ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസുകള്‍ക്ക്‌ സമ്പൂര്‍ണ സ്വീകാര്യതയു@ോ?

  • Posted by Sanveer Ittoli
  • at 5:31 AM -
  • 0 comments

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസുകള്‍ക്ക്‌ സമ്പൂര്‍ണ സ്വീകാര്യതയു@ോ?


ഇസ്‌ലാമിലെ പ്രമാണങ്ങള്‍-17 -

എ അബ്‌ദുല്‍ഹമീദ്‌ മദീനി


ഏകറാവി റിപ്പോര്‍ട്ട്‌ ചെയ്‌ത ഏതെങ്കിലും ഒരു ഹദീസിന്റെ പരമ്പരയിലോ വാചകത്തിലോ എന്തെങ്കിലും ന്യൂനതയുണ്ടെന്ന്‌ കണ്ടാല്‍ തല്‌ക്കാലം ആ ഹദീസ്‌ നമുക്ക്‌ മാറ്റിവെക്കാം. ഇതിന്‌ വുഖുഫ്‌ എന്നാണ്‌ സാങ്കേതികമായി പറയുന്നത്‌. പ്രഗത്ഭരായ സ്വഹാബിമാര്‍ പോലും ഖുര്‍ആന്റെ പൊതുവായ കല്‌പനക്ക്‌ എതിരായി വന്ന ഹദീസിനെ തള്ളിക്കളഞ്ഞിട്ടുണ്ട്‌. ഏകറാവി റിപ്പോര്‍ട്ടുകളുടെ പരമ്പരയില്‍ ഒരു ന്യൂനതയും ഇല്ലാതിരുന്നിട്ടും ഉമറുല്‍ ഫാറൂഖും ആഇശ(റ)യും ഇമാം മാലിക്കും അബൂഹനീഫയുമെല്ലാം ഖുര്‍ആന്റെ പൊതുതത്വത്തിന്‌ എതിരായതിന്റെ പേരില്‍ ഹദീസ്‌ തള്ളിക്കളഞ്ഞതിന്റെ ഉദാഹരണങ്ങള്‍ നാം വിവരിച്ചിട്ടുണ്ട്‌. പക്ഷെ, അവരെപ്പറ്റി ആരും ഹദീസ്‌ നിഷേധികള്‍ എന്നു പറഞ്ഞിട്ടില്ല.
കെ പി മുഹമ്മദ്‌ മൗലവി പറയുന്നു: ``ഒരു ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്ര പരിശുദ്ധരും സത്യസന്ധരുമായിരുന്നാല്‍ പോലും അതിലെ ആശയം ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്‌താവനക്ക്‌ എതിരായി വരുമ്പോള്‍ ആ ഹദീസ്‌ തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.'' (അത്തവസ്സുല്‍, കെ എന്‍ എം പ്രസിദ്ധീകരണം)
ചിലപ്പോള്‍ ഇത്തരം ഹദീസ്‌ നബി(സ)യുടെ കാലത്ത്‌ അറിയപ്പെട്ട ചരിത്രങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും എതിരായി വരും. അങ്ങനെ വന്നാല്‍ അത്തരം ഹദീസുകള്‍ നബി(സ) പറഞ്ഞതല്ലെന്നും വ്യാജ നിര്‍മിതമാണെന്നുമാണ്‌ ഹദീസ്‌ നിദാനശാസ്‌ത്രതത്വം പഠിപ്പിക്കുന്നത്‌. പ്രസ്‌തുത ഹദീസിന്റെ പരമ്പര എത്ര തന്നെ സ്വഹീഹ്‌ ആയാലും സ്വീകരിക്കാന്‍ പാടില്ല.
ഉദാഹരണം: ഇബ്‌അബ്ബാസ്‌(റ) റിപ്പോര്‍ട്ട്‌, (മക്കാ ഫത്‌ഹ്‌ ദിവസം) മുസ്‌ലിംകള്‍ ആരും അബൂസുഫ്‌യാനെ തിരിഞ്ഞുനോക്കുകയോ ആദരിച്ചിരുത്തുകയോ ചെയ്‌തില്ല. അപ്പോള്‍ അദ്ദേഹം നബി(സ)യോട്‌ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ മൂന്നു കാര്യം അങ്ങേക്ക്‌ നല്‌കുന്നു. നബി(സ) പറഞ്ഞു: പറയൂ, അബൂസുഫ്‌യാന്‍. അറബി സ്‌ത്രീകളില്‍ ഏറ്റവും സുന്ദരിയായ എന്റെ മകള്‍ ഉമ്മുഹബീബയെ ഞാന്‍ താങ്കള്‍ക്ക്‌ വിവാഹം ചെയ്‌തു തരാം. നബി(സ): ശരി. അബുസുഫ്‌യാന്‍: മുആവിയയെ അങ്ങയുടെ എഴുത്തുകാരനാക്കണം. നബി(സ): ശരി. അബൂസുഫ്‌യാന്‍: ഞാന്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്‌തതുപോലെ, കാഫിറുകളോട്‌ യുദ്ധം ചെയ്യാന്‍ എന്നെ സൈന്യത്തിന്റെ നേതാവാക്കണം. നബി(സ): ശരി. (മുസ്‌ലിം നമ്പര്‍ 2501)
നിദാനശാസ്‌ത്ര തത്വമനുസരിച്ചു പരിശോധിച്ചാല്‍, മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസ്‌ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമാവും. ഹദീസില്‍ പറയുന്നു: മക്കാ ഫത്‌ഹ്‌ ദിവസം അബൂസുഫ്‌യാന്‍ തന്റെ മകള്‍ ഉമ്മുഹബീബയെ നബി(സ)ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കാമെന്ന്‌ പറയുന്നു. എന്നാല്‍ ഈ സംഭവം തികച്ചം ചരിത്രവസ്‌തുതകള്‍ക്കെതിരാണ്‌. അബൂസുഫ്‌യാന്‍ മുസ്‌ലിമായത്‌ ഹിജ്‌റ 8-ാം വര്‍ഷം മക്കാ ഫത്‌ഹ്‌ ദിനത്തിലാണ്‌. നബി(സ) ഉമ്മു ഹബീബയെ വിവാഹം കഴിച്ചത്‌ ഹിജ്‌റ ആറാം വര്‍ഷമാണ്‌. ഇതു രണ്ടും ഒത്തുപോകുമോ? ഒരിക്കലുമില്ല. അപ്പോള്‍ ഹദീസിന്‌ എന്തോ തകരാര്‍ ഉണ്ടെന്ന്‌ ഉറപ്പായി.
നബി(സ)യും ഉമ്മു ഹബീബയുമായുള്ള വിവാഹം നടന്നത്‌ എത്യോപ്യയില്‍ വെച്ചാണ്‌. ഈ സംഭവത്തിന്റെ ഉറപ്പായ വിവരം ഹദീസ്‌ ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്‌. ഉമ്മു ഹബീബ(റ) തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അവര്‍ അബ്‌ദുല്ലാഹിബ്‌നു ജഹ്‌ശിന്റെ ഭാര്യയായിരുന്നു. അദ്ദേഹം എത്യോപ്യയില്‍ വെച്ചു മരണപ്പെട്ടു. പിന്നെ ഉമ്മു ഹബീബയെ എത്യോപ്യയിലെ രാജാവ്‌ നജ്ജാശിയാണ്‌ നബി(സ)ക്ക്‌ വിവാഹം ചെയ്‌തുകൊടുത്തത്‌. നബി(സ)ക്കു വേണ്ടി നാലായിരം ദിര്‍ഹം അദ്ദേഹം മഹ്‌റായി കൊടുത്തു. തുടര്‍ന്ന്‌ ശര്‍ഹബീല്‌ബ്‌നു ഹസനയുടെ കൂടെ നബി(സ)യുടെ അടുത്തേക്ക്‌ (മദീനയിലേക്ക്‌) ഉമ്മു ഹബീബയെ നജ്ജാശി അയച്ചു (അബൂദാവൂദ്‌ 2107- അസ്സീറത്തുന്നബവിയ്യ. ഡോ. അലി മുഹമ്മദ്‌ സ്വല്ലാബി 1/295)
ഉമ്മു ഹബീബയും ഭര്‍ത്താവ്‌ ഉബൈദുല്ലാഹിബ്‌നു ജഹ്‌ശും മക്കയില്‍ വെച്ചു തന്നെ മുസ്‌ലിംകളായിരുന്നു. മുശ്‌രിക്കുകളുടെ മര്‍ദനങ്ങള്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ എത്യോപ്യയിലേക്ക്‌ ഹിജ്‌റ പോയി. അവിടെ വെച്ചു ഉമ്മു ഹബീബയുടെ ഭര്‍ത്താവ്‌ മരിച്ചു. ഈ അവസ്ഥയില്‍ ഉമ്മുഹബീബയുടെ സങ്കടം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം പിതാവും കുടുംബവും നാട്ടുകാരും പൂര്‍ണമായും തനിക്കെതിരാണ്‌. ഇത്‌ നജ്ജാശിക്കുമറിയാം. ഉമ്മുഹബീബ ഖുറൈശി നേതാവ്‌ അബൂസുഫ്‌യാന്റെ മകളും വിശ്വാസികളുടെ മാതൃകാവനിതയുമായതുകൊണ്ട്‌ ആ സ്‌ത്രീ രത്‌നത്തെ എത്യോപ്യയിലെ രാജാവ്‌ നബി(സ)ക്ക്‌ വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിക്കുകയും, കാര്യം നബി(സ)യെ അറിയിക്കുകയും ചെയ്‌തു. നബി(സ) അത്‌ സസന്തോഷം സ്വീകരിച്ചു. മഹ്‌റായി വലിയ ഒരു തുക (4000 ദിര്‍ഹം) നജ്ജാശി തന്നെ നല്‌കി അവരെ നബി(സ)യുടെ അടുത്തെത്തിച്ചു. ഇതോടെ ഉമ്മുഹബീബ വിശ്വാസികളുടെ മാതാവ്‌ എന്ന പദവിയിലേക്കു ഉയര്‍ന്നു. ഇതു ഉമ്മുഹബീബ മുസ്‌ലിമായതിന്റെ പേരില്‍ സഹിച്ച ത്യാഗത്തിന്‌ അല്ലാഹു ഈ ദുന്‍യാവില്‍ വെച്ചു നല്‌കിയ ഒരു സമ്മാനമായി നമുക്കു കണക്കാക്കാം.
ഹിജ്‌റ ആറാം വര്‍ഷം നബി(സ)യും മുശ്‌രിക്കുകളുമായുണ്ടാക്കിയ സന്ധി ഹുദയ്‌ബിയാ സന്ധി എന്ന പേരില്‍ പ്രസിദ്ധമാണല്ലോ. ഈ സന്ധി വ്യവസ്ഥ മുശ്‌രിക്കുകള്‍ ലംഘിച്ചു. അത്‌ ഖുറൈശികളെ ആകമാനം അങ്കലാപ്പിലാക്കി. അതിനാല്‍ സന്ധി ഒന്നുകൂടി പുതുക്കി നിശ്ചയിക്കാന്‍ ഖുറൈശികള്‍ എല്ലാവരും കൂടി തീരുമാനിച്ചു. കാര്യം സാധിച്ചെടുക്കാന്‍ അവരുടെ നേതാവ്‌ നബി(സ)യുടെ ഭാര്യാപിതാവായത്‌ സഹായകരമാകും എന്ന്‌ ഖുറൈശികള്‍ കണക്കുകൂട്ടുകയും ചെയ്‌തു. പക്ഷെ, ആ കണക്കുകൂട്ടല്‍ തെറ്റായിരുന്നു. അങ്ങനെ അബൂസുഫ്‌യാന്‍ മദീനയില്‍ എത്തിയ സംഭവം ഇബ്‌നുകസീര്‍ തന്റെ അല്‍ബിദായത്തു വന്നിഹായ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്നു:
``അബൂസുഫ്‌യാന്‍ മദീനയിലേക്ക്‌ പുറപ്പെട്ടു. മദീനയില്‍ നബി(സ)യുടെ അടുത്തു എത്തിച്ചേര്‍ന്നു. ആദ്യം തന്റെ മകള്‍ ഉമ്മുഹബീബയുടെ വീട്ടില്‍ ചെന്നു. നബി(സ)യുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ തുനിഞ്ഞപ്പോള്‍ ഉമ്മുഹബീബ ആ വിരിപ്പ്‌ ചുരുട്ടിയെടുത്തു. അപ്പോള്‍ അബൂസുഫ്‌യാന്‍: എന്റെ മകളേ, നീ വിരിപ്പ്‌ ചുരുട്ടിയത്‌ എന്നെ ആദരിച്ചുകൊണ്ടാണോ അതോ എനിക്കതില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലാത്തതുകൊണ്ടാണോ എന്നെനിക്കറിയില്ല. ഉമ്മുഹബീബ: ഇത്‌ അല്ലാഹുവിന്റെ റസൂലിന്റെ വിരിപ്പാണ്‌. താങ്കള്‍ മുശ്‌രിക്കും മ്ലേച്ഛനുമാണ്‌. അതിനാല്‍ നിങ്ങള്‍ റസൂലിന്റെ വിരിപ്പില്‍ ഇരിക്കുന്നത്‌ എനിക്കിഷ്‌ടമല്ല. അപ്പോള്‍ അബൂസുഫ്‌യാന്‍ പറഞ്ഞു: എന്റെ മകളേ, നീ എന്നില്‍ നിന്ന്‌ വേര്‍പിരിഞ്ഞശേഷം നിന്നെ ഏതോ നാശം ബാധിച്ചിരിക്കുന്നു.'' (4:325)
അങ്ങനെ അബൂസുഫ്‌യാന്‍ മ്ലാനവദനനായിക്കൊണ്ട്‌ പലരെയും സമീപിച്ചു. പക്ഷെ, ആരും തിരിഞ്ഞുനോക്കിയില്ല. വളരെ ദു:ഖിതനായിരുന്ന അദ്ദേഹം മക്കയിലേക്കു മടങ്ങി. തുടര്‍ന്ന്‌ അടുത്ത വര്‍ഷമാണ്‌ (ഹിജ്‌റ എട്ടാം വര്‍ഷം) മക്കാ ഫതഹ്‌ ഉണ്ടാകുന്നത്‌. ഈ മക്കാ ഫത്‌ഹ്‌ ദിവസമാണ്‌ തന്റെ മകള്‍ സുന്ദരിയായ ഉമ്മുഹബീബയെ ഞാന്‍ താങ്കള്‍ക്ക്‌ വിവാഹം ചെയ്‌തു തരാമെന്ന്‌ അബൂസുഫ്‌യാന്‍ നബി(സ)യോട്‌ പറഞ്ഞത്‌ എന്ന്‌ മുസ്‌ലിം ഉദ്ധരിച്ച പ്രസ്‌തുത ഹദീസില്‍ പറയുന്നു. ഈ ഹദീസ്‌ ചരിത്രവസ്‌തുതകള്‍ക്ക്‌ പൂര്‍ണമായും എതിരായതുകൊണ്ട്‌ നമുക്ക്‌ സ്വീകരിക്കാന്‍ നിവൃത്തിയില്ല. ആരുതന്നെ ഇത്തരം വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താലും തള്ളിക്കളയേണ്ടത്‌ നമ്മുടെ കടമയാണെന്ന്‌ മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ടതില്ല. ഇത്തരം ഹദീസുകള്‍ സ്വീകരിക്കാതിരിക്കുന്നവരെ പറ്റി അവര്‍ ഹദീസ്‌ നിഷേധികളാണെന്ന്‌ വിവേകമുള്ള ആരെങ്കിലും പറയുമോ?
ഡോ. മുസ്‌തഫസ്സിബാഇ തന്റെ ഗ്രന്ഥത്തില്‍ ഇത്തരം നിര്‍മിതമായ ഹദീസുകള്‍ക്ക്‌ ഉദാഹരണം പറയുന്നത്‌ കാണുക: 
നിര്‍മിത ഹദീസുകളുടെ ഉദാഹരണം: നബി(സ) ഖൈബര്‍കാരുടെ മേല്‍ ജിസ്‌യ ചുമത്തി. അതിന്‌ സഅദ്‌ബ്‌നു മുആദ്‌ സാക്ഷിയാവുകയും അബൂസുഫ്‌യാന്റെ മകന്‍ മുആവിയ കരാര്‍ എഴുതുകയും ചെയ്‌തു (എന്ന ഹദീസാണ്‌). കാരണം ഖൈബറിന്റെ വര്‍ഷം ജിസ്‌യ (വ്യക്തിനികുതി) നിയമമാക്കുകയോ അറിയപ്പെടുകയോ ചെയ്‌തിട്ടില്ല എന്നതാണ്‌ ചരിത്രസത്യം. തബൂക്ക്‌ യുദ്ധത്തിന്‌ ശേഷമാണ്‌ ജിസ്‌യയുമായി ബന്ധപ്പെട്ട ആയത്ത്‌ ഇറങ്ങുന്നത്‌. (തബൂക്ക്‌ യുദ്ധം ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലും ഖൈബര്‍ ഏഴാം വര്‍ഷത്തിലുമാണുണ്ടായത്‌). 
മുആവിയ മുസ്‌ലിമായത്‌ മക്കാ ഫത്‌ഹ്‌ നടന്ന്‌ എട്ടാം വര്‍ഷത്തിലും. സഅദ്‌ബ്‌നു മുആദ്‌(റ) ഇതിനെല്ലാം മുമ്പ്‌ ഖന്‍ദഖ്‌ യുദ്ധത്തില്‍ മരണമടഞ്ഞു. (ഇദ്ദേഹത്തെയാണ്‌ ജിസ്‌യ കരാറിന്‌ സാക്ഷിയാക്കി എന്നു പറയുന്നത്‌). ഇത്തരം ചരിത്രസത്യങ്ങള്‍, ഇത്തരത്തിലുള്ള ഹദീസുകളെ തള്ളുകയും അത്‌ നിര്‍മിതമാണെന്ന്‌ വിധി എഴുതുകയും ചെയ്യുന്നു. (സുന്നത്തും ഇസ്‌ലാമില്‍ അതിന്റെ സ്ഥാനവും, പേജ്‌ 100)
അംറുബ്‌നി മൈമൂന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ജാഹിലിയ്യാ കാലത്ത്‌ ഞാന്‍ ഒരു കുരങ്ങിനെ കണ്ടു. മറ്റു കുരങ്ങുകള്‍ ആ കുരങ്ങ്‌ വ്യഭിചരിച്ചതിന്റെ പേരില്‍ അതിനെ എറിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനും ആ കുരങ്ങുകളുടെ കൂടെ അതിനെ എറിഞ്ഞു. (ബുഖാരി 3849)
ഈ ഹദീസിനെപ്പറ്റി ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി പറയുന്നു: ``അംറുബ്‌നി മൈമൂന്‍ ഉദ്ധരിച്ച കഥ ഇബ്‌നു അബ്‌ദുല്‍ബര്‍റ്‌ നിഷേധിച്ചിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: ഈ ഹദീസ്‌ വിധിവിലക്കുകള്‍ ബാധകമല്ലാത്തവരിലേക്ക്‌ വ്യഭിചാരാരോപണം നടത്തുകയും മൃഗങ്ങളുടെ മേല്‍ ഹദ്ദ്‌ നടപ്പില്‍ വരുത്തുകയും ചെയ്യുന്നുണ്ട്‌. ഇത്‌ പണ്ഡിതന്മാരെല്ലാം നിഷേധിക്കുകയും വെറുക്കുകയും ചെയ്യുന്ന കാര്യമാണ്‌.'' (ഫത്‌ഹുല്‍ ബാരി 8:805)
ഇങ്ങനെ ഒരു കഥ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ പേരില്‍ നാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ടോ? ബുദ്ധിയുള്ളവര്‍ക്കതിന്‌ കഴിയുമോ? അതും നബി(സ) പറഞ്ഞതോ കണ്ടതോ അല്ല. അംറുബ്‌നി മൈമൂന്‍ എന്ന വ്യക്തി ജാഹിലിയ്യാ കാലത്ത്‌ കണ്ടതാണ്‌. ഇത്‌ പ്രമാണമാണെങ്കില്‍, ജാഹിലിയ്യാ കാലത്ത്‌ മറ്റു മുശ്‌രിക്കുകള്‍ കണ്ടതും കേട്ടതുമെല്ലാം പ്രമാണമാവേണ്ടതല്ലേ. അതും ഇസ്‌ലാമിന്‌ മുമ്പ്‌ ജാഹിലിയ്യാകാലത്ത്‌ നടന്ന ഒരു സംഭവം എന്ന നിലക്കാണ്‌ കഥ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഇസ്‌ലാമിന്‌ ശേഷം എന്നു മുതലാണ്‌ മൃഗങ്ങള്‍ തമ്മില്‍ വിവാഹകര്‍മം ഏര്‍പ്പെടുത്തിയത്‌? ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ഇന്നെന്താണ്‌ ഒരു മൃഗവും അവര്‍ക്കിടയില്‍ ഹദ്ദ്‌ നടപ്പില്‍ വരുത്താത്തത്‌. ഇനി മൃഗങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാം അത്‌ ചെയ്യേണ്ടതുണ്ടോ? ഇതൊന്നും ഇമാം ബുഖാരി ഒട്ടും ആലോചിച്ചതേയില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ടായിരിക്കാം ഇമാം ബുഖാരിയെപ്പറ്റി അഹ്‌മദുബ്‌നു മന്‍സൂര്‍ ഖാസി തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ പറഞ്ഞത്‌:
അബുല്‍ വലിദുല്‍ ബാജിയെപറ്റി എനിക്ക്‌ വിവരം ലഭിച്ചു. അദ്ദേഹം പറയാറുണ്ടായിരുന്നു. ബുഖാരി ഒരു ഹദീസ്‌ പണ്ഡിതനാണെന്ന്‌ സമ്മതിച്ചുകൊടുക്കാം. എന്നാല്‍ ഫിഖ്‌ഹില്‍ അദ്ദേഹത്തിന്‌ പാണ്ഡിത്യമുണ്ടെന്ന്‌ സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ല. (അല്‍മുതവാറാ അലാ അബ്‌വാബില്‍ ബുഖാരി 1:37)
``അബൂലഹബിന്‌ നരകത്തില്‍ വെച്ചു വെള്ളം കുടിപ്പിക്കപ്പെടുന്നു എന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസും നമുക്ക്‌ പരിശോധിക്കാവുന്നതാണ്‌. അബൂലഹബിനെ പറ്റി നമുക്കറിയാം. നബി(സ)യുടെ മൂത്താപ്പയാണ്‌. പക്ഷെ, നബി(സ)യുടെ ഏറ്റവും വലിയ ശത്രുവുമായിരുന്നു അദ്ദേഹവും ഭാര്യയും. അവരിരുവരെയും പറ്റി ഒരധ്യായം തന്നെ ഖുര്‍ആനില്‍ ഉണ്ട്‌.''
അബൂലഹബിന്റെ ഇരു കരങ്ങളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്‌തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ച പ്രവര്‍ത്തനമോ അവന്ന്‌ ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകത്തില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌. വിറകു ചുമട്ടുകാരിയായ അവന്റെ ഭാര്യയും അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുമുണ്ടായിരിക്കും.
ഇനി ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ നമുക്ക്‌ വിവരിക്കാം.
ഉര്‍വ പറഞ്ഞു: സുവൈബത്ത്‌ അബൂലഹബിന്റെ അടിമ സ്‌ത്രീയായിരുന്നു. അബൂലഹബ്‌ അവളെ മോചിപ്പിക്കുകയുണ്ടായി. അവള്‍ നബി(സ)ക്ക്‌ മുലകൊടുത്തിരുന്നു. അബൂലഹബ്‌ മരിച്ചപ്പോള്‍ അയാളുടെ ചില ബന്ധുക്കള്‍ വളരെ മോശമായ അവസ്ഥയില്‍ അയാളെ സ്വപ്‌നത്തില്‍ കണ്ടു. താങ്കളുടെ അവസ്ഥ എങ്ങനെയുണ്ടെന്ന്‌ സ്വപ്‌നം കണ്ട വ്യക്തി ചോദിച്ചു. അബൂലഹബ്‌ പറഞ്ഞു: നിങ്ങളെ വിട്ടുപിരിഞ്ഞശേഷം നന്മയെ ഞാന്‍ കണ്ടിട്ടില്ല. സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിനാല്‍ ഇതിലൂടെ വെള്ളം കുടിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ മാത്രം. (ബുഖാരി 5101)
ഈ ഹദീസിന്‌ സഹീഹായ ഒരു പരമ്പരയും ഇല്ല. ഉര്‍വത്ത്‌ മുര്‍സലാത്ത്‌ ആയ വിധത്തിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. കൂടാതെ ഒരു മുശ്‌രിക്കാണ്‌ സ്വപ്‌നം കണ്ടത്‌. സ്വഹാബത്തിന്റെ സ്വപ്‌നം പോലും നബി(സ) അംഗീകരിച്ചിട്ടില്ലെങ്കില്‍ മുശ്‌രിക്കിന്റെ സ്വപ്‌നം ഇസ്‌ലാമില്‍ രേഖയല്ല. സുവൈബത്തിനെ അബൂലഹബ്‌ മോചിപ്പിച്ചത്‌ നബി(സ) ഹിജ്‌റ പുറപ്പെട്ട സമയത്താണ്‌. അതിനര്‍ഥം നബി(സ) തന്റെ നാട്ടില്‍ നിന്ന്‌ പലായനം ചെയ്‌തതില്‍ സന്തോഷം അറിയിക്കുകയാണ്‌ ചെയ്യുന്നത്‌. സുവൈബത്ത്‌ ഇസ്‌ലാം സ്വീകരിച്ചതില്‍ തന്നെ ചിലര്‍ സംശയം പറഞ്ഞിട്ടുണ്ട്‌. 
ഇബ്‌നുഹജറുല്‍ അസ്‌ഖലാനി പറയുന്നു: സുവൈബത്ത്‌ ഇസ്‌ലാമായതില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. അബൂനുഐം പറഞ്ഞു: (ഇബ്‌നുമന്‍ത) അല്ലാത്ത ആരും സുവൈബത്ത്‌ മുസ്‌ലിമായി എന്ന്‌ പറഞ്ഞിട്ടില്ല. 
ഇതിനെല്ലാം പുറമെ വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ തത്വങ്ങള്‍ക്ക്‌ എതിരാണെന്നത്‌ ഫത്‌ഹുല്‍ ബാരിയില്‍ പറയുന്നു: (ഉര്‍വ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍) കാഫിറായ മനുഷ്യന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്‌താല്‍ പരലോകത്ത്‌ ഗുണം ലഭിക്കും എന്ന്‌ തെളിയുന്നുണ്ട്‌. എന്നാല്‍ ഇത്‌ ഖുര്‍ആന്റെ വ്യക്തമായ തത്വത്തിന്‌ എതിരാണ്‌. അല്ലാഹു പറയുന്നു: അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാം അതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും. (25:23)
ആഇശ(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: അല്ലാഹുവിന്റെ റസൂലേ, ഇബ്‌നു ജദ്‌ആന്‍ ജാഹിലിയ്യാ കാലത്ത്‌ കുടുംബബന്ധം ചേര്‍ക്കുകയും സാധുക്കള്‍ക്ക്‌ ഭക്ഷണം കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതദ്ദേഹത്തിന്‌ (പരലോകത്ത്‌) ഗുണംചെയ്യുമോ? നബി(സ) പറഞ്ഞു: ഗുണം ചെയ്യുകയില്ല. തീര്‍ച്ചയായും അയാള്‍ ഒരിക്കലെങ്കിലും അല്ലാഹുവേ, അന്ത്യദിനത്തില്‍ എന്റെ പാപങ്ങള്‍ എനിക്ക്‌ പൊറുത്തുതരേണമേ എന്ന്‌ പ്രാര്‍ഥിച്ചിട്ടില്ല (മുസ്‌ലിം)
``തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‌കപ്പെട്ടിട്ടുള്ളത്‌ ഇതത്രെ. അല്ലാഹുവിന്ന്‌ നീ പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആവുകയും ചെയ്യും.'' (39:65). മേല്‍ പ്രസ്‌താവിച്ച ആയത്തുകളില്‍ അല്ലാഹുവില്‍ ശിര്‍ക്ക്‌ വെക്കുന്നവര്‍ക്ക്‌ അവരുടെ ഒരു കര്‍മവും ഉപകാരപ്പെടുകയില്ല എന്ന്‌ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ്‌ കൊടിയ മുശ്‌രിക്കായ അബൂലഹബിന്‌ കുടിവെള്ളം ലഭിക്കുക? അതുകൊണ്ടാണ്‌ ബുഖാരിയുടെ പ്രസ്‌തുത ഹദീസ്‌ ഖുര്‍ആന്റെ തത്വങ്ങള്‍ക്കെതിരാണെന്ന്‌ പണ്ഡിതന്മാര്‍ വ്യക്തമാക്കിയത്‌. 
ഇയാദ്വ്‌ പറഞ്ഞു: സത്യനിഷേധികള്‍ക്ക്‌ അവരുടെ സല്‍കര്‍മങ്ങള്‍ ഗുണം ചെയ്യുകയില്ലെന്നും അതിന്ന്‌ അവര്‍ക്ക്‌ പ്രതിഫലം ലഭിക്കുകയില്ലെന്നും ഇജ്‌മാഅ്‌ ഉണ്ടായിട്ടുണ്ട്‌. ചിലരുടെ ശിക്ഷ മറ്റു ചിലരേക്കാള്‍ കഠിനമായിരിക്കും. (ഫത്‌ഹുല്‍ ബാരി 11:404). ഇങ്ങനെയുള്ള വ്യക്തമായ പ്രമാണങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടായിട്ടുണ്ട്‌. ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തു എന്നതിന്റെ പേരില്‍ മാത്രം ആ ദുര്‍ബല ഹദീസ്‌ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്‌ ഒരിക്കലും ശരിയല്ല എന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌.
മുസ്‌ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്‌ കാണുക: ഇമാം മുസ്‌ലിം കിതാബുല്‍ ഈമാനില്‍ ഇസ്‌റാഇന്റെ ഹദീസില്‍ പറഞ്ഞു: തീര്‍ച്ചയായും നൈല്‍ നദിയും യൂഫ്രട്ടീസ്‌ നദിയും സ്വര്‍ഗത്തില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌. ബുഖാരിയില്‍ (നൈലും യൂഫ്രട്ടീസും) സിദ്‌റത്തുല്‍ മുന്‍തഹായുടെ അടിയില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌ എന്നാണ്‌. (ശറഹ്‌ മുസ്‌ലിം 17:177)
ഇന്ന്‌ നൈലും ഫുറാതും സ്വര്‍ഗത്തില്‍ നിന്നും സിദ്‌റത്തുല്‍ മുന്‍തഹായില്‍ നിന്നും അല്ല പുറപ്പെടുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാലും മുസ്‌ലിംകള്‍ എല്ലാവരും ബുഖാരിയിലും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ വന്നതുപോലെ വിശ്വസിക്കണമെന്ന്‌ പറയുന്നത്‌ തികച്ചും വിവരക്കേടാണ്‌. ഇത്തരം അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരൊക്കെ ഹദീസ്‌ നിഷേധികളാണോ? ആണെങ്കില്‍, ഉമറുല്‍ഫാറൂഖും ആഇശയും, ഇമാംമാലിക്കും, ഇമാം അബൂഹനീഫയും(റ) എല്ലാം ഹദീസുനിഷേധികളാവേണ്ടതല്ലേ. ഇവരെല്ലാവരും ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകള്‍ ഖുര്‍ആന്റെ തത്വങ്ങള്‍ക്ക്‌ എതിരായി വന്നതിന്റെ പേരില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്‌. (ഉദാഹരണങ്ങള്‍ മുമ്പ്‌ വിവരിച്ചത്‌ ഓര്‍ക്കുക).
ഇമാം ബുഖാരിയുടെ പല ഹദീസുകളെയും ഇമാം ദാറുഖുത്‌നി വിമര്‍ശിച്ചിട്ടുണ്ട്‌. ആധുനിക പണ്ഡിതനായ നാസിറുദ്ദീന്‍ അല്‍ബാനി(റ) പോലും ബുഖാരിയില്‍ ദുര്‍ബലമായ ഹദീസുണ്ടെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതിനാല്‍ ഇവരെല്ലാം ഹദീസ്‌ നിഷേധികളുടെ പട്ടികയില്‍ വരേണ്ടതാണ്‌. ഉദാഹരണമായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ പരിശോധിക്കാം.
അബൂഹുറയ്‌റ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. നബി(സ) പറഞ്ഞു: ഒരടിമ ഗൗരവപൂര്‍വമല്ലാതെ അല്ലാഹു തൃപ്‌തിപ്പെടുന്ന ഒരു വാക്ക്‌ പറയും. ആ വാക്ക്‌ കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു അടിമ അല്ലാഹുവിന്റെ കോപത്തിന്ന്‌ കാരണമായ ഒരു വാക്ക്‌ പറയുന്നു. അതിന്നവന്‍ യാതൊരു പ്രാധാന്യവും കല്‌പിച്ചിട്ടില്ല. ആ വാക്ക്‌ കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്‌ത്തും (ബുഖാരി 6478, മു. 2988)
നാസറുദ്ദീന്‍ അല്‍ബാനി പറഞ്ഞു: ഈ ഹദീസ്‌ ദ്വഈഫ്‌ ആണ്‌. ഈ ഹദീസിന്റെ പരമ്പരയിലെ അബ്‌ദുര്‍റഹ്‌മാന്‍ എന്ന വ്യക്തി ഓര്‍മക്കുറവുള്ള ആളാണ്‌. (സില്‍സിലത്തുര്‍ അഹാദീസി ദ്വഈഫഃ 3:346)
അല്ലാഹുവിന്റെ കിതാബിന്‌ മാത്രമാണ്‌ അപ്രമാദിത്വം ഉള്ളത്‌. മറ്റുള്ള ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യരുടെ കൈകടത്തല്‍ ഉണ്ടായിട്ടുണ്ട്‌. സഹീഹായ ഹദീസുകളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ കള്ള ഹദീസുകളായിരുന്നു. കള്ള ഹദീസുകള്‍ നിര്‍മിക്കാനുള്ള കാരണങ്ങള്‍ നാം മുമ്പ്‌ വിവരിച്ചിട്ടുണ്ട്‌. ഇമാം ബുഖാരി 6 ലക്ഷം ഹദീസ്‌ പഠിച്ച ശേഷം തന്റെ മാനദണ്ഡമനുസരിച്ചു ഉദ്ധരിച്ചത്‌ 4000 ഹദീസുകള്‍ മാത്രമാണ്‌. അപ്പോള്‍ കള്ള ഹദീസുകളുടെ എണ്ണം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. 
ഇങ്ങനെ അലങ്കോലപ്പെട്ടു കിടന്നിരുന്ന ഹദീസുകളില്‍ നിന്ന്‌ ഇമാം ബുഖാരി സൂക്ഷ്‌മതയോടെ തെരഞ്ഞെടുത്ത ഹദീസുകള്‍ എല്ലാം കുറ്റമറ്റത്‌ തന്നെയാണെന്ന്‌ വിവേകമുള്ള ആരും പറയുകയില്ല. കാരണം ബുഖാരി(റ) ഒരു മനുഷ്യനാണ്‌. അദ്ദേഹം ഒരിക്കലും പാപസുരക്ഷിതനല്ല. അതിനാല്‍ തെറ്റുപറ്റാം. അങ്ങനെ ഹദീസ്‌ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന്ന്‌ തെറ്റ്‌ പറ്റിയിട്ടുണ്ടെന്നാണ്‌ ഇമാം ദാറുഖുത്‌നിയും ഇബ്‌നുഹജറുല്‍ അസ്‌ഖലാനിയും ആധുനിക ഹദീസ്‌ പണ്ഡിതന്‍ അല്‍ബാനിയും മറ്റു പലരും പറഞ്ഞിട്ടുള്ളത്‌. അതിനാല്‍ നാം ആരെയും തഖ്‌ലീദ്‌ ചെയ്യാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: