ഫുഡ് കോര്‍പ്പറേഷന്‍ അരി നശിപ്പിക്കാനോ സംഭരിക്കാനോ?

  • Posted by Sanveer Ittoli
  • at 7:52 PM -
  • 0 comments
ഫുഡ് കോര്‍പ്പറേഷന്‍ അരി നശിപ്പിക്കാനോ സംഭരിക്കാനോ?

സംസ്ഥാനത്ത് അരി വില വന്‍ തോതില്‍ കുതിച്ചുയരുകയും പൊതുവിപണിയില്‍ അരി വില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുന്നിന്നുണ്ടാവുമെന്ന് ഭരണാധികാരികള്‍ പ്രസ്താവിക്കുകയും ചെയ്യുന്ന വേളയില്‍ തന്നെയാണ് സംസ്ഥാനത്തെ എഫ് സി ഐ ഗോഡൗണില്‍ അരി കത്തിച്ചുകളഞ്ഞ വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്.
എഫ് സി ഐ ഗോഡൗണില്‍ അരി കത്തിച്ചിട്ടില്ലെന്നും അരി നശിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ആദ്യം പ്രതികരിച്ച കേന്ദ്രമന്ത്രി കെ വി തോമസ് തന്നെ പിന്നിട് ഈ നിലപാടില്‍നിന്ന് മാറുകയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും എഫ് സി ഐ ഗോഡൗണുകളിലെ സംഭരണശേഷി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടും പല തലങ്ങളിലുള്ള വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാനങ്ങള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചുകൂടെയെന്ന് ബഹുമാനപ്പെട്ട  സുപ്രീംകോടതി തന്നെ ചോദിച്ചപ്പോള്‍ ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്നത് സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് വ്യക്തമാക്കിയവരാണ് നമ്മുടെ ഭരണാധികാരികള്‍.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭക്ഷ്യധാന്യത്തിന്റെ റെക്കോഡ് ഉത്പാദനമുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് രാജ്യത്ത് ആവശ്യമായ സംവിധാനമുണ്ടായില്ല, ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗോഡൗണുകളില്‍ സ്ഥലപരിമിതി നേരിട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ സംഭരിക്കേണ്ടിവന്ന അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഗോഡൗണകളിലേക്ക് എത്തിച്ചത്.
രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് സംവിധാനമില്ലെന്നും എഫ് സി ഐയുടെ തന്നെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ അവകാശവാദങ്ങള്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തൃശൂരിലെ എഫ് സി ഐ ഗോഡൗണില്‍  അരി കത്തിച്ച സംഭവത്തിലുടെ തെളിയുന്നത്.
പല എഫ് സി ഐ ഗോഡൗണിലും ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നത് വളരെ മോശമായ സാഹചര്യങ്ങളിലാണ്. ഗോഡൗണുകളില്‍ സ്ഥലപരിമിതി നേരിടുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകള്‍ക്ക് പുറത്ത് താത്കാലിക ഷെഡ്ഡുകള്‍ നിര്‍മിച്ചാണ് പലപ്പോഴും സുക്ഷിക്കുന്നത്. എഫ് സി ഐയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിനായി ഗോഡൗണുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാടകക്ക് നല്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണ് എഫ് സി ഐ ഗോഡൗണുകളില്‍ സര്‍ക്കാര്‍ സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് രണ്ടാം സ്ഥാനം നല്കിയാല്‍ മതിയെന്ന പ്രവണത ശക്തമായത്. ഭക്ഷ്യധാന്യങ്ങള്‍ കേടുവന്നതിനെ തുടര്‍ന്നാണ് നശിപ്പിച്ചതെന്ന തരത്തിലുള്ള വിശദീകരണമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് സംവിധാനം ഒരുക്കുന്നത് പോലും നഷ്ടമാണെന്നും മറിച്ച് ഭക്ഷ്യധാന്യങ്ങള്‍ നല്ല നിലയില്‍ സൂക്ഷിക്കാതെ ഗോഡൗണില്‍ മറ്റ് ഉത്പന്നങ്ങള്‍ക്ക് സ്ഥാനം നല്കിയാല്‍ അതാണ് ലാഭകരമെന്നും ചിന്തിക്കുന്ന ഭരണാധികാരികളുള്ള രാജ്യത്ത് ജനങ്ങള്‍ പട്ടിണി കിടന്ന് മരിച്ചാല്‍പോലും  ഭരണാധികാരികള്‍ പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്തിയേക്കാം.
രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് പത്രപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ക്ക് സൗകര്യമൊരുക്കുമെന്നാണ് കേന്ദ്രമന്ത്രി കെ വി തോമസ് അവകാശപ്പെടുന്നതെങ്കിലും കഴിഞ്ഞ ദിവസം തൃശൂരിലെ എഫ് സി ഐ ഗോഡൗണ്‍ സന്ദര്‍ശിക്കാന്‍ എം എല്‍ എമാര്‍ നടത്തിയ ശ്രമം പോലും തടയുകയാണുണ്ടായത്. ജനപ്രതിനിധികള്‍ക്കു പോലും സന്ദര്‍ശനം നിഷേധിച്ച അധികൃതരുടെ നടപടി എഫ് സി ഐക്ക് ജനപ്രതിനിധികളില്‍നിന്നുപോലും എന്തെല്ലാമോ ഒളിച്ചുവെക്കാനുണ്ടെന്ന സന്ദേശം തന്നെയാണ് നല്കുന്നത്.
സംസ്ഥാനത്ത് രൂക്ഷമായ വിലവര്‍ധനവ് നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കിലോ അതല്ലാതെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീമിലോ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കുക തന്നെവേണം. എഫ് സി ഐ ഗോഡൗണുകളുടെ സംഭരണ ശേഷികുറവും മറ്റ് തലങ്ങളിലുള്ള പരിമിതികളും ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കൂടുതല്‍ സംഭരണശാലകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്വകാര്യ മേഖലയുടെ സഹായത്തോടെയായാലും കൂടുതല്‍ സംഭരണ ശാലകള്‍ നിര്‍മിക്കുന്നതിനു പകരം അധിക ഉത്പാദനത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാതെ കേവലം നശിപ്പിച്ചുകളയുന്നതിനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ജനങ്ങളുടെ ക്ഷേമവും നന്‍മയും ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നശിപ്പിക്കാനുള്ള ഉത്തരവ് നല്കാന്‍ കഴിയില്ലെന്നതു തീര്‍ച്ചയാണ്. അതിനാല്‍തന്നെ തൃശൂരിലെ എഫ് സി ഐ ഗോഡൗണില്‍ അരി കത്തിച്ച സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. അതോടൊപ്പം സംസ്ഥാനത്തെ എഫ് സി ഐ ഗോഡൗണുകളിലെ സംഭരണവും സൂക്ഷിപ്പും  സംബന്ധിച്ച കാര്യങ്ങളില്‍ ജനപ്രതിനിധികളുള്‍പ്പടെയുള്ളവരെ പങ്കാളികളാക്കി പരിശോധന നടത്താനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തണം.
ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കത്തിച്ചും കുഴിച്ചിട്ടും കളയുന്ന അവസ്ഥ ഇനിയുണ്ടാവില്ലെന്നും രാജ്യത്തെ ഭക്ഷ്യ ഉത്പാദനത്തിലുണ്ടായ വര്‍ധനവിനെതുടര്‍ന്ന് അധികമുണ്ടായ ധാന്യങ്ങള്‍ നശിപ്പിച്ചുകളയുന്നതിനുള്ള കേന്ദ്രമായി കേരളത്തിലെ എഫ് സി ഐ ഗോഡൗണുകള്‍ മാറില്ലെന്ന് ഉറപ്പാക്കാനും സാധ്യമായതെല്ലാം ചെയ്യുക തന്നെ വേണം. ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ ജീവഛവമായി കഴിയുന്ന മനുഷ്യ കോലങ്ങളുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകള്‍ക്കിടയിലും ഇത്തരം വാര്‍ത്തകള്‍ നമ്മെ തേടിയെത്തുമ്പോള്‍ പ്രശ്‌നത്തിന്റെ മര്‍മം തിരിച്ചറിയാനും വിട്ടുവീഴ്ചയില്ലാത്ത, കര്‍ശന നടപടികളിലൂടെ കൃത്യവിലോപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ പറ്റൂ. മാധ്യമലോകം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വച്ച് പുലര്‍ത്തുകയും പുഴുക്കുത്തുകളെ സമൂഹമധ്യേ കൊണ്ടുവരികയും അവയ്ക്കു പരിഹാരമുണ്ടാക്കുന്നതില്‍ ഗുണപരമായി ഇടപെടാന്‍ കഴിയുന്ന പ്രേരകശക്തിയുമാവേണ്ടതുണ്ട്.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: