ത്യാഗത്തിന്റെ സ്‌മരണ ഉണര്‍ത്തുന്ന ബലികര്‍മം

  • Posted by Sanveer Ittoli
  • at 12:06 AM -
  • 0 comments

ത്യാഗത്തിന്റെ സ്‌മരണ ഉണര്‍ത്തുന്ന ബലികര്‍മം


- പെരുന്നാള്‍ -

എം ഐ മുഹമ്മദലി സുല്ലമി


സത്യവിശ്വാസികളുടെ അന്തരാളങ്ങളില്‍ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും ദൈവാര്‍പ്പണത്തിന്റെയും ഊഷ്‌മള വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ ബലിപെരുന്നാള്‍ കടന്നുവരികയായി. ദൈവിക പ്രീതി കാംക്ഷിച്ചു നടത്തപ്പെടുന്ന ബലികര്‍മം `ഈദുല്‍ അദ്‌ഹ'യുടെ സവിശേഷത തന്നെയാണ്‌. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഹജ്ജിനായി മക്കയില്‍ എത്തിച്ചേര്‍ന്ന ഹാജിമാര്‍ ഈദിന്റെ നാളുകളില്‍ `മിനാ' താഴ്‌വരയില്‍ ബലിനടത്തുന്നു. ഹജ്ജിനു പോകാത്തവരാകട്ടെ തങ്ങള്‍ നിവസിക്കുന്ന പ്രദേശങ്ങളില്‍ ബലിനടത്തുന്നു.
ഹജ്ജിന്റെ പ്രാധാന്യവും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ ബലികര്‍മത്തെ ഹജ്ജിന്റെ സുപ്രധാന കര്‍മങ്ങളിലൊന്നായി പരിചയപ്പെടുത്തുന്നത്‌ കാണാവുന്നതാണ്‌. ``അവര്‍ക്ക്‌ ഉപകാരപ്രദമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാവാനും അല്ലാഹു അവര്‍ക്ക്‌ നല്‌കിയിട്ടുള്ള കന്നുകാലികളെ നിശ്ചിത ദിവസങ്ങളില്‍ ബലി നടത്താനും വേണ്ടിയാണത്‌. അതില്‍ നിന്ന്‌ ഭക്ഷിക്കുകയും കഷ്‌ടപ്പാട്‌ അനുഭവിക്കുന്ന ദരിദ്രര്‍ക്ക്‌ ഭക്ഷിക്കാന്‍ നല്‌കുകയും ചെയ്യുക.'' (22:28)
``അവയില്‍ നിശ്ചിതമായ അവധിവരെ നിങ്ങള്‍ക്ക്‌ പ്രയോജനങ്ങളുണ്ട്‌. പിന്നീട്‌ അവയെ ആ പുരാതന ഭവനത്തിങ്കല്‍ ബലിയര്‍പ്പിക്കുക.'' (22:33)
``ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ ദൈവിക ചിഹ്നങ്ങളില്‍ പെട്ടവയാക്കിയിരിക്കുന്നു. അവയില്‍ നിങ്ങള്‍ക്ക്‌ നന്മയുണ്ട്‌. അവയെ വരിവരിയായി നിര്‍ത്തി നിങ്ങള്‍ അവയെ ദൈവിക നാമം ഉച്ചരിച്ചുകൊണ്ട്‌ ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണു കഴിഞ്ഞാല്‍ നിങ്ങള്‍ അവയുടെ മാംസം സാധുക്കള്‍ക്കും ആവശ്യപ്പെട്ടുവരുന്നവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.''(22:36). ഉപര്യുക്ത വചനങ്ങളെല്ലാം ബലികര്‍മത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഹജ്ജിനു പോകുന്ന പലരും ബലികര്‍മത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ തന്ത്രങ്ങള്‍ മെനയുന്നതായി കാണാം.
ഹാജിമാരല്ലാത്തവരും ബലികര്‍മം നടത്തേണ്ടതുണ്ട്‌. നബി(സ) ബലിപെരുന്നാളുകളിലെല്ലാം ആടിനെ അറുക്കാറുണ്ടായിരുന്നു. കേടുപാടുകളും ന്യൂനതകളുമില്ലാത്തവയെ ബലിയറുപ്പിക്കാന്‍ അദ്ദേഹം തന്റെ അനുചരരെ ഉപദേശിക്കുകയും ചെയ്‌തിരുന്നു.
മറ്റെല്ലാ പുണ്യകര്‍മങ്ങളെയും പോലെ `ബലി'യുടെയും പ്രധാന ലക്ഷ്യം മനുഷ്യരില്‍ ദൈവ ഭക്തി ഊട്ടിയുറപ്പിക്കലാണ്‌. അല്ലാഹുവിന്റെ ആജ്ഞ സ്വീകരിക്കാന്‍ തക്ക വണ്ണം മനുഷ്യ മനസ്സുകളെ ദൈവഭക്തി (തഖ്‌വ) പാകപ്പെടുത്തുന്നു. ലോകത്തിന്റെ നാനാഭാഗത്തും ഏതാണ്ടെല്ലാ കാലത്തും ജീവിച്ചിരുന്ന ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്കും പുണ്യപുരുഷന്മാര്‍ക്കും വേണ്ടി ബലി നടത്താറുണ്ടായിരുന്നു. മിക്കപ്പോഴും തങ്ങള്‍ ബലികഴിച്ചിരുന്ന ജന്തുക്കളുടെ മാംസ-രക്തങ്ങളില്‍ നിന്നൊരു ഭാഗം അവര്‍ തങ്ങളുടെ ആരാധ്യര്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. മക്കയിലെ ബഹുദൈവാരാധകരും ഇതില്‍ നിന്ന്‌ ഭിന്നരായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്‌ നടത്തുന്ന ബലി ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌.
``അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല. എന്നാല്‍ നിങ്ങളുടെ `തഖ്‌വ' (ഭക്തി) അവങ്കല്‍ എത്തിച്ചേരുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കാനായി അല്ലാഹു നിങ്ങള്‍ക്ക്‌ അതിനെ (ബലിമൃഗത്തെ) കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു.''(വി.ഖു 22:37)


ബലികര്‍മവും ഏകദൈവ വിശ്വാസവും


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിവസിച്ചിരുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ദൈവിക നാമം ഉച്ചരിച്ചു ബലി നടത്താനുള്ള നിര്‍ദേശം അല്ലാഹു നല്‌കിയിരുന്നു. ``ഓരോ സമുദായത്തിനും നാം ഓരോ ആരാധനാ കര്‍മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ള കന്നുകളില്‍ നിന്ന്‌ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അവന്‌ നിങ്ങള്‍ കീഴ്‌പ്പെടുക. വിനീതര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക.'' (വി.ഖു 22:34)
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഒരാള്‍ ബലിയറുക്കുന്നത്‌ അല്ലാഹുവിനുള്ള ആരാധനയാണ്‌. അല്ലാഹുവേതരുടെ പ്രീതി കാംക്ഷിക്കുമ്പോള്‍ സ്വാഭാവികമായും അത്‌ അവര്‍ക്കുള്ള ആരാധനയായി. തന്മൂലം അത്‌ അല്ലാഹുവില്‍ പങ്കുചേര്‍ക്കലും മഹാപാപവുമായിത്തീരുന്നു. പല കാരണങ്ങളും ലക്ഷ്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അറേബ്യയിലെ ബഹുദൈവ വിശ്വാസികള്‍ ഒട്ടകങ്ങളെയും ആടുകളെയും അല്ലാഹുവേതരര്‍ക്ക്‌ നേര്‍ച്ചയാക്കുകയും ബലിനടത്തുകയും ചെയ്യാറുണ്ടായിരുന്നു. അവരുടെ സമ്പ്രദായങ്ങളെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നതു കാണുക.
``ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം തുടങ്ങിയ നേര്‍ച്ച മൃഗങ്ങളൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്റെ മേല്‍ കളവ്‌ കെട്ടിച്ചമയ്‌ക്കുകയാണ്‌. അവരില്‍ മിക്കവരും ചിന്തിക്കുന്നില്ല.'' (വി.ഖു 5:103)
``അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു'' (മുസ്‌ലിം) എന്ന നബിവചനം ശ്രദ്ധേയമാണ്‌. ഇമാം അഹ്‌മദ്‌ ഉദ്ധരിക്കുന്ന ഒരു ഹദീസ്‌ ഇപ്രകാരമാണ്‌: ത്വാരിഖ്‌ ബിന്‍ ശിഹാബില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ഒരു ഈച്ച കാരണമായി ഒരാള്‍ സ്വര്‍ഗത്തിലും മറ്റൊരാള്‍ നരകത്തില്‍ പ്രവേശിച്ചു. അതെങ്ങനെ സംഭവിച്ചു എന്നന്വേഷിച്ച സ്വഹാബികളോട്‌ അവിടുന്ന്‌ പറഞ്ഞു: വിഗ്രഹാരാധകരായ ഒരു ജനതയുടെ പ്രതിഷ്‌ഠക്കു സമീപത്തു കൂടി രണ്ടുപേര്‍ സഞ്ചരിച്ചു. അവരില്‍ ഒരാളോട്‌ എന്തെങ്കിലും ഒന്ന്‌ ബലിയര്‍പ്പിച്ചു പോകുക എന്ന്‌ അവര്‍ പറഞ്ഞു. എന്റെ വശം ഒന്നും തന്നെയില്ല. എന്നയാള്‍ പ്രതിവചിച്ചു. ഒരു ഈച്ചയെ എങ്കിലും ബലിയര്‍പ്പിക്കൂ എന്ന്‌ അവര്‍ നിര്‍ദേശിച്ചു. അയാള്‍ അപ്രകാരം ചെയ്‌തപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ടയച്ചു. അയാള്‍ നരകാവകാശിയായി. പിന്നീട്‌ ഒരാള്‍ വന്നു. അവനോടും ബലിയറുപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും ഞാന്‍ ബലിനടത്തുകയില്ലെന്ന്‌ പ്രതിവചിച്ച അദ്ദേഹത്തെ അവര്‍ വധിച്ചു. തത്‌ഫലമായി അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. (അഹ്‌മദ്‌)


ത്യാഗത്തിന്റെ ഓര്‍മ


ഇബ്‌റാഹീം(അ) വയോവൃദ്ധനായി. എനിക്ക്‌ ഒരു സദ്‌വൃത്തനായ സന്തതിയെ നല്‌കണമെന്ന്‌ അദ്ദേഹം തന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിച്ചു. തന്റെ പ്രിയ സ്‌നേഹിതന്റെ (ഖലീലിന്റെ) വിളിക്ക്‌ കരുണാനിധിയായ നാഥന്‍ ഉത്തരം നല്‌കി. അദ്ദേഹത്തിന്‌ ഇസ്‌മാഈല്‍(അ) എന്ന ഓമന മകന്‍ പിറന്നു. ആ കുഞ്ഞ്‌ ഇബ്‌റാഹീം (അ)യുടെ കരളിന്റെ കനിയായി വളരാന്‍ തുടങ്ങി. സ്‌നേഹവും ലാളനയും ആ പിതാവിന്റെ ഹൃദയത്തില്‍ തളിരിട്ടു. പുത്രവാത്സല്യം രക്ഷിതാവിനോടുള്ള സ്‌നേഹത്തേക്കാള്‍ കൂടുതലാകാവതല്ല. നാഥന്‍ അദ്ദേഹത്തെ പരീക്ഷിച്ചു. മകനെയും അവന്റെ മാതാവിനെയും ജനവാസമില്ലാത്ത മക്കയില്‍ വിട്ടേച്ചു പോരാന്‍ അല്ലാഹു അദ്ദേഹത്തോട്‌ കല്‌പിച്ചു.
ലോകരക്ഷിതാവിന്റെ കല്‌പനക്കു മുമ്പില്‍ ഇബ്‌റാഹീം (അ) വിനയാന്വിതനായി. തന്റെ ഓമന മകനെയും സഹധര്‍മിണിയെയും മക്കയില്‍ ഉപേക്ഷിച്ചു ഇബ്‌റാഹീം ഫലസ്‌തീനിലേക്ക്‌ തിരിച്ചു. മകനെ പിരിഞ്ഞതിലുള്ള വിരഹദു:ഖം ആ പിതൃ ഹൃദയത്തെ അഹോരാത്രം അലട്ടിയിട്ടുണ്ടാകും. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അവരുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഏതുമില്ല. മകന്റെയും അവന്റെ മാതാവിന്റെയും വിവരങ്ങള്‍ അറിഞ്ഞുകൂടാ... അല്ലാഹുവിന്റെ കരുണാകടാക്ഷം മാത്രം അവലംബം.
വര്‍ഷങ്ങള്‍ കഴിഞ്ഞു. തന്റെ രക്ഷിതാവിന്റെ അനുവാദം ലഭിച്ചു. ഇബ്‌റാഹീം മക്കയിലേക്ക്‌ കുതിച്ചു. തന്റെ ഓമന പുത്രനെ കണ്ട ആ നയനങ്ങളില്‍ ആനന്ദത്തിരകള്‍ അലയടിച്ചിട്ടുണ്ടാവും. കുട്ടിയുമായി ഇബ്‌റാഹീം വീണ്ടും വീണ്ടും അടുത്തു. തന്റെ മാതാവില്‍ നിന്നുതന്നെ വിശ്വാസത്തിന്റെ ചൈതന്യം ഏറ്റുവാങ്ങിയിരുന്ന ആ കുട്ടി ഇബ്‌റാഹീം (അ) അവിടെ എത്തുന്നതിനു മുമ്പുതന്നെ തന്റെ പിതാവ്‌ പരമ കാരുണികന്റെ സ്‌നേഹിതനാണെന്ന്‌ ഗ്രഹിക്കാതിരിക്കില്ല. ദൈവിക വിശ്വാസത്തിലും പാരത്രികമോക്ഷത്തിലും ദൃഢമായ മൂന്ന്‌ ഹൃദയങ്ങള്‍ ആ മലഞ്ചെരുവുകളില്‍ ആഹ്ലാദ ചിത്തരായി. പിതാവിന്റെ കൂടെ ആ മകന്‍ പരിശുദ്ധ ഭൂമിയില്‍ പ്രവര്‍ത്തനരംഗത്തിറങ്ങി. അപ്പോഴതാ നാഥന്റെ അടുത്ത പരീക്ഷയുടെ മണിനാദം മുഴങ്ങുന്നു.
``ആ ബാലന്‍ തന്റെ കൂടെ യത്‌നിക്കാനുള്ള പ്രായമായപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, നിന്നെ ബലി നടത്തുന്നതായി എനിക്ക്‌ സ്വപ്‌നദര്‍ശനമുണ്ടായിരിക്കുന്നു. നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? എന്റെ പിതാവേ, നിങ്ങളോട്‌ ആജ്ഞാപിക്കപ്പെട്ടത്‌ നിര്‍വഹിക്കുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ക്ക്‌ എന്നെ കാണാം.'' (വി.ഖു 37:102)
വാര്‍ധക്യത്തില്‍ കണ്‍കുളിര്‍മയേകിയ മക ന്‍, ആദര്‍ശ പ്രവര്‍ത്തനരംഗത്ത്‌ തന്റെ തുണയായ മകന്‍ - സ്വകരങ്ങളാല്‍ ബലി നല്‍കപ്പെടണം. ആ പിതാവിന്റെ ഹൃദയം എത്ര തുടിച്ചിട്ടുണ്ടാകും. അവരൊന്നിച്ച്‌ നടക്കാനാരംഭിച്ചു. മേലില്‍ തന്റെ കൂടെ ഓമനപുത്രനുണ്ടാവില്ല. പിശാച്‌ ആ പിതാവിനെയും മകനെയും ദൈവികാജ്ഞയില്‍ നിന്ന്‌ പിന്തിരിയാന്‍ യത്‌നിച്ചു. പക്ഷെ, അവര്‍ തങ്ങളുടെ മാനുഷിക വികാരങ്ങളെയും പൈശാചിക പ്രേരണകളെയും അതിജീവിച്ചു അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിതമായി.
``അങ്ങനെ അവര്‍ രണ്ടുപേരും ദൈവിക കല്‌പനക്ക്‌ കീഴ്‌പ്പെട്ടു. അവനെ ബലിയറുക്കാന്‍ വേണ്ടി ചരിച്ചു കിടത്തുകയും ചെയ്‌തു. അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു. ഇബ്‌റാഹീം താങ്കള്‍ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‌കുന്നതാണ്‌. തീര്‍ച്ചയായും ഇത്‌ വ്യക്തമായ ഒരു പരീക്ഷണം തന്നെയാണ്‌. അദ്ദേഹത്തിന്‌ ബലിയര്‍പ്പിക്കാനായി വലിയ ഒരു മൃഗത്തെ നാം നല്‌കുകയും ചെയ്‌തു.'' (വി.ഖു 37:107)
തന്റെ ഏതു പ്രിയപ്പെട്ടതിനെയും രക്ഷിതാവിന്റെ പ്രീതിക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍ ഇബ്‌റാഹീം(അ) തയ്യാറായി. സഹസ്രാബ്‌ദങ്ങള്‍ക്ക്‌ ശേഷം നാം ബലിമൃഗത്തെ അറുക്കുമ്പോള്‍ ആ മഹത്തായ ഓര്‍മകള്‍ നമ്മുടെ മനോദര്‍പ്പണത്തില്‍ തെളിയുന്നു. `ബലികര്‍മം' കേവലം ഒരാചാരമല്ല. അത്‌ ത്യാഗത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും നറുമണമുള്ള ഒരാരാധനയാണ്‌. ജീവിതത്തെ മുഴുവനും സംശുദ്ധീകരിക്കാനുള്ള `തഖ്‌വ'യാണ്‌ അതില്‍ നിന്ന്‌ നിര്‍ഗളിക്കേണ്ടത്‌. നമുക്ക്‌ അത്‌ ഉണ്ടാവുന്നുണ്ടോ എന്ന്‌ സ്വയം വിലയിരുത്തേണ്ടതാണ്‌.


ബലിയും ദാനധര്‍മങ്ങളും


സകാത്തും ഫിത്വ്‌ര്‍ സകാത്തും അതോടൊപ്പം ബലികര്‍മവും ദാനധര്‍മങ്ങളുടെ ഒരു സംസ്‌കാരം നമ്മില്‍ വളര്‍ത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ ബലിയെ പരാമര്‍ശിച്ചപ്പോള്‍ അതില്‍ നിന്ന്‌ സ്വയം ഭക്ഷിക്കാനും ദരിദ്രര്‍ക്കും കഷ്‌ടപ്പെടുന്നവര്‍ക്കും നല്‌കാനും നമ്മോട്‌ ആജ്ഞാപിക്കുന്നു. സഹാനുഭൂതിയുടെയും, സ്‌നേഹത്തിന്റെയും, ഔദാര്യത്തിന്റെയും പ്രതീകങ്ങളായി മുസ്‌ലിംകള്‍ ആയിത്തീരണമെന്ന്‌ ഹജ്ജും ബലിപെരുന്നാളും നമ്മെ പഠിപ്പിക്കുന്നു.
ഇന്ന്‌ നമ്മുടെ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും സാമ്പത്തിക ശേഷിയുള്ള സ്ഥലങ്ങളില്‍ ധാരാളം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു. പലപ്പോഴും വിവിധ സംഘടനകളുടെയും പള്ളികളിലെയും മാംസം ഒരേ വീട്ടില്‍ തന്നെ എത്തിച്ചേരുന്നു. എന്നാല്‍ സാമ്പത്തിക ശേഷി കുറഞ്ഞ ചില പ്രദേശങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്നുമുണ്ട്‌. അവിടെ ബലിമാംസത്തിനുവേണ്ടി ആഗ്രഹിക്കുന്ന പലരും കാണപ്പെടുന്നു. സാമ്പത്തിക ശേഷിയുള്ള ഇടങ്ങളില്‍ നിന്ന്‌ ദരിദ്രര്‍ കൂടുതലുള്ളിടങ്ങളിലേക്ക്‌ ബലി മാംസം എത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച്‌ നാം കൂട്ടായി ആലോചിക്കേണ്ടതാണ്‌.

Share/Save/Bookmark

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: