പാപവിമുക്തിയും പശ്ചാത്താപവും

  • Posted by Sanveer Ittoli
  • at 12:38 AM -
  • 0 comments

പാപവിമുക്തിയും പശ്ചാത്താപവും

പഠനം -


നന്മയും തിന്മയും ചെയ്യുക എന്ന പ്രകൃതിയിലാണ്‌ മനുഷ്യന്റെ സൃഷ്‌ടിപ്പ്‌. നന്മ മാത്രം ചെയ്യുക എന്ന പ്രകൃതിയില്‍ അല്ലാഹു സൃഷ്‌ടിച്ചത്‌ മലക്കുകളെ മാത്രമാണ്‌. നബി(സ) പറയുന്നു: ``നിങ്ങള്‍ പാപം ചെയ്യാത്തപക്ഷം പാപം ചെയ്യുന്ന ഒരുതരം സൃഷ്‌ടികളെ അല്ലാഹു സൃഷ്‌ടിക്കുക തന്നെ ചെയ്യും. പിന്നീട്‌ അവന്‍ അവര്‍ക്ക്‌ പൊറുത്തുകൊടുക്കും'' (മുസ്‌ലിം 2748). ഈ ഹദീസ്‌ തെറ്റു ചെയ്യാനുള്ള ഒരു പ്രേരണയല്ല. നന്മയും തിന്മയും ചെയ്യാന്‍ സാധ്യത നിലനില്‍ക്കുന്ന ഒരു പ്രകൃതത്തിലാണ്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടത്‌ എന്ന മഹത്തായ തത്വം നബിതിരുമേനി അവതരിപ്പിക്കുകയാണിവിടെ.

ജിന്നുകള്‍ മനുഷ്യനെ പോലെ നന്മയും തിന്മയും ചെയ്യുന്ന പ്രകൃതക്കാരാണ്‌. അവര്‍ അദൃശ്യവും അഭൗതികവുമായ ലോകത്താണ്‌. ദൃശ്യവും ഭൗതികവുമായ ലോകത്തും ഇത്തരം പ്രകൃതിയിലുള്ള ഒരു സൃഷ്‌ടിയാണ്‌ മനുഷ്യന്‍.
മനുഷ്യര്‍ പാപം ചെയ്യുമ്പോള്‍ അതിനുള്ള പരിഹാര മാര്‍ഗമെന്താണ്‌? ഇവിടെയാണ്‌ മതങ്ങള്‍ തമ്മിലുള്ള ഒരു പ്രധാന വ്യതിരിക്തത. ക്രിസ്‌ത്യാനികള്‍ പറയുന്നത്‌ യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിച്ചാല്‍ അദ്ദേഹം അതെല്ലാം ഏറ്റെടുക്കുമെന്നാണ്‌. ദൈവം മനുഷ്യരൂപത്തില്‍ ഭൂമിയില്‍ അവതരിപ്പിക്കപ്പെട്ടതു തന്നെ മനുഷ്യന്റെ പാപം ഏറ്റെടുക്കാനാണെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവര്‍ ദിവ്യഗ്രന്ഥമായി വിശേഷിപ്പിക്കുന്ന ബൈബിളില്‍ പറയുന്നു: ``പാപം ചെയ്യുന്ന ദേഹി മരിക്കും. മകന്‍ അപ്പന്റെ അകൃത്യം വഹിക്കേണ്ടതില്ല. അപ്പന്‍ മകന്റെ അകൃത്യവും വഹിക്കേണ്ടതില്ല. നീതിമാന്റെ നീതി അവന്റെ മേലും ദുഷ്‌ടന്റെ ദുഷ്‌ടത അവന്റെ മേലും ഇരിക്കും.'' (യെഹെസ്‌കേല്‍ 18:19)
ഒരാളുടെ പാപം മറ്റൊരാള്‍ ഏറ്റെടുക്കല്‍ മിക്ക മതത്തിലും കാണാം. എന്നാല്‍ ഇസ്‌ലാം പറയുന്നത്‌ ഇപ്രകാരമാണ്‌: ഒരാള്‍ രഹസ്യമായി ഒരു തെറ്റ്‌ ചെയ്യുന്നു. ആ തെറ്റ്‌ സൃഷ്‌ടികളുടെ അവകാശവുമായി ബന്ധമില്ലാത്തതാണെങ്കില്‍ (ദൈവനിഷേധം, മതനിഷേധം, വ്യഭിചാരം, മദ്യപാനം പോലെ) അവനത്‌ സ്രഷ്‌ടാവിനോടു നേരിട്ട്‌ തെറ്റ്‌ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ച്‌ മടങ്ങുകയാണ്‌ വേണ്ടത്‌. കുമ്പസാരം പോലെയുള്ള പരിപാടികള്‍ ഇസ്‌ലാമിലില്ല. ദൈവത്തിന്റെ മുമ്പിലാണ്‌ കുമ്പസാരം നടത്തേണ്ടത്‌. 
ഖുര്‍ആന്‍ പറയുന്നു: ``അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ ജയം പ്രാപിക്കുന്നതിന്‌ വേണ്ടി എല്ലാവരും അല്ലാഹുവിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുവിന്‍'' (അന്നൂര്‍ 31). ``നിങ്ങളുടെ രക്ഷിതാവിനോടു നിങ്ങള്‍ പാപമോചനം തേടുവീന്‍. ശേഷം നിങ്ങള്‍ അവനിലേക്ക്‌ ഖേദിച്ചു മടങ്ങുവീന്‍'' (ഹൂദ്‌ 3). ``അവര്‍ (നന്മ ചെയ്യുന്നവര്‍) ഒരു വിഭാഗമാണ്‌, വല്ല നീചകൃത്യവും ചെയ്യുകയോ അല്ലെങ്കില്‍ സ്വശരീരങ്ങളോട്‌ അതിക്രമം പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ അവര്‍ അല്ലാഹുവിനെ സ്‌മരിക്കും. അങ്ങനെ അവരുടെ പിഴവുകള്‍ക്കു വേണ്ടി പാപമോചനം തേടും. അല്ലാഹുവല്ലാതെ പാപങ്ങളെ പൊറുക്കുന്നവന്‍ മറ്റാരുണ്ട്‌? അവര്‍ പ്രവര്‍ത്തിച്ചതിന്റെ മേല്‍ അവര്‍ ശഠിച്ചുനില്‌ക്കുകയില്ല. അവര്‍ അറിയുന്നവരായി.'' (ആലുഇംറാന്‍ 135)

മനപ്പൂര്‍വം തെറ്റുചെയ്യല്‍ 

സത്യവിശ്വാസികള്‍ മനപ്പൂര്‍വം അവസരങ്ങള്‍ ഉണ്ടാക്കി തെറ്റ്‌ ചെയ്യുകയില്ല. പശ്ചാത്തപിച്ചാല്‍ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും എന്ന ഇസ്‌ലാമിന്റെ മൗലിക തത്വത്തെ മറയാക്കി തെറ്റ്‌ ചെയ്യുകയില്ല. പാപം ചെയ്യാന്‍ ഈ അടിസ്ഥാന തത്വം അവര്‍ക്ക്‌ യാതൊരു പ്രേരണയുമാവുകയില്ല. ഖുര്‍ആന്‍ പറയുന്നു: ``അവര്‍ (വിശ്വാസികള്‍) ഒരു വിഭാഗമാണ്‌. അവര്‍ വലിയ പാപങ്ങളും നീചകൃത്യങ്ങളും വര്‍ജിക്കും. (വികാരത്തിന്‌ അടിമപ്പെട്ടു) വീഴല്‍ അല്ലാതെ.'' (നജ്‌മ്‌ 32) അതായത്‌, മനപ്പൂര്‍വം കരുക്കള്‍ നീക്കി വിശ്വാസികള്‍ പാപം ചെയ്യുകയില്ല എന്ന്‌ ഉദ്ദേശ്യം.
പശ്ചാത്താപത്തെക്കുറിച്ച്‌ അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും പശ്ചാത്താപം (സ്വീകരിക്കല്‍) അല്ലാഹുവിന്റെ മേല്‍ ഒരു വിഭാഗത്തിനുള്ളതാണ്‌. അവര്‍ അവിവേകം നിമിത്തം തിന്മ ചെയ്യുന്നു. ശേഷം അടുത്തുതന്നെ പശ്ചാത്തപിക്കും. അപ്പോള്‍ അവരുടെ മേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും തത്വജ്ഞാനിയുമാണ്‌'' (അന്നിസാഅ്‌ 17). വികാരത്തിന്‌ അടിമപ്പെട്ടു തെറ്റ്‌ ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കലാണ്‌ അല്ലാഹു സ്വയം നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. മനപ്പൂര്‍വം അവസരം ഉണ്ടാക്കി പാപങ്ങള്‍ ചെയ്യുന്നവരുടെ പശ്ചാത്താപം സ്വീകരിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയില്ല.

പശ്ചാത്താപം ഇല്ലാതാക്കല്‍

അല്ലാഹു പറയുന്നു: ``ഒരു വിഭാഗത്തിന്‌ പശ്ചാത്താപമില്ല. അവര്‍ പാപങ്ങള്‍ ചെയ്യുന്നു. അങ്ങനെ അവരിലൊരാള്‍ക്ക്‌ മരണം ആസന്നമായാല്‍ അവര്‍ പറയുകയായി. തീര്‍ച്ചായും ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു. സത്യനിഷേധിയായിക്കൊണ്ട്‌ മരണപ്പെട്ടവര്‍ക്കുമില്ല. ആ വിഭാഗം - അവര്‍ക്ക്‌ നാം തയ്യാറാക്കിയിട്ടുണ്ട്‌; വേദനയേറിയ ശിക്ഷയെ'' (അന്നിസാഅ്‌ 18). പശ്ചാത്താപം സ്വീകരിക്കപ്പെടാത്ത സന്ദര്‍ഭങ്ങളാണ്‌ വിശുദ്ധ ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്‌. അവ രണ്ട്‌ സന്ദര്‍ഭങ്ങള്‍ മാത്രമാണ്‌. 1. മരണവേള, 2. പരലോകത്തുവെച്ച്‌. ഒരാള്‍ വയസ്സായി മരണത്തോട്‌ അടുത്ത സന്ദര്‍ഭത്തില്‍ പശ്ചാത്തപിച്ചാലും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും. മനപ്പൂര്‍വം പശ്ചാത്താപത്തെ നീട്ടിവെക്കരുത്‌ എന്നുമാത്രം.
വയസ്സ്‌ കാലത്ത്‌ ഒരാള്‍ നല്ലവനായാല്‍ നമുക്ക്‌ അവനെ വിമര്‍ശിക്കാന്‍ അവകാശമില്ല. ഈ സന്ദര്‍ഭത്തിലും പശ്ചാത്തപിക്കാതെ മരിച്ചുപോകുന്ന വ്യക്തികളാണ്‌ ബഹുഭൂരിപക്ഷവും. അമുസ്‌ലിംകള്‍ എല്ലാവരും വയസ്സായാല്‍ മുസ്‌ലിമാവണമെന്നില്ല. നബി(സ) അരുളി: തീര്‍ച്ചയായും അല്ലാഹു തന്റെ അടിമയുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. മരണം അവനെ പിടികൂടാത്ത സമയംവരെ. (തിര്‍മിദി)

മനപ്പൂര്‍വം തെറ്റ്‌ ചെയ്യുന്നവന്റെ പശ്ചാത്താപം

അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നത്‌ മനപ്പൂര്‍വം തെറ്റ്‌ ചെയ്യാത്തവന്റെതാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കി. പശ്ചാത്താപം ഇല്ലാത്തത്‌ രണ്ട്‌ വ്യക്തികള്‍ക്ക്‌ ആണെന്നും വിവരിച്ചു. എന്നാല്‍ മനപ്പൂര്‍വം തെറ്റ്‌ ചെയ്യുന്നവന്‌ തൗബയില്ലെന്ന്‌ വ്യക്തമാക്കാതെ ഖുര്‍ആന്‍ പറയാതെ അവ്യക്തമാക്കി വെച്ചു. ഇതില്‍ ഒരു രഹസ്യമുണ്ട്‌. അതായത്‌ മനപ്പൂര്‍വം തെറ്റു ചെയ്‌തവനും പശ്ചാത്തപിക്കുക എന്നത്‌ അവന്റെ ബാധ്യതയും മര്യാദയുമാണ്‌. അവന്റെ പശ്ചാത്താപം അല്ലാഹുവിന്‌ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം.

പശ്ചാത്താപവും വ്യവസ്ഥകളും

പാപം ആവര്‍ത്തിക്കാതിരിക്കുക എന്നത്‌ തൗബയുടെ നിബന്ധനയായി ചില പണ്ഡിതന്മാര്‍ എഴുതുന്നത്‌ കാണാം. ഇത്‌ അടിസ്ഥാനരഹിതവും ഖുര്‍ആനിനും ഹദീസിനും എതിരുമാണ്‌. പശ്ചാത്തപിക്കുമ്പോള്‍ ഞാന്‍ ഇത്‌ ആവര്‍ത്തിക്കുകയില്ലെന്ന്‌ തന്നെയാണ്‌ നാം പറയേണ്ടത്‌. എന്നാല്‍ ആദ്യം തെറ്റ്‌ ചെയ്യാന്‍ ഉണ്ടായ സാഹചര്യംപോലെയുള്ളത്‌ വീണ്ടും ഉണ്ടാവുകയും തെറ്റിലേക്ക്‌ വഴുതി വീണ്ടും പശ്ചാത്തപിച്ചാല്‍ അല്ലാഹു അത്‌ സ്വീകരിക്കുന്നതാണ്‌. അല്ലാഹു തവ്വാബ്‌ ആണെന്ന്‌ ഖുര്‍ആനില്‍ പറയുന്നത്‌ കാണാം. ആവര്‍ത്തിച്ച്‌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ എന്നാണ്‌ ഇതിന്റെ വിവക്ഷ. തെറ്റ്‌ ആവര്‍ത്തിക്കാതിരിക്കുക എന്നത്‌ പശ്ചാത്താപത്തിന്റെ നിബന്ധന അല്ല. പശ്ചാത്താപത്തിന്റെ ഉന്നത നിലവാരമാണ്‌.(ഇമാം റശീദുരിദാ)

പശ്ചാത്താപവും സമയവും

ചില സമയങ്ങളിലും ചില സ്ഥലങ്ങളിലും വെച്ചുള്ള പശ്ചാത്താപത്തിന്‌ പ്രാധാന്യമുണ്ടെന്ന്‌ ഖുര്‍ആനും നബിചര്യയും വ്യക്തമാക്കുന്നു. രാത്രിയുടെ അന്ത്യയാമങ്ങളും റമദാന്‍ മാസവും അതില്‍ പെട്ടതാണ്‌.
റമദാനില്‍ ഒരാള്‍ക്ക്‌ പാപമോചനം കരസ്ഥമാക്കാന്‍ സാധ്യമല്ലെങ്കില്‍ എപ്പോഴാണ്‌ അവന്‌ സാധിക്കുക എന്ന്‌ നബി(സ) ചോദിക്കുകയുണ്ടായി. 



Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: