`മോഡിയുടെ മാപ്പുപറയല്‍ കാപട്യം'
ആര്‍ ബി ശ്രീകുമാര്‍
വളരെ സന്തോഷത്തോടെയാണ് ഞാന്‍ ഈ യുവജന സമ്മേളനത്തിന്റെ സാംസ്‌കാരിക സെഷനില്‍ സംസാരിക്കുന്നത്. ഒരു ഹിന്ദു എന്ന നിലയ്‌ക്കല്ല ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയിലാണ് ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ലക്ഷങ്ങള്‍ നമുക്കിടയില്‍ ജീവിക്കുമ്പോഴും ആശ്രമങ്ങളും ദര്‍ഗകളും ആഡംബരങ്ങളുടെ ഉത്തുംഗതയില്‍ കഴിയുകയാണ്.
നമ്മളിന്ന് സുഭിക്ഷമായി ബിരിയാണി കഴിച്ചു. എന്നാല്‍ അഞ്ചുലക്ഷം പേര്‍ ഇന്ത്യയില്‍ മനുഷ്യന്റെ മലംചുമക്കുന്ന പണിയെടുക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം നാം വിസ്‌മരിക്കുന്നു. സാമ്പത്തിക സുസ്ഥിതിയുടെ പറുദീസയായ സ്വിറ്റ്‌സര്‍ലന്റിലോ പട്ടിണിപ്പാവങ്ങളുടെ ആഫ്രിക്കയിലോ ഇല്ലാത്ത അഴിമതിയാണ് ഇന്ത്യയില്‍ നടമാടുന്നത്.
ഓരോ മതവിശ്വാസികളും അവരവരുടെ മതങ്ങളുടെ മൂല്യങ്ങളിലേക്ക് തിരിച്ചെത്തിയെങ്കിലേ സംസ്‌കാരം നിലനില്‌ക്കുകയുള്ളൂ. ദീന്‍ `മേം ധാടി ഹെ ലേകിന്‍ ധാടി മെം ദീന്‍ നഹി' എന്ന് പറഞ്ഞതുപോലെയാണ് ഇന്നത്തെ മതവിശ്വാസികളുടെ സ്ഥിതി. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറയുന്നതല്ല ജിഹാദ്, അത് മതവിരുദ്ധമാണ്. ഡോ. എം കെ മുനീറിന്റെ `ജിഹാദ്' എന്ന ഗ്രന്ഥം നിങ്ങള്‍ വായിക്കേണ്ടതാണ്. അഴിമതിയില്‍ എല്ലാ മതക്കാരും ഉണ്ട്. ആഡംബര ജീവിതവും ഫൈവ് സ്റ്റാര്‍ സംസ്‌കാരവും അഴിമതിയില്‍ എത്തിയിരിക്കുന്നു.
ഗുജറാത്ത് കൂട്ടക്കൊല യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് സൃഷ്‌ടിയാണ് എന്ന് പറയാം. ഉറക്കം തൂങ്ങിയിരിക്കുന്ന ബഹദൂര്‍ഷായെ സുല്‍ത്താനായി വാഴിച്ചവരാണ് അവര്‍. അന്ന് തുടങ്ങിയ `ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇന്ത്യാ വിഭജനം. സ്വതന്ത്ര ഇന്ത്യയില്‍ ഏതാണ്ട് എല്ലാവരും ഒന്നിച്ചു നീങ്ങിയിരുന്നു. 1975ല്‍ അടിയന്തിരാവസ്ഥയില്‍ എല്ലാവരും ഒന്നിച്ച് ജയിലിലായി. ആ അവസരത്തില്‍ ജനതാ പാര്‍ട്ടിയുണ്ടായി. അത് പിരിഞ്ഞ് ആര്‍ എസ് എസ്സുണ്ടായി. 1986ല്‍ ഷാബാനുകേസിന്റെ പശ്ചാത്തലത്തില്‍ മുല്ലമാര്‍ എതിര്‍ത്തു. അപ്പോള്‍ രാജീവ് ഗാന്ധി വനിതാ ബില്‍ കൊണ്ടുവന്നു. അത് കാവിപ്പട എതിര്‍ത്തു. സന്തുലിതത്വത്തിനു വേണ്ടി ബാബരി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തതായിരുന്നു കോണ്‍ഗ്രസ് ചെയ്‌ത ഏറ്റവും വലിയ വിഡ്‌ഢിത്തം. രണ്ട് സീറ്റുണ്ടായിരുന്ന ബി ജെ പി രാജ്യം ഭരിച്ചു. അന്ന് തൊട്ട് ഗുജറാത്ത് ഉന്നം വെച്ചിരുന്നു.
സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അദ്വാനി രഥയാത്ര തുടങ്ങി. പണ്ട് മുഹമ്മദ് ഗസ്‌നി ആ ക്ഷേത്രങ്ങളാക്രമിച്ചു എന്ന് പറഞ്ഞു. എന്നാല്‍ ഗസ്‌നി ക്ഷേത്രവും ദര്‍ഗയും തകര്‍ത്തിട്ടുണ്ട്. ലക്ഷ്യം പണം. പക്ഷേ, മീഡിയ ഈ സത്യം പറയില്ല. ഈയൊരു വഴിയിലൂടെ മോഡി അധികാരത്തില്‍ വന്നു. മോഡിയുടെ മസ്‌തിഷ്‌കം ആര്‍ എസ് എസ് സോഫ്‌റ്റ്‌വെയറാണ്. മുസ്‌ലിംകള്‍ ഗുജറാത്തില്‍ എട്ടാംകിട പൗരന്മാരായാണ് പരിഗണിക്കപ്പെടുന്നത്. എന്നിട്ടും ചില മുല്ലമാര്‍ തൊപ്പിവെച്ച് മോഡിയെ സ്വീകരിക്കുന്നു; ന്യായീകരിക്കുന്നു. ഒരു മുസ്‌ലിം സ്ഥാനാര്‍ഥി പോലും മോഡിയുടെ തെരഞ്ഞെടുപ്പ് ലിസ്റ്റിലില്ല. എന്നിട്ടും എന്തുകൊണ്ട് മോഡി വീണ്ടും അധികാരത്തിലെത്തി എന്ന ചോദ്യം പ്രസക്തമാണ്. അതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
ഒന്ന്, ഹിന്ദു വര്‍ഗീയത ഉച്ഛസ്‌തായിയില്‍ നിര്‍ത്തുകയാണ് പ്രഥമതന്ത്രം. നിങ്ങള്‍ക്കിതാ ആദ്യമായി ഒരു മുസ്‌ലിം മുഖ്യമന്ത്രി-അഹ്‌മദ് പട്ടേല്‍ - വരുന്നു എന്ന് പറഞ്ഞ് ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി പരത്തി. വര്‍ഗീയവത്‌കരിക്കപ്പെട്ട ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു.
രണ്ട്, ഉപദേശീയതയെ പൊലിപ്പിച്ചു നിര്‍ത്തുക. കച്ച് പ്രദേശം പാകിസ്‌താന് വിട്ടുകൊടുക്കാന്‍ മന്‍മോഹന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം മൂലം പരമാവധി കോണ്‍ഗ്രസ് വിരോധം ആളിക്കത്തിക്കാന്‍ കഴിഞ്ഞു. ഇത്തരം ദേശീയതാ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടല്ലോ.
മൂന്ന്, വികസനത്തിന്റെ വ്യാജപ്രചാരണം. ഗുജറാത്തില്‍ വികസനം ഉണ്ടായി എന്നത് നേരാണ്. വികസനം ഗുജറാത്തികളുടെ പ്രകൃതിയില്‍ ഊട്ടപ്പെട്ട വികാരമാണ്. മോഡിയുടെ നേട്ടമല്ല. വൈദ്യുതിയില്ലാത്ത അനേകം പ്രദേശങ്ങള്‍ ഗുജറാത്തിലുണ്ട്. നിരവധി മേഖലകളില്‍ വികസനം എത്തിനോക്കിയിട്ടില്ല. നാം കേരളീയര്‍ ഒരു പണിയും ചെയ്യാതെ ചര്‍ച്ചകളും സമരങ്ങളും നടത്തി ഗുജറാത്ത് മോഡല്‍ ആഗ്രഹിച്ചിട്ട് കാര്യമില്ല. പണിയെടുക്കണം. അത് മോഡിയുടെ കഴിവല്ല. മോഡി മാപ്പ് പറഞ്ഞത് ദേശീയ രാഷ്‌ട്രീയത്തില്‍ കണ്ണുനട്ടുകൊണ്ടുള്ള വഞ്ചനയും കാപട്യവുമാണ്.
നരേന്ദ്രമോഡിയും അബ്‌ദുന്നാസര്‍ മഅ്‌ദനിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് വസ്‌തുനിഷ്‌ഠമായി വ്യക്തമാക്കിയ എന്റെ ലേഖനം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. ചില പത്രങ്ങള്‍ ഭാഗികമായി പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. ഇതാണ് നമ്മുടെ നാട്ടിലെ നീതി. എനിക്ക് ഇന്നാട്ടിലെ സഹോദരങ്ങളോട് നല്‍കാനുള്ള ഉപദേശം ഇതാണ്. നിങ്ങള്‍ക്ക് മോഡിയെ നേര്‍ക്കുനേരെ സഹായിക്കാന്‍ താല്‌പര്യമുണ്ടെങ്കില്‍ ആര്‍ എസ് എസ് ആയിക്കൊള്ളൂ. പരോക്ഷമായി സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് ആയിക്കൊള്ളൂ. എന്‍ ഡി എഫും പോപ്പുലര്‍ പ്രണ്ടും പ്രവര്‍ത്തിച്ചതോടെ മലബാറില്‍ നിലനിന്നിരുന്ന സൗഹാര്‍ദവും കൂടി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാനും ബാഫഖിതങ്ങളും സി എച്ചും പടുത്തുയര്‍ത്തിയ സാമുദായിക സൗഹാര്‍ദം ഇവര്‍ കളഞ്ഞുകുളിക്കാന്‍ ശ്രമിക്കുന്നു. സാമൂതിരി എന്ന ഹിന്ദുരാജാവ് മരക്കാര്‍മാരെ വളര്‍ത്തിയതും ഒരു വീട്ടില്‍ നിന്ന് ഒരു ചെറുപ്പക്കാരനെങ്കിലും മുസ്‌ലിമാകണമെന്ന് വിളബരം ചെയ്‌തതും ഇവിടുത്തെ ചരിത്രവും പൈതൃകവുമാണ്. ഇവിടെയാണ് കൈ വെട്ടി താലിബാനിസം വളര്‍ത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ട് അല്ല ഗുജറാത്തികളെ സഹായിച്ചത്. സ്വന്തം സഹോദരങ്ങളെ കൂട്ടബലാത്സംഗം ചെയ്‌തതും ചുട്ടുകൊന്നതും നേരില്‍ കണ്ടവരില്‍ നിന്ന് ഒരാളും കശ്‌മീരില്‍ വെടിയേറ്റു മരിച്ചിട്ടില്ല. പ്രശ്‌നമില്ലാത്ത കേരളത്തില്‍ നിന്നതിന് ആളുണ്ടായി. തുല്യതയില്ലാത്ത മര്‍ദനങ്ങള്‍ക്കിരയായ ചേരിപ്രദേശത്തെ പാവപ്പെട്ട ഏതാനും പേരുടെ സാക്ഷിമൊഴിയാണ് ഗുജറാത്തിലെ ബി ജെ പി മന്ത്രിയെ ജയിലിലടക്കാന്‍ കാരണമായത്. എന്നാല്‍ ലക്ഷങ്ങള്‍ നല്‍കി പലരെയും ആര്‍ എസ് എസ്സുകാര്‍ സാക്ഷിപറയുന്നതില്‍ നിന്ന് പിന്‍മാറ്റി. ഭയംകൊണ്ട് ആരും സാക്ഷിപറയാന്‍ തയ്യാറായില്ല. ഞങ്ങളുടെയൊക്കെ ശക്തമായ പ്രേരണയും പിന്‍ബലവും നിമിത്തം കുറച്ചുപേര്‍ പിടിച്ചുനിന്നു. അതിനാല്‍ നീതിക്ക് നേരിയ വിജയം കൈവരിക്കാനായി. എന്നിട്ടും ചില മുല്ലമാര്‍ മോഡിയെ സ്വീകരിക്കാന്‍ ഒരുമ്പെടുന്നു.
എനിക്ക് പല അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഏറ്റവും വിലമതിക്കുന്ന അവാര്‍ഡ് ഗുജറാത്തിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകളില്‍ നിന്ന് ലഭിച്ചതാണ്. ഒരു മൗലവി എന്നോട് പറഞ്ഞു: നിങ്ങളാണ് യഥാര്‍ഥ മൗലവി. കാരണം അക്രമിയായ ഭരണാധികാരിക്കു മുന്നില്‍ സത്യം തുറന്നു പറയുന്നതാണ് വലിയ ജിഹാദ്. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: ഈ അംഗീകാരം എനിക്ക് രോമാഞ്ചമുണ്ടാക്കി. പതിനായിരം ലഹള ബാധിതര്‍ ഇന്നും ഗുജറാത്തിലെ ചേരികളിലുണ്ട്. അവരാണ് എന്റെ ശക്തി. നിര്‍ഭാഗ്യവശാല്‍ മതേതര കക്ഷികള്‍ പോലും ഇത് തുറന്നു പറയില്ല. ഉദ്യോഗസ്ഥര്‍ എതിരു നില്‍ക്കുന്നു. മീഡിയ മര്‍ദകപക്ഷത്ത് കക്ഷിചേരുന്നു. ഐ പി എസ് മുസ്‌ലിംപോലും പീഡനത്തിനെതിരെ മൊഴിനല്‍കാന്‍ തയ്യാറല്ല. ഇതാണ് ഗുജറാത്തിലെ പ്രശ്‌നം.
0 comments: