പുരുഷതാല്‍പര്യത്തിന് ശരീഅത്തിനെ മറയാക്കുകയോ?
- വീക്ഷണം -
എ ജമീല ടീച്ചര്‍ എടവണ്ണ
ഇസ്‌ലാം മതനിയമ സംഹിതയുടെ സാമാഹാരമാണ് ഇസ്‌ലാമിക ശരീഅത്ത്. കാലദേശ വ്യത്യാസമില്ലാതെ വിശ്വാസികള്‍ക്ക് എക്കാലത്തേക്കും പ്രായോഗികകമായിരിക്കേണ്ടതായ ഒന്നാണത്, ഖേദകരമെന്ന് പറയട്ടെ തന്റേതല്ലാത്ത കാരണങ്ങളാല്‍ ഇന്ത്യാരാജ്യത്ത് ഇസ്‌ലാമിക ശരീഅത്ത് പലപ്പോഴും പ്രതിക്കൂട്ടില്‍ കയറേണ്ടിവരുന്നു. ഇങ്ങനെ ഇടക്കിടെ ഇസ്‌ലാമിക ശരീഅത്തിനെ പ്രതിക്കൂട്ടില്‍ കയറ്റി മറ്റുള്ളവര്‍ക്ക് ചെളിവാരിയെറിയാന്‍ വിട്ടുകൊടുക്കുന്നതിന്റെ പിറകില്‍ മുസ്‌ലിംകള്‍ തന്നെയാണ് താനും. സമൂഹത്തില്‍ കാലാകാലങ്ങളിലുണ്ടാകുന്ന വിവാദങ്ങളില്‍ തനിക്ക് പങ്കില്ലെന്നും യഥാര്‍ഥ നിലപാട് ഇന്നതാണെന്നും മാലോകരോട് വിളിച്ച് പറയാന്‍ ശരീഅത്തിന് അവസരവും കിട്ടുന്നില്ല.
ഇടക്കാലത്ത് മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായാവുമായി ബന്ധപ്പെട്ട് ചിലരുണ്ടാക്കിയ പൊല്ലാപ്പുകളിലും ഏറെക്കുറെ ഇതു തന്നെയാണവസ്ഥ.
കാരണം ശരീഅത്തിലെ ഒന്നാം പ്രമാണം ഖുര്‍ആനാണല്ലോ. ഖുര്‍ആന്‍ നാലാം അധ്യായം സൂറത്തുന്നിസാഇല്‍ അനാഥക്കുട്ടികളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന വിഷയം പരാമര്‍ശിക്കുന്ന ഭാഗത്താണ് വിവാഹ പ്രായത്തിന്റെ സൂചനയുള്ളത്.
``അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്ക് വിവാഹ പ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്നപക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക.'' (വി.ഖു 4:5-6)
മനുഷ്യജീവിതത്തിന്റെ നിലനില്‌പായിട്ടാണ് സമ്പത്തിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. പ്രസ്‌തുത സമ്പത്ത് വിവേക പൂര്‍വം കൈകാര്യം ചെയ്യാന്‍ അങ്ങേയറ്റം വകതിരിവും പക്വതയുമുള്ളവര്‍ക്കേ കഴിയുകയുള്ളൂ. ഈ വകതിരിവും പക്വതയുമാണ് `കനത്ത ഒരു കരാര്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച വിവാഹ ജീവിത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതിമാരുടെ പ്രായത്തിന്റെ സൂചനയായിട്ട് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ പ്രായം ആണിനിത്ര പെണ്ണിനിത്ര എന്ന് പ്രത്യേകം ക്ലിപ്‌തപ്പെടുത്താത്തതുതന്നെ ഖുര്‍ആനിന്റെ സര്‍വകാല പ്രസക്തിയാണ് മനസ്സിലാക്കേണ്ടത്. പതിനാറെന്നോ പതിനെട്ടെന്നോ മറയാക്കി ഒരു നിശ്ചിത പ്രായം കണക്കാക്കുന്നുവെങ്കില്‍ ചില ഘട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും അപ്രായോഗികമായി അത് മാറിയേക്കാം.
ഇന്ത്യയില്‍ ജാതിമത വ്യത്യാസമില്ലാതെ സാമ്പ്രദായികമായി നിലനിന്നിരുന്ന ഒരു ദുരാചാരമായിരുന്നു ശൈശവവിവാഹം. കുഞ്ഞുപ്രായത്തില്‍ നടന്നിരുന്ന വിവാഹങ്ങള്‍ സമൂഹത്തില്‍ ഒരുപാട് ദുരന്തം വിതച്ചു. ഇതിനൊരു നിയന്ത്രണമെന്ന നിലക്കാണ് 1978 ല്‍ കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിയന്ത്രണം കൊണ്ടുവരുന്നത്. ഈ നിയമത്തില്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം പെണ്‍കുട്ടികളുടേത് 18 മായി നിജപ്പെടുത്തി. മുസ്‌ലിം-അമുസ്‌ലിം വ്യത്യാസമില്ലാതെ ഇന്ത്യയിലെ ഓരോ പൗരനും അത് ബാധകമാണ്. അന്നു മുതല്‍ 35 വര്‍ഷമായിട്ട് ഈ നിയമമാണ് വിവാഹപ്രായത്തിന്റെ വിഷയത്തില്‍ പിന്തുടര്‍ന്നുവരുന്നത്.
ഈ നിയമം മുസ്‌ലിംകള്‍ക്ക് ബാധകമാക്കുന്നത് ഇസ്‌ലാമിക ശരീഅത്തിനെതിരാണെന്നും അതുകൊണ്ട് 1937 ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം മുതലായവയില്‍ മതനിയമങ്ങള്‍ പിന്തുടരാനുള്ള അവകാശം പുനസ്ഥാപിച്ച് കിട്ടണമെന്നുമാണ് കേരളത്തില്‍ മുസ്‌ലിം മതസാമൂഹ്യസംഘടനകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് ജനിച്ചുവീണ പെണ്‍കുട്ടിയെ വരെ രക്ഷിതാക്കള്‍ക്ക് തോന്നിയവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാനാകും. വലുതാകുമ്പോള്‍ പെണ്‍കുട്ടിക്ക് ചോദ്യം ചെയ്യാനുള്ള അവസരവുമില്ലാതാകും. ഇസ്‌ലാമിക ശരീഅത്തിന് ഇത്തരം വിവാഹങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാമില്‍ സ്‌ത്രീയുടെ പൂര്‍ണ തൃപ്‌തിയില്ലാതെ രക്ഷകര്‍ത്താക്കള്‍ക്ക് അവളെ വിവാഹം കഴിപ്പിക്കാന്‍ പാടില്ല.
ആഇശ(റ) ചോദിച്ചു. ``പ്രവാചകരേ, കന്യക സമ്മതം പറയുവാന്‍ ലജ്ജിക്കുന്നതാണ്. നബി(സ) പറഞ്ഞു അവളുടെ മൗനം തന്നെയാണ് അവളുടെ സമ്മതം'' (ബുഖാരി)
പെണ്ണിന് ഇഷ്‌ടമില്ലാത്ത രൂപത്തില്‍ അവളെ വിവാഹം ചെയ്‌താല്‍ ആ വിവാഹം ദുര്‍ബലപ്പെടുത്താനും സ്‌ത്രീക്ക് അനുവാദമുണ്ട്.
ഖന്‍സാഅ്(റ) നിവേദനം: ``ഒരു സ്‌ത്രീ വെറുക്കുന്ന നിലക്ക് അവളുടെ പിതാവ് അവളെ വിവാഹം ചെയ്‌തുകൊടുത്തു. അപ്പോള്‍ നബി(സ) അവളുടെ വിവാഹം ദുര്‍ബലപ്പെടുത്തി. (ബുഖാരി)
ഇസ്‌ലാമില്‍ വിവാഹമെന്നത് രക്ഷിതാക്കള്‍ക്ക് ഏകപക്ഷീയമായി കൈകാര്യം ചെയ്യാനവകാശമുള്ള ഒന്നല്ല.
``അവര്‍ സ്‌ത്രീയും പുരുഷനും പരസ്‌പരം മാന്യമായ നിലക്ക് തൃപ്‌തിപ്പെട്ടാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നതിന് നിങ്ങള്‍ രക്ഷിതാക്കള്‍ തടസ്സം നില്‌ക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരോടാണ് ഇപ്രകാരം ഉപദേശിക്കുന്നത്. (വി.ഖു 2:232)
1937 ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ അനുസരിച്ച് പെണ്‍കുട്ടികളെ ഇഷ്‌ടമുള്ള പ്രായത്തില്‍ രക്ഷിതാക്കള്‍ക്ക് വിവാഹം കഴിച്ചയക്കാനുള്ള അനുവാദം ലഭിച്ചാല്‍ അതെങ്ങനെ ഇസ്‌ലാമിക ശരീഅത്തിനോട് യോജിക്കും? ഇസ്‌ലാമിക ശരീഅത്തില്‍ വിവാഹത്തിന് നിശ്ചിത പ്രായം നിര്‍ണയിച്ചിട്ടില്ല. കാര്യബോധം എത്തുന്നതിനാവശ്യമായ ഒരു പ്രായം നിര്‍ണയിച്ചുകൂടെന്നുള്ള നിര്‍ദേശവുമില്ല.
2006 മുതല്‍ കേരളത്തിലും നടപ്പില്‍ വന്ന ശൈശവ വിവാഹനിരോധ പ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായമായ പതിനെട്ട് വയസ്സാക്കി നിജപ്പെടുത്തിയതിനെതിരെ ശരീഅത്ത് മറയാക്കി വാളോങ്ങേണ്ട ഒരു സാഹചര്യവും ഇന്നില്ല, ഇതിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തിനെ പ്രതിക്കൂട്ടില്‍ കയറ്റേണ്ട ആവശ്യവുമില്ല.
1937 ലെ പേഴ്‌സണല്‍ ലോ എന്നത് മുഹമ്മദ് മുല്ല എന്ന ഒരാള്‍ ഹനഫീ മദ്‌ഹബ് അടിസ്ഥാനമാക്കി എഴുതിയുണ്ടാക്കിയ നിയമങ്ങളാണല്ലോ. ഇത് ഇസ്‌ലാമിക ശരീഅത്തിനോട് പൂര്‍ണമായി യോജിക്കുന്നു എന്ന അഭിപ്രായം കേരളത്തിലെ ഉല്‌പതിഷ്‌ണുക്കളില്‍ പെട്ട പണ്ഡിതന്മാര്‍ക്കുണ്ടെന്നും തോന്നുന്നില്ല. മുഹമ്മദന്‍ ലോയില്‍ ഒരുപക്ഷേ പൂര്‍വകാല പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 14, 15 എന്നൊക്കെ കണ്ടേക്കാം. അന്നൊക്കെ അറേബ്യയിലെ സാഹചര്യമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രായത്തേക്കാള്‍ പക്വത ഉണ്ടായിരുന്നു. അവര്‍ നിത്യേന കാണുന്നതുതന്നെ യുദ്ധവും പ്രതിരോധവും തല്ലും തടവുമെല്ലാമായിരുന്നു. അതുകൊണ്ടാണല്ലോ അക്കാലത്ത് ഇസ്‌ലാമും കുഫ്‌റുമായി നടന്ന യുദ്ധങ്ങളിലെല്ലാം സ്‌ത്രീകളുടെ നിറസാന്നിധ്യം കണ്ടിരുന്നത്. ഉഹ്‌ദ് യുദ്ധത്തില്‍ ഉമ്മു അമാറ(റ) നബി(സ)യുടെ സംരക്ഷകയായി രണ ഭൂമിയില്‍ നിലകൊള്ളുമ്പോള്‍ അപ്പുറത്ത് അബു സുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ)യുടെ പിതൃവ്യന്‍ ഹംസ(റ) ന്റെ കരള്‍ കടിച്ചു തുപ്പി നൃത്തം ചെയ്യുകയായിരുന്നു.
ഇത്തരത്തില്‍ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് മല്ലിട്ടുകൊണ്ട് മുന്നേറിയിരുന്ന അറേബ്യന്‍ വനിതകള്‍ക്ക് ജീവിതായോധനത്തിലുള്ള പക്വതയും വിവേകവുമൊക്കെ ഇളം പ്രായത്തില്‍ തന്നെ ഉണ്ടായിരുന്നിരിക്കാം.
പട്ടിണിയും പ്രാരാബ്‌ധവുമൊക്കെ പ്രവാചക(സ)യുടെയും സ്വഹാബത്തിനെയും കുടുംബങ്ങളിലെ നിത്യാനുഭവങ്ങളായിരുന്നു. എന്നിട്ടും അവരാരും പതിറിയിട്ടില്ലായിരുന്നു. ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയിട്ടുമില്ല.
ഇന്ന് കേരളീയ സാഹചര്യത്തില്‍ ജീവിച്ചുവരുന്ന ഒരു പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞാല്‍ തന്നെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള പക്വത എത്തണമെന്നില്ല. അവരുടെ കൈകളിലേല്‍പിക്കപ്പെടുന്ന സ്വത്ത് മിക്കവാറും എത്തിച്ചേരുന്നത് ബ്യൂട്ടിപാര്‍ലറുകളിലോ ഫാന്‍സി കടകളിലോ ആയിരിക്കും. പഴയ കാലത്തുള്ള കുട്ടികളെപ്പോലെ അവരിന്ന് കട്ടയില്‍ കിടന്ന് കതിര് പോരുകയല്ല. രക്ഷിതാക്കള്‍ മക്കളെ വിത്തിലിട്ട് പാകപ്പെടുത്തി വളര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ ജീവിതയാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള പക്വതയുടെ കുറവ് കുട്ടികളില്‍ കാണാം. ഇന്നു നടക്കുന്ന വിവാഹങ്ങളില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ തന്നെ പാതിവഴിക്ക് മുറിഞ്ഞുപോവുകയാണ്. അതുകൊണ്ടാണല്ലോ പത്രപരസ്യങ്ങളില്‍ `തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതരായ'വരുടെ എണ്ണം കൂടുന്നത്. ഇനിയിപ്പോള്‍ പന്ത്രണ്ട് വയസ്സു മുതല്‍ കെട്ടിച്ചുവിടാമെന്ന് കൂടി വന്നാലത്തെ അവസ്ഥ എന്തായിരിക്കും. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന അജ്ഞാനകാലത്തിലേക്ക് സമൂഹം തിരിച്ചുനടക്കും.
പെണ്‍കുട്ടി പുഷ്‌പിണിയാകുന്നതിന് മുമ്പ് അവളെ കെട്ടിച്ചയച്ചിരിക്കണം. ഇല്ലെങ്കില്‍ പുരനിറഞ്ഞുനില്‌ക്കുന്ന പെണ്‍മക്കള്‍ കുടുംബത്തിന് അവലക്ഷണമാണ്- ഇതായിരുന്നു പണ്ടത്തെ നാട്ടുനടപ്പ്. ഋതുമതിയാകുന്നതുമായി ബന്ധപ്പെട്ട തിരണ്ട് കല്യാണച്ചടങ്ങില്‍ നാരിമാര്‍ ഒത്തിരിപ്പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കുളിപ്പിച്ച് വെറ്റില മുറുക്കിപ്പിച്ച് കൈകൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ വീടിന്റെ അകത്തളങ്ങളില്‍ കൊണ്ടുപോയി ഇരുത്തും. പിന്നീടവര്‍ക്ക് പുറംലോകം കാണാന്‍ പാടില്ലായിരുന്നു. വിദ്യാഭ്യാസത്തിന്റെ വാതിലുകളും കൊട്ടിയടയ്‌ക്കും. മര്‍ഹൂം അബൂസ്സബാഹ് മൗലവിയുടെ വാക്കുകളില്‍ പറഞ്ഞാല്‍
നോക്കുകില്‍ എന്തു
പഠിക്കാന്‍ നാല് കൊല്ലമാണ്
ബാക്കികാലമൊക്കെയും
അടുക്കളയിലാണ്.
നേട്ടമായ് ജ്ഞാനം
അറബി അക്ഷരങ്ങളാണ്
കൂട്ടിവായിച്ചാല്‍
ഖുര്‍ആനും പഠിച്ചെന്നാണ്
പഠിക്കാന്‍ നാല് കൊല്ലമാണ്
ബാക്കികാലമൊക്കെയും
അടുക്കളയിലാണ്.
നേട്ടമായ് ജ്ഞാനം
അറബി അക്ഷരങ്ങളാണ്
കൂട്ടിവായിച്ചാല്‍
ഖുര്‍ആനും പഠിച്ചെന്നാണ്
ഒരു കാലത്ത് മുസ്‌ലിം സമൂഹത്തിന്നും പിന്നോക്കാവസ്ഥക്ക് കാരണം മുസ്‌ലിം കുടുംബിനികളുടെ ഈ ഇമ്മിണി വലിയ അറിവായിരുന്നു. മന്ത്രിച്ചൂത്തും പിഞ്ഞാണമെഴുത്തും ഐക്കല്ലും ഏലസ്സും കൂടോത്രവും കുടച്ചക്രവുമൊക്കെയായി ഒരു തലമുറ തന്നെ അജ്ഞതയുടെ അന്ധകാരത്തിലാഴ്‌ന്ന് കിടന്നു. പേറ്റ് മരണങ്ങളും ശൈശവ മരണങ്ങളുമൊക്കെ അവരില്‍ സാധാരണയായിരുന്നു.
ഇത്തരം ദുരന്തത്തില്‍ നിന്ന് മുസ്‌ലിം സ്‌ത്രീകളെ രക്ഷപ്പെടുത്തിയെടുക്കാന്‍ അക്കാലത്തെ നവോത്ഥാന നായകന്മാരായ പണ്ഡിതന്മാര്‍ കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കിയത്. ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തുക, പെണ്‍കുട്ടികളെ മതപരവും ഭൗതികവുമായി വിദ്യാസമ്പന്നരാക്കുക എന്നതായിരുന്നു സമുദായ നവോത്ഥാനത്തിന് അവര്‍ സ്വീകരിച്ചിരുന്ന മാര്‍ഗം. ഇത് സമൂഹത്തില്‍ ശുഭകരമായ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. അക്ഷരത്തോട് മുഖം തിരിഞ്ഞിരുന്ന പെണ്‍കുട്ടികളുടെ എണ്ണം വിദ്യാലയങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ക്രമേണ പെണ്‍മക്കളില്‍ നിന്ന് ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും പ്രൊഫസര്‍മാരുമൊക്കെ വളര്‍ന്നുവന്നു. ഭാവിയിലേക്കുള്ള ഉത്തമ സമുദായത്തിന്റെ നിര്‍മിതിയില്‍ അവര്‍ തങ്ങളുടേതായ അടയാളങ്ങള്‍ കൊത്തിവെച്ചു.
മര്‍ഹൂം അബൂസ്സബാഹ് മൗലവി, സീതി സാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദാജി, സി എച്ച് മുഹമ്മദ് കോയ, കെ എം മൗലവി, എം കെ ഹാജി, അരീക്കോട് എന്‍ വി സഹോദരന്മാര്‍ എന്നിങ്ങനെ ഒട്ടേറെ മഹാരഥന്മനാരുടെ നിരന്തരമായ പരിശ്രമങ്ങള്‍ സ്‌ത്രീകളുടെ ഈ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പിറകിലുണ്ടായിരുന്നു. ഈ നവോത്ഥാന നായകരുടെ പരിശ്രമ ഫലമായി 1978ന് മുമ്പുതന്നെ കേരളത്തില്‍ ശൈശവ വിവാഹം നിരുത്സാഹപ്പെട്ടുവന്നു. ഇവരില്‍ പല നേതാക്കളും മരണപ്പെട്ടത് 1978 ന് ശേഷമാണ്. എന്നിട്ടും അവരാരും രാജ്യത്തിലെ ശൈശവ വിവാഹ നിരോധ നിയമത്തെ ശരീഅത്തിന് വിരുദ്ധമായി കണ്ടിരുന്നില്ല
നിയമക്കുരുക്ക് മൂലം കേരളത്തില്‍ ഇന്നോളം ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെയും വിവാഹം മുടങ്ങിയതായി കേട്ടിട്ടില്ല. സ്‌ത്രീധനനിരോധന നിയമം ഇന്ത്യാരാജ്യത്തുണ്ട്. പക്ഷേ, നടക്കുന്ന വിവാഹങ്ങളില്‍ ഭൂരിഭാഗത്തിലും സ്‌ത്രീധനമുണ്ട്. അതുപോലെ സര്‍ക്കാര്‍ വിവാഹ പ്രായത്തിന് 18 എന്ന് പരിധി നിശ്ചയിച്ചിട്ടും 14 ലും 15 ലും ഒക്കെ പെണ്‍കുട്ടികള്‍ ഇവിടെ കെട്ടിച്ചയക്കപ്പെടുന്നുണ്ട്. ആര്‍ക്കും പരാതിയില്ലാതെ ആളുകള്‍ ആളുകളുടെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും നീങ്ങുന്നു എന്ന് മാത്രം.
പക്ഷേ, ഏറെക്കുത്തിയാല്‍ ചേരയും കൊത്തും എന്ന് പറഞ്ഞതുപോലെ നിയമ ലംഘനം അതിന്റെ അവസാനത്തെ സീമയും മറികടക്കുമ്പോള്‍ നിയമം ചിലപ്പോള്‍ തിരിഞ്ഞുകൊത്തും. 18 വയസ്സ് തികയാത്ത ഒരു കുട്ടി ഇന്ത്യാരാജ്യത്തില്‍ നിയമപ്രകാരം മൈനറാണ്. അതുകൊണ്ട് അവര്‍ ഒപ്പുവെക്കുന്ന ഒരു സമ്മതപത്രവും ഒന്നിനും സ്വീകാര്യമല്ല. സ്വത്ത് ദായക വിഷയത്തിലും വിവാഹസംബന്ധമായും അത് പരിഗണിക്കപ്പെടുകയില്ല. ഇതൊന്നും അറിയാത്തവരായി നമ്മുടെ നാട്ടില്‍ നിരക്ഷരര്‍ പോലുമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും കോഴിക്കോട് നടന്ന അറബിക്കല്ല്യാണത്തിലെ ഇടയാളന്മാര്‍ക്ക് നിയമം തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് തന്നെ നിയമവും തിരിഞ്ഞുകൊത്തി. അതാകട്ടെ ആ പെണ്‍കുട്ടിക്ക് ഉപകാരമാവുകയും ചെയ്‌തു. തന്റെ ജീവിതംകൊണ്ട് പന്താടിയവര്‍ക്കെതിരെ പ്രതികരിക്കാന്‍ നിയമം അവര്‍ക്ക് പരിരക്ഷയായി. ഇല്ലെങ്കില്‍ ഇത്തരം വിവാഹ ചൂഷണങ്ങള്‍ക്കിരയായി സമാന ദു:ഖിതരില്‍ ഒരുവളായി അവളും വിസ്‌മരിക്കപ്പെടുമായിരുന്നു.
ഇതുപോലെയുള്ള എത്രയെത്ര വിവാഹ മാമാങ്കങ്ങള്‍ നമ്മുടെ നാട്ടിലിന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. മൈസൂര്‍ കല്യാണങ്ങള്‍, അറബിക്കല്ല്യാണങ്ങള്‍. നാട്ടില്‍ ലീവിന് വരുന്ന പ്രവാസികള്‍ക്കുവേണ്ടി മുട്ട് ശാന്തിക്കല്യാണങ്ങള്‍. ഇതിലൊക്കെ ഇരകളാകുന്നുതോ പാവപ്പെട്ട കുടുംബത്തിലെ മുസ്‌ലിം പെണ്‍കുട്ടികള്‍. പട്ടിണിയും കഷ്‌ടപ്പാടും പ്രതികൂലമായ ജീവിത ചര്യകളും അവരെ അര്‍ധസമ്മതത്തോടെ ഇതിലേക്ക് തള്ളിവിടുന്നു. അവസാനം ജീവിതത്തിലെ വിലയേറിയതൊക്കെയും നഷ്‌ടപ്പെടുത്തി പാതിരാപുള്ളുപോലെ പുതിയാപ്ല ത്വലാഖ് പിരിച്ച് മുങ്ങുമ്പോള്‍ പെണ്‍കുട്ടിക്ക് മിച്ചം വരുന്നത് ഒരുപിടി വാരിക്കരിഞ്ഞ സ്വപ്‌നങ്ങളും ഒന്നുരണ്ട് അനാഥ മക്കളും.
ഇത്തരം കെട്ടലിലും കെട്ടഴിക്കലിലുമൊന്നും ഇസ്‌ലാമിക ശരീഅത്ത് നാലയലത്തുപോലും കാണാറില്ല. എന്നിട്ടും ആര്‍ക്കും അതിലൊന്നും പരാതിയുണ്ടാകാറില്ല. പക്ഷെ, എല്ലാം കണ്ടും കേട്ടും തിരിച്ചറിയുന്ന അല്ലാഹു അവന്റെ നീതി ചിലരിലൂടെയെങ്കിലും പുലര്‍ത്താതിരിക്കില്ല. ``മര്‍ദിതന്റെ പ്രാര്‍ഥനയെ സൂക്ഷിക്കുക. അല്ലാഹുവിനും അതിനുമിടയില്‍ മറയുണ്ടാകില്ല.'' (നബിവചനം)
പീഡിതരായ ഈ പെണ്‍കുട്ടികളെ സ്വന്തം പെണ്‍മക്കളുടെ സ്ഥാനത്ത് ചേര്‍ത്തുവെച്ച് അവരുടെ ദു:ഖങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്നവര്‍ക്കേ ഇവരുടെ മനമുരുകിയ തേട്ടത്തിന്റെ ആഴം തിരിച്ചറിയാനാകൂ. ഇല്ലെങ്കില്‍ വേട്ടക്കാരനോടൊട്ടിനിന്ന് ഇരക്കെതിരെ തിരിയുന്ന ഒരു മനസ്സേ നമുക്കുണ്ടാകൂ.
വിവാഹേതര ലൈംഗിക ബന്ധത്തിന്ന് സര്‍ക്കാര്‍ പ്രായപരിധി കുറച്ചു എന്ന തെറ്റിന് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചതുകൊണ്ട് പരിഹാമാകുന്നില്ല. അങ്ങനെയാണെങ്കില്‍ ലൈംഗിക പങ്കാളിയായ ആണ്‍കുട്ടി പതിനേഴുകാരനാണെങ്കില്‍ പ്രായം അവനും കുറയേണ്ടിവരും. ഇല്ലെങ്കില്‍ നിക്കാഹിനുവേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും നീളും.
ഇവിടെ ആണ്‍കുട്ടിയുടെ പേരിലില്ലാത്ത ഒരു താല്‌പര്യം പെണ്‍കുട്ടിയുടെ പ്രായപരിധി കുറയ്‌ക്കുന്ന വിഷയത്തില്‍ കാണിക്കുന്നത് സ്‌ത്രീയെ ഒരു വ്യക്തിയായി കാണുന്നതിന് പകരം `ശരീര'മായി ചുരുക്കലല്ലേ? ധാര്‍മികത്തകര്‍ച്ചക്ക് കാരണം മാറിയ കാലഘട്ടത്തില്‍ മൂല്യബോധത്തെ പൊളിച്ചെഴുതി എന്നതാണ്. അതുകൊണ്ട് ഏത് പ്രതികൂല സാഹചര്യത്തിലും സ്വന്തം സാംസ്‌കാരികത്തനിമ നിലനിര്‍ത്താനുതകുന്ന മൂല്യബോധമുള്ള ഒരു വിദ്യാഭ്യാസമാണ് വളരുന്ന തലമുറക്ക് ഏറെ ആവശ്യം.
അതോടൊപ്പം വിവാഹ ജീവിതത്തിലേക്കുള്ള ചുവടുവെപ്പില്‍ പെണ്‍കുട്ടി നേരിടേണ്ടി വരുന്ന കീറാമുട്ടികളെ സമൂഹം കണ്ടില്ലെന്ന് നടിക്കാതിരിക്കുക. സ്‌ത്രീധനം, ആഭരണം, സൗന്ദര്യക്കുറവ്, നിറം കമ്മി, പഠനം മൂലമുണ്ടായ പ്രായക്കൂടുതല്‍ ഇങ്ങനെ എന്തെല്ലാം. ഇതിനെതിരിലൊക്കെ പ്രതികരിച്ചുകൊണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സമുദായ നേതൃത്വം സുപ്രീംകോടതി കയറുന്ന സുവര്‍ണാവസരം എന്നാണാവോ?
0 comments: