പി എം എ ഗഫൂര്‍
താനൊരു പൂമ്പാറ്റയായ് മാറിയത് സ്വപ്നം കണ്ട ഗുരു, ഉണര്‍ന്നപ്പോള്‍ ചിന്തിച്ചതിങ്ങനെ: ഞാന്‍ പൂമ്പാറ്റയായി സ്വപ്നം കണ്ട മനുഷ്യനോ, അതോ, മനുഷ്യനായി സ്വപ്നം കാണുന്ന പൂമ്പാറ്റയോ?”ആയുസിന്റെ കണക്കെടുക്കുമ്പോള്‍ പൂമ്പാറ്റയോളം പരിമിതമാണ് നമ്മുടേയും ജീവിതം. അവസാന നിമിഷത്തെക്കുറിച്ച് ഏകദേശ ധാരണപോലും നമുക്കില്ല.
എണ്ണിനോക്കാവുന്നത്രയും കുറച്ച് ശ്വാസസമയമാണിത്. ലഭിക്കുന്ന ഓരോ സെക്കന്‍ഡും പുതിയതും അപൂര്‍വ്വവുമാണ്; പിന്നെയൊരിക്കലും തിരിച്ചുകിട്ടാത്തതുമാണ്. ഒരു പുഴയെ ഒരിക്കല്‍ മാത്രമേ നമ്മള് കാണുന്നുള്ളൂവെന്ന് പറയാറുണ്ട്. രണ്ടാംവട്ടം കാണുമ്പോള്‍ വെള്ളം പഴയതല്ല. ജീവിതക്കാഴ്ചകളും അങ്ങനെത്തന്നെ. ഓരോ നിമിഷവും മൂല്യമേറിയതാണ്.
ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസ് അസുഖബാധിതനായി കിടന്നപ്പോള്‍ ഡയറിയിലെഴുതി വെച്ചതിങ്ങനെ:ഇനിയൊരു ജന്മമുണ്ടെങ്കില് ഒരു മിനുട്ടുപോലും ഞാനുറങ്ങില്ല; ഉറങ്ങിത്തീര്‍ക്കുന്ന ഓരോ നിമിഷവും എനിക്കു നഷ്ട്പ്പെടുന്നത് വെളിച്ചത്തിന്റെ അറുപത് സെകന്ഡുകളാണ്... അതെ, അങ്ങനെയെങ്കില്‍ സങ്കടപ്പെട്ട് കഴിയുന്ന ഓരോ മിനുട്ടിലും നാം നഷ്ടപ്പെടുത്തുന്നത് സന്തോഷത്തിന്റെ അറുപത് സെകന്ഡുകളാണല്ലോ.
നല്ല ജാഗ്രതയും തയ്യാറെടുപ്പുമുണ്ടെങ്കില്‍ ഓരോ നിമിഷവും ഓരോ ദിവസവും അര്ഥസമ്പന്നമാക്കാന് നമുക്ക് കഴിയും. അടുക്കും ചിട്ടയുമുള്ള കര്‍മങ്ങള്‍ കൊണ്ട് ഈ ജീവിതപുസ്തകത്തെ ക്രമപ്പെടുത്തുന്നവര്‍ക്ക്, ഇവിടം വിട്ടുപോകുമ്പോള്‍ ഹൃദയം നിറയെ സന്തോഷമായിരിക്കും. പഴകിയ വീട്ടില്‍നിന്ന് പുത്തന്‍ വീട്ടിലേക്ക് താമസം മാറ്റുന്ന ആത്മഹര്ഷത്തോടെ അവര്‍ മരണത്തിന്റെ പിറകെപ്പോകും.
സെകന്ഡുകളെക്കുറിച്ച ജാഗ്രതയാണ് ജീവിതത്തെക്കുറിച്ച ജാഗ്രത. സംഭവബഹുലമായ ഒരു വര്‍ഷം വിടപറഞ്ഞിരിക്കുന്നു. പൊടിപുരണ്ട കലണ്ടര്‍ ഇന്നോടെ ചുവരില്‍ നിന്ന് മാറി. വര്‍ഷങ്ങളുടെ ഇളകിയാട്ടങ്ങള്‍ ആയുസ്സിനെ ചെറുതാക്കിക്കൊണ്ടേയിരിക്കുന്നു. ഓരോ മരണവും നമ്മെ വല്ലാതെ നിസ്സാരന്മാരാക്കുന്നു. വ്യക്തി വിടപറയുന്നതും വര്‍ഷം വിടപറയുന്നതും ആത്മതലത്തില്‍ നോകുമ്പോള്‍ വലിയ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. കളറുള്ള കാര്‍ഡുകള്‍ അയച്ചും ലഭിച്ചും രസിക്കാനുള്ളതല്ല പുതുവര്‍ഷം. ജീവിതത്തിന്റെ ഉള്ളകങ്ങളിലേക്ക് കൂര്‍ത്ത ചോദ്യങ്ങളുന്നയിക്കാന്‍ സാധിക്കുന്നവര്‍ സൗഭാഗ്യവാന്മാര്!
രണ്ടുദിനങ്ങള്‍ ഒരുപോലെ ആയവര്‍ നഷ്ടക്കാര്‍ എന്ന് അറബിയിലൊരു ചൊല്ലുണ്ട്. പുതിയ ചിന്തകളോ ശീലങ്ങളോ സൗഹൃദങ്ങളോ വായനയോ നന്മയോ ഇല്ലാതെ ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നവരെ സംബന്ധിച്ചാണത്. സമയത്തോളം മികച്ചൊരു സൗഭാഗ്യം വേറെയില്ല. മരണപ്പെട്ടവര്‍ക്കു തീര്‍ന്നുപോയതും നമുക്ക് ബാക്കിയിള്ളതും സമയമാണ്. സമയമെന്നാല്‍ സെക്കനന്ഡുകളാണ്. സെക്കന്‍ഡുകള്‍ സക്രിയമാകുമ്പോള്‍ സമയം സാര്‍ഥകമാകുന്നു; അപ്പോള്‍ ജീവിതത്തിനും അര്‍ഥമുണ്ടാകുന്നു.
“'എഴുപത് വര്‍ഷം ജീവിച്ച ഒരാള്‍, ഒരു ദിവസം മുഴുവനുമിരുന്ന് ശാന്തമായാലോചിച്ച്, ഇക്കാലം വരെ എന്തു ചെയ്യുകയായിരുന്നുവെന്ന് എഴുതിനോക്കിയാല്‍ അയാള്‍ അദ്ഭുതപ്പെട്ടുപോകും. ചെറിയ കാര്യങ്ങള്‍ ചെയ്യാനാണ് ഏറെ സമയവും നഷ്ടപ്പെടുത്തിയത്. കണ്ണാടിയുടെ മുമ്പില്‍ മണിക്കൂറുകളോളം തുലച്ചുകളഞ്ഞു. എല്ലാ ദിവസവും ഒരേ വങ്കത്തങ്ങള്‍ ആവര്‍ത്തിച്ചു. അനര്ഥമായ വാര്‍ത്തകള്‍ വായിക്കാന്‍ എത്ര സമയമാണ് അയാള്‍ നഷ്ടപ്പെടുത്തിയത്..!
തന്റേതു മാത്രമായ ഏഴു ചിന്തകള്‍ പോലും ഈ എഴുപത് വര്‍ഷത്തിനിടയ്ക്ക് മറ്റുള്ളവര്‍ക്ക് നല്കാന് അയാള്‍ക്കായില്ലെങ്കില്‍ പിന്നെന്തിനാണ് ആ ജന്മം..! അതിനിടയ്ക്ക് എവിടെയോ വെച്ച് മരണം അയാളെ പിടികൂടുന്നു. ആയുസ്സിന്റെ മൂന്നിലൊന്ന് ഉറങ്ങിപ്പോയി. മൂന്നിലൊന്ന് വിദ്യാഭ്യാസത്തില്‍, ജീവിക്കാനുള്ള അപ്പം തിരഞ്ഞ് മറ്റൊരു മൂന്നിലൊന്ന്. ഭാര്യയോട് കലഹിക്കാന്‍, കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍, അയല്‍ക്കാരുമായി പടവെട്ടാന്‍, അങ്ങനെ അതിനും ഇതിനുമായുള്ള മത്സരങ്ങള്‍ക്കിടയില്‍ ആ പാവം മനുഷ്യന്റെ ആയുഷ്കാലമതാ തീരുന്നു. മരണം വന്ന് വാതിലില്‍ മുട്ടുമ്പോള്‍ ഒന്നും പൂര്‍ത്തിയാക്കാനാകാതെ ഒന്നുമിതുവരെ പ്രത്യേകമായി സംഭവിക്കാതെ, അയാള്‍ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോകുന്നു.' (പാഴ്ശ്രുതി; പി എന്‍ ദാസ്; പേജ്: 121)
ഇങ്ങനെ ഒരാലോചന ഇടയ്ക്കിടെ ആവശ്യമാണ്. കുറേ ദൂരം നടക്കുന്നതിനിടയില്‍, കാലൊന്ന് വെച്ചുകുത്തുമ്പോഴാണ് നടന്ന ദൂരത്തെക്കുറിച്ചും ഇനി നടക്കാനുള്ളതിനെക്കുറിച്ചുമൊക്കെ ആലോചിക്കുക. അങ്ങനെ ഒരു വെച്ചുകുത്തലാവണം സ്വയംവിചാരണയുടെ സന്ദര്‍ഭങ്ങള്‍. നിരന്തരം പുതുക്കിയും പിഴവുകള്‍ പരിഹരിച്ചും ജീവിതയാത്രയില്‍ സന്തോഷം നിറയണം. ആരാധനകള്‍ ദൈവവുമായുള്ള സ്വകാര്യ നിമിഷങ്ങളാണ്. ഏറ്റവും സന്തോഷഭരിതമായിരിക്കണം ആരാധനാനിമിഷങ്ങള്‍. സ്വകാര്യ സന്ദര്‍ഭത്തില്‍ ദൈവത്തെയോര്‍ത്ത് കണ്ണ് നിറഞ്ഞാല്‍ അത്, സ്വര്‍ഗ പ്രവേശത്തിനുള്ള നല്ല മാര്‍ഗമണെന്ന് മുഹമ്മദ് നബി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഖലീഫ ഉമറിന്റെ ജീവചരിത്രത്തിലിത്തരം സന്ദര്‍ഭങ്ങള്‍ നിരവധി കാണാം.‘ഭരണ‘ഭാരത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയിലും സ്വകാര്യ നിമിഷങ്ങള്‍ കണ്ടെത്തി സ്വന്തത്തിനുനേരെ അതിനിശിതമായ ചോദ്യങ്ങളെറിയുന്ന ഭരണാധികാരിയായിരുന്നു ഖലീഫ ഉമര്‍.
മിന്‍ഹാജുല്‍ ഖാസ്വിദീന്‍ എന്ന ഗ്രന്ഥത്തില്‍ സമയവിനിയോഗത്തെ ഇങ്ങനെ പകുത്തുവെക്കുന്നുണ്ട്: സമയനഷ്ടമെന്ന് തോന്നുന്ന ഒരു കര്‍മത്തിലും മുഴുകാതിരിക്കുക. സമയ ബോധമുള്ള സുഹൃത്തിനെ സമ്പാദിക്കുക. ഓരോ നിമിഷവും പുതിയതും ഉന്നതവുമാണെന്ന് ഓര്‍ത്തുവെക്കുക. പിന്നിട് ഖേദിക്കേണ്ടി വരാത്തവിധം, ഓരോ നിമിഷത്തെയും വിനിയോഗിക്കുക.”
അമേരിക്കയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഡോ. ഹിശാമുത്വാലിബ് എഴുതിയ ട്രയിനിംഗ് ഗൈഡ് ഫോര്‍ ഇസ്ലാമിക് വര്‍ക്കേഴ്സ്’എന്ന ഗ്രന്ഥത്തില്‍, സമയത്തെ ഫലപ്രദമാക്കാന്‍ നല്ലൊരു മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ചിന്തിക്കാന്ശക്തിയുടെ ഉറവിടമാണത്. കളിക്കാന്‍ ശാശ്വത യൗവനത്തിന്റെ താക്കോലാണത്. വായിക്കാന്‍ അറിവിന്റെ ഉറവിടമാണത്. പ്രാര്ഥിക്കാന്ഏറ്റവും വലിയ ശക്തിയാണത്. നല്ലതിനെയും നല്ലവരെയും സ്നേഹിക്കാന്‍. സൗഹൃദമുണ്ടാക്കാന്‍ സന്തോഷത്തിന്റെ വഴിയാണത്. പുഞ്ചിരിക്കാന്‍, അതോടെ ടെന്ഷനൊഴിവാകും. അധ്വാനിക്കാന്‍, വിജയത്തിന്റെ വിലയാണത്.
അതീവ ലളിതമായ ആയുഷ്കാലമാണ് മനുഷ്യജന്മം. ഇതര ജീവികളില്‍ പലതിനെയും അപേക്ഷിച്ച് മനുഷ്യായുസ്സ് വളരെ ചെറുത്. ചെറിയൊരീ പ്രതിമാസത്തെ വലിയ പ്രതിമാസമാക്കി മാറ്റുന്നതെന്താണ്..? ആയുസ്സിന്റെആധിക്യത്തേക്കാള് കര്‍മങ്ങളുടെ നന്മയാണ് ജീവിതത്തിന്റെ ധന്യത. അലസമായൊരു ജീവിതമല്ല, ആസ്വദിച്ചുള്ള ജീവിതമാവട്ടെ നമ്മുടേത്. മൃദുവായി നടന്നും എളിമയോടെ സംസാരിച്ചും കരുത്തോടെ മുന്നേറിയും കരുതലോടെ കാലുവെച്ചും സ്നേഹത്തോടെ പെരുമാറിയും ഇഷ്ടത്തോടെ സഹവസിച്ചും ലാളിത്യത്തോടെ സംവദിച്ചും കാരുണ്യത്തോടെ ഇടപെട്ടും സത്യത്തോടെ സംസാരിച്ചും ശരിയോടെ സമ്പാദിച്ചും താഴ്മയോടെ പ്രാര്‍ഥിച്ചും നമുക്കീ യാത്രയെ സുന്ദരമാക്കാം.
JEXONE PVC Bath Fittings& PTMT Bath Fittings
-
Product Range
*PVC Bath Fittings, PTMT Bath Fittings*
Bib Cock Tank Nipple Plug Long
Angle Cock
Waste Coupling
Face Washer
Pillar Cock PVC Jointer Pip...
10 വർഷം മുമ്പ്
0 comments: