മാപ്പിളമാരുടെ പാട്ടും പെരുന്നാളും
- അഭിമുഖം -
വി എം കുട്ടി
മലയാള ഭാഷയിലെ ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡ് മാപ്പിളപ്പാട്ടിലാണ്. 1925 ലാണത്. മാപ്പിളമാര്‍ക്ക് മാത്രമല്ല, മലയാളക്കരയിലെ എല്ലാവരുടെയും പ്രിയങ്കര മാണ് മാപ്പിളപ്പാട്ടുകള്‍. ആറ് പതിറ്റാണ്ടിലധികമായി മാപ്പിളപ്പാട്ട് രംഗത്തുള്ള വി എം കുട്ടി ഇശ ലുകളെ കോര്‍ത്തെടുത്ത മാപ്പിളപ്പാട്ടിന്റെ അതികായനാണ്. മാപ്പിളപ്പാട്ടിന്റെ മഴ നനഞ്ഞുകൊണ്ടിരിക്കുന്ന വി എം കുട്ടിക്ക്, ഇത് ജീവനോപാധിയല്ല, മറിച്ച് ജീവിതം തന്നെയാണ്.
കച്ചവടക്കാരനായ വടക്കാങ്ങര ഉണ്ണീന്‍കുട്ടി മുസ്‌ല്യാരുടെയും കാരാടിലെ ചെറു പാലക്കാട്ട് കുടുംബാംഗം താച്ചുക്കുട്ടിയുടെയും മകനായി 1935 ല്‍ ജനനം. വൈദ്യപാരമ്പര്യമുള്ള കുടംബമായിരുന്നു ഉപ്പയുടേത്. കച്ചവടവും വൈദ്യവും സമ്മിശ്രമായ പുളിക്കലെ തറവാട് വീട്ടില്‍ നിന്ന് മാപ്പിള മനസ്സിലേക്ക് ഒരാള്‍ നടന്നടുക്കുകയായിരുന്നു. അക്കാലത്തെ ആഘോഷങ്ങളില്‍ പതിവായുണ്ടായിരുന്ന പാട്ടുകള്‍ ഹൃദിസ്ഥമാക്കിയ പാണ്ടികശാല ഫാത്തിമകുട്ടിയില്‍ നിന്ന് മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്നുവാങ്ങി. വീടിനു മുമ്പിലുണ്ടായിരുന്ന വയലിലെ വേലക്കാരും തറവാട് വീട്ടിലെ ജോലിക്കാരും ഉറക്കെപ്പാടുന്ന പാട്ടുകള്‍ കേട്ടാണ് വി എം കുട്ടി വളര്‍ന്നത്. ഹരിജനങ്ങളുടെ ചവിട്ടുകളിയും കോല്‍ക്കളിയും പരിചമുട്ടും ആ ഈണത്തിന് പുതിയ ഭാവങ്ങള്‍ നല്‍കി. 5-ാം തരം വരെ പുളിക്കല്‍ എ എം എല്‍ പി സ്‌കൂളിലായിരുന്നു. പിന്നീട് കൊണ്ടോട്ടി ഗവ സ്‌കൂളില്‍. മോയിന്‍ കുട്ടി വൈദ്യരുടെ മകന്‍ അഹ്‌മദ് കുട്ടി വൈദ്യരുടെ സമകാലീനരായ പാട്ടുകാര്‍ക്കിടയിലായിരുന്നു കൊണ്ടോട്ടിയിലെ പഠനകാലം. ബീഡിതെറുപ്പുകാര്‍ പാടുന്ന മാപ്പിളത്തനിമയുള്ള പാട്ടുകള്‍ എഴുതിയെടുക്കാന്‍ ആ ബാലന്‍ കൊണ്ടോട്ടി അങ്ങാടിയില്‍ എത്തുക പതിവായി മാറി. ഫറോക്ക് ഗവ.ഹൈസ്‌കൂളില്‍ നിന്ന് 1954 ല്‍ എസ് എസ് എല്‍ എസി പാസ്സായി. സ്‌കൂളിന്റെ വാര്‍ഷികയോഗത്തില്‍ ഉച്ചഭാഷിണിയിലൂടെ മാപ്പിളമാരുടെ പാട്ട് ഉറക്കെ കേള്‍പ്പിച്ചപ്പോള്‍ അതൊരു പുതിയ അനുഭവമായിരുന്നു നാട്ടുകാര്‍ക്ക്.
കല്യാണ പന്തലുകളില്‍ കേട്ടു ശീലിച്ച സ്വരമാധുര്യം ഈണത്തിന്റെ പുതിയ ഭാവങ്ങള്‍ കീഴടക്കുകയായിരുന്നു. അവിടന്നങ്ങോട്ട് ഇന്നുവരെ വി എം കുട്ടി വിശ്രമിച്ചിട്ടില്ല, നാട്ടിലും വിദേശത്തുമായി എണ്ണയാലൊടുങ്ങാത്ത സ്റ്റേജ് പരിപാടികള്‍, നിരവധി ബഹുമതികള്‍, അംഗീകാരങ്ങള്‍. മാപ്പിളപ്പാട്ടിന്റെ കൂടെ സഞ്ചരിച്ച പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനവും വായനയുടെ ആഴവും നിരവധി പുസ്‌തകങ്ങളുടെ രചനക്കുകൂടി കാരണമായി. മാപ്പിളപ്പാട്ടിന്റെ ലോകം, ഇശല്‍ നിലാവ്, മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍, മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍, ഒപ്പന എന്ന വട്ടപ്പാട്ട് തുടങ്ങിയവ കൃതികളാണ്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം തുടങ്ങിയവക്ക് അര്‍ഹനായിട്ടുണ്ട്.
പുളിക്കലെ മാപ്പിളപ്പാട്ടിന്റെ കെസ്സുകള്‍ പെയ്‌തിറങ്ങുന്ന `ദാറുസ്സലാ'മിലിരുന്ന് മാപ്പിള നാട്ടിലെ പാട്ടിനെക്കുറിച്ചും പെരുന്നാളിനെക്കുറിച്ചും ശബാബ് വായനക്കാരുമായി വി എം കുട്ടി സംസാരിക്കുന്നു.
മുസ്‌ലിം സമൂഹത്തിലെ ആഘോഷങ്ങളെ ഇതിവൃത്തമാക്കിക്കൊണ്ട് നിരവധി മാപ്പിളപ്പാട്ടുകളും മറ്റും ഉണ്ടായിരുന്നല്ലോ? ബലി പെരുന്നാളും ഇബ്‌റാഹീം നബിയുടെ ഓര്‍മകളും ഇത്തരത്തില്‍ പാട്ടുകളില്‍ വന്നിട്ടുണ്ട്.
മുസ്‌ലിം സമൂഹത്തില്‍ മാത്രമല്ല, കേരളത്തിന്റെ സാമൂഹിക ചരിത്രം പരിശോധിച്ചാല്‍ വിവിധ സമുദായങ്ങളില്‍ ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി പാട്ടുകള്‍ കാണാന്‍ സാധിക്കും. കല്ല്യാണപ്പാട്ടുകള്‍ വളരെ സജീവമായിരുന്നല്ലോ? പാട്ടുകാരുടെ ഒഴിവനുസരിച്ചാണ് കല്ല്യാണങ്ങള്‍ തീരുമാനിച്ചിരുന്നത്. വടക്കന്‍ മലബാറില്‍ പാട്ടുകാരില്ലാത്ത കല്ല്യാണങ്ങളേയില്ല. ക്ഷണിക്കപ്പെട്ട അതിഥികളെ വീട്ടുപടിക്കല്‍ ചെന്ന് പാട്ടുപാടി എതിരേല്‍ക്കണം. അങ്ങനെയായിരുന്നു അവിടുത്തെ സ്ഥിതി. മണിക്കൂറുകളോളം പാടാന്‍ തക്ക രൂപത്തില്‍ ഹൃദിസ്ഥമാക്കിയ പാട്ടുകാരുണ്ടായിരുന്നു. എന്റെ ഉമ്മയുടെ അനിയത്തിയുടെ മകള്‍ ഫാത്തിമക്കുട്ടി ഇത്തരം കല്ല്യാണപ്പാട്ടുകള്‍ ധാരാളം ഹൃദിസ്ഥമാക്കിയിരുന്നു. അവരാണ് എന്നെ ആദ്യമായി ഒരു പാട്ട് പഠിപ്പിക്കുന്നത്. ഹൈദര്‍ പുലിക്കോട്ടിലിന്റെ കാളപൂട്ട് ആഘോഷവുമായി ബന്ധപ്പെട്ട ഒരു പാട്ട്. എന്റെയൊക്കെ ചെറുപ്പത്തില്‍ ഇങ്ങനെ നിരവധി ആഘോഷപ്പാട്ടുകള്‍ കേട്ടിരുന്നു. ഇവയില്‍ മിക്കവയും സാമൂഹിക വിമര്‍ശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നവയാണ്. പെരുന്നാളും ഇബ്‌റാഹീം നബിയുടെ ഓര്‍മകളും ഇതിവൃത്തമായി വരുന്ന പി ടി അബ്‌ദുര്‍റഹ്‌മാന്റെ പാട്ട് ആദ്യകാലത്തെ എന്റെ പാട്ടുകളില്‍ പെട്ടതാണ്.
ഉടനെ കഴുത്തന്റെതറുക്കൂ ബാപ്പാ
ഉടയോന്‍ തുണയില്ലേ നമുക്ക് ബാപ്പാ
ഉടയോന്‍ തുണയില്ലേ നമുക്ക് ബാപ്പാ
പി ടി അബ്‌ദുര്‍റഹ്‌മാന്റെ ഈ പാട്ട് 1978 ലാണ് ഞാനും വടകര കൃഷ്‌ണദാസും വിളയില്‍ ഫസീലയുമടങ്ങുന്ന സംഘം പാടുന്നത്. അബുദാബിയില്‍ വെച്ചാണ് അരങ്ങേറ്റം കുറിച്ചത്. നാട്ടില്‍ ഇത് വലിയ ഹിറ്റായി. ഇബ്‌റാഹീം നബിയെ ഏക ഇലാഹിന്‍ അരികെ വിളിക്കുന്നേ... എന്നു തുടങ്ങുന്ന പാട്ടും അക്കാലത്തെ പെരുന്നാള്‍ പാട്ടുകളില്‍ പ്രധാനമാണ്. കല്ല്യാണവും അതിനോടനുബന്ധിച്ച ചടങ്ങുകളിലുമാണ് നിരവധി പാട്ടുകള്‍ രൂപം കൊണ്ടിരുന്നത്.
വിവിധ സമുദായങ്ങളുടെ വ്യത്യസ്‌ത ആഘോഷങ്ങളും പാട്ടുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതിന്റെ സ്വാധീനം മാപ്പിളപ്പാട്ടുകളില്‍ എങ്ങനെയായിരുന്നു?
ഹിന്ദുക്കളുടെ ഇടയിലുള്ള അപ്പപ്പാട്ട്, ക്രിസ്‌ത്യാനികളുടെ ഇടയിലെത്തുമ്പോള്‍ അടച്ചുതുറപ്പാട്ടാകുന്നു. അത് മുസ്‌ലിംകള്‍ക്കിടയില്‍ എത്തുമ്പോള്‍ അറബിപ്പാട്ടാകുന്നു. സമുദായങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷവും ആഘോഷങ്ങളുടെ തനിമയും ഈ പാട്ടുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവും. മൈലാഞ്ചിപ്പാട്ട് എല്ലാ സമുദായങ്ങള്‍ക്കുമിടയിലുള്ള ഒന്നായിരുന്നു.
ആദിപെരിയോവന്‍ അമിത്ത മൈലഞ്ചി
അദമന്ന് സുവര്‍ഗത്തലുള്ള മൈലാഞ്ചി
അദമന്ന് സുവര്‍ഗത്തലുള്ള മൈലാഞ്ചി
ഈ മൈലാഞ്ചിപ്പാട്ടിനു സമാനമായ ഈണത്തില്‍ ക്രിസ്‌ത്യാനികളുടെ ഇടയിലും മൈലാഞ്ചിപ്പാട്ടുണ്ട്. ദലിതരുടെ ഇടയില്‍, അതുപോലെ മഞ്ഞളി-കാകളി പോലുള്ള വൃത്തങ്ങളിലും ഒപ്പനപ്പാട്ട് ഉണ്ടായിട്ടുണ്ട്.
കല്ലിടുമ്പിലെ ഞണ്ടേ
കല്ല്യാണത്തിന് പോണ്ടേ
കല്ലേം വളേം വേണ്ടേ
കല്ല്യാണത്തിന് പോണ്ടേ
കല്ലേം വളേം വേണ്ടേ
ഇത് ദളിതര്‍ക്കിടയില്‍ നിലനിന്നിരുന്ന മൈലാഞ്ചിപ്പാട്ടാണ്. കഫീഫ് വൃത്തത്തില്‍ പെട്ട ഇതിന്റെ ഈണവും നേരത്തെ പറഞ്ഞ പാട്ടിനോട് സാമ്യമുള്ളതാണ്. അറബിയിലെ ത്വവീല്‍, മദീദ് പോലുള്ള വൃത്തങ്ങളില്‍ നിരവധി മാപ്പിളപ്പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്‌ത്യന്‍ സമൂഹത്തിലും കല്ല്യാണത്തലേന്ന് ഒപ്പന പാടി പുതുനാരിയെ ആനയിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് മാപ്പിള സമൂഹത്തില്‍ കാണുന്ന നിരവധി ഒപ്പനപ്പാട്ടുകളുടെ ഈണത്തിന് ഇവയുമായി സാമ്യമുണ്ട്. നാടോടി വൃത്തങ്ങളിലാണ് മാപ്പിളപ്പാട്ടുകള്‍ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെ വ്യത്യസ്‌ത ഇശലുകളുമുണ്ട്. പാരമ്പര്യമായി കേട്ടു ആസ്വദിച്ചുപോരുന്ന ഇശലുകളില്‍ രചന നിര്‍വഹിക്കുമ്പോള്‍ മാത്രമേ അവ മാപ്പിളപ്പാട്ട് ആകുന്നുള്ളൂ.
മാപ്പിളപ്പാട്ടുകള്‍ ഫോക്‌ലോറിന്റെ ഭാഗമാക്കിയിരിക്കുന്നത് അതുകൊണ്ടായിരിക്കാം, അല്ലേ?
അതെ. നാടോടി കലകളുടെ ഭാഗമാണ് മാപ്പിളപ്പാട്ട്. വര്‍ഷങ്ങളായി നാട്ടുകാരുടെ ഇടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈണങ്ങളും ഇശലുകളുമുണ്ട്. അവ പല സംസ്‌കാരങ്ങളില്‍ നിന്ന് വന്നതാവും, ഉദാഹരണത്തിന് വയലില്‍ നെല്ലു കൊയ്യുന്നവരുടെ ഞാറ്റുവേലപാട്ട്, അതിന്റെ ഈണങ്ങള്‍ മാപ്പിളപ്പാട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന് പരിചിതമല്ലാത്ത ഇശലുകളില്‍ രചിക്കപ്പെട്ടതിനെ മാപ്പിളപ്പാട്ടെന്ന് വിളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് ഞാന്‍ മുമ്പ് കൈരളി ചാനലിലെ പട്ടുറുമാല്‍ പരിപാടിയുമായി അഭിപ്രായ വ്യത്യാസമുണ്ടായത്.
മാപ്പിളപ്പാട്ടിലെ ആദ്യത്തെ ഗായക സംഘം നിങ്ങളുടേതായിരുന്നല്ലോ? അതിന്റെ പിറവി എങ്ങനെയാണ്?
ഞാന്‍ രാമനാട്ടുകരയില്‍ ബേസിക് ട്രെയിനിംഗിന് പഠിക്കുന്ന കാലത്താണ് ആകാശവാണിയില്‍ `നാട്ടിന്‍ പുറം' പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിന്‍സിപ്പാള്‍ കൂടിയായ രാജേട്ടന്‍ എന്നോടാവശ്യപ്പെടുന്നത്. അത് 1955 ലാണ്. അന്ന് ആകാശവാണിയിലുണ്ടായിരുന്നത് തിക്കോടിയന്‍, കെ എം, ഉറൂബ് തുടങ്ങിയ പ്രഗത്ഭരാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഹാര്‍മോണിയം ഉപയോഗിച്ച് മൈക്കിന്റെ മുന്നില്‍ നിന്ന് പാടിയിരുന്നു. അന്നൊക്കെ ഉച്ചഭാഷിണി ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. പിന്നീട് 1957 ല്‍ പുളിക്കല്‍ കലാസമിതി എന്ന പേരില്‍ ഒരു സംഘമുണ്ടാക്കി. അന്ന് ഹിന്ദു സമുദായത്തില്‍ നിന്നു മാത്രമേ പെണ്‍കുട്ടികള്‍ ഈ രംഗത്തേക്കു വന്നിരുന്നുള്ളൂ. അറബി മലയാളത്തിലുള്ള പാട്ടുകള്‍ മലയാളത്തിലെഴുതി അവരെ പഠിപ്പിച്ചു. അങ്ങനെ 1957 ല്‍ മലപ്പുറത്തുവെച്ച് പൊതുജന സദസ്സില്‍ പരിപാടി അവതരിപ്പിക്കാന്‍ ആദ്യമായി അവസരം ലഭിച്ചു. ജനങ്ങള്‍ വളരെ അവേശത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്.
ആകാശവാണിയിലെ നാട്ടിന്‍പുറം പരിപാടിയിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനിടയിലാണ് വിളയില്‍ വത്സലയെ കാണുന്നത്. അവളും പുളിക്കല്‍ തന്നെയുള്ള ആഇശാ സഹോദരിമാരും ഗായക സംഘത്തിലെത്തുന്നതോടെ സംഘത്തിന്റെ മികവ് വര്‍ധിച്ചു. അതോടൊപ്പം പരിപാടികളും വര്‍ധിച്ചു. ഞാന്‍ അന്ന് കൊളത്തൂര്‍ എ എം എല്‍ പി എസ് സ്‌കൂളില്‍ ഹെഡ്‌മാസ്റ്റര്‍ കൂടിയായിരുന്നു. പാട്ടുരംഗത്ത് സജീവമായപ്പോള്‍ 1985 ല്‍ നിര്‍ബന്ധിത വിരമിക്കലിന് അപേക്ഷ നല്‌കി. എണ്‍പതിന്റെ തുടക്കം മുതല്‍ തന്നെ ഗള്‍ഫ് നാടുകളില്‍ പരിപാടികള്‍ക്കായി പോയിരുന്നു. മിക്ക വര്‍ഷങ്ങളിലും ഗള്‍ഫിലെത്താറുണ്ട്. ചില വര്‍ഷങ്ങളില്‍ രണ്ടും മൂന്നും തവണ ഗള്‍ഫ് പരിപാടികളുണ്ടാകും. ഇക്കൊല്ലവും പെരുന്നാളിനോടനുബന്ധിച്ച് വിദേശത്തേക്ക് പോകുന്നുണ്ട്.
പരിപാടികള്‍ക്കു വേണ്ടിയുള്ള യാത്രക്കിടയില്‍ എന്നും ഓര്‍മിക്കുന്ന മുഹൂര്‍ത്തങ്ങളുണ്ടാവുമല്ലോ?
ലക്ഷദ്വീപില്‍ രാജീവ് ഗാന്ധിക്ക് സ്വീകരണം നല്‌കുന്നതിനോടനുബന്ധിച്ച് നടന്ന പരിപാടിയിലേക്ക് എന്റെ സംഘത്തിന് ക്ഷണമുണ്ടായിരുന്നു. അന്ന് രാജീവ് ഗാന്ധിക്കുവേണ്ടി മാത്രമായി ഒപ്പനയും മറ്റും അവതരിപ്പിച്ചിരുന്നു. 1980 ല്‍ ജിദ്ദയിലെ ഇന്ത്യന്‍ എംബസി സ്‌കൂള്‍ നിര്‍മിക്കുന്നതിനുള്ള ധനശേഖരണാര്‍ഥം ഒരാഴ്‌ച നീണ്ടുനില്‌ക്കുന്ന പരിപാടി സംഘടിപ്പിക്കപെട്ടു. അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി വെങ്കട്ടരാമന്‍ നേരിട്ടെത്തി അഭിനന്ദനമറിയിക്കുകയുണ്ടായി.
ആദ്യകാല ഇസ്വ്‌ലാഹി നേതാക്കളുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
മുജാഹിദ് പ്രസ്ഥാനവുമായി ഏറെ ബന്ധമുള്ള നാട്ടിലും കുടുംബത്തിലുമാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. 1948 ല്‍ എടവണ്ണ അലവി മൗലവിയും, എം സി സി സഹോദരന്മാരും പ്രസംഗത്തിന് വന്നാണ് ഇവിടെ മാറ്റമുണ്ടാകുന്നത്. പിന്നെ അറബിക്കോളെജ് സ്ഥാപിച്ചതോടുകൂടി ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് ദ്രുതഗതിയില്‍ വളര്‍ച്ചയുണ്ടായി. അലവി മൗലവിയുടെയും മറ്റും പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും കേള്‍ക്കാന്‍ ഞാന്‍ പോകാറുണ്ടായിരുന്നു. അന്ധവിശ്വാസാനാചരങ്ങളെ എതിര്‍ക്കുക എന്ന നിലപാടില്‍ തന്നെയായിരുന്നു ആദ്യം മുതലേ ഉണ്ടായിരുന്നത്. മൂസ മൗലവിയുടെ നിര്‍ദേശ പ്രകാരം അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ കയ്യെഴുത്ത് പ്രതി പകര്‍ത്തിയ ത് ഞാനാണ്. തൊടികപ്പുലം പള്ളിയില്‍ താമസിച്ചാണ് അത് ചെയ്‌തത്. ആദ്യ പതിപ്പിന്റെ മുഖചിത്രം വരച്ചതും ഞാന്‍ തന്നെയാണ്.
നവോത്ഥാനാശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള നിരവധി മാപ്പിളപ്പാട്ടുകള്‍ ഉണ്ടല്ലോ? പുലിക്കോട്ടില്‍ ഹൈദര്‍, ഉബൈദ് തുടങ്ങിയവരുടെ രചനകള്‍ സാമൂഹിക വിമര്‍ശങ്ങള്‍ ഇതിവൃത്തമായി സ്വീകരിച്ചിരുന്നു.
സാഹിത്യത്തെ സാമൂഹിക നവോത്ഥാനത്തിന് വളരെ മുമ്പ് തന്നെ ഉപയോഗിച്ചിട്ടുണ്ട്. പ്രവാചക ചരിത്രത്തില്‍ തന്നെ ഹസ്സാന്‍ ബിന്‍ സാബിത് അടക്കമുള്ള മികച്ച കവിതകളുണ്ടായിരുന്നു. മാപ്പിളപ്പാട്ടു രചയിതാക്കളും ഇത്തരത്തില്‍ പാട്ടിനെ അന്ധവിശ്വാസാനാചാരങ്ങള്‍ എതിര്‍ക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ഞാന്‍ പാടിയിരുന്ന മിക്ക പാട്ടുകളും ഇത്തരത്തിലുള്ളതായിരുന്നു. കാതുകുത്ത് കല്യാണങ്ങളെക്കുറിച്ചുള്ള പുലിക്കോട്ടിലിന്റെ പാട്ട്, സ്‌ത്രീധനത്തെക്കുറിച്ചുള്ള പുന്നയൂര്‍ക്കുളം ബാപ്പുവിന്റെ പാട്ട്, ടി ഉബൈദ്, ഹലീമ ബീവി, പി ടിഅബ്‌ദുര്‍റഹ്‌മാന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ഉദാഹരണങ്ങളാണ്. പള്ളിക്ക് തീ പിടിച്ചതോ എന്ന ഉബൈദിന്റെ പാട്ടൊക്കെ മികച്ച നവോത്ഥാന സാഹിത്യ കൃതിയാണ്. എന്നാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാപ്പിളപ്പാട്ടിന് പ്രമേയമായിട്ടുണ്ട്.
പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മാപ്പിള സമുദായത്തില്‍ നിലനിന്ന സമ്പ്രദായങ്ങള്‍ ഓര്‍മിക്കാമോ?
പെരുന്നാള്‍ ദിനത്തില്‍ റസൂല്‍(സ) പള്ളിയുടെ പരിസരത്തുവെച്ച് ആയോധനകല ആസ്വദിക്കുകയും ഭാര്യ ആഇശാബീവി കൂടെ നില്‌ക്കുകയും ചെയ്‌തിരുന്നുവെന്നെല്ലാം ചരിത്രത്തിലുണ്ട്. പെരുന്നാളില്‍ മാത്രമായി മാപ്പിളമാര്‍ക്ക് കലകളില്ലെങ്കിലും ദഫ്, കോല്‍ക്കളി പോലുള്ളവ ആഘോഷ വേളകളില്‍ പ്രത്യേകമായി പരിഗണിക്കപ്പെട്ടിരുന്നു. ദഫ് അല്ലെങ്കില്‍ അറബന മുട്ട് അറേബ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒപ്പനയും അതുപോലെ ആഘോഷ വേളകളിലെ ഒന്നാണ്. അതുകൊണ്ട് തന്നെ ഒപ്പനക്കും വട്ടപ്പാട്ടിനും പെണ്ണിന്റെ സാന്നിധ്യം അനിവാര്യമല്ല.
ത്യാഗത്തിന്റെയും അന്ധവിശ്വാസാനാചാരങ്ങളെ നിരസിക്കുന്നതിനുള്ള ദൗത്യത്തിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും ഓര്‍മപ്പെടുത്തലാണല്ലോ ബലി പെരുന്നാള്‍. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു പിന്നില്‍ ഇബ്‌റാഹീം നബിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ചരിത്രമുണ്ട്. മലബാറില്‍ നാം, വിവിധ പാട്ടുകളിലൂടെയും കലകളിലൂടെയുമാണ് ആ ചരിത്രം പുനരാവിഷ്‌കരിച്ചിരുന്നത്. അതുകൊണ്ടാണല്ലോ ഇബ്‌റാഹീം നബിയും ഹാജറ ബീവിയും ജനപ്രിയ ഇതിവൃത്തമായി മാപ്പിളപ്പാട്ടുകള്‍ രചിക്കപ്പെട്ടത്? പുതിയ കാലത്തും ഇബ്‌റാഹീം നബിയുടെ ത്യാഗ-പരീക്ഷണ സ്‌മരണകള്‍ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ.
തയ്യാറാക്കിയത്: സുഫ്‌യാന്‍, മുഹ്‌സിന്‍
0 comments: