ജിന്ന് ബാധ തിരിച്ചറിയാനുള്ള മാര്‍ഗമെന്ത്?
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
കെകെ സകരിയ്യാ സ്വലാഹി എഴുതുന്നു: പിശാചാണ് ഒരാളുടെ രോഗത്തിന് കാരണമായതെന്ന് ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നബി(സ)യല്ലാത്തവര്‍ക്കും റുഖ്‌യ നടത്തി പരിചയിച്ചവര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും.'' (അല്‍-ഇസ്വ്‌ലാഹ് മാസിക, ജൂലൈ 2013, പേജ് 20, ബാധ തിരിച്ചറിയലും റുഖ്‌യ നടത്തലും പ്രവാചകന് മാത്രമോ?)
ഇദ്ദേഹം എഴുതുന്നത്, മറ്റു കാരണങ്ങളാല്‍ ഉണ്ടായ രോഗങ്ങളില്‍ നിന്നും പിശാച് ബാധ മൂലം ഉണ്ടായ രോഗം തിരിച്ചറിയുമെന്നും അതിനുള്ള മാര്‍ഗം ലക്ഷണങ്ങളാണെന്നും ഈ ലക്ഷണങ്ങള്‍ പരിചയത്തിലൂടെയാണ് തിരിച്ചറിയുക എന്നുമാണ്. ഇദ്ദേഹം ഇതിന് മുമ്പ് വാദിച്ചിരുന്നത് ഭൗതിക ചികിത്സ പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ ജിന്ന് ബാധ മുഖേന ഉണ്ടായതാണെന്ന് വിചാരിക്കണം എന്നതായിരുന്നു.
ഇദ്ദേഹം എഴുതുന്നു: ``ജിന്ന് ബാധയുണ്ടെന്ന് ബോധ്യപ്പെട്ട ഒരു വ്യക്തിയോട് ഭൗതിക ചികിത്സകളെല്ലാം നിഷ്‌ഫലമായ ഘട്ടത്തില്‍ അയാളുടെ അടുത്ത് പോയി നോക്കാവുന്നതാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ജിന്ന് ബാധയേറ്റവരെ ചികിത്സിക്കുന്നത് കൊണ്ടുമാത്രം അയാള്‍ (ഹിഫ്‌സുര്‍റഹ്‌മാന്‍) സലഫിയ്യത്തില്‍ നിന്നും പുറത്തുപോകുകയില്ല.'' (കെ കെ സകരിയ്യ സ്വലാഹി, കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതിക്ക് സമര്‍പ്പിച്ച കത്തില്‍ നിന്ന,് പേജ് 5)
ഒരു കാലത്ത് ഭൗതിക ചികിത്സ പരാജയപ്പെട്ട പല രോഗങ്ങള്‍ക്കും പില്‍ക്കാലത്ത് മരുന്നു കണ്ടുപിടിക്കുകയും രോഗകാരണം അജ്ഞാതമായ പല രോഗങ്ങളുടെയും രോഗകാരണങ്ങള്‍ ശാസ്‌ത്രം കണ്ടുപിടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ന് പല രോഗങ്ങള്‍ക്കും ശാസ്‌ത്രം മരുന്നു കണ്ടുപിടിച്ചിട്ടില്ല. അപ്പോള്‍ ഒരു രോഗത്തിന് ഭൗതിക ചികിത്സ കണ്ടുപിടിക്കാത്ത കാലത്തു ആ രോഗങ്ങള്‍ ഉണ്ടാക്കിയത് പിശാചാണ്; മരുന്നു കണ്ടുപിടിച്ചാല്‍ പിശാച് ഉണ്ടാക്കിയതുമല്ല; രോഗ കാരണം അജ്ഞാതമായ കാലം വരെ ആ രോഗം ഉണ്ടാക്കിയതു പിശാചാണ്. രോഗകാരണം മനസ്സിലാക്കിയാല്‍ പിശാച് ഉണ്ടാക്കിയതുമല്ല. നബി(സ)യുടെ കാലത്ത് ഭൗതിക ചികിത്സ കണ്ടുപിടിക്കാത്ത പല രോഗങ്ങള്‍ക്കും ഇന്ന് ഭൗതിക ചികിത്സ കണ്ടുപിടിച്ചു. അപ്പോള്‍ പ്രസ്‌തുത രോഗങ്ങള്‍ നബി(സ)യുടെ കാലത്ത് ജിന്ന് ബാധമൂലവും ഇന്ന് ജിന്ന്‌ബാധ മൂലമല്ലാതായിത്തീരുന്നു.
നബി(സ)ക്ക് ഒരു സ്‌ത്രീ വിഷം കൊടുത്തതിനാല്‍ അതിന്റെ ശല്യം മരണം വരെ ഉണ്ടായിരുന്നുവെന്ന് പറയുന്നു (ബുഖാരി). ഇവിടെ ഭൗതിക ചികിത്സ പരാജയപ്പെടുകയുണ്ടായി. ഈ രോഗം പിശാച് ഉണ്ടാക്കിയതാണെന്നാണോ? പിശാച് ഈ സ്‌ത്രീയുടെ രൂപത്തില്‍ വന്നു വിഷം കലര്‍ത്തിയ ആടിന്റെ മാംസം നല്‌കിയതാണോ? നബി(സ)ക്ക് ബാധിച്ച പനിയില്‍ പിശാചിന്റെ പങ്ക് എന്തായിരുന്നു?
സലമത്ത്(റ) പറയുന്നു: ഖൈബര്‍ യുദ്ധത്തില്‍ എനിക്കൊരു വെട്ടേറ്റു. ജനങ്ങള്‍ സലമത്ത് നശിച്ചു എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ നബി(സ)യെ സമീപിച്ചു. നബി(സ) ആ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. പിന്നീടതിനു ഇതുവരെ ഒരു രോഗവും ബാധിച്ചിട്ടില്ല (ബുഖാരി) ശരീരത്തിന് മുറിവ് പറ്റിയാലും എല്ല് മുറിഞ്ഞാലും ഇതുപോലെ റുഖ്‌യ ശറഇയ്യ കൊണ്ടു ഹിഫ്‌സുര്‍റഹ്‌മാന്റെ അടുത്തു ചെന്നാല്‍ സുഖം പ്രാപിക്കുമോ? ഭൗതികചികിത്സ കൊണ്ട് സുഖപ്പെടാത്ത അന്ധതയും അംഗവൈകല്യങ്ങളും ബധിരതയും മറ്റും ഉണ്ട്. ഇവ പിശാച് മുഖേന ഉണ്ടായതാണോ? ഹിഫ്‌സുര്‍റഹ്‌മാന്റെ അടുത്തുള്ളവര്‍ക്ക് ചികിത്സയുണ്ടോ? എയ്‌ഡ്‌സ്, പേവിഷ ബാധ പോലെയുള്ള രോഗത്തിന് ഭൗതിക ചികിത്സയില്ല. ഇവ പിശാച് ഉണ്ടാക്കിയതാണോ? നിങ്ങള്‍ നിര്‍ദേശിച്ചയാളുടെ അടുത്തു ഇവയ്‌ക്ക് ചികിത്സയുണ്ടോ? ഏതു രോഗത്തിനാണ് ഇയാളുടെ അടുത്തു ചികിത്സയുള്ളത്? അപസ്‌മാരരോഗം ഇയാളെ സമീപിച്ചാല്‍ സുഖപ്പെടുമോ?
പരിചയം കൊണ്ട് ലക്ഷണങ്ങള്‍ മനസ്സിലാക്കി പിശാച് ബാധ മുഖേന ഉണ്ടായ രോഗം തീരുമാനിക്കാന്‍ ഹിഫ്‌സുര്‍റഹ്‌മാന് സാധിക്കുമെന്ന് സകരിയ്യ സ്വലാഹി പറയുന്നു.
എന്റെ പിതാവ് എ അലവി മൗലവിക്ക് കിതാബ് തിരിയുമെന്ന് മുസ്‌ലിയാക്കന്മാര്‍ വരെ സമ്മതിക്കാറുണ്ട്. പിതാവിന് പിശാച് ബാധമൂലം ഉണ്ടായ രോഗത്തെ തിരിച്ചറിയുവാന്‍ പരിചയം ഉണ്ടായിരുന്നില്ല. മതവിധി അറിയുവാന്‍ പല പണ്ഡിതന്മാരും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഇദ്ദേഹത്തേക്കാള്‍ എന്തു പരിചയമാണ് ഈ വിഷയത്തില്‍ ഹിഫ്‌സുര്‍റഹ്‌മാനു ലഭിച്ചത്. പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പ് പല വിഷയങ്ങള്‍ ചോദിച്ചുകൊണ്ട് സക്കരിയ്യ സ്വ ലാഹി തന്നെ എന്നെ സമീപിച്ചിരുന്നു. പക്ഷേ, ഒരൊറ്റ രോഗിയും എന്നെ സമീപിച്ചിരുന്നില്ല. മുന്‍കഴിഞ്ഞുപോയ മുജാഹിദ് പണ്ഡിതന്മാരില്‍ നിന്ന് ആര്‍ക്കെല്ലാമായിരുന്നു പരിചയത്തിലൂടെ പിശാച് ബാധമൂലം ഉണ്ടായ രോഗത്തെ തിരിച്ചറിയുമായിരുന്നത്? ഈ പരിചയം എങ്ങനെയാണ് ലഭിക്കുക? ഇതൊന്ന് സകരിയ്യ സ്വലാഹി വിവരിച്ചുതരുമോ? ഹിഫ്‌സുര്‍റഹ്‌മാനോട് ഇതു വിവരിക്കുന്ന ലേഖനം എഴുതാന്‍ നിര്‍ദേശിക്കുമോ? പിശാച് ഉണ്ടാക്കിയ രോഗത്തെ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ വിവരിച്ച് സകരിയ്യ സ്വലാഹി ഒരു പുസ്‌തകം കൂടി എഴുതുമോ? അതല്ല ഇതു രഹസ്യമാക്കി വെക്കേണ്ടതായ അറിവാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
പിശാചിന്റെ എല്ലാതരം ബാധയും അല്ലാഹു എന്ന ചിന്തയുണ്ടായാല്‍ വിട്ടുമാറുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രസ്‌താവിക്കുന്നു (ഉദാ: അഅ്‌റാഫ് 201) ഈ സൂക്തങ്ങളുടെ മുന്നില്‍ പിശാചിനെ ഇറക്കുവാന്‍ വേണ്ടി ഇവര്‍ ചെയ്യുന്ന റുഖ്‌യ ശറഇയ്യക്ക് എന്ത് പ്രസക്തിയാണുള്ളത്? തല്ലിയാല്‍ ഇറങ്ങുന്ന സാധനമാണോ പിശാച്? ഇത് ഏത് ഹദീസിലാണ് പ്രസ്‌താവിച്ചത്? ബാങ്കിന്റെ ശബ്‌ദം കേട്ടാല്‍ പിശാച് ഓടിയൊളിക്കുമെന്ന് നബി(സ) പറയുന്നു (ബുഖാരി). അപ്പോള്‍ റുഖ്‌യ ശറഇയ്യ എന്ന നിലക്ക് രോഗിയുടെ അടുത്തുവെച്ച് ബാങ്ക് വിളിക്കുകയല്ലേ ചെയ്യേണ്ടത്? ഇതും ചികിത്സയുടെ ഇനമായി നിങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ? വസൂരിക്കെതിരെ പണ്ട് കൂട്ടബാങ്ക് വിളിച്ചിരുന്നല്ലോ. ആ വിവരക്കേട് പുനരുജ്ജീവിപ്പിക്കുകയാണോ?
റുഖ്‌യ ശറഇയ്യ: എന്ന പേരില്‍ ഏതാനും ചില വ്യക്തികള്‍ ചെയ്യുന്ന ചികിത്സ വഞ്ചനയും ചതിയുമാണെന്നും അതില്‍ യാഥാര്‍ഥ്യമില്ലെന്നും അവരുടെ തന്നെ മനസ്സാക്ഷി പറയുന്നില്ലേ? ജിന്നുവാദികള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചാല്‍ ഈ ചികിത്സകൊണ്ട് മതിയാക്കുമോ? റുഖ്‌യ ശറഇയയുടെ കൂടെ ഭൗതികചികിത്സയും ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടോ? നബി(സ)യേക്കാള്‍ റുഖ്‌യ ശറഇയ്യ അറിയുന്നവര്‍ ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നു എന്നതാണ് മറുപടിയെങ്കില്‍ റുഖ്‌യ ശറഇയ്യ ഭൗതികമായ വിഷയമാണോ? അതല്ല മതപരമായ വിഷയമോ?
നബി(സ)യേക്കാള്‍ മതവിഷയം മറ്റുള്ളവര്‍ അറിഞ്ഞിരുന്നുവോ? നബി(സ) മറ്റുള്ളവരെക്കൊണ്ട് തനിക്ക് കൊമ്പ് വെപ്പിക്കുകയും കൊമ്പ് വെച്ചവന് കൂലി കൊടുക്കുകയും ചെയ്‌തത് ഹദീസുകളില്‍ കാണുന്നു. എന്നാല്‍ റുഖ്‌യ ശറഇയ്യ മറ്റുള്ളവരെ കൊണ്ട് നബി(സ) തനിക്കോ ഭാര്യമാര്‍ക്കോ ചെയ്യിപ്പിച്ചത് ഹദീസിലുണ്ടോ? രോഗമായാല്‍ ചികിത്സിക്കാനും അല്ലാഹുവിനോടു രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കാനും നബി(സ) നിര്‍ദേശിക്കുന്നു. ഈ പ്രാര്‍ഥനയ്‌ക്ക് റുഖ്‌യ ശറഇയ്യ എന്നു പറയുമോ? ഇവിടെ പരിചയത്തിന്റെ പ്രശ്‌നം എന്താണ്? പിശാച് ബാധ മുഖേന ഉണ്ടായ രോഗത്തിന് മാത്രമാണോ റുഖ്‌യ ശറഇയ്യാ നടത്തേണ്ടത്? മറ്റു രോഗങ്ങള്‍ക്ക് ഇത് ഉണ്ടോ? നബി(സ) പറഞ്ഞിട്ടുണ്ടോ റുഖ്‌യ ശറഇയ്യ നടത്തേണ്ടത് പിശാച് കൂടിയ രോഗത്തിനാണെന്ന്? ഭൗതികരോഗത്തിന് നബി(സ) റുഖ്‌യ ശറഇയ്യാ നടത്തിയിട്ടുണ്ടോ?
വെട്ടേറ്റ സലമത്തിനെ നബി(റ) സുഖപ്പെടുത്തിയത് റുഖിയ്യ ശറഇയ്യ ആണോ? ഇത് പിശാച് ബാധ മുഖേന ഉണ്ടായതായിരുന്നുവോ? കാന്‍സര്‍ രോഗം, കിഡ്‌നി നശിക്കല്‍, ലിവര്‍ മുറിയല്‍, ശ്വാസതടസ്സം ഉണ്ടാവല്‍, മൂത്രതടസ്സം, പനി, ജലദോഷം, മന്ത് രോഗം, കോളറ, വസൂരി, തലവേദന, പല്ലുവേദന, കണ്ണിന്റെയും ചെവിയുടെയും ശക്തി നഷ്‌ടപ്പെടല്‍, അകാല നര ബാധിക്കല്‍ മുതലായ രോഗങ്ങളില്‍ പിശാചിന്റെ പങ്ക് എത്രത്തോളമാണ്? ഇത്തരം രോഗങ്ങള്‍ക്ക് റുഖ്‌യ ശറഇയ്യ ഉണ്ടോ? ഇന്ന് ഭൂരിപക്ഷം മനുഷ്യരെയും ബാധിച്ച രോഗമാണ് പ്രമേഹം. ഇതിന് റുഖ്‌യ ശറഇയ്യ ചികിത്സയുണ്ടോ?!!
0 comments: