മുസ്‌ലിം സ്‌ത്രീയുടെ ഹജ്ജെഴുത്ത് (ഒരു മുസ്‌ലിംസ്‌ത്രീ എഴുതിയ ആദ്യ ഹജ്ജ് വിവരണമായി വിശേഷിപ്പിക്കപ്പെടുന്ന, നവാബ് സിക്കന്തര്‍ ബീഗത്തിന്റെ ഹജ്ജ് വിവരണത്തെക്കുറിച്ച്)
- പുസ്‌തകാസ്വാദനം -
കെ അശ്‌റഫ്
സൗത്ത് ഏഷ്യന്‍ മുസ്‌ലിംകള്‍ തങ്ങളുടെ സഹസമുദായങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യാത്ര ചെയ്യുന്നവരാണെന്ന് അതേക്കുറിച്ച് പഠിച്ച പലരും നിരീക്ഷിച്ചിട്ടുണ്ട്. അതിന്റെ മതപരമായ കാരണങ്ങള്‍ ഹിജ്‌റ, രിഹ്‌ല, സഫര്‍, ഹജ്ജ് തുടങ്ങി ഇസ്‌ലാമിക സമൂഹങ്ങളില്‍ യാത്രയെക്കുറിച്ച് നില നില്‍ക്കുന്ന സങ്കല്‍പങ്ങള്‍ ആണത്രെ. സൗത്ത് ഏഷ്യയില്‍ നിന്നുള്ള ഹജ്ജ് എഴുത്തിന്റെ ചരിത്രത്തെ കുറിച്ച് ഗവേഷകര്‍ക്ക് വ്യത്യസ്‌ത അഭിപ്രായമാണുള്ളത്.
ഷാ വലിയുല്ലയുടെ ശിഷ്യനായ മൗലാന റഫിഊദ്ദീന്‍ മുറാദാബാദിയാണു 1787-ല്‍ ആദ്യത്തെ ഹജ്ജ് വിവരണം എഴുതിയതെന്ന് ഈ വിഷയകമായി ഏറെ പഠിച്ച ഗവേഷക ബാര്‍ബര മെറ്റ്‌കാഫ് അഭിപ്രായപ്പെടുന്നു. എന്നാല്‍ മൈക്കല്‍ എന്‍ പിയെഴ്‌സണ്‍ തന്റെ പിലിഗ്രിമെജ് റ്റു മെക്ക: ഇന്ത്യന്‍ എക്‌സ്‌പീരിയന്‍സ് (1500-1800) എന്ന പുസ്‌തകത്തില്‍, ആയിരത്തി അറുന്നൂറിന്റെ പകുതിയില്‍ മക്ക സന്ദര്‍ശിച്ച സിഫി ബിന്‍ അലി ഖസ്വീനിയാണ് ആദ്യത്തെ ഹജ്ജ് വിവരണം എഴുതിയതെന്ന് പറയുന്നു. ആദ്യ കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി വ്യക്തിപരമായ ഹജ്ജ് അനുഭവത്തെ എഴുത്തിലൂടെ ആവിഷ്‌കരിക്കാന്‍ സാധ്യമാകുന്നതിന് കൊളോണിയലിസവും അച്ചടിവിദ്യയുമാണ് കാരണമാകുന്നതെന്ന് കാണാം. സിക്കന്തര്‍ ബീഗത്തിന്റെ ഹജ്ജ് യാത്രവിവരണം എ പ്രിന്‍സസ് പില്‍ഗ്രിമേജ് : എ പില്‍ഗ്രിമേജ് റ്റു മെക്ക, ഒരു മുസ്‌ലിം വനിതാ എഴുതിയ ഹജ്ജ് വിവരണം എന്ന രീതിയില്‍ ഏറെ ശ്രദ്ധേയമാണ്. ഇതിനു ശേഷം അവരുടെ പേരമകളായ ജഹാന്‍ ബീഗം 1909-ല്‍ ദി സ്‌റ്റോറി ഓഫ് പിലിഗ്രിമെജ് റ്റു ഹിജാസ് പ്രസിദ്ധീകരിച്ചു. ഈ രണ്ടു ഹജ്ജ് വിവരണത്തിന് ശേഷം ഉര്‍ദുവില്‍ തന്നെ മുസ്‌ലിം സ്‌ത്രീകളുടേതായി ധാരാളം ഹജ്ജ് എഴുത്തുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കാണാം. സൗത്ത് ഏഷ്യയില്‍ നിന്ന് തന്നെ ഹജ്ജിനു പോയ ആദ്യത്തെ മുസ്‌ലിം വനിതാ ഭരണാധികാരിയാണ് നവാബ് സിക്കന്തര്‍ ബീഗം. ഇതിനു മുമ്പ് 1570 കാലത്ത് മുഗള്‍ ചക്രവര്‍ത്തി ആയ അക്‌ബറിന്റെ അമ്മായി ഗുല്‍ ബദന്‍ ഹജ്ജിനു പോകാന്‍ ഒരുങ്ങിയെങ്കിലും വഴിയിലെ അപകടം പറഞ്ഞു പലരും അത് നിരുത്സാഹപ്പെടുത്തി. ഹജ്ജെഴുത്തില്‍ `ഞാന്‍' എന്ന അനുഭവം കണ്ടു വരുന്നത് വ്യക്തിനിഷ്‌ഠമായ ആധുനിക സ്വത്വബോധത്തിലൂടെയാണെന്ന് ബാര്‍ബര മെറ്റ്‌കാഫ് നിരീക്ഷിക്കുന്നുണ്ട്. ആധുനിക ഹജ്ജെഴുത്തുകള്‍ ഹാജിയെ കേന്ദ്രമാക്കിയാണ് സംസാരിക്കുന്നതെങ്കില്‍ ബീഗത്തിന്റെ ഹജ്ജ് വിവരണത്തില്‍ നമുക്ക് അങ്ങിനെയൊരു വ്യക്തിനിഷ്‌ഠ ഹജ്ജ് കാണാനാവുന്നില്ല. (വായനക്കിടയില്‍ ആലോചനയില്‍ കയറി വന്നത് ലിബറല്‍ ഫെമിനിസ്റ്റായ അസ്‌റ നുഅ്‌മാനിയുടെ സ്‌ന്റാന്റിംഗ് എലോണ്‍ ഇന്‍ മെക്ക: ആന്‍ അമേരിക്കന്‍ മുസ്‌ലിം വുമണ്‍ സ്‌ട്രഗിള്‍ ഫോര്‍ ദി സോള്‍ ഓഫ് ഇസ്‌ലാം പോലുള്ളത് പുലര്‍ത്തുന്ന വ്യക്തിനിഷ്‌ഠ വിവരണത്തെ സാധ്യമാക്കുന്ന ആധുനിക രാഷ്ട്രീയ സാഹചര്യമാണ്)
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലെ നാട്ടുരാജ്യമായിരുന്ന ഭോപാല്‍ 1844 മുതല്‍ 1868 വരെ ഭരിച്ചത് നവാബ് സിക്കന്തര്‍ ബീഗം (1816-1868 ) ആയിരുന്നു. അവരുടെ മക്കയിലേക്കുള്ള ഹജ്ജ് യാത്ര 1863-1864 കാലത്താണ് നടന്നതെങ്കിലും ആറ് വര്‍ഷം കഴിഞ്ഞു 1870 ലാണ് ഇത് യാത്ര വിവരണമായി ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കപെട്ടത്. ബീഗം സിക്കന്തര്‍ ഉറുദുവില്‍ തയ്യാറാക്കിയ മാനുസ്‌ക്രിപ്‌റ്റ്. എമ്മലോറ വിലോഫ്‌ബി ഓസ്‌ബോണ്‍ എന്ന ബ്രിട്ടീഷ് വനിതയാണ് ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിക്കുന്നത്. അവര്‍ പുസ്‌തകത്തിന് കൊടുത്ത പേര് എ പ്രിന്‍സസ് പില്‍ഗ്രിമേജ്: എ പില്‍ഗ്രിമേജ് റ്റു മെക്ക. അവരുടെ ഭര്‍ത്താവായ ജോണ്‍ വില്യം വിലോഫ്‌ബി ഓസ്‌ബോണ്‍ ഭോപ്പാലില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധി ആയിരുന്നു. തങ്ങള്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളില്‍ ആണ്‍ സന്തതികള്‍ ഇല്ലെങ്കില്‍ അവയെ നേരിട്ടു കൊളോണിയല്‍ അധികാരത്തിനു കീഴില്‍ കൊണ്ടുവരലായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനി അക്കാലത്ത് സ്വീകരിച്ച നയം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്‌തമായി ഭോപാല്‍ ഭരിച്ചിരുന്ന നാസര്‍ മുഹമ്മദ് ഖാന്‍ മരണപെട്ടതിനു ശേഷം ആദ്യം അദ്ദേഹത്തിന്റെ ഭാര്യ ആയ ബീഗം ഖുദ്‌സിയയും പിന്നെ മകളായ സിക്കന്തരും അധികാരം ഏറ്റെടുത്തു. വളരെ നേരത്തെ തന്നെ കൊളോണിയല്‍ രാഷ്ട്രീയത്തോടു വിലപേശല്‍ സമീപനത്തിലൂടെ പിടിച്ചുനിന്ന ഈ രണ്ടു സ്‌ത്രീകളും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ദേശീയ ചരിത്രം വിശേഷിപ്പിക്കുന്ന സമരങ്ങളെ പിന്തുണക്കാതിരുന്നത് ബ്രിട്ടീഷ് അധികാരികളെ ഏറെ പ്രീതിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ താരതമ്യേന അല്ലലും അലട്ടലും ഇല്ലാതെ ഇവര്‍ രാജ്യം ഭരിച്ചിരുന്നു. സിക്കന്തര്‍ ബീഗം ഹജ്ജ് വിവരണം എഴുതുന്നത് കൊളോണിയല്‍ അധികാരിയായ വില്യം ഡ്യൂറന്റിന്റെയും അദ്ദേഹത്തിന്റെ പത്‌നിയുടെയും `അഭ്യര്‍ഥന' പ്രകാരമായിരുന്നു. എന്നാല്‍ ഇത് കൊളോണിയല്‍ സാഹചര്യത്തില്‍ ഒരു `ആജ്ഞ' തന്നെ ആവാന്‍ സാധ്യതയുണ്ട്. കാരണം അന്നത്തെ ബ്രിട്ടീഷ് കൊളോണിയല്‍ അധികാരത്തിനു ഓട്ടോമന്‍ നിയന്ത്രണത്തിലുള്ള അറബ് ദേശങ്ങള്‍ അപ്രാപ്യമായിരുന്നു. അത് കൊണ്ട് തന്നെ ബീഗത്തിന്റെ ഹജ്ജ് എഴുത്ത് വിവര ശേഖരണത്തിനുള്ള ഉപാധിയായി വില്ല്യം ഡ്യൂറന്റ് കണ്ടിരിക്കാം. മാത്രമല്ല ഈ ഹജ്ജ് വിവരിക്കപ്പെടുന്നത് ബ്രിട്ടീഷ് വായന സമൂഹത്തെ `അറിയിക്കാനാണ്' എന്നത് വളരെ നിര്‍ണായകമാണ്. അതിലേറെ പ്രധാനമാണ് പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നത് വിക്ടോറിയ രാജ്ഞിക്കാണ് എന്നുള്ളത്. സിക്കന്തര്‍ ബീഗത്തിന്റെ മരണ ശേഷം പ്രസിദ്ധീകരിക്കപെട്ട പുസ്‌തകത്തിന്റെ ആമുഖത്തില്‍ അവരുടെ മകളായ ബീഗം ജഹാന്റെ ബ്രിട്ടീഷ് അധികാരികളെ പുകഴ്‌ത്തുന്ന കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബീഗം ഭോപാലില്‍ നിന്ന് റോഡ് റെയില്‍ വഴി ബോംബെയില്‍ എത്തുകയും അവിടെ നിന്ന് കപ്പലില്‍ പരിവാര സമേതം 1864 ജനവരി 23 നു (1280 ശഅ്‌ബാന്‍ 13) ജിദ്ദയില്‍ എത്തുകയും ചെയ്‌തു. അവരുടെ വിവരണത്തില്‍ കടല്‍ യാത്രയുടെ യാതൊരു പരമാര്‍ശവും കാണാനില്ല. മക്കയാത്രക്കിടയില്‍ ആദ്യം കടല്‍ കടന്നെത്തിയ ജിദ്ദയെ കുറിച്ച് ഒരു ലഘു ചിത്രം നല്‌കുന്നുണ്ട്. ജിദ്ദ തുറമുഖം അക്കാലത്ത് തുര്‍ക്കികളുടെ നിയന്ത്രണത്തിലായിരുന്നു. തുര്‍ക്കികളും അറബികളും ആഫ്രിക്കകാരും ഉള്‍പ്പെട്ട ജനസമൂഹമാണവിടെ ഉണ്ടായിരുന്നത്. അയ്യായിരം ആയിരുന്നു അന്നത്തെ ജിദ്ദയിലെ ജനസംഖ്യ. ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ജിദ്ദ അക്കാലത്ത് ഏറെ ശോഷിച്ച ഒരു നഗരമായിരുന്നു. ജിദ്ദയെ കുറിച്ച് അവര്‍ക്ക് ആകെ നല്ലത് പറയാനുള്ളത് അവിടുത്തെ പലഹാരങ്ങളെ കുറിച്ച് മാത്രമായിരുന്നു. നാല് ദിവസത്തിനു ശേഷം അവര്‍ മക്കയിലെത്തി. മക്കയിലെ ഭരണാധികാരികള്‍ അന്നത്തെ ആചാര പ്രകാരം നഗരത്തിനു പുറത്തു വന്നു അവരെ സ്വീകരിച്ചു. മക്കയിലെത്തുമ്പോള്‍ അവര്‍ ബാങ്കൊലികള്‍ കേള്‍ക്കുകയും ഏറെ വേഗത്തില്‍ ബാബുസ്സലാമിലൂടെ ഹറമില്‍ പ്രവേശിക്കുകയും ചെയ്‌തു. ത്വവാഫ് ചെയ്‌തു മക്കയിലെ താമസം തുടങ്ങി.
മക്ക പൊതുവെ വൃത്തിഹീനമായ നഗരമായാണു അവര്‍ പരിചയപ്പെടുത്തുന്നത്. ഇത് അവിടുത്തെ പല ഭരണാധികാരികളുടെയും ശ്രദ്ധയില്‍ പെടുത്താനും വൃത്തിയുടെ പ്രാധാന്യം അവരെ ഉണര്‍ത്താനും ബീഗം ശ്രമിക്കുന്നു. മക്കയില്‍ മത ബോധമില്ലാതെ മദ്യപിച്ച് നടക്കുന്നവരെ അവര്‍ കാണുന്നു. സിക്കന്തര്‍ ബീഗം ഒരു ഭരണാധികാരി എന്ന നിലയിലും മതവിശ്വാസി എന്ന നിലയിലും അന്നത്തെ മക്കയുടെ അവസ്ഥയില്‍ സംതൃപ്‌തയല്ല എന്ന് കാണാം. മക്കയിലെത്തിയ ബീഗം അവിടത്തെ തെരുവുകളെ ഒരു ഭരണാധികാരിയുടെ വീക്ഷണത്തില്‍ നിന്നാണ് കാണുന്നത്. അന്നത്തെ മക്കയുടെ പരിപാലനത്തിനായി ചിലവിട്ട തുക മുപ്പതു ലക്ഷം രൂപയായിരുന്നു. എന്നാല്‍ അതൊന്നും വേണ്ടരൂപത്തില്‍ ചെലവഴിക്കാനുള്ള കാര്യബോധം ഹറം നിയന്ത്രിച്ച അധികാരികള്‍ക്ക് ഇല്ലായിരുന്നു. മക്കയിലെ തെരുവുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അയാള്‍ അശക്തനാണെന്നും അവര്‍ പറയുന്നു. അത്രയും പണം താനാണ് ചെലവഴിക്കുന്നതെങ്കില്‍ മക്കയെ കൂടുതല്‍ മികവോടെ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു അവര്‍ അവകാശപ്പെടുന്നുണ്ട്. മറ്റൊരിടത്ത് തുര്‍ക്കിയില്‍ നിന്നുള്ള ചില നയതന്ത്ര ഉദ്യോഗസ്ഥന്മാരുമായുള്ള സംഭാഷണത്തിനിടെ ഖുര്‍ആന്‍ അറബിയില്‍ നിന്ന് തുര്‍ക്കിയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് അവര്‍ ഉണര്‍ത്തുന്നു. ഷാ വലിയുല്ല ദഹ്‌ലവി പേര്‍ഷ്യയിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്‌തത് അവര്‍ ഉദാഹരിക്കുന്നു. എന്നാല്‍ ഇങ്ങിനെയുള്ള ചില അധികാര സ്വരങ്ങള്‍ മറ്റു ഭരണധികാരികളെ അവരില്‍ നിന്നകറ്റി. മക്കയിലെ ഭരണാധികാരികളെ മാത്രമല്ല സാധാരണക്കാരെയും നിലവാരം കുറഞ്ഞ മനുഷ്യരായാണ് അവര്‍ രേഖപ്പെടുത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഭോപാല്‍ മക്കയെക്കാള്‍ എത്രയോ വികസിച്ച സ്ഥലമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ പേരമകളായ ജഹാന്‍ ബീഗം മക്കയിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ വല്ല്യുമ്മയില്‍ നിന്ന് വ്യത്യസ്‌തമായി മക്കയാല്‍ സ്വാധീനിക്കപ്പെട്ടാണ് തിരിച്ചു വരുന്നതെന്ന് കാണാം.
ഇന്ത്യയിലെ അന്നത്തെ വീടുകളില്‍ നിന്ന് വ്യത്യസ്‌തമായി മക്കയിലെ വീടുകളുടെ പ്രത്യേകതകള്‍ അവര്‍ വിവരിക്കുന്നു. മക്കയിലെ അന്നത്തെ വീടുകള്‍ക്ക് ഏഴു നില ഉണ്ടായിരുന്നു. അവിടത്തെ സ്‌ത്രീകളുടെ പാചക രീതികളെ കുറിച്ചും അവരുടെ വിനോദങ്ങളെ കുറിച്ചും അവര്‍ വിവരിക്കുന്നു. അറബി വശമില്ലാത്തതിനാല്‍ പ്രാദേശിക സംസ്‌കാരവുമായി ഇഴുകി ചേരാന്‍ അവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മദീന സന്ദര്‍ശിച്ചല്ലത്രെ. അറബ് സ്‌ത്രീകള്‍ വലിയ വായില്‍ ഒച്ച ഇടുന്നവരും പുരുഷന്മാരെക്കാള്‍ മസില്‍ പവര്‍ ഉള്ളവരുമാണെന്ന് അവര്‍ പറയുന്നു. മിക്ക സ്‌ത്രീകളും പത്തു വരെ വിവാഹം കഴിക്കുന്നവരാണത്രെ. തന്റെ ഭര്‍ത്താവ് വൃദ്ധനാവുകയോ സാമ്പത്തികമായി ക്ഷയിക്കുകയോ ചെയ്‌താല്‍ അയാളെ വിട്ടു മറ്റൊരാളെ വിവാഹം കഴിക്കുമായിരുന്നു. മക്കയിലെ സ്‌ത്രീകളെ കുറിച്ച് ബീഗം ഇതൊക്കെ എഴുതുന്നത് അങ്ങേയറ്റം വിമര്‍ശനാത്മകമായിട്ടാണ്. എന്നാല്‍ ഇതേ ബീഗം സ്വന്തം നാട്ടില്‍ ഭാര്‍ത്താവിനെതിരെ പട നയിച്ച വനിതയാണെന്നും നാം ഓര്‍ക്കണം. മക്കയില്‍ അവര്‍ താമസിക്കുമ്പോള്‍ ജബല്‍നൂര്‍ സന്ദര്‍ശിച്ചു. അവിടെ പച്ച, ചുവപ്പ്, സ്വര്‍ണ നിറത്തിലുള്ള കല്ലുകള്‍ കണ്ടുവത്രെ. ഇന്തോനേഷ്യയിലെ ജാവയില്‍ നിന്ന് വന്ന ചില ഹാജിമാര്‍ ജബല്‍ നൂറില്‍ സ്വര്‍ണം ഊറ്റുന്ന തിരക്കിലായിരുന്നു! മിനായില്‍ പോകുമ്പോള്‍ അവര്‍ കാണുന്നത് നിബിഢ വനമാണ്. മിന ധാരാളം ഇഴ ജന്തുക്കളുടെ കൂടി സ്ഥലമായാണ് അവര്‍ക്കനുഭവപ്പെട്ടത്. ഭോപാലില്‍ നിന്നുള്ള രാജ്ഞി ആണെന്നറിഞ്ഞതോടെ മക്കയില്‍ അവര്‍ താമസിച്ച സ്ഥലത്ത് ആളുകള്‍ പണത്തിനായി ഒരുമിച്ചു കൂടിയിരുന്നത്രെ. ഇത് അവരെ സ്വസ്ഥമായി ആരാധന അനുഷ്‌ഠാനങ്ങളില്‍ നിന്ന് തടഞ്ഞിരുന്നു. ചുരുക്കി പറഞ്ഞാല്‍ ബീഗം കണ്ട മക്ക അത്ര സന്തോഷവും സമാധാനവും ഉള്ള സ്ഥലമല്ല. അങ്ങനെ ഏറെ കഷ്ടപ്പെട്ട് ഹജ്ജ് നിര്‍വഹിച്ചതിനു ശേഷം ഏദന്‍ തുറമുഖം വഴി ബോംബെയിലേക്ക് മടങ്ങി. ഡയറിക്കുറിപ്പുകള്‍ പോലെ എഴുതിയ ഈ ഹജ്ജ് അനുഭവം ഹജ്ജ് എന്ന ആത്മീയ അനുഭവത്തേക്കാള്‍ നമുക്ക് നല്‍കുന്നത് അന്നത്തെ മക്കയുടെ സാമൂഹിക രാഷ്ട്രീയ ചിത്രമാണ്.
ഹജ്ജ്, ആധുനിക ഗതാഗത സൗകര്യം ഇല്ലാത്ത കാലത്ത് ഒരുപരിധി വരെ മുസ്‌ലിം വരേണ്യ-ഉപരി വര്‍ഗ പുരുഷ അനുഭവമായിരുന്നുവെന്നു കാണാം. അതുകൊണ്ട് തന്നെ വിദൂര ദിക്കുകളില്‍ നിന്ന് ഹജ്ജിനു പോയവരില്‍ ബഹുഭൂരിഭാഗവും ഒന്നുകില്‍ സാഹസികരായ മുസ്‌ലിം പുരുഷയാത്രികര്‍, മുസ്‌ലിം ഭരണാധികാരികള്‍ അല്ലെങ്കില്‍ രാജാക്കന്മാരുടെ മറ്റും ആശ്രിതരായ മുസ്‌ലിം പുരുഷ പണ്ഡിതന്മാര്‍ ഒക്കെ ആയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ബീഗം സിക്കന്തര്‍ എന്ന വരേണ്യ മുസ്‌ലിം സ്‌ത്രീ നടത്തിയ ഹജ്ജ് യാത്ര അതിന്റെ മതപരവും രാഷ്ട്രീയപരവും ലിംഗപരവുമായ മാനങ്ങളാല്‍ ഏറെ ശ്രദ്ധേയമാവുന്നത്.
0 comments: