ഹജ്ജ് ഓര്‍മപ്പെടുത്തുന്ന മഹിളാരത്‌നങ്ങള്‍
ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ എന്നിവ ഹജ്ജിന്റെ മാസങ്ങളാണ്. തീര്‍ഥാടകര്‍ ഹജ്ജിന്നും ഉംറക്കുമായി പുണ്യഗേഹമായ കഅബയെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന കാലമാണിത്. വര്‍ഷത്തിലൊരിക്കല്‍ മക്കയില്‍ നടക്കുന്ന ലോകമുസ്‌ലിംകളുടെ സമ്മേളനത്തില്‍ പങ്കു ചേരുന്നതിനും പാപപങ്കിലതയില്‍ നിന്ന് മോചനം തേടുന്നതിനും വിശ്വാസികള്‍ ഇപ്പോള്‍ മക്കയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ മനസ്സും വപുസ്സും ഏക വിചാരത്തോടും വികാരത്തോടും ഒരേ സ്ഥലത്തും കാലത്തും ഒത്തുചേര്‍ന്നാല്‍, അവിടെ അല്ലാഹുവിന്റെ കൃപയും പാപമോചനവും ഉണ്ടാവുമെന്നതില്‍ സംശയമില്ല.
സ്വര്‍ഗപ്രാപ്‌തിക്ക് സഹായകമാണ് ഹജ്ജ് കര്‍മം. നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ പറയുന്നു: ``മ്ലേച്ഛ വൃത്തികളും അനാവശ്യ കാര്യങ്ങളും ചെയ്യാതെ ഹജ്ജ് നിര്‍വഹിച്ചു തിരിച്ചു വരുന്നവന്‍, മാതാവ് അവനെ പ്രസവിച്ചപ്പോഴുണ്ടായിരുന്ന നിര്‍മലാവസ്ഥയിലാണ് തിരിച്ചുവരുന്നത്.'' (ബുഖാരി). പുരുഷനായാലും സ്‌ത്രീയായാലും ആയുഷ്‌ക്കാലത്ത് ഒരു പ്രാവശ്യം മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. കഴിവുണ്ടായാലും കൊല്ലം തോറും ഹജ്ജ് ചെയ്യേണ്ടതില്ല എന്നര്‍ഥം.
ശാരീരികവും സാമ്പത്തികവുമായ കഴിവാണ്, ഹജ്ജ് നിര്‍ബന്ധമാക്കുന്ന ഉപാധികള്‍. സ്‌ത്രീയാണെങ്കില്‍ ഇതിന് പുറമെ, ഒരു മഹ്‌റം കൂടി വേണം.
ഭര്‍ത്താവോ സഹോദരനോ വിവാഹം നിഷിദ്ധമായ മറ്റേതെങ്കിലും ബന്ധുവോ കൂടെ ഇല്ലാതെ സ്‌ത്രീ തനിച്ച് ഹജ്ജിന്ന് പോകാന്‍ പാടില്ല. യാത്രയില്‍ സ്‌ത്രീയുടെ സമ്പൂര്‍ണ സുരക്ഷിതത്വം ഹജ്ജിന്റെ പ്രധാന ഉപാധിയായി വെച്ചും. അതില്ലെങ്കില്‍ അവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാവുകയില്ല എന്നാണ് നിയമം അനുശാസിക്കുന്നത്. യാത്രാവേളകളില്‍, പലതരം പ്രയാസങ്ങളും ദുരിതങ്ങളും നേരിടുക സ്വാഭാവികമത്രെ. അസുഖങ്ങളും അപകടങ്ങളും വരാനുള്ള സാധ്യതകളും തള്ളിക്കയാവുന്നതല്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്‌തീക്ക് ഒരു സഹായി ഇല്ലെങ്കിലുള്ള വിഷമം ഊഹിക്കാവുന്നതേയുള്ളൂ. ഇതാണ് സുരക്ഷിതമല്ലാത്ത യാത്രക്ക് സ്‌ത്രീക്ക് ഇസ്‌ലാം അനുവാദം നല്‌കാത്തതിന്റെ കാരണം.
കാലങ്ങളായി ചെയ്‌തുകൂട്ടിയ പാപക്കറകള്‍ കഴുകിക്കളയുന്ന ഇബാദത്താണ് ഹജ്ജ്. ഒരിക്കല്‍ ആഇശ(റ) നബി(സ)യോട് ചോദിച്ചു: ``സ്‌ത്രീകള്‍ക്ക് ജിഹാദ് നിര്‍ബന്ധമുണ്ടോ?'' അവിടുന്ന് മറുപടി പറഞ്ഞു: ``അവര്‍ക്ക് സമരമില്ലാത്ത ജിഹാദ് നിര്‍ബന്ധമാണ്- ഹജ്ജും, ഉംറയും'' -സ്‌ത്രീകളുടെ ഹജ്ജിന്റെ മഹത്വമാണിത് കാണിക്കുന്നത്.
വര്‍ഷംതോറും ഹജ്ജില്‍ സ്‌ത്രീ സാന്നിധ്യം അമ്പരപ്പിക്കും വിധം വര്‍ധിച്ചു വരികയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഹജ്ജിനെത്തുന്ന തീര്‍ഥാടകരില്‍, നല്ലൊരു വിഭാഗം വനിതകളാണെന്ന് കാണാം. സ്‌ത്രീ ബാഹുല്യം കാരണം ത്വവാഫ് സമയം ക്ലിപ്‌തപ്പെടുത്താനും, പള്ളിയിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാനും സുഊദി ഗവണ്‍മെന്റ് ഗൗരവപൂര്‍വം ഇപ്പോള്‍ ആലോചിച്ചു വരികയാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും സ്‌ത്രീകളുടെ തള്ളിക്കയറ്റം ഇത്ര ശക്തമായിരുന്നില്ല.
ലോകനേതാവും തൗഹീദിന്റെ അമരക്കാരനുമായ ഇബ്‌റാഹീം(അ)യുടെ സ്‌മരണ പുതുക്കുന്ന കര്‍മമാണ് ഹജ്ജ്. ആ ജീവിതത്തിലെ പാദമുദ്രകള്‍ ഒന്നൊഴിയാതെ പിന്‍തുടരാന്‍ ഹജ്ജ് വിശ്വാസിക്ക് പ്രേരണ നല്‌കുന്നു.
ഇബ്‌റാഹീം നബി(അ)യുടെ ത്യാഗസുരഭിലമായ ചരിത്രത്തോടൊപ്പം, പ്രതിസന്ധികളില്‍ അദ്ദേഹത്തിന്ന് കരുത്തും, ശക്തിയും നല്‌കിയ, അദ്ദേഹത്തിന്റെ പ്രിയപത്‌നി ഹാജറാബീവിയുടെ സജീവ സാന്നിധ്യവും എല്ലാ തീര്‍ഥാടകരെയും പുളകം കൊള്ളിക്കുന്ന ഒന്നത്രെ.
വിജനമായ മക്കാ താഴ്‌വരയില്‍, തന്നെയും കൈക്കുഞ്ഞായ ഇസ്‌മാഈലിനെയും ഒറ്റക്ക് പാര്‍പ്പിച്ചു, മതപ്രബോധനത്തിന്നായി ഇബ്‌റാഹീം നബി(അ) സ്‌ഥലം വിട്ടപ്പോള്‍, എനിക്കും എന്റെ കുഞ്ഞിനും ഭക്ഷണമെവിടെ? വെള്ളമെവിടെ എന്നൊന്നും ചോദിക്കാന്‍ ഹാജറ പോയില്ല. ഇല്ലായ്‌മയും, വല്ലായ്‌മയും പറഞ്ഞു ഇബ്‌റാഹി(അ)മിന്റെ മനസ്സ് നോവിക്കാനും ഹാജറ ശ്രമിച്ചില്ല. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുക മാത്രം ചെയ്‌തു. ദീനിനോടുള്ള സ്‌നേഹവും ഭര്‍ത്താവിനോടുള്ള കടപ്പാടുമാണിവിടെ നാം കാണുന്നത്. ഹാജറാബീവിയുടെ ത്യാഗസന്നദ്ധതയും, അര്‍പ്പണബോധവും എത്ര മഹത്തരം!
കാരുണ്യവാനായ അല്ലാഹു ഹാജറാബീവിയെയും കുഞ്ഞിനെയും വേണ്ട വിധം സഹായിച്ചു. ഇസ്‌മാഈലിന്റെ കാലിട്ടടിക്കുന്ന ഭാഗത്തുനിന്ന്, വെള്ളം പൊട്ടിയൊലിച്ചു. അതാണ് `സംസം ജലം'. ഇന്ന് തീര്‍ഥാടകര്‍ക്ക് പുറമെ ലക്ഷക്കണക്കില്‍, ജനങ്ങള്‍ സംസം തീര്‍ഥജലം കുടിക്കുന്നുണ്ട്. ഈ ജലം ലഭ്യമല്ലാത്ത ഒരു മുക്ക്‌മൂലയുമില്ല, ലോകത്ത്. ഇത് പാനം ചെയ്യുമ്പോള്‍, ഈ ജലത്തിന്റെ ഉല്‍ഭവക്കാരിയായ ഹാജറാ ബീവിയുടെ മാതൃക ഓരോ തീര്‍ഥാടകന്റെയും മനസ്സില്‍ ഒരിക്കലും മായാത്ത ചിത്രമായിത്തീരും.
സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴ് തവണ, വേഗത്തില്‍ നടക്കേണ്ടത്, ഹജ്ജിന്റെ പ്രധാന കര്‍മങ്ങളില്‍ ഒന്നാണ്. ഇതിന് `സഅ്‌യ്' എന്നാണ് പേര്. ഹാജറാബീവി, വെള്ളത്തിനായി പരിഭ്രാന്തിയോടെ ഓടിയതിന്റെ ഓര്‍മ പുതുക്കലാണിത്. ഇങ്ങനെ ഓടുമ്പോള്‍, നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഹാജറാബീവി കാണിച്ച മഹത്തായ ത്യാഗത്തിന്റെ ഓര്‍മ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ ഉയര്‍ന്നുവരാതിരിക്കില്ല.
മക്കയില്‍ എത്തുന്നവര്‍ മഹിളകള്‍ക്ക് മാതൃകയായ ഖദീജാ ബീവിയെ ഓര്‍ക്കാതിരിക്കില്ല. ഹിറാ ഗുഹ സന്ദര്‍ശിക്കുമ്പോള്‍ ആ മഹതിയുടെ പ്രവാചകസ്‌നേഹവും ദീനിനു വേണ്ടി അവര്‍ അര്‍പ്പിച്ച ത്യാഗവും ഓര്‍ക്കാതിരിക്കുക സാധ്യമല്ല. നുബുവ്വത്തിന് മുമ്പ്, നബി(സ) ഹിറാ ഗുഹയില്‍, ധ്യാനനിരതനായി കഴിയുന്ന കാലത്ത്, ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തത് ഖദീജാ ബീവിയായിരുന്നു.
പനി പിടിച്ച നബി(സ)യെ ശുശ്രൂഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തത് ഖദീജാ ബീവി തന്നെയായിരുന്നു. വിജയകരമായ ദാമ്പത്യജീവിതത്തിന്റെ മാതൃകകളാണിവ. ഹജ്ജ് ഫലപ്രദമാക്കാന്‍, ഓരോ യാത്രക്കാരനും പുണ്യദേശത്തിന്റെ ചരിത്രമറിയുന്നത് ഗുണകരമാണ്.
പുണ്യതീര്‍ഥാടന കേന്ദ്രങ്ങളില്‍ അടുപ്പിക്കാനേ പറ്റാത്ത അസ്‌തിത്വമാണ്, സ്‌ത്രീയുടേതെന്ന്, പല മതങ്ങളും കൊട്ടിഘോഷിക്കുകയും സ്‌ത്രീയെ പടിക്കുപുറത്ത് നിര്‍ത്തുകയും ചെയ്യുന്ന ഇക്കാലത്ത് ഇസ്‌ലാം അതിന്റെ തീര്‍ഥാടനകേന്ദ്രങ്ങളില്‍ സ്‌ത്രീക്ക് പുരുഷന്റെ അതേ സ്ഥാനവും, പദവിയും നല്‌കി ആദരിക്കുകയാണ് ചെയ്യുന്നത്. സ്‌ത്രീയെ അവഗണിക്കുയും, അവഹേളിക്കുകയും ചെയ്യുന്നമതമാണിസ്‌ലാമെന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ക്ക് ഹജ്ജിലെ സ്‌ത്രീ സാന്നിധ്യം നല്ല മറുപടിയത്രെ.
ദുൽഹിജ്ജ ഓർമപ്പെടുത്തുന്നത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
മറുപടിഇല്ലാതാക്കൂ