തലാല്‍ അസദ് പാശ്ചാത്യ സെക്കുലറിസത്തിന്റെ വിമര്‍ശകനായ നരവംശ ശാസ്‌ത്ര പണ്ഡിതന്‍
- വ്യക്തിത്വങ്ങള്‍, വീക്ഷണങ്ങള്‍ -
വി എ മുഹമ്മദ് അശ്‌റഫ്
പോസ്റ്റ് കൊളോണിയലിസം, ക്രിസ്‌തുമതം, ഇസ്‌ലാം, സെക്കുലറിസം എന്നിവയെപ്പറ്റി ആഴത്തില്‍ നരവംശ ശാസ്‌ത്ര വിശകലനം നടത്തിക്കൊണ്ടിരിക്കുന്ന തലാല്‍ അസദ് ആധുനിക കാലത്തെ പ്രമുഖരായ ബുദ്ധിജീവികളിലൊരാളായി കരുതപ്പെടുന്നു.
വിഖ്യാത ഇസ്‌ലാമിക ബുദ്ധിജീവിയും പരിഷ്‌കര്‍ത്താവും ഖുര്‍ആന്‍ പരിഭാഷകനുമായ മുഹമ്മദ് അസദിന്റെ (1900-1992) പുത്രനായി സുഊൗദി അറേബ്യയില്‍ 1933-ല്‍ ആണ് തലാല്‍ അസദ് ജനിച്ചത്. മാതാവ് സുഊദി അറേബ്യക്കാരി മുനീറാ ഹുസൈന്‍ അല്‍ശമ്മാരി. ആസ്‌ത്രിയക്കാരനായ പിതാവ് മുഹമ്മദ് അസദ് ആസ്‌ത്രിയയിലെ ഒരു ജൂത കുടുംബത്തില്‍ ജനിക്കുകയും പത്രപ്രവര്‍ത്തനമേഖലയിലെ യാത്രയ്‌ക്കിടയില്‍ തന്റെ 24-ാമത്തെ വയസ്സില്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്‌തു. ഏറെനാളുകള്‍ക്കു ശേഷം പാക്കിസ്‌താന്റെ ആസ്‌ത്രിയന്‍ അംബാസിഡറായും മുഹമ്മദ് അസദ് പ്രവര്‍ത്തിച്ചു. 1978-ല്‍ മാതാവും 1992-ല്‍ പിതാവും നഷ്‌ടപ്പെട്ട തലാല്‍ അസദ്, ജനിച്ചത് സുഊദിയിലാണെങ്കിലും വളര്‍ത്തപ്പെട്ടത് പാക്കിസ്‌താനിലാണ്.
പാക്കിസ്‌താനിലെ ഒരു ക്രൈസ്‌തവ മിഷണറി ബോഡിംഗ് സ്‌കൂളില്‍ പഠിച്ച തലാല്‍ ആര്‍ക്കിടെക്‌ചര്‍ പഠനത്തിനായി ബ്രിട്ടനിലെ എഡിന്‍ബര്‍ഗിലെത്തി. ഏറെ വൈകാതെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ തന്നെ നരവംശശാസ്‌ത്രപഠനം ആരംഭിച്ചു. പിന്നീട് ഓക്‌സ്‌ഫോര്‍ഡില്‍ വിഖ്യാത സാമൂഹ്യനരവംശ ശാസ്‌ത്രകാരനായ ഇവാന്‍സ് പ്രീറ്റ് ചാള്‍സിനൊപ്പം പ്രവര്‍ത്തിച്ച തലാല്‍, സുഡാനിലെ ഖാര്‍ത്തൂം സര്‍വകലാശാലയില്‍ 5 വര്‍ഷം ഗവേഷണം നടത്തി. അതിനുശേഷമാണ് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ഗ്രാജ്വേറ്റ്‌സ് സെന്ററില്‍ നരവംശശാസ്‌ത്രജ്ഞനായി പ്രവര്‍ത്തിക്കുന്നത്. നരവംശശാസ്‌ത്ര തത്വങ്ങളെ സമകാലിക സംഭവവികാസങ്ങളുടെ വ്യാഖ്യാനത്തിനുപയോഗിക്കുന്നതില്‍ ലോകത്തേറ്റവുമേറെ വിജയിച്ച വ്യക്തിയായി ആഗോളതലത്തില്‍ തന്നെ തലാല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
നരവംശശാസ്‌ത്ര കുലപതി
ശക്തമായ അടിച്ചമര്‍ത്തലിന് കെല്‌പുറ്റ, അതേസമയം സാധാരണക്കാരന് ധാരാളം സൗകര്യം നല്‍കുന്ന വ്യവസ്ഥയായി ആധുനിക രാഷ്‌ട്രത്തെ തലാല്‍ സങ്കല്‌പിക്കുന്നു. മതവിരുദ്ധമാകാത്ത (ഇഹലോകമാത്ര കല്‌പിതം അല്ലാത്ത) ഒരു സെക്യൂലറിസത്തെ മാത്രമേ പിന്തുണക്കാനാവൂ എന്നദ്ദേഹം വ്യക്തമാക്കുന്നു. മതരാഷ്‌ട്രത്തിന് ഒരുവിധത്തിലും പിന്തുണ നല്‍കാന്‍ അദ്ദേഹം തയ്യാറല്ല.
ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളെ മുഴുവന്‍ ഒറ്റ ധാരയായി കാണുന്നതിനോട് തലാല്‍ യോജിക്കുന്നില്ല. തുനീഷ്യയിലെ റാശിദ് ഗനൂഷിയുടെ വീക്ഷണങ്ങളെ യാഥാര്‍ഥ്യ നിഷ്‌ഠമെന്ന് അദ്ദേഹം വിലയിരുത്തുന്നു. വൈവിധ്യമുള്ള വ്യാഖ്യാനങ്ങളോട് സഹിഷ്‌ണുത പുലര്‍ത്തുന്നതാണ് ഇന്നിന്റെ അനിവാര്യതയെന്ന് തലാല്‍ വാദിക്കുന്നു.
ഇസ്‌ലാമിക പാരമ്പര്യത്തില്‍ ലിബറലിസത്തിനും സഹിഷ്‌ണുതക്കും സ്ഥാനമുണ്ടായിരുന്നു. ചില മുസ്‌ലിം ഭരണാധികാരികള്‍ അമുസ്‌ലിംകളോട് മുന്‍വിധിയോടെ വര്‍ത്തിച്ചിരിക്കാമെങ്കിലും ജൂത-ക്രൈസ്‌തവ പാരമ്പര്യവുമായി തട്ടിച്ചുനോക്കിയാല്‍ മെച്ചപ്പെട്ട ചരിത്രാനുഭവങ്ങള്‍ പുലര്‍ത്തുന്നു.
ഡാനിഷ് പത്രമായ ജിലാന്റ്‌സ് പോസ്റ്റില്‍ പ്രസിദ്ധീകൃതമായ പ്രവാചകനെക്കുറിച്ച കാര്‍ട്ടൂണുകള്‍ പടിഞ്ഞാറിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിമര്‍ശനചിന്തയുടെയും പ്രകടനമെന്ന സങ്കല്‌പത്തെ തലാല്‍ അസദ് ചോദ്യം ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ മുന്‍വിധി, അന്ധമായ പക്ഷപാതിത്തം, സാംസ്‌കാരികമായ അപരത്വം എന്നിവയുടെ പങ്കുകുറച്ചു കാണരുതെന്നദ്ദേഹം മുന്നറിയിപ്പ് നല്‍കി. (തലാല്‍ അസദ് 2003)
മറ്റൊരു വിഭാഗത്തെ അസ്വാസ്ഥ്യപ്പെടുത്തുന്നതിനും അവമതിക്കുന്നതിനും പരിമിതികളുണ്ടെന്ന് യൂറോപ്യര്‍ മനസ്സിലാക്കുന്നില്ല. സര്‍വകാര്യങ്ങളിലുമുള്ള യു എസ് മേല്‍ക്കോയ്‌മ അമേരിക്കന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വിധമായി തോന്നും; 80% അമേരിക്കക്കാര്‍ക്കും ഈ ധാരണയുണ്ട്. ഇത് യു എസ് പോളിസികളെയും നിര്‍ണയിക്കുന്ന ഘടകമായി മാറുന്നുവെന്ന് തലാല്‍ നിരീക്ഷിക്കുന്നു. സദ്ദാം ഹുസൈന്‍ കുര്‍ദുകളെയും ഇറാനികളെയും ബോംബിട്ട് കൊന്നത് അമേരിക്കന്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ്. യൂറോപ്യന്‍ സഹായത്തോടെയാണയാള്‍ രാസായുധങ്ങള്‍ നിര്‍മിച്ചത്. അതുകൊണ്ട് തന്നെ ഭീകരത മധ്യപൗരസ്‌ത്യ ദേശത്താണുദയം കൊണ്ടതെന്ന വാദം നിലനില്‌ക്കുന്നതല്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
സെക്യുലറിസ്റ്റ് അപഗ്രഥനം
പുരോഗമനം എന്നത് മതത്തില്‍ നിന്ന് നിര്‍മതത്തിലേക്കുള്ള മാറ്റമാണെന്ന് പ്രഖ്യാപിക്കുകയാണ് ഫ്രഞ്ച് ചിന്തകന്‍ അഗസറ്റന്‍ കോംപ്‌തേ. എന്നാല്‍ കൂടുതല്‍ യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടുള്ള മതേതരത്വ വ്യാഖ്യാനമാണ് പിന്നീട് സ്വാധീനം നേടിയത്. മതവിഷയത്തില്‍ രാഷ്‌ട്രം പ്രത്യേകപക്ഷം പിടിക്കാതിരിക്കുക എന്നതാണിത്. പ്രത്യേക മതവിശ്വാസവുമായി ബന്ധമില്ലാത്ത ഒരു രാഷ്‌ട്രീയസദാചാരമാകും ഇതിന്റെ ഫലം. മതമൂല്യങ്ങളുമായി ഇത് സംഘട്ടനത്തിലാകണമെന്നില്ല (തലാല്‍, 2003 പേജ് 2)
സെക്യുലറിസ്റ്റുകളായി അറിയപ്പെടുന്ന ഹാഫിസുല്‍ അസദ്, സദ്ദാം ഹുസൈന്‍, ഏരിയല്‍ ഷാരോണ്‍ എന്നിവര്‍ കൂട്ടക്കുരുതിയും അക്രമവും നടത്തിയിട്ടുണ്ട് (തലാല്‍, 2003 പേജ് 10). ആധുനിക സെക്കുലര്‍ രാഷ്‌ട്രത്തിന്റെ അവിഭാജ്യഘടകമായി പീഡനം ഉയര്‍ന്നുവന്നതെങ്ങനെയെന്ന് തലാല്‍ അപഗ്രഥിക്കുന്നുണ്ട്. (തലാല്‍, 2003 പേജ് 103-109)
മതേതരത്വത്തെ അന്ധമായി പിന്തുണക്കുന്നതിനെതിരെയാണ് പ്രധാനമായും തലാല്‍ താത്വികതലത്തില്‍ പടവെട്ടിയത്. പൊതുമണ്ഡലത്തെ മതരഹിതമാക്കിയും വ്യക്തിതലം മതകീയമാക്കാനനുവദിച്ചും മതേതരത്വം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി തലാല്‍ പ്രബന്ധങ്ങള്‍ രചിച്ചു. യൂറോപ്പില്‍ നിലനില്‌ക്കുന്ന തരം സെക്കുലറിസം, ബഹുത്വ ഘടനക്ക് കനത്ത ആഘാതമേല്‌പിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു. മുസ്‌ലിംകളെ അപരവല്‌ക്കരിച്ചുകൊണ്ടുള്ള യൂറോപ്യന്‍ സെക്കുലര്‍ നിര്‍വചനം, തുര്‍ക്കിയെ ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കുന്നില്ല. യൂറോപ്യന്‍ സെക്കുലറിസം, അതിന്റെ രണോത്സുകവും അക്രാമകവുമായ ചരിത്രാനുഭവങ്ങളുടെ സന്തതിയാണെന്ന് തലാല്‍ ആരോപിച്ചു.
മതത്തെക്കുറിച്ച നരവംശ പഠനങ്ങള്‍ ധാരാളമുണ്ടായിരിക്കെ മതേതരത്വം, നിര്‍മതത്വം എന്നിവ പഠനത്തില്‍ ഉള്‍പ്പെടാത്ത അവസ്ഥയ്‌ക്ക് വിരാമമിട്ടുകൊണ്ടാണ് തലാല്‍ അസദിന്റെ പ്രബന്ധം പുറത്തുവന്നത് (തലാല്‍ 2009, പേജ് 22)
കേവലം നരവംശശാസ്‌ത്രത്തില്‍ മാത്രം ഒതുങ്ങി നില്‌ക്കുന്നവയല്ല തലാല്‍ അസദിന്റെ പഠനങ്ങള്‍. വ്യത്യസ്‌ത മേഖലകളില്‍ ഒരേ പോലെയുള്ള തന്റെ പ്രാവീണ്യം അപഗ്രഥനത്തിനുപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. തന്റെ പഠനങ്ങള്‍ക്ക് മൈക്കേല്‍ ഫൂക്കോയുടെയും നീഷേയുടെയും രീതികളോടുള്ള സാമ്യത തലാല്‍ തുറന്നുസമ്മതിക്കുന്നുണ്ട്. (തലാല്‍, 1993, പേജ് 16)
ബെര്‍ണാഡ് ലീവിസിന്റെയും സാമുവല്‍ ഹണ്ടിംഗ്‌ടന്റെയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള യുദ്ധം എന്ന സങ്കല്‌പത്തെ തലാല്‍ നിഷേധിക്കുന്നു (തലാല്‍ 2007, പേജ് 9-10). സംസ്‌കാരം എന്നത് ഒന്നില്‍ ഉറപ്പിച്ചു നിര്‍ത്തപ്പെടുന്നതല്ല. ഒന്നിനെതിരെ ഒന്ന് എന്ന വിധം പരസ്‌പരം പ്രയോഗിക്കാവുന്നതുമല്ല. രണ്ടിലും വെള്ളപ്പുള്ളികളും കറുത്തപുള്ളികളും ഉണ്ടുതാനും. കുരിശുയുദ്ധങ്ങളും കൊളോണിയലിസവും ക്രൈസ്‌തവ സഭകളുടെ മേല്‌ക്കോയ്‌മകളും അവഗണിക്കാവതല്ല.
തുല്യതയില്ലാത്ത ശാക്തിക ബന്ധങ്ങളുടെ സ്വാഭാവിക ഉല്‌പന്നമാണ് ഭീകരത. സ്വന്തം സിവിലിയന്മാരുടെ മേല്‍ ഭീഷണി ഉയര്‍ത്താതെ വിദേശത്ത് നടത്തപ്പെടുന്ന യുദ്ധം മിക്കവര്‍ക്കും വിഷമകരമായി തോന്നാറില്ല. (തലാല്‍ 2007 പേജ് 30). സ്വയം മരണഭീഷണിയില്ലാതെ ശത്രുക്കളെ വ്യാപകമായി കൊല്ലാനായാല്‍ യുദ്ധംപോലും നമ്മെ അലട്ടാതെയാകും. (തലാല്‍ 2007 പേജ് 36). യുദ്ധത്തിനെതിരെ ജനകീയ വികാരം ഉയരാതിരിക്കാനാണ് സ്വന്തം ഭടന്മാരുടെ ജഡങ്ങള്‍ നാട്ടിലെത്തുന്നതിന്റെ ചിത്രങ്ങള്‍ക്ക് യു എസില്‍ സെന്‍സര്‍ ഏര്‍പ്പെടുത്തിയത്.
`ജനിയോളജീസ്' എന്ന കൃതിയില്‍ ബ്രിട്ടീഷ് ദേശീയ സംസ്‌കാരത്തിന്റെ മേല്‍ ബഹുസ്വര സംസ്‌കാരങ്ങള്‍, ഇസ്‌ലാമീകരണ പ്രക്രിയകള്‍, സല്‍മാന്‍ റുഷ്‌ദിയുടെ `സത്താനിക് വേഴ്‌സസ്'എന്നിവയുടെ സ്വാധീനത്തെ അപഗ്രഥിക്കുന്നു. (തലാല്‍ 1993)
സെക്കുലറിസത്തെ അതിസൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന കൃതിയാണ് 2003ല്‍ തലാല്‍ പുറത്തിറക്കിയത്. പാശ്ചാത്യ ആധുനികതയെ മാതൃകയായി പരിഗണിച്ച് പ്രതിലോമപരവും നിര്‍മിതവുമായ ഒന്നായി ഇസ്‌ലാമിസത്തെ സങ്കല്‌പിക്കുന്നതിലെ അബദ്ധം തലാല്‍ വിശദീകരിക്കുന്നു.
ക്രൈസ്‌തീയവും, ക്രൈസ്‌തവാനന്തരവുമായ പാരമ്പര്യവുമായാണ് ആത്മഹത്യാ ബോംബിംഗിന് ബന്ധമെന്ന് തലാല്‍ പറയുന്നു. ലിബറല്‍ മതേതര സമൂഹം ചാവേറുകളെപ്പോലെ അക്രമണങ്ങള്‍ നടത്താറുണ്ടെന്നത് വിസ്‌മരിക്കരുത്. ആത്മഹത്യാ ബോംബര്‍മാരെ അദ്ദേഹം ക്രൈസ്‌തവ രക്തസാക്ഷികളോടാണ് ഉപമിക്കുന്നത്. ബൈബിളിലെ യേശുവിനെപ്പോലെതന്നെ അവര്‍ മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നതാണ്. രാഷ്‌ട്രം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ആത്മഹത്യാ ബോംബര്‍മാരെക്കാള്‍ അക്രമോത്സുകവും അനേകമടങ്ങ് വ്യാപകവുമാണ്.
ഏറ്റവും യാഥാസ്ഥിതികനായ മുസ്‌ലിം പോലും ആധുനിക ലോകത്തെ തുടിപ്പുകള്‍ തന്റെ ദൈവശാസ്‌ത്ര വ്യാഖ്യാനങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നു; ഇത് തന്റെ സമീപനരീതി പ്രസക്തമാക്കുന്നുവെന്നവന്‍ കരുതുന്നു. (തലാല്‍ 2003 പേജ് 198). പടിഞ്ഞാറന്‍ ആധിപത്യം പുതിയ ജ്ഞാന വ്യവസ്ഥയ്‌ക്കും പുതിയ സാമൂഹ്യപഠനങ്ങള്‍ക്കും ജന്മം നല്‍കി. ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് ആധുനികതയും അതിന്റെ തത്വങ്ങളും വികസിച്ചുവന്നതും. ധാര്‍മിക സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം, ഉപഭോഗ സംസ്‌കാരം, കച്ചവടസ്വാതന്ത്ര്യം, സെക്കുലറിസം ഒക്കെ അതിന്റെ ഉല്‌പന്നങ്ങളാണ് (തലാല്‍ 2003 പേജ്. 13)
നവോത്ഥാന തത്വങ്ങള്‍ ഉള്‍ക്കൊണ്ട് മതത്തിന്റെ ഇടം പരിശോധിക്കുകയാണ് `സെക്കുലറിസത്തിന്റെ രൂപീകരണം' എന്ന കൃതിയില്‍ തലാല്‍ ചെയ്യുന്നത്. (തലാല്‍ 2003). ഇതിനായി അദ്ദേഹം 19ഉം 20ഉം നൂറ്റാണ്ടുകളിലെ ഈജിപ്‌തിന്റെ മതേതര വല്‌കരണത്തെയാണ് പഠിച്ചത്.
ഈജിപ്‌തില്‍ മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചത് പടിഞ്ഞാറുതന്നെ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാരജനാധിപത്യത്തിന്റെ ലംഘനമാണ്. ഈജിപ്‌ഷ്യന്‍ മീഡിയയെ കടുത്ത ബ്രദര്‍ഹുഡ് വിരുദ്ധമായി ആരോപിക്കുന്ന തലാല്‍, സൈന്യവും മുബാറക് അനുകൂലികളും മുര്‍സി ഭരിക്കുമ്പോഴും വമ്പിച്ച ശക്തിയോടെ വര്‍ത്തിക്കുകയായിരുന്നുവെന്ന് നിരീക്ഷിക്കുന്നു.
ഈജിപ്‌തിലെ സൈനിക അട്ടിമറിക്ക് പിന്നില്‍ അമേരിക്കക്കും ഇസ്‌റാഈലിനും ഒപ്പം സുഊദി അറേബ്യയും പ്രവര്‍ത്തിച്ചതായി തലാല്‍ ആരോപിക്കുന്നു. വമ്പന്‍ കച്ചവടക്കാര്‍, മീഡിയ, ജുഡീഷ്യറി, സൈന്യം എന്നിവയൊക്കെ ബ്രദര്‍ഹുഡിന്റെ പ്രഖ്യാപിത ശത്രുക്കളായി നിലകൊള്ളുന്നു.
ഈജിപ്‌ത് മുഴുവന്‍ അഴിമതിയുടെ കൂത്തരങ്ങാക്കുകയായിരുന്നു മുബാറക് ഭരണകൂടം ചെയ്‌ത ഏറ്റവും വലിയ പാതകം. മുബാറക്കിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതിനുശേഷമുള്ള തെരഞ്ഞെടുപ്പിലാണ് മുര്‍സി അധികാരത്തിലേറിയത്. എന്നാല്‍ ഗള്‍ഫ് നാടുകള്‍ ബ്രദര്‍ഹുഡ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. യു എസ് ബാന്ധവമായിരുന്നു ഇതിന്റെ അടിസ്ഥാന കാരണം.
മുബാറക് ഭരണകൂടം യു എസിനും യൂറോപ്പിനും മുമ്പില്‍ സ്വയം ന്യായീകരിച്ചിരുന്നത് ബ്രദര്‍ഹുഡിനെ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു. ഭീകരതാവിരുദ്ധ യുദ്ധമെന്ന പേരില്‍ ദുര്‍ബലരെ വേട്ടയാടലാണ് ലോകമെങ്ങും നടന്നത്. അതേസമയം 60ലേറെ വര്‍ഷം നീണ്ടുനിന്ന മര്‍ദ്ദിതാവസ്ഥ ബ്രദര്‍ഹുഡിനെ ചിന്താ-പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് പക്വമായ വീക്ഷണങ്ങളുരുത്തിരിച്ചെടുക്കുന്നതില്‍ നിന്ന് തടയുന്നതായും തലാല്‍ കണ്ടെത്തുന്നു. മുര്‍സിയെക്കാള്‍ മിടുക്കനായിരുന്ന അബുല്‍ഫത്താഹ് എന്ന നേതാവിനെ ബ്രദര്‍ഹുഡ് പുറത്താക്കിയത് അബദ്ധമായിരുന്നു. ഇതവരില്‍ ആഭ്യന്തര ശൈഥില്യമുണ്ടാക്കി. ഈജിപ്‌തിന്റെ സങ്കീര്‍ണമായ പ്രക്ഷുബ്‌ധാവസ്ഥയില്‍ കൃത്യമായ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ നടത്തുന്നതില്‍ ബ്രദര്‍ഹുഡ് വീഴ്‌ചവരുത്തി. ഈ പാളിച്ചയാകട്ടെ അവരനുഭവിച്ച മര്‍ദ്ദിതാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. പാലിക്കാന്‍ പറ്റാത്ത ഒട്ടുവളരെ വാഗ്‌ദാനം നല്‍കിയാല്‍ അതുവഴി ജനരോഷത്തിന് പാത്രീഭവിക്കപ്പെടുമെന്ന യാഥാര്‍ഥ്യം അവര്‍ക്ക് തിരിച്ചറിയാനായില്ല. കോപ്‌റ്റിക് ക്രിസ്‌ത്യാനികളും ലിബറലുകളും സെക്കുലറിസ്റ്റുകളും ബ്രദര്‍ഹുഡ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചതായി കരുതിയ ഇസ്‌ലാമിക രാഷ്‌ട്രത്തെക്കുറിച്ച് ആശങ്കയിലുമായിരുന്നു.
നിറം പിടിപ്പിച്ച മാധ്യമ പ്രതിനിധാനത്തിലൂടെ ഇത്തരം ആശങ്കകള്‍ വളരെ തീഷ്‌ണമായി മാറി. മുര്‍സി ഭരണകാലത്തെ പെട്രോളിന്റെ ദൗര്‍ലഭ്യം, വൈദ്യുതികട്ട് പോലുള്ള പ്രശ്‌നങ്ങള്‍ എത്ര പെട്ടെന്നാണ് പട്ടാള അട്ടിമറിക്ക് ശേഷം അപ്രത്യക്ഷമായത്! മുര്‍സി വിരുദ്ധ പ്രക്ഷോഭത്തെ പരമാവധി പൊലിപ്പിച്ച മീഡിയ, മുര്‍സി അനുകൂലികളുടെ കൂട്ടത്തില്‍ ബ്രദര്‍ഹുഡ്‌കാരല്ലാത്തവരുണ്ടായിരുന്നുവെന്നത് ബോധപൂര്‍വം മറച്ചുപിടിക്കുകയും ചെയ്‌തു. രാഷ്‌ട്രം നേരിടുന്ന ഏറ്റവും അടിയന്തിരപ്രശ്‌നം സാമ്പത്തികമാണെന്ന കൃത്യമായ തിരിച്ചറിവ് ബ്രദര്‍ഹുഡ് പുലര്‍ത്തിയുമില്ല.
മുര്‍സി ഭരണകൂടം ചെയ്‌ത വിഡ്‌ഢിത്തങ്ങളിലൊന്ന് സുഊദി അറേബ്യ, ഇറാന്‍, തുര്‍ക്കി, ഈജിപ്‌ത് എന്നിവ ഒരുമിച്ച് ചേര്‍ന്ന് സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് പരിഹാരം കാണണമെന്ന ശക്തമായ നിര്‍ദേശത്തില്‍ നിന്ന് എതിര്‍പ്പിനെ തുടര്‍ന്ന് ഝടുതിയില്‍ പിന്മാറിയാണ്. ഒരു സര്‍വാധിപത്യരാഷ്‌ട്രം രൂപീകരിക്കുകയാണ് ബ്രദര്‍ഹുഡിന്റെ ലക്ഷ്യമെന്ന് തന്റെ ഇടതുപക്ഷ സുഹൃത്തുക്കള്‍ പറയുന്നതിനോട് തലാല്‍ യോജിക്കുന്നില്ല. അവര്‍ക്കൊരു സായുധ വിഭാഗം പോലുമില്ല എന്ന് ഇടതുപക്ഷക്കാരെ തലാല്‍ ഓര്‍മിപ്പിച്ചു.
ഈജിപ്‌തിലെ ദേശീയ സമ്പദ്‌ഘടനയുടെ 40 ശതമാനത്തോളം നിയന്ത്രിക്കുന്നത് സൈന്യമാണ്. അമേരിക്കയുമായി സാമ്പത്തിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സൈന്യം, അവസരം പാര്‍ത്തിരുന്നുകൊണ്ട് ജനകീയ പ്രക്ഷുബ്‌ധാവസ്ഥ തന്ത്രപൂര്‍വം മുതലെടുക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യം ഭാഗികമായി നേടിയെടുത്ത സൈന്യം, ബ്രദര്‍ഹുഡിനെ മാത്രമായി ടാര്‍ജറ്റ് ചെയ്യുന്നത് ജനകീയ ഐക്യത്തെ ഛിദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പാശ്ചാത്യവത്‌കരിക്കപ്പെട്ട ആധുനിക ബൗദ്ധികലോകത്ത് ഇസ്‌ലാമിന്റെ ആത്മാവ് ഉള്‍ക്കൊണ്ട്, മധ്യമ നിലപാട് പുലര്‍ത്തുന്ന പ്രശസ്‌തനായ ചിന്തകനും ഗ്രന്ഥകാരനുമാണ് തലാല്‍ അസദ്. മതത്തിന്റെ യാഥാസ്ഥിതിക വത്‌കരണത്തെ ശക്തമായി എതിര്‍ത്തും അമിതമായ ഉദാരവാദത്തെ തള്ളിയും തന്റെ നിലപാടുകള്‍ വ്യക്തതയോടെ അവതരിപ്പിക്കുന്ന തലാല്‍ അസദ്, ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന മുസ്‌ലിം ബുദ്ധിജീവികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു.
0 comments: