മനുഷ്യ നിര്‍മിത വിമോചനദര്‍ശനങ്ങള്‍ പരാജയമാണ്
- പഠനം -
സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍
``എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ വിമോചനത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ എന്നെ നരകത്തിലേക്ക് (വിനാശത്തിലേക്ക്) ക്ഷണിക്കുന്നു.'' (ഖുര്‍ആന്‍ 40:41)
വിശുദ്ധ ഖുര്‍ആനിന്റെ ആദ്യപ്രചാരകനായ പ്രവാചകന്‍ മുഹമ്മദ് നബി(സ) ഖുര്‍ആനുമായി ജനതയെ അഭിമുഖീകരിച്ച് നടത്തിയ വിഖ്യാതമായ പ്രഖ്യാപനമാണിത്. ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന വിമോചന ശാസ്‌ത്രത്തിന്റെ ആകെത്തുകയാണ് ഉപര്യുക്ത വചനം. സമര്‍പ്പണത്തിന്റെ സന്ദേശമായ ഇസ്‌ലാം സമാധാനത്തിന്റെ അംബാസിഡര്‍മാരായിരുന്ന പ്രവാചകരാല്‍ ജനതതികള്‍ക്ക് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അത് കേവലമായ ആത്മീയ ശാസ്‌ത്രമായിരുന്നില്ല. മനുഷ്യ വിമോചനത്തിന്റെ പ്രത്യയശാസ്‌ത്രവും കൂടിയായിരുന്നു. ലോകജനതയുടെ മുമ്പില്‍ വിശുദ്ധഖുര്‍ആന്‍ സമര്‍പ്പിക്കുന്ന വിമോചനദര്‍ശനം മനുഷ്യചരിത്രത്തിലെന്നും അതുല്യവും അനിതരവുമാണ്.
അടിമത്തം ഇരുട്ടാണ്, വിമോചനം വെളിച്ചമാണ്. വെളിച്ചം ദിശ നല്‍കുന്നു, അത് പുരോഗതിയിലേക്ക് നയിക്കുന്നു. എന്നാല്‍ ഇരുട്ടുകള്‍ പുരോഗതിയിലേക്കുള്ള വഴിയിലെ തടസ്സങ്ങളാണ്. അവ നീക്കാന്‍ വെളിച്ചത്തിന് മാത്രമേ കഴിയൂ. അന്തിമവേദത്തിന് അല്ലാഹു നല്‍കിയ നാമങ്ങളിലൊന്ന് വെളിച്ചം എന്നാണ്. (വ്യക്തമായ ഒരു വെളിച്ചം നാമിതാ നിങ്ങള്‍ക്ക് അവതരിപ്പിച്ചിരിക്കുന്നു-വി.ഖു 4:174). മനുഷ്യജീവിതത്തെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണ് ഖുര്‍ആനിന്റെ അവതരണമെന്ന് അതിന്റെ അവതാരകന്‍ (അല്ലാഹു) അവകാശപ്പെടുന്നു. (വി.ഖു 14:1)
അങ്ങനെയെങ്കില്‍ ഇരുട്ടുകളുടെ ബന്ധനങ്ങളില്‍ (അടിമത്തത്തില്‍) ജീവിക്കുന്ന മനുഷ്യന് വിമോചനത്തിന്റെ (സ്വാതന്ത്ര്യത്തിന്റെ) വെളിച്ചംപകരാന്‍ വേദഗ്രന്ഥത്തിന് കഴിഞ്ഞിരിക്കണം എന്നതുതന്നെയാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ഖുര്‍ആന്‍ വിമോചനത്തിന്റെ വെളിച്ചം പകര്‍ന്നത് വിശ്വാസവും വിദ്യയും പകര്‍ന്നുകൊണ്ടായിരുന്നു. ചരിത്രത്തിലെ ഇരുണ്ടയുഗങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സമൂഹങ്ങളിലൊക്കെ മേല്‍ക്കോയ്‌മകളും അടിമത്തവും വ്യാപകമായി ഉണ്ടായിരുന്നു. കാരണം, അവിടെയൊക്കെ വ്യക്തമായ വിശ്വാസവും വിജ്ഞാനവും അന്യം നിന്നിരുന്നു. മനുഷ്യ ചരിത്രത്തില്‍ വിമോചനത്തിന് വേണ്ടി നിലവിളിയുയര്‍ത്തിയ ഭൗതിക ആത്മീയ പ്രസ്ഥാനങ്ങളുടെയൊക്കെ പരാജയത്തിന്റെ കാരണം പലപ്പോഴും അവരുടെ വിമോചന നിഘണ്ടുവിലെല്ലാം ഉപരിസൂചിതമായ രണ്ട് കാര്യങ്ങളിലൊന്ന് അവഗണിക്കപ്പെട്ടിരുന്നു എന്നതാണ്.
``നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനമുള്ളവരെയും പടിപടിയായി ഉയര്‍ത്തുന്നതാണ്, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് സസൂക്ഷ്‌മം അറിയുന്നവനാണ് അവന്‍'' (വി.ഖു 58:11). മക്കയിലെ കാടന്‍ അറബികളെ വിമോചനത്തിലേക്കും വികാസത്തിലേക്കും പ്രവാചകന്‍ മുഹമ്മദ് നബി(സ) നയിച്ചത് വിശ്വാസവും വിജ്ഞാനവും കൊണ്ടായിരുന്നു.
വ്യതിരിക്തമാകുന്ന വിമോചനാശയം
വിശ്വാസത്തോടും വിജ്ഞാനത്തോടും കാരുണ്യത്തെക്കൂടി കൂട്ടിവെച്ചുകൊണ്ടാണ് ഖുര്‍ആന്‍ വിമോചനാശയം ആവിഷ്‌കരിക്കുന്നത്. രാജാവിന് പ്രജയിലും അടിമക്ക് ഉടമയിലും പണക്കാരന് പണിക്കാരനിലും പരസ്‌പരം കരുണ സാധ്യമാകുമ്പോള്‍ ഇടയിലുള്ള വിരോധത്തിന്റെ മതിലുകള്‍ നീക്കപ്പെടുന്നു. മേല്‍ക്കോയ്‌മയുടെ മനോഭാവം അന്യമാവുകയും ചെയ്യുന്നു. ബഹുദൈവവിശ്വാസത്തില്‍ നിന്ന് ജനതയെ മോചിപ്പിക്കാന്‍ ഏകദൈവത്തെ പരിചയപ്പെടുത്തിയപ്പോള്‍ ഒന്നാമത്തെ വിശേഷണമായി അവന്‍ `കാരുണ്യവാന്‍' (അര്‍റഹ്‌മാന്‍) ആകുന്നുവെന്നാണ് പഠിപ്പിച്ചിരുന്നത്. ``താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍, അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു.'' (വി.ഖു 59:22)
അല്ലാഹുവിനെ വിളിക്കാന്‍ സ്വയം തെരഞ്ഞെടുത്തുകൊടുത്ത രണ്ടാമത്തെ നാമം `അര്‍റഹ്‌മാന്‍' കാരുണ്യവാന്‍ എന്നതാണ്. ``അല്ലാഹു എന്ന് വിളിക്കുക, അല്ലെങ്കില്‍ അര്‍റഹ്‌മാന്‍ എന്ന് വിളിക്കാം'' (വി.ഖു 17:110). വിമോചനത്തിന്റെ വേദം അന്ത്യനാള്‍ വരെയുള്ള ജനതതികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച പ്രവാചകനെ പ്രസ്‌തുത വേദം പരിചയപ്പെടുത്തിയതും കാരുണ്യവാനായിട്ടാണ്. ``ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.'' (വി.ഖു 21:107)
സര്‍വോപരി ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തിയതും അത് `കാരുണ്യ'മാണെന്നും (10:57) കാരുണ്യവാനില്‍ നിന്ന് അവതീര്‍ണമാണെന്നും (41:1) ആകുന്നു. ലോകത്തുയര്‍ന്നുവന്നിട്ടുള്ള പല വിമോചന വിപ്ലവാശയങ്ങളുടെയും നിലനില്‌പ് ചോദ്യം ചെയ്യപ്പെട്ടതും അസ്‌തിത്വം ചോര്‍ന്നുപോയതും അവയില്‍ കാരുണ്യം അന്യമായതു കൊണ്ടായിരുന്നു.
വിമോചകനായി രംഗപ്രവേശം ചെയ്‌ത അന്ത്യപ്രവാചകനെ ദൈവം പരിചയപ്പെടുത്തിയപ്പോള്‍ ആഗമനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ ആര്‍ദ്രതയും സ്‌നേഹവും കാരുണ്യവും ബോധിപ്പിച്ചുകൊണ്ടാണ്. ``നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു; നിങ്ങള്‍ കഷ്‌ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‌പര്യമുള്ളവനും വിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണദ്ദേഹം.'' (വി.ഖു 9:128).
വിമോചനാശയവുമായി കടന്നുവന്ന പ്രവാചകനെ ജനങ്ങളുടെ കൂട്ടാളിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (81:22, 38:21) പരിചയപ്പെടുത്തുമ്പോള്‍ പ്രബോധകനും പ്രബോധിതര്‍ക്കുമിടയില്‍ അകല്‍ച്ചകളെ ഇല്ലാതാക്കി സൗഹൃദം സൃഷ്‌ടിക്കുകയാകുന്നു. ``ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കൂ, ആകാശത്തിലുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും'' എന്ന് പഠിപ്പിച്ച പ്രവാചകന്‍ (തിര്‍മിദി 1924) കരുണയുടെ സന്ദേശത്തെ പ്രചരിപ്പിക്കുകയായിരുന്നു. ``ആദര്‍ശ പ്രചാരണരംഗത്ത് ബലപ്രയോഗം പാടില്ലെന്നും (വി.ഖു 88:22) ``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം പാടില്ലെന്നും'' പഠിപ്പിച്ച ഖുര്‍ആനിന്റെ (2:256) സന്ദേശം ഉള്‍ക്കൊണ്ട പ്രവാചകന്‍ തന്റെ ആദര്‍ശം സ്വീകരിക്കാത്തവരെ വെറുക്കുന്നതിനു പകരം അവരുടെ വിഷയത്തില്‍ അവരോടുള്ള കാരുണ്യം നിമിത്തം അത്യന്തം ദു:ഖിക്കുകയായിരുന്നു. ``അവര്‍ വിശ്വാസികളാകാത്തതിന്റെ പേരില്‍ താങ്കള്‍ താങ്കളുടെ ജീവനുതന്നെ ഹാനി വരുത്തിയേക്കാം.'' (വി.ഖു 26:37, 18:6)
ആയതിനാല്‍ വിമോചന ശാസ്‌ത്രം വിരിയേണ്ടത് വാളിലൂടെയാണെന്നല്ല ദൈവം പ്രവാചകനെ ഉപദേശിച്ചത്. ക്ഷമയും പ്രാര്‍ഥനയും കൈവിടാതെയിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്‌തു (വി.ഖു 2:45). ``അവരെപ്പറ്റിയുള്ള ദു:ഖത്താല്‍ നിന്റെ പ്രാണന് ഒന്നും സംഭവിക്കരുത്, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു അല്ലാഹു'' എന്ന് (35:8) ആശ്വാസ വചനങ്ങള്‍ നേരുകയുമായിരുന്നു.
മാര്‍ക്‌സും ഏംഗല്‍സും മനുഷ്യവിമോചനത്തിനു വേണ്ടി പണിത വിമോചനശാസ്‌ത്രം വര്‍ഗസമര സിദ്ധാന്തത്തിലധിഷ്‌ഠിതമായിരുന്നു. മനുഷ്യ സമുദായത്തെ രണ്ട് വര്‍ഗങ്ങളായി കാണുകയും (ബൂര്‍ഷ്വാ-തൊഴിലാളി വര്‍ഗം) അവര്‍ക്കിടയില്‍ കാരുണ്യവും സഹകരണവും മാറ്റിനിര്‍ത്തി പകരം വൈരവും വൈരുധ്യവും സൃഷ്‌ടിക്കുകയും ചെയ്‌തു. മധ്യവര്‍ഗവും തൊഴിലാളി വര്‍ഗവും തമ്മിലുള്ള അനിവാര്യമായ സംഘട്ടനങ്ങളും മധ്യവര്‍ഗത്തെ തൊഴിലാളി വര്‍ഗം അതിജയിക്കലുമാണ് വിമോചനമെന്ന് ജനതയെ ധരിപ്പിച്ചു. വിമോചനം എന്ന ബൃഹദ് ആശയത്തെ മാര്‍ക്‌സിസം, സാമ്പത്തിക സമത്വം എന്ന പരിമിതമായ ആശയത്തിനകത്ത് നിര്‍ത്തി. സമ്പദ്‌ഘടന യാന്ത്രികമായി വളരുന്നു; പ്രസ്‌തുത വളര്‍ച്ചയുടെ പ്രതിഫലനം മാത്രമാണ് മനുഷ്യന്റെ ചിന്തയും വികാരങ്ങളും ബുദ്ധിപോലുമെന്നും മാര്‍ക്‌സ് സിദ്ധാന്തിച്ചു'' (Marx The misery of philosophy, page : 56) ചരിത്രത്തിന്റെ ഒഴുക്കിലെ പൊങ്ങുതടിയായി മനുഷ്യന്‍ ഇവിടെ നിര്‍വചിക്കപ്പെട്ടു.
നാളിതുവരെയുണ്ടായിരുന്ന ചരിത്രം വര്‍ഗ സമരങ്ങളുടെ ചരിത്രമാണെന്ന് വിശദീകരിച്ച മാര്‍ക്‌സിസം സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തെങ്കിലും കേവലം സാമ്പത്തിക വീക്ഷണത്തില്‍ കൂടി മാത്രം ചരിത്രത്തെ വീക്ഷിക്കുകയായിരുന്നു. കരുണയും പരസ്‌പര സഹവര്‍ത്തിത്വവും അടിസ്ഥാനമാക്കിയുള്ള ജീവിത ദര്‍ശനവും വൈരുധ്യാധിഷ്‌ഠിത ഭൗതികവാദം സിദ്ധാന്തിക്കുന്ന മാര്‍ക്‌സിസത്തിന് അന്യമായിരുന്നു. അതുകൊണ്ടുതന്നെ 1917-ലെ റഷ്യന്‍ വിപ്ലവത്തിലൂടെ സര്‍ ചക്രവര്‍ത്തിയെയും പ്രഭുക്കന്മാരെയും നിഷ്‌കാസനം ചെയ്യുകയും സ്വകാര്യ സ്വത്തുക്കള്‍ ദേശസാല്‍കരിക്കപ്പെടുകയും ചെയ്‌തിട്ടും വിപ്ലവാനന്തര റഷ്യയില്‍ കൂടുതല്‍ കൊലപാതകങ്ങളും മര്‍ദനങ്ങളും നടന്നു. ഇന്നും യഥാര്‍ഥ മനുഷ്യവിമോചനം അവിടെ വിദൂരമാണ്. ധര്‍മത്തെയും ദൈവ വിശ്വാസത്തെയുമൊക്കെ സാമ്പത്തിക അസംതൃപ്‌തിയുടെ ഉപോല്‌പന്നമായി വിലയിരുത്തി വിമോചന ശാസ്‌ത്രം പണിത മാര്‍ക്‌സിസം ഗതിവേഗം നഷ്‌ടപ്പെട്ട് വഴിമധ്യേ തകര്‍ന്നടിയുകയായിരുന്നു. വളര്‍ന്നുവന്ന രാജ്യങ്ങളില്‍ (റഷ്യ, ചൈന, അഫ്‌ഗാന്‍, യമന്‍) ഇന്ന് ആവശ്യമില്ലാത്ത ചരക്കായി മാര്‍ക്‌സിസം മാറിയിരിക്കുന്നു.
``നന്മയില്‍ സഹകരിക്കുക, തിന്മയില്‍ നിസ്സഹകരിക്കുക'' (ഖുര്‍ആന്‍ 5:3) എന്ന അടിസ്ഥാന ആശയത്തിന് ഊന്നല്‍ നല്‌കിക്കൊണ്ടുള്ള വിമോചന ശാസ്‌ത്രം ഉയര്‍ത്തിയ ഇസ്‌ലാം മനുഷ്യന്‍ തീര്‍ക്കുന്ന അടിമത്തത്തിന്റെ ബന്ധനങ്ങളെ യുക്തിപരമായും തത്വദീക്ഷാപരമായും ബോധ്യപ്പെടുത്തി അതു തീര്‍ത്തവരെക്കൊണ്ടു തന്നെ അഴിച്ചുമാറ്റുകയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലറിയപ്പെട്ട `മക്കാവിജയം' തികച്ചും രക്തരഹിത വിപ്ലവമായിരന്നു. ഏകാധിപതികളും നാടുവാഴികളും ഇസ്‌ലാം അവതരിപ്പിച്ച നീതിശാസ്‌ത്രത്തിന്നു മുമ്പില്‍ കീഴടങ്ങുകയാണുണ്ടായത്.
വിമോചനത്തിന്റെ പൂര്‍വകാല ചരിത്രം അവതരിപ്പിക്കുന്ന ഖുര്‍ആന്‍ നല്‌കുന്ന ചരിത്ര പാഠം വളരെ ശ്രദ്ധേയം തന്നെയാണ്. ഇസ്‌റാഈല്‍ ജനതയുടെ വിമോചനാര്‍ഥം രംഗത്തുവന്ന വിമോചനപോരാളികളായ മൂസാ, ഹാറൂന്‍ (അ) എന്നിവരോട് സമാധാനത്തിന്റെയും ജ്ഞാനത്തിന്റെയും ശൈലിയില്‍ സംവദിക്കാനാണ് അല്ലാഹു ആവശ്യപ്പെട്ടത്. ``നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔനിന്റടുക്കല്‍ ചെല്ലുക, തീര്‍ച്ചയായും അവന്‍ അതിക്രമകാരിയാണ്, എന്നാല്‍ നിങ്ങള്‍ അവനോട് സൗമ്യമായി സംവദിക്കുക, ചിലപ്പോള്‍ അവന്‍ ചിന്തിച്ച് മനസ്സിലാക്കിയേക്കാം, അല്ലെങ്കില്‍ അവന്‍ ഭയപ്പെടാം.'' (ഖുര്‍ആന്‍ 20:42,44)
കൊലപാതകിയും ക്രൂരനും ധിക്കാരിയുമായ ഫറോവയോട് തങ്ങളുടെ ആഗമന ദൗത്യവും, വിമോചന ദര്‍ശനവും ബോധ്യപ്പെടുത്തുകയും പ്രസ്‌തുത വിമോചനാദര്‍ശത്തിലേക്ക് ബൗദ്ധികമായി ക്ഷണിക്കുകയും അക്രമങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന മനോഹരമായ രംഗം ഖുര്‍ആനില്‍ സൂറ ത്വാഹയില്‍ (20:47-57) വിവരിക്കുന്നുണ്ട്. ഏകാധിപതിയായ നംറൂദിനോട് വിമോചനത്തിന്റെ ആദര്‍ശം സമര്‍പ്പിച്ച പ്രവാചകന്‍ ഇബ്‌റാഹീം(അ) ബൗദ്ധികവും ആരോഗ്യകരവുമായ സംവാദ രൂപത്തിലാണ് തന്റെ ദൗത്യം നിര്‍വഹിച്ചത്. (ഖുര്‍ആന്‍ 6:76-81, 21:258)
ഇവിടെയെല്ലാം ശ്രദ്ധേയമായ മറ്റൊരു കാര്യം, വിമോചന സമരം കേവലം ഉപരിവര്‍ഗവുമായോ രാജവംശവുമായോ അധികാര കൈമാറ്റത്തിന് വേണ്ടി നടത്തുന്ന ഏറ്റുമുട്ടലുകളായിരുന്നില്ല എന്നുള്ളതാണ്. മറിച്ച് അവരുടെ ജീവിതമാറ്റത്തിന്നു വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു അത്. അല്ലായിരുന്നുവെങ്കില്‍ അവരോടെന്തിന് സത്യവും ധര്‍മവും ദൈവവും പരലോകവും മാനുഷിക മൂല്യങ്ങളും മുമ്പില്‍ വെച്ചുകൊണ്ട് പ്രവാചകര്‍ സംവദിക്കണം?
0 comments: