യുവാക്കള്‍ക്ക് ഇത് നല്ല അവസരം
- തസ്‌കിയ്യ -
ഭൗതികജീവിതത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും വന്യമായ വശീകരണത്തില്‍ നിന്നും മുക്തരാകാന്‍ എന്തുണ്ട് മാര്‍ഗമെന്നന്വേഷിച്ച് ഒരുകൂട്ടം യുവാക്കള്‍ എന്നെ സമീപിക്കുകയുണ്ടായി. മുമ്പും ഇതുപോലെ ധാരാളം യുവാക്കള്‍ ഇതേ ചോദ്യവുമായി എന്നെ സമീപിച്ചിട്ടുണ്ട്. അവരോട് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ ഇക്കൂട്ടര്‍ക്കും പറഞ്ഞു കൊടുത്തത്.
തീര്‍ച്ചയായും, നിങ്ങളുടെ യൗവനം അവസാനിക്കാനുള്ളതാണ്. ദൈവിക നിയമങ്ങളുടെ പരിധിക്കുള്ളില്‍ യൗവന കാലത്തെ കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്കായില്ലെങ്കില്‍ വലിയ നഷ്‌ടമായിരിക്കും നിങ്ങള്‍ക്ക് സംഭവിക്കുക. ഇഹലോകത്തും ഖബറിലും പരലോക ജീവിതത്തിലും നിങ്ങളതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും. എന്നാല്‍, യൗവനത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ കണിശതപാലിച്ച്, ആരാധനകളില്‍ കൃത്യനിഷ്‌ഠ പുലര്‍ത്തി പവിത്രമായ ജീവിതം നയിക്കാന്‍ സാധിച്ചാല്‍, ആജീവനാന്തം യൗവനം നിലനിര്‍ത്താനും അതിന്റെ മധുരഫലങ്ങള്‍ ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
അവിശ്വാസിയുടെ ജീവിതം സഘര്‍ഷഭരിതമാണ്. പുറമെ സന്തോഷവും ആനന്ദവും പ്രകടിപ്പിക്കുമെങ്കിലും, കടുത്ത മാനസിക സംഘര്‍ഷവും ദുഃഖവും വ്യഥകളുമാണ് അവിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നവന്‍ നൈമിഷികമായ ആനന്ദം അനുഭവിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന അവസ്ഥ പിന്നീട് അവനുണ്ടാകും. അതുകൊണ്ട് തന്നെ അവരുടെ സന്തോഷവും ആനന്ദവുമെല്ലാം വിഷം കലര്‍ന്ന തേന്‍തുള്ളികള്‍ മാത്രമാണ്. അവ നൈമിഷികമായ ആനന്ദം നല്‍കുമെങ്കിലും അതിനേക്കാള്‍ വലിയ വേദനയിലേക്കവരെ നയിക്കും. എന്നാല്‍, ദൈവിക പാന്ഥാവില്‍ ജീവിതം കെട്ടിപ്പടുത്തവന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും സന്തോഷവും ആനന്ദവും നിറഞ്ഞതാകുന്നു. ദൈവിക വിശ്വാസത്തിന്റെ പൂത്തിരികള്‍ അവന്റെ മനസ്സിനും ആത്മാവിനും എന്നും വെളിച്ചവും ഊര്‍ജ്ജവും നല്‍കുന്നു.
ഇപ്രകാരം ജീവിതം സന്തോഷവും ആനന്ദവും നിറഞ്ഞ് ചൈതന്യപൂര്‍ണമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം നയിക്കുകയും നന്മയുടെ പാന്ഥാവില്‍ അണിനിരക്കുകയും തിന്മയില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, നമ്മിലേക്ക് എപ്പോള്‍ വേണമെങ്കിലും വന്നണയാവുന്ന മരണമെന്ന യാഥാര്‍ഥ്യത്തെ നിരന്തരം ഓര്‍ക്കുകയും അതിനുവേണ്ടി തയ്യാറാവുകയും ചെയ്യുക. മരണം എപ്പോഴാണ് നമ്മെ പിടികൂടുകയെന്ന് നമുക്കാര്‍ക്കും അറിയില്ല. ആയുസിന്റെ പരിധിയെത്തിയാല്‍ പിന്നെ ഒട്ടും താമസിക്കില്ല. അതില്‍ യുവാവെന്നോ വൃദ്ധനെന്നോ വ്യത്യാസമില്ല. ഭൗതിക ലോകത്തിന്റെ പളപളപ്പ് വിഷം കലര്‍ന്ന തേനാണെന്ന് ഓര്‍ക്കുക. ആധുനിക ലോകം നമ്മെ വശീകരിക്കുന്നത് വിഷം പുരട്ടിയ മധുരം കഴിക്കാനാണ്. അതിനെ വെടിഞ്ഞ് അല്ലാഹുവിനെ അനുസരിച്ച് അവന് വഴിപ്പെട്ട് ജീവിക്കാന്‍ തയ്യാറാകുക. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുന്നവന് സ്വര്‍ഗീയ ആരാമങ്ങളില്‍ അനശ്വരവാസവും നിത്യസന്തോഷവും അല്ലാഹു അവന്റെ പ്രവാചകന്‍മാര്‍ വഴി വാഗ്‌ദാനം ചെയ്‌തിട്ടുള്ളതാണല്ലോ.
ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങളുടെ യുവത്വം ശാശ്വതമല്ല. തീര്‍ച്ചയായും അത് അവസാനിക്കും. ഇച്ഛക്കനുസരിച്ച് നിന്റെ യുവത്വം നീ ചിലവഴിച്ചാല്‍ ഇഹപര ജീവിതത്തില്‍ ദുരിതങ്ങളുടെ പേമാരിയെ നീ അഭിമുഖീകരിക്കേണ്ടി വരും.
ഗുരുതരമായ രോഗങ്ങള്‍ മൂലം ആശുപത്രിക്കിടക്കകളില്‍ നരകയാതന അനുഭവിക്കുന്ന യുവാക്കളെ കുറിച്ച് നീ അന്വേഷിച്ചു നോക്കുക, അതിക്രമം കാണിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട യുവാക്കളെ കുറിച്ചും, മദ്യശാലകളില്‍ കുടിച്ചുകൂത്താടുന്ന യുവാക്കളെ കുറിച്ചും, ജീവിതത്തിലെ ഏറ്റവും സുന്ദരമായ യൗവനകാലത്തു തന്നെ ജീവിതത്തോടു വിടപറഞ്ഞ യുവാക്കളെ കുറിച്ചും നീ അന്വേഷിച്ചു നോക്കുക. തീര്‍ച്ചയായും ആശുപത്രികളില്‍ നിന്നും അവരനുഭവിക്കുന്ന വേദനയുടെ രോദനവും ആര്‍ത്തനാദവും നിനക്ക് കേള്‍ക്കാം. യൗവനകാലത്തെ ആസക്തികളെയും അഭിലാഷങ്ങളെയും നിയന്ത്രിക്കാതെ ഇച്ഛകള്‍ക്കനുസരിച്ച് ജീവിച്ചതില്‍ അവരിന്നു ഖേദിക്കുന്നു. ജയിലുകളില്‍ നിന്ന് അവരുടെ ഖേദത്തോടുകൂടിയ നെടുവീര്‍പ്പുകളും നിനക്ക് കേള്‍ക്കാം. യുവത്വകാലം മുഴുവന്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ചിലവഴിച്ചതില്‍ അവരിന്ന് അതിയായി സങ്കടപ്പെടുന്നു. യൗവനത്തില്‍ അകാല ചരമമടഞ്ഞവരില്‍ ഭൂരിപക്ഷവും അവരുടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ ഇരകളായിരുന്നു. പ്രായം ചെന്ന് അവശത അനുഭവിക്കുന്ന വൃദ്ധന്മാരോട് അവരുടെ യുവത്വ കാലത്തെക്കുറിച്ച് ചോദിച്ചു നോക്കുക. അത്യധികം ഖേദത്തോടും സങ്കടത്തോടെയും അവര്‍ പറയുന്ന മറുപടി ഇതായിരിക്കും: `കഷ്‌ടം..! ഞങ്ങളുടെ യുവത്വം ഞങ്ങള്‍ പാഴാക്കി. സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കും ഞങ്ങളെപ്പോലെ ഖേദിക്കേണ്ടി വരില്ല.'
നൈമിഷികവും താല്‍ക്കാലികവുമായ ആനന്ദത്തിന് വേണ്ടി യൗവനം നീക്കിവെച്ചവന്‍ അനശ്വരമായ പരലോക ജീവിതത്തില്‍ കഠിനമായ ദൈവിക ശിക്ഷക്കു വിധേയനാകുമെന്നത് തീര്‍ച്ച. ഭൗതികലോകത്തിന്റെ വശീകരണത്തില്‍ നിന്നും മുക്തരായി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിക്കാന്‍ നമുക്ക് സാധിക്കുമാറാകട്ടെ.
0 comments: