സമുദായ ഐക്യത്തിന് പണ്ഡിതന്മാര്‍ വിട്ടുവീഴ്‌ച
ചെയ്യണം
ചെയ്യണം
കെ പി എ മജീദ് /മന്‍സൂറലി ചെമ്മാട്
ചെറുപ്പം മുതല്‍ തന്നെ മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിച്ച്, നേതൃനിരയിലെത്തിയെ നേതാവാണ് മജീദ് സാഹിബ്. ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍മിക്കാമോ?
വിദ്യാഭ്യാസ കാലത്തുതന്നെ പൊതുപ്രവര്‍ത്തന, വിദ്യാര്‍ഥി രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. മുസ്‌ലിംലീഗ് രാഷ്‌ട്രീയത്തിലും മറ്റു പൊതുമണ്ഡലങ്ങളിലും നിറഞ്ഞുനിന്ന ഒരു കുടുംബസാഹചര്യം നിലനിന്നിരുന്നതു കൊണ്ട് എന്റെ പൊതുപ്രവര്‍ത്തനത്തിലേക്കുള്ള വഴിയും സുഗമമായിരുന്നു.
ജില്ലാതലത്തില്‍ ആദ്യ ഭാരവാഹിത്വം വഹിക്കുന്നത് പാലക്കാട് ജില്ല എം എസ് എഫിന്റേതാണ്. ഫാറൂഖ് കോളെജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെത്തി. പിന്നീട് മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ജില്ലയുടെ ആദ്യത്തെ എം എസ് എഫ് കമ്മിറ്റിയില്‍ അംഗമായി. യൂത്ത്‌ലീഗ് ഭാരവാഹി, ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹി, സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി തുടങ്ങി ജീവിതത്തിന്റെ നല്ലൊരു ഭാഗം മുസ്‌ലിംലീഗ് രാഷ്‌ട്രീയത്തില്‍ നേതൃപരമായ സ്ഥാനങ്ങള്‍ വഹിച്ചു. 21 വര്‍ഷം നിയമസഭാ സാമാജികനായി.
പൊതുപ്രവര്‍ത്തനരംഗം സത്യസന്ധമായ നിലപാടുകളുടെ സാക്ഷ്യമാകണമെന്ന ബോധ്യത്തോടെയാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രതീക്ഷിക്കാത്ത സ്ഥാനങ്ങളില്‍ ഞാന്‍ അവരോധിക്കപ്പെട്ടത്. വിദേശയാത്രയ്‌ക്ക് ഒരുങ്ങി നില്‍ക്കുന്ന സമയത്താണ് 1980ല്‍ അപ്രതീക്ഷിതമായി നിയമസഭയിലേക്ക് മത്സരിക്കണമെന്ന് സി എച്ച് മുഹമ്മദ്‌കോയയും ലീഗ് നേതാക്കളും ആവശ്യപ്പെടുന്നത്. ശേഷം 21 വര്‍ഷം മങ്കട നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി. രാഷ്‌ട്രീയക്കാര്‍ അഴിമതിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണെന്ന ധാരണ ഇന്ന് പൊതുവില്‍ ജനങ്ങള്‍ക്കിടയില്‍ വേരുറച്ചുപോയിട്ടുണ്ട്. ഈ നിലപാട് ശരിയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍. വ്യക്തിപരമായി രാഷ്‌ട്രീയ പ്രവര്‍ത്തനം ജനസേവനമാണ്. കഴിഞ്ഞ കാലത്ത് ജനോപകാരപ്രദമായ കാര്യങ്ങളില്‍ ഏര്‍പ്പെടാനും സത്യസന്ധമായ നിലപാടുകള്‍ പുലര്‍ത്താനും കഴിഞ്ഞു എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രസിദ്ധമായ മലപ്പുറം ഭാഷാസമരത്തില്‍ താങ്കള്‍ മുന്‍നിരയിലുണ്ടായിരുന്നുവല്ലോ. ആ സമരം ജീവിതത്തിലെ മറക്കാത്തെ ഒരു സംഭവമായിരിക്കും?
എന്റെ രാഷ്‌ട്രീയ ജീവിതത്തിലെ പ്രധാന സംഭവമാണ് ഭാഷാ സമരവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടന്ന വെടിവെപ്പ്. കേരളത്തിലെ സ്‌കൂളുകളില്‍ അറബിഭാഷ പഠനത്തിനെതിരെ വന്നിട്ടുള്ള ചില നിബന്ധനകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് റമദാന്‍ 17ന് നടന്നിട്ടുള്ള ഭാഷാസമരം മജീദ്, റഹ്‌മാന്‍, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വത്തിനും അനേകം പേര്‍ക്ക് പരുക്ക് പറ്റുന്നതിനും ഇടയാക്കി. കേരളത്തിലെ പൊതുമനസ്സും അറബിഭാഷയെ സ്‌നേഹിക്കുന്നവരും മുസ്‌ലിം മതസംഘടനകളുമൊക്കെ ഒറ്റക്കെട്ടായി നിന്ന് ഭാഷാസമരത്തെ പിന്തുണച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കൊണ്ടുവന്ന ജനദ്രോഹപരമായ നിലപാടുകളും തീരുമാനങ്ങളും തിരുത്താനും പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണാനും സാധിച്ചു. ഇന്നും മുസ്‌ലിംസമുദായം നേരിടുന്ന പ്രയാസങ്ങളിലും പ്രതിസന്ധികളിലും ജനാധിപത്യപരമായ രീതിയില്‍ പ്രശ്‌നപരിഹാരത്തിനും ന്യായമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും വേണ്ടിയായിരിക്കണം രാഷ്‌ട്രീയ ജീവിതം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
മാതാപിതാക്കളെക്കുറിച്ചും ആദ്യകാല പഠനത്തെക്കുറിച്ചും പറയാമോ? ]
എന്റെ പിതാവ് കരുവള്ളി പാത്തിക്കല്‍ അഹമ്മദ് ഹാജി. ഉമ്മ കുരുണിയന്‍ കദിയുമ്മ. ഉപ്പ ഒരു കര്‍ഷകനായിരുന്നു. ചെറിയ രീതിയില്‍ കച്ചവടവുമുണ്ടായിരുന്നു. പൊതുരംഗത്ത് നേതൃസ്ഥാനമൊന്നും വഹിച്ചിട്ടില്ലെങ്കിലും പരമ്പരാഗതമായി മുസ്‌ലിംലീഗ് കുടുംബമായിരുന്നു.
മദ്‌റസാപഠനം വഴിയുള്ള മതവിദ്യാഭ്യാസമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ഇന്നത്തെപ്പോലെ മതവിദ്യാഭ്യാസരംഗത്ത് ഉന്നത പഠന അവസരങ്ങള്‍ അന്നുണ്ടായിരുന്നില്ല. പിന്നീട് ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും വിവര്‍ത്തനകൃതികളും മറ്റും വായിച്ച് സ്വയം ആര്‍ജിച്ച പൊതുവായ മതപരമായ വിജ്ഞാനമാണുള്ളത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഫാറൂഖ് കോളെജില്‍ ചേര്‍ന്നു. പ്രീഡിഗ്രി കഴിഞ്ഞ് മണ്ണാര്‍ക്കാട് കോളെജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. അതിനുശേഷം നാട്ടില്‍ സഹകരണബാങ്കില്‍ ജോലിക്ക് ചേര്‍ന്നു. ബാങ്കിംഗ് സര്‍വീസില്‍ തുടരുമ്പോഴാണ് എം എല്‍ എ ആകുന്നത്. പിന്നീട് ബാങ്കിലെ ജോലി രാജിവെക്കുകയായിരുന്നു.
ആ കാലത്ത് സമുദായത്തിന്റെ സാമൂഹ്യസ്ഥിതി എന്തായിരുന്നു?
അക്കാലത്തെ മതപരവും സാമൂഹ്യവുമായ സാഹചര്യം ഇന്നത്തേതിനെക്കാള്‍ ഗൗരവതരമേറിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്ന കാലമായിരുന്നു. ഖുര്‍ആന്‍ പഠിക്കുക, മനസ്സിലാക്കുക എന്ന ചിന്ത സമുദായത്തില്‍ ഉണ്ടായിരുന്നില്ല. ഖുര്‍ആന്‍ സാധാരണക്കാരന് പഠിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്ന ഒന്നല്ല എന്ന പ്രചാരണം ശക്തമായിരുന്നു. എന്നു മാത്രമല്ല, ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഒരു മതവിദ്യാഭ്യാസ സമ്പ്രദായം അന്ന് നിലനിന്നിരുന്നില്ല. കുറേ മസ്‌അലകളും കര്‍മങ്ങളും മാത്രം പഠിപ്പിക്കുക, എല്ലാ വെള്ളിയാഴ്‌ച രാവിലും തിങ്കളാഴ്‌ച രാവിലും മൗലീദ് പാരായണം വീടുകളില്‍ സംഘടിപ്പിക്കുക, വീട്ടില്‍ `കൂടിയോത്തിന്' മൊല്ലാക്കമാര്‍ വന്ന് ഖുര്‍ആന്‍ ഓതി പോവുക എന്നതിനപ്പുറത്തേക്ക് മതവിദ്യാഭ്യാസം വളര്‍ന്നിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യ നേടാനുള്ള അവസരമുണ്ടായിരുന്നില്ല. പൊതുവില്‍ വിദ്യാഭ്യാസം നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലാണ് ഞാനൊക്കെ വളര്‍ന്നുവന്നത്.
പിന്നീട് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നുവന്നതിനു ശേഷമാണ് വിദ്യാഭ്യാസ കാര്യത്തില്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കണമെന്ന ഒരുണര്‍വും ഉണര്‍ത്തലുകളുമൊക്കെയുണ്ടായത്. പ്രത്യേകിച്ച് സ്‌ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ അന്നു മുതലാണ് ഉണ്ടായത്. പാണക്കാട് പൂക്കോയ തങ്ങള്‍, സി എച്ച് മുഹമ്മദ്‌കോയ, കരുവള്ളി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ മതപ്രഭാഷണങ്ങളിലും മറ്റും സ്‌ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി പറയാറുണ്ടായിരുന്നു. ഭൗതിക വിദ്യാഭ്യാസം മതവിദ്യാഭ്യാസം എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ ഇവര്‍ വിദ്യാഭ്യാസരംഗത്തേക്ക് മുസ്‌ലിം സമുദായത്തെ കൈപ്പിടിച്ചുയര്‍ത്തി.
കരുവള്ളി മുഹമ്മദ് മൗലവി എന്റെ കുടുംബബന്ധുവാണ്. കരുവള്ളി കുടുംബത്തിന്റെ ഒരു കാരണവര്‍ എന്ന നിലയ്‌ക്ക് മുഹമ്മദ് മൗലവി ഞങ്ങളെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. പുരോഗമന ചിന്താഗതിക്കാരനും ഉത്‌പതിഷ്‌ണുവുമായ പണ്ഡിതനാണ് കരുവള്ളി മുഹമ്മദ് മൗലവി. പ്രത്യേകിച്ച്, മദ്‌റസാ വിദ്യാഭ്യാസരംഗം നവീകരിക്കുന്നതിലും ഭൗതികവിദ്യാഭ്യാസ രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ഏറെ പരിശ്രമിച്ച ആളാണ് മൗലവി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഞങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മുസ്‌ലിംലീഗിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും ആദ്യകാല നേതാക്കളെ കാണാനും ബന്ധപ്പെടാനും അവസരമുണ്ടായിട്ടുണ്ടല്ലോ. അവരുടെ നിലപാടുകളെ ഇപ്പോള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
സി എച്ച്, ബാഫഖി തങ്ങള്‍, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സാഹിബ് തുടങ്ങി പഴയ തലമുറയിലെ നേതാക്കളുമായാണ് രാഷ്‌ട്രീയ രംഗത്ത് എനിക്ക് ബന്ധമുണ്ടായിരുന്നത്. ഇസ്വ്‌ലാഹീ രംഗത്ത് കരുവള്ളി മുഹമ്മദ് മൗലവി, കെ പി മുഹമ്മദ് മൗലവി തുടങ്ങിയവരുമായൊക്കെ ബന്ധമുണ്ടായിരുന്നു. വളരെ പ്രായോഗികമായി ചിന്തിക്കുന്നവരായിരുന്നു അന്നത്തെ നേതാക്കള്‍. പൊതുവെ മുസ്‌ലിം സമൂഹത്തില്‍ അന്ധവിശ്വാസം നിലനില്‍ക്കുന്ന കാലമായിരുന്നു അന്ന്. ആ സമൂഹത്തെ എങ്ങനെ ശരിയായ വെളിച്ചത്തിലേക്ക് കൊണ്ടുവരണം എന്നതിനെ സംബന്ധിച്ച് വളരെ ഹിക്‌മത്തോടെ പ്രകോപനങ്ങളില്ലാതെ, പരിശ്രമിച്ചവരാണ് കഴിഞ്ഞകാല നേതാക്കള്‍. ഇന്നത്തെ തലമുറ നിസ്സാര പ്രശ്‌നങ്ങള്‍ പോലും വാഗ്വാദം നടത്തി, സമുദായത്തെ പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യഥാര്‍ഥത്തില്‍ അന്നത്തെ രാഷ്‌ട്രീയ മത നേതാക്കളുടെ പ്രവര്‍ത്തനഫലമാണ് നമ്മളിന്ന് അനുഭവിക്കുന്ന മതപരവും ഭൗതികവുമായ എല്ലാ ഉന്നതികളും.
അന്നത്തെ നേതാക്കളുടെയും പണ്ഡിതരുടെയും ജീവിതം ഒരു തുറന്ന പുസ്‌തകമായിരുന്നു. അവര്‍ പറയുന്നതു തന്നെയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങളും. ഇന്ന് രാഷ്‌ട്രീയ രംഗത്തും മതരംഗത്തും ഉള്ള നേതാക്കള്‍ അവരുടെ പ്രവര്‍ത്തനരംഗത്തെ ക്വാളിറ്റി കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് വസ്‌തുത. ഒരുപക്ഷേ കാലത്തിന്റെ മാറ്റമായിരിക്കാം. അന്നത്തെ നേതാക്കള്‍ക്ക് നാം നല്‍കിയ ആദരവ് ഇന്ന് നേതാക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. പഴയകാലത്തെ ആളുകള്‍ പ്രസംഗിക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ നനയുകയും ആളുകള്‍ അവ ഉള്‍ക്കൊള്ളുകയും ചെയ്യാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്ത് പറഞ്ഞാലും പറയുന്ന ആളിനും കേള്‍ക്കുന്നവര്‍ക്കും ഒരു മാറ്റവുമുണ്ടാകുന്നില്ല. അന്ന് ഈ ഗുരുമുഖത്ത് നിന്ന് ലഭിക്കുന്ന അറിവ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വിവരസാങ്കേതിക വിദ്യയുടെ തള്ളിച്ചയില്‍ എല്ലാം വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു സമൂഹത്തില്‍ മതപ്രബോധനം അതിന്റേതായ ഹിക്‌മത്തോടുകൂടി വേണം സാധ്യമാക്കാന്‍. ആളുകള്‍ക്കിടയില്‍ മറ്റു വിഭാഗങ്ങളെ പരസ്യമായി വിമര്‍ശിക്കുന്ന സമീപനം, മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തില്‍ ഉടലെടുത്ത അനൈക്യം, പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍; ഇതൊക്കെ പൊതുജനങ്ങളിലേക്ക് എത്തിനില്‍ക്കുന്ന അവസ്ഥ ഖേദകരമാണ്.
മുസ്‌ലിംലീഗ് രൂപീകരണത്തില്‍ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ ചരിത്രവസ്‌തുത പലപ്പോഴും വിസ്‌മരിക്കപ്പെടുന്നു. സമുദായത്തിന്റെ ഒരു പൊതുവേദി എന്ന നിലയിലാണ് ആദ്യകാലത്ത് ലീഗ് പ്രവര്‍ത്തിച്ചിരുന്നത്.
മുസ്‌ലിംലീഗ് പാര്‍ട്ടി യഥാര്‍ഥത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി വന്ന ഒരു സംരംഭമാണ്. സീതി സാഹിബ്, കെ എം മൗലവി തുടങ്ങിയവര്‍ മുന്നോട്ടുവെച്ച നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മുസ്‌ലിംലീഗ് നിലവില്‍ വന്നത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനകത്ത് നിന്നുകൊണ്ട് മുസ്‌ലിം സമുദായത്തിന്റെ ഉന്നമനം, ഇസ്‌ലാമിക പ്രബോധന സൗകര്യങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്ന നിലക്കുള്ള അവകാശങ്ങള്‍, അര്‍ഹമായ ഭൗതിക സാഹചര്യങ്ങള്‍ മുതലായവ സാധ്യമാക്കുന്നതിന് ജനാധിപത്യപരമായ രീതിയില്‍ പൊരുതുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്.
അന്നത്തെ മുസ്‌ലിം പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തന ഫലമായ മുസ്‌ലിംലീഗും ഇസ്വ്‌ലാഹീ സംഘടനാരംഗത്തും ഒരുപോലെ സജീവമായിരുന്നു. അതുകൊണ്ടുതന്നെ ഇസ്വ്‌ലാഹീ വേദികളില്‍ സജീവമായവര്‍ ലീഗ് വേദികളില്‍ എത്തുമ്പോള്‍ അതേ പ്രസന്നതയോടെ, വിദ്വേഷമേതുമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ബാഫഖി തങ്ങളും കെ എം മൗലവിയും സീതിസാഹിബും ഒന്നിച്ച് സഞ്ചരിക്കുകയും കെ എം മൗലവി ഇമാം നില്‍ക്കുകയും തങ്ങള്‍ തുടരുകയും, അതേപോലെ തങ്ങള്‍ ഇമാം നിന്ന് മൗലവി തുടരുകയും ചെയ്‌ത് നമസ്‌കരിച്ചു. തിരൂരങ്ങാടി യതീംഖാന പള്ളിക്ക് തറക്കല്ലിട്ടത് ബാഫഖി തങ്ങളാണ്. മലപ്പുറത്ത് നടന്ന ഈദ്‌ഗാഹില്‍ പി പി അബ്‌ദുല്‍ഗഫൂര്‍ മൗലവി ഖുതുബ നിര്‍വഹിക്കുകയും പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാം നില്‍ക്കുകയും ചെയ്‌ത ധന്യമായ സദസ്സിന് സാക്ഷിയാകാന്‍ സാധിച്ചത് എനിക്കിന്നും ഓര്‍മയുണ്ട്. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പൊതുവായി മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഒരു പൊതുവേദി എന്ന നിലയ്‌ക്ക് മുസ്‌ലിംലീഗിനെ അംഗീകരിക്കുന്ന നിലപാടാണ് അന്നത്തെ പണ്ഡിതന്മാര്‍ക്ക് ഉണ്ടായിരുന്നത്.
എന്‍ വി അബ്‌ദുസ്സലാം മൗലവി, എം കെ ഹാജി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി അടുത്ത് ബന്ധപ്പെട്ടിരുന്നോ?
എന്‍ വി അബ്‌ദുസ്സലാം മൗലവി, എന്‍ വി ഇബ്‌റാഹീം സാഹിബ്, എം കെ ഹാജി തുടങ്ങിയവരോടൊന്നും അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. അക്കാലത്ത് വലിയ നേതാക്കളുമായി ദൂരെ നിന്നുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ശേഷമുള്ള തലമുറയുമായി അടുത്ത് ഇടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം എന്ന അവസ്ഥയില്‍ നിന്ന് ഇന്ന് ലീഗ് അകന്നുപോയിട്ടുണ്ട്. എവിടെയാണ് ഈ അകല്‍ച്ച ആരംഭിച്ചത്?
കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തില്‍ ഭിന്നിപ്പ് വര്‍ധിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് കഴിഞ്ഞകാലത്ത് എല്ലാവിഭാഗം മുസ്‌ലിംകളുടെയും പൊതുവേദിയായിരുന്നു. സമസ്‌തയിലുണ്ടായ ഭിന്നിപ്പിന് ശേഷമാണ് മുസ്‌ലിംസമുദായം ഒന്നിച്ചിരിക്കുന്നതില്‍ ഭിന്നത കടന്നുവന്നത്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ചിരിക്കാനുള്ള വേദിയായിയിരുന്നു ലീഗ്. അതില്‍ നിന്നുമാറി വ്യത്യസ്‌തത പുലര്‍ത്തണം, അകലം പാലിക്കണം, സ്വന്തമായി രാഷ്‌ട്രീയ സംവിധാനങ്ങള്‍ വേണം, കുറച്ചുകൂടി തീവ്രവാദപരമായ നിലപാടുകള്‍ വേണം തുടങ്ങിയ ഭിന്ന സ്വരങ്ങള്‍ കടന്നുകൂടിയപ്പോഴാണ് കേരളത്തിലെ മുസ്‌ലിം രഷ്‌ട്രീയ സംവിധാനത്തില്‍ ഭിന്നതകള്‍ ഉണ്ടാകുന്നത്.
കേരളത്തില്‍ ജനാധിപത്യസംവിധാനത്തില്‍ കുറേ സീറ്റുകളും പ്രാതിനിധ്യവുമൊക്കെ മുസ്‌ലിം സമൂഹത്തിന് ലഭ്യമായത് ലീഗ് എന്ന സംവിധാനം ഇവിടെ ഉള്ളതുകൊണ്ടാണ്. മുസ്‌ലിം സമൂഹത്തിന്റെ പേരില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതോടെ ഇവിടെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലേതു പോലെ വോട്ടുകള്‍ ഭിന്നിച്ച് സമുദായം ദുര്‍ബലമാവുകയാണ് ചെയ്യുക. അത് മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ് ഇന്നത്തെ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത് എന്നാണ് എന്റെ പക്ഷം.
മുസ്‌ലിംഐക്യം വീണ്ടെടുക്കാന്‍ ഇനി സാധിക്കില്ലെന്നാണോ?
മുസ്‌ലിം സമുദായത്തിനകത്ത് ധാരാളം സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ സംഘടനകളെയെല്ലാം ഐക്യപ്പെടുത്തുക എന്നത് വളരെ പ്രയാസകരമാണ്. അതേസമയം ഈ സംഘടനകള്‍ക്കെല്ലാം പൊതുപ്രശ്‌നങ്ങളില്‍ യോജിച്ചു നില്‍ക്കാവുന്നതാണ്. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന ധാരാളം പ്രശ്‌നങ്ങളുണ്ട്. നമുക്കറിയാം, ധാരാളം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്നാരോപിച്ച് ജയിലില്‍ കൊണ്ടിടുകയാണ്. ഒരു വിചാരണയുമില്ല. അവര്‍ക്ക് പറയാന്‍ അവസരമില്ല. കര്‍ണാടകയില്‍ കഴിഞ്ഞ മാസങ്ങളില്‍ മെഡിക്കല്‍ കോളെജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ തീവ്രവാദികളെന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിം സമുദായം ഒന്നിച്ചു നിന്നാല്‍ മാത്രമേ ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയൂ.
സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന ശരീഅത്ത് വിവാദത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളും ഒന്നിച്ചുനിന്നിട്ടുണ്ട്. മുസ്‌ലിംകള്‍ ഐക്യപ്പെട്ടതിന്റെ ഫലമാണ് മുസ്‌ലിം വനിതാ സംരക്ഷണബില്‍. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാ കാലത്തുമുണ്ടാകും. അവ മാറ്റിവെച്ച് പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ചുനില്‍ക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. അങ്ങനെ മുസ്‌ലിം സമൂഹത്തെ ഒരുമിച്ചുനിര്‍ത്തുകയാണ് മുസ്‌ലിം ലീഗിന്റെ ദൗത്യം. അതില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ മുസ്‌ലിംലീഗ് തയ്യാറല്ല.
മുസ്‌ലിം സമുദായത്തെ ഒന്നിച്ചുനിര്‍ത്താന്‍ ലീഗ് എന്തെങ്കിലും ഫോര്‍മുല കാണുന്നുണ്ടോ?
ഇപ്പോള്‍ ചില പ്രത്യേക സാഹചര്യം നിലവിലുണ്ട്. മുസ്‌ലിം സമുദായത്തിനകത്ത് ഒന്നിച്ചിരിക്കുന്നതില്‍ എതിര്‍പ്പുകളുള്ള ആളുകളുണ്ട്. അതുപോലെ ജമാഅത്തെ ഇസ്‌ലാമി പുതിയ രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാക്കിയ സാഹചര്യത്തില്‍ അവരുമായി ഒരുമിച്ചിരിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്ന ആളുകള്‍ ഉണ്ട്. ജമാഅത്ത് ഇസ്‌ലാമി ഒരു മതസംഘടനയല്ല, രാഷ്‌ട്രീയ സംഘടനയാണ് എന്ന് പറയുന്നവരുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഇവരെയൊക്കെ ഒരുമിപ്പിച്ചുകൊണ്ടുപോകണം എന്നാണ് മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത്. പക്ഷേ, അതിപ്പോള്‍ വളരെ അപൂര്‍വമായേ നടക്കുന്നുള്ളൂ എന്നതാണ് സത്യം. എന്നാല്‍ അതിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ചില സംഭവങ്ങളും അപ്രതീക്ഷിതമായി വന്നുകൊണ്ടിരിക്കുന്നു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. എങ്കിലും മുസ്‌ലിം സമൂഹത്തിനകത്തും പൊതുസമൂഹത്തിലും ലീഗിന് ഇന്നും കൃത്യമായ ഇടമുണ്ട്. അതുകൊണ്ടാണ് എന്‍ എസ് എസ് പോലുള്ള സംഘടനകള്‍ സാമുദായിക സന്തുലിതത്വം തകര്‍ക്കുന്നു എന്നും മറ്റും പറഞ്ഞ് ലീഗിനെ വിമര്‍ശിക്കുന്നത്. കേരളത്തില്‍ മുസ്‌ലിംസമൂഹം ലീഗിന്റെ കീഴില്‍ ഒരു ശക്തിയായി നിലകൊള്ളുകയാണ്. ആ രാഷ്‌ട്രീയ ശക്തികൊണ്ട് എന്തൊക്കെയോ അനര്‍ഹമായത് നേടിക്കൊണ്ടുപോവുകയാണ് എന്നൊരു ധാരണ ഭൂരിപക്ഷ സമുദായത്തിനകത്ത് പരത്തി മുതലെടുക്കാന്‍ നോക്കുകയാണ് യഥാര്‍ഥത്തില്‍ എന്‍ എസ് എസ് പോലുള്ള സംഘടനകള്‍. മുസ്‌ലിംലീഗ് അതിന്റെ കഴിഞ്ഞ കാല നിലപാടുകള്‍ തന്നെയാണ് തുടരുന്നത്. പക്ഷേ, കേരളത്തില്‍ പുതുതായി വളര്‍ന്നുവരുന്ന ജാതീയ, വര്‍ഗീയ ചിന്തകള്‍ പടരുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിം ലീഗിനു നേരെയും ചോദ്യങ്ങളുയരുക സ്വാഭാവികമാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പും തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാവും?
വളരെ വേദനാജനകമായ രീതിയില്‍ സമുദായത്തില്‍ ഭിന്നതകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍. ഇന്നു വന്നിട്ടുള്ള ഈ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണക്കാര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണ്. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനകത്ത് വന്നിട്ടുള്ള അഭിപ്രായ ഭിന്നത വാസ്‌തവത്തില്‍ ആ സംഘടനയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയില്‍ അത് വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ ഭിന്നതകള്‍ പരിഹരിക്കാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പക്ഷേ, പരിഹാരത്തോടടുക്കുമ്പോള്‍ കൂടുതല്‍ അകലുന്ന സാഹചര്യം ഉണ്ടാകുന്നു. പക്ഷേ, ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഒരു ഘട്ടത്തില്‍ മതപണ്ഡിതന്മാര്‍ യോജിപ്പിന്റെ മേഖലയില്‍ വരുമെന്ന്.
കാരണം പഴയ കാലത്തെ നേതാക്കളുടെ പരിശ്രമത്തിന്റെ ഫലമായി തുടച്ചുനീക്കപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പുതിയ രീതികളില്‍ വന്നുകൊണ്ടിരിക്കുന്നു. പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ അകത്തുനിന്നു തന്നെ ഇത്തരം തിരിച്ചു നടത്തം ഉണ്ടാകുന്നു എന്നത് വിഷമകരമാണ്. തൗഹീദീ പ്രചരണരംഗത്ത് വളരെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യമാണ് ഇതുകൊണ്ടുണ്ടായിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും യോജിച്ച് നില്‍ക്കുക. പൊതുകാര്യത്തില്‍ മാത്രമല്ല, ഇസ്‌ലാമിന്റെ പ്രചാരണത്തിലും. ഇസ്‌ലാമിന്റെ ദൗത്യം ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കല്‍ നമ്മുടെ ബാധ്യതയാണ്. ഹജ്ജതുല്‍ വിദാഇല്‍ വെച്ച് നമ്മെ ഏല്‍പിക്കപ്പെട്ട കാര്യമാണത്. ഇനിയൊരു പ്രവാചകന്‍ വരാനില്ല. സമൂഹത്തിനു മുമ്പില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ഒരു വിഭാഗത്തില്‍ അടിക്കടിയുണ്ടാകുന്ന ഭിന്നിപ്പുകള്‍, മുസ്‌ലിം സമൂഹത്തിന്റെ മുന്നേറ്റത്തിന് തടയിടുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് സൃഷ്‌ടിക്കുന്നത്. മതപണ്ഡിതന്മാര്‍ ഇന്നത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
മതവേദികള്‍ സംഘര്‍ഷഭരിതമാകുകയാണ്. ദീനിന്റെ സല്‍ക്കീര്‍ത്തി തകര്‍ക്കുന്ന വിധം വഷളാണ് ചില പ്രഭാഷകര്‍.
ഒരു ഭിന്നിപ്പ് വരുമ്പോള്‍ പരസ്‌പരം തേജോവധം ചെയ്യുക എന്നത് ഇന്ന് പതിവായിരിക്കുകയാണ്. പഴയകാലത്ത് പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍ പോലും അത് വ്യക്തിപരമായ പരാമര്‍ശങ്ങളിലേക്ക് അകല്‍ച്ചയിലേക്ക് നയിച്ചിരുന്നില്ല. ലീഗിന്റെ വേദിയില്‍ കെ സി അബൂബക്കര്‍ മൗലവി, അബ്‌ദുസ്സലാം മൗലവി തുടങ്ങിയവര്‍ സജീവ പ്രാസംഗികരായിരുന്നു. ജനങ്ങള്‍ ധാരാളം കൂടുമായിരുന്നു. കെ സി ലീഗിന്റെ എല്ലാ വേദികളിലെയും അവസാന പ്രാസംഗികനായിരുന്നു. അദ്ദേഹം മുജാഹിദ് വേദികളില്‍ അതിശക്തമായ രീതിയില്‍ യാഥാസ്ഥിതികതയെ ചോദ്യം ചെയ്‌തിട്ടുണ്ട്. പക്ഷേ, ലീഗിന്റെ വേദിയില്‍ അദ്ദേഹത്തിന് വളരെയധികം അംഗീകാരം ലഭിച്ചിരുന്നു.
എന്നാല്‍ ഇന്ന് രാഷ്‌ട്രീയക്കാരെപ്പോലും കവച്ചുവെയ്‌ക്കുന്ന രീതിയില്‍ തേജോവധം ചെയ്യുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങള്‍ അധപ്പതിച്ചിരിക്കുന്നു. സ്വാഭാവികമായി സംഭവിക്കുന്നത്, ജനങ്ങള്‍ക്ക് പണ്ഡിതന്മാരില്‍ വിശ്വാസ്യത കുറയും. സംഘടനകളെക്കുറിച്ച് മതിപ്പ് കുറയും. ജനങ്ങള്‍ക്ക് ഇങ്ങനെ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പണ്ഡിതലോകം ഗൗരവമായ ശ്രദ്ധകൊടുക്കുമെന്നും വൈകാതെ യോജിപ്പും ഐക്യപ്പെടലും സമുദായത്തിനകത്ത് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്.
പഴയകാലത്തെ പോലെ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നുള്ളവര്‍ പരിഗണിക്കപ്പെടുന്നില്ലെന്ന ആക്ഷേപമുണ്ട്.
ലീഗിന്റെ അകത്ത് സമസ്‌തക്കാരനെന്നോ മുജാഹിദെന്നോ വിഭാഗീയത ഇല്ല. കഴിവുള്ള ആര്‍ക്കും കടന്നുവരാവുന്ന പ്ലാറ്റ്‌ഫോമാണ് ലീഗ്.
എസ് എന്‍ ഡി പിയുടെയും മറ്റും സാമുദായിക ധ്രുവീകരണ വാദങ്ങളെക്കുറിച്ച്?
വളരെ ആസൂത്രിതമായിതന്നെ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. എസ് എന്‍ ഡി പി പിന്നോക്കസമുദായങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്ന സംഘടനയാണ്. അതുകൊണ്ടാണ് അവരുമായി മുസ്‌ലിംലീഗ് യോജിച്ചുപോയത്. പക്ഷേ അവരൊക്കെ വോട്ടുബാങ്കിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. മുസ്‌ലിം സമുദായം ന്യൂനപക്ഷമായിരിക്കെ ഭരണത്തില്‍ സ്വാധീനശക്തിയായി പ്രവര്‍ത്തിക്കുന്നു, അതുകൊണ്ട് മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഒരുമിച്ചുനിന്ന് ഭരണം മൊത്തമായി പിടിച്ചെടുക്കാം എന്ന വര്‍ഗീയചിന്ത ഉണര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് എത്രകണ്ട് വിജയിക്കും എന്ന് പറയാവതല്ല.
കേരളത്തില്‍ മുസ്‌ലിംലീഗ് ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസിനകത്ത് മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം കിട്ടാത്തതെന്ന് ഈയിടെ എം എം ഹസന്‍ ആരോപിക്കുകയുണ്ടായി.
അങ്ങനെ പറയുന്നതില്‍ അര്‍ഥമില്ല. ലീഗിന് ശക്തിയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിനു പുറത്ത് കോണ്‍ഗ്രസിന് ധാരാളം സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. അവിടെയൊന്നും മുസ്‌ലിം സമുദായത്തിന് അര്‍ഹമായിട്ടുള്ള സ്ഥാനം കൊടുക്കുന്നില്ല. കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയുണ്ടായി. എം എം ഹസന്‍ പറയുന്നതു പോലെ മുസ്‌ലിം സമുദായത്തിനോട് ഒരു താല്‌പര്യം കോണ്‍ഗ്രസിന് പറയാമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുസ്‌ലിം എം പിമാരെ എടുക്കാമായിരുന്നു. കേരളത്തിലല്ലേ മുസ്‌ലിം ലീഗുണ്ടായതുകൊണ്ട് പ്രാതിനിധ്യം കിട്ടിയില്ല എന്ന് അവര്‍ക്ക് പരാതിയുള്ളൂ.
ലീഗിന് ശക്തിയില്ലാത്ത ലോക്‌സഭയിലാകട്ടെ അനേകം സംസ്ഥാനങ്ങളിലാകട്ടെ, അവിടെയൊന്നും ദേശീയ മുസ്‌ലിംകള്‍ എന്ന് പറയുന്ന ഹസനെപ്പോലെ കോണ്‍ഗ്രസില്‍ നില്‍ക്കുന്ന മുസ്‌ലിംകളെ പരിഗണിക്കുന്നില്ല. അതിന് കോണ്‍ഗ്രസിനകത്ത് അവര്‍ പോരാട്ടം നടത്തുകയാണ് വേണ്ടത്. അതല്ലാതെ ലീഗിന്റെ പേരില്‍ കുറ്റം കെട്ടിച്ചമച്ച് രക്ഷപ്പെടാന്‍ നോക്കുകയല്ല വേണ്ടത്.
എന്തു പറഞ്ഞാലും വര്‍ഗീയവത്‌കരിക്കുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. ശക്തമായ മദ്യനിരോധനം വേണം എന്ന നിലപാടാണ് ലീഗിനുള്ളത്. കള്ള് നിരോധിക്കുന്നതിനെക്കുറിച്ച് കോടതിയാണ് സര്‍ക്കാറിനോട് ആലോചിക്കാന്‍ പറഞ്ഞത്. ഞങ്ങളാണതിനെ ആദ്യം സ്വാഗതംചെയ്‌തത്. പക്ഷേ, അതില്‍ പോലും സാമുദായികത കാണുകയാണ്, വര്‍ഗീയത ആരോപിക്കുകയാണ്. ചെത്തുതൊഴിലാളികള്‍ ഈഴവരാണ്. അവരുടെ തൊഴില്‍ നഷ്‌ടപ്പെടുത്താന്‍ പരിശ്രമിക്കുകയാണ് എന്ന രീതിയില്‍ അതിനെ വര്‍ഗീയവത്‌കരിക്കുകയാണ്. ഞങ്ങള്‍ക്കതിനുള്ള മറുപടി, ചെത്തുതൊഴിലാളികളുടെ മക്കള്‍ എന്നും ചെത്തുതൊഴിലാളികളായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ല എന്നാണ്.
കാരണം, ഇതു പറയുന്ന എസ് എന്‍ ഡി പിയുടെ നേതാവ് വെള്ളാപ്പള്ളി നടേശന്‍ കള്ളുകച്ചവടക്കാരനാണ്. കള്ള് കച്ചവടക്കാരുടെ താല്‌പര്യമാണ് വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്. ചെത്തുതൊഴിലാളികളുടെ ജോലി പോയാല്‍, അവര്‍ക്ക് മറ്റൊരു ജോലി കൊടുക്കാന്‍ ഇവിടെ സംവിധാനമുണ്ട്. വിദ്യാഭ്യാസപരമായി അവര്‍ ഉയര്‍ന്നുവന്നാല്‍ അവര്‍ക്ക് ഉന്നതമായ ജോലിയില്‍ പോകാന്‍ കഴിയും. ഓരോ മേഖലയിലും പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ തൊഴില്‍ നഷ്‌ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ ഇവിടെ ബദല്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളെയും വര്‍ഗീയതയുടെയും ജാതി ചിന്തയുടെയും പേരില്‍ കലുഷിതമാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, പ്രബുദ്ധരായ കേരള ജനത ഇത്തരം കാര്യങ്ങളെ വിശ്വസനീയമായി ഗണിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.
ജാതിസംഘടനകള്‍ ലീഗിനെ ഉന്നംവെക്കുന്നത് എന്തുകൊണ്ടാണ്?
ഈ സര്‍ക്കാറിന് ബലം കൊടുക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ലീഗിനെ ക്ഷീണിപ്പിച്ചാല്‍ സ്വാഭാവികമായും യു ഡി എഫിനെ ക്ഷീണിപ്പിക്കാന്‍ കഴിയും. അല്ലെങ്കില്‍ സവര്‍ണരുടെ താല്‍പര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ ലീഗ് കൂടെയുണ്ടായാല്‍ പ്രയാസകരമാകും. പ്രത്യേകിച്ച്, വിദ്യാഭ്യാസ വകുപ്പ് ലീഗിന്റെ കയ്യിലാകുമ്പോള്‍.
കഴിഞ്ഞ എല്ലാ കാലങ്ങളിലും സവര്‍ണരുടെ മേല്‍ക്കോയ്‌മയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം സൃഷ്‌ടിക്കുകയാണ്. പി എസ് സി ലിസ്റ്റുകളില്‍ മെറിറ്റിലും സംവരണത്തിലും ധാരാളം മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ കടന്നുവരുന്നു. ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരിലും റാങ്ക്‌ജേതാക്കളിലും മുസ്‌ലിം പ്രാതിനിധ്യം വളരെ ഉയര്‍ന്നു. സിവില്‍ സര്‍വീസ് പരീക്ഷകളില്‍ പോലും മുസ്‌ലിംകള്‍ റാങ്ക്‌ജേതാക്കളായി. ഇത്തരം മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളാണ് ഇന്ന് ഈ ജാതി സംഘടനകള്‍ ചെയ്യുന്നത്.
0 comments: