ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും ഓര്‍മയുണ്ടോ ആ പുസ്‌തകം?
ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന കൃതി പ്രസിദ്ധീകൃതമായിട്ട് പത്തുവര്‍ഷം പിന്നിട്ടു. അന്ന് അത് മതവേദികളില്‍ ധാരാളമായി ചര്‍ച്ചചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ച് ആഴ്‌ചകള്‍ കഴിയുന്നതിനു മുമ്പു തന്നെ അതിന്റെ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞു. മുജാഹിദ്-സുന്നി-ജമാഅത്ത് പ്രവര്‍ത്തകരെല്ലാം അവ വാങ്ങിയ കൂട്ടത്തിലുണ്ടായിരുന്നു.
എ പി വിഭാഗം മുജാഹിദ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പുതിയ വിവാദങ്ങള്‍ പുസ്‌തകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
കാരണം മറ്റൊന്നുമല്ല, ഗള്‍ഫ് സലഫികളുടെ വീക്ഷണങ്ങളെ പിന്തുടര്‍ന്ന് തദനുസാരം ജിന്നുബാധ-പിശാച് ബാധ തുടങ്ങിയവയെ കുറിച്ചുള്ള ഭീതി പരത്താന്‍ എ പി മുജാഹിദുകളിലെ വിമതവിഭാഗം അശ്രാന്തപരിശ്രമം നടത്തുന്നു. പലയിടത്തും ജിന്നുചികിത്സകള്‍ക്കുള്ള ക്ലിനിക്കുകള്‍ തന്നെ ആരംഭിച്ചിട്ടുണ്ടത്രെ.
ഈയിടെ ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ കണ്ടുമുട്ടിയപ്പോള്‍ തമാശയായി ഇപ്രകാരം പറഞ്ഞു: ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ എങ്ങനെ മുന്‍കൂട്ടി പ്രവചിച്ചു? പെട്ടെന്ന് കാര്യം മനസ്സിലാകാത്തതിനാല്‍, എന്താണ് നിങ്ങള്‍ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങളുടെ ഗള്‍ഫ് സലഫിസത്തിലെ 42 മുതല്‍ 51 വരെയുള്ള പേജുകള്‍ പരിശോധിച്ചാല്‍ കാണാമെന്നായിരുന്നു അയാളുടെ മറുപടി. ഈ പേജുകളുടെ ഫോട്ടോകോപ്പിയും അയാളുടെ കൈവശമുണ്ടായിരുന്നു. അതിലെ 47-ാം പേജില്‍ ജിന്നുബാധയെ സംബന്ധിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്:
``ജിന്നുകളെ കുറിച്ച് നമുക്കുള്ള വിശ്വാസങ്ങളും ഗള്‍ഫ് സലഫി പണ്ഡിതന്മാരുടെ വീക്ഷണങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ ചിന്തിക്കുക. അവരും നാമും തമ്മിലുള്ള അഭിപ്രായാന്തരങ്ങള്‍ നിസ്സാരങ്ങളോ എന്ന് ആലോചിക്കുക. ഗള്‍ഫ് സലഫിസത്തിന്റെയും ശൈഖന്മാരുടെയും മറവില്‍ ജിന്നുബാധയെപ്പറ്റി ഇസ്‌ലാഹീ പ്രസ്ഥാനം അംഗീകരിക്കാത്ത കാര്യങ്ങള്‍ ചിലര്‍ ഇവിടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ നിലപാടെന്തായിരിക്കണം എന്നതിനെപ്പറ്റിയും നാം ചിന്തിക്കേണ്ടതാണ്.''
57-ാം പേജില്‍ സിഹ്‌ര്‍ ബാധയെക്കുറിച്ചുള്ള ചര്‍ച്ചയുടെ അവസാനം കാണുക: ``ജിന്ന്, സിഹ്‌ര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇത്തരം വൃത്താന്തങ്ങള്‍ സുഊദി അറേബ്യയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ സയ്യിദ് ജമാലുദ്ദീന്‍ അഫ്‌ഗാനിയും ശൈഖ് മുഹമ്മദ് അബ്‌ദുവും സയ്യിദ് റശീദ് രിദയും പ്രബോധനം ചെയ്‌ത ഇസ്‌ലാഹീ ആശയങ്ങളില്‍ ആകൃഷ്‌ടരായവര്‍ ഇതൊന്നും അംഗീകരിക്കാറില്ല. കേരളത്തിലെ മുജാഹിദ് മഹല്ലുകളില്‍ ജിന്നുബാധയും ജിന്നുകളുടെ സന്ദര്‍ശനവും ജിന്നുകളുമായുള്ള സംഭാഷണവുമൊന്നും നടക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.''
അതിശയോക്തി യാഥാര്‍ഥ്യമാകുന്നു
ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന പുസ്‌തകം പ്രസിദ്ധീകരിച്ച കാലത്ത് തന്നെ നേരത്തെ സൂചിപ്പിച്ച മുജാഹിദ് പ്രവര്‍ത്തകന്‍ അത് വായിച്ചിരുന്നുവത്രെ. അന്ന് ജിന്നുബാധയും അതിന്റെ ചികിത്സയും സമസ്‌തക്കാര്‍ക്കിടയില്‍ മാത്രമായിരുന്നു കണ്ടുവന്നിരുന്നത്. അതിനാല്‍ ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീനം മൂലം അത് മുജാഹിദുകളിലേക്കും വരുമെന്ന എന്റെ പരാമര്‍ശം കേവലം അതിശയോക്തി മാത്രമായാണ് കരുതിയത് എന്ന് തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം മാത്രമല്ല, മിക്ക മുജാഹിദുകളും അങ്ങനെയാണ് കരുതിയത്. പാലക്കാട് ജില്ലയിലെ പറളിയില്‍ നടന്ന കെ എന്‍ എം കൗണ്‍സിലില്‍ പുസ്‌തകത്തിന്റെ ഒരു കോപ്പി ഞാന്‍ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിക്ക് നല്‍കിയിരുന്നു. ഗള്‍ഫിലെ ശൈഖുമാര്‍ പറഞ്ഞു എന്നതിന്റെ പേരില്‍ ഇതൊന്നും കേരളത്തിലെ മുജാഹിദുകളില്‍ ആരും ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ കേവല ഭാവനകള്‍ മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്ന് പുസ്‌തകം വായിച്ച പലരുടെയും വീക്ഷണം അതു തന്നെയായിരുന്നു. ഗള്‍ഫ് സലഫികളും മുജാഹിദുകളും തമ്മിലുള്ള അന്തരങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുന്ന ഒരു ക്ലാസിക് കൃതിയായി അതിനെ വിലയിരുത്തിയവരും ഉണ്ടായിരുന്നു.
അവരുടെയൊന്നും വീക്ഷണങ്ങള്‍ തെറ്റായിരുന്നു എന്നു പറയാവതല്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ വിമര്‍ശകര്‍ പോലും അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ മുജാഹിദുകള്‍ നടത്തിയ ധീരമായ സമരങ്ങളെ അംഗീകരിക്കാന്‍ മടി കാണിച്ചിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീറായിരുന്ന കെ സി അബ്‌ദുല്ല മൗലവി മുജാഹിദുകളെ വിമര്‍ശിക്കാന്‍ രചിച്ചതാണ് ഇബാദത്ത് ഒരു സമഗ്ര പഠനം എന്ന കൃതി. അതിന്റെ ഇരുപത്തഞ്ച് മുതലുള്ള ഏതാനും പേജുകളില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലെ കേരള മുസ്‌ലിംകളുടെ അവസ്ഥ ചിത്രീകരിക്കുകയും അതിനെതിരെ പോരാടിയ ഇസ്‌ലാഹീ നേതാക്കളെയും പണ്ഡിതരെയും ശ്ലാഘിക്കുകയും ചെയ്യുന്നു. ചില വരികള്‍ കാണുക:
``ജിന്നുകളുടെ പടയോട്ടമില്ലാത്ത രാത്രികളില്ല. അവര്‍ക്ക് പ്രത്യേക റൂട്ടുകള്‍ തന്നെ സങ്കല്‍പിക്കപ്പെട്ടിരുന്നു. റൂഹാനികളും ഖബ്‌റാളികളും -മരിച്ചവരുടെ പ്രേതങ്ങള്‍- രാത്രി കാലത്ത് വീടുവീടാന്തരം അലഞ്ഞുതിരിയുന്നു. കോളറ തട്ടുചെകുത്താനും വസൂരി കുരിപ്പ് ചെകുത്താനും അപസ്‌മാരം കൂക്കിചെകുത്താനും എലി, പൂച്ചാദികളുടെ നിശാ-സഞ്ചാര ശബ്‌ദങ്ങള്‍ കൂളിയുടെ വിക്രിയകളും കാറ്റിന്റെ മുഴക്കം റൂഹാനിയുടെ ആരവവും ആയി ധരിക്കപ്പെട്ടിരുന്നു. ഇവക്കെല്ലാമുണ്ട് പ്രത്യേക ഏജന്റുമാരും സേവകന്മാരും. അജ്ഞനായ മനുഷ്യന്‍ അവരെ തന്നെ ശരണം പ്രാപിക്കുന്നു.'' (പേജ് 25)
ഈദൃശ അന്ധവിശ്വാസങ്ങള്‍ക്കും അവയോടനുബന്ധിച്ച അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദ് പണ്ഡിതന്മാര്‍ നടത്തിയ ധീരസമരത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ കേരള അമീര്‍ ശ്ലാഘിക്കുന്നത് കാണുക:
``അജ്ഞതയാകുന്ന ഈ കൂരിരുട്ട് കേരള മുസ്‌ലിം സമൂഹത്തെ മിക്കവാറും പൂര്‍ണമായി തന്നെ ആവരണം ചെയ്‌തുകഴിഞ്ഞിരുന്നു. എന്നാല്‍ തന്റെ അടിമകളെ ഇത്തരം കൂരിരുട്ടില്‍ ദീര്‍ഘകാലം തളച്ചിടാന്‍ കരുണാവാരിധിയായ അല്ലാഹു അനുവദിക്കുകയില്ല. അവന്റെ അപാരമായ കാരുണ്യത്താല്‍ അങ്ങകലെ ഈജിപ്‌തിന്റെയും സുഊദിയുടെയും അഫ്‌ഗാനിസ്‌താന്റെയും നഭോ മണ്ഡലങ്ങളില്‍ ശക്തമായ ചില രജതരേഖകള്‍ ജ്വലിച്ചുയര്‍ന്നു. ശൈഖ് മുഹമ്മദ് അബ്‌ദു, ശൈഖ് മുഹമ്മദ് ബിന്‍ അബ്‌ദുല്‍വഹാബ്, ജമാലുദ്ദീന്‍ അഫ്‌ഗാനി തുടങ്ങിയവരാണുദ്ദേശ്യം. അവയുടെ പ്രകാശകിരണങ്ങള്‍ നമ്മുടെ കേരളാന്തരീക്ഷത്തിലേക്കും ക്രമേണ പ്രസരിച്ചു തുടങ്ങി. അങ്ങനെ പ്രശോഭിച്ച താരങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു മര്‍ഹൂം വക്കം മൗലവി, കെ എം മൗലവി, ഇ കെ മൗലവി, നരിക്കുന്നന്‍ മുഹമ്മദ് മൗലവി, എം സി സി സഹോദരങ്ങള്‍, സി എന്‍ അഹ്‌മദ്‌മൗലവി, ഇ മൊയ്‌തു മൗലവി, എം അബ്‌ദുല്ലക്കുട്ടി മൗലവി, കൂട്ടായി അബ്‌ദുല്ലഹാജി മുതലായവരും. (ഇവരെയെല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ).
കേരളത്തില്‍ ഇസ്‌ലാഹീ പ്രവര്‍ത്തനവുമായി ഇവര്‍ മുന്നോട്ടുവന്നു. വിവരണാതീതമാണ് ഈ മാര്‍ഗത്തില്‍ അവര്‍ സഹിച്ച ത്യാഗങ്ങള്‍. ധീരവും ത്യാഗപൂര്‍ണവുമായ ഇവരുടെ തളരാത്ത പ്രവര്‍ത്തനം കേരളാന്തരീക്ഷത്തെ ആവരണം ചെയ്‌തിരുന്ന ആ ഇരുണ്ട തിരശ്ശീലയില്‍ അവിടവിടെ ദ്വാരങ്ങളും വിള്ളലുകളുമുണ്ടാക്കി. അവയിലൂടെ പ്രകാശരശ്‌മികള്‍ ജനങ്ങളിലേക്ക് പ്രവഹിച്ചു.'' (ഇബാദത്ത് ഒരു സമഗ്ര പഠനം, പേജ് 27)
കെ സി അബ്‌ദുല്ല മൗലവിയുടെ പ്രസ്‌താവന അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നൂറു ശതമാനം ശരിയായിരുന്നു. ഇസ്‌ലാഹി നേതാക്കള്‍ പ്രസരിപ്പിച്ച പ്രകാശത്തില്‍ കേരള മുസ്‌ലിംകള്‍ ചരിക്കാന്‍ തുടങ്ങി. അങ്ങനെ ജിന്നുസേവകരുടെയും പിശാച് ബാധ ഒഴിപ്പിക്കുന്നവരുടെയും തങ്ങന്മാരുടെയും മുല്ലമാരുടെയും സാമ്രാജ്യം തകര്‍ന്നുപോയി. പ്രേത-ഭൂത-ജിന്ന്-ശൈത്വാന്മാരുടെ തേരോട്ടവും നിലച്ചു. രോഗങ്ങള്‍ക്ക് പ്രതിവിധിയായി പിഞ്ഞാണമെഴുത്തും വെള്ളം മന്ത്രിച്ചൂതലും മറ്റും സമസ്‌തക്കാര്‍ക്കിടയില്‍ പോലും കുറഞ്ഞുവന്നു. ജനങ്ങള്‍ രോഗ ചികിത്സാര്‍ഥം ആസ്‌പത്രികളെയും ഡോക്‌ടര്‍മാരെയും സമീപിക്കാന്‍ തുടങ്ങി.
നവോത്ഥാനപാത കീഴ്‌മേല്‍ മറിയുകയോ?
പക്ഷേ, കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടയില്‍ കാര്യങ്ങള്‍ തല കീഴായി മറിഞ്ഞിരിക്കുകയാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരിലുള്ള പ്രസംഗ സ്റ്റേജുകള്‍, ക്യാമ്പുകള്‍ എന്തിനധികം പള്ളി മിമ്പറുകള്‍ പോലും അന്ധവിശ്വാസ പ്രചാരണത്തിന് ദുരുപയോഗപ്പെടുത്തി. ചെമ്മാട് ജുമാമസ്‌ജിദ്, തലശ്ശേരിപ്പള്ളി, തിരുവനന്തപുരം മസ്‌ജിദ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെല്ലാം ജിന്ന്-പിശാച് തേരോട്ടങ്ങളെക്കുറിച്ച് മാലോകരെ ബോധ്യപ്പെടുത്താനുള്ള കേന്ദ്രങ്ങളായി. ആയിരത്തൊന്നു രാവുകളിലെ കഥകള്‍ പോലും പ്രമാണങ്ങളാവുന്ന സ്ഥിതിഗതി സംജാതമായി. ജിന്നുകളെയും പിശാചുക്കളെയും ഭൂതങ്ങളെയും കുടങ്ങളിലും കൂജകളിലും അടച്ചുപൂട്ടുന്ന കഥകള്‍ പലതും പുനരവതരിപ്പിക്കപ്പെട്ടു. മേശ വലിപ്പ് അടയ്‌ക്കുമ്പോള്‍ അതില്‍ പെട്ട് പരിക്കേല്‍ക്കുന്ന ജിന്നിന്റെ കഥയും, തേങ്ങ വലിക്കുമ്പോള്‍ തേങ്ങ വീണ് ചത്തുപോകുന്ന ജിന്നിന്റെ കഥയും കേള്‍ക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുജാഹിദുകള്‍ വിധിക്കപ്പെട്ടു.
പ്രസംഗ സ്റ്റേജുകളില്‍ കേട്ട കാര്യങ്ങള്‍ താമസിയാതെ പ്രായോഗിക രംഗത്തേക്ക് കടന്നുവന്നു. അതിനും എടവണ്ണ, ഒതായി, തിരൂരങ്ങാടി, പുളിക്കല്‍, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ തന്നെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ജിന്നുബാധയും പിശാച് ബാധയുമുള്ളവരെ ചൂരല്‍ കഷായം കൊണ്ട് ചികിത്സിച്ച കഥകള്‍ നാട്ടിലെങ്ങും പരന്നു. വാര്‍ത്താമാധ്യമങ്ങളിലും മാസികകളിലും അവയുടെ വാര്‍ത്തകള്‍ പ്രസിദ്ധീകൃതമായി. അന്ധവിശ്വാസത്തിനെതിരെ ഇസ്വ്‌ലാഹീ പണ്ഡിതര്‍ നടത്തിയ പടയോട്ടത്തെ മുക്തകണ്‌ഠം പ്രശംസിച്ച കെ സി അബ്‌ദുല്ല മൗലവിയുടെ അനുചരന്മാരും അത്ഭുതപ്പെട്ടു. പ്രബോധനം മാസികയില്‍ മുജാഹിദുകളുടെ നവയാഥാസ്ഥിതികത്വത്തെ വിശദീകരിക്കുന്ന ലേഖനങ്ങള്‍ പ്രകാശിതമായി.
അങ്ങനെ പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന കൃതിയിലെ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. ജിന്ന്-പിശാച് ബാധകളില്‍ മുജാഹിദ് പ്രസ്ഥാനം അംഗീകരിക്കാത്ത കാര്യങ്ങള്‍ ഗള്‍ഫ് സലഫിസത്തിന്റെ മറവില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ നിലപാട് എന്തായിരിക്കുമെന്ന കൃതിയിലെ ചോദ്യത്തിനുള്ള വിശദീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. ഗള്‍ഫിലെ സലഫികളുടെ മാര്‍ഗത്തെ അനുകരിച്ചാലുള്ള ഭവിഷ്യത്ത് ആദ്യമേ ഗ്രഹിച്ച മുജാഹിദുകള്‍ `ചൂടുവെള്ളം പുറത്തേക്ക് ചിന്തുമ്പോള്‍ ജിന്നുകളുടെ ദേഹത്ത് അത് പതിക്കുന്നത്' ശ്രദ്ധിക്കണമെന്ന് വനിതകളെ ഉപദേശിച്ച കാലം മുതല്‍ ഇത് അന്ധവിശ്വാസമാണെന്ന് ഉറക്കെപ്പറഞ്ഞു.
ഗതികേടിലകപ്പെട്ട യാഥാസ്ഥിതികത്വം
എന്നാല്‍ എ പി വിഭാഗം മുജാഹിദുകള്‍ അന്ധവിശ്വാസികള്‍ക്ക് പിന്നെയും വെള്ളവും വളവും നല്‌കി. ഇസ്‌ലാഹി പ്രവര്‍ത്തകരെ വിമര്‍ശിക്കാനുള്ള ആധികാരിക പണ്ഡിതരായി അവരെ പുകഴ്‌ത്തി. `സലഫീ മന്‍ഹജ്' അനുസരിച്ചുള്ള നവംനവങ്ങളായ ഖുറാഫാത്തുകള്‍ മുജാഹിദ് മഹല്ലുകളില്‍ ആവര്‍ത്തിക്കപ്പെട്ടു. അവസാനം ഗതികെട്ടപ്പോള്‍ എ പി വിഭാഗം മുജാഹിദ് അണികളില്‍ മുറുമുറുപ്പുണ്ടായി. അവരുടെ `കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ'യുടെ ചര്‍ച്ചകള്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വെച്ച് നടന്നുവത്രെ. സി പി ഉമര്‍ സുല്ലമിയുടെ തൗഹീദ് വിഭജനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ 1999ല്‍ അവിടെ വെച്ചു തന്നെയായരുന്നല്ലോ ചര്‍ച്ച നടന്നത്. മുജാഹിദ് പിളര്‍പ്പിനു മുമ്പുള്ള പണ്ഡിത ചര്‍ച്ചക്കും പുളിക്കല്‍ മദീനത്തുല്‍ ഉലൂം തന്നെയായിരുന്നു വേദിയായത്.
കെ കെ സക്കരിയ്യ സ്വലാഹിയെയും സംഘത്തെയും അടിച്ചിരുത്തുമെന്ന് സാധാരണ മുജാഹിദുകള്‍ പ്രതീക്ഷിച്ച ചര്‍ച്ചയുടെ തീരുമാനങ്ങള്‍ മല എലിയെ പ്രസവിച്ചതു പോലെയായി എന്നതാണ് വാസ്‌തവം. പിശാച് ദുര്‍ബോധനങ്ങള്‍ നടത്തി മനസ്സിനെ വിമലീകരിക്കുക മാത്രമല്ല, ശാരീരിക ഉപദ്രവങ്ങള്‍ ഏല്‌പിക്കുമെന്നുകൂടി അവരുടെ പണ്ഡിതര്‍ ഒന്നടങ്കം ഏകോപിച്ചു. പക്ഷെ, ആ രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനും നബിമാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് തീരുമാനിക്കപ്പെട്ടത്. നബിമാര്‍ക്ക് മാത്രം കണ്ടെത്താന്‍ കഴിയുന്ന പീഡനങ്ങളും രോഗങ്ങളും കൊണ്ട് നമ്മെ ദുരിതത്തിലാഴ്‌ത്താന്‍ പിശാചിന് സാധിക്കുകയോ?
ഇത്തരം രോഗങ്ങളുമായി പിശാചുക്കള്‍ റോന്തു ചുറ്റുമ്പോള്‍ അതില്‍ നിന്ന് മനുഷ്യവര്‍ഗത്തെ രക്ഷിക്കാന്‍ കഴിയുന്ന നബി(സ)യെ അല്ലാഹു തിരിച്ചുവിളിക്കുകയും ചെയ്‌തു. മാത്രമല്ല, പ്രവാചക പരമ്പരക്കു തന്നെ അവന്‍ പരിസമാപ്‌തി കുറിക്കുകയും ചെയ്‌തു!
സാമാന്യബോധമുള്ള സാധാരണ മുജാഹിദുകള്‍ക്ക് ഇതൊന്നും അംഗീകരിക്കാനാവുമെന്ന് തോന്നുന്നില്ല. സലഫീ മന്‍ഹജ്, സലഫി മന്‍ഹജ് എന്ന മന്ത്രധ്വനി മാത്രം കേട്ട് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വളര്‍ന്നുവന്ന എ പി വിഭാഗം മുജാഹിദിലെ യുവാക്കള്‍ അതിനെ എല്ലാം ഭക്തിയോടെ അംഗീകരിച്ചേക്കാം. തങ്ങളുടെ നേതാക്കളും പണ്ഡിതരും പലയിടത്തും തുറന്നുകൊണ്ടിരിക്കുന്ന ധ്യാനകേന്ദ്രങ്ങളിലേക്കും, ഖുര്‍ആന്‍ തെറാപ്പി സെന്ററുകളിലേക്കും അവര്‍ തീര്‍ഥയാത്ര നടത്തുകയും ചെയ്‌തേക്കാം.
എന്നാല്‍ ഖുര്‍ആനിനെയും പ്രവാചകചര്യെയയും ചിന്തയുടെയും ജ്ഞാനത്തിന്റെയും ദര്‍പ്പണത്തിലൂടെ ദര്‍ശിച്ച മുജാഹിദുകള്‍ക്ക് പ്രത്യേകിച്ചും പഴയ തലമുറയ്‌ക്ക് നവയാഥാസ്ഥിതികത്വത്തെ വരിക്കാനാവില്ല. അതെ, മുജാഹിദ് രീതിശാസ്‌ത്രവും സലഫീ മന്‍ഹജും തമ്മിലുള്ള അന്തരം സര്‍വര്‍ക്കും ബോധ്യപ്പെടാറായി.
0 comments: