്ടോ?
17. സ്വഹാബികള്‍ ഭൗതികമായ നിലക്ക്‌ ജിന്നുകളോട്‌ സഹായം ചോദിച്ചതിന്‌ വല്ല ഉദാഹരണവുമുണ്ടോ? ജീവിച്ചിരിക്കുന്ന വിഗ്രഹാരാധകരോട്‌ സഹായം ചോദിച്ചതിന്‌ മാതൃകയുണ്ടോ? ഉണ്ട്‌ എന്നാണ്‌ മറുപടിയെങ്കില്‍ എന്തുകൊണ്ട്‌ ജിന്നുകളോട്‌ ചോദിച്ചതിന്‌ മാതൃകയുണ്ടായില്ല.
ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിര്‍ക്കാക്കാന്‍ ചിലര്‍ ശ്രമിച്ചതാണ്‌ പ്രശ്‌നമെന്ന്‌ അബ്‌ദുല്‍മാലിക്‌ സലഫി മൊറയൂര്‍ എഴുതുന്നു. ജിന്നിനോടുള്ള ഏതെല്ലാം ചോദ്യമാണ്‌ ശിര്‍ക്കല്ലാത്തത്‌? ഏതെല്ലാം ചോദ്യമാണ്‌ ശിര്‍ക്കാവുന്നത്‌? ഇതു വിവരിക്കേണ്ടബാധ്യത ഇവര്‍ക്കുണ്ട്‌. ശിര്‍ക്കല്ലാത്തതിന്റെ മതിവിധി എന്താണ്‌? ഹറാമാണോ അതല്ല അനുവദീയമാണോ? സുന്നത്താണോ? നിര്‍ബന്ധമാണോ? ഇതില്‍ ഏത്‌ വിധി പറഞ്ഞാലും ആ വിധിയെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ ഹദീസ്‌ കൊണ്ടും തെളിയിക്കുകയും വേണം. പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പ്‌ ഏതെല്ലാം മുജാഹിദ്‌ പണ്ഡിതന്മാരാണ്‌ ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിര്‍ക്കല്ലെന്ന്‌ പറഞ്ഞിരുന്നത്‌? മുജാഹിദിന്റെ ഔദ്യോഗക സാഹിത്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടോ? അല്‍മനാര്‍ മാസികയുടെ ഏതെങ്കിലും ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ജിന്നിനോടുള്ള എല്ലാ ചോദ്യവും ശിര്‍ക്കാണെന്ന്‌ പറഞ്ഞതാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഉണ്ടായ പ്രശ്‌നത്തിന്റെ കാരണമെന്ന്‌ എല്ലാ സദസ്സുകളിലും തുറന്നു പ്രഖ്യാപിച്ച്‌ ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ഇവരോട്‌ അപേക്ഷിക്കുന്നു!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: