ബിഷപ്പ്‌ ഹൗസില്‍ ഒരു പെരുന്നാള്‍ സൗഹൃദം

  • Posted by Sanveer Ittoli
  • at 4:54 AM -
  • 0 comments

ബിഷപ്പ്‌ ഹൗസില്‍ ഒരു പെരുന്നാള്‍ സൗഹൃദം

സൗഹൃദം -

ഒരേ ഞെട്ടില്‍ നിന്ന്‌ പൊട്ടി വളര്‍ന്ന രണ്ടു വിശ്വാസസംഹിതകളാണ്‌ ക്രൈസ്‌തവ മതവും ഇസ്‌ലാമും. പ്രവാചകന്മാര്‍, വേദഗ്രന്ഥങ്ങള്‍, ആരാധനാരീതികള്‍, ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇരു സമുദായങ്ങളും ചേര്‍ന്നു നില്‍ക്കുന്നു. ഭിന്നതകള്‍ നിലനില്‍ക്കേ തന്നെ, സൗഹൃദത്തിന്റെ ഹസ്‌തദാനം ചെയ്യാന്‍ ഇരു മതങ്ങള്‍ക്കും സാധിക്കും. പക്ഷേ, അത്തരം സൗഹൃദത്തിന്റെ ഈടുവെപ്പുകള്‍ ഉണ്ടാകുന്നില്ല.
പെരുന്നാള്‍ പൗര്‍ണമിയുടെ തെളിച്ചത്തില്‍, സൗഹൃദത്തിന്റെ സ്വര്‍ണനൂല്‍ കോര്‍ക്കുന്ന ഒരു സ്‌നേഹവര്‍ത്തമാനം. കോഴിക്കോട്‌ രൂപത വികാരി ജനറാള്‍ റവ. ഡോ. തോമസ്‌ പനയ്‌ക്കലും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജന.സെക്രട്ടറിയും കോഴിക്കോട്‌ പാളയം ഇമാമുമായ ഡോ. ഹുസൈന്‍ മടവൂരും കോഴിക്കോട്‌ ബിഷപ്പ്‌ ഹൗസില്‍ മനസ്സ്‌ തുറന്നപ്പോള്‍.
റവ. തോമസ്‌ പനക്കല്‍: മടവൂര്‍ എന്നു പറയുന്നത്‌ കുടുംബ പേരാണോ?

ഡോ. ഹുസൈന്‍ മടവൂര്‍: അല്ല, അത്‌ എന്റെ നാടാണ്‌. കോളെജില്‍ പഠിക്കുന്ന കാലത്ത്‌ പല നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ടാകും, അപ്പോള്‍ തിരിച്ചറിയാന്‍ നാടിന്റെ പേര്‌ ചേര്‍ത്താണ്‌ പറയാറ്‌. അപ്പോഴാണ്‌ പേരില്‍ മടവൂര്‍ കടന്നുവന്നത്‌. പിന്നീട്‌ അത്‌ പേരിന്റെ ഭാഗമായി.

  • ഞങ്ങള്‍ വീട്ടുപേരാണ്‌ സാധാരണ ഇങ്ങനെ ഉപയോഗിക്കാറ്‌. പിന്നെ വലിയ ആളുകളൊക്കെ നാടിന്റെ പേരാണല്ലോ കൂടെ ചേര്‍ക്കാറുള്ളത്‌. പനയ്‌ക്കല്‍ എന്റെ വീട്ടുപേരാണ്‌.
  • നമ്മള്‍ തമ്മില്‍ അഥവാ ക്രിസ്‌ത്യന്‍ -മുസ്‌ലിം സമൂഹങ്ങള്‍ തമ്മില്‍ വലിയ ബന്ധമുണ്ട്‌. ബൈബിളിലെ പല കാര്യങ്ങളും ഖുര്‍ആനില്‍ പറയുന്നുണ്ട്‌.
  • ഖുര്‍ആനില്‍ മര്‍യം എന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ടല്ലോ?
  • അതെ, ക്രിസ്‌ത്യന്‍ പണ്ഡിതന്മാരെക്കുറിച്ച്‌ ഖുര്‍ആന്‍, അവര്‍ക്ക്‌ അഹങ്കാരമില്ല എന്നു പറഞ്ഞിട്ടുണ്ട്‌. അവര്‍ സ്‌നേഹമുള്ളവരാണ്‌. `ഖിസ്സീസ്‌' എന്നാണ്‌ അറബിയില്‍ ക്രസ്‌ത്യന്‍ പുരോഹിതന്മാര്‍ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. വേദക്കാര്‍ അഥവാ അഹ്‌ലുകിതാബ്‌ എന്നാണ്‌ ക്രിസ്‌ത്യന്‍ സമൂഹം വിളിക്കപ്പെടുന്നത്‌. ക്രൈസ്‌തവ സമൂഹവുമായി മുസ്‌ലിംകള്‍ നല്ലനിലയില്‍ വര്‍ത്തിക്കണം, അവര്‍ അറുത്ത മാംസം കഴിക്കാം. അവരിലെ സ്‌ത്രീകളെ വിവാഹം കഴിക്കാം എന്നൊക്കെ ഖുര്‍ആനിലുണ്ട്‌.
  • തീര്‍ച്ചയായും മറ്റു സമുദായങ്ങളേക്കാള്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ മുസ്‌ലിംകളുമായി തന്നെയാണ്‌ ബന്ധം. നമ്മള്‍ ഒരു വഴിയില്‍ നിന്ന്‌ വരുന്നവരാണ്‌. എബ്രഹാമിന്റെ മക്കള്‍ എന്നല്ലേ നമ്മളെ പരിചയപ്പെടുത്തിയിരിക്കുന്നത്‌.
  • പക്ഷേ, പൊതുസമൂഹം ഈ ദൃഢബന്ധത്തെക്കുറിച്ച്‌ അറിയില്ല. മറ്റു മതസ്ഥരോട്‌ വിശാല കാഴ്‌ചപ്പാട്‌ പിന്തുടരാന്‍ തന്നെയാണല്ലോ ബൈബിളും ഉദ്‌ബോധിപ്പിക്കുന്നത്‌?
  • തീര്‍ച്ചയായും.
  • കേരളത്തില്‍ സുന്നി, മുജാഹിദ്‌, ജമാഅത്ത,്‌ തബ്‌ലീഗ്‌ തുടങ്ങിയ വിഭാഗങ്ങള്‍ ചേര്‍ന്നതാണ്‌ മുസ്‌ലിം സാമൂഹിക ഘടന. ഒരു പുരോഗമന പ്രസ്ഥാനമാണ്‌ ഞങ്ങള്‍ അഥവാ മുജാഹിദുകള്‍. ഞങ്ങളുടെ വിഭാഗത്തില്‍ സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ പോകാം. അതുപോലെ മലയാളത്തിലാണ്‌ ഖുത്‌ബ (ഫ്രൈഡേ സ്‌പീച്ച്‌) ഉണ്ടാകുന്നത്‌.
  • മുജാഹിദ്‌ വിഭാഗത്തില്‍ സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ പോകാം എന്ന്‌ കേട്ടിട്ടുണ്ട്‌. നിങ്ങള്‍ ഫോര്‍വേഡ്‌ ആണല്ലോ. 
  • ഫോര്‍വേഡ്‌ ആണ്‌, പുരോഗമനപരമാണ്‌, അതോടൊപ്പം പ്രമാണബദ്ധവുമാണ്‌. മതം നിരസിച്ചുകൊണ്ടുള്ള പുരോഗമനപരം അല്ല. 
  • റമദാനില്‍ മുസ്‌ലിം സമൂഹം മുഴുവന്‍ വ്രതം അനുഷ്‌ഠിക്കുന്നു. ക്രിസ്‌തു മതത്തില്‍ എങ്ങനെയാണ്‌ നോമ്പ്‌? ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്ന രൂപത്തിലാണോ?
  • പൂര്‍ണമായും ഭക്ഷണം ഒഴിവാക്കുന്ന രൂപത്തിലുള്ള വ്രതം ഇല്ല. ഒരു നേരം കഴിക്കാം. അതാണ്‌ വലിയ നോമ്പ്‌ എന്നറിയപ്പെടുന്നത്‌.  
  • അതെത്ര ദിവസം ഉണ്ടാകും?
  • നാല്‌പതു ദിവസം. ഈസ്റ്ററിനു മുമ്പുള്ള നാല്‌പതു ദിവസമാണ്‌ നോമ്പെടുക്കേണ്ടത്‌.
  • മൂസാ നബി ഏടുകള്‍ വാങ്ങാന്‍ സീന പര്‍വതത്തിലേക്ക്‌ പോയത്‌ 40 ദിവസത്തെ നോമ്പിനു ശേഷമാണെന്ന്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌.
  • മോസസിനെപോലെ ക്രിസ്‌തുവും 40 ദിവസത്തെ നോമ്പിന്‌ ശേഷമാണ്‌ ജനങ്ങളിലേക്ക്‌ വരുന്നത്‌. 
  • ആഹാരം കഴിക്കാം എന്നു പറഞ്ഞില്ലേ. അത്‌ ഇന്ന നേരം ആകണമന്നുണ്ടോ?
  • ഇല്ല. നമുക്കിഷ്‌ടമുള്ള ഒരു നേരത്താവാം. വെള്ളം മാത്രം കുടിച്ച്‌ ദിവസം മുഴുവന്‍ വ്രതമനുഷ്‌ഠിക്കുന്നവരും ഉണ്ട്‌. മുമ്പ്‌ വെള്ളം കുടിക്കുന്നത്‌ നോമ്പിനെ നഷ്‌ടപ്പെടുത്തുമായിരുന്നു. ഇപ്പോള്‍ വെള്ളം കുടിക്കുന്നതില്‍ പ്രശ്‌നമില്ല.
  • ഞങ്ങള്‍ക്ക്‌ നോമ്പ്‌ പ്രഭാത നമസ്‌കാരത്തിന്റെ സമയം മുതല്‍ പ്രദോഷ നമസ്‌കാര സമയം വരെയാണ്‌. മുന്‍ സമുദായങ്ങള്‍ക്ക്‌ ഉപവാസമുള്ളതുപോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നാണ്‌ ഖുര്‍ആനില്‍ വ്രതത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌. മറിയം മൗനവ്രമതനുഷ്‌ഠിച്ചിരുന്നുവെന്ന്‌ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്‌.
  • യേശു ഒന്നും കഴിക്കാതെയാണ്‌ 40 ദിവസം കഴിച്ചുകൂട്ടിയതെന്നാണ്‌ പറയപ്പെടുന്നത്‌. അതിനു ശേഷമാണ്‌ ശിഷ്യന്മാരെ സ്വീകരിക്കുന്നതും മറ്റുമെല്ലാം. ഞങ്ങള്‍ക്ക്‌ നോമ്പുകാലത്ത്‌ മൂന്ന്‌ കാര്യങ്ങള്‍ പ്രധാനമാണ്‌. ധാരാളമായി പ്രാര്‍ഥിക്കുക, ദാനധര്‍മങ്ങള്‍ ചെയ്യുക, പിന്നെ ഉപവസിക്കുക. ഭക്ഷണകാര്യത്തില്‍ മാത്രമല്ല സംസാരം, പെരുമാറ്റം, ശീലം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കണിശത വേണം.
  • ഞങ്ങള്‍ക്കും നോമ്പുകാലം ധര്‍മവിചാരവും പുണ്യകര്‍മങ്ങളും ധാരാളം വര്‍ധിപ്പിക്കേണ്ട മാസമാണ്‌. ഒരു നബിവചനമുണ്ട്‌, ഒരാള്‍ നോമ്പുകാരനായിരിക്കെ ചീത്ത പ്രവൃത്തിയും സംസാരവും ഉപേക്ഷിക്കുന്നില്ലെങ്കില്‍ നോമ്പുകൊണ്ട്‌ യാതൊരു കാര്യവുമില്ല.
ഞങ്ങള്‍ സകാത്ത്‌ കൊടുക്കുന്നതുപോലെ ക്രിസ്‌തുമതത്തില്‍ ദശാംശം കൊടുക്കണം എന്ന നിര്‍ദേശമുണ്ടല്ലോ?
  • അതെ. വരുമാനത്തിന്റെ പത്തിലൊന്ന്‌ ദാനമായി നല്‌കണം എന്ന കല്‌പനയുണ്ട്‌.
  • ഞങ്ങള്‍ക്ക്‌ അടിസ്ഥാനപരമായി 2.5% ആണ്‌ സകാത്ത്‌ വിഹിതം. കൃഷി പോലുള്ള ഇനങ്ങള്‍ക്ക്‌ മാറ്റമുണ്ട്‌. പള്ളി കേന്ദ്രീകരിച്ചാണ്‌ അത്‌ വിതരണം ചെയ്യാറ്‌.
  • പതാരം എന്നാണ്‌ ഞങ്ങളതിനു പറയുന്നത്‌, അഥവലാ പത്തിലൊന്ന്‌. അത്‌ സഭയില്‍ കൊടുക്കുകയാണ്‌ വേണ്ടത്‌. പാവപ്പെട്ടവരെ സഹായിക്കാനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ തുകയാണ്‌ ഉപയോഗിക്കുക.
  • സകാത്ത്‌ കൊടുക്കാനായി എന്നോട്‌ ദൈവം കല്‌പിച്ചിരിക്കുന്നു എന്നു ഈസാ നബി പറയുന്നതായി ഖുര്‍ആനിലുണ്ട്‌. നിര്‍ബന്ധ ദാനത്തെക്കുറിച്ചായിരിക്കാം അത്‌. കൈറോവിലെ ക്രിസ്‌ത്യന്‍ പള്ളിയില്‍ ഞാന്‍ പോയിരുന്നു. അറബിയിലാണ്‌ അവിടെ ബൈബിള്‍. കുര്‍ബാനയുടെ മാധ്യമവും അറബി തന്നെ. അവര്‍ ദൈവത്തെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നതും `അല്ലാഹു' എന്നാണ്‌.
  • ജോര്‍ദാന്‍, ലെബനാന്‍ തുടങ്ങിയ ഇടങ്ങളില്‍ അറബ്‌ ക്രിസ്‌ത്യാനികള്‍ നിരവധിയുണ്ട്‌. അറേബ്യന്‍ പാരമ്പര്യമുള്ള കല്‍ദാനി വിഭാഗം ഇപ്പോഴും ഇറാഖിലുണ്ട്‌.
  • മുസ്‌ലിംകളുടെ ഇടയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ നിരവധി മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടാവുമല്ലോ? മുമ്പ്‌ മലപ്പുറത്തായിരുന്നല്ലോ ജോലി ചെയ്‌തിരുന്നത്‌?
  • മലപ്പുറത്തേക്ക്‌ സ്ഥലമാറ്റം കിട്ടിയപ്പോള്‍ പോകാന്‍ ഭയപ്പെട്ടിരുന്ന ആളാണ്‌ ഞാന്‍. മലപ്പുറവും അവിടുത്തെ ജനങ്ങളുമെല്ലാം വലിയ പ്രശ്‌നക്കാരാണ്‌ എന്നൊക്കെ ആയിരുന്നു എന്റെ ധാരണ. ഞാന്‍ ചാര്‍ജെടുത്തതിന്റെ നാലാം ദിവസം എന്നെ വന്ന്‌ കാണുന്നത്‌ അവിടത്തെ മുസ്‌ലിം സുഹൃത്തുക്കളാണ്‌. അവര്‍ ഇഫ്‌ത്വാറിന്‌ ക്ഷണിക്കാന്‍ വന്നതായിരുന്നു. ഞാന്‍ ക്ഷണം സ്വീകരിച്ച്‌ ഇഫ്‌ത്വാറില്‍ പങ്കെടത്തു. നേരത്തെ കണ്ട്‌ പരിചയപ്പെട്ടതുപോലെ വളരെ ഹൃദ്യമായിരുന്നു അവരുടെ സ്വീകരണം. പിന്നീട്‌ മിക്ക ആഴ്‌ചകളിലും ഇഫ്‌ത്വാറുണ്ടായിരുന്നു. ഞാന്‍ രാവിലെ നടക്കാനിറങ്ങുമ്പോഴും ഒപ്പമുണ്ടായിരുന്നത്‌ ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോഴും പലരും ഇവിടെ വരാറുണ്ട്‌. അനുഭവിച്ചറിയേണ്ടതു തന്നെയാണ്‌ അവരുമായുള്ള സൗഹൃദത്തിന്റെ മധുരം. `മലപ്പുറം കത്തി' എന്നൊക്കെ കേട്ടത്‌ കെട്ടുകഥയാണെന്ന്‌ എനിക്ക്‌ അനുഭവത്തിലൂടെ മനസ്സിലായി.
  • ഞാന്‍ കുറച്ചുകാലം മലപ്പുറം ജില്ലയിലെ മോങ്ങത്ത്‌ ജോലി ചെയ്‌തിരുന്നു. അവിടെ ഒരു ക്രിസ്‌ത്യന്‍ കുടുംബംജോലിക്കു വന്നിരുന്നു; തെക്കുഭാഗത്തു നിന്ന്‌. ജോലിയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തിട്ടും അവര്‍ മടങ്ങിയില്ല. അവര്‍ പറയുന്നത്‌ ഇവരുടെ കൂടെയാണ്‌ ഇനിയും ജീവിക്കാനിഷ്‌ടം എന്നാണ്‌. 
  • മലപ്പുറത്തെ മുസ്‌ലിം സുഹൃത്തുക്കള്‍ യാത്രയയപ്പ്‌ ഒക്കെ നല്‌കിയാണ്‌ ഇങ്ങോട്ടയച്ചത്‌. അഞ്ച്‌ വര്‍ഷം ഞാന്‍ അവിടെയുണ്ടായിരുന്നു. എറണാകുളത്ത്‌ നിന്ന്‌ വരുന്ന എനിക്ക്‌ ഇതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. 
  • മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ധാരാളം ക്രിസ്‌ത്യന്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്‌. തലശ്ശേരിയിലെ ഫാദര്‍ തോമസ്‌ തൈത്തോട്ടം, ഫാദര്‍ ചാണ്ടി കുരിശിന്‍മൂട്ടില്‍ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളണ്‌. ഫാദര്‍ ചാണ്ടി ഇപ്പോള്‍ കക്കാടംപൊയിലില്‍ ഒരു ഉള്‍ഗ്രാമം മുഴുവനായും മദ്യവിമുക്തമാക്കിയിട്ടുണ്ട്‌.
  • ഫാദര്‍ കുരിശിന്‍മൂട്ടില്‍ ഐഹിക ലോകത്തോട്‌ വിരക്തിയുള്ള, പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടുന്ന ഒരു പുരോഹിതനാണ്‌. ഇത്തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ബദ്ധശ്രദ്ധനാണ്‌. അധികം ആളുകളൊന്നും കൂടെയുണ്ടാവില്ല. പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടാനാണ്‌ അദ്ദേഹത്തിന്‌ താല്‌പര്യം.
  • ഞങ്ങള്‍ക്കിടയില്‍ എന്ന പോലെ ക്രിസ്‌ത്യന്‍ സമൂഹത്തില്‍ ആഭ്യന്തരസംവാദങ്ങള്‍ നടക്കാറുണ്ടോ? അതിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ച്‌ അല്‌പം വിശദീകരിച്ചാല്‍ നന്ന്‌. 
  • റോമിലെ മാര്‍പാപ്പയ്‌ക്ക്‌ കീഴൊതുങ്ങുന്നവരാണ്‌ കാത്തലിക്‌ വിഭാഗം. ഇവരില്‍ തന്നെ 26 രീതിയില്‍ കൂദാശ കര്‍മങ്ങള്‍ ചെയ്യുന്നവരുണ്ട്‌. സുറിയാനി ഭാഷയില്‍ കര്‍മങ്ങള്‍ ചെയ്യുന്നവരാണ്‌ സിറിയന്‍ കത്തോലിക്ക വിഭാഗം. ഇന്ത്യയില്‍ മൂന്ന്‌ തരം റീത്തുകളാണ്‌ അഥവാ കര്‍മങ്ങള്‍ ചെയ്യുന്ന രീതിയാണ്‌ ഉള്ളത്‌. സീറോ മലബാര്‍, മലങ്കര, സുറിയാനി. മുമ്പ്‌ ലത്തീന്‍ ഭാഷയില്‍ കര്‍മങ്ങള്‍ ചെയ്യുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ സഭകളിലും മലയാളത്തില്‍ തന്നെയാണ്‌ കര്‍മങ്ങള്‍.
  • മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോഴും അറബിയില്‍ ഖുത്‌ബ (വെള്ളിയാഴ്‌ച പ്രസംഗം) നടത്തുന്നവരുണ്ട്‌. ഞങ്ങള്‍ മലയാളത്തിലാണ്‌ നിര്‍വഹിക്കുന്നതെന്ന്‌ നേരത്തെ പറഞ്ഞല്ലോ.
  • 1964 മുതലാണ്‌ കര്‍മങ്ങള്‍ മലയാളത്തിലായത്‌. അതിനു മുമ്പ്‌ ലത്തീന്‍, സുറിയാനി ഭാഷകളിലായിരുന്നു ആരാധനാ കര്‍മങ്ങള്‍. സെമിനാരിയില്‍ പഠിക്കുന്ന കാലത്ത്‌ വിദ്യാര്‍ഥികള്‍ ഈ ഭാഷകള്‍ സംസാരിക്കണം എന്നൊക്കെ നിബന്ധനയുണ്ടായിരുന്നു. വിവിധ സഭകള്‍ തമ്മില്‍ കര്‍മശാസ്‌ത്രത്തില്‍ വ്യത്യാസമുണ്ട്‌. എന്നാല്‍ മുമ്പ്‌ പറഞ്ഞ ആ മൂന്ന്‌ വിഭാഗങ്ങളും മാര്‍പാപ്പയ്‌ക്ക്‌ കീഴൊതുങ്ങിയവരാണ്‌. ക്രിസ്‌തു മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്ന ആള്‍ക്ക്‌ ഇഷ്‌ടമുള്ള സഭയില്‍ അംഗമാകാം.
  • വര്‍ത്തമാന സാഹചര്യത്തില്‍ മുസ്‌ലിംപെണ്‍കുട്ടികളുടെ ശിരോവസ്‌ത്രം പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്‌. ക്രിസ്‌തു മതത്തിലെ കന്യാസ്‌ത്രീകളും ശിരോവസ്‌ത്രം ധരിക്കുന്നവരാണല്ലോ? കുറച്ചു മുന്‍പ്‌ എന്റെ സുഹൃത്തിന്റെ മകള്‍ക്ക്‌ ഇതുപോലുള്ള പ്രശ്‌നമുണ്ടായി. സ്‌കൂളിനകത്ത്‌ കടക്കണമെങ്കില്‍ ശിരോവസ്‌ത്രം അഴിച്ചുവെക്കണം. ഞാന്‍ അവരോട്‌ പറഞ്ഞു, അത്‌ നേരിട്ടുപോയി സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. കാരണം ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌ നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാരും മറ്റും കന്യാസ്‌ത്രീകളായിരിക്കും. അതുകൊണ്ടുതന്നെ ശിരോവസ്‌ത്രത്തിന്റെ പേരില്‍ അവര്‍ക്ക്‌ നമ്മോട്‌ വിരോധമുണ്ടാവേണ്ട കാര്യമില്ല.
  • ഈ ലോകത്തെ എല്ലാ സുഖങ്ങളോടും വിരക്തി നിറഞ്ഞ ജീവിതം നയിക്കുന്നവരാണ്‌ കന്യാസ്‌ത്രീകള്‍. ആഭരണമൊന്നും ധരിക്കാറില്ല. മുമ്പ്‌ മുടിതന്നെ വെട്ടുമായിരുന്നു. ഇപ്പോള്‍ മുടി മുഴുവനായും മറയ്‌ക്കാറേയുള്ളൂ. ദൂരെനിന്ന്‌ നോക്കിയാല്‍ മുസ്‌ലിംപെണ്‍കുട്ടികളും കന്യാസ്‌ത്രീകളും ഒരുപോലെ തലമറച്ചവര്‍ തന്നെയാണ്‌.
  • എന്റെ കോളെജില്‍ 15 വര്‍ഷം മുമ്പ്‌ ഒരു കന്യാസ്‌ത്രീ പഠിച്ചിരുന്നു. അവരും മുസ്‌ലിം പെണ്‍കുട്ടികളും ഏതാണ്ട്‌ ഒരുപോലെയാണ്‌ തലമറച്ചിരുന്നത്‌. കന്യാസ്‌ത്രീകളുടെ ശിരോവസ്‌ത്രത്തിന്റെ നിറത്തില്‍ മാറ്റമുണ്ടാകും എന്നാണ്‌ തോന്നുന്നത്‌. അല്ലേ?
  • അതെ, പല നിറങ്ങള്‍ ഉണ്ട്‌. ഒരു വിഭാഗത്തിന്‌ മുഴുവനും കറുപ്പാണ്‌. മറ്റൊരു വിഭാഗത്തിന്‌ ശിരോവസ്‌ത്രം കാവിനിറമാണ്‌. സഭയു ടെ വ്യത്യാസമനുസരിച്ച്‌ മാറ്റം ഉണ്ടാകും.
  • മദര്‍ തെരേസ ഒരു പ്രത്യേക തരം ശിരോവസ്‌ത്രം ആയിരുന്നല്ലോ ധരിച്ചിരുന്നത്‌?
  • അവര്‍ തദ്ദേശീയ വസ്‌ത്രധാരണരീതി തന്നെ ഉപയോഗിച്ച്‌ തലമറയ്‌ക്കുകയാണ്‌ ചെയ്‌തിരുന്നത്‌.
  • കോട്ടയത്തെ മലങ്കരസഭയിലെ ഒരു അരമനയില്‍ മദ്യവിരുദ്ധ മുന്നണിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോയിരുന്നു. നിറയെ പുള്ളിയുള്ള തലപ്പാവാണ്‌ അവിടത്തെ പുരോഹിതന്മാര്‍ ധരിച്ചിരിക്കുന്നത്‌. അതുപോലെ താടിയും വെച്ചിരിക്കുന്നു. താടി വെക്കാന്‍ മതപരമായി നിര്‍ദേശമുണ്ടോ? ഞങ്ങള്‍ക്ക്‌ താടിവളര്‍ത്തുന്നത്‌ ഐഛികമായ പുണ്യമാണ്‌.
  • താടി വെക്കുകയും ഒഴിവാക്കുകയും ചെയ്യാം. വെക്കുകയാണെങ്കില്‍ താടിയും മീശയും വെക്കണം. ഏതെങ്കിലും ഒന്നു മാത്രം പാടില്ല. നിങ്ങള്‍ മതപണ്ഡിതര്‍ മാത്രമാണോ താടിവെക്കുന്നത്‌?
  • അല്ല. അത്‌ എല്ലാവരും വെക്കാറുണ്ട്‌. മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ അതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുവെന്ന്‌ മാത്രം. ഞങ്ങളില്‍ പൗരോഹിത്യ സംവിധാനം ഇല്ല. ഞാന്‍ കോളെജില്‍ അധ്യാപകനായിരുന്നു. ഒപ്പം മതവിജ്ഞാനം മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.
  • പക്ഷേ, സുന്നി വിഭാഗങ്ങളില്‍ സ്ഥാനവസ്‌ത്രമായി വെള്ളയും തലപ്പാവും ധരിക്കുന്ന രീതിയുണ്ടല്ലോ. ഒരു സ്ഥാപനത്തില്‍ പോയപ്പോള്‍ ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു.
  • വെള്ള ധരിക്കുന്നത്‌ നല്ലതാണെന്ന്‌ പ്രവാചക നിര്‍ദേശമുണ്ട്‌. മതകലാലയങ്ങ(ദര്‍സുക)ളില്‍ പഠിപ്പിക്കുന്നവരിലാണ്‌ അത്‌ കാണുന്നത്‌. മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വെള്ള വസ്‌ത്രത്തിന്‌ പ്രാധാന്യം കൊടുക്കാറുണ്ട്‌.
മുസ്‌ലിം സമുദായത്തില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള ഒന്നാണ്‌ മഹല്ല്‌. ക്രൈസ്‌തവ ഇടവകകളുടെ സ്ഥാനത്താണത്‌. പ്രാദേശികമായി മഹല്ല്‌ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നു, കമ്മിറ്റി പള്ളിയിലെ ഇമാമിനെ നിശ്ചയിക്കുന്നു. അങ്ങനെയാണ്‌ പ്രവര്‍ത്തനരീതി. ഇടവകയുടെ ഭരണരീതി എങ്ങനെയാണ്‌?

  • പോപ്പാണ്‌ പരമാധികാരി. റോമിലെ പോപ്പ്‌ ബിഷപിനെ നിയമിക്കും. ബിഷപ്പാണ്‌ ഇടവകയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. ബിഷപ്പ്‌ പുരോഹിതനെ നിയമിക്കും. രൂപതയുടെ സ്വത്ത്‌ വഹകളെല്ലാം ബിഷപിന്റെ അധികാര പരിധിയിലാണ്‌. രൂപത, കര്‍മങ്ങളുടെ രീതി അനുസരിച്ച്‌ വിഭജിക്കപ്പെടുന്നു. 1953ന്‌ മുമ്പ്‌ ഷൊര്‍ണൂര്‍ മുതര്‍ കാസര്‍കോഡ്‌ വരെ ഒറ്റ രൂപതയ്‌ക്ക്‌ കീഴിലായിരുന്നു. പിന്നീട്‌ തലശ്ശേരി, താമരശ്ശേരി, മാനന്തവാടി തുടങ്ങിയ രൂപതകള്‍ നിലവില്‍വന്നു. പക്ഷേ, എല്ലാ രൂപതകളും പരസ്‌പരം ബന്ധിതമാണ്‌. പൗരോഹിത്യ ക്രമത്തിലെ മറ്റൊന്ന്‌ കര്‍ദിനാള്‍മാരാണ്‌. പോപ്പുമാരെ തെരഞ്ഞെടുക്കുന്നത്‌ അവരാണ്‌. 80 വയസ്സിന്‌ മുകളിലുള്ളവര്‍ക്കേ വോട്ടവകാശമുള്ളൂ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍ എറണാകുളത്തെ ക്ലീമ്മീസ്‌ പിതാവ്‌ ആണ്‌.
  • ആരാധന കര്‍മങ്ങളുടെ വ്യത്യസ്‌ത രീതിയനുസരിച്ചാണ്‌ രൂപതകള്‍ എന്ന്‌ പറഞ്ഞല്ലോ? അവര്‍ക്കിടയില്‍ ഈ കര്‍മശാസ്‌ത്രങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും ഡിബേറ്റ്‌ നടക്കാറുണ്ടോ?
  • അങ്ങനെ ഡിബേറ്റ്‌ ഒന്നും ഇല്ല. ആരാധനാ കര്‍മം ഏത്‌ ഭാഷയിലും ചെയ്യാം. സുറിയാനിയിലോ, ലത്തീന്‍ ഭാഷയിലോ ഒക്കെ ആവാം. സുറിയാനി ഭാഷയിലുള്ളവര്‍ക്ക്‌ ലത്തീനിലേക്കും നേരെ തിരിച്ചും പോവാം. കാരണം വിശ്വാസം ഒന്നാണ്‌, മാര്‍പാപ്പ ഒന്നാണ്‌. അങ്ങോട്ടുമിങ്ങോട്ടും പോകുന്നതില്‍ യാതൊരു പ്രതിബന്ധവുമില്ല. തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്യാം. നിങ്ങളിലെ വിഭാഗങ്ങള്‍ പരസ്‌പരം ഇടപെടാറുണ്ടോ?
  • ഉണ്ട്‌. വിവാഹം കഴിക്കാം, പള്ളിയില്‍പോകാം, ഒരേ ശ്‌മശാനത്തിലാണ്‌ മറവുചെയ്യുന്നത്‌. എന്നാല്‍ വിശ്വാസങ്ങളിലും അനുഷ്‌ഠാനരീതികളിലും ചില മാറ്റങ്ങളുണ്ട്‌. ഞങ്ങള്‍ ദൈവത്തോട്‌ മാത്രം ആരാധിക്കണം എന്ന്‌ പറയുന്നവരാണ്‌. ഏകദൈവ വിശ്വാസികളാണ്‌. ചിലര്‍ ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ ഇടയാളന്മാരെ വെച്ച്‌ പുലര്‍ത്തുന്നവരാണ്‌. ക്രിസ്‌തുമതത്തിലും ഏകദൈവ വിശ്വാസികളുണ്ടല്ലോ?. ക്രിസ്‌തീയ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിമ വെക്കാത്തവരുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. അവരാരാണ്‌?
  • അവര്‍ മാര്‍പാപ്പയ്‌ക്ക്‌ കീഴൊതുങ്ങാത്ത യാക്കോബായ സഭയിലുള്ളവരാണ്‌. തുര്‍ക്കിയിലും ഇന്ത്യയിലുമൊക്കെ മതനേതൃത്വമായി അവര്‍ക്ക്‌ മെത്രാന്മാരുണ്ട്‌. യാക്കോബായ സഭയില്‍ മാര്‍പാപ്പയ്‌ക്ക്‌ കീഴൊതുങ്ങിയവരാണ്‌ മലങ്കരസഭ. അവര്‍ യാക്കോബായ സഭയുടെ ആരാധനാ കര്‍മങ്ങളില്‍ തന്നെയായിരിക്കും. ബൈബിള്‍ എല്ലാവര്‍ക്കും ഒന്നാണല്ലോ? ചികിത്സയൊന്നുമില്ലാതെ പ്രാര്‍ഥനയുമായി കഴിയുന്നവരാണ്‌ പെന്തക്കോസ്‌ത്‌ വിഭാഗം. അവരുടെ പള്ളിയില്‍ രണ്ടാളുകളാണ്‌ ആരാധനക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഒരാള്‍ പറഞ്ഞത്‌ തന്നെ മറ്റെയാള്‍ ആവര്‍ത്തിക്കും.
  • മൂസാ നബി (അ)യുടെ കൂടെ പ്രബോധന സഹായിയായി ഹാറൂന്‍ നബി(അ) ഉണ്ടായിരുന്നത്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. അതിന്റെ പ്രതീകമെന്നോണമാകാം ഈ രണ്ട്‌ ആളുകളുടെ നേതൃത്വം, അല്ലേ?. ബൈബളിലും ഇത്‌ പറയുന്നുണ്ടല്ലോ.
ഞങ്ങള്‍ക്ക്‌ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ മതവിദ്യാഭ്യാസത്തിനായി മദ്‌റസ സംവിധാനമുണ്ട്‌. നിങ്ങള്‍ക്ക്‌ അങ്ങനെ വല്ലതും?
  • ഞങ്ങള്‍ക്ക്‌ സണ്‍ഡേ സ്‌കൂളുണ്ട്‌. സഭയുടെ പരിധിയിലുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ്‌ അവിടെ പഠിപ്പിക്കുന്നത്‌. അവര്‍ക്ക്‌ ട്രൈനിംഗ്‌ ഒക്കെയുണ്ട്‌. അതുപോലെ വിവാഹിതരാവാന്‍ പോകുന്നവര്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ്‌ കോഴ്‌സ്‌ നിര്‍ബന്ധമായും ചെയ്‌തിരിക്കണം. അത്‌ പൂര്‍ത്തിയാക്കിയ യുവതി-യുവാക്കള്‍ക്ക്‌ മാത്രമേ വിവാഹത്തിലേര്‍പ്പെടാന്‍ കഴിയൂ. മുമ്പ്‌ മലപ്പുറത്ത്‌ നിന്ന്‌ ഒരു മുസ്‌ലിം പണ്ഡിതന്‍ ഞങ്ങളുടെ സിലബസ്‌ ഒക്കെ ചോദിച്ചുവന്നിരുന്നു.
  • മുസ്‌ലിം മഹല്ലുകളില്‍ അത്‌ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോള്‍ കണ്‍സിലിംഗ്‌ ക്യാമ്പുകള്‍ നടക്കുന്നുണ്ട്‌. 
കേരളത്തില്‍ ബഹുഭൂരിപക്ഷം വിശ്വാസികളാണെങ്കിലും വര്‍ഗീയത ഭയാനകമായി വളര്‍ന്നുവരുന്നുണ്ട്‌. എനിക്ക്‌ തോന്നുന്നത്‌ പരസ്‌പരധാരണകളില്ലാത്തതാണ്‌ ഒരു പരിധിവരെ ഇതിനു കാരണം.
  • പരസ്‌പര ധാരണയില്ലാത്തതും രണ്ടാമതായി തങ്ങളുടെ മതത്തെക്കുറിച്ച്‌ തന്നെ ശരിയായ അറിവ്‌ ഇല്ലാത്തതുമാണ്‌ കാരണം. മുറിവൈദ്യന്‍ ആളെകൊല്ലും എന്ന്‌ കേട്ടിട്ടില്ലേ? യഥാര്‍ഥ മുസ്‌ലിമിനും ക്രിസ്‌ത്യാനിക്കും അക്രമങ്ങള്‍ ചെയ്യാന്‍ സാധ്യമല്ല.
  • അമേരിക്കയിലൊക്കെ `ക്രിസ്‌ത്യന്‍ ഓപ്പണ്‍ഡേ' എന്നൊരു സംവിധാനമുണ്ട്‌. പ്രസ്‌തുത ദിവസം മതവിഭാഗങ്ങളില്‍ പെടുന്നവരെയെല്ലാം ചര്‍ച്ചുകളിലേക്ക്‌ ക്ഷണിച്ചുവരുത്തുന്നു. എന്താണ്‌ അവിടെ നടക്കുന്നതെന്ന്‌ കണ്ടറിയാനും പഠിക്കാനുമാണത്‌. അതുപോലെ `മുസ്‌ലിം ഓപ്പണ്‍ ഡേ'കളില്‍ പള്ളികളിലേക്കും മറ്റു മതസ്ഥര്‍ ക്ഷണിക്കപ്പെടുക. ഈയൊരു സ്ഥിതി കേരളത്തിലുമുണ്ടായാല്‍ പരസ്‌പരധാരണ വളര്‍ത്താന്‍ ഉപകരിക്കും.
  • തുറന്ന സദസ്സില്‍ ഇത്തരം ചര്‍ച്ചകള്‍ നമുക്ക്‌ ഗുണം ചെയ്യും. സാധാരണക്കാരെകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഇത്തരം പരസ്‌പര കൈമാറ്റങ്ങളുണ്ടാകുന്നത്‌ കൂടുതല്‍ ഫലപ്രദമാണെന്നു തന്നെയാണ്‌ എനിക്കും തോന്നുന്നത്‌.
  • അതേപോലെ സ്‌നേഹം, കാരുണ്യം പോലുള്ള പൊതുമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ മതനേതാക്കളും രംഗത്തുവരണം. ഡല്‍ഹിയില്‍ സ്വാമി അഗ്‌നിവേശിനെ പോലുള്ളവര്‍ ഈ രംഗത്ത്‌ സ്‌തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. പാര്‍ലിമെന്റ്‌ ഓഫ്‌ ആള്‍ റിലീജ്യന്‍ എന്ന വിളിക്കപ്പെടുന്ന കമ്മിറ്റിയില്‍ എല്ലാവരും ഉണ്ട്‌. പക്ഷേ, അതെല്ലാം തന്നെ ഉപരിവിഭാഗത്തില്‍ മാത്രമൊതുങ്ങുകയാണ്‌. പ്രാദേശിക തലത്തില്‍ പ്രായോഗിക പദ്ധതികളുണ്ടാവണം. 
മുസ്‌ലിം സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭം സമാഗതമായിരിക്കുന്നു. എന്താണ്‌ ആശംസിക്കാനുള്ളത്‌?
  • ആഘോഷ സന്ദര്‍ഭങ്ങളില്‍ ദയ, കാരുണ്യം, സൗഹൃദം പോലുള്ള മൂല്യങ്ങള്‍ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ആഘോഷങ്ങള്‍ അതിനുവേണ്ടിയുള്ള അവസരമാക്കണം. എല്ലാ മുസ്‌ലിം സഹോദരങ്ങള്‍ക്കും എന്റെ ഹൃദ്യമായ ഈദാശംസകള്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: