ശബാബ് മുഖാമുഖം 2013_sept_13

  • Posted by Sanveer Ittoli
  • at 8:29 PM -
  • 0 comments




ഫൈന്‍ പലിശയില്‍ ഉള്‍പ്പെടുമോ?

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഫീസ്‌ അടക്കാന്‍ വൈകിയാല്‍ ഫൈന്‍ ഈടാക്കാറുണ്ട്‌. മുസ്‌ലിംസ്ഥാപനങ്ങളും ഫൈന്‍ വാങ്ങിക്കുന്നു. ഫൈന്‍ പലിശ ഇനത്തില്‍ ഉള്‍പ്പെടുമോ?
മുഹമ്മദ്‌ നജീബ്‌ കോട്ടക്കല്‍

മുസ്‌ലിം:ഇസ്‌ലാമില്‍ ചില തെറ്റുകള്‍ ചെയ്‌തവര്‍ക്ക്‌ കഫ്‌ഫാറ എന്ന പേരില്‍ പ്രായശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്‌. അടിമയെ മോചിപ്പിക്കല്‍, വ്രതം, ദാനം, എന്നിവയാണ്‌ പ്രായശ്ചിത്തങ്ങള്‍. റമദാനില്‍ വ്രതമനുഷ്‌ഠിക്കാന്‍ ഏറെ പ്രയാസമുള്ളവര്‍ക്ക്‌ ഫിദ്‌യ എന്ന പേരില്‍ പ്രായശ്ചിത്തമായി ദാനം നിശ്ചയിച്ചിട്ടുണ്ട്‌. ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്‌ച വരുത്തുന്നവര്‍ അതിന്‌ പരിഹാരമായി എന്തെങ്കിലുമൊരു ദാനം നിര്‍ബന്ധമായി നല്‍കണമെന്ന്‌ വ്യവസ്ഥവെക്കുന്നത്‌ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമല്ലെന്നാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌.

ഒരു വിദ്യാര്‍ഥിയെ സ്‌കൂളിലോ കോളെജിലോ ചേര്‍ക്കുമ്പോള്‍ രക്ഷിതാവ്‌ സ്ഥാപന അധികൃതരുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നുണ്ട്‌. ഇന്ന സമയത്ത്‌ ഫീസ്‌ അടച്ചുകൊള്ളാമെന്നുള്ളത്‌ ഈ കരാറിന്റെ ഭാഗമാണ്‌. സ്ഥാപന അധികൃതര്‍ കരാര്‍ വ്യവസ്ഥകള്‍ രക്ഷിതാക്കളെ മുന്‍കൂട്ടി അറിയിക്കണം. ഓരോരുത്തര്‍ക്കും അത്‌ വിശദീകരിച്ചുകൊടുക്കുക പ്രയാസമാണെങ്കില്‍ കരാര്‍ വ്യവസ്ഥകള്‍ അച്ചടിച്ചു വിതരണം ചെയ്യണം. ഫീസ്‌ തുകയും തവണകളും ഓരോന്നും അടക്കേണ്ട തിയ്യതിയും അതില്‍ ഉള്‍പ്പെടുത്തണം. ഇതൊക്കെ അറിഞ്ഞ്‌ അംഗീകരിച്ച ശേഷം വിദ്യാര്‍ഥിയോ രക്ഷിതാവോ നിശ്ചിത സമയത്ത്‌ ഫീസ്‌ അടയ്‌ക്കാത്തപക്ഷം അത്‌ വാഗ്‌ദാനലംഘനമാണ്‌. അതിനുള്ള പ്രായശ്ചിത്തം എന്ന നിലയില്‍ സ്ഥാപനത്തിന്‌ ഒരു ചെറിയ തുക സംഭാവന നല്‍കണമെന്ന്‌ വ്യവസ്ഥ വെക്കുന്നത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമാവില്ലെന്നും അത്‌ പലിശയുടെ വകുപ്പില്‍ ഉള്‍പ്പെടുകയില്ലെന്നുമാണ്‌ `മുസ്‌ലിം' കരുതുന്നത്‌. പിഴ നിശ്ചിതവും രക്ഷിതാവിനെയോ വിദ്യാര്‍ഥിയെയോ മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതുമായിരിക്കണം. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഇത്തരം വിഷയങ്ങളിലെല്ലാം സുതാര്യത പുലര്‍ത്തേണ്ടതാണ്‌.

സകാത്തുല്‍ ഫിത്വ്‌ര്‍ കുറഞ്ഞതിനെക്കുറിച്ച്‌ ചോദിക്കാമോ?

പതിവുപോലെ സകാത്തുല്‍ ഫിത്‌റായി പുഴുങ്ങലരിക്ക്‌ പണം വാങ്ങിക്കുകയും പിന്നീട്‌ കമ്മിറ്റി നെയ്‌ച്ചോറിന്റെ അരി വാങ്ങിച്ചുകൊടുക്കുകയും ചെയ്‌തു. പാവങ്ങള്‍ക്ക്‌ തങ്ങളുടെ വിഹിതം കുറഞ്ഞുപോയതിന്റെ പേരില്‍ കമ്മിറ്റിയെ ചോദ്യം ചെയ്യുന്നതില്‍ അപാകതയുണ്ടോ?
പി പി ഫൈസര്‍ യു എ ഇ

മുസ്‌ലിം:ഫിത്വ്‌ര്‍ സകാത്തായി നെയ്‌ച്ചോറിന്റെ അരി (ബി ടി പച്ചരി) കൊടുക്കണമെന്ന്‌ നിര്‍ബന്ധമില്ല. മോശമല്ലാത്ത പുഴുക്കലരി കൊടുത്താല്‍ മതിയാകും. എന്നാല്‍ ചില സകാത്ത്‌ കമ്മിറ്റികള്‍ ബി ടി പച്ചരി വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നതിന്‌ ഒരു കാരണമുണ്ട്‌. റേഷന്‍ ഷോപ്പില്‍ നിന്ന്‌ കിലോഗ്രാമിന്‌ ഒന്നോ രണ്ടോ രൂപ നല്‌കിയാല്‍ ലഭിക്കുന്ന പുഴുക്കലരിക്ക്‌ സകാത്തിന്റെ അവകാശികള്‍ മൂല്യം കല്‌പിക്കുകയില്ല എന്നതാണ്‌ ആ കാരണം. പക്ഷെ, മേത്തരം അരി അളവ്‌/തൂക്കം കുറച്ചു നല്‌കിയാല്‍ മതിയാവുകയില്ല. ഭക്ഷ്യവസ്‌തു ഏതായാലും ഒരു `സ്വാഅ്‌' (രണ്ടു കിലോഗ്രാമില്‍ അല്‌പം കൂടുതല്‍) തന്നെ നല്‌കണമെന്നാണ്‌ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌.

ഗുരുതരമായത്‌ നിസ്സാരമാക്കുന്നുവോ?

ശബാബ്‌ ലക്കം 36-48ല്‍ മുഖാമുഖത്തില്‍ `ജിന്നുബാധക്ക്‌ തൗഹീദി ചികിത്സാരീതിയുണ്ടോ?' എന്ന ചോദ്യത്തിന്റെ മറുപടിയില്‍ ഉറപ്പായ അറിവില്ലാത്ത യാതൊന്നിന്റെയും പിന്നാലെ പോകരുതെന്നും (വി.ഖു. 17:36), നഷിദ്ധമായ വസ്‌തുകൊണ്ട്‌ നിങ്ങള്‍ ചികിത്സിക്കരുതെന്നും കാണാനിടയായി.
ലക്കം 36-49ല്‍ മുഖാമുഖത്തില്‍ `കാരുണ്യ ലോട്ടറിയിലൂടെ സര്‍ക്കാറില്‍ നിന്നും കിട്ടുന്ന ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ?' എന്ന ചോദ്യത്തിന്‌ കൊടുത്ത മറുപടി ലക്കം 36-48 ല്‍ നല്‍കിയ മറുപടിക്ക്‌ എതിരല്ലേ? മാഇദ 90-ാം ആയത്തില്‍ പറഞ്ഞ ചൂതാട്ടത്തില്‍ പെടില്ലേ കാരുണ്യ ലോട്ടറിയും.
നബി(സ)യുടെ കാലത്ത്‌ ജീവിച്ച അനസ്‌(റ) അവിടുത്തെ വഫാത്തിന്‌ ശേഷം വളരെക്കാലം ജീവിച്ചാണ്‌ മരിച്ചത്‌. പ്രായം കൂടിയ സമയത്ത്‌ മദീനയില്‍ ചെന്നപ്പോള്‍ മദീനക്കാര്‍ അദ്ദേഹത്തോട്‌ നബി(സ)യുടെ കാലഘട്ടത്തെക്കുറിച്ച്‌ അന്വേഷിച്ചു. അനസ്‌(റ) പറഞ്ഞു: നബി(സ)യുടെ കാലത്ത്‌ ഞങ്ങള്‍ വലിയ തെറ്റായി കണ്ടിരുന്ന പലതും നിങ്ങള്‍ നിസ്സാരമായി കാണുന്നു. ഉദാ: അക്കാലത്ത്‌ നമസ്‌കാരത്തില്‍ സ്വഫഫ്‌ നില്‌ക്കുന്നതില്‍ പോലും വളരെ കണിശത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നത്‌ വളരെ നിസ്സാരമായി കാണുന്നു.
എം മായിന്‍കുട്ടി പാലപറമ്പ്‌

മുസ്‌ലിം:മാനസികമോ ശാരീരികമോ ആയ ഒരു രോഗം ജിന്നുബാധ നിമിത്തം ഉണ്ടായതാണെന്ന ധാരണ തെളിവില്ലാത്ത ഊഹം മാത്രമാണ്‌. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സിക്കുന്നത്‌ കഷ്‌ടനഷ്‌ടങ്ങള്‍ക്ക്‌ നിമിത്തമാകാനിടയുണ്ട്‌. ഒരാള്‍ക്ക്‌ പലിശയായോ ചൂതാട്ടത്തിലൂടെയോ ലഭിച്ച പണം ഭക്ഷണത്തിനോ ചികിത്സക്കോ ഉപയോഗിക്കാന്‍ പാടില്ല. അത്‌ ഹറാം തിന്നുക, ഹറം കൊണ്ട്‌ ചികിത്സിക്കുക എന്നീ വകുപ്പുകളില്‍ പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ പലിശ ഉള്‍പ്പെടെ ഹറാമും ഹലാലുമായ പല വരുമാനങ്ങളുള്ള ഒരു വ്യക്തി ഒരു സാധുവിന്‌ മരുന്ന്‌ വാങ്ങാന്‍ ഒരു തുക സംഭാവന നല്‌കിയാല്‍ അയാള്‍ അത്‌ സ്വീകരിക്കുന്നത്‌ ഹറാമാകുമോ? ഇതാണ്‌ പ്രശ്‌നം. ലോട്ടറിയും പലിശയും മദ്യവില്‌പനയിലെ ലാഭവും ഉള്‍പ്പെടുന്നതാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനം. കാരുണ്യ ലോട്ടറി വഴിക്കുള്ള വരുമാനവും ഈ കൂട്ടത്തില്‍ ചേര്‍ത്തുതന്നെയാണ്‌ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്‌. എല്ലാം കൂടിച്ചേര്‍ന്ന പൊതുഫണ്ടില്‍ നിന്നുതന്നെയാണ്‌ സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‌കുന്നത്‌. ലോട്ടറി സമ്മാനത്തുക പോലെ തന്നെ സര്‍ക്കാറിന്റെ ലോട്ടറി ഫണ്ടില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നത്‌ ഹറാമാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ പറ്റില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. അല്ലാഹുവും റസൂലും(റ) നിഷിദ്ധമായി വിധിച്ചതിനപ്പുറത്തേക്ക്‌ ഹറാം എന്ന മതവിധിയെ വലിച്ചുനീട്ടാന്‍ പാടില്ലെന്നാണ്‌ പല സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. നമസ്‌കാരത്തില്‍ അണിനില്‌ക്കുന്നത്‌ ശ്രദ്ധാപൂര്‍വമായിരിക്കണം എന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. അതൊരു മതകര്‍മമാണ്‌. ഹറാം കലര്‍ന്നതാണോ എന്ന്‌ സംശയമുള്ള വരുമാനം വര്‍ജിക്കുന്നത്‌ അഭികാമ്യമാണ്‌. എന്നാല്‍ അത്‌ അനിവാര്യമാണെന്ന്‌ പറയാവുന്നതല്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: